Search this blog


Home About Me Contact
2010-11-25

വിവാഹ ക്ഷണക്കത്ത് (Wedding Invitation)  


പ്രിയമുള്ള സ്നേഹിതാ

ഞാൻ വിവാഹിതനാകുകയാണ്‌. ഗവണ്മന്റ് മെഡിക്കൽ കോളജിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറായ കൊട്ടാരക്കര സ്വദേശിനി ഡോ. സിന്ധു കാർത്തികയാണ്‌ വധു. 2010 ഡിസംബർ 12-ന്‌ രാവിലെ 10.30-നും 11.00 നും ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ കൊട്ടാരക്കര ശില്പ റിസോർട്ടിൽ വച്ചാണ്‌ വിവാഹം. എന്റെ ഉയർച്ചയിലും താഴ്ചയിലും എന്നും കൂടയുണ്ടായിരുന്ന നിങ്ങളെ ഓരോരുത്തരേയും നേരിട്ട് ക്ഷണിക്കണമന്ന് ആഗ്രഹമുണ്ടങ്കിലും, പ്രായോഗികമല്ലാത്തതിനാൽ ഇത് ഞങ്ങളുടെ വ്യക്തിഗതമായ ക്ഷണമായി കരുതി തദവസരത്തിൽ കുടുംബസമേതം താങ്കളുടേയും സുഹ്യത്തുക്കളുടെയും സാദര സാന്നിധ്യം ക്ഷണിച്ചുകൊള്ളുന്നു.

വിലപിടിപ്പുള്ള കാർഡുകളിൽ അച്ചടിച്ച ആശംസാ വാചകങ്ങളെക്കാൾ, മനം കവരുന്ന വർണ്ണകടലാസിൽ പൊതിഞ്ഞ സമ്മാനങ്ങളെക്കാൾ, എനിക്ക് എന്നും പ്രീയപ്പെട്ടത് താങ്കളുടെ സ്നേഹവും സാന്നിധ്യവുമാണ്‌‌. അതിനാൽ ദയവുചെയ്ത് സമ്മാനങ്ങൾ അനുഗ്രഹങ്ങളായും പ്രാർത്ഥനകളായും വർഷിച്ച് വിവാഹ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും പങ്കുചേർന്ന് ആ മംഗള മുഹൂർത്തത്തെ ധന്യമാക്കണമന്ന് ഞങ്ങൾ വിനീതമായ് അഭ്യർത്ഥിക്കുന്നു.

സസ്നേഹം
ഡോ. പ്രശാന്ത് ആർ ക്യഷ്ണ (dr.prasanthr@gmail.com, +91-9745011872)
ഡോ. സിന്ധു കാർത്തിക (dr.sindhukrishna@gmail.com, +91-9446106209)


2010-11-17

വിധിയെ തോല്പിച്ച് വിജയത്തിന്റെ പടവുകൾ കയറിയ ഡോ. സിന്ധു  

തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ ഇടനാഴികളിൽ കഴുത്തിൽ തൂക്കിയ സ്റ്റെതസ്കോപ്പും കണ്ണുകളിൽ കാരുണ്യത്തിന്റെ പുഞ്ചിരിയും നിറച്ച്, ക്രച്ചസിൽ ഊന്നി രോഗികളുടെ ഇടയിലേക്ക് ഒരു വെള്ളരി പ്രാവിനെപോലെ കടന്നു വരുന്ന ഒരു സർജനെ കാണാം. വിധിയോടു മല്ലടിച്ച് പൊരുതി നേടിയ ജീവിതമാണ്‌ ഈ സർജനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥയാക്കുന്നത്. പോളിയോ ബാധിതയായ കേരളത്തിലെ ഏക സർജൻ ഡോ. സിന്ധു. ജാതീയതയുടെ വേലികെട്ടുകൾ പൊളിച്ചുകൊണ്ട് വിപ്ളവം ജീവിതത്തിലൂടെ കാട്ടികൊടുത്ത ദമ്പതികളുടെ മകൾ. മൂന്നുവയസ്സിൽ വന്ന ഒരു പനി സിന്ധുവിന്റെ കാലുകളെ തളർത്തി. പ്രതിരോധ കുത്തുവയ്പുകൾ മുറക്ക് എടുത്തിരുന്നതിനാൽ ആശുപത്രി ജീവനക്കാരിയായ അമ്മ അത് അത്ര കാര്യമാക്കിയില്ല. എന്നാൽ കിടക്കവിട്ട് എഴുനേൽക്കുമ്പോഴേക്കും കുഞ്ഞു സിന്ധുവിന്റെ രണ്ടു കാലുകളും തളർന്നു കഴിഞ്ഞിരുന്നു. വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിൽ പ്രതിരോധ കുത്തിവയ്പെടുത്ത ഒരു കുഞ്ഞിനെ പോളിയോ കീഴടക്കിയ അപൂർവ്വമായ സംഭവം. പോളിയോകാലുകളെ തളർത്തിയങ്കിലും തളരാത്ത മനസ്സുമായി, സിന്ധു അഞ്ചുവയസ്സിൽ കാലിൽ ക്രച്ചസ് കെട്ടി മറ്റുകുട്ടികളെപോലെ സ്കൂളിൽ പോയി. പഠിത്തത്തിൽ മറ്റുകുട്ടികളെക്കാൾ മിടുക്കിയായായിരുന്ന സിന്ധു രണ്ടുകാലിലും ക്രച്ചസ് കെട്ടി ഓട്ടമൽസരത്തിൽ മുന്നിലെത്തി ചരിത്രമെഴുതാൻ തുടക്കമിട്ടു. യൂത്തുഫെസ്റ്റിവലിൽ ചിത്രരചന, ശില്പനിർമ്മാണം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മിമിക്രി, മാപ്പിളപ്പാട്ട് തുടങ്ങിയവയിലൊക്കെ സമ്മാനങ്ങൾ വാരികൂട്ടി.

പ്രീഡിഗ്രിക്ക് രണ്ട് മാർക്ക് കുറഞ്ഞുപോയതിന്റെ പേരിൽ മെഡിസിന്‌ അഡ്മിഷൻ കിട്ടാതെപോയ അമ്മ മകളെ മെഡിസിന്‌ വിടാൻ ആഗ്രഹിച്ചു. അൻപതുശതമാനത്തിലധികം വികലാംഗയായ സിന്ധു മെഡിക്കൽ എൻട്രൻസിന്‌ പഠിക്കുന്നുവന്നറിഞ്ഞ് പലരും പരിഹസിച്ചു. അച്ഛൻ താങ്ങിയെടുത്ത് മൂന്നാം നിലയിലുള്ള എൻട്രസ് പരീക്ഷാഹാളിലേക്ക് കൊണ്ടുപോകുന്നത്, സ്വന്തം കാറിൽ മകളെ പരീക്ഷ എഴുതിക്കാൻ കൊണ്ടുവന്ന ഒരു മാന്യന്‌ സഹിച്ചില്ല. പടിയിറങ്ങിവരുന്ന അയാൾ വികലാംഗയായ മകളെ പരീക്ഷക്ക് താങ്ങിയെടുത്തികൊണ്ടുപോകുന്ന അച്ഛനെ കണ്ടപ്പോൾ കാലില്ലങ്കിലും അച്ഛനും മകൾക്കും വല്ലാത്ത അത്യാഗ്രഹമാണാല്ലോ എന്ന് പറഞ്ഞുകൊണ്ട് പടിയിറങ്ങി. നനഞ്ഞൊഴുകുന്ന അച്ഛന്റെ കണ്ണുകണ്ടപ്പോൾ സിന്ധു തീരുമാനിച്ചു എങ്ങനെയും ഈ എൻട്രൻസ് ജയിച്ച് ഡോക്ടറാകണമന്ന്. ആ നിശ്ചയദാർഡ്യം തെറ്റിയില്ല.

അങ്ങനെ തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ടുകാലുകളും തളർന്ന ഒരു പെൺകുട്ടി എം.ബി.ബി.സ് പഠനത്തിനെത്തി. അതുകൊണ്ടുതന്നെ ക്രച്ചസിലൂന്നി ആശുപത്രിയുടെ ഇടനാഴികളിലൂടെ നടന്നു നീങ്ങുന്ന ഈ മെഡിക്കൽ വിദ്യാർത്ഥിനി എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായി. ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലെ ഡോ. രാമസ്വാമിയും ഈ മിടുക്കിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ട് ഇവളെ ക്രച്ചസില്ലാതെ നടത്തികൂടാ എന്ന് അദ്ദേഹം ചിന്തിച്ചു. അങ്ങനെ മെഡിക്കൽ വിദ്യാർത്ഥിനി, പഠനത്തോടൊപ്പം ഡോ. രാമസ്വാമിയുടെ രോഗിയായി. അവസാനം നാലാം വർഷ വിദ്യാർത്ഥിനിയായപ്പോഴേക്കും സിന്ധു ക്രച്ചസ് ഉപേക്ഷിച്ചു.

പഠനം പൂർത്തിയാക്കിയ ഡോ. സിന്ധുവിന്‌ മറ്റു എല്ലാ മിടുക്കരെയും പോലെ ഉപരിപഠനം തന്നെയായിരുന്നു ലക്ഷ്യം. ഒരു നല്ല ചിത്രം വരച്ചുണ്ടാക്കുന്നതുപോലെയോ, ഒരു നല്ല കൊളാഷ് വെട്ടിയൊരുക്കുന്നതുപോലെയോ സർഗ്ഗാത്മകമാണ്‌ ഒരോ സർജറിയുമന്ന് വിശ്വസിക്കുന്ന ചിത്രകാരികൂടിയായ ഡോ. സിന്ധു അതുകൊണ്ട് തിരഞ്ഞെടുത്തത് മാസ്റ്റർ ഓഫ് സർജറിയാണ്‌. സർജറി ഒരു ക്രിയേട്ടീവ് ആർട്ടാണന്ന തിരിച്ചറിവ് ഡോ. സിന്ധുവിന കൊണ്ടെത്തിച്ചത് ഇന്ത്യയിലെ പോളിയോബാധിതയായ ആദ്യ ലേഡി സർജൻ എന്ന ബഹുമതിയിലേക്കാണ്‌. ഒരു സാധാരണ സർക്കാർ സ്കൂളിൽ പഠിച്ചാണ്‌ സിന്ധു വിധിയോട് മല്ലടിച്ച് ഈ നേട്ടങ്ങൾ കൊയ്തെടുത്തതന്നത് ഡോ. സിന്ധുവിന്റെ വിജയങ്ങൾക്ക് മാറ്റുകൂട്ടുന്നു. ഇച്ഛാശക്തിയുണ്ടങ്കിൽ വൈകല്യങ്ങൾ ഒരു തടസമല്ല എന്ന് വിശ്വസിക്കുന്ന ഡോ. സിന്ധു തന്റെ ജീവിതത്തിലൂടെ അത് തെളിയിച്ചു. വൈകല്യങ്ങളില്ലാത്ത നമ്മൾക്ക് ഡോ. സിന്ധു എന്നും ഒരു പാഠമാണ്‌.
.

2010-11-12

വിവാഹ ക്ഷണക്കത്ത്  

സ്നേഹം നിറഞ്ഞ സിന്ധുവിന്‌

അടുത്ത മാസം എന്റെ വിവാഹമാണ്‌. എനിക്കറിയാം അച്ചടിച്ച ക്ഷണകത്തുകളെക്കാൾ എന്നും നിനക്കിഷ്ടം വടിവും വ്യത്തിയുമില്ലാത്ത എന്റെ കൈപ്പടയിലെഴുതിയ ഇളം നീലനിറമുള്ള ഇൻലൻഡിലെ വരികളാണന്ന്. ജൂനിയേഴ്സിനെ പരിചയപ്പെടൽ എന്ന ഓമനപേരിട്ട് റാഗിങ്ങിനുവേണ്ടി യൂണിവേഴ്സിറ്റിയിലെ ഒന്നാം നമ്പർ ക്ളാസ് മുറി ചവിട്ടിതുറന്ന് വന്ന് ഷേക്ക് ഹാൻഡ് എന്ന് പറഞ്ഞ് വിറക്കുന്ന നിന്റെ കൈകൾ പിടിച്ച് ഞെരിച്ച നിമിഷം മുതൽ മറക്കാനാവാത്ത ഒരുപിടി നല്ല ഓർമ്മകൾ അവശേഷിപ്പിച്ച്, ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ് ഹ്യദയത്തിൽ വരഞ്ഞിട്ട് നീ അക്കേഷ്യ മരങ്ങൾക്കിടയിലൂടെ മറഞ്ഞതുവരെയുള്ള നിമിഷങ്ങൾ ഇന്നലെപോലെ ഞാനോർക്കുന്നു. അന്ന് നമ്മൾ ഒന്നിച്ച് ഡിപ്പാർട്ട്മെന്റിന്റെ മുന്നിൽ നട്ട കണികൊന്ന പൂക്കുന്നതും, കാറ്റടിക്കുമ്പോൾ പൂക്കൾ മഴയായ് പൈയ്തിറങ്ങുന്നതും ഞാൻ സ്വപ്നം കാണാറുണ്ട്. അവസാനമായ് നീ യാത്ര ചോദിക്കുമ്പോൾ, ഈറനണിഞ്ഞ നിന്റെ കണ്ണുകൾ ഒപ്പി, നീ ആഗ്രഹിച്ചതുപോലെ അടുത്ത ജന്മത്തിൽ നമുക്ക് ഒന്നാകാം എന്ന ആശയോടെ നിനക്കു തന്ന വാക്ക് ഞാൻ പാലിക്കുകയാണ്‌.

അടുത്ത മാസം പന്ത്രണ്ടാം തീയതി എന്റെ വിവാഹമാണ്‌. വധു മെഡിക്കൽ കോളജിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറാണ്‌. നിന്റെ അതേ പേരുകാരി. പണ്ട് നമ്മൾ ഒന്നിച്ച് എന്റെ സുഹ്യത്തിന്റെ വിവാഹത്തിനുപോയ ശില്പ റിസോർട്ടില്ലേ, അവിടവച്ചാണ്‌ വിവാഹം. രാവിലെ പത്തരക്കും പതിനൊന്നിനും ഇടക്കാണ്‌ മുഹൂർത്തം. അതിനു മുമ്പുതന്നെ നീ എത്തുമല്ലോ അല്ലേ? നീ വരുമന്ന പ്രതീക്ഷയോടെ...

സസ്നേഹം
നിന്റെ സ്വന്തം ഞാൻ

കത്തു മടക്കി പശയൊട്ടിച്ച് മേശവലിപ്പിലേക്കിട്ടു. വിലാസമില്ലാതെ കിടക്കുന്ന അനേകം കത്തുകൾക്കിടയിൽ ആ ക്ഷണക്കത്തും...ആരാലും വായിക്കപ്പെടുമന്ന പ്രതീക്ഷയില്ലാതെ അനാഥമായ് അതിലെ അക്ഷരങ്ങളും......
.

2010-11-10

നിലവിളിക്കാത്തവന്റെ നിലവിളി  

പീഡനങ്ങളോരോന്നേറ്റ്‍വാങ്ങുമ്പോഴും
ബൂട്സിട്ട വെളുത്ത കാലുകൾ
അണപ്പാല്ലു തെറിപ്പിച്ചപ്പോഴും
നിലവിളിക്കാത്ത
നിന്റെ നിലവിളി
ഇന്ന് തെരുവിൽ മുഴങ്ങുന്നു

നഗര മധ്യത്തിൽ മദ്യശാലക്കരുകിൽ
നിന്നെ കുടിയിരുത്തുമ്പോൾ
നിന്റെ നിലവിളി
ആരും കേട്ടതായി ഭാവിച്ചില്ല.

തെരുവു വേശ്യകൾക്കും
കൂട്ടികൊടുപ്പുകാർക്കും
നീ ഒരു അടയാളമായപ്പോൾ
നിന്റെ നിലവിളി
ചുവന്ന തെരുവിലൊടുങ്ങുന്നു

നിന്റെ പുറം പൊളിച്ചപ്പോഴും
കാക്ക ഉച്ചിയിൽ കാഷ്ഠിക്കുമ്പോഴും
നിലവിളിക്കാത്ത നീ
നിനക്ക് മാല ചാർത്താനെത്തിയ
കത്തികൊണ്ടു വരഞ്ഞു കീറിയ
ഖാദി കണ്ടപ്പോൾ എന്തിനു
നിലവിളിച്ചു

കസേരകളുറപ്പിക്കാൻ
കച്ചവട ചരക്കാക്കി മാറ്റിയവർ
നിന്നെക്കാൾ പഴക്കമുള്ള
വിശപ്പിന്റെ നിലവിളി കേൾക്കാൻ
കഴിയാത്തവർ, എങ്ങനെ
നിന്റെ നിലവിളി കേൾക്കും
.