Search this blog


Home About Me Contact
2009-10-28

ഇരുട്ടിന്റെ സന്തതി  

പുറത്ത് ഇടിമുഴക്കി രാത്രിമഴ തിമര്‍ത്തു പെയ്യുമ്പോള്‍
പിശറിയടിക്കുന്ന തൂവാനം ജനാലയുടെ ചില്ലുഗ്ലാസില്‍
വരക്കുന്ന രൂപങ്ങളില്ലാത്ത ചിത്രങ്ങള്‍ ഒഴുകിവീഴുന്നു.

ഇരുട്ടിന്റെ മറപറ്റി അടുത്തേക്കെത്തിയ ബലിഷ്ഠമായ
നീണ്ട കൈകള്‍, മടിക്കുത്തഴിച്ച് വരിഞ്ഞുമുറുക്കുമ്പോള്‍
മദ്യത്തിന്റെ മനം മടുപ്പിക്കുന്ന രൂക്ഷ ഗന്ധത്തിനൊപ്പം
രാത്രിയുടെ ആഴക്കയങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുമ്പോള്‍
അപ്പുറത്തെ മുറിയിലുറങ്ങുന്ന അഛ്ചനെവിളിക്കാന്‍
മനസ്സുവെമ്പിയങ്കിലും, നാവുപൊന്തിയില്ല.

അമ്മയില്ലാതെ വളര്‍ത്തിയ മകളുടെ സ്‌നിഗ്‌ദത
മുഖമില്ലാത്ത ഇരുട്ടിന്റെ സന്തതി കവര്‍ന്നെടുത്തു
എന്നറിയുമ്പോള്‍, താങ്ങാനാവാതെ മുറ്റത്തെ പുളിച്ചിയില്‍
തൂങ്ങിയാടുന്ന നിഴല്‍, നിശബ്ദമായി അടക്കികിടത്തി.

മഴയുടെ അവസാനതുള്ളിയും പൈയ്തുതീര്‍ന്ന് കിതപ്പടക്കവേ
ചുണ്ടോടമര്‍ന്ന കൈവിരലുകളില്‍, ശൈശവത്തില്‍
തുടച്ചുതന്ന അമ്മിഞ്ഞപാലിന്റെ മണമുണ്ടന്നറിഞ്ഞപ്പോഴേക്കും
പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞു ഗര്‍ഭപാത്രത്തില്‍
ജീവന്റെ ഒരു തുടിപ്പ് നിക്ഷേപിക്കപ്പെട്ടിരുന്നു.

അടുക്കളവാതിലുകള്‍ കുറ്റിയിട്ട്, ദീപങ്ങളണയുമ്പോള്‍
സാക്ഷരതയുടെ നാട്ടില്‍, പെണ്‍‌മക്കളുടെ അഛ്ചന്മാര്‍
വാര്‍ത്തകള്‍കൊണ്ട് കൊളാഷുകള്‍ തീര്‍ക്കുകയാണ്

2009-10-05

ജ്യോനവന് ആദരാഞ്ജലി‍- ന്യൂസ് അപ്‌ഡേറ്റ്.  

10-07-2009

ജ്യോനവന്റെ ബോഡിയുമായി സഹോദരൻ നെൽ‌സൺ, ഭാസ്കർ അങ്കിൾ എന്നിവർ നാട്ടിലേക്ക് തിരിച്ചു. നാളെ (ഒക്ടോബര്‍ 8) രാവിലെ ഒന്‍പത് മണിക്ക് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ബോഡി അവിടനിന്നും ഏറ്റുവാങ്ങി, വിലാപ യാത്രയായ് സ്വദേശമായ കാസര്‍ഗോഡിന് കൊണ്ടുപോകും.

നാളെ (ഒക്ടോബര്‍ 8) വൈകുന്നേരത്തോടെ ജ്യോനവന്റെ സംസ്കാരചടങ്ങുകള്‍ വരക്കാട് പള്ളിയില്‍ നടക്കുമന്ന് അറിയുന്നു. മൃതദേഹം സ്വീകരിക്കാൻ ഏയർപോർട്ടിൽ പോകാൻ താല്പര്യമുള്ള ബ്ലോഗേഴ്സ് കോഴിക്കോ‍ടുള്ള ജ്യോനവന്റെ ബന്ധു റ്റിജോ-യുമായി ബന്ധപ്പെടാൻ അപേക്ഷിക്കുന്നു. റ്റിജോയെ 09447637765 ഫോൺ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

നാളെ രാവിലെ ഒന്‍പത് മണിക്ക് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ബോഡി അവിടനിന്നും ഏറ്റുവാങ്ങി, വിലാപ യാത്രയായ് സ്വദേശമായ കാസര്‍ഗോഡിന് കൊണ്ടുപോകും.

ഇന്നു വൈകുന്നേരം നാലുമണിവരെ ജ്യോനവന്റെ മ്യതദേഹം കാണാനുള്ള അവസരം ഹോസ്പിറ്റല്‍ ചെയ്തിട്ടുണ്ട്. എം‌ബസ്സി ഉദ്യോഗസ്ഥർ വന്നുകഴിഞ്ഞാൽ ബോഡി എയര്‍ടൈറ്റ് ചെയ്ത് പാക്ക് ചെയ്യും. രാത്രി പത്തുമണിക്കുള്ള എമിറേറ്റ്സിന്റെ വിമാനത്തില്‍ ജ്യോനവന്റെ ബോഡി കോഴിക്കോട്ടേക്ക് കൊണ്ടുപോരും. അനുജന്‍ നെല്‍സണും സഹപ്രവര്‍ത്തകനും ബോഡിയെ അനുഗമിക്കും.

ജ്യോനവന്റെ മൃതദേഹം സബാ ഹോസ്പിറ്റലിൽ പൊതുദർശനത്തിനായി വച്ചിരിക്കുന്നു. പ്രദീപ് കുളക്കട, ചിന്തകൻ,ഫാറൂക്ക് (വിചാരം) മുതലായ ബ്ലോഗര്‍മാര്‍ ആശുപതിയിൽ ഉണ്ട്. ഫോക്കസിന്റെ പ്രവർത്തകരും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ട്. കുവൈത്തിലെ മലയാളി സമൂഹം അവരുടെ തിരക്കുകള്‍ മാറ്റിവച്ച് ജ്യോനവനെ ഒരു നോക്കു കാണാന്‍ സബാ ഹോസ്പിറ്റലിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു.

10-06-2009

എട്ടാം തിയതി രാവിലെ ഒൻപതുമണിക്കു കോഴിക്കോട് വിമാനത്താവളത്തിൽ ജ്യോനവന്റെ ബോഡി ഏറ്റുവാങ്ങുവാന്‍ കഴിയുന്നത്ര ബ്ലോഗർമാർ എത്തിച്ചേര്‍ന്ന്, അവന് അർഹമായ പരിഗണന നല്‍കണമന്ന് താല്‍‌പര്യപ്പെടുന്നു. മൃതദേഹം സ്വീകരിക്കാൻ ഏയർപോർട്ടിൽ പോകാൻ താല്പര്യമുള്ള ബ്ലോഗേഴ്സ് കോഴിക്കോ‍ടുള്ള ജ്യോനവന്റെ ബന്ധു റ്റിജോ-യുമായി ബന്ധപ്പെടാൻ അപേക്ഷിക്കുന്നു. റ്റിജോയെ 09447637765 ഫോൺ നമ്പറില്‍ ബന്ധപ്പെടാണമന്ന് ബ്ലോഗര്‍ ഉറുമ്പ് അറിയിക്കുന്നു.

പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം എംബാം ചെയ്ത ജ്യോനവന്റെ ബോഡി, കുവൈറ്റിലെ സബാ ആശുപത്രി മോര്‍ച്ചറിയിലാണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. നാളെ കുവൈത്തിലുള്ള സ്യഹ്യത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ജ്യോനവനെ അവസാനമായ് കാണുന്നതിനും അശ്രുപൂജ അര്‍പ്പിക്കുന്നതിനുമുള്ള സൗകര്യം നല്‍കുന്നതായിരിക്കും.

ജ്യോനവന്റെ ബോഡി നാട്ടിലേക്ക് കൊണ്ടു പോരുന്നതിനുള്ള നടപടി ക്രമങ്ങൾ എല്ലാം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. നാളെ രാത്രി പത്തു മണിക്കുള്ള എമിറേറ്റ്സ് ഏയർ ലൈൻസ് വിമാനത്തില്‍ ബോഡി നാട്ടിലേക്ക് കൊണ്ടുപോകും . എട്ടാം തിയതി രാവിലെ ഒന്‍പതു മണിക്ക് കോഴിക്കോട് അന്താരാഷ്ട്ര വിനിമാനതാവളത്തില്‍ എത്തിക്കുന്ന മ്യതദേഹം അവിടനിന്നും വിലാപ യാത്രയായ് കാസര്‍ഗോഡിന് കൊണ്ടുപോകും.

ജ്യോനവന്റെ ബോഡി നാട്ടിലേക്ക് കൊണ്ടു പോകാനുള്ള മറ്റ് നടപടിക്രമങ്ങള്‍ എല്ലാം ഏകദേശം പൂര്‍ത്തിയായി. സഹോദരന്‍ നെല്‍സണും ബന്ധുക്കളും ബോഡി നാട്ടിലേക്കു കൊണ്ടു പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ശ്രമത്തിലാണ്. അതിനായ് ജ്യോനവന്‍ ജോലി ചെയ്തിരുന്ന ആഫീസിലേക്ക് പോയിരിക്കുന്നു.

ജ്യോനവന്റെ അപകട റിപ്പോർട്ട് വർഫാ പോലീസ് സ്റ്റേഷനിൽ നിന്നും സഹോദരന്‍ നെല്‍സണ്‍ കൈപ്പറ്റി. ഇന്നു ജ്യോനവന്റെ പോസുമോര്‍ട്ടം നടക്കുമന്നാണ് പ്രതീക്ഷികുന്നത്. ഇന്ന് ടിക്കറ്റ് എടുക്കാനുള്ള ശ്രമത്തിലാണ്. ലഭ്യതയനുസരിച്ച് മംഗലാപുരത്തേക്കോ കോഴിക്കോടേക്കോ അയിരിക്കും ടിക്കറ്റ് എടുക്കുക. ബുധനാഴ്ച ബോഡി നാട്ടില്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ജ്യോനവന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചിത്രമാണ് താഴെ. അപകടം നടന്ന കാറിൽ‌നിന്നും ജ്യോനവൻ അവസാനം കൂടെക്കരുതിയിരുന്ന, കള്ളൻ, ജോർജ്ജ് ആറാമന്റെ കോടതി തുടങ്ങിയ കഥകളടങ്ങിയ എം.പി. നാരായണപിള്ളയുടെ കഥകൾ എന്ന പുസ്തകം കണ്ടുകിട്ടി.

10-05-2009

വർഫാ പോലീസ് സ്റ്റേഷനിൽ നിന്നും ജ്യോനവന്റെ അപകട റിപ്പ്പ്പോർട്ട് ഇന്നു രാതി 10 മണിക്കു കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.

ജ്യോനവന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് അഡാന്‍ ഹോസ്പിറ്റലില്‍ നിന്നും ലഭിച്ചു. ഇന്റേണല്‍ മിനിസ്ട്രിയുടെ സ്റ്റാമ്പ്‌ ചെയ്ത കോപ്പികള്‍ തുടര്‍നടപടികള്‍ക്കായി എംബസ്സിക്ക് കൈമാറി. നാളെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം ബോഡി എംബാം ചെയ്ത് സബാ ആശുപത്രി മോര്‍ച്ചറിറ്റിലേക്ക് മാറ്റും.

ജ്യോനവന്റെ മ്യതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായ് കൊണ്ടിരിക്കുന്നു. ഹോസ്പിറ്റലില്‍ നിന്നും മരണസര്‍ട്ടിഫിക്കേറ്റും, മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയായി എന്ന് അറിയുന്നു. എംബസി സംബന്ധമായ ചില കാര്യങ്ങള്‍ കൂടി പൂര്‍ത്തിയായാലുടനെ ബോഡി നാട്ടിലേക്ക് കൊണ്ടുപോകും. ജ്യോനവന്റെ ബോഡി ഇപ്പോള്‍ കുവൈറ്റിലെ സബാ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ ഇരുപതാം തീയതി, കുവൈറ്റിലുണ്ടായ ഒരു കാര്‍ അപകടത്തിലാണ് യുവ കവി ജ്യോനവന്‍ എന്ന നവീന്‍ ജോര്‍ജ് കൊല്ലപ്പെട്ടത്.

ഇന്നത്തെ (06-10-2009) മാധ്യമം ദിനപത്രത്തില്‍ ജ്യോനവനെ കുറിച്ച് വന്ന വാര്‍ത്ത

വരികളില്‍ മരണം നിറച്ച് ജ്യോനവന്‍ യാത്രയായി


കവിതകളില്‍ മരണമെഴുതി വെന്റിലേറ്ററിലേക്ക് ടാക്സി വിളിച്ച് പോകുകയായിരുന്നു ജ്യോനവന്‍. വിധിക്ക് കൈയ്യെത്താ ദൂരത്ത് ബ്ലോഗില്‍ കുരുക്കിയിട്ട പരുത്ത ശബ്ദത്തിലുള്ള ജ്യോനവന്റെ കവിത കേട്ടുകൊണ്ട് ഈ മരണകുറിപ്പെഴുതുമ്പോള്‍, ബ്ലോഗുകളില്‍ നിറഞ്ഞ പ്രാര്‍ത്ഥനാ ശകലങ്ങള്‍ക്കൊപ്പം ആരോ കുറിച്ചിട്ട ഈ വാക്കുകള്‍ മനസ്സില്‍ വേദനയായി തറഞ്ഞു. ഒരുപക്ഷേ ജീവിതത്തിലാദ്യമായി വിധികൂട്ടികൊണ്ടുപോയയാളുടെ ശബ്ദം കാതില്‍ മുഴങ്ങികേട്ടുകൊണ്ട് ഇത്തരം ചരമക്കുറിയെഴുതുമ്പോഴുണ്ടാകുന്ന കൈത്തരിപ്പ്. ഇതിനകം പ്രവാസി ബ്ലോഗര്‍മാരുടെ ഇഷ്ടമായി കഴിഞ്ഞിരുന്ന നവീന്‍ ജോര്‍ജ് എന്ന ജ്യോനവനെ വിധി വിളിച്ചുകൊണ്ടു പോകുകയായിരുന്നു. വളരെ നേരത്തെ 'പിന്നിലെ ആശയ കാറ്റില്‍ ഊഞ്ഞാലാടുന്ന കവിതകള്‍ ജ്വലിക്കട്ടെ'യെന്ന് മറ്റുകവികളോട് ആഹ്വാനം ചെയ്ത് തിരശ്ശീലക്ക് പിന്നിലേക്ക് പോയ ജ്യോനവന്റെ കവിതകളിലും മരണത്തിന്റെ മണമുണ്ടായിരുന്നു. അവസാന നാളുകളിലെഴുതിയ 'പൊട്ടക്കല'ത്തിലെ അവസാന വാക്കുകള്‍ അറംപറ്റുന്നതുപോലെയായി.

ബ്ലോഗുകളില്‍ നിറഞ്ഞു നിന്ന ഉള്ളുരുകുന്ന പ്രാര്‍ത്ഥനകള്‍ വ്യഥാവിലാക്കി നവീന്‍ യാത്രയായി. മരുഭൂമിയില്‍ വഴിതെറ്റിയെത്തിയ കാര്‍ ഇടിച്ചുകയറിയത് ഒരു ജീവിതത്തിലേക്കെങ്കിലും ഒരുപാട് സ്വപ്നങ്ങളിലേക്കായിരുന്നു. ഈയിടെ കുടുംബക്കാര്‍ക്കിടയിലും വീട്ടുകാര്‍ക്കിടയിലും സജീവമായ്കൊണ്ടിരുന്ന വിവാഹ സ്വപ്നം. സ്വന്തമായ് രൂപ കല്പന ചെയ്ത് അത്യുത്തര നാട്ടില്‍ ഉയര്‍ന്നു വരുന്ന വീട്, എഴുതി പതം വരുന്ന കവിത, അടുത്ത വരവില്‍ ബ്ലോഗില്‍ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനം കാത്തിരിക്കുന്ന പ്രിയ പെങ്ങള്‍, അര്‍ബുദ രോഗത്തിന്റെ പിടിയില്‍ നിന്നും തന്നെ കാത്തെടുത്ത മകനെ കാത്തിരിക്കുന്ന പിതാവ് ജോര്‍ജ്..എല്ലാം എഴുതി മുഴുമിക്കാത്ത കവിത പോലെ ബാക്കിയാക്കിയാണ് നവീന്‍ യാത്രയായത്.

രണ്ടാഴ്ച മുന്‍പ് കുവൈത്തിലെ അതിര്‍ത്തി പ്രദേശമായ വഫ്രയിലേക്ക് പോകുന്നിതിനിടെയുണ്ടായ അപകടത്തിന്റെ വാര്‍ത്തയറിഞ്ഞതു മുതല്‍ ബ്ലോഗുകളില്‍ പ്രാര്‍ത്ഥനയുടെ പ്രവാഹമായിരുന്നു. മസ്‌തിഷ്‌ക മരണം സംഭവിച്ചുവന്നറിഞ്ഞിട്ടും പലരും വൈദ്യലോകത്തെ അല്‍‌ഭുതങ്ങള്‍ ജ്യോനവന്റെ കാര്യത്തില്‍ സംഭവിക്കണേയെന്ന് പ്രാര്‍ത്ഥിച്ചു. നേരിട്ട് കണ്ടിട്ടില്ലങ്കിലും കവിതകള്‍ വായിച്ചും കേട്ടും പരിചയിച്ച അവരില്‍ പലരും ജ്യോനവനെ കാണാന്‍ അദാന്‍ ആശുപത്രിയില്‍ പാഞ്ഞെത്തി. പക്ഷേ, ചേതനയറ്റ ശരീരമായിരുന്നു അവരെ എതിരേറ്റത്. ഏഴു വര്‍ഷമായി കുവൈത്തിലുള്‍ല നവീന്‍ ജോര്‍ജ് കലാ സാംസ്കാരിക രംഗത്തും സജീവമായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു. ഡ്രാഫ്‌റ്റ്സ്‌മെന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടയ്‌‌മയായ 'ഫോക്കസി'ന്റെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അടുത്തിടെ നടക്കാനിരുന്ന ഫോക്കസ് വാര്‍ഷികത്തിന്റെ തിരക്കിനിടയിലാണ് നവീന്‍ ജോര്‍ജിനെ വിധി തട്ടിയെടുത്തത്. ഇന്ന് രേഖകള്‍ ശരിയാക്കി മ്യതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് ഷോദരന്‍ നെല്‍സണും സുഹ്യത്തുക്കളും.
------------------------------------------------------
ദേശാഭിമാനി വാർത്ത (10-05-2009)

‘ബൂലോക‘ പ്രാർഥന വിഫലമാക്കി ജോനവൻ യാത്രയായി

ഒടുവിൽ ‘ബൂലോക’ ത്തിന്റെ പ്രാർത്ഥന വിഫലമായി.അക്ഷരങ്ങളെ ഹൃദയം കൊണ്ടു പ്രണയിക്കുന്ന ആയിരങ്ങളെ കണ്ണീരിലാഴ്ത്തി ബൂലോകത്തിന്റെ ജോനവൻ മരണത്തിനു കീഴടങ്ങി.വാ‍ഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച് കുവൈത്തിലെ ആശുപത്രിയിൽ കഴിഞ്ഞ പതിമൂന്നുനാൾ ജോനവൻ എന്ന നവീൻ ജോർജ് (29) സുഖം പ്രാപിക്കാനുള്ള നിറഞ്ഞ പ്രാർഥനയിലായിരുന്നു ബൂലോകം.

‘പൊട്ടക്കലം’ എന്ന പേരിൽ ബ്ലോഗ് എഴുതിയിരുന്ന ജോനവന്റെ മരണം ബൂലോകത്തിന്റെ തീരാവേദനയായി മാറുകയാണ്.ഏറ്റവുമൊടുവിൽ ജോനവൻ പ്രസിദ്ധീകരിച്ച കവിതയും തുടർന്നുണ്ടായ ആസ്വാദകരുടെ കമന്റുകളും അതിനുള്ള ജോനവന്റെ അറം പറ്റിയ മറുപടിയുമാണു കാരണം. കാസർകോട് ഭീമനടി ചെറുപുഷ്പത്തിൽ നവീൻ ജോർജ് നാലുവർഷമായി കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ഡ്രാഫ്ട് സ്മാനാണ്.കഥയും കവിതയും എഴുതുമായിരുന്ന നവീൻ ‘മാൻഹോൾ’ എന്നപതിനാറുവരി കവിതയാണ് ഒടുവിൽ പ്രസിദ്ധപ്പെടുത്തിയത്.

സെപ്തംബർ എട്ടിന് കവിത വായിച്ച് നിരവധിപ്പേർ ആസ്വാദനവും വിമർശനവും കമന്റായി എഴുതി.പാതി തമാശയെന്നോണം വിമർശനത്തിനു മറുപടിയായി ‘ ഇനി മുതൽ ഞാൻ മിണ്ടാതിരുന്നോളാമേ...’എന്നാണ് ജോനവൻ അവസാനമായി കുറിച്ചത്.സെപ്തംബർ 19-ന്,തൊട്ടടുത്തദിവസമായിരുന്നു കാറപകടം. ഒപ്പം സഞ്ചരിച്ചിരുന്ന മൂന്നു സുഹൃത്തുകൾ തൽക്ഷണം മരിച്ചു.ജോനവൻ മസ്തിഷ്കമരണം സംഭവിച്ച് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിലായി. കഥയറിയാതെ അപ്പോഴും നൂറുകണക്കിനു കമന്റുകൾ ബ്ലോഗിലേക്ക് വന്നു കൊണ്ടിരിന്നു.

ജോനവന്റെ ബ്ലോഗ് തുറന്ന സഹോദരൻ നെത്സനാണ് അപകടവിവരം ബൂലോകത്തെ അറിയിച്ചത്. ഒക്ടോബർ ഒന്നിന് ജോനവന്റെ ബ്ലോഗിൽ തന്നെ കുറിപ്പായി ഇതു പ്രസിദ്ധപ്പെടുത്തി.തുടർന്ന് ബൂലോകമാകെ നീണ്ട പ്രാർത്ഥനയിലായി.ലോകത്തിന്റെ പല ഭാഗത്തുനിന്നും നൂറുകണക്കിനു പോസ്റ്റുകൾ ജോനകന്റെ ബ്ലോഗിലേയ്ക്ക് ഒഴുകി.‘ഈ രാത്രിയിൽ എന്റെ കണ്ണുകൾ നിനക്കായി പർവ്വതത്തിലേയ്ക്ക് ഉയർത്തുന്നു‘ എന്നായിരുന്നു തെക്കേടൻ എന്ന എന്ന ബ്ലോഗ് എഴുതുന്ന ഷിബു മാത്യു കുറിച്ചത്.‘ഒടുവിലെ വാക്കുകൾ അറം പറ്റാതിരിയ്ക്കട്ടെ, മടങ്ങിവന്ന് മിണ്ടിക്കൊണ്ടേയിരിയ്ക്കുക.’ എന്ന് ‘താമൊഴി ‘ ബ്ലോഗിൽ മുംബയിൽ വിദ്യാർത്ഥിയായ ചിത്ര എഴുതി.

കുവൈത്തിലെ സുഹൃത്തുക്കൾ ജോനകന്റെ ആരോഗ്യ വിവരം ദിവസവും ബ്ലോഗിലൂടെ കമന്റായി ബൂലോകത്തെ അറിയിച്ചിരുന്നു.ഒടുവിൽ ഒക്ടോബർ മൂന്നിന് അർദ്ധരാത്രിയോടെ ജോനവൻ മരണത്തിനു കീഴടങ്ങി.അവിവാഹിതനാണ്.മൃതുദേഹം നാട്ടിൽ എത്തിയ്ക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ജോർജു കുട്ടി, വത്സമ്മ എന്നിവർ അച്ഛനമ്മമാർ.മറ്റു സഹോദരങ്ങൾ നിതിൻ, നോഷിന.

2009-10-04

മരണാനന്തരം-ജ്യോനവന് ഒരു യാത്രാമൊഴി  


2007 നവംബര്‍ 27-ന് പൊട്ടക്കലം എന്ന ഒരു ബ്ലോഗുമായ് മനസ്സിലേക്ക് കടന്നുവന്ന നവീന്‍, നീ മനസ്സിലൊരുപിടി കനല്‍ വരിയിട്ട്, ഞങ്ങളെയല്ലാം കണ്ണീരണിയിച്ച് കടന്നുപോകയാണ്. പ്രതീക്ഷകള്‍ കൈവിട്ട നിമിഷങ്ങളിലും നിന്റെ തിരിച്ചുവരവിനായ് പ്രാര്‍‌ത്ഥിച്ച്‌ ഞങ്ങള്‍ കാത്തിരുന്നത് വെറുതേയായല്ലോ. കാലഹരണപ്പെട്ടൊരു കലത്തില്‍ കാക്കയിട്ട കല്ലുകളുമായ് നീ കുടിയേറിയത് ഞങ്ങളുടെ ഹ്യദയത്തിലേക്കായിരുന്നു. നിന്റെ കവിതകള്‍ക്കൊപ്പം അറിയാതെ ഞങ്ങള്‍ നെഞ്ചേറ്റിയത് നിന്നെതന്നയായിരുന്നുവന്ന് ഇപ്പോഴാണറിയുന്നത്. ഭ്രമണപഥം തെന്നിപ്പോയ ഗ്രഹം ചിതറിയ നിന്റെ ചിന്തകള്‍ ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേയ്ക്കു വളര്‍ത്തി ഏഴു വര്‍ണ്ണങ്ങളും ലയിച്ച പുഷ്പമായ് ഞങ്ങളില്‍ കവിതയുടെ സൗരഭ്യവും സൗന്ദര്യവും നിറച്ച് പെട്ടന്ന് കടന്നുപോകാനായിരുന്നുവോ നിന്റെ നിയോഗം? ഒരു പുഴയിലെ മീനാകാന്‍ മോഹിച്ചനീ, പാ‍റപോലെ ഉറച്ച യാഥാര്‍ത്ഥ്യത്തിലേയ്ക്ക് കടന്ന്, ക്ലേശത്തിന്റെ നീണ്ട മരുഭൂമി താണ്ടി, മടുപ്പിന്റെ പുല്‍‌പരപ്പില്‍ തലചായ്ക്കുമ്പോള്‍ കാരണമൊന്നും കൂടാതെ തിരിച്ചറിയപ്പെടാത്തൊരു ചാറ്റല്‍മഴ പെയ്തുതീര്‍ന്നു എന്ന് ആശ്വസിക്കണോ ഞങ്ങള്‍?. കിടന്നിടത്തുതന്നെ ജീവിതം ഒടുങ്ങിപ്പോകും എന്ന് നീ എങ്ങനെ അറിഞ്ഞു?

ഇനി നീലാകാശം തിരിച്ചുകിട്ടാനില്ലെന്ന അറിവുറഞ്ഞ നിന്റെ ഒടുവിലെ ഉറക്കം ഞങ്ങളെ കരയിപ്പിക്കുന്നു. ഈച്ചയുണ്ണാത്ത ജീവിതം നയിച്ച്, കൊതുകൂറ്റാത്ത വിപ്ലവം ശീലിച്ച്, പുഴുവരിക്കാത്ത മരണം സ്വന്തമാക്കണം എന്ന് നീ ആഗ്രഹിച്ചു. നിന്റെ മരണത്തെകുറിച്ചും, മരിക്കുമെന്നുറപ്പുണ്ട് എന്നുമൊക്കെ നീ പറഞ്ഞപ്പോള്‍ ഞങ്ങള്‍ കളിയാക്കി ചിരിച്ചു. നീ തമാശ പറയുകയാണന്നായിരുന്നു ഞങ്ങള്‍ കരുതിയത്. ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ എന്ന് അവസാനമായി നീ പറഞ്ഞ് പോകുമ്പോള്‍, നീ അറിഞ്ഞിരുന്നുവോ നവീന്‍ നിന്റെ മരണം അടുത്തുവന്ന്? ഒരു താഴിനുള്ളില്‍ തല പെട്ട് കിടക്കുമ്പോള്‍ "ആരെങ്കിലുമൊന്നു വലിച്ചൂരിത്തായോ അയ്യോ! എനിക്കിതൊന്നും സഹിക്കാന്‍ മേലേ"എന്ന് നീ നിലവിളിച്ചുവോ? പ്രാര്‍ത്ഥിക്കാനേ കഴിയുമായിരുന്നുള്ളടാ. ഞങ്ങളോട് ക്ഷമിക്ക്. നക്ഷത്രങ്ങളില്ലാത്തൊരു രാത്രി മുഴുവന്‍ ഞങ്ങള്‍ നിലവിളിക്കുകയായിരുന്നു‍, മുങ്ങിത്താഴുകയായിരുന്നു

നിന്റെ ശരീരം പൂവുകളില്‍, സുഗന്ധങ്ങളില്‍ വിരിച്ചു് കിടത്തിയിരിക്കുന്നത് ഞങ്ങള്‍ ലോകത്തിന്റെ പലകോണുകളിലിരുന്ന് കാണുന്നു. ശവംനാറിപ്പൂവുകള്‍ മൂടി നീ കിടക്കുമ്പോള്‍, നിന്റെ കര്‍മ്മം, പിറവിയെ കരിഞ്ഞൊരു നാമ്പുപോലെ മെഴുകുഗന്ധങ്ങള്‍ക്കൊപ്പം ഞങ്ങളില്‍ നിന്റെ സുഗന്ധം പരത്തുന്നു. പൂര്‍ണവിരാമമിടാന്‍ നേരം, മരിച്ചുകിടക്കുന്ന ഒരരിമണി ബാക്കിയാക്കി കടന്നു പോകുമ്പോള്‍, ഒരു മരണത്തെയൊക്കെ അപ്പാടെ അകത്താക്കിയെന്ന സംതൃപ്തിയാണോ നിനക്ക്?
അതേടാ, നീ പറഞ്ഞതുപോലെ അതിരു കടക്കുന്നതാണ് അതിരില്‍ കിടക്കുന്നതിനേക്കാള്‍ നല്ലത് .
കൊഴിഞ്ഞുപോയ, മടക്കിക്കിട്ടാത്തൊരു പൂക്കാലത്തിനും ബാക്കിപത്രമുണ്ടന്ന് നീ പറഞ്ഞത് എത്ര ശരിയാണ്. ഉരച്ചുകളഞ്ഞ ജീവിതത്തിന്റെ മുന, അക്ഷരപ്പേരില്‍ ഉരച്ചുണ്ടാക്കിയ ജീവിതത്തിന്റെ ഊഷരതയ്ക്കുമേല്‍ മുനയില്ലാതായപ്പോള്‍ കുത്തിവരച്ചതൊക്കയും, ഓളങ്ങള്‍ താണുപോകുന്ന കല്ലുകള്‍ക്ക് കല്ലറകളെക്കുറിച്ചുള്ള ഉറപ്പിന്റെ റീത്തുകള്‍ പോലെ എന്നും ഇവിടയുണ്ടാകും. നീ ജീവിച്ചതിന്റെ ഉറപ്പുകള്‍ ഇല്ലാതാക്കും വരെ കരയുന്നവര്‍ അത് എന്നും നെഞ്ചേറ്റും. ഇരുമ്പില്‍ നെയ്ത സ്മാരകങ്ങളിലൂടെ നീ എന്നും സംസാരിക്കും.

തലക്കെട്ട്: ജ്യോനവന്റെ തന്നെ കവിതയുടെ തലക്കെട്ട്
ലിങ്ക് ചെയ്തിരിക്കുന്ന വാക്കുകള്‍ ജ്യോനവന്റെ കവിതകളില്‍ നിന്നുമുള്ള വരികളാണ്.

ജ്യോനവന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന അവന്റെ കവിത അവന്റെ തന്നെ ശബ്ദത്തില്‍ ഇവിടെയും പിന്നെ ഇവിടേയും കേള്‍ക്കാം

ജ്യോനവന്റെ കവിതകള്‍ ഇവിടെ കേള്‍ക്കാം
ഉടഞ്ഞ് പോയ കലമേ , നിനക്ക് പൊട്ടിയ വാക്കുകള്‍ കൊണ്ട് ഒരോര്‍മ്മ

2009-10-03

മരണത്തിന്റെ മാന്‍ഹോള്‍  

കഴിഞ്ഞ ഏതാനും ദിവസങ്ങളായ് മലയാളം ബ്ലോഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനങ്ങളിലൂടെയാണ് കടന്നു പൊയ്കൊണ്ടിരിക്കുന്നത്. ബ്ലോഗ്ഗോസ്ഫിയറിനപ്പുറം ഇത് ഒരു സാധാരണ സംഭവം മാത്രം. ദിവസവും കേള്‍ക്കുന്ന ആയിരകണക്കിനു അപകടങ്ങളിലൊന്നു മാത്രം. എന്നാല്‍ അത് നമുക്കു വേണ്ടപ്പെട്ടവരിലൊരാള്‍ ആകുമ്പോള്‍ വല്ലാതെ വേദനിപ്പിക്കും. ജ്യോനവന്‍ എന്ന നവീന്‍ ജോര്‍ജിന്റെ ദുരന്തം മലയളം ബ്ലോഗേഴ്സിനെ ഒന്നടങ്കം അങ്ങനെ ഒരു ദു:ഖത്തിലാഴ്‌തിയിരിക്കയാണ്. ജ്യോനവനെ ഒരിക്കലും കണ്ടിട്ടില്ലങ്കിലും, ഒരിക്കലും ആ ശബ്ദം കേട്ടിട്ടില്ലങ്കിലും അവരെല്ലാം വേദനിക്കുന്നു, ഉറക്കമൊഴിഞ്ഞു പ്രാര്‍ഥിക്കുന്നു.

പ്രതീക്ഷയുടെ ഒരു നേരിയ കിരണം പോലും മുന്നിലവശേഷിക്കുന്നില്ല എന്നറിയുമ്പോഴും ദൈവ്വത്തിന്റെ അദ്യശ്യമായ കൈകള്‍ അവനെ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്നിരുന്നങ്കില്‍ എന്ന് ആഗ്രഹിക്കയാണ് എല്ലാവരും. അറിഞ്ഞവരുടെയെല്ലാം നെഞ്ചില്‍ കനല്‍ കോരിയിട്ടുകൊണ്ട് ഇപ്പോഴും നവീന്‍ ജോര്‍ജ് ജീവിതത്തിനും മരണത്തിനുമിടക്കുള്ള ഒരു നൂ‌ല്‍‌പാലത്തില്‍ തൂങ്ങികിടക്കുകയാണ്. 99% ബ്രയിന്‍ ഡത്ത് സ്ഥിരീകരിച്ച ഡോക്ടര്‍മാരും മെഡികല്‍ സയന്‍സും ഇനി പ്രതീക്ഷിക്കുന്നില്ല. ലോകത്തിന്റെ പലകോണുകളില്‍ നിന്നും നവീന്റെ തിരിച്ചുവരവിനായി മനമുരുകിയുള്ള പ്രാത്ഥനകളുയരുമ്പോഴും, നവീന്‍ ഭൂമിയിലാണോ സ്വര്‍ഗ്ഗത്തിലാണൊ എന്നു പറയുവാന്‍ കഴിയുന്നില്ല.

ജ്യോനവന്‍ എന്ന തൂലികാ നാമത്തില്‍ പൊട്ടക്കലം എന്ന കവിതാ ബ്ലോഗ് എഴുതിയിരുന്ന നവീന്‍ ജോര്‍ജ്, കഴിഞ്ഞ മാസം 20-നാണ് കാറപകടത്തില്‍ പെട്ടത്. ജോലി സംബന്ധമായ ഒരു ചര്‍ച്ചക്കായ്, ഒരു സുഹ്യത്തിനെ കാണാന്‍ പോകുന്ന വഴി, വൈകിട്ട് 6.30-ന്, കുവൈറ്റിലെ, ഫഹാഹീൽ എക്സ്പ്രസ്സ് ഹൈവേയിൽ അദൻ ഭാഗത്തുവച്ച്, വൺ‌വേ തെറ്റി, 120 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞു വന്ന ഫോർഡ് കാർ, ജ്യോനവൻ യാത്ര ചെയ്തിരുന്ന ടാക്സിയിലേക്കു ഇടിക്കുകയാണുണ്ടായത്. യാത്രക്കാരായി ഉണ്ടായിരുന്ന ഇജിപ്‌ഷ്യന്മാരായ രണ്ടു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലും മരണമടഞ്ഞു. നാലാമനായ ജ്യോനവൻ ഇപ്പോൾ മരണത്തോട് മല്ലടിച്ച് കുവൈത്തിലെ അഡാന്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കിടക്കുകയാണ്. അപകടം നടന്ന നിമിഷം മുതല്‍ നവീന്‍ കോമയിലാണ്. നവീന്റെ മസ്തിഷ്കമരണം സംഭവിച്ചു കഴിഞ്ഞതായ് ആശുപത്രി വൃത്തങ്ങള്‍ ‍ഇന്നലെ രാവിലെ തന്നെ സ്ഥിരീകരിച്ചു. വെന്‍റിലേറ്ററില്‍ നിന്നും നീക്കുന്നതോടെ നവീന്റെ ജീവന്‍ സാങ്കേതികമായി പൊലിയും.

സെപ്റ്റംബര്‍ എട്ടിനാണ് ജ്യോനവന്റെ ബ്ലോഗില്‍ അവസാനത്തെ പോസ്റ്റ് വന്നത്. മാന്‍ഹോള്‍ എന്ന ആ കവിത വായിക്കുമ്പോള്‍, എന്തക്കയോ ഗൂഡമായ് ജ്യോവനന്‍ പറയുന്നുവന്ന് മനസ്സിലാകും. ആകവിതയുടെ അവസാന വരിയില്‍ ജ്യോനവന്‍ ഇങ്ങനെ കുറിച്ചു,

'പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കുന്നില്ലേ?
ചെവിയുരിഞ്ഞു വീണതിന്നൊപ്പം.

ഒരു ‘ഹമ്മര്‍’ കയറിയിറങ്ങിയതാണ്‌.'

അപകടം നടക്കുന്നതിന്റെ തലേദിവസം ജ്യോനവന്‍ തന്റെ ബ്ലോഗില്‍ വായനക്കാര്‍ക്കുള്ള മറുപടിയില്‍ പറഞ്ഞു 'ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ'. അറം പറ്റിയ വാക്കുകള്‍ പോലെ ജ്യോനവന്റെ വാക്കുകള്‍ മനസ്സിനെ പൊള്ളിക്കുന്നു. ജ്യോനവന്റെ കവിതകളില്‍ അവിടവിടെ അന്തര്‍ലീനമായ് കിടക്കുന്ന മരണം മണക്കുന്ന വരികള്‍ ഇപ്പോള്‍ വായിക്കുമ്പോള്‍ മനസ് എവിടക്കയോ കുത്തിനോവിക്കുന്നു.

അപകടം നടന്നത് സെപ്റ്റംബര്‍ 20-ന് ആയിരുന്നുവങ്കിലും, ഒക്ടോബര്‍ 1-ന് രാവിലെ നവീന്റെ സഹോദരന്‍ നെല്‍സണ്‍, ബ്ലോഗിലെ അവസാന കവിതയില്‍, 'we are all missing juanavan a lot. he met with an accident and is ready to leave this world. requesting your prayers…' എന്നിട്ട കമന്റ് വഴിയാണ് ജ്യോനവന്റെ ദുരന്തം ബ്ലഗര്‍മാര്‍ അറിയുന്നത്. അപ്പോള്‍ മുതല്‍ കുവൈറ്റിലുള്ള ബ്ലോഗര്‍മാര്‍ ഹോസ്പിറ്റലില്‍ പോയി ജ്യോനവനെ കാണുകയും, വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടുമിരിക്കയാണ്. ജ്യോനവന്റെ അവസാന കവിതയായ MAN HOLE എന്ന പോസ്റ്റിന്റെ കമന്റ് ബോക്സ് പ്രാര്‍ത്ഥനകള്‍കൊണ്ട് നിറയുകാണ്. പ്രതീക്ഷ ഇല്ലാഞ്ഞിട്ടും ജ്യോനവന്റെ തിരിച്ചുവരവിനായ് എല്ലാവരും പ്രതീക്ഷിക്കയാണ്.

നവീന്‍ ജോര്‍ജ്, വയസ്സ് 29, കാസര്‍ഗോഡ് ജില്ലയിലെ വരക്കാട്, കുവൈറ്റില്‍ ബിമാർ കൺസൾട്ടൻസിയില്‍ ആട്ടോകാഡ് ഡ്രാഫ്‌റ്റ്മാന്‍, രണ്ട് അനുജന്മാര്‍, ഒരു അനുജത്തി.

ദയവു ചെയ്ത് വിവരങ്ങള്‍ അറിയുന്നതിനായ് അദ്ദേഹത്തിന്റെ മാതാപിതാക്കളേയോ ബന്ധുക്കളയോ വിളിച്ച് ബുദ്ധിമുട്ടിക്കാതിരിക്കുക. പ്രാര്‍ത്ഥിക്കാന്‍ മാത്രമേ ഇനി കഴിയൂ. ജ്യോനവന്റെ അനുജന്‍ അടുത്തുണ്ട്. ജോനവന്റെ കസിനും കുടുംബവും കുവൈറ്റില്‍ തന്നെയാണുള്ളത്. എന്ത് സഹായവും ചെയ്യാന്‍ കഴിവും, പ്രാപ്തിയും ഉള്ളവരാണ് അവര്‍. ജ്യോനവന്‍ ജോലിചെയ്തിരുന്ന കമ്പനിയും വളരെ ത്യപ്തികരമായ നിലപാടാണ് ഇതുവരെ എടുത്തിരിക്കുന്നത്. എന്തങ്കിലും അപ്‌ഡേറ്റുകള്‍ ഉണ്ടങ്കില്‍ ഈ ബ്ലോഗിലോ, അല്ലങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിലോ ലഭ്യമാണ്. വിവേക ബുദ്ധികാണിക്കുമന്ന് പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജ്യോനവന്റെ ബ്ലോഗ് പൊട്ടക്കലം, ........ ബൂലോകകവിത,........... ഉറുമ്പ് കടികള്‍

വിവരങ്ങള്‍ നേരിട്ടറിയേണ്ടവര്‍ക്ക് ഈ നമ്പറുകളില്‍ വിളിക്കാവുന്നതാണ്

Mr. Antony ............. .. 00965 65951005
................................... .. . 00965 65883965
Mr. Jose ......................0096566260634
Mr. Gopi Vettikaatt ...00965 97231209

2009-10-02

ദേശീയഗാനത്തിന്റെ കഥ  

ഇന്ന് ഒക്ടോബര്‍ രണ്ട്. ഗാന്ധിജയന്തി. അധ:ക്യതരെ ദൈവ്വത്തിന്റെ മക്കളന്നു വിളിപേരുനല്‍കി, വടിയുംകുത്തി ഉപ്പുകുറുക്കാന്‍ പോയ ഗാന്ധിയുടെ ജന്മദിനം. ഐക്യരാഷ്ട്രസഭ എല്ലാവര്‍ഷവും ഇതേ ദിവസം അന്താരാഷ്ട്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. രാജ്യത്തിനുവേണ്ടി ജീവന ബലിയര്‍പ്പിച്ചവര്‍വരെയും സ്വാതന്ത്യസമര സേനാനികളേയും ഓര്‍ത്തുകൊണ്ട് നമ്മുടെ ദേശീയ ഗാനത്തെകുറിച്ച് ഒരു ചെറിയ പോസ്റ്റിടുകയാണ്.

സാഹിത്യത്തിന്‌ നോബല്‍ സമ്മാനിതനായ ബംഗാളി കവി രബീന്ദ്രനാഥ ടാഗോറിന്റെ കവിതയില്‍ നിന്നും എടുത്ത ഏതാനും വരികളാണ്‌ ഭാരതത്തിന്റെ ദേശീയഗാനമായ് നമ്മള്‍ സ്വീകരിച്ചത്. എന്നാല്‍ പിന്നീട് ഇതെചൊല്ലി ഒരുപാട് കോലാഹലങ്ങളും, വിമര്‍ശനങ്ങളും അരങ്ങേറുകയുണ്ടായി . 1911, ഡിസംബര്‍ 27 നു,‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കല്‍ക്കത്താ സമ്മേളനത്തിലായിരുന്നു ആദ്യമായി ടാഗോറിന്റെ കവിത ആലപിക്കപ്പെട്ടത്. അന്നുമുതല്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി പാടിപുകഴ്തുകയും, സ്വാതന്ത്യാനന്തരംഔദ്യോഗികമായി ദേശീയ ഗാനമായ് തിരഞ്ഞെടുക്കുകയുമാണ് ചെയ്തത്.

എന്നാല്‍ കല്‍ക്കത്തയിലെ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍, ആദ്യമായി ടാഗോറിന്റെ കവിത ആലപിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ബ്രിട്ടനിലെ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിനു് സ്വീകരണം നല്‍കിയത്. അതുകാരണം ടാഗോറിന്റെ കവിതയില്‍ 'വിധാതാ' എന്ന് വിവക്ഷിച്ചിരിക്കുന്നത് ജോര്‍ജ്ജ് രാജാവിനെയാണെന്നു് പലരും തെറ്റിധരിക്കപ്പെടുകയും അത് വലിയ ഒരു കോലാഹലത്തിന് വഴിവെയ്ക്കുകയും ചെയ്തു. ഈ അവസരത്തില്‍ ടാഗോര്‍ തന്നെ "വിധാതാ" എന്ന് ഉത്ഘോഷിച്ചിരിക്കുന്നത് സര്‍‌വ്വ ശക്തനും പരമകാരുണികനും എല്ലാറ്റിന്റെയും വിധി നിശ്ചയിക്കുന്നവനുമായ ദൈവ്വത്തിനെ തന്നെയാണെന്ന് വ്യക്ത്യമാക്കുകയുണ്ടായി. എന്നും ബ്രിട്ടനെയും ബ്രിട്ടീഷകാരയും ശത്രുവായ് കണ്ട ടാഗോര്‍, ബ്രിട്ടീഷ് രാജാവ് ചാര്‍ത്തികൊടുത്ത 'പ്രഭു' പദവി നിരാകരിച്ച ടാഗോര്‍ എന്ന ദേശസ്നേഹി ജോര്‍ജ്ജ് അഞ്ചാമനെന്നല്ല ഒരു ബ്രിട്ടീഷ്‌കാരനേയും പ്രകീര്‍ത്തിച്ചുകൊണ്ടൊരു ഗാനം എഴുതുകയില്ലന്ന്‌ ഭാരതീയര്‍ക്ക് വിശ്വസിക്കാം.

ഇന്ത്യക്ക്‌ സ്വാതന്ത്യം ലഭിക്കുന്ന അവസരത്തില്‍, ഇന്ത്യയില്‍ നിന്നും വേര്‍പെട്ട പാകിസ്ഥാന്‍ എന്ന രാജ്യത്തിന്റെ ഭാഗമായ 'സിന്ധ്' എന്ന സ്ഥലത്തിന്റെ നാമം നമ്മുടെ ദേശീയഗാനത്തില്‍ ഉപയോഗിക്കുന്നതിലുള്ള അനൗചിത്യം ചൂണ്ടിക്കാണിച്ചുകൊണ്ട് 2005 -ല്‍ വീണ്ടും വിവാദങ്ങള്‍ ഉണ്ടാകുകയും സുപ്രീം കോടതിയില്‍ വരെ ഹര്‍ജി സമര്‍പ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ സിന്ധ് എന്ന പദം സൂചിപ്പിക്കുന്നത് സിന്ധുനദീതട സംസ്‌‌ക്യതിയെയും, അവിടെ ജീവിക്കുന്ന ജനവിഭാഗത്തെയും ആണെന്നുമുള്ള വാദത്തില്‍ സുപ്രീം കോടതി തന്നെ ദേശീയഗാനത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്ന് തീര്‍പ്പ് കല്പിക്കയായിരുന്നു. ഔദ്യോഗികമായ് ബാഡിന്റെ പശ്ചാത്തലത്തില്‍, ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കന്‍ഡുകള്‍ കൊണ്ടാണ്‌.

ദേശീയഗാനം

ജനഗണ മന അധിനായക ജയഹേ
ഭാരത ഭാഗ്യ വിധാതാ,
പഞ്ചാബ സിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്‌ക്കല ബംഗാ,
വിന്ധ്യ ഹിമാചല യമുനാ ഗംഗാ,
ഉച്ഛല ജലധി തരംഗാ,
തവ ശുഭ നാമേ ജാഗേ,
തവ ശുഭ ആശിഷ മാംഗേ,
ഗാഹേ തവ ജയ-ഗാഥാ,
ജനഗണ മംഗലദായക ജയഹേ
ഭാരത ഭാഗ്യ വിധാതാ.
ജയ ഹേ, ജയ ഹേ, ജയ ഹേ,
ജയ ജയ ജയ ജയ ഹേ!

രബീന്ദ്രനാഥ ടാഗോറിന്റെ പ്രസ്തുത കവിതയിലെ ബാക്കി വരികള്‍ ഇപ്രകാരമാണ്.

പതന്‍ അഭ്യുദയ-വന്ധൂര്‍-പംഥാ
യുഗയുഗ ഘാവിത യാത്രി
ഹേ ചിര-സാരഥി
തവ രഥ ചക്രേമുഖരിത പഥ ദിന്‍-രാത്രി
ദാരുണ വിപ്ലവ-മാത്സേ
തവ ശംഖധ്വനി ബാജേ
സംങ്കട-ദു:ഖ-ശ്രാതാ
ജന-ഗണ-പഥ-പരിചായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ
ജയ ജയ ജയ ജയ ഹേ!

ഘോര-തിമിര-ഘന-നിവിട-നിശീഥ
പീഡിത മുച്ഛിര്‍ത-ദേശേ
ജാഗ്രത ദില തവ അവിചല മംഗല
നത നത-നയനേ അനിമേഷ
ദു:സ്വപ്നേ ആതംകേ
രക്ഷാ കരിജേ അംകേ
സ്നേഹമയീ തൂമി മാതാ
ജന-ഗണ-ദു:ഖത്രായക ജയ ഹേ
ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ
ജയ ജയ ജയ ജയ ഹേ!

രാത്രി പ്രഭാതില ഉദില രവിച്ഛവി
പുരബ-ഉദയ-ഗിരി-ഭാലേ
സാഹേ വിഹ‌ന്‌ഗമ, പൂഎയ സമീരണ
നവ-ജീവന-രസ ഢാലേ
തവ കരുണാരുണ-രാഗേ
നിദ്രിത ഭാരത ജാഗേ
ത ചരണേ നത മാഥാ
ജയ ജയ ജയ ഹേ, ജയ രാജേശ്വര
ഭാരത-ഭാഗ്യ-വിധാതാ
ജയ ഹേ, ജയ ഹേ, ജയ ഹേ
ജയ ജയ ജയ ജയ ഹേ!

വരികള്‍ ദേവനാഗരിയില്‍ ഇവിടെ