Search this blog


Home About Me Contact
2010-02-18

പുരുഷന്റെ പ്രത്യുല്‍പാദന വ്യവസ്ഥ-02  

പ്രധാനമായും ലിംഗവും വൃഷണവും ചേര്‍ന്നതാണ് പുരുഷന്റെ ലൈഗികാവയവം. വൃഷണങ്ങളില്‍ ഉല്‍‌പാദിപ്പിക്കപ്പെടുന്ന ബീജത്തെ, സങ്കലനത്തിനായ് അണ്ഡവാഹിനികുഴലില്‍ (Fallopian tube) എത്തിക്കുക എന്നതാണ് ലിംഗത്തിന്റെ പ്രധാന ധര്‍മ്മം. ലിംഗത്തിന് പ്രധാനമായും ലിംഗമൂലം, ലിംഗദണ്ഡ്, ലിംഗശീര്‍ഷം എന്നീ മൂന്നു ഭാഗങ്ങളാണുള്ളത്. ലിംഗദണ്ഡും ലിംഗ ശീര്‍ഷവും ബാഹ്യമായ് കാണപ്പെടുമ്പോള്‍ ലിംഗമൂലം ശരീരത്തിനുള്ളില്‍ സ്ഥിതിചെയ്യുന്നു. മൂന്നു പാളി ഉദ്ധാരക കലകളെക്കൊണ്ടാണ് (cavernous tissue) ലിംഗം നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും പുറമെയുള്ള രണ്ടു പാളികളെ corpora cavernosa എന്നും ഏറ്റവും ഉള്ളിലുള്ള പാളിയെ കോര്‍പ്പസ് സ്‌പോഞ്ചിയോസം (corpus spongiosum) എന്നും പറയുന്നു. ഉദ്ധാരണ സമയത്ത് ലിംഗത്തിലേക്ക് ഇരച്ചു കയറുന്ന രക്തത്തിന്റെ ഏറിയപങ്കും corpora cavernosa യിലാണ് സ്വരൂപിക്കപ്പെടുന്നത്.

ഈ മൂന്നു പാളികള്‍ക്കിടയിലൂടെ മൂത്രനാളി കടന്നുപോകുന്നു. ലിംഗദണ്ഡും ലിംഗശീര്‍ഷവും നന്നേ അയഞ്ഞ ഒരുചര്‍മം കൊണ്ട് ആവൃതമായിരിക്കുന്നു. ആവശ്യാനുസരണം സങ്കോചിക്കുവാനും വികസിക്കുവാനും കഴിവുള്ള നേര്‍ത്ത ചര്‍മ്മമാണിത്. ലിംഗശീര്‍ഷത്തിന്റെ തുടക്കം മുതല്‍ ഈ ചര്‍മത്തിന് ഇരട്ടപ്പാളിയാണ്. ലിംഗശീര്‍ഷത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ടപ്പാളിയുള്ള ചര്‍മത്തെ അഗ്രചര്‍മം എന്നു പറയുന്നു. വളരെയേറെ നാഡീതന്തുക്കളുള്ള ലിംഗചര്‍മത്തിന് സ്പര്‍ശസംവേദന ശേഷി വളരെകൂടുതലാണ്‍. ലിംഗ ശീര്‍ഷത്തിനു, ചുവട്ടില്‍ അഗ്രചര്‍മം തുടങ്ങുന്നിടത്ത് ഒട്ടനവധി ചെറുഗ്രന്ഥികളുണ്ട്. അഗ്രചര്‍മഗ്രന്ഥികള്‍ എന്നറിയപ്പെടുന്ന ഇവ ഒരു സവിശേഷസ്രവം പുറപ്പടുവിക്കുന്നു. ഇതിനെ സ്മെഗ്മ (smegma) എന്നു പറയുന്നു. സ്മെഗ്മയില്‍ 26.6% കൊഴുപ്പുകളും 13.3% മാംസ്യവും അടങ്ങിയിട്ടുണ്ട്. അഗ്രചര്‍മ്മത്തിനടിയില്‍ സ്മെഗ്മ അടിഞ്ഞുകൂടുന്നത് ലിംഗത്തില്‍ ക്യാന്‍സര്‍ ബാധിക്കാന്‍ കാരണമായേക്കാം എന്ന് ചിലപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടങ്കിലും, അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി ഇത് അംഗീകരിച്ചിട്ടില്ല. സ്മെഗ്മ യഥാസമയം കഴുകി വൃത്തിയാക്കുന്നത് ലൈംഗികശുചിത്വത്തിനും ലൈംഗികാരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.

വൃഷണം: പ്രത്യുത്പാദനപരമായി കൂടുതല്‍ പ്രാധാന്യമുള്ള അവയവമാണ് വൃഷണം. ബീജം ഉത്പാദിപ്പിക്കുന്നത് വൃഷണങ്ങളിലാണ്. പുരുഷ ഹോര്‍മോണിന്റെ പ്രധാന ഉത്പാദനകേന്ദ്രവും വൃഷണം തന്നെ. ലിംഗത്തിനു ചുവട്ടിലായ് തൂങ്ങികിടക്കുന രണ്ട് അറകളിലായിട്ടാണ് വൃഷണങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഈ അറകളെ വൃഷണസഞ്ചി എന്നു പറയുന്നു. അനായാസം സങ്കോചിക്കാനും വികസിക്കാനും കഴിവുള്ള പ്രത്യേകതരം നേര്‍ത്ത മാംസ പേശികളാലും ചര്‍മ്മത്താലുമാണ് വൃഷണസഞ്ചി നിര്‍മ്മിക്കപ്പെടിരിക്കുന്നത്. ഓരോ വൃഷണത്തിലും 250 മുതല്‍ 400 വരെ ചെറിയ അറകളുണ്ട്. ഓരോ അറയിലും കെട്ടുപിണഞ്ഞതുപോലെ നേരിയ മൂന്നു ചെറുകുഴലുകള്‍ കാണപ്പെടുന്നു. ഈ ചെറിയ കുഴല്‍ച്ചുരുളിനെ സെമിനിഫെറസ് ട്യൂബ്യൂള്‍ എന്ന് വിളിക്കുന്നു. ഈ ട്യൂബൂളുകളിലാണ് ബീജം ഉല്പാദിപ്പിക്കപ്പെടുന്നത്. അതിനാല്‍ ഇവയെ ബീജകേന്ദ്രങ്ങളെന്നും വിളിക്കപ്പെടുന്നു. അടുക്കടുക്കായി സ്ഥിതിചെയ്യുന്ന ഈ ബീജകേന്ദ്രങ്ങളെല്ലാം അവയ്ക്കു മുന്നിലായുള്ള ബീജസംഭരണിയായ എപ്പിഡിസിമസിലേക്ക് തുറക്കപ്പെടുന്നു . വൃഷണത്തിനു മുന്നില്‍, മുകള്‍ ഭാഗത്തായി രണ്ടിഞ്ചോളം നീളമുള്ള ഒരു ചെറിയ കുഴല്‍ച്ചുരുള്‍ കാണപ്പെടുന്നു. ചുരുള്‍ നിവര്‍ത്തിയാല്‍ ഇതിന് 18-20 അടി നീളമുണ്ടാകും. കോമയുടെ ആക്യതിയില്‍ ചേര്‍ന്നു കിടക്കുന്ന ഈ കുഴല്‍ചുരുളിനെ ബീജസംഭരണി എന്നു പറയുന്നു. വൃഷണത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബീജങ്ങള്‍ അപ്പോള്‍ത്തന്നെ ഈ കുഴല്‍ ചുരുളുകളില്‍ സംഭരിക്കപ്പെടുന്നു. ബീജങ്ങള്‍ പൂര്‍ണവളര്‍ച്ച എത്താന്‍ ഏതാണ്ട് ഒരു ആഴ്ചയോളം സമയമെടുക്കും.

ബീജസംഭരണിയുടെ തുടര്‍ച്ചയെ ബീജവാഹിനിക്കുഴല്‍ എന്നു വിളിക്കുന്നു‍. സംഭരണിയില്‍ നിന്നും ബീജവാഹിനിക്കുഴലിലൂടെയാണ് ബീജങ്ങള്‍ പുറത്തേക്കു നീങ്ങുന്നത്. ഈ സമയത്ത് ബീജങ്ങളോടൊപ്പം വൃഷണങ്ങളിലുണ്ടാകുന്ന നേരിയ സ്രവങ്ങള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മൂത്രസഞ്ചിക്കു ചുവടെയായി ഇരുവശത്തും അഞ്ചു സെന്റിമീറ്ററോളം നീളമുള്ള ശുക്ളകേന്ദ്രങ്ങള്‍ അഥവാ സെമിനല്‍ വെസിക്കിളുകള്‍ കാണപ്പെടുന്നു. ഇവിടെയുണ്ടാകുന്ന സ്രവങ്ങള്‍ ശുക്ളനാളിയിലൂടെ പ്രോസ്റ്റേറ്റിലെത്തുന്നു. പ്രോസ്റ്റേറ്റില്‍ വെച്ച് ശുക്ളനാളിയും ബീജവാഹിനിക്കുഴലും കൂടിച്ചേരുകയും, ശുക്ളോത്പാദന കേന്ദ്രങ്ങളിലുണ്ടാകുന്ന സ്രവങ്ങള്‍ ഇവിടെവച്ച് ബീജവുമായ് കലരുകയും ചെയ്യുന്നു. തുടര്‍ന്ന് ഈ കുഴല്‍ മൂത്രനാളിയിലേക്കു തുറക്കുന്നു. ശുക്ളം ഈ നാളിയിലൂടെ കടന്ന് ലിംഗാഗ്രത്തിലൂടെ അണ്ഡവാഹിനികുഴലിലേക്ക് തള്ളുന്നു. ഇവിടെ വച്ച്‌ ബീജം അണ്ഡവുമായ് ചേര്‍ന്ന്‌ ഗര്‍ഭാശയത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു.
തുടരും........

2010-02-05

പുരുഷന്റെ പ്രത്യുല്‍പാദന വ്യവസ്ഥ-01  

ലൈംഗികവ്യവസ്ഥയും ലൈംഗികാവയവങ്ങളും പൂരകങ്ങളായ അവസ്ഥയെ പ്രത്യുത്പാദന വ്യവസ്ഥ എന്ന് വിവക്ഷിക്കാം. പഴമക്കാര്‍, എറ്റവും പ്രധാന ലൈംഗികാവയവം രണ്ടു ചെവികളുടെയും ഇടയിലാണ് എന്നു പറയാറുണ്ട്. തലച്ചോറില്‍ ഉടലെടുക്കുന്ന വികാര വിചാരങ്ങളാണ് ഏതൊരു വ്യക്തിയിലും ലൈംഗികതയെ നിയന്ത്രിക്കുന്നത് എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു പ്രയോഗം നിലനില്‍ക്കുന്നത്. ശിശ്നവും വൃഷണങ്ങളുമാണ് പുരുഷന്റെ പ്രത്യുത്പാദന അവയവങ്ങള്‍. ശ്നഥതേ: യാ ശിശ്നം എന്നാണ് പറഞ്ഞിട്ടുള്ളത്. തുളച്ചുകയറുന്നത് എന്ന അര്‍ത്ഥത്തിലാണ് ഇങ്ങനെ ഒരു പേര് വന്നിരിക്കുന്നത്. സാധാരണയായ് ഉദ്ധാരണ വേളയില്‍ പുരുഷ ശിശ്നികക്ക് 12 മുതല്‍ 16 സെ. മീ. വരെ നീളവും വര്‍ത്തുളമായ് ശരാശരി 12.63 സെ.മി വലുപ്പവും (with a standard deviation of 1.3 cm) ഉണ്ടായിരിക്കും. . ശിശ്നത്തിനു താഴെയായി ത്വക്കുകൊണ്ടുള്ള ഒരു ഉറയില്‍ (വൃഷണ സഞ്ചി) കിടക്കുന്ന, പുരുഷ ബീജങ്ങളെ ഉത്പാദിപ്പിക്കുന്ന അവയമാണ് വൃഷണം. ഇടതും വലതുമായി രണ്ടറകള്‍ ഇതിനുണ്ട്. രണ്ടു വ്യഷണങ്ങളും തമ്മില്‍ വലിപ്പത്തില്‍ നേരിയ വ്യത്യാസം കാണപ്പെടുന്നു. ഇടം കൈയ്യന്മാരുടെ വലത്തേ വ്യഷണവും, വലംകൈയ്യന്മാരുടെ ഇടത്തേ വ്യഷണവും മറ്റതിനെ അപേക്ഷിച്ച് അല്പം താഴ്ന്നു നില്‍‌‌ക്കും. ശരീരത്തിനേക്കാള്‍ (37 ഡിഗ്രി സെന്‍റ്റിഗ്രേഡ്) കുറഞ്ഞ ഊഷ്മാവില്‍ ((35 ഡിഗ്രി സെന്‍റ്റിഗ്രേഡ്) മാത്രമേ ബീജോല്പാദനം നടക്കൂ എന്നതുകൊണ്ടാണ്‌ ശരീരത്തിനു പുറത്തുള്ള ഉറയില്‍ വ്യഷണങ്ങളെ തൂക്കിയിട്ടിരിക്കുന്നത്. ബാഹ്യമായ താപനില വ്യത്യാസപ്പെടുന്നതനുസരിച്ച് സങ്കോച വികാസ പ്രക്യയയിലൂടെ വ്യഷണസഞ്ചിയിലെ താപനില സ്വയം ക്രമീകരിക്കപ്പെടുന്നു. വൃഷണങ്ങളോടനുബന്ധിച്ച് പ്രോസ്റ്റ്‌റേറ്റ്, കൗപേഴ്‌സ് തുടങ്ങിയ ഗ്രന്ഥികളും സ്ഥിതിചെയ്യുന്നു.

ചില കുട്ടികള്‍ ജനിക്കുമ്പോള്‍ വൃഷണങ്ങള്‍ കാണാതെയിരിക്കാം. ഇത്തരം കുട്ടികളില്‍ പിന്നീട് വന്ധ്യതാ പ്രശ്നം ഉണ്ടാകുമെന്നതിനാല്‍ വേഗം തന്നെ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ജനിച്ച് ഒരു വര്‍ഷം വരെ അവ താഴേക്ക് ഇറങ്ങി കാണപ്പെടുന്നില്ലെങ്കില്‍ ശസ്ത്രക്രിയ നടത്തേണ്ടിവരാം. യഥാസമയത്ത് വേണ്ട മുന്‍‌കരുതലുകള്‍ ഏടുക്കാത്ത പക്ഷം വൃഷണം വയറ്റിനുള്ളിലിരുന്ന് നശിക്കുകയും, അത് പ്രത്യുല്‍പാദനശേഷി കുറയാനും ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കും കാരണമായി എന്നും വരാം. ചില ഹോര്‍മോണ്‍ മരുന്നുകളുടെ പ്രയോഗം വഴി അപൂര്‍വ്വം കുട്ടികളില്‍ ശസ്ത്രക്രിയ ഒഴിവാക്കാന്‍ സാധിച്ചേക്കും.
തുടരും.....