Search this blog


Home About Me Contact
2008-10-07

പടിവാതില്‍ ചാരാതെ  

പടിവാതില്‍ ചാരാ
തെത്രനാളിങ്ങനെ
പ്രിയമുള്ളൊരാളിനെ
കാത്തിരിക്കും

വരുമന്നു ചൊല്ലി
കടന്നുപോയെന്നിട്ടും
വന്നണയാത്തതെന്തേ
ഇന്നും വന്നണയാത്തതെന്തേ

ഇരവറിയാതെ
പകലറിയാതെ
പടിവാതില്‍ ചാരാ
തെത്രനാളിങ്ങനെ

ഹ്യദയത്തിന്‍ തന്ത്രികള്‍
മെല്ലെയുണര്‍ ത്തിനീ
സ്നേഹത്തിന്‍ ചൂടു
പകര്‍ന്നു തന്നു

കനവറിയാതെ
നിനവറിയാതെ
ഋതുഭേദമറിയാ
തെത്രനാളിങ്ങനെ

വിരഹത്തിന്‍ ചൂടില്‍
ചുട്ടുപൊള്ളുന്നു
കുളിരായ് നീയെന്നു
വന്നു ചേരും

പടിവാതില്‍ ചാരാ
തെത്രനാളിങ്ങനെ
പ്രിയമുള്ളൊരാളിനെ
കാത്തിരിക്കും

2008-09-12

സസ്‌നേഹം നിന്റെ സ്വന്തം ഞാന്‍  

ഓണത്തിന്റെ ഓര്‍മ്മകള്‍ പ്രവാസജീവിതത്തിന്റെ ഏകാന്തതതളം കെട്ടിയ ചിന്തകളിലേക്ക് കടന്നുവന്നപ്പോള്‍, കുത്തികെട്ടഴിഞ്ഞ നോട്ടുബിക്കിലെ ഇളം നീല നിറമുള്ള കടലാസില്‍ അവന്‍‍ എഴുതിതുടങ്ങി. അവന്റെ സ്‌നേഹത്തിനുവേണ്ടി അവന്റെ ആദ്യത്തെ ഓണാശംസ. തൂലിയില്‍ നിന്നും ഹ്യദയ രക്തം കരളിന്റെ കടലാസിലേക്ക് പര‍ന്നൊഴുകി വര്‍ണ്ണങ്ങള്‍ രചിച്ചു.

എന്റെ പ്രീയപ്പെട്ട സ്‌നേഹത്തിന്

ഇത് നമ്മുടെ ആദ്യത്തെ പൊന്നോണം. ഒരിക്കലും കണ്ടിട്ടില്ല, നിന്റെ സ്വരം കേട്ടിട്ടില്ല, ആ വിരലുകള്‍ ഒന്നു തെരുപിടിച്ചിട്ടില്ല, എന്നിട്ടും ഉപേക്ഷിക്കാനാവാത്തവിധം നമ്മള്‍ അടുത്തുപോയി, സ്‌നേഹിച്ചുപോയി. വാക്കുകള്‍കൊണ്ട് ഒരു ഓണം ആശംസിക്കാം, ആഘോഷിക്കാം.പക്ഷേ ഭാഷക്കു പരിധി ഉണ്ടാകുമ്പോള്‍ എന്റെ മനസ്സിലെ വികാരവും സന്തോഷവുമൊക്കെ എന്നില്‍ മാത്രമൊതുങ്ങുന്നു. നഷ്‌ടങ്ങളുടെ തടവുകാരനായ ഈ ഏകാന്ത പഥികന് നിന്നോടോത്ത് ഒരു ഓണമാഘോഷിക്കുവാന്‍ എന്നങ്കിലും ഒരിക്കല്‍ കഴിയുമന്ന് ഞാന്‍ ആഗ്രഹിക്കയാണ്.

ഇന്നു രാത്രി ഞാന്‍ നാട്ടിലേക്ക് തിരിക്കും. നീണ്ട എട്ടു വര്‍ഷത്തിനുശേഷം എല്ലാവരോടുമൊത്ത് വീണുകിട്ടുന്ന ഒരു ഓണം. നഷ്‌ടപ്പെടലുകളുടെ വേദനയും, വിരഹത്തിന്റെ നോവുമുണ്ട് എന്റെ ഈ ഓണത്തിന്. എന്നില്‍ നിന്നും നടന്നു നീങ്ങിയ കവിതയുടെ ഗന്ധമുള്ള കാല്പാടുകള്‍. ഒരു നോക്കു കാണാന്‍ കാത്തുനില്‍ക്കാതെ എന്നെ വിട്ടുപോയ അപ്പാ. കനംതൂങ്ങിയ മനസ്സുമായ് കഴിഞ്ഞകാലമത്രയും താണ്ടിയ ദൂരം. എന്റെ യാത്ര ഇവിടെ അവസാനിപ്പിക്കയാണ്. എന്നും മറ്റുള്ളവര്‍ക്കുവേണ്ടി വേദനിച്ചപ്പോള്‍ സ്വയം സന്തോഷിക്കാന്‍ മറന്നുപോയി. എന്നിട്ടും കാര്‍മേഘമൊഴിഞ്ഞ് മാനം തെളിഞ്ഞപ്പോള്‍ ഒരു തീണ്ടാപ്പാടകലെ നില്‍ക്കേണ്ടിവന്ന ജന്മം. വിഗ്രഹം പൂര്‍ത്തിയായാല്‍ പിന്നെ ശില്പിതൊട്ടാല്‍ അശുദ്ധമാകുന്ന സാലഭഞ്ജികകള്‍. ഇനി വയ്യാ. തുറന്നിട്ട കിളിവാതിലിലൂടെ നീ എന്നെ തേടിവന്നപ്പോള്‍, എന്നെ സ്‌നേഹിക്കുന്നുവന്നു പറഞ്ഞപ്പോള്‍, നിമിഷനേരത്തേക്കങ്കിലും തോന്നിയ അനാഥത്വം നീ ചുംബിച്ചെടുക്കുകയായിരുന്നു. ഇന്ന് നീ എവിടയാണന്നോ, ഇനി എന്ന് കാണുമന്നോ, ഒരു വാക്കുമിണ്ടുമന്നോ എനിക്കറിയില്ല. നിന്റെ മനസ്സിന്റെ നനവാര്‍ന്ന ഒരുകോണില്‍, സ്‌നേഹത്തിന്റെ പൈയ്‌തൊഴിയുന്ന മഴനൂലുകള്‍കൊണ്ട് എന്നെ ബന്ധിക്കുന്നിടത്തോളം എന്റെ മനസ്സില്‍ ഞാന്‍ താലോലിച്ച നീലമേഘങ്ങള്‍ ഒഴുകി നടക്കും. വെള്ള അരയന്നങ്ങള്‍ ചാമരം വീശുന്ന നിന്റെ കണ്ണുകളുടെ അഗാധതയിലേക്ക് നോക്കി ഞാന്‍ എന്റെ ഓണാശംസ കുറിക്കട്ടെ.

ഓര്‍മ്മകള്‍ ഊഞ്ഞാലാടുന്ന മനസ്സിന്റെ തളിര്‍ ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മ്മകളുമായി വീണ്ടുമൊരു പൂക്കാലം വരവായി. കൈവിട്ടുപോയ ബാല്യത്തിന്റെ നനുത്ത മൂടല്‍ മഞ്ഞിനപ്പുറത്തെവിടനിന്നോ പൂവിളികേട്ടുണരുന്ന പ്രഭാതങ്ങളും, പപ്പടത്തിന്റെ പരിമളം മണക്കുന്ന പകലുകളും, ഊഞ്ഞാല്‍‌പാട്ടുകളൊഴുകിയെത്തുന്ന പുഷ്പസുഗന്ധികളായ സന്ധ്യകളും, ഓണനിലാവിനു കുളിരേകുന്ന തിരു‌വാതിര പാട്ടിന്റെ ശീലുകളും അനേകമനേകം അടരുകള്‍ക്കപ്പുറത്തുന്നിന്നും മനസ്സിലേക്ക് വന്നണയുകയായി.

തിരുവോണപുലരി പൊന്നിന്‍പ്രഭചൊരിഞ്ഞ് കിഴക്കേമാനത്ത് രക്തസിന്ദൂരം വാരിവിതറുമ്പോള്‍, കുളിച്ച് കുറിതൊട്ട്, ഓണപുടവയുടുത്ത്, മുറ്റത്തെ ചാണകം മെഴുകിയ കളത്തില്‍ ആവണിപലകയിട്ട് കത്തിച്ച നിലവിളക്കിന്റെ ഭദ്രദീപത്തിനുമുന്നില്‍ മുക്കുറ്റിയും, തുമ്പയും, ചെമ്പരത്തിയും വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുകയായി. പപ്പടത്തിന്റെയും, ഉപ്പേരിയുടേയും പരിമളം ഒഴുകിയെത്തുന്ന മാവിന്‍ ചുവട്ടില്‍, സ്വര്‍ണ്ണനൂലുകള്‍ ഇഴപിരിച്ച ഊഞ്ഞാലില്‍ ആടി കാണാകൊമ്പിലെ ഇലകടിച്ചെടുക്കാന്‍.പിന്നെ തൂശനിലതുമ്പില്‍ വിളമ്പിയ പച്ചടി, കിച്ചടി, അച്ചാറ്, അവിയല്‍ തോരന്‍, ഓലന്‍, തിയ്യല്. തുമ്പപ്പൂചോറില്‍ പരിപ്പൊഴിച്ച്, പപ്പടം പൊടിച്ച് നെയ്യും ചേര്‍ത്ത് വിഭവസമ്യദ്ധമായ സദ്യ. സാമ്പാറ്, പുളിശ്ശേരി, പച്ചമോര്, അവസാനം മധുരം കിനിയുന്ന പാല്‍പ്പായസം. ഊണുകഴിഞ്ഞ് വീണ്ടും ഊഞ്ഞാല്‍ ചുവട്ടിലേക്ക്. ആട്ടവും, പാട്ടും, കളികളുമായി വീണ്ടും ഒരു ഓണം. ഗ്രഹാതുരതയുടേയും സന്തോഷത്തിന്റെയും സമ്മിശ്രമായ ഈ ഓണനാളുകളില്‍ ഒത്തിരി സ്നേഹത്തോടെ ഒരായിരം സ്നേഹാദരങ്ങളോടെ എന്റെ സ്‌നേഹത്തിന് ഹ്യദയം നിറഞ്ഞ ഓണാശംസകള്‍ ...!

സസ്‌നേഹം നിന്റെ സ്വന്തം ഞാന്‍

2008-08-30

ആത്മാവിന്, ഹ്യദയംകൊണ്ടൊരാശംസ  

സഹ്യന്റെ നെറുകയിലൂടെ അര്‍ക്കരശ്‌മികള്‍ അരിച്ചെത്തുന്ന പ്രഭാതങ്ങളിലൊന്നില്‍ നിന്റെ മെലിഞ്ഞവിരലുകള്‍കൊണ്ട് എന്റെ ആത്മാവിനെ തൊട്ടുണര്‍ത്തി, ആട്ടവിളക്കിലെ കരിന്തിരി കത്തുന്ന അരങ്ങില്‍ നിന്നും സ്നേഹചിലങ്കകള്‍ കിലുക്കിയെത്തുന്ന ഒരു സ്വപ്‌നംപോലെ നീ എന്നിലേക്കു നടന്നെത്തി. അടരുവാന്‍ മടിയാര്‍ന്ന് ഹ്യദയത്തോടൊട്ടിച്ചേര്‍ന്നുകിടന്ന കുപ്പിച്ചില്ലുകള്‍ ആ നേര്‍ത്തവിരലുകള്‍കൊണ്ട് പെറുക്കിമാറ്റി നീ കൂടുകൂട്ടിയത് എന്റെ ഹ്യദയത്തിലാണ്. ഇന്ന് ഹ്യദയത്തിലെവിടയോ തുറന്നുകിടന്ന ഒരു കിളിവാതിലിലൂടെ നീ പാലായനം ചെയ്യുമ്പോള്‍ വന്യമായ ഒരു ശൂന്യത എന്നില്‍ നിറയുന്നു.

നിന്റെ കണ്ണിലെ അഗാധമായ നീലിമയില്‍ ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍, കൈപിടിയിലൊതുങ്ങാതെപോയ ജീവിതം, മലര്‍മണം മാറും‌മുന്‍പേ കൊഴിഞ്ഞുപോയ മംഗല്യസ്വപ്‌നങ്ങള്‍. പിച്ചവച്ചനാള്‍ മുതല്‍ ഒഴുക്കിനെതിരേ നീന്താനായിരുന്നു നിന്റെ വിധി. അന്തര്‍മുഖത്വത്തിന്റെ പുറംന്തോടിനുള്ളില്‍ നീ സ്വയം രൂപപ്പെടുമ്പോള്‍ പുറത്ത് കുളിരുചൊരിഞ്ഞ് നിന്നിലേക്ക് പൈയ്‌തിറങ്ങുന്ന മഴനൂലുകളെ നീ സ്വപ്‌നം കണ്ടു. പക്ഷേ കാലം നിനക്കുതന്നതോ? ഉടഞ്ഞുപോയകണ്ണാടിക്കുള്ളില്‍ നിന്നെനോക്കി പരിഹസിച്ചുചിരിച്ച പ്രതിബിംബത്തില്‍ നിന്റെ പൂണൂലുപൊട്ടിച്ച് കോര്‍ക്കുന്ന താലിയില്‍ തൂങ്ങിയാടുന്ന ജീവിതം. മുല്ലപ്പൂവിന്റെ സുഗന്ധമില്ലാത്ത, വിടരാതെ കൊഴിഞ്ഞ വരണമാല്യത്തിന്റെ ഗന്ധം‌പൊതിയുന്ന മണിയറയിലേക്ക് വലതുകാല്‍ വച്ച് കയറുമ്പോള്‍ കഴുത്തുഞെരിച്ചുകൊല്ലുന്നത് പിറക്കാതെപോയ കിനാവുകളെയാണ്. മനസും ശരീരവും പലര്‍ക്കുമായ് പങ്കുവക്കേണ്ടിവന്ന നിന്റെ മനസ്സിന്റെ നനവാര്‍ന്ന ഒരുകോണില്‍ സ്വയം ഒതുങ്ങാനായ് ഞാന്‍ എന്റെ നാവിനെ കെട്ടിയിട്ടു. എന്നെ മറക്കരുതന്നും, ഉപേക്ഷിക്കരുതന്നും പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നിന്റെ മൗനങ്ങളില്‍ ലയിച്ച് ഞാന്‍ ഇല്ലാതാകുന്ന നിമിഷം വരെ എന്നെ സ്‌നേഹിക്കുക.

വിറയാര്‍ന്ന വാക്കുകളാല്‍, സ്വപ്‌നങ്ങളെ ഹ്യദയത്തില്‍നിന്നടര്‍ത്തിമാറ്റി, നാദസ്വരമേളങ്ങള്‍ കൊഴുക്കാത്ത, മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങാത്ത കതിര്‍മണ്ഡപത്തിലേക്കയക്കുമ്പോള്‍, ക്ഷണികനേരത്തേക്കെങ്കിലും നമ്മള്‍ കണ്ട കിനാവുകള്‍ മിഴികളെ ആര്‍ദ്രമാക്കുന്നു. ആഗ്രഹങ്ങളല്ലാം സാധിച്ചിട്ടും, പ്രാര്‍ത്ഥനകളെല്ലാം ഫലിച്ചിട്ടും ഇവിടെ മാത്രം ഞാന്‍ തോറ്റടിയുകയാണ്. സ്വപ്‌നങ്ങളെ എള്ളും, അരിയും വാരിയൂട്ടി, എണ്ണയും നെയ്യും കത്തിയെരിയുന്ന ചിതയില്‍ ദഹിപ്പിച്ചു സ്പുടം ചെയ്യുന്ന ചാരത്തില്‍നിന്നും ഒരു നുള്ളെടുത്ത് തിരുനെറ്റിയിലൊരു കുറിവരച്ച് എന്റെ ആത്മാവിനെ കതിര്‍മണ്ഡപത്തിലേക്കയ‌ക്കേണ്ടിവരുന്ന ദു:രവസ്ഥ ഞാന്‍ ഏറ്റടുക്കുകയാണ്. എന്നങ്കിലും ഒരിക്കല്‍ നീ സ്വപ്‌നം കണ്ട പ്രഭാതം നിനക്കുമുന്നില്‍ പൊട്ടിവിടരട്ടെ, ശേഷിക്കുന്ന നിന്റെ ആഗ്രഹങ്ങള്‍ സായന്തനത്തിന്റെ കണ്ണിമയില്‍ മഴവില്ലുകൊണ്ട് കണ്മഷി എഴുതട്ടെ, കുളിരുചൊരിയുന്ന മഴനൂലുകള്‍ എന്നും നിന്റെ ജീവിതത്തിലേക്ക് പൈയ്‌തിറങ്ങട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

ഞാന്‍ പറയാതെപോയ എന്റെ വാക്കുകള്‍, നീ കേള്‍ക്കാതെ പോയ എന്റെ ശബ്‌ദം, നീ അറിയാതെ പോയ എന്റെ സംഗീതം നിനക്കായ്, സുഹ്യത്ത് ഡോണ മയൂരയുടെ വരികള്‍ക്ക്, രാജേഷ് രാമന്‍ സംഗീതം പകര്‍ന്ന്, പ്രദീപ് സോമസുന്ദരത്തിന്റെ ശബ്‌ദത്തില്‍.



പ്ലേയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക

2008-08-24

ഇന്നലയുടെ ഓര്‍മ്മകള്‍ക്കൊരു ശമനതാളം  

ഇന്ന് ആഗസ്റ്റ്-24 എന്‍റെ ജീവിതത്തില്‍ മറക്കാനാവാത്ത കുറേ ഏടുകള്‍ എഴുതി ചേര്‍ക്കപ്പെടാനായ് നാന്ദികുറിക്കപ്പെട്ട ദിവസം. തെളിമയുള്ള ആ പ്രഭാതത്തില്‍ എനിക്കായ് പൊഴിച്ച ആ ഓടക്കുഴല്‍ നാദം, അനുവാദമില്ലാതെ എന്‍റെ ആത്മാവിനെ തൊട്ടുണര്‍ത്തിയപ്പോള്‍ ജീവിതത്തിലെപ്പോഴക്കയോ എനിക്ക് കൈമോശം വന്നുപോയ മാനം കാണാതെ പുസ്തകതാളിലൊളിപ്പിച്ച മയില്‍ പീലിതുണ്ടുകളും, മനസ്സിന്‍റെ മണ്‍കുടമുടഞ്ഞ് ചിതറിതെറിച്ച മഞ്ചാടികുരുക്കളും തിരികെ ലഭിച്ചതുപോലെ ഒരു അനുഭവമായിരുന്നു. ഒരോ പ്രഭാതങ്ങളിലും നിദ്രയില്‍ നിന്നും വിളിച്ചുണര്‍ത്തി പ്രണയത്തിന്റെ ശ്വാദ്വാലയങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുമ്പോള്‍ ഞാന് ആരുടയക്കയോ സ്വന്തമാണന്ന് അറിയുകയായിരുന്നു. തണുത്തുറഞ്ഞ ഡിസംബര്‍ രാവുകളില്‍ ഹെര്‍മോണില്‍ പെയ്യുന്ന മഞ്ഞുതുള്ളിപോലെ നിര്‍മ്മലമായ ആ സ്നേഹം മുഴുവന്‍ ഞാന്‍ മോന്തികുടിക്കയായിരുന്നു.

ഇന്ന് ഞാന്‍ കണ്ടിട്ടില്ലാത്ത ഏതോ ഒരു ഭൂഖണ്ഡത്തില്‍ ജീവിതം തെരുപിടിപ്പിക്കാനായ് നീ ശരീരം പങ്കുവയ്ക്കുമ്പോള്‍ അനന്തതയുടെ അകലങ്ങളില്‍ നിന്നും അനസ്യൂതം ഒഴുകി എത്തുന്ന ആ മുരളീഗാനത്തിനായ് അമ്പാടിയുടെ ഒരു ചെറിയ കോണില്‍ വര്‍ഷവും വേനലും മഞ്ഞും വെയിലും മാറി മാറി വരുന്നത് അറിയാതെ ഞാന്‍ കാത്തിരിക്കയാണ്


പ്ലേയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡുചെയ്യാം.

കടപ്പാട് (മ്യൂസിക്)-കിരണ്‍സ്

2008-08-18

ഹ്യദയവും മനസ്സും  

പുറത്ത് മഴതകര്‍ക്കുമ്പോള്‍
പൈതൊഴിയുന്ന മഴനൂലുകള്‍ക്കിടയിലൂടെ
നീ നടന്നെത്തിയത്, കൊട്ടിയടക്കപ്പെട്ട
എന്‍റെ ഹ്യദയത്തിലേക്കായിരുന്നു

അനുവാദമില്ലാതെ നീ എന്‍റെ ഹ്യദയത്തില്‍
മെലിഞ്ഞ വിരലുകള്‍ കൊണ്ടെഴുതിയപ്പോള്‍
അരുതേ എന്നുവിലക്കാന്‍ മനസ്സുവെമ്പി
പക്ഷേ നാവു ചലിച്ചില്ല

ഞാന്‍ ആരന്നറിയാതെ അടുത്തു നീ
ഞാന്‍ സന്തോഷിച്ചു
ഞാന്‍ ആരന്നറിഞ്ഞപ്പോള്‍ അകന്നു നീ
എന്‍റെ മനസ്സു വേദനിച്ചു

എന്നിട്ടും മനസ്സിനോടല്ലാതെ
ഹ്യദയത്തോടു നമ്മള്‍ സംവാദിച്ചു
മനസ്സും ഹ്യദയവും
രണ്ടായിരിക്കും അല്ലേ?

2008-08-16

മേധാക്ഷയം  

ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം
പേര്‍ത്തുമതാരോ പറഞ്ഞു കേട്ടിന്നു നീ
ഓര്‍ത്തുഴറുന്നുവോ സംശയത്താല്‍,
പെട്ടന്നു നാവില്‍ വരാത്തൊരു നാമമായ്
മൊട്ടിട്ടു നിന്നിലും രോഗമന്നായ്
സംശയം നന്ന് , നീയിന്നറിയുന്നതും
നന്നുതാന്‍ സത്യം, വിനാവിളംബം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം

ഇല്ല നിന്‍ മേധക്കു രോഗ, മെന്നാകിലോ
വല്ലാതെ ബാധിച്ചു മാനസത്തെ
എന്നെ മറന്നു നീ, നിന്‍പാദമാദ്യമായ്
നന്നായ് പതിഞ്ഞൊരാപ്പൂഴിമുറ്റം
നേരേനടക്കുവാന്‍ കുഞ്ഞേ നിനക്കെന്നു
നേരോടെ നീണ്ടവിരല്‍തുമ്പുകള്‍
പാടലവര്‍ണ്ണമാം നിന്‍ മുഖമന്‍പിനാല്‍
പൂപോല്‍ത്തുടച്ച പുടവയറ്റം
കാണാന്‍ കൊതിച്ചുനീപോകും വഴികളില്‍
നോവാര്‍ന്നു പിന്‍‌വന്നൊരാര്‍ദ്രനോട്ടം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"

എന്തേ മറന്നു നിനക്കായ് നിരന്തരം
സ്‌പന്ദിക്കുന്ന ഹ്യത്തിന്റെ ശോകം
കുഞ്ഞേനീയൊരിക്കല്‍ വന്നെങ്കിലെന്നൊരു
നെഞ്ഞകം നൊന്ത വിലാപ ഗീതം
"ഒന്നിനി നിന്നെ ഞാന്‍ കാണുമോ" യെന്നിരുള്‍
തിന്നു തീര്‍ക്കും നെടുവീര്‍പ്പിനൊപ്പം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം

ഇന്നു നീ കൂട്ടികിഴിക്കലിലാണതി
ന്നെന്നും നിനക്കു തിടുക്കമേറെ
ഒട്ടല്ലനിക്കിനിക്കീഴടക്കാനുള്ള
പട്ടങ്ങളന്നു നിന്‍ കൂര്‍മ്മബുദ്ധി
വെട്ടാം നിരത്താം കീഴടക്കാം
ലോകമെത്രക്കു വേഗമാംമത്രവേഗം
തട്ടിത്തെറിപ്പിച്ചൂ പോന്നകല്‍ച്ചീളുകള്‍
തട്ടിപ്പരിക്കേറ്റു വീണതാരോ
ജന്മദാദാക്കളോ സോദരരോ കളി-
ച്ചങ്ങാതിമാരോ പ്രിയരവര്‍‍‌വേറയോ
ആരുമാകട്ടെ തിരിഞ്ഞൊന്നുനോക്കുവാന്‍
നേരമില്ലാതെ നീ പാഞ്ഞിടുമ്പോള്‍
ഇല്ല, പഴുതു ചികില്‍സിക്കുവാ, നകം-
പൊള്ളയാമീ പുറന്തോടുമായി
നീ യശ്വമേധം തുടരുകയേറിടും
നിന്‍ ജയശ്യംഗങ്ങളേറെയെന്നാല്‍
നാളയതിന്നും മുകളിലായ് ഭാവിതന്‍
ജേതാക്കള്‍ വെന്നിക്കൊടി നാട്ടവേ
നീയും മറവിയിലാഴുന്നൊരിന്നലെ
യാകുമവര്‍ക്കൊരു പാഴ്‌ക്കിനാവായ്

ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം
ഒന്നു യാചിക്കുക ദേവകളോടു നീ-
യന്നുനിനക്കു വരം നല്‍കുവാന്‍
കേവലം സം‌മ്പൂര്‍ണ്ണ മേധാക്ഷയം, നിന
ക്കേകുവാന്‍ മുക്തി, സ്വത്വത്തില്‍ നിന്നും

സുരേഷ് കാഞ്ഞിരക്കാട്ട് സംഗീതം പകര്‍ന്ന ഈ കവിത അദ്ദേഹത്തിന്‍റെ മധുര ശബ്ദത്തില്‍ ഇവിടെ നിന്നും കേള്‍ക്കാം.

പ്ലെയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


2008-08-14

ഞാന്‍-നഷ്ടപ്പെട്ട ആത്മാവ്  

ഞാന്‍
നഷ്ടപ്പെട്ട ആത്മാവ്
വേനല്‍ മഴയാകാനായിരുന്നു
എന്നും എന്‍റെ വിധി

എന്‍റെ ആത്മാവ്
അകന്നുപോകാനായിരുന്നു
എന്നും നിനക്കിഷ്ടം
ഞാനന്ന സമസ്യയില്‍ നിന്നും

എന്‍റെ സന്തോഷം
വേനല്‍ മഴയുടെ കുളിരില്‍
വിരിയുന്ന പൂക്കള്‍ പോലെ
വേഗം കൊഴിയുന്നവ

എന്‍റെ മനസ്സ്
ആരും കാണാതെ പോയ
നഷ്‌ട്സ്വപ്നങ്ങളുടെ
ഒരു കലവറ

എന്‍റെ ജീവിതം
പാഥേയമില്ലാതെ വന്ന
സഞ്ചാരികളുടേതായ
ഒരു വഴിയമ്പലം

എന്‍റെ ശബ്ദം
എന്നേ എനിക്ക് നഷ്ടമായി
ഒച്ച ഉണ്ടാക്കാതിരിക്കാന്‍
നാവിനെ ഞാന്‍ കെട്ടിയിട്ടു

ഞാന്‍
എല്ലാവരാലും തോല്പിക്കപ്പെട്ടവന്‍
ഇന്ന് എന്‍റെ ആത്മാവിനാലും
തോല്പിക്കപ്പെട്ടിരിക്കുന്നു

2008-08-13

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍  

ഞാനാര്? ഞാനെന്ത്?
ഉത്തരമില്ലാത്ത എന്‍റെ ആത്മാവിന്‍റെ
ചോദ്യങ്ങള്‍ക്കുമുന്‍പില്‍
തോറ്റടിയുകയാണ് ഞാന്‍

എന്തിനുവേണ്ടി
ആര്‍ക്കുവേണ്ടിയായിരുന്നു
ഈ ജന്മമത്രയും
എന്‍റെ കാത്തിരിപ്പ്

എനിക്ക് ആരോടും ജയിക്കേണ്ട
ആരയും തോല്പിക്കയും വേണ്ട
എന്‍റെ മനസ്സിനെ
ഇനി ആര്‍ക്കുവേണ്ടിയും
തുറക്കാന്‍ കഴിയാത്തവിധം
മണിച്ചിത്രത്താഴിട്ടു പൂട്ടാന്‍
കഴിഞ്ഞങ്കില്‍
മുട്ടിയാല്‍ തുറക്കപ്പെടാത്ത
ഇരുളടഞ്ഞ ഒരു
ഗുഹാകവാടം പോലെ

2008-08-12

വേനല്‍ മഴ  

നിന്നെ കുളിര്‍പ്പിക്കും വേനല്‍ മഴയോ
നിന്നെ കരിക്കുന്ന ഹോമാഗ്നിയോ
നിന്നില്‍ പടരുന്ന സ്നേഹമായി
നിന്നെ തലോടുന്ന കൈകളാകാന്‍

ഏകാന്തമീ വേനലില്‍ മഴയായി വന്നുനീ
എന്നെ കെട്ടിപ്പുണര്‍ന്നു പൊന്നുമ്മ തന്നു
എനിക്കായി നീ എന്നും ഉണര്‍ന്നെണീറ്റു
എന്നിട്ടുമെന്നും കരഞ്ഞു പതം പറഞ്ഞു

സാഡിസം കൊണ്ടുഞാന്‍ വ്രണപ്പെടുത്തും-
സന്തോഷം കൊണ്ടുഞാന്‍ പൊട്ടിച്ചിരിച്ചു
സന്താപം കൊണ്ടുനീ നീറിപുകയവേ
സന്താപമില്ലാതെ കണ്ണീരൊഴുക്കി ഞാന്‍

കാണാത്ത കണ്ണിലെ സ്വപ്നങ്ങളായ്
കാത്തുവച്ചീടുകീ സ്നേഹബന്ധം
കാണാത്തതീരത്തു കണ്ടുമുട്ടാം
കാത്തിരുന്നീടാം വരും ജന്മത്തിനായ്

വേനല്‍ മഴയില്‍ നനയാനിറങ്ങാം
വേദനിപ്പിച്ചതിന്‍ പാപം കഴുകാന്‍
വാടാത്തനിന്‍ മുഖമന്‍പിനാല്‍ കാണുവാന്‍
വാടാത്ത പുഞ്ചിരി നീ കാത്തുവയ്ക്കൂ

-7 August 2008-

2008-08-08

ആത്മാവിന്‍റെ തേങ്ങല്‍  

പാതിമരിച്ചൊരാ ദേഹത്തുനിന്നും
പറിച്ചെടുക്കുന്നു നിന്നാത്മാവിനെ
പാതിവഴില്‍ ഉപേക്ഷിച്ചുവങ്കിലും
പാതിജീവനായ് നീ എന്നിലലിഞ്ഞു

നഷ്ടങ്ങള്‍ക്കപ്പുറം നേട്ടങ്ങള്‍കാംക്ഷിക്കേ
നഷ്ടങ്ങളറിയാതെ നഷ്ടപ്പെടുന്നുനാം
നഷ്ടവും ലാഭവും ജീവിത തുലാസുകള്‍
നഷ്ടങ്ങള്‍ക്കപ്പുറം നഷ്ടസ്വപ്നങ്ങള്‍

നേടുവാന്‍ നാമല്ലാം മല്‍സരിക്കുന്നു
നേട്ടമായ് നാമെന്തുകൊണ്ടുപോകും
നേട്ടങ്ങളെല്ലാം അഗ്‌നിവിഴുങ്ങവേ
നേട്ടങ്ങള്‍ക്കെന്തിനു നെട്ടോട്ടമോടണം

ജീവിച്ചീടുവാന്‍ മറന്നുപോയ് നാമീജന്മം
ജീവിച്ചു തീര്‍ക്കുവാന്‍ മാത്രകള്‍ മാത്രം
ജീവന്‍റെ ജീവനില്‍ പൂത്തൊരാത്മാവായ്
ജീവന്‍ വെടിഞ്ഞാലും നീ ജീവിച്ചിടും

-സമര്‍പ്പണം-
ഇന്നും, സാമ്പ്രദായിക കവിതാസങ്കേതത്തില്‍ ശുദ്ധകവിത സ്പുടം ചെയ്തെടുക്കുന്ന എന്‍റെ പ്രീയപ്പെട്ട ശ്രീദേവിചേച്ചിക്ക്

2008-08-04

മനസ്സ് വില്‍‌പനക്ക്  

സ്നേഹം എന്നും എന്‍റെ ബലഹീനത
ഞാന്‍ എന്നും അതിന്‍റെ ഒരു അടിമ
ശൂന്യമായ എന്‍റെ ലോകം ശ്യൂന്യമാക്കിയ
സ്നേഹിതര്‍, പ്രിയരാം സഖികള്‍

എന്‍റെ പാവം മനസ്സ്, എന്നും കൊതിച്ചു
നിന്‍റെ ഒരിറ്റു സ്നേഹത്തിനായി
നാട്യമായാലും അതുമതിയായിരുന്നു
ശൂന്യമായ എന്‍റെ പാവം മനസ്സിന്

ശൂന്യമായ കൈകള്‍, ശൂന്യമായ മനസ്സ്
ഞാന്‍ അലയുകയായിരുന്നു, സ്നേഹംതേടി
മധുരം പുരട്ടിയവാക്കില്‍ നീ സ്നേഹം വിളമ്പി
കൈകകള്‍ ശൂന്യമന്നറിഞ്ഞ് മനസ്സെടുത്തുപോയി

ആരാലും തലോടാതെപോയ പാവം മനസ്സ്
അറുത്തുവയ്ക്കുന്നു ഞാന്‍ വില്‍‌പനക്കായ്
വിലപറയാതെ, ആര്‍ക്കും വേണ്ടാതനാഥമായി
രക്തമൊഴുകുന്ന ശൂന്യമായ എന്‍റെ മനസ്സ്

ആത്മാര്‍ത്ഥതയില്ലാത്ത ഈലോകത്ത്
ആത്മാര്‍ത്ഥത പ്രതീക്ഷിച്ച ഒരു മനസ്സ്
എനിക്കും വേണ്ടാതായിരിക്കുന്നു ഇന്ന്
ശൂന്യമായ എന്‍റെ പാവം മന‍സ്സിനെ

ഇതെടുത്തുകൊള്ളുക, വിലയായ് നിന്‍റെ
സ്നേഹം, ഇരുട്ടിലങ്കിലും പങ്കുവയ്ക്കുക
ഇത് എന്‍റെ രക്‌തമാണ്, ഇത് എന്‍റെ
മാംസമാണ്, ഇത് നീ എടുത്തുകൊള്ളുക

2008-07-26

ഉടഞ്ഞ കിനാവുകള്‍  

എന്റെ പാവം മനസ്സ്
നീ കാണാതെ പോയി
സ്വപ്നങ്ങളുടെ കഴുത്തറുത്ത്
കൊന്നുതള്ളാന്‍ മനസ്സ് വന്നില്ല
എന്നെ അറിഞ്ഞിട്ടും
അന്ധനായ് നടിച്ചു നീ
എന്നിട്ടും നിനക്കു മുന്നില്‍
ഞാന്‍ എന്റെ മനസ്സു തുറന്നു

വിടപറയാനായിരുന്നു നിനക്കു തിടുക്കം
കാണാതെ പോയി എന്റെ പാവം മനസ്സിനെ
യാത്രാമൊഴി പറയുമ്പോള്‍
മനസ്സറിയാതെ ഒന്നു പിടച്ചുവോ?
വേദനിപ്പിച്ചുവോ എന്ന ഉപചാര വക്കിന് ‌
എന്തുത്തരം നല്കണം ഞാന്‍
വാക്കുകള്‍കൊണ്ട് എനിക്ക്
നിന്നെ മുറിപ്പെടുത്തേണ്ട
എന്തിന് പാവം നിന്റെ മനസ്സിനെ
ഞാന്‍ വേദനിപ്പിക്കണം

നീ മറക്കാന്‍ ശ്രമിക്കുന്ന നിന്റെ ലോകം
മാറ്റാന്‍ ശ്രമിക്കുന്ന നിന്റെ മനസ്സ്
എല്ലാം അറിയുമ്പോള്‍ നിന്നെ
അറിയാതിരിക്കാന്‍ എനിക്കു വയ്യ
തിരികെ നടന്നകലുന്നതിന്‍ മുമ്പ്
അനുവാദമില്ലാതെ കണ്ട കിനാവുകള്‍
അറിയാതെ കണ്ണീരായ് തുളുമ്പിയോ?
അതു നീ കാണാതെ പോയോ?

ഒരു വാക്കുമിണ്ടാന്‍ കഴിയാതെ ഞാന്‍
യാത്ര ചോദിക്കാന്‍ മടിച്ചു നീ
വരുമന്ന പ്രതീക്ഷയില്‍ വീണ്ടുമീ തീരത്ത്
പകലു വറ്റുന്നതും കാത്തിരിക്കുന്നു ഞാന്‍
നിറയുന്നു നീ എന്നില്‍, നിന്‍ മിഴികളില്‍
തുളുമ്പുന്ന കണ്ണുനീര്‍ തുള്ളിപോലെ

2008-07-25

വിഡ്ഡിവേഷം  

ഇന്ന്,
എനിക്കും നിനക്കുമിടയില്‍
അനന്തമായ അകലം
മൗനം നമ്മുടെ നിമിഷങ്ങളെ
വിഴുങ്ങുമ്പോള്‍, നീയും ഞാനുമറിയുന്നു
നഷ്ടപ്പെട്ട ജന്മങ്ങളാണന്ന്


ഇന്ന്,
എന്റെ വക്കുകകള്‍ ശബ്ദമില്ലാതെ
തൊണ്ടയില്‍ കുരുങ്ങി മരിക്കുന്നു
പരസ്പരം ബോധിപ്പിക്കുന്ന
വക്കുകളില്‍ കനംതൂങ്ങുന്ന ചിന്തകള്‍

ഞാന്‍,
ആടികഴിഞ്ഞ കഥാപാത്രം
ഇനി വേഷമഴിക്കാനുള്ള സമയം
മുടിഅറുത്തുമാറ്റി
എന്റെ വേഷമഴിച്ചുവയ്ക്കാം
കൂത്തരങ്ങിലെ, ചമയങ്ങളില്ലാത്ത
വെറും വിഡ്ഡിവേഷം

2008-07-24

കോലക്കുഴല്‍വിളി  

രാമാ,

ഒരു മാത്ര നീ ഒന്നു കേള്‍ക്കൂ
നിനക്കായ് പൊഴിക്കുമീ വേണുഗാനം
കാളിന്ദീ തീരത്ത് ഗോക്കളെ പായ്ക്കുമീ
ക്യഷ്‌ണന്റെ കോലക്കുഴല്‍ വിളികേട്ടീലയോ?

കരുണ ചെയ്‌വാനെന്തേ താമസം
നീ എന്‍ സോദര സഖിയല്ലേ?
ഇണപിരിയാന്‍ കഴിയാത്തൊരീ ജന്മം
ഒരുനോക്കു കാണാന്‍ കഴിവീലയോ?

വ്യന്ദാവനത്തിലെ കൊഴിയുമീ പൂക്കള്‍
ഇനി വിടരുമോ നമുക്കായ് വീണ്ടും.
പുഞ്ചിരി വിടരുമാ ചെന്തളിര്‍ ചുണ്ടില്‍
പുഞ്ചിരി ഒന്നെനിക്കായ് കരുതി വയ്‌ക്കൂ
പകുത്തെടുക്കും ജന്മങ്ങളിലൊന്നില്‍
നീ എനിക്കായ് മാത്രം പിറക്കുക

2008-07-23

നിനക്കായ് മാത്രം  

മണിരത്നവും ഏ ആര്‍ റഹ്മാനും ചേര്‍ന്നൊരുക്കിയ “ദില്‍സേ“ എന്ന ചിത്രത്തിനു വേണ്ടി ഉദിത്‌ നാരായണ്‍ പാടിയ ഗാനം സുഹ്യത്ത് കിരണ്‍സിന്റെ ശബ്ദത്തില്‍. എന്തുകൊണ്ടോ നൊസ്റ്റാള്‍ജിയയുടേയും വിരഹത്തിന്റെയും ഒറ്റപ്പെടലിന്റെയും ഒക്കെ ഒരു പ്രത്യേക മൂഡ്‌ സൃഷ്ടിക്കാനുള്ള മാസ്മരികമായ ഒരു കഴിവ്‌ ഈ ഗാനത്തിനുണ്ട്.



പ്ലേയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡുചെയ്യാം.

2008-07-19

നിനക്ക് എന്റെ ആരാകണം?  


പുനര്‍ജന്മം എന്ന ഒന്നുണ്ടങ്കില്‍
വരും ജന്മത്തില്‍ നിനക്ക് എന്റെ ആരാകണം?
ഒന്നുകില്‍ നീ എനിക്ക് ഊന്നുവടിയാകുക
അല്ലങ്കില്‍ നീ എന്‍ മകനായ് പിറക്കുക.

2008-07-17

കിളിവാതിലിലെ സ്‌നേഹത്തിന്റെ കൈയ്യൊപ്പ്  

ഞാന്‍ എന്നും ഒരു അടിമയാണ്. സ്‌നേഹത്തിന്റെയും സൗഹ്യദത്തിന്റയും അടിമ. എപ്പോഴങ്കിലും മനസ്സൊന്നിടറിയാല്‍, ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെട്ടാല്‍ ആരങ്കിലും ഒരാള്‍ കൂട്ടിന് വേണമന്ന് തോന്നിയാല്‍ മുരളിപൊഴിക്കുന്ന കള്ളചിരിയുമായ് നീയെന്റെ മുന്നിലവതരിക്കുന്നു. വര്‍ഷങ്ങള്‍കൊണ്ട് എല്ലാ സ്‌നേഹത്തില്‍ നിന്നും ഒഴിഞ്ഞുനില്‌കാനായിരുന്നു എനിക്കിഷ്‌ടം. സ്‌നേഹവും സൗഹ്യദവും ചോദിച്ചവര്‍, ജീവിതം ചോദിച്ചവര്‍ പിന്നെ എന്നെതന്നെ ചോദിച്ചവര്‍. എല്ലാവരയും എന്റെ ലോകത്തുനിന്നും വിലക്കി നിര്‍ത്തി. അടരാന്‍ മടിച്ച്‌ ഹൃദയത്തോടൊട്ടി ചേര്‍ന്നു കിടക്കുന്ന കുപ്പിച്ചില്ലുകള്‍ എല്ലാബന്ധങ്ങളില്‍ നിന്നും ആത്മാവിനെ സ്വയം അകറ്റിനിര്‍ത്തി. എന്നിട്ട് ഞാന്‍ എന്തുനേടി?. ഹ്യദയത്തില്‍ സ്‌നേഹത്തിന്റെ കൈയ്യൊപ്പുകോറിയിട്ട് പടിയിറങ്ങിപോയ ആത്മാവിനോടുള്ള പകപോക്കലോ? വിഷാദത്തിന്റെ ജ്വാലയുള്ള സമ്മാനങ്ങള്‍ തന്നിട്ട് എന്റെ ലോകത്ത് ശുന്യത നിറച്ചവരോടുള്ള പ്രതിഷേധമോ? അതോ സ്വയം ശിക്ഷിക്കലോ? ഉത്തരമില്ലാത്ത ഒരുസമസ്യ.

ഇന്ന് ഞാന്‍ മാറിയിരിക്കുന്നു. അല്ലങ്കില്‍ മാറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതാവും ശരി. ഇനി കണ്ണടച്ച് ഇരുട്ടാക്കാന്‍ വയ്യ. ഒരു ഹേമന്ദത്തിന്റെ എല്ലാസൗന്ദര്യത്തോടും നീ എന്റെ ലോകത്തേക്ക് കടന്നുവരുമ്പോള്‍ ഏകാന്തതയുടെ ശൂന്യത കണ്ട്‌ സങ്കടപ്പെട്ടിരുന്ന ഒരു കാലത്ത്‌ നിന്നും എന്റെ യാത്ര ആരംഭിക്കയാണ്. കീറിപോയ ആത്മപുസ്തകത്തിന്റെ താളുകള്‍ ഒരുമിച്ച്‌ ചേര്‍ക്കാന്‍ ശ്രമിക്കു‌മ്പോള്‍ എങ്ങിനെ എനിക്കു നിന്നെ ഉപേക്ഷിക്കാനാവും. ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു ഭൂഖണ്ഡത്തില്‍നിന്നും നീ എനിക്കായ് പാടുന്നു. ഒരിക്കലും തമ്മില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നങ്കിലും കാണാന്‍ കഴിയുമോ എന്നും അറിയില്ല. ഒര്‍കുട്ടില്‍ തുടങ്ങിയ പരിചയം, ജിടോക്കിലൂടെ പരസ്‌പരം പങ്കുവച്ച് നമ്മുടെ ഹ്യദയങ്ങള്‍ തമ്മിലടുക്കുമ്പോള്‍ ഏതോ ഒരു കാന്തിക പ്രഭാവം നമ്മളെ വലയം ചെയ്യുന്നത് ഞാനറിയുന്നു. പലപ്പോഴും നീ എന്റെ ആരാണന്ന് മനസ്സിനോടുചോദിക്കയാണ്. എത്ര കൂട്ടിയാലും കിഴിച്ചാലും കിട്ടുന്നത് ഒറ്റ ഉത്തരം. നീ എന്റെ ആരല്ലാമോ ആണ്. അത് അങ്ങിനെതന്നെ ഇരുന്നോട്ടെ. എന്നങ്കിലും തമ്മില്‍ കാണു‌മ്പോള്‍ തരാനായ് നീ അതിന്റെ ഉത്തരം കരുതിവയ്‌ക്കുക.

2008-07-16

പൊട്ടിച്ചെറിഞ്ഞ മണിതാലി  

എന്തിനു വലിച്ചിഴച്ചെന്‍ കണ്ണനെ
നിന്‍ താലിചരടിന്‍ തുമ്പിനാല്‍
കുരുക്കിട്ടു നിന്‍ കഴുത്തില്‍ കെട്ടും മുമ്പെന്തിനു
പൊട്ടിച്ചെറിഞ്ഞു നീയാ മണിതാലി
രക്തസുന്ദൂരം കൊണ്ടാ സീമന്തരേഖയി
ലൊരുകുറി വരച്ചു നിന്നെ സ്വന്തമാക്കാന്‍
കാത്തിരുന്നു, എന്റെ കണ്ണന്‍

പങ്കുവയ്‌‌ക്കുമ്പോള്‍ ശരീരം രാധക്കും
മനസ്സ് പാവമീ കുചേലനും
പ്രാണന്‍ യശോദക്കും കാത്തുവച്ചൊരന്‍
കണ്ണന്റെ ഉഷ്‌ണമാപിനികളില്‍
കാളീയ വിഷം കലര്‍ത്താന്‍
ശോഭിതയായ്
വന്നൊരു പൂതനയോ നീ
ശൂന്യമാഹ്യദയം നൊന്തെന്‍ ക്യഷ്‌ണന്‍ ശപിച്ചാല്‍
ഗംഗയില്‍ മുങ്ങിയാലും കിട്ടില്ല
ശാപമോക്ഷമീ ജന്മമെന്നോര്‍ക്കുക

ഇന്നലെ തുളുമ്പാതെ നിറഞ്ഞ എന്‍‌കണ്ണന്റെ
സൂര്യനേത്രങ്ങളില്‍
ഒരു മുത്തം നല്‌കാന്‍ കഴിഞ്ഞീല
തൊണ്ടയില്‍ കുരുഞ്ഞി പിടഞ്ഞൊരാ തേങ്ങല്‍
കേള്‍ക്കാതെ പോയൊരെന്‍ കാതുകള്‍
ഹ്യദയരക്‌തത്താല്‍ നിന്‍ പാദങ്ങള്‍ കഴുകി
കാണിക്ക വയ്‌ക്കാന്‍
കല്ലും നെല്ലും ചേര്‍ന്നൊരവല്‍പൊതി മത്രമേ
ഈ കുചേലന്റെ ശുന്യഹസ്‌തങ്ങളില്‍
കരുതിയുള്ളൂ

ചെങ്കോലും കിരീടവുമണിഞ്ഞ്, രാധാസമേതനായ്
മേവുമെന്‍ കണ്ണനെ കണ്ടൊന്നുറങ്ങാന്‍
ഇനി എത്രകാതം താണ്ടണം കണ്ണാ
പിന്നെത്ര മഴ ഞാന്‍ നനയണം

2008-07-15

വരും ജന്മങ്ങളിലൊന്നില്‍ നീ എനിക്കായ് പിറക്കുക  

ഉറക്കം വരാതെ കണ്ണടച്ചുകിടന്ന ഇന്നലത്തെ രാത്രിയില്‍ എന്‍റെ ജനാലക്കല്‍ വന്ന് എന്നെ മുട്ടിവിളിച്ചത്, എന്നെ തേടിവന്ന നിന്‍റെ ആത്മാവാണ്. കഴിഞ്ഞപൊന്നിന്‍ ചിങ്ങത്തിലെ തെളിമയുള്ള പ്രഭാതങ്ങളിലൊന്നില്‍ അനുവാദം കൂടാതെ നീ എന്‍റെ ആത്മാവിനെ തൊട്ടുവിളിച്ചപ്പോള്‍, ഞാന്‍ പോലുമറിയാതെ എന്‍റെ സ്വപ്‌നങ്ങള്‍ പുനര്‍ജ്ജനിച്ചു. മു‌മ്പെന്നോ അറിഞ്ഞോ അറിയാതയോ കൈമോശം വന്നുപോയ സാഹോദര്യത്തിന്‍റെ ഊഷ്‌മളതയുള്ള സൗഹ്യദം വീണ്ടും ഞാന്‍ അനുഭവിക്കുകയായിരുന്നു. പിന്നെ നിന്‍റെ അദ്യശ്യമായ സന്നിധ്യമായിരുന്നു എന്‍റെ ദിനരാത്രങ്ങള്‍ക്ക് ജീവനേകിയത്. നെഞ്ചിലെ ചൂടാല്‍ ഞാന്‍ നിനക്കു കൂടുകൂട്ടി. നീലിമയാര്‍ന്ന എന്‍റെ സ്‌നേഹത്താല്‍ ഞാന്‍ നിന്നെ പുതപ്പിച്ചു. മാനം കാണാതെ പുസ്‌തകത്താളിലൊളിപ്പിച്ച മയില്‍‌പീലി തുണ്ടുകള്‍കൊണ്ട് നിന്നെ തഴുകി ഉറക്കി. കടന്നുപോയ ഏതാനും മാസങ്ങള്‍കൊണ്ട് നമ്മള്‍ സൗഹ്യദം ആഘോഷിക്കയായിരുന്നു. ഇണങ്ങിയും പിണങ്ങിയും സ്‌നേഹിച്ചും കുറ്റപ്പെടുത്തിയും നമ്മള്‍ നമ്മുടേതായ ഒരുലോകം തീര്‍ത്തെടുക്കുകയായിരുന്നു. വേനല്‍മഴയുടെ കുളിരില്‍ വിരിയുന്ന പൂക്കള്‍പോലെ അവയും കൊഴിയുകയായി.

ഇന്ന്, ഉടഞ്ഞുപോയ എന്‍റെ കണ്ണാടിക്കുള്ളില്‍ നിന്‍റെ രൂപമില്ലാത്ത പ്രതിബിംബം ഞാന്‍ കാണുന്നു. ഇനി എന്നങ്കിലും എനിക്ക് നീയാവാനും, നിനക്ക് ഞാനാവനും കഴിയുമോ? ആര്‍ക്കും ആരുടേതുമാകാന്‍ കഴിയില്ലന്ന് തിരിച്ചറിയുന്ന നിസഹായമായ ഈ നിമിഷങ്ങളില്‍ ഞാന്‍ ആഗ്രഹിക്കയാണ്, പകുത്തെടുക്കാന്‍ കാത്തിരിക്കുന്ന ജന്മങ്ങളിലൊന്നില്‍ നീ എനിക്കായ് പിറക്കുക.....

2008-07-14

എന്റെ സ്‌‌നേഹത്തിന്  

ഇന്ന് ഞാന്‍ മരിക്കയാണ് എങ്കില്‍, ചലനമറ്റ എന്റെ ശരീരം കാണാന്‍ നീ വരരുത്. കാരണം നിറഞ്ഞുതുളുമ്പുന്ന നിന്‍റെ കണ്ണീര്‍ മുത്തുകളില്‍ എന്‍റെ രൂപം പ്രതിഫലിച്ചുകൂടാ. ഒരിക്കലും കണ്ടിട്ടില്ലാത്ത നിന്‍റെ മനസ്സില്‍ എന്നും എന്‍റെ ജീവനുള്ള മുഖം മാത്രം മതി. കഴിഞ്ഞ പൊന്നിന്‍ ചിങ്ങത്തിലെ പ്രഭാതങ്ങളിലൊന്നില്‍, ജന്മാന്തരങ്ങളുടെ ഗന്‌ധമുള്ള സ്‌നേഹവുമായ് നീ കൂടുകൂട്ടിയത് എന്‍റെ ഹ്യദയത്തിലാണ്. അന്നുമുതല്‍ എന്‍റെ നീലാകാശത്ത് തെളിഞ്ഞുകത്തുന്ന ശുക്രനക്ഷത്രം നീയാണ്. മറവിയുടെ മേച്ചില്‍‌പുറങ്ങളിലേക്കുതിര്‍ക്കുന്ന ഓര്‍മ്മകളും, സ്വപ്‌നങ്ങളെ ഉറക്കുന്ന ആത്മാവിന്റെ തേങ്ങലുകളും പകുത്തെടുത്തപ്പോള്‍ ഞാന്‍ നിന്‍റെതും നീ എന്‍റെതും മത്രമാകുകയായിരുന്നു. ഇന്ന് അക്‌ഞാതമായ ഒരു ഭൂഖണ്ഡത്തില്‍ പ്രണയിനിക്കായ് നീ ശരീരം പങ്കുവെയ്‌ക്കുമ്പോള്‍, ഇവിടെ അമ്പാടിയുടെ ഒരുകോണില്‍, വേനല്‍‍ മഴയുടെ ഈറന്‍പോലെ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍കൊണ്ട് നിറയുകയാണ് എന്റെ മനസ്സ്......