Search this blog


Home About Me Contact
2010-11-17

വിധിയെ തോല്പിച്ച് വിജയത്തിന്റെ പടവുകൾ കയറിയ ഡോ. സിന്ധു  

തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ ഇടനാഴികളിൽ കഴുത്തിൽ തൂക്കിയ സ്റ്റെതസ്കോപ്പും കണ്ണുകളിൽ കാരുണ്യത്തിന്റെ പുഞ്ചിരിയും നിറച്ച്, ക്രച്ചസിൽ ഊന്നി രോഗികളുടെ ഇടയിലേക്ക് ഒരു വെള്ളരി പ്രാവിനെപോലെ കടന്നു വരുന്ന ഒരു സർജനെ കാണാം. വിധിയോടു മല്ലടിച്ച് പൊരുതി നേടിയ ജീവിതമാണ്‌ ഈ സർജനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥയാക്കുന്നത്. പോളിയോ ബാധിതയായ കേരളത്തിലെ ഏക സർജൻ ഡോ. സിന്ധു. ജാതീയതയുടെ വേലികെട്ടുകൾ പൊളിച്ചുകൊണ്ട് വിപ്ളവം ജീവിതത്തിലൂടെ കാട്ടികൊടുത്ത ദമ്പതികളുടെ മകൾ. മൂന്നുവയസ്സിൽ വന്ന ഒരു പനി സിന്ധുവിന്റെ കാലുകളെ തളർത്തി. പ്രതിരോധ കുത്തുവയ്പുകൾ മുറക്ക് എടുത്തിരുന്നതിനാൽ ആശുപത്രി ജീവനക്കാരിയായ അമ്മ അത് അത്ര കാര്യമാക്കിയില്ല. എന്നാൽ കിടക്കവിട്ട് എഴുനേൽക്കുമ്പോഴേക്കും കുഞ്ഞു സിന്ധുവിന്റെ രണ്ടു കാലുകളും തളർന്നു കഴിഞ്ഞിരുന്നു. വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിൽ പ്രതിരോധ കുത്തിവയ്പെടുത്ത ഒരു കുഞ്ഞിനെ പോളിയോ കീഴടക്കിയ അപൂർവ്വമായ സംഭവം. പോളിയോകാലുകളെ തളർത്തിയങ്കിലും തളരാത്ത മനസ്സുമായി, സിന്ധു അഞ്ചുവയസ്സിൽ കാലിൽ ക്രച്ചസ് കെട്ടി മറ്റുകുട്ടികളെപോലെ സ്കൂളിൽ പോയി. പഠിത്തത്തിൽ മറ്റുകുട്ടികളെക്കാൾ മിടുക്കിയായായിരുന്ന സിന്ധു രണ്ടുകാലിലും ക്രച്ചസ് കെട്ടി ഓട്ടമൽസരത്തിൽ മുന്നിലെത്തി ചരിത്രമെഴുതാൻ തുടക്കമിട്ടു. യൂത്തുഫെസ്റ്റിവലിൽ ചിത്രരചന, ശില്പനിർമ്മാണം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മിമിക്രി, മാപ്പിളപ്പാട്ട് തുടങ്ങിയവയിലൊക്കെ സമ്മാനങ്ങൾ വാരികൂട്ടി.

പ്രീഡിഗ്രിക്ക് രണ്ട് മാർക്ക് കുറഞ്ഞുപോയതിന്റെ പേരിൽ മെഡിസിന്‌ അഡ്മിഷൻ കിട്ടാതെപോയ അമ്മ മകളെ മെഡിസിന്‌ വിടാൻ ആഗ്രഹിച്ചു. അൻപതുശതമാനത്തിലധികം വികലാംഗയായ സിന്ധു മെഡിക്കൽ എൻട്രൻസിന്‌ പഠിക്കുന്നുവന്നറിഞ്ഞ് പലരും പരിഹസിച്ചു. അച്ഛൻ താങ്ങിയെടുത്ത് മൂന്നാം നിലയിലുള്ള എൻട്രസ് പരീക്ഷാഹാളിലേക്ക് കൊണ്ടുപോകുന്നത്, സ്വന്തം കാറിൽ മകളെ പരീക്ഷ എഴുതിക്കാൻ കൊണ്ടുവന്ന ഒരു മാന്യന്‌ സഹിച്ചില്ല. പടിയിറങ്ങിവരുന്ന അയാൾ വികലാംഗയായ മകളെ പരീക്ഷക്ക് താങ്ങിയെടുത്തികൊണ്ടുപോകുന്ന അച്ഛനെ കണ്ടപ്പോൾ കാലില്ലങ്കിലും അച്ഛനും മകൾക്കും വല്ലാത്ത അത്യാഗ്രഹമാണാല്ലോ എന്ന് പറഞ്ഞുകൊണ്ട് പടിയിറങ്ങി. നനഞ്ഞൊഴുകുന്ന അച്ഛന്റെ കണ്ണുകണ്ടപ്പോൾ സിന്ധു തീരുമാനിച്ചു എങ്ങനെയും ഈ എൻട്രൻസ് ജയിച്ച് ഡോക്ടറാകണമന്ന്. ആ നിശ്ചയദാർഡ്യം തെറ്റിയില്ല.

അങ്ങനെ തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ടുകാലുകളും തളർന്ന ഒരു പെൺകുട്ടി എം.ബി.ബി.സ് പഠനത്തിനെത്തി. അതുകൊണ്ടുതന്നെ ക്രച്ചസിലൂന്നി ആശുപത്രിയുടെ ഇടനാഴികളിലൂടെ നടന്നു നീങ്ങുന്ന ഈ മെഡിക്കൽ വിദ്യാർത്ഥിനി എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായി. ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലെ ഡോ. രാമസ്വാമിയും ഈ മിടുക്കിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ട് ഇവളെ ക്രച്ചസില്ലാതെ നടത്തികൂടാ എന്ന് അദ്ദേഹം ചിന്തിച്ചു. അങ്ങനെ മെഡിക്കൽ വിദ്യാർത്ഥിനി, പഠനത്തോടൊപ്പം ഡോ. രാമസ്വാമിയുടെ രോഗിയായി. അവസാനം നാലാം വർഷ വിദ്യാർത്ഥിനിയായപ്പോഴേക്കും സിന്ധു ക്രച്ചസ് ഉപേക്ഷിച്ചു.

പഠനം പൂർത്തിയാക്കിയ ഡോ. സിന്ധുവിന്‌ മറ്റു എല്ലാ മിടുക്കരെയും പോലെ ഉപരിപഠനം തന്നെയായിരുന്നു ലക്ഷ്യം. ഒരു നല്ല ചിത്രം വരച്ചുണ്ടാക്കുന്നതുപോലെയോ, ഒരു നല്ല കൊളാഷ് വെട്ടിയൊരുക്കുന്നതുപോലെയോ സർഗ്ഗാത്മകമാണ്‌ ഒരോ സർജറിയുമന്ന് വിശ്വസിക്കുന്ന ചിത്രകാരികൂടിയായ ഡോ. സിന്ധു അതുകൊണ്ട് തിരഞ്ഞെടുത്തത് മാസ്റ്റർ ഓഫ് സർജറിയാണ്‌. സർജറി ഒരു ക്രിയേട്ടീവ് ആർട്ടാണന്ന തിരിച്ചറിവ് ഡോ. സിന്ധുവിന കൊണ്ടെത്തിച്ചത് ഇന്ത്യയിലെ പോളിയോബാധിതയായ ആദ്യ ലേഡി സർജൻ എന്ന ബഹുമതിയിലേക്കാണ്‌. ഒരു സാധാരണ സർക്കാർ സ്കൂളിൽ പഠിച്ചാണ്‌ സിന്ധു വിധിയോട് മല്ലടിച്ച് ഈ നേട്ടങ്ങൾ കൊയ്തെടുത്തതന്നത് ഡോ. സിന്ധുവിന്റെ വിജയങ്ങൾക്ക് മാറ്റുകൂട്ടുന്നു. ഇച്ഛാശക്തിയുണ്ടങ്കിൽ വൈകല്യങ്ങൾ ഒരു തടസമല്ല എന്ന് വിശ്വസിക്കുന്ന ഡോ. സിന്ധു തന്റെ ജീവിതത്തിലൂടെ അത് തെളിയിച്ചു. വൈകല്യങ്ങളില്ലാത്ത നമ്മൾക്ക് ഡോ. സിന്ധു എന്നും ഒരു പാഠമാണ്‌.
.

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories3 comments: to “ വിധിയെ തോല്പിച്ച് വിജയത്തിന്റെ പടവുകൾ കയറിയ ഡോ. സിന്ധു