Search this blog


Home About Me Contact
2009-09-30

തേക്കടി ബോട്ടപകടം വാര്‍ത്ത അപ്ഡേറ്റ്  

ബോട്ടപകടത്തെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ വിവിധ ആശുപത്രികളില്‍ മോര്‍ച്ചറി സൗകര്യവും 24 മണിക്കൂര്‍ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തി.

കുമളിയില്‍ ടൂറിസം വകുപ്പ് ഹെല്‍പ് ഡെസ്‌ക് തുറന്നു. ഫോണ്‍ 04869-222620. മൊബൈല്‍-9446052361

മുപ്പത് മരണം പോലീസ് സ്ഥിരീകരിച്ചു.

കമല്‍, ഷൂട്ടിങ്ങ് സംഘംത്തിന്റെ ലൈറ്റ് യൂണിറ്റ് മുഴുവനായി അപകടസ്ഥലത്ത് ലഭ്യമാക്കിയത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. നടന്‍ ദീലിപും കമലും അടങ്ങുന്ന സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.

മലയാളികള്‍ ആരും അപകറ്റത്തില്‍ പെട്ടിട്ടില്ല.

മലയാളികള്‍ അപകടത്തില്‍ പെട്ടതായ് അറിവില്ല.

മരിച്ചവരില്‍ രണ്ട് വിദേശികളും.

ലൈഫ് ജാക്കറ്റ് ഇല്ലാഞ്ഞതാണ് മരണ സംഖ്യ ഉയരാന്‍ കാരണം.

മരണ സംഖ്യ മുപ്പതിനു മുകളിലായി.

രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ ഹെലികോപ്റ്റര്‍ ദുരന്ത സ്ഥലത്തെത്തി.

ബോട്ടപകടം 25 പേരുടെ മ്യതദേഹം കുമളി പെരിയാര്‍ ഹോസ്പിറ്റലില്‍.

തേക്കടി ബോട്ടപകടം, ബോട്ട് ലന്റിങ്ങില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെയന്നതും, അപകട സ്ഥലത്തുനിന്നും അടുത്ത ഹോസ്പിറ്റലിലേക്ക് 5 കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു ഏന്നതും, മരണസംഖ്യ ഉയര്‍ത്തി.

കേരളത്തില്‍ നടന്ന വന്‍ബോട്ടപകടങ്ങള്‍
2007 ല്‍ തട്ടേക്കാട് ബോട്ട് ദുരന്തത്തില്‍ മരിച്ചത് പിഞ്ചുകുട്ടികളടക്കം 18 പേര്‍. മരിച്ചത് എളവൂര്‍ സെന്റ് ആന്റണീസ് സ്കൂളിലെ പതിനഞ്ച് സ്കൂള്‍ വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും.
2002 ല്‍ കോട്ടയത്തെ കുമരകത്ത് നടന്ന ബോട്ട് ദുരന്തത്തില്‍ 29 പേര്‍ മരിച്ചു.
1980 ല്‍ എറണാകുളത്തെ കണ്ണമാലി കായലില്‍ നടന്ന ബോട്ടപകടത്തില്‍ 29 പേര്‍ മരിച്ചു.
1924 ല്‍ ആലപ്പുഴ ജില്ലയിലെ പല്ലനയില്‍ നടന്ന ബോട്ടപകടത്തില്‍ കവി കുമാരനാശാന്‍ അടക്കമുള്ള 24 പേര്‍ മരിച്ചു.

ബോട്ടപകടം മുപ്പത് മരണം പോലീസ് സ്ഥിരീകരിച്ചു.

ബോട്ടു യാത്രക്കരിലേറയും അന്യസംസ്ഥാനക്കാര്‍.

തേക്കടി ബോട്ട് ദുരന്തത്തെ തുടര്‍ന്ന് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. 0471-2331403 എന്നതാണ് കണ്‍ട്രോള്‍ റൂമിലെ നമ്പര്‍. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി 9447979101, 9446554951 എന്നീ നമ്പരിലും ബന്ധപ്പെടാവുന്നതാണ്.

അഞ്ച് മൃതദേഹങ്ങള്‍ 66-ആം മൈലിലുള്ള സെന്റ് അഗസ്റ്റിന്‍ ആസ്​പത്രിയിലുണ്ട്. ഗവണ്‍മെന്റ് ആസ്​പത്രിയില്‍ ഒരാളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു.

രക്ഷപെടുത്തിയവരില്‍ പലരേയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

26 പേരുടെ മരണം പോലീസ് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പെരിയാര്‍ ആസ്​പത്രിയില്‍ മാത്രം 18 പേരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. എട്ട് സ്ത്രീകളുടെയും ആറ് കുട്ടികളുടെയും നാല് പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് പെരിയാര്‍ ആസ്​പത്രിയിലുള്ളത്.

ബോട്ടപകടം മരണം മുപ്പത്തി രണ്ടായി. മരിച്ചവരില്‍ 18 സ്ത്രീകള്‍.

ഇരുപത് മരണം പോലീസ് സ്ഥിതീകരിച്ചു. മരിച്ചവരിലേരയും സ്ത്രീകള്‍.

ആറ് കുട്ടികളും, എട്ട് സ്ത്രീകളും, നാലു പുരുഷന്മാരും. പതിനെട്ടു മരണം പോലീസ് സ്ഥിതീകരിച്ചു.

ആനകൂട്ടത്തെ കാണാന്‍ യാത്രക്കാര്‍ ഒരു വശത്തേക്ക് നീങ്ങിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ആഭ്യന്തരവകുപ്പ്

രാത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എ. എല്‍. എച്ച് ഹെലികോപ്ടറുകള്‍ ഉപകരിക്കും.

അപകടത്തില്‍ പെട്ടവരെ പെരിയാര്‍ ആശുപത്രിയില്‍ എത്തിച്ചു

രക്ഷപ്പെടുത്തിയവരില്‍ പലരും അവശ നിലയില്‍. മരന സംഖ്യ കൂടാന്‍ സാധ്യത.

ബോട്ട് മുങ്ങിയതിന് 300 മീറ്റര്‍ ചുറ്റളവില്‍ വനംവകുപ്പിന്റെ ഇറ്റത്താവളമുണ്ട്.

നാവിക സേന അംഗങ്ങള്‍ അപകട സ്ഥലത്തെത്താന്‍ ഇനിയും രണ്ടര മണിക്കൂര്‍ കൂടിയങ്കിലും എടുക്കും.

രാത്രിയും തിരച്ചില്‍ തുടരും. വനം വകുപ്പ്.

ആദ്യകണക്കനുസരിച്ച് ഒരാളെകൂടി കാണാനുണ്ട്. മരിച്ചവരില്‍ നാലു പുരുഷന്മാര്‍.

മരിച്ചവരില്‍ 16 സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെടുന്നു

ബോട്ടപകടം. അന്വേഷണത്തിന് ഉത്തരവിട്ടു. ( എന്ത് അന്വേസഷണം. എല്ലാം പരഹസനം)

വനം വകുപ്പിന്റെ 6 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

കരയിലെത്തിച്ചവരില്‍ പലരും അവശനിലയില്‍

ദുരന്തത്തില്‍ പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് 9447979101, 9446554951 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം

ബോട്ട് മുഴുവന്‍ മുങ്ങിയിട്ടില്ലയിരുന്നത് അപകടം ഭീകരത കുറച്ചു

മരിച്ചവരില്‍ 5 സ്ത്രീകള്‍

ബോട്ടപകടം 50 പേരെ രക്ഷിച്ചു

മരണ സംഖ്യ 25-ന് മുകളിലായി

ബോട്ടില്‍ ഉണ്ടായിരുന്നത് 76 പേര്‍.

നാല്പതോളം പേരെ ആശുപത്രിലെത്തിച്ചു.

ബോട്ടപകടത്തില്‍ പെട്ട 20 പേരെ രക്ഷിച്ചു.

തേക്കടി മരണം 25 ആയി ഉയര്‍ന്നു.

ബോട്ട് അപകട സ്ഥലത്ത് തലകീഴഅയി കിടക്കുന്നു എന്ന് ദ്യക്സാക്ഷികള്‍

അപകടത്തില്‍ പെട്ട 50 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്.

നാലുസ്ത്രീകളും രണ്ടുകുട്ടികളു അപകടത്തില്‍ മരണമടഞ്ഞു. മരിച്ചവരില്‍ രണ്ടുപേര്‍ മുംബേ സ്വദേശികളും രണ്ടുപേര്‍ തമിഴ്നാട് സ്വദേശികളുമാണ്.
കൊച്ചിയില്‍ നിന്നും 40 നാവികസേന അംഗങ്ങള്‍ തേക്കടിയിലേക്ക് പുറപ്പെട്ടു. നാവികസേനയുടെ ഹെലികോപ്റ്റര്‍ സജ്ജമല്ലാത്തതിനഅല്‍ റോഡുമാര്‍ഗ്ഗമാണ് ഇവര്‍ പുറപ്പെട്ടിരിക്കുന്നത്. ഇവര്‍ തേക്കടിയിലെത്തുമ്പോഴേക്കും രാത്രി പതിനൊന്നുമണിയാകും.

ജലാശയത്തിലെ ഏറ്റവും ആഴമേറിയ സ്ഥലത്താണെന്നതും ടൂറിസം സെന്ററില്‍ നിന്നൂം കിലോമീറ്ററുകള്‍ അകലെയാണെന്നും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.

തടാകത്തിലെ ഏറ്റവും വീതിയേറിയ പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. കരയിലേക്ക് നീന്തി രക്ഷപ്പെടാനും സാധ്യത കുറയാനും ഇതിടയാക്കുമെന്ന് പ്രദേശവാസികള്‍ ആശങ്കപ്പെടുന്നുണ്ട്.

നിബിഡ വനവും വന്യമൃഗങ്ങളുടെ ശല്യവും കാരണം കരമാര്‍ഗം അപകടസ്ഥലത്തേക്ക് എത്തിച്ചേരുകയെന്നതും ദുഷ്‌കരമാണ്. വനത്തില്‍ പട്രോളിങ് നടത്തുന്ന ആദിവാസികള്‍ക്ക് മാത്രമാണ് ഇരുട്ടില്‍ കരമാര്‍ഗം ഇവിടെയെത്താന്‍ സാധിക്കുകയുള്ളു. രാത്രി സമയത്ത് തടാകത്തില്‍ ബോട്ടുപയോഗിക്കാനും പരിചയമുള്ളവര്‍ക്കുമാത്രമേ സാധിക്കുകയുള്ളു. തടാകത്തിലെ മരക്കുറ്റികള്‍ ഇരുട്ടില്‍ കാണില്ലെന്നത് രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന ബോട്ടുകള്‍ക്കും വന്‍ ഭീഷണിയാണ്.

തേക്കടിയില്‍ ബോട്ട് അപകടം. 80 വിനോദസഞ്ചാരികളെ കാണാതായി  

തേക്കടി തടാകം ആദ്യമായി ഒരു വന്‍ ദുരന്തത്തെ നേരിട്ടിരിക്കുന്നു. എണ്‍പതോളം വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ്‌ മറിഞ്ഞത്‌. സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും രക്ഷാപ്രവര്‍ത്തനം ഇവിടെ ദുര്‍ഘടമാകുമെന്ന വാസ്‌തവം നാം കാണാതിരിക്കരുത്‌. 4000 ലിറ്റര്‍ വെള്ളവും വഹിച്ച്‌ വാഹനങ്ങളുമായി കട്ടപ്പനയില്‍ നിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നും വേണം ഫയര്‍ഫോഴ്‌സിന്‌ ഇവിടെയത്താന്‍. ആവശ്യത്തിനു മുങ്ങല്‍ വിദഗ്‌ദ്ധര്‍ ഫയര്‍ഫോഴ്‌സിലോ വനംവകുപ്പിലോ പൊലീസിലോ ഇല്ല. കേവലം പാതാളക്കരണ്ടി ഉപയോഗിച്ച്‌ തപ്പുകയല്ലാതെ അവര്‍ക്ക്‌ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. ബോട്ടിലെ ലൈഫ്‌ ജാക്കറ്റോ മറ്റോ ഉപയോഗിച്ച്‌ പൊങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കൂ. ആവശ്യത്തിനു സജ്ജീകരണങ്ങളിലാതെ മുങ്ങിയാല്‍ ജലാശയത്തിലെ കൊടും തണുപ്പ്‌ പ്രശ്‌നമാണ്‌. ഈ തണുപ്പ്‌ മരണസംഖ്യ വര്‍ധിപ്പിക്കാനും ഇയാക്കും.

ബോട്ട്‌ മുങ്ങിയ സ്ഥലത്ത്‌ വെളിച്ചമില്ല. മരക്കുറ്റികള്‍ ധാരാളമുള്ളതിനാല്‍ വൈകിട്ട്‌ ആറു മണിയോടെ ബോട്ടുകള്‍ സര്‍വ്വീസ്‌ നിറുത്തുകയാണ്‌ പതിവ്‌. വെളിച്ചമില്ലാതെ എങ്ങനെ ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്‌. മറ്റൊന്ന്‌ രക്ഷപ്പെടുത്തുന്നവരെ വേഗത്തില്‍ കരയ്‌ക്കെത്തിക്കാന്‍ ആവശ്യത്തിനു സ്‌പീഡ്‌ ബോട്ടുകള്‍ തേക്കടിയിലില്ല. വലിയ ബോട്ടുകളില്‍ കയറ്റിയാല്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യും.

ജലാശയത്തിലെ ചെളിയും മരക്കുറ്റികളും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിക്കും. പിന്നെയുള്ള ആശ്രയം നേവി മാത്രമാണ്‌. അവര്‍ ഹെലിക്കോപ്‌റ്ററില്‍ വേണം ഇവിടെ എത്താന്‍ അവര്‍ വന്നാലും നേരമിരുട്ടുന്നത്‌ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

കരയ്‌‌ക്കെത്തിക്കുന്നവര്‍ക്ക്‌ ആവശ്യമായ വൈദ്യസഹായത്തിന്റെ കാര്യത്തിലും പരിമിതിയുണ്ട്‌. വിഗദ്ധചികില്‍സ ലഭിക്കണമെങ്കില്‍ കട്ടപ്പനയിലോ കാഞ്ഞിരപ്പള്ളിയോ എത്തിക്കേണ്ടി വരും. ഇതിന്‌ മുക്കാല്‍ മണിക്കൂറോളം വരെ സമയമെടുടുത്തേക്കാം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചെല്ലാന്‍ കുറഞ്ഞത്‌ രണ്ടു മണിക്കൂറെങ്കിലും വേണം.

ഈ രാത്രിയില്‍ രക്ഷപ്പെടുത്താന്‍ കഴിയുന്നവരുടെ മൃതദേഹങ്ങള്‍ മാത്രമായിരിക്കും ഇനി കിട്ടുക എന്ന സത്യം ഞെട്ടിക്കുന്നതാണ്‌. നമ്മുടെ ദുരന്തനിവാരണ സജ്ജീകരണങ്ങളുടെ കാര്യക്ഷമതയെന്താണെന്ന്‌ കാത്തിരുന്നു കാണാം.

ഏതപകടം സംഭവിച്ചാലും ആദ്യവിഷ്വലുകള്‍ എത്തിക്കാന്‍ മല്‍സരിക്കുന്ന ചാനലുകള്‍ ഇത്തവണ വെള്ളംകുടിക്കും. കുമളിയില്‍ ഏഷ്യാനെറ്റിനും മനോരമയ്‌ക്കും മാത്രമാണ്‌ സ്‌ട്രിംഗര്‍മാരുള്ളത്‌. പത്രങ്ങളുടേയും ചാനലുകളുടേയും ജില്ലാലേഖകര്‍ എത്താന്‍ കുറഞ്ഞത്‌ മൂന്നു മണിക്കൂറെടുക്കും. ഒരു പത്രത്തിനും ഇവിടെ സ്വന്തം ഫോട്ടോഗ്രാഫര്‍മാരുമില്ല.

ചാനലുകളുടെ ഒബി വാനുകള്‍ സ്ഥലത്തെത്തണമെങ്കിലും ഇനിയും സമയമെടുക്കും. പിന്നെ ആശ്രയം അവിടെയുള്ള ലേഖകര്‍ ഇന്റര്‍നെറ്റ്‌ വഴി വിഷ്വലെത്തിക്കുക എന്നതാണ്‌. അതും എത്രമാത്രം സമഗ്രമായിരിക്കുമെന്നകാര്യത്തില്‍ സംശയമുണ്ട്‌. ലോകപ്രശസ്‌ത വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയില്‍ സംഭവിച്ച ദുരന്തത്തിന്റെ വിവരങ്ങള്‍ പുറത്തറിയാന്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക്‌ എന്തുമാത്രം തടസ്സങ്ങളുണ്ടാകുന്നുവെന്നുകൂടി സാങ്കേതികവിദ്യയുടെ ഈ പുതിയ കാലത്ത്‌ നാം ചിന്തിക്കണം. അപകടം സംബന്ധിച്ച്‌ ഏഷ്യാനെറ്റ്‌ ഉള്‍പ്പെടെ മിക്ക ചാനലുകളിലേയും പ്രധാന റിപ്പോര്‍ട്ടുകളെല്ലാം കൊച്ചിയില്‍ നിന്നാണ്‌ വരുന്നത്‌ എന്നതുകൂടി ശ്രദ്ധിക്കുക..... വിളിക്കുന്നവരുടെയെല്ലാം ടെലഫോണ്‍ ബന്ധവും വിച്ഛേദിക്കപ്പെടുകയാണ്‌....

വാര്‍ത്ത. രാജേഷ് ടി.സി

2009-09-28

ശ്രീമദ് ഭഗവദ് ഗീത-ഒരു മുഖവുര  

ഭഗവദ് ഗിത പഠിക്കണമന്നുള്ള അതിയായ ആഗ്രഹം കൊണ്ട്, അല്പജ്ഞാനത്തിന്റെ ബലത്തില്‍ മഹത്തായ ഭഗവദ് ഗീതക്ക് ഒരു തര്‍ജ്ജമ എഴുതാനുള്ള ശ്രമത്തിലാണ്. സംസ്ക്യത ഭാഷ പാണ്ഡിത്യമോ, ഗീതാ ജ്ഞാനമോ ഒന്നും തന്നെ ഇല്ല എന്നതിനാല്‍ ഇത് എത്രത്തോളം വിജയകരമായിരിക്കുമന്ന് പറയാവതല്ല. തെറ്റുകളും കുറ്റങ്ങളും ഒരു പാട് ഉണ്ടായിരിക്കും. ചിലപ്പോള്‍ ബാലിശമായ ഒരു എടുത്തുചാട്ടമായിരിക്കാം ഇത്. എങ്കിലും ഭജഗോവിന്ദത്തിനും ഭഗവദ് ഗീതക്കും ഒരു വ്യാഖ്യാനം എഴുതുക എന്നത് ഒരു ജീവിതാഭിലാഷമായ് കരുതുന്നതിനാല്‍ ഈ സാഹസത്തിന് ഇറങ്ങി പുറപ്പെടുകയാണ്. മുപ്പത് ശ്ലോകങ്ങളുള്ള ഭജഗോവിന്ദത്തിന് എന്നെ കൊണ്ട് കഴിയും വിധം ഒരു ആഖ്യായിക എഴുതാന്‍ കഴിഞ്ഞു എന്നത് എന്നെ സന്തോഷിപ്പിക്കുന്നുവങ്കിലും, എഴുനൂറ് ശ്ലോകങ്ങളുള്ള ഭഗവദ് ഗീത എത്രത്തോളം വഴങ്ങുമന്ന് ആശങ്കയുണ്ട്. എന്നിരുന്നാലും ഗീതയില്‍ പറയുമ്പോലെ

'യോഗസ്ഥഃ ഗുരു കര്‍മാണി സംഗം ത്യക്ത്വാ ധനംജയ,
സിദ്ധ്യസിധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ'

എന്ന ക്യഷ്ണന്റെ ഉപദേശത്തിന്റെ നിഴലില്‍ ഈ ദൗത്യം ഏറ്റെടുക്കുകയാണ്. ഒരു ദിവസം ഒരു ശ്ലോകം എന്ന കണക്കിലെടുത്താലും ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ഇത് പൂര്‍ത്തീകരിക്കാന്‍ എടുക്കും.
Continue.....Click Here

2009-09-25

ബ്ലോഗ് വായനാക്കാരായ പപ്പരാസികളോടും, ഞരമ്പ് രോഗികളോടും  

സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗ ഭോഗവും ജീവശാസ്ത്രപരമായ അപഭ്രംശമാണന്ന സാങ്കേതികമായ വിശകലനങ്ങളെകുറിച്ചും, സമൂഹികമായ ഉപരിപ്ലവത്തെകുറിച്ചും എന്റെ ബ്ലോഗില്‍ വന്ന പോസ്റ്റുകളുടെ ചുവടുപിടിച്ച് ഒരുപാട് വ്യക്തികള്‍ മെയിലുവഴിയും ചാറ്റ് വഴിയും എന്നെ സമീപിക്കയുണ്ടായി. അവരില്‍ ഒരൊരുത്തരുടേയും ഉദ്ദേശ ലക്ഷ്യങ്ങളും പലതായിരുന്നു. സ്വവര്‍ഗ്ഗപ്രണയികളായ അവരില്‍ ചിലര്‍ പ്രണയാഭ്യര്‍ത്ഥനയുമായ് സമീപിച്ചപ്പോള്‍, ചിലര്‍ക്ക് രതിയില്‍ ഏര്‍പ്പടാനായിരുന്നു താല്പര്യം. സ്വവര്‍ഗ്ഗ പ്രണയത്തെ നഖശിഖാന്തം എതിര്‍ത്തുകൊണ്ട് പല ബ്ലോഗുകളിലും കമന്‍റ്റുകളിടാറുള്ള ഒരു പ്രമുഖ മലയാളം ബ്ലോഗറും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവന്നത് എന്നെ അല്‍ഭുതപ്പെടുത്തി. പൊതുജന സമക്ഷം താന്‍ പിടിക്കപ്പെടുമോ എന്ന ഭയത്താല്‍ സ്വവര്‍ഗ്ഗ പ്രണയത്തെ എതിര്‍ത്തുകൊണ്ട് അത് ആസ്വദിക്കുന്ന പലരും നമുക്കിടയിലുണ്ടന്നതിന്റെ ഉത്തമ ദ്യഷ്ടാന്തമാണിത്. ചില ബ്ലോഗര്‍മാര്‍ ഡയറക്ടായും, മറ്റുചിലര്‍ ഇന്‍ഡയറക്ടായും, ജീവിതത്തില്‍ എപ്പോഴങ്കിലും അത്തരം ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടോ, ആരോടങ്കിലും അത്തരത്തില്‍ പ്രണയമുണ്ടൊ എന്ന് ആരാഞ്ഞപ്പോള്‍, ചിലര്‍ തുറന്ന കമന്റുകളുമായ് അതേ ചോദ്യം ഉന്നയിച്ചവരാണ്. ചിലരാകാട്ടെ ഭൂതവും വര്‍ത്തമാനവും മറ്റും പഠിച്ച്, എന്നെകുറിച്ച് നന്നായ് നിരീക്ഷണ ഗവേഷണങ്ങള്‍ തന്നെ നടത്തിയിട്ടായിരുന്നു ചോദ്യ ശരങ്ങളുമായ് വന്നത്. മുടി നീട്ടി വളര്‍ത്തുന്നതും, വിവാഹം കഴിക്കാതിരിക്കുന്നതിന്റെയും മറ്റും കാരണങ്ങള്‍ ഇതാണോ എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടത്. അഭ്യുതയകാംക്ഷിയായ് ഉപദേശകന്റെ രൂപത്തില്‍ സമീപിച്ചവരും കുറവല്ല. ഇത്തരം പോസ്റ്റുകള്‍ ഭാവിയെയും കരിയറിനേയും ബാധിക്കും, ആളുകള്‍ താങ്കളെ തെറ്റുധരിക്കയും, താങ്കളോടുള്ള ബഹുമാനം ഇല്ലാതാക്കുകയും, താങ്കളുടെ വിവാഹത്തിനുവരെ തടസ്സമായി എന്നും വരാം, അതിനാല്‍ മേലില്‍ ഇത്തരം പോസ്റ്റുകള്‍ ഒഴിവാക്കുന്നതായിരുക്കും ആരോഗ്യകരമെന്നതായിരുന്നു അവരുടെ ഉപദേശം. ഇത്രയധികംപേര്‍ നേരിട്ട് സംശയനിവാരണം നടത്തിയപ്പോള്‍ അതിലും എത്രയോ മടങ്ങായിരിക്കും സംശയം മനസ്സില്‍ വച്ച് എന്റെ പോസ്റ്റുകള്‍ വായിച്ചു പോയത്. ഓരോരുത്തരോടും ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഒരു വിശദീകരണം നല്‍കാം എന്നു കരുതുകയാണ്.

തെരുവു വേശ്യകള്‍ക്കും, അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി വാദിക്കുകയും, അവരുടെ സം‌രക്ഷണത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന മനുഷ്യാവകാശികളെ, വേശ്യകളായോ, കൂട്ടികൊടുപ്പുകാരായോ കാണാത്ത സമൂഹത്തില്‍, ക്രിമിനല്‍ കുറ്റവാളികളുടെ പുനരധിവാസത്തിനു വേണ്ടി പ്രവര്‍ത്തിക്കയും, അവര്‍ ജയിലുകളില്‍ അനുഭവിക്കുന്ന നീതി നിഷേധത്തിനെതിരേ പോരാടുകയും ചെയ്യുന്നവരെ ക്രിമിനലുകളായോ, ക്രിമിനല്‍ വാസനയുള്ളവരായോ കാണാത്ത ഒരു സമൂഹത്തില്‍, സ്വവര്‍ഗ്ഗ പ്രണയികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഒരക്ഷരം മിണ്ടിയാല്‍ അവരെ സ്വവര്‍ഗ്ഗ പ്രണയിയായ് സംശയിക്കുന്ന പ്രവണതയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ഇത്തരം ചാപ്പകുത്തലുകളിലൂടെ, സമൂഹം സ്വവര്‍ഗ്ഗ പ്രണയികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന സാമൂഹിക പ്രവര്‍ത്തകരെ നിരുല്‍സാഹപ്പെടുത്തി, സ്വവര്‍ഗ്ഗ പ്രണയികളുടെ വ്യക്തി സ്വാതന്ത്യങ്ങളേയും അവകാശങ്ങളേയും അടിച്ചമര്‍ത്തുകയും നിഷേധിക്കയുമാണ് ചെയ്യുന്നത്. തല്‍ഫലമായ് കടുത്ത മാനസിക സംഘര്‍ഷത്തിനടിമയായ ദ്വൈത വ്യക്തിത്വത്തിന്റെ ഉടമകളായ ഒരുസമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ചെയ്യുന്നത്.

സ്വയം ഭോഗവും, പരസ്ത്രീ ബന്ധവും തെറ്റായി കണക്കാക്കാത്ത ഒരു സമൂഹത്തില്‍, ബഹുഭാര്യാത്വം സംസ്കാരത്തിന്റെ ഭാഗമായ് നിലനിര്‍ത്തിയിരിക്കുന്ന ഒരു സമൂഹത്തില്‍, സ്വവര്‍ഗ്ഗ പ്രണയവും സ്വവര്‍ഗ്ഗ രതിയും ഒരു പാപമോ കുറ്റമോ ആണന്നു വിശ്വസിക്കാത്തതിനാല്‍ സ്വവര്‍ഗ്ഗ പ്രണയികളേയും സാധാരണ മനുഷ്യരായ് കാണുന്ന ഒരു വ്യക്തിയാണ് ഞാന്‍. എല്ലാ മനുഷ്യരുടേയും മൗലിക അവകാശങ്ങള്‍ സം‌രക്ഷിക്കപ്പെടണമന്ന് ആഗ്രഹിക്കുന്ന ഒരു പൗരനെന്ന നിലയില്‍, മനുഷ്യാവകാശ സം‌രക്ഷകരോ സംഘടനകളോ ശബ്ദമുയര്‍ത്താന്‍ ഭയപ്പെടുന്ന സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശ സം‌രക്ഷണത്തിനു വേണ്ടി എന്നാലാവും വിധം എന്തങ്കിലും ചെയ്യാന്‍ കഴിയുമങ്കില്‍ ചെയ്യണമന്ന ആഗ്രഹം കൊണ്ടും, അധികം ആരും കടന്നു വരാന്‍ ധൈര്യം കാണിക്കാത്തതുമായ വിഷയമായതുകൊണ്ടും ഇതേകുറിച്ച് പോസ്റ്റുകളിടാന്‍ തീരുമാനിച്ചതും, ഏതാനും പോസ്റ്റുകള്‍ ഇട്ട് സമൂഹത്തിന് സ്വവര്‍ഗ്ഗ പ്രണയികളോടുള്ള മനോഭാവത്തില്‍ അല്പം മാറ്റമുണ്ടാക്കാന്‍ ശ്രമിച്ചതും. അന്ന് ആ പോസ്റ്റുകള്‍ ഇടുമ്പോള്‍തന്നെ ഇത്തരം ചോദ്യങ്ങളും, സമീപനങ്ങളും ഞാന്‍ മുന്നില്‍ കണ്ടിരുന്നതിനാല്‍ ഇത്തരത്തിലുള്ള അപവാദങ്ങളും, സമീപനങ്ങളും എന്നെ അല്‍ഭുതപ്പെടുത്തുന്നില്ല.

സുഹ്യത്തുക്കളെ സ്നേഹിക്കുന്നതും, അവരോടൊപ്പം യാത്ര പോകുന്നതും, അവരുടെ കൈ പിടിച്ച് നടക്കുന്നതും, അവരെ കെട്ടിപിടിക്കുന്നതും, ചുംബിക്കുന്നതും, അവരോടൊപ്പം ഉറങ്ങുന്നതും സ്വവര്‍ഗ്ഗ പ്രണയമാണങ്കില്‍ ഞാനും ഒരു സ്വവര്‍ഗ്ഗ പ്രണയിതന്നയാണ്. സ്വവര്‍ഗ്ഗത്തില്‍ പെട്ട ഒരു വ്യക്തിയെ കെട്ടിപിടിച്ച് ഉറങ്ങുന്നതും, അവരുടെ മടിയില്‍ തലവച്ചു കിടക്കുന്നതും, ചുംബിക്കുന്നതുമൊക്കെ സ്വവര്‍ഗ്ഗ പ്രണയമാണങ്കില്‍, ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന എന്റെ സഹോദരനോടുള്ളതും അതേ പ്രണയമാണ്. എന്തിലും ഏതിലും അശ്ലീലം മാത്രം കാണാന്‍ കഴിയുന്ന ഒരു ജനത നമുക്ക് ചുറ്റുമുണ്ടന്ന് തിരിച്ചറിയുമ്പോള്‍, അടുത്ത ഒരു സുഹ്യത്തിന്റെ കൈപിടിച്ച് നടക്കുവാനും അവനെ ഒന്ന് ആശ്ലേഷിക്കാനുമുള്ള ആഗ്രഹങ്ങളില്‍ നിന്നും പിന്മാറുന്നവരല്ലേ നമ്മളില്‍ പലരും. സഹോദരീ സഹോദരന്മാര്‍ സംസാരിച്ചുകൊണ്ട് നമ്മുടെ നിരത്തുകളിലൂടെ പോയാല്‍, ഒരു സിനിമകാണാന്‍ തീയറ്ററില്‍ പോയാല്‍ കാമുകീ കാമുകന്മാരാണന്ന് കരുതി (എന്റെ അനുഭവം കൂടിയാണ്) കഴുകന്‍ കണ്ണുകളോടൊപ്പം കമന്റുകളെറിയുന്ന നമ്മുടെ സമൂഹത്തില്‍, ഒരു ആത്മ മിത്രത്തിന്റെ കൈപിടിച്ച് നടക്കുന്നതുകണ്ടാല്‍ സ്വവര്‍‌ഗ്ഗ ഭോഗികളന്നു കരുതുന്ന സമൂഹത്തില്‍, സ്വവര്‍ഗ്ഗ പ്രണയികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെ സ്വവര്‍ഗ്ഗ രതിക്കാരായ് മാത്രം കാണുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. എന്റെ ഭാവിയും, ഭൂതവും വിവാഹവുമൊക്കെയോര്‍ത്ത് വ്യാകുലപ്പെടുന്നവര്‍ ദയവായ് നിങ്ങളുടെ രക്ത സമ്മര്‍ദ്ദം കൂട്ടാതിരിക്കുക. വിവാഹം കഴിക്കണമോ വേണ്ടയോ എന്നും, എപ്പോള്‍ വിവാഹം കഴിക്കണമന്നും ഞാന്‍ തീരുമാനിച്ചുകൊള്ളാം. എന്നെ പഠിപ്പിക്കയും വളര്‍ത്തി ഈ നിലയിലെത്തിക്കുകയും ചെയ്തവര്‍ക്ക് എന്റെ വിവാഹത്തെകുറിച്ചോ, കരിയറിനെ കുറിച്ചോ ഉല്‍കണ്ഠയില്ലാത്തിടത്തോളം എന്റെ മാന്യ ബ്ലോഗ് വായനാക്കാര്‍ക്കും അതിന്റെ ആവശ്യമില്ല. എനിക്ക്, എന്റെ ബ്ലോഗ് വായനക്കാരുടേയോ, മലയാളം ബ്ലോഗേഴ്സിനിടയിലെ പപ്പരാസികളായ ബ്ലോഗര്‍മാരുടേയോ ഒരു സാക്ഷ്യപത്രവും ആവശ്യമില്ലാത്തതിനാലും, ഞാന്‍ അറിയുന്ന, എന്നെ അറിയുന്ന സുഹ്യത്തുക്കള്‍ക്കും, സമൂഹത്തിനും ഞാന്‍ ആരാണന്നും എന്താണന്നും നല്ല നിശ്ചയമുള്ളതിനാല്‍, ഇവിടെ തെളിവുകള്‍ നിരത്തേണ്ടതിന്റെയോ, അരോപണങ്ങള്‍ നിഷേധിക്കേണ്ടതിന്റയോ ആവശ്യകതയില്ല. ബ്ലോഗ് വായിക്കുന്നവര്‍ വായിക്കുക, അഭിപ്രായങ്ങള്‍ അറിയിക്കാന്‍ അവിടെ അതിനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്. വ്യാജ ഇ-മെയില്‍ ഐഡികളും ചാറ്റ് ഐഡികളും ഉണ്ടാക്കി വെറുതേ സമയം കളയേണ്ടതില്ല.

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്-ഭാഗം-04  

മരണശേഷം നന്ദിതയുടെ ഇരുമ്പു പെട്ടിയില്‍ നിന്നും കണ്ടെടുത്ത ഡയറി തിരിച്ചേല്പിക്കുമ്പോള്‍ അതിലെ ചില താളുകള്‍ നഷ്ടപ്പെട്ടിരുന്നു എന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഡയറിയിലെ താളുകള്‍ നഷ്‌ടപ്പെട്ടിരുന്നു എന്നറിയുന്നത് പിന്നീട് മാത്രമാണന്നും, തന്നെ ആദ്യമായ് കാണുന്നതിനും മാസങ്ങള്‍ മുന്‍പ് എഴുതിയിരുന്ന ഡയറിയിലെ താളുകള്‍ നഷ്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണ് എന്നും അജിത്ത് ചോദിക്കുന്നു. അജിത്തിന് എതിരായ് ഒരു വാക്ക് ആത്മസുഹ്യത്തായ ശ്രീലതയോടോ, സ്വന്തം വീട്ടുകാരോടുപോലും പറഞ്ഞിട്ടില്ലാത്ത നന്ദിത തന്റെ പഴയ ഡയറിയില്‍ അജിത്ത് കീറിമാറ്റാന്‍ തരത്തിലുള്ള ഒന്നും തന്നെ എഴുതിയിരുന്നില്ല എന്നു വേണം അനുമാനിക്കാന്‍.

1985 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തിലായ് 59 കവിതകളെഴുതിയ നന്ദിതയുടെ ആദ്യകാല കവിതകള്‍ മുഴുവന്‍ പ്രണയവും പിന്നീട് പ്രണയ നഷ്ടവുമാണ്. 1994-ല്‍ അജിത്തിനെ കണ്ടശേഷം നന്ദിത എഴുതിയതായ ഒരു വരിപോലും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍ നിന്നും 1993-നു ശേഷം നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. ഡൊക്യുമെന്റ്സ് എല്ലാം ശരിയായിട്ടും നന്ദിതയുടെ മരണ ശേഷം അജിത്ത് ഗള്‍ഫിലേക്ക് പോകാനോ, മറ്റൊരു ജോലി തേടാനോ തയ്യാറാകാതെ നന്ദിതയുടെ നിശ്വാസങ്ങള്‍ തങ്ങിനില്‍ക്കുന്ന സ്വന്തം വീട്ടില്‍ അവളുടെ നഷ്ടങ്ങള്‍ ശ്വസിച്ചുകൊണ്ട് ഒതുങ്ങുകയായിരുന്നു.
Continue.......Click Here

2009-09-23

Holy Cows എന്ന് കേട്ട് കയറെടുത്തവര്‍-ഭാഗം-02  

കോണ്‍ഗ്രസിലെ സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്ന മാത്യകാ നേതാക്കളന്ന മുഖം മൂടി അണിയുന്ന ജയന്തി നടരാജനും, അശോക് ഗലോട്ടും ഇന്ത്യയിലെ പട്ടിണിപാവങ്ങളെ സ്ലം ഡോഗ്സ് എന്ന് വിളിച്ചപ്പോഴും, ജയഹോ ഭീമമായ തുക കൊടുത്ത് വിലക്ക് വാങ്ങി, കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ പ്രചരണ ഗാനമാക്കിയപ്പോഴും എവിടയായിരുന്നു?. ഒരു നേരത്തെ ആഹാരത്തിനു വകയില്ലതെ, വോട്ടവകാശം പോലും നിഷേധിക്കുന്ന ചേരികളിലെ മനുഷ്യരെ എന്തു വിളിച്ചാല്‍ ആര്‍ക്കാണ് ചേതം? തങ്ങളെയല്ലല്ലോ, ചേരികളിലെ വ്യത്തിയില്ലാത്ത ജന്തുക്കളല്ലേ സ്ലം ഡോഗ്സ്, അവരെ അങ്ങനെ തന്നെ വിളിക്കണം എന്ന് നമ്മളും സമ്മതിച്ചു കൊടുത്തു. തങ്ങള്‍ക്കില്ലാത്ത കഴിവുകളുമായി, തങ്ങള്‍ ഉന്നം വച്ചിരിക്കുന്ന കസേര കൊണ്ടുപോകാന്‍ പ്രാപ്തിയുള്ള ഒരാള്‍ രംഗപ്രവേശം നടത്തുമ്പോള്‍, അതില്‍ ഉറക്കം നഷ്ടപ്പെട്ട കുബുദ്ധികള്‍ സംഘടിതരാകുകയും, നിസാരമായ ഒരു വ്യക്തിഗത സ്വകാര്യ സംഭാഷണം ഒപ്പിയെടുത്ത്, ജനദ്രോഹിയും, ഹിപ്പോക്രാറ്റും, ധൂര്‍ത്തനും, അമേരിക്കയുടെ ചാരനുമായുമൊക്കെ മുദ്രകുത്തി തങ്ങളുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കുകയാണ് ഈ അഭിനവ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. Cattle class-ല്‍ ഇനി യാത്ര ചെയ്യേണ്ടവര്‍ തങ്ങളും കൂടിയാണല്ലോ, അപ്പോള്‍ തങ്ങളെയും കൂടി ചേര്‍ത്താണ് ഡോ. താരൂര്‍ കന്നുകാലി എന്നു വിളിച്ചതന്ന തോന്നലാണ് ജയന്തി നടരാജനെയും, അശോക് ഗലോട്ടിനെയും പ്രകോപിതരാക്കിയതും, കിട്ടിയ അവസരം മുതലെടുത്ത് വിവാദമാക്കി ഡോ. താരൂരിന്റെ ഇമേജ് നശിപ്പിക്കാന്‍ ശ്രമിച്ചതും. അല്ലാതെ ഇവിടുത്തെ സാധരണക്കാരനോടുള്ള സ്നേഹമോ കാരുണ്യമോ അല്ല. രാഷ്ട്രീയക്കാര്‍ അകമേ എങ്ങനെയായാലും പുറമേ ലാളിത്യമുള്ളവരും, ആദര്‍ശ വാദികളുമായിരിക്കണമന്നു പറയുന്ന മന്ദബുദ്ധികള്‍, തങ്ങളുടെ വിലതീരാത്ത തൂവെള്ള ഖദര്‍ഷര്‍ട്ട് അവിടവിടെ ബ്ലയിഡുകൊണ്ട് കീറി ലാളിത്യം പ്രകടിപ്പിക്കുന്ന കപട്യത്തിന്റെ അവതാരങ്ങളാണന്ന് എന്നാണാവോ മനസ്സിലാക്കുക.

കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന അവസരത്തില്‍ പൊതു ഖജനാവില്‍ നിന്നും മന്ത്രി മന്ദിരങ്ങളുടെ മോടിപിടിപ്പിക്കലിന് നൂറുകോടി ചിലവിട്ടപ്പോള്‍ ദഹിക്കുന്ന നമ്മള്‍ക്ക്, ക്യത്യമായ് ടാക്സ് കൊടുക്കുന്ന white money സ്വന്തം പോകറ്റില്‍ നിന്നും ചിലവാക്കി ഡോ. താരൂര്‍ ഹോട്ടലില്‍ താമസിച്ചത് ദഹിക്കില്ല. ഇടതനും, വലതവും, മൂന്നാം മുന്നണിക്കും, കള്ളനും, കൊള്ളക്കാരനും എല്ലാം കൂടി പൊതു ഖജനാവില്‍ നിന്ന് ആയിരം കോടി ചിലവാക്കിയാലും നമുക്കതില്‍ സന്തോഷമാണ്. ലക്ഷങ്ങള്‍ പൊടിക്കുന്ന ഇന്റര്‍ നാഷണല്‍ യാത്രകള്‍ ബിസിനസ്സ് ക്ലാസ്സിലും, പതിനായിരത്തില്‍ താഴെ മാത്രം ചിലവു വരുന്ന ലോക്കല്‍ യാത്രകള്‍ Cattle class-ലും. എന്തൊരു വിരോധാഭാസം. ഇന്ത്യക്കുള്ളിലെ ഈ ഇക്കണോമി ക്ലാസ് യാത്രാപ്രഹസനത്തിന് ജയ് വിളിക്കുന്ന നമ്മള്‍ ഒന്നു മറന്നുപോയി. ഇന്റര്‍നാഷണല്‍ യാത്രകള്‍ക്ക് ബിസിനസ് ക്ലാസ് ഉപേക്ഷിച്ച് Cattle Class-ല്‍ യാത്ര ചെയ്താല്‍ ഖജനാവിലെ പണത്തിന്റെ ചോര്‍ച്ചയില്‍ എന്തങ്കിലും കഴമ്പുണ്ടാകുമന്നും, ഇന്ത്യക്കുള്ളില്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്താല്‍ ലാഭിക്കുന്ന കാശ് കടലില്‍ കായം കലക്കാന്‍ ഉപയോഗിക്കുന്ന പണം പോലെ നിസാരമാണന്നും. സാമ്പത്തിക മന്ദ്യത്തില്‍ വേപഥുപൂണ്ട് ചിലവു ചുരുക്കല്‍ പദ്ധതിയായിരുന്നുവങ്കില്‍ മന്ത്രി മന്ദിരങ്ങളും M.P ബംഗ്ലാവുകളും മോടിപിടിപ്പിക്കാന്‍ നൂറുകോടി ചിലവാക്കുമായിരുന്നില്ലല്ലോ? നമുക്കൊക്കെ എന്നും ഈ കപട ലാളിത്യമാണ് വേണ്ടത്. അത് ഡോ. താരൂരിന് വശമില്ലാതെയും പോയി. ഏതായാലും Cattle Class മുഖേന ഡോ. താരൂര്‍ പാഠം പഠിച്ചുവന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി. അതായത് ഈ കപട ലാളിത്യവും വിനയവുമൊക്കെയാണ് രാഷ്ട്രീയക്കാരനു വേണ്ട മുഖ മുദ്രകളന്ന് അദ്ദേഹത്തെ നമ്മള്‍ പഠിപ്പിക്കാന്‍ ശ്രമിച്ചതിനു ഫലമുണ്ടായി എന്നു സാരം.

മാങ്ങയുള്ള മരത്തിലേ എല്ലാവരും കല്ലെറിയൂ. ഡോ. താരൂര്‍ തുമ്മുമ്പോഴും മൂക്കുചീറ്റുമ്പോഴും കളയുന്ന വിസര്‍ജ്യങ്ങളെ പോസ്റ്റുമോര്‍ട്ടം നടത്തി വിവാദങ്ങള്‍ക്ക് തിരി കൊളുത്തുന്നത് പട്ടിണി പാവങ്ങളോ, പ്രബുദ്ധരായ ജനങ്ങളോ അല്ല മറിച്ച് അദ്ദേഹത്തെ ഭയക്കുന്ന രണ്ടാം നിര രാഷ്ട്രീയക്കാര്‍ തന്നയാണ്. സ്വാര്‍ഥ രാഷ്ട്രീയത്തിന്റെ അതിജീവന തന്ത്രം മാത്രമാണത്. ആന നടന്നുപോകുമ്പോള്‍ കെട്ടിയിട്ട പട്ടികള്‍ കുരക്കും. അത് സ്വാഭാവികമാണ്. ഡോ. തരൂരിന്റെ നാട് എന്ന് ലോകം കേരളത്തെ അറിയുമ്പോള്‍, സ്വന്തം പ്രശസ്തിയോടൊപ്പം ജനിച്ച മണ്ണിനെയും പ്രശസ്തമാക്കിയ ഡോ. താരൂര്‍ വരും കാലങ്ങളില്‍ പലരുടേയും ഉറക്കം കെടുത്തുമെന്നതില്‍ സംശയമില്ല.

Holy Cows എന്ന് കേട്ട് കയറെടുത്തവര്‍-ഭാഗം-01  

ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് എന്നും അഘോഷമാണ്. നമ്മുടെ അഘോഷ ഭ്രമത്തിന്റെ ഉത്തമ ഉദാഹരണമാണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന് ചൊല്ലുതന്നെ. മുമ്പൊക്കെ ഓണവും, വിഷുവും, ഞാറ്റുവേലയുമൊക്കെ ആഘോഷിച്ചു സംത്യപ്തിയടഞ്ഞു നമ്മള്‍. ഇന്നിപ്പോള്‍ എന്നും എല്ലാവര്‍ക്കും ഓണവുമായി, ഞാറ്റുവേലയില്ലാതെയുമായി. അപ്പോള്‍ പിന്നെ നമ്മുടെ അഘോഷം ബന്ദുകളും ഹര്‍ത്താലുകളുമായി. അതിനെതിരേ കോടതി വിധിവന്നപ്പോള്‍ വിവാദമാണ് ഇപ്പോഴത്തെ അഘോഷം. ആര് വായതുറന്നാലും കണ്ണും കാതും കൂര്‍പ്പിച്ചു നമ്മള്‍ ഇരിക്കും, എന്തങ്കിലും വിവാദത്തിന് സ്കോപ്പുണ്ടാക്കാമോ എന്ന് നോക്കി. സുകുമാര്‍ അഴീക്കോടിന്റെ പക്ഷിയും, കമ്യൂണിസ്റ്റുകാരുടെ പട്ടിയും ഒക്കെ ഉദാരഹരണമാണ്. ചെറിയ രസത്തിന് തുടങ്ങുന്ന ശീലം പിന്നെ സ്വഭാവമായ് മാറുന്ന മദ്യാസക്തിപോലെ, ആഴ്ചതോറും വിവാദത്തിന്റെ ഒരു ഡോസങ്കിലും കിട്ടിയില്ലെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് ഉറക്കം വരില്ലെന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. ജനങ്ങള്‍ക്ക് വേണ്ടത് എന്തന്ന് ക്യത്യമായ് അറിയുന്ന ചാനലുകളും പത്രങ്ങളും ഡോസ് എത്തിച്ചുകൊടുക്കാന്‍ രാപകല്‍ തയ്യാറായി ഒപ്പമുള്ളപ്പോള്‍ എന്നും നമുക്ക് അഘോഷമായി.‍.

കഴിഞ്ഞ ആഴ്ച്ചത്തെ വിവാദം ഡോ. ശശി താരൂരിന്റെ Cattle Class -ഉം Holy Cows-ഉം ആയിരുന്നു. ഒരു കേന്ദ്ര മന്ത്രി ഇന്ത്യയിലെ ദരിദ്ര നാരായണന്മാരുടേയും പട്ടിണി പാവങ്ങളൂടെയും സ്വന്തം ഇക്കണോമി ക്ലാസിനെയാണ് Cattle Class പരാമര്‍ശത്തിലൂടെ അപമാനിച്ചിരിക്കുന്നത്. വളരെ അക്ഷന്തവ്യമായ കുറ്റമാണ് ഡോ. താരൂര്‍ ചെയ്തത്. അപ്പോള്‍ പിന്നെ അത് വിവാദമാക്കിയേ തീരൂ. ദിവസവും രാവിലെ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്ത് പോയി, കൂലിപ്പണി ചെയ്ത് വൈകിട്ട് അതേ ഫ്ലൈറ്റില്‍ തങ്ങളുടെ കുടിലുകളിലേക്ക് മടങ്ങിയെത്തുന്ന ജനകോടികളെയാണ് ഡോ. താരൂര്‍ അപമാനിച്ചിരിക്കുന്നത്. ദിവസവും ഇക്കണോമിക്ലാസില്‍ എറണാകുളത്ത് വന്നു ജോലി ചെയ്തു പോകുന്ന സ്വന്തം മണ്ഡലത്തിലെ ദരിദ്രനാരായണന്മാരയങ്കിലും ഡോ. താരൂര്‍ ഓര്‍ക്കണമായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ തൂപ്പും, ചായകൊടുപ്പുമായി നടന്ന വ്യക്തിയാണ് ഡോ. താരൂര്‍ എന്ന് അനന്തപുരി വാസികള്‍ അറിഞ്ഞില്ലന്നു വരെ എത്തി കാര്യങ്ങള്‍‍. ഇക്കണോമി ക്ലാസിനെ കന്നാലി ക്ലാസന്നും ഇന്ത്യയിലെ സാധാരണക്കാരെ കന്നുകാലികളന്നും ഡോ. താരൂര്‍ വിളിച്ചുവന്നു ഇനിയും വിശ്വസിക്കുന്നവര്‍ വായന ഇവിടെ നിര്‍ത്തുക. കാരണം ഇനി താഴേക്ക് നിങ്ങള്‍ വായിച്ചിട്ടു കാര്യമില്ല. നേരം വെളുക്കുവോളം രാമായണം വായിച്ചിട്ട് സീത ആരാ എന്നു ചോദിച്ചാല്‍ 'രാഭണന്റെ' ഭാര്യ എന്ന് പറയുന്നവരോട് വേദമോതിയിട്ടു കാര്യമില്ല.

Cattle class എന്ന പ്രയോഗത്തിന് കന്നുകാലി ക്ലാസ് എന്ന ഒരു അര്‍ത്ഥമല്ല. ഇക്കണോമി ക്ലാസ് എന്നുതന്നയാണ് ഡിക്ഷണറി തപ്പിയിറങ്ങിയവര്‍ക്കും കിട്ടിയത്. Coach class, Steerage എന്നിങ്ങനെയും ഇക്കണോമി ക്ലാസിനെ വിളിക്കാറുണ്ട്. ഫ്ലൈറ്റില്‍ യാത്ര ചെയ്യുന്ന ദരിദ്ര നാരായണന്മാര്‍ ഇക്കണോമി ക്ലാസ് എന്നതിനു പകരം Cattle class എന്നു തന്നയാണ് പലപ്പോഴും ഉപയോഗിക്കാറ്. കന്നാലി എന്നു കേട്ടപ്പോള്‍ മുന്നും പിന്നും നോക്കാതെ കയറെടുത്തവര്‍, ഈ പദം ഡിക്സ്ണറിയില്‍ തപ്പി കണ്ടുപിടിച്ച് വന്ന് ആദ്യ വാദം മാറ്റി, ഹിപ്പോക്രാറ്റുകള്‍ താഴേകിടയിലുള്ളവര്‍ യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസിനെ അവഹേളിക്കാന്‍ ഉപയോഗിക്കുന്ന പദമന്നാക്കി, പുതിയ നിര്‍‌വ്വചനങ്ങള്‍ നല്‍കി വിവാദത്തിനു കൊഴുപ്പുകൂട്ടി. എന്നാല്‍ യാതൊരു വിധമായ സൗകര്യങ്ങളും നല്‍കാതെ, വിമാനകമ്പനികള്‍ കന്നുകാലികളെ പോലെ ജനങ്ങളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന ക്ലാസന്ന നിലയിലാണ് Cattle class എന്ന പദമുണ്ടായതന്നും, അത്തരത്തില്‍ യാത്രക്കാരെ കണക്കാക്കുന്ന വിമാനകമ്പനികളെ അവഹേളിക്കുവാനാണ് ആ പദം ഉപയോഗിക്കുന്നതന്നും മനപ്പൂര്‍‌വ്വം വിസ്മരിച്ചു. ഈ വാക്കിന്റെ ഉത്ഭവമാകട്ടെ ഹിപ്പൊക്രാറ്റുകളില്‍ നിന്നായിരുന്നില്ല മറിച്ച് Country side-ല്‍ നിന്നായിരുന്നു താനും.

Cattle class വിലപോകുന്നില്ല എന്നു കണ്ടപ്പോള്‍ പിന്നെ Holy Cow എന്നതിലേക്ക് ചുവടുമാറി വിവാദം. Holy Cows എന്ന പ്രയോഗത്തിലൂടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെയാണ് അവഹേളിച്ചതന്നായി വിവാദം. Holy Cow എന്നതില്‍ Cow എന്ന അര്‍ത്ഥമില്ല എന്ന സ്ഥിതിയിലേക്കെത്താന്‍ അഭ്യസ്തവിദ്യര്‍പോലും Dictionary-കള്‍ അരിച്ചുപെറുക്കേണ്ടിവന്നു. Holiy Cow എന്ന Slang-ന്റെ അര്‍ത്ഥം മഹനീയമായ ആശയം/ പാലിക്കപ്പെടേണ്ട ആക്ഞ എന്ന അര്‍ത്ഥമാണുള്ളതന്ന് മനസ്സിലക്കിയപ്പോഴും, തങ്ങള്‍ക്കു പറ്റിയ അമളി അംഗീകരിക്കുവാനോ തോല്‍ക്കാനോ തയ്യാറല്ലായിരുന്നു പലരും. അപ്പോള്‍ പിന്നെ Holy Cow എന്നല്ല Holy Cows എന്നാണ് പറഞ്ഞത്, അത് തീര്‍ച്ചയായും കോണ്‍ഗ്രസ് നേതാക്കളെ ഉന്നം വച്ചുതന്നയാണ് ഡോ. താരൂര്‍ പറഞ്ഞതന്നായി. ഈ വിഷയത്തില്‍ വിവാദ ദിവസം തന്നെ ഞാന്‍ ഇട്ട ഒരു പോസ്റ്റിന് എനിക്ക് കിട്ടിയ ഒരു മറുപടി ഇപ്രകാരമാണ്.

"With our Holy Cows എന്നെഴുതിയതിനു പ്രശാന്ത് പറയുന്ന അര്‍ത്ഥം വരാന്‍ ഒരു സാധ്യതയുമില്ല.
Holy Cow എന്നല്ല ഉപയോഗിച്ചത് Holy Cows എന്നാണ്. Holy Cow എന്ന Slang ഉപയോഗിക്കുന്നത് bewilderment, surprise, or astonishment തുടങ്ങിയവയെ സൂചിപ്പിക്കാനാണ്. Bewilderment എന്നതിന്റെ അര്‍ത്ഥം വ്യാമോഹം, വിഭ്രാന്തി, അന്ധാളിപ്പ് തുടങ്ങിയവയാണ്. Surprise എന്നതിന്റെ അര്‍ത്ഥം ആകസ്മികമായ, മുന്നറിവില്ലായ്മ തുടങ്ങിയവയാണ്. Astonishment എന്നതിന്റെ അര്‍ത്ഥം. അത്ഭുതപ്പെടുത്തുന്നത് എന്നാണ്.

ഇതൊക്കെ Holy cow എന്ന വാക്ക് മാത്രം ഉപയോഗിക്കുമ്പോഴാണ്. ഇവിടെ ഉപയോഗിച്ചത് With all Our Holy Cows എന്നാണ്. മേല്‍ പറഞ്ഞ ഒരര്‍ത്ഥവും Holy Cows എന്ന പ്രയോഗത്തിനു ഇല്ല".

നമ്മുടെ അക്ഞത എത്രത്തോളം എത്തി നില്‍ക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് ഇത്. Holy Cow എന്നതിന്റെ അര്‍ത്ഥം പാലിക്കപ്പെടേണ്ട ആക്ഞ/ വിശുദ്ധ ആശയം എന്നാകുമ്പോള്‍ Holiy Cows എന്നത് അതിന്റെ ബഹുവചനമായ ആക്ഞകള്‍/ ആശയങ്ങള്‍ എന്ന് ചിന്തിക്കാന്‍ മാത്രം വിചാര ധാരയില്ലത്ത അധ:പതിച്ച ഒരു സമൂഹമാണോ നമുക്കു ചുറ്റുമുള്ളതന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
തുടരും......

2009-09-22

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്-ഭാഗം-03  

നന്ദിത മരിക്കുന്നതിന്, രണ്ടാഴ്ചമുന്‍പ് അവള്‍ ബോംബയില്‍ അജിത്തിന്റെ അടുത്തേക്കുപോയി. അപ്പോള്‍ അജിത്തിന് ഇഷ്ടമുള്ള സിഗരറ്റും, ദിനേശ് ബീഡിയും, സീസണല്ലാത്തതിനാല്‍ ലഭ്യമല്ലാതിരുന്നിട്ടും, കൂട്ടുകാരിയും ഓര്‍ഫനേജ് കോളജിലെ മലയാളം അധ്യാപികയുമായ ശ്രീലതയെയും കൂട്ടി നാടുനീളെ അലഞ്ഞ് മുത്താരം പൊടിയും ഒക്കെ അവള്‍ കൂടെ കരുതിയിരുന്നു. ബോംബയിലെ ദിവസങ്ങള്‍ ഒരുപാട് സന്തോഷത്തോടയായിരുന്നു അവള്‍ ചിലവിട്ടതന്ന് അജിത്ത് ഓര്‍ക്കുന്നു. ബോംബയില്‍ നിന്നും തിരികെ മടങ്ങും മുന്‍പ് നഗരം ചുറ്റാനിറങ്ങിയ ഒരു വൈകുന്നേരം ദാദറിലെ മുന്തിയ ഒരു ടെക്‌സ്റ്റയില്‍ ഷോപ്പില്‍ നിന്നും അവള്‍ക്കിഷ്ടപ്പെട്ട വസ്ത്രങ്ങള്‍ അജിത്ത് വാങ്ങികൊടുത്തു. അന്ന് വാങ്ങിയ ഒരു ചുരിദാറിന് ഇണങ്ങുന്ന ഷാള്‍ പത്തുകിലോമീറ്ററുകള്‍ ദൂരയുള്ള മറ്റൊരു ഷോപ്പിങ് മാളില്‍ പോയാണ് അവര്‍ വാങ്ങിയത്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളോട് അത്ര കമ്പമില്ലായിരുന്നങ്കിലും, ദിവസവും രണ്ടുതവണയങ്കിലും ലാക്ടോ കലാമിന്‍ ഉപയോഗിക്കുമായിരുന്ന നന്ദിതക്ക് പലതരത്തിലും സുഗന്ധത്തിലുമുള്ളവ അജിത്ത് വാങ്ങി നല്‍കി. മധുവിധുപോലെ സുന്ദര സുരഭിലമായ രണ്ടാഴ്ചത്തെ ആ അവധിക്കാലത്തിനുശേഷം, ദാദര്‍ സ്റ്റേഷനില്‍ നിന്നും മുത്തം നല്‍കി നന്ദിത തിരികെപ്പോരുമ്പോള്‍, ഇനി അവളുടെ ചേതനയറ്റ ശരീരമാകും കാണേണ്ടിവരിക എന്ന് അജിത്ത് വിചാരിച്ചിരുന്നേയില്ല.
Continue.....Click Here

2009-09-20

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്-ഭാഗം-02  

വിവാഹത്തിനുമുന്‍പ് നന്ദിതക്ക്, അവളുടെ കവിതകള്‍ക്ക് ചിലങ്കയണിയിച്ച ഒരു പ്രണയമുണ്ടായിരുന്നു. മതങ്ങളുടേയും, ബന്ധുക്കളുടേയും എതിപ്പുകള്‍ കാരണം ആ വിവാഹം നടക്കാതിരുന്നതിനാല്‍ നന്ദിത സ്വന്തം മാതാപിതാക്കളില്‍ നിന്നും അകന്നു. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അജിത് എന്ന കൂലിപണിക്കാരനെ നന്ദിത വിവാഹം കഴിച്ചത് അവരോടുള്ള പ്രതികാരമായ്‌ കാണേണ്ടിയിരിക്കുന്നു‍. "ഒരിക്കലും അഡ്ജസ്റ്റ്‌ ചെയ്യാന്‍ പറ്റില്ലെന്നറിഞ്ഞുകൊണ്ടു തന്നെയായിരുന്നു ബത്തേരിക്കാരനായ അജിത്തിനെ വിവാഹം കഴിച്ചത്. ഒരു വാശിതീര്‍ക്കലായി വേണം അതിനെ കാണാന്‍" എന്ന് നന്ദിതയുടെ കവിതകളുടെ മുഖവുരയില്‍ എഴുതിയിട്ടുള്ളതും, "അജിത്തും നന്ദിതയും തമ്മില്‍ പ്രണയമുണ്ടായിരുന്നോ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല" എന്ന നന്ദിതയുടെ അമ്മ, പ്രഭാവതിയുടേയും വാക്കുകളും ഇതിന് അടിവരയിടുന്നു. വിവാഹത്തിന് മുമ്പ് തന്നെ, തന്നെകുറിച്ച് എല്ലാം തുറന്നു പറഞ്ഞിരുന്ന നന്ദിതയെ, അജിത്ത് ആത്മാര്‍ത്ഥമായും സ്നേഹിച്ചിരുന്നു. എന്നാല്‍ നന്ദിതക്ക് അജിത്തിനോടുണ്ടായിരുന്നത് സ്നേഹമോ അതോ പ്രണയ നഷ്ടത്തിന് കാരണക്കാരായവരോട് പ്രതികാരം ചെയ്യാന്‍ കണ്ടത്തിയ കാമുകനോ? നന്ദിതക്ക് ഇതു രണ്ടുമായിരുന്നു അജിത്ത് എന്നുവേണം കരുതാന്‍.
Continue.....Click Here

2009-09-18

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്-ഭാഗം-01  

കേരളത്തിന്റെ ഹരിതഘട്ടം എന്നു വിശേഷിപ്പിക്കുന്ന പ്രക്യതി സുന്ദരമായ വയനാട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍, സ്നേഹത്തിനുവേണ്ടി ഉഴറുകയും അതു ലഭിക്കാതെ വന്നപ്പോള്‍ അകാലത്തില്‍ മരണത്തെ പുല്‍‌കുകയും ചെയ്ത നന്ദിത എന്ന കവയത്രിയായിരുന്നു മനസ്സുനിറയെ. വരണമാല്യം ചാര്‍ത്തി അവള്‍ വരിച്ച അജിത്തിന് എന്നും ഒരു വില്ലന്‍ പരിവേഷമായിരുന്നു വാമൊഴിയായും വരമൊഴിയായും കിട്ടിയിരുന്നത്. മേഘമുനകൊണ്ട് സ്വന്തം ഡയറിയില്‍ പ്രണയം കുറിച്ചിട്ട്, ആരോടും ഒന്നും പറയാതെ മലയാളികളുടെ മനസ്സില്‍ അവ്യക്ത സുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ച് കടന്നുപോയ നന്ദിതയുടെ മനസ്സ് കവര്‍ന്നെടുത്ത, അജിത്തിനെ കാണണം സംസാരിക്കണം എന്നതായിരുന്നു യാത്രയുടെ പ്രധാന ഉദ്ദേശം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ ചീരാല്‍ വില്ലേജിലെ വീട്ടില്‍ എത്തുമ്പോള്‍, അജിത്ത് എങ്ങനെ ആകും പ്രതികരിക്കുക എന്ന ഒരു പേടി ഇല്ലാതിരുന്നില്ല. നന്ദിതയെകുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും , പ്രണയത്തെപറ്റിയും ചോദിക്കുമ്പോള്‍ എനിക്കുനേരെ നോക്കി പൊട്ടിതെറിച്ചേക്കുമോ എന്ന നേരിയ ഒരു ഭയം എന്നെ ഗ്രസിച്ചിരുന്നു. അതിനാല്‍ അജിത്തുമായ് സംസാരിക്കും മുന്‍പുതന്നെ ആ വീടിന്റെ ഒരു ചിത്രം എടുക്കാന്‍ സഹചാരിയായ ക്യാമറയും തയ്യാറാക്കികൊണ്ടാണ് ആ പടികടന്നത്. റോഡില്‍ നിന്നും അല്പം ഉയരത്തിലുള്ള, ചെമ്പകവും അരളിയും മന്ദാരവും പൂവിടര്‍ത്തില്‍ക്കുന്ന തൊടിയില്‍, ആഡ്യത്വം പ്രതിഫലിക്കുന്ന ഓടിട്ട ആ പഴയ വീടിന്റെ പടികടന്ന് മുറ്റത്തെത്തി ചിത്രം എടുക്കാന്‍ തുടങ്ങുമ്പോഴേക്കും അജിത്തിന്റെ അമ്മ ഉമ്മറത്തേക്കിറങ്ങിവന്നു.
Continue.....Click Here

2009-09-17

ഡോ. ശശി താരൂരും, ജയന്തി നടരാജന്റെ കന്നാലി ക്ലാസും  

Kanchan Gupta asked Tharoor: "Tell us minister, next time you travel to Kerala, will it be cattle class?"

and Dr. Tharoor replied: "Absolutely, in cattle class out of solidarity with all our holy cows."

ട്വിറ്ററില്‍ അത് ഇവിടെ കാണാം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റായ 'ട്വിറ്ററി'-ല്‍ ഭാഷാ പരിജ്ഞാനമുള്ള ഒരു സുഹ്യത്തിന്റെ ചോദ്യത്തിന് നല്‍കിയ മറുപടി കോണ്‍ഗ്രസിലെ തന്നെ തക്കം പാര്‍ത്തിരുന്ന നേതാക്കള്‍ വിവാദമാക്കി ഡോ. താരൂരിനെതിരേ തിരിഞ്ഞിരിക്കയാണ്. യു. എന്നില്‍ നിന്നും തിരിച്ചെത്തിയ ഡോ. താരൂര്‍ കോണ്‍ഗ്രസില്‍ പാര്‍ട്ടിയുടെ വലിയ പടവുകള്‍ കയറിയതില്‍ പാര്‍ട്ടിയിലെ തന്നെ വലിയ വിഭാഗത്തിന് അത്യപ്തിയുണ്ട്. എവിടയും ഡോ. താരൂര്‍ ശ്രദ്ധാകേന്ദ്രമാകുന്നത് പലരേയും അലോസരപ്പെടുത്തുന്നതുമാണ് ഈ വിവാദത്തിനു പിന്നില്‍.

അമേരിക്കന്‍ ഇംഗ്ലീഷില്‍ സര്‍‌വ്വ സാധാരണമായ് ഉപയോഗിക്കുന്ന ഒരു സ്ലാംങ് മാത്രമാണ് Cattle Class, Holy Cows എന്നീ പ്രയോഗങ്ങള്‍. വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ Economy class എന്ന് ഉപയോഗിക്കുന്നതിനു പകരം Cattle class എന്നാണ് പൊതുവേ ഉപയോഗിക്കാറ്. Cattle class എന്നതിന് Economic class എന്നു മാത്രമേ അര്‍ത്ഥമുള്ളൂ. ഡോ. താരൂര്‍ ഉപയോഗിച്ച ആ രണ്ടു സ്ലാങ്ങുകളുടെയും അര്‍ത്ഥവും ഉപയോഗവും ഇങ്ങനെ.

Economy class, (also called coach class, Steerage, standard class, or cattle class), is the lowest class of seating in air travel and rail travel.

Although it can have limited legroom and amenities, it is favoured by many travellers as it offers the cheapest seats.

http://en.wikipedia.org/wiki/Economy_class
http://www.urbandictionary.com/define.php?term=cattle+class

--------------------------------------------

Holy cow

–noun Slang. (used to express bewilderment, surprise, or astonishment.)

Use holy cow in a Sentence
See web results for holy cow
See images of holy cow

http://dictionary.reference.com/browse/holy+cow
http://www.urbandictionary.com/define.php?term=holy+cow

ഇത്തരം ടിപ്പിക്കല്‍ സ്ലാങ്‌-കളുടെ അര്‍ത്ഥം മനസ്സിലാകണമങ്കില്‍ വിദ്യാഭ്യാസം മാത്രം പോരാ നല്ല ഭാഷാ പരിജ്ഞാനവും കൂടിയുണ്ടാകണം. ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കയില്‍ ചിലവിട്ട ഡോ. താരൂര്‍ ഇന്ത്യയിലെ ജയന്തി നടരാജന്‍ പോലെയുള്ള നേതാക്കളുടെ ഭാഷാ പാണ്ഡിത്വത്തെ കുറിച്ച് അറിയാതെ പോയി. എന്നാല്‍ ഇതിനെ ഏറ്റുപിടിച്ച് പദാനുപദ തര്‍ജ്ജമ നടത്തി പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളും രംഗത്തെത്തിയപ്പോള്‍ കാളപെറ്റു എന്നു കേട്ടപ്പോള്‍ കയറെടുത്ത അവസ്ഥയിലായി. മലയാള പത്രങ്ങള്‍ ഒരുപടികൂടി മുന്നോട്ടുപോയി. Catlle class എന്നതിനെ കന്നുകാലി ക്ലാസന്നും, Holy Cow എന്നതിനെ വിശുദ്ധ പശുക്കളന്നും പരിഭാഷപ്പെടുത്തി ഭാഷയെ വികലമാക്കി ഇളിഭ്യരായി.

Cow boy എന്നതിനെ കന്നുകാലി ചെക്കന്‍ എന്നും, Crowd എന്നതിനെ കന്നാലികൂട്ടമന്നും വിവര്‍ത്തനം ചെയ്യുമ്പോലെ വിഡ്ഡിത്തമാണിത്. (doz of cows എന്നതില്‍ നിന്നുമാണ് Crowd എന്ന വാക്ക് രൂപപ്പെട്ടത്). പാഠപുസ്തകത്തിലെ അച്ചടി ഇംഗ്ലീഷ് മനപാഠമാക്കി ഉരുവിട്ടു പഠിച്ച നമുക്ക് ഈ പദാനുപദ വിവര്‍ത്തനം മാത്രമേ അറിയൂ എന്ന് പാവം ഡോ. താരൂര്‍ അറിയാതെ പോയി.

One month ago, Dr. Taroor in Cattle Class with other Holy Cows (Travel to Kochin in August 2009)

ഓ.ടോ. എംടിവി അവാര്‍ഡിനിടെ വെസ്റ്റ് മൈക്ക് തട്ടി പറിച്ചതിനെ കുറിച്ച് “അണ്‍ ഒഫീഷ്യല്‍” ആയി നടത്തിയ ഒരു ഇന്റര്‍വ്യൂ വെസ്റ്റ് ഒരു “ജാക്ക് ആസ്സ്” ആണെന്ന് ഒബാമ പറഞ്ഞതായി അവിടെയുണ്ടായിരുന്ന എബിസി ജോലിക്കാര്‍ ട്വിറ്ററിലിട്ടു.. അതിന് പിന്നീട് അവര്‍ മാപ്പുപറഞ്ഞ സം‌ഭവം ഇവിടെ വായിക്കാവുന്നതാണ്.

2009-09-16

നന്ദിത - മരണത്തെ സ്നേഹിച്ച പ്രണയിനി  

വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകര മാസത്തിലെ തണുത്ത രാത്രിയില്‍ അവ്യക്ത സുന്ദരമായ ഒരു വളകിലുക്കം അവശേഷി- പ്പിച്ചുകൊണ്ട് രണ്ടു മുഴം നീളമുള്ള ചുരിദാര്‍ ദുപ്പട്ടയില്‍ നന്ദിത എന്ന സംഗീത തുന്ദിലിതമായ നാമം പിടഞ്ഞു മരിച്ചപ്പോള്‍, സുഹ്യത്തു-ക്കളേയോ ബന്ധു ജനങ്ങളേയോ എന്നല്ല അവനവനെ തന്നെ ബോധ്യപ്പെടുത്താ- നാവാത്ത ഒരു സമസ്യയാണ് ആത്മഹത്യ എന്ന് നമുക്ക് കാട്ടിതരികയായിരുന്നു.

ദാമ്പത്യജീവിതത്തിലെ താളപിഴകളാണ് ആ മരണത്തിനു കാരണമന്ന് സുഹ്യത്തുക്കളും ബന്ധുക്കളും വിധിയെഴുതി. എന്നാല്‍ അജ്ഞാതമായ കാരണങ്ങളാല്‍ മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയ സുന്ദരിയായ പെണ്‍കുട്ടിയുടെ തലയിണക്കടിയില്‍ നിന്നും കണ്ടെടുത്ത, ഡയറികുറിപ്പുകളായ് എഴുതിയ 59 കവിതകളടങ്ങിയ ഡയറി, ഉത്തരം കിട്ടാത്ത അനേകം ദുരൂഹതകളിലേക്കാണ് കൊണ്ടെത്തിച്ചത്. നന്ദിത രഹസ്യമാക്കി സൂക്ഷിച്ചിരുന്ന നമ്പര്‍ ലോക്കിട്ട് ഭദ്രമക്കപ്പെട്ട ഇരുമ്പുപെട്ടി കുത്തിപൊളിച്ചതും, കണ്ടെടുക്കപ്പെട്ട ഡയറിയിലെ താളുകള്‍ ചീന്തിയെടുക്കപ്പെട്ടതും എന്തിനെന്നത് നന്ദിതയുടെ ഭര്‍ത്താവായ അജിത്തിന് മാത്രം അറിയാവുന്ന രഹസ്യം.

എന്തിനായിരുന്നു നന്ദിത മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയത്? കൗമാരകാലം മുതല്‍ ഒരു ഉന്മാദിയെപോലെ നന്ദിത എന്നും മരണത്തെ സ്നേഹിച്ചിരുന്നു എന്നു വേണം അനുമാനിക്കാന്‍. 1982-ല്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കവിതയെഴുതിതുടങ്ങിയ നന്ദിത, കവിതകള്‍ എഴുതിയിരുന്നു എന്നറിയുന്നത് 1999-ല്‍ അവള്‍ മരിച്ചതിനു ശേഷം മാത്രം. ഡയറിയില്‍ സ്വന്തം കുറിപ്പുകള്‍ക്ക് താഴെ കൈയ്യൊപ്പിടാറുണ്ടായിരുന്ന നന്ദിതയുടെ ചില കവിതകളുടെ താഴെ പവിത്രന്‍, അമ്മു എന്നീ അപരിചിതവും അജ്ഞാതവുമായ പേരുകള്‍ കൊണ്ട് വ്യത്യസ്തമായ കൈപ്പടയില്‍ ഒപ്പിട്ടിരുന്നു. അമ്മു എന്നത് നന്ദിത മകള്‍ക്കിടാന്‍ കാത്തുവച്ചിരുന്ന പേരായിരുന്നുവന്ന് അജിത് പറയുന്നു.

"ഇന്നലെ രാത്രിയിലും
ഏതോ ഒരു പൂവിരിഞ്ഞിരിക്കും
ആ സുഗന്ധത്തില്‍ ആരൊക്കെയോ
മരിച്ചു വീണിരിക്കും" എന്ന കവിതയുടെ അടിയില്‍ പവിത്രന്‍ എന്ന പേരില്‍ ഒപ്പിട്ടിരുന്നു. മറ്റു പല കവിതകളുടേയും അരികില്‍ It is great, Very Nice, Excellent എന്നിങ്ങനെ പവിത്രന്റെ തന്നെ കൈപ്പടയില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരാകരിക്കപ്പെട്ട നക്ഷത്ര സ്നേഹത്തിന്റെ അജ്ഞാത കരങ്ങളാകാം അതെന്ന് അജിത്തും വിശ്വസിക്കുന്നു.

നന്ദിത എന്നും വീട്ടുകാരില്‍ നിന്നും അകന്നു നിന്നായിരുന്നു സ്കൂള്‍ പഠനവും കലാലയ ജീവിതവും പൂര്‍ത്തിയാക്കിയത്. ഹോസ്റ്റലില്‍നിന്ന നന്ദിത തെന്റെ ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമായ കലാലയ ജീവിതം നന്നായി ആഘോഷിച്ചു. കോളജിലെ ആദ്യദിവസം, റാഗിംങ് ഗ്രൂപ്പിലുണ്ടായിരുന്ന നന്ദിത, നാട്ടുകാരി എന്ന പരിഗണനയില്‍ തന്നെ റാഗിംങില്‍ നിന്നും ഒഴിവാക്കിയതും, പച്ച ഹാഫ്‌ സ്ലീവ് ചുരിദാറുമിട്ട് ഹോസ്റ്റലിന്റെ മുന്നില്‍ വൈകുന്നേരങ്ങളില്‍ നന്ദിത സുഹ്യത്തുക്കളോട് സൊറപറഞ്ഞിരിക്കുന്നതും ജൂനിയറും നാട്ടുകാരിയുമായ സുമ ഇന്നലെപോലെ ഓര്‍ക്കുന്നു. കലാലയത്തില്‍ ഒരു പൂമ്പാറ്റയെപോലെ പറന്നുനടഞ്ഞ നന്ദിത സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും കലാസാഹിതിയിലും ഊര്‍ജ്ജസ്വലതയുള്ള ഒരു സംഘാടകകൂടിയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി 1993-ല്‍ നന്ദിത വയനാട്ടിലെ സ്വന്തം വീട്ടില്‍ തിരിച്ചെത്തി.

വ്യക്തിപരമായ, ഇന്നും നന്ദിതയുടെ ആരാധകര്‍ ദുരൂഹമന്നു കരുതുന്ന ഒരു സംഭവത്തെ തുടര്‍ന്ന് നന്ദിത വീട് വിട്ട് ചിരാലിലുള്ള ചെറിയമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി. അത് നന്ദിതയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ചെറിയമ്മയുടെ വീട്ടില്‍ വച്ചാണ് നന്ദിത അജിത്തെന്ന സുമുഖനായ അയല്‍‌വാസിയെ ആദ്യമായ് കാണുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും യാതൊരു വിധ സാമ്യതയുമില്ലാതിരുന്നിട്ടും നന്ദിത അജിത്തുമായ് അടുപ്പത്തിലായി. വയനാട്ടിലും കോഴിക്കോടും മറ്റുമായ് അജിത്തിന്റെ ഒപ്പം തന്റെ പ്രണയകാലം ആഘോഷിച്ച നന്ദിത ഫാറൂക്കില്‍ വച്ച് അജിത്തിനെ രജിസ്റ്റര്‍ മാര്യേജ് ചെയ്ത് സ്വന്തം വീട്ടുകാരോട് പകപോക്കി. എന്തിന്റെ പേരിലാണ് നന്ദിത അജിത്തിനെ വിവാഹം കഴിച്ചതന്ന് മനസ്സിലാകുന്നില്ലന്ന് നന്ദിതയുടെ ബന്ധുവായ അജിത് നായറും, അജിത്തും നന്ദിതയും തമ്മില്‍ പ്രണയമുണ്ടായിരുന്നോ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലന്ന് നന്ദിതയുടെ അമ്മ പ്രഭാവതിയും, നന്ദിതയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയും, ക്യാന്‍സര്‍ ബാധിച്ച് അകാലത്തില്‍ പൊലിഞ്ഞുപോയ മുട്ടില്‍ വയനാട്‌ മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ മലയാളം അദ്ധ്യാപികയായിരുന്നു ശ്രീലതയും പറയുന്നു.

"നീ നിര്‍വ്വികാരനാണ്, മോഹമില്ലാത്തവന്‍, നിനക്ക് എന്റെ ദു:ഖങ്ങളോട് പ്രതികരിക്കാന്‍ കഴിയില്ല, നമ്മള്‍ തമ്മില്‍ ഒരേ സാമ്യത മാത്രം, നമ്മുടെ മനസ്സില്‍ ശൂന്യത കുടിയേറിയിരിക്കുന്നു" എന്ന് അജിത്തിനെ ആദ്യമായ് കാണുന്നതിനും വളരെ നാളുകള്‍ക്ക് മുന്‍പേ, തന്റെ ഡയറിയില്‍ എഴുതിയ നന്ദിത രണ്ടുതവണ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു. പക്ഷേ അജിത്തിന് സമ്മതമായിരുന്നില്ല. അജിത്തിന്റെ ഇഷ്ടപ്രകാരമല്ലാതെ വിവാഹമോചനത്തിന് നന്ദിതയും തയ്യാറായിരുന്നില്ല. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും അവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നുവങ്കിലും അജിത്തിന് നന്ദിതയെ പ്രാണനായിരുന്നുവന്ന് നന്ദിതയുടെ അമ്മയും കൂട്ടുകാരി ശ്രീലതയും ശരിവയ്ക്കുന്നു.

വിവാഹത്തിനു മുന്‍പും അതിനു ശേഷവും ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്ത നന്ദിത ഒരിക്കല്‍ മാത്രം പച്ചകല്ലു വച്ച ഒരു നഗപടതാലി വേണമന്ന് അജിത്തിനോട് ആവശ്യപ്പെട്ടു. ജോലിയോ മറ്റ് വരുമാനമോ ഒന്നും ഇല്ലാതിരുന്നിട്ടും അജിത് ആ ആഗ്രഹം സാധിച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് ഗള്‍ഫില്‍ പോകാനായ് ബോംബെയിലേക്ക് പോയ അജിത്തിന് ചില സാങ്കേതിക കാരണങ്ങളാല്‍ പോകാന്‍ കഴിയാതെ വരികയും ബോബെയില്‍ തന്നെ കുറെ നാള്‍ തങ്ങേണ്ടി വരികയും ചെയ്തു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാടുമുഴുവന്‍ അലഞ്ഞ് അജിത്തിന് ഇഷ്ടമുള്ള സാധനങ്ങളെല്ലാം വാങ്ങികൂട്ടി, കോളജില്‍ നിന്നും ലീവെടുത്ത് നന്ദിത ബോംബയിലെക്ക് പോയി. ഒരുപാട് സന്തോഷവതിയായ് ഏതാനും ദിവസങ്ങള്‍ ബോംബയില്‍ അജിത്തിനൊപ്പം ചിലവഴിച്ച് നന്ദിത നാട്ടിലേക്ക് തിരിച്ചുപോന്നു. മുസ്ലിം ഓര്‍ഫനേജ്‌ കോളേജില്‍ മറ്റൊരാളുടെ ലീവ് വേക്കന്‍സിയിലായിരുന്നു നന്ദിത ജോലി ചെയ്തിരുന്നത്. ഇടക്കൊക്കെ കൊടൈകനാലിലേക്ക് പോയിരുന്ന നന്ദിത ബോംബെയില്‍ നിന്നും തിരിച്ചെത്തിയ ശേഷം ഒരിക്കല്‍ കൂടി കൊടൈകനാലിലേക്ക് പോയി. അവിടനിന്നും തിരിച്ചെത്തുമ്പോള്‍ നന്ദിതക്ക് കോളജില്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍കൂടിയായിരുന്നു ബാക്കി.

സി‌ല്‍‌വിയ പ്ലാത്തിന്റെ മരണ വാസനയുള്ള കവിതകളേയും, ആത്മഹത്യാരീതിയേയും ആരാധിച്ചിരുന്ന നന്ദിത, അവരുടെ കവിതകള്‍ക്കായി തന്റെ സ്വകാര്യ ഗ്രന്ഥശാലയില്‍ പ്രത്യേക ഇടം കണ്ടത്തിയിരുന്നു. മരിക്കുന്ന ദിവസം രാത്രിയില്‍ അത്താഴം കഴിഞ്ഞ് "എനിക്ക് ഒരു എസ്. റ്റി. ഡി കോള്‍ വരാനുണ്ട്, ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തോളാം" എന്ന് അമ്മയോട് പറഞ്ഞ് ഫോണ്‍കോളിനായ് കാത്തിരുന്നു. രാത്രി ക്യത്യം പത്തരക്ക് വന്ന ഫോണ്‍കോള്‍ നന്ദിതതന്നെ അറ്റന്‍ഡ് ചെയ്തു. വളരെ സന്തോഷവതിയായ് സംസാരിച്ചു തുടങ്ങിയ നന്ദിത ഫോണ്‍ കട്ട് ചെയ്യുമ്പോഴേക്കും വല്ലാതെ അസ്വസ്ഥയായിരുന്നു. മുകളിലത്തെ മുറിയില്‍ കൂട്ടിലിട്ട വെരുകിനെപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നന്ദിതയെ കണ്ടുകൊണ്ടാണ് അമ്മ പ്രഭാവതി ഉറങ്ങാന്‍ കിടന്നത്. കുറെ കഴിയുമ്പോള്‍ അവള്‍ കയറികിടന്ന് ഉറങ്ങിക്കൊള്ളും എന്നു കരുതിയ അവര്‍ ഉറങ്ങിപോയി. എന്തോ ഒരു ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്ന് ഓടിചെന്ന് നോക്കുമ്പോള്‍ ചുവരില്‍ ഒരു മുഴുനീളന്‍ നിഴല്‍ ആടുന്നതാണ് കണ്ടത്. അറുത്ത് താഴയിടുമ്പോള്‍ നല്ല ചൂടുണ്ടായിരുന്ന അവളുടെ ശരീരത്തില്‍ ജീവന്‍ നിലച്ചിരുന്നോ എന്നു സംശയം.

"ഞാന്‍ ഉരുകുകയാണ് ഉരുകുകയാണ്
ഉരുകുകയാണ്
നീയല്ലാതെ യാതൊന്നും
എന്നില്‍ ശേഷിക്കുന്നില്ല" എന്ന മാധവികുട്ടിയുടെ വരികള്‍ ഡയറിയിലെ മുഖകുറിപ്പായ് കുറിച്ചിട്ടിരുന്ന നന്ദിതയെ ഇത്രത്തോളം ഉരുക്കിയതെന്തായിരുന്നു? ഡയറിയിലെ ചില താളുകളില്‍ ചില പ്രത്യേക തീയ്യതികളുടെ അടിയില്‍ Missed you terribly എന്ന് എഴുതി വച്ചിട്ടുണ്ട്. ആരെയായിരുന്നു നന്ദിത ഇത്രത്തോളം നഷ്ടപ്പെടുത്തിയത്? "എനിക്ക് നഷ്ടമായത് എന്റെ ലക്ഷ്യമാണ്, എന്റെ ഹ്യദയമാണ്, എന്റെ നഷ്ടത്തെ ഞാന്‍ ശ്വസിക്കുന്നു" എന്നെഴുതിയ നന്ദിതയുടെ ഹ്യദയത്തിനുമേല്‍ കൈയ്യൊപ്പിട്ട ആ കരങ്ങള്‍ നഷ്ടമാകാന്‍ ആരായിരുന്നു കാരണക്കാര്‍? മരിക്കുന്നതിനു തൊട്ടുമുന്‍പ് വന്ന ആ അജ്ഞാത ഫോണ്‍കോള്‍ ആരുടേതായിരുന്നുവന്ന് വ്യക്തമായും അറിയുന്ന അജിത്ത്, അത് വെളിപ്പെടുത്താന്‍ തയ്യാറാകാത്തിടത്തോളം നന്ദിതയുടെ ആരാധകര്‍ക്ക് അത് എന്നും ഒരു ദുരൂഹത മാത്രമായിരിക്കും.

പുനപ്രസിദ്ധീകരണം.

2009-09-12

ആനന്ദ് ജോണും വിതുര പെണ്‍കുട്ടിയും  

ആനന്ദ് ജോണ്‍ അലക്സാണ്ടര്‍. ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിലെ ഒന്നാംനിര ഫാഷന്‍ ഡിസൈനര്‍മാരില്‍ ഒരാളായി ഉയര്‍ന്ന വമ്പന്‍. വയസ് 34. ലോകത്തിലെ പത്ത് സെക്സിയസ്റ്റ് പുരുഷന്മാരില്‍ ഒരാള്‍. ജോലി ഫാഷന്‍ ഡിസൈനിംഗ്. വരുമാനം കോടികള്‍. പക്ഷേ അതിപ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നും വിധി ആനന്ദിന് കരുതിവെച്ചത് മറ്റൊന്നായിരുന്നു. അന്‍പത്തിയൊന്‍പത് വര്‍ഷം നീണ്ടുനില്‍ക്കുന്ന ജയില്‍ വാസം. അതും ലൈംഗിക പീഢനത്തിന്. കേള്‍ക്കുമ്പോള്‍ അത്‌ഭുതം തോന്നുന്നുണ്ടോ? പക്ഷേ അതാണ് യാഥാര്‍ത്ഥ്യം. സിനിമാക്കഥയെപ്പോലും വെല്ലുന്ന തരത്തിലാണ് കോടികണക്കിന് ആരാധകരുള്ള ആനന്ദിന്റെ ജീവിതം കീഴ്‌മേല്‍ മറിക്കപ്പെട്ടത്.

വിഖ്യാത ഗായകന്‍ കെ.ജെ. യേശുദാസിന്റെ ഭാര്യാ സഹോദരിയുടെ മകനായ ആനന്ദ് ജോണ്‍, കേരളത്തിലും ചെന്നൈയിലുമായ് സ്ക്കൂള്‍ വിദ്യാഭ്യാസം നേടിയശേഷം, അമ്മ ശശി എബ്രഹാമിനും സഹോദരി സഞ്ജനക്കുമൊപ്പം അമേരിക്കയിലേക്ക് ചേക്കേറി. അതിയായ ചിത്രകലാ വാസനയുണ്ടായിരുന്ന ആനന്ദ്, ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ പാഴ്‌സണ്‍സ് സ്‌കൂള്‍ ഓഫ് ഡിസൈനില്‍ നിന്ന്, ഫാഷന്‍ ഡിസൈനില്‍ ബിരുദം നേടി. അപസര്‍പ്പക കഥയിലെ നായകനെ വെല്ലും വിധത്തിലായിരുന്നു പിന്നീടുള്ള ആനന്ദിന്റെ വളര്‍ച്ച. അമേരിക്കയിലെ ഏറ്റവും മികച്ച ഫാഷന്‍ സ്ഥാപനമായ ഡോറകാരനില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍, ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. പിന്നീടങ്ങോട്ട് ആനന്ദിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 'അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍' എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകനായ് പ്രത്യക്ഷപ്പെട്ട ആനന്ദ് യുവഹ്യദയങ്ങളുടെ ഹരമായി. പാരിസ് ഹില്‍ട്ടനും, മേരി ജെ. ബില്‍ജും പോലുള്ള പ്രശസ്ത മോഡലുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. അതോടെ ഫാഷന്‍ ഡിസൈനിംഗില്‍ ആനന്ദ് തരംഗം അലയടിക്കാന്‍ തുടങ്ങി. ആനന്ദിന്റെ ഡിസൈനുകള്‍ കാണാന്‍ പതിനായിരകണക്കിന് റാമ്പുകള്‍ ഒരുങ്ങി. ഒരു തവണയെങ്കിലും ആ വേഷങ്ങള്‍ക്ക് മോഡലാകാന്‍ പെണ്‍കുട്ടികള്‍ കാത്തുനിന്നു. അമേരിക്കക്കാര്‍ക്ക് ആനന്ദിന്റെ ഡിസൈനുകള്‍ ആവേശമായി മാറി. ആഭരണ ഡിസൈനിംഗിലും ഇതിനിടയില്‍ ആനന്ദ് ശ്രദ്ധ പതിപ്പിച്ചു. ലോകത്തിലെ പല രാജകുംടുംബങ്ങളുടെയും പ്രധാന ഡിസൈനറായി ആനന്ദ് ജോണ്‍ മാറി. ആനന്ദിന്റെ മെയില്‍ ബോക്സുകള്‍ പ്രണയാഭ്യാര്‍ത്ഥനകള്‍ കൊണ്ട് നിറഞ്ഞു.

പ്രശസ്തിയില്‍ നിന്ന് പ്രശസ്തിയിലേക്ക് കുതിക്കുന്ന- തിനനുസരിച്ച് ആനന്ദിനെ പറ്റി പല കഥകളും പ്രചരിക്കാന്‍ തുടങ്ങി. 1999-ല്‍ ഫാഷന്‍ ഡിസൈനിങ് രംഗത്തെത്തിയ ആനന്ദിനെതിരെ 2001 മുതല്‍ ആനന്ദിനൊപ്പം ജോലി ചെയ്തിരുന്ന മോഡലുകള്‍ ലൈംഗികപീഡന കേസുകളുമായ് പുറത്തുവന്നു തുടങ്ങി. തങ്ങളെ ബലാത്സംഗം ചെയ്തുവെന്നും പലപ്പോഴും വദന സുരതത്തിന് വിധേയമാക്കിയെന്നും അവര്‍ വെളിപ്പെടുത്തി. ഹോളി ഗേവല്‍ എന്ന മോഡലാണ് ആദ്യം രംഗത്ത് എത്തിയത്. ന്യൂയോര്‍ക്കില്‍ വെച്ച് ആനന്ദ് തന്നെ ബലാത്സംഗംചെയ്തുവെന്നും പലതവണ വദനസുരതത്തിന് വിധേയമാക്കിയെന്നും ഈ പെണ്‍‌കുട്ടി ആരോപിച്ചു. അതോടെ മാധ്യമങ്ങളും ടാബ്ലോയ്‌ഡുകളും പ്രശ്നം ഏറ്റെടുത്തു. ചൂടന്‍ അനുഭവങ്ങള്‍ ഭാവനാ വിലാസത്തിനനുസരിച്ച് ഹോളി ഗേവല്‍ വിവരിച്ചു നല്‍കി. ആനന്ദ് ജോണിന്റെ മറവില്‍, ഹോളി ഗേവല്‍ പെട്ടെന്ന് തന്നെ പ്രശസ്തയുമായി. ഈ പാത പിന്തുടര്‍ന്ന് മുപ്പതോളം മോഡലുകള്‍ ആനന്ദ് ജോണിനെതിരെ ആരോപണവുമായി രംഗത്ത് എത്തി. എല്ലാവര്‍ക്കും ഹോളിഗേവലിന്റെ കഥയുടെ ആവര്‍ത്തനം തന്നെയാണ് ഉണ്ടായിരുന്നത്. ബെവെര്‍ലി ഹില്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് ഒരു മോഡല്‍ പറഞ്ഞതോടെ 2007-ലാണ് പോലീസ് കേസിലിടപെടുന്നത്.

ഫാഷന്‍ ഡിസൈനിംങില്‍ താല്പര്യമുള്ള 14-നും 21-നും ഇടയില്‍ പ്രായമുള്ള യുവതികളെ മോഹനസുന്ദര വാഗ്‌ദാനങ്ങള്‍ നല്‍കി, ഹോളിവുഡിലെ തന്റെ അപ്പാര്‍ട്ട്മെന്റില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവന്നതായിരുന്നു ആനന്ദ് ജോണിനെതിരേയുയുണ്ടായിരുന്ന കേസ്. കേസുകളില്‍ 43 എണ്ണവും തള്ളിപ്പോയി എങ്കിലും ശേഷിച്ച 16 കേസുകളിലായി 14 വര്‍ഷത്തെ തടവും അതിനുശേഷം 45 വര്‍ഷത്തെ ജീവപര്യന്തവും ആനന്ദിന് ഈ കഴിഞ്ഞ സെപ്റ്റംബര്‍ 1-ന് കോടതി വിധിച്ചു. ഇതിനുപുറമേ ന്യൂയോര്‍ക്കിലും, ഡള്ളാസിലും അന്വേഷണം നടക്കുന്ന പീഡന കേസുകള്‍ വേറയും. തടവുകഴിഞ്ഞ് ഇനി പുറത്തിറഞ്ഞാന്‍ ആനന്ദ് 93 വയസ്സു വരെ കാത്തിരിക്കണം. ചുരുക്കി പറഞ്ഞാല്‍ ആനന്ദ് ജീവിതകാലത്തൊരിക്കലും ഇനി പുറം ലോകം കാണില്ലന്നു സാരം.

തനിക്ക് രക്ഷപെടാനുള്ള എല്ലാ പഴുതുകളും അടയുകയാണന്ന് മനസ്സിലാക്കിയ സൂപ്പര്‍ മോഡല്‍ സിനിമാ കഥകളിലെ നായകന്മാരെ പോലെ കോട്ടും ഗൗണുമണിഞ്ഞ് കോടതിയില്‍ സ്വയം വാദിക്കയായിരുന്നു. നിയമത്തിന്റെ മുടിനാരിഴകള്‍ കീറിമുറിച്ച് പഠിച്ച വക്കീലിനേക്കാള്‍, ജീവിതാനുഭവങ്ങള്‍ തെളിവു നിരത്തി വാദിച്ചു ജയിക്കാന്‍ ശ്രമിച്ച ആനന്ദിന് തന്റെ വിധിയെ മാറ്റി മറിക്കാന്‍ കഴിഞ്ഞില്ല. ഇക്കിളി കഥള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തെഴുതി സര്‍ക്കുലേഷന്‍ കൂട്ടാന്‍ ശ്രമിക്കുന്ന മലയാളം പത്രങ്ങള്‍ക്ക് ഉപയോഗിക്കാ- മായിരുന്ന ഒരു ഇരയായിരുന്നിട്ടും ആനന്ദിന്റെ കാര്യത്തില്‍ പീഡനകഥകളുടെ പരമ്പരകളെഴുതി നമ്മുടെ പത്രങ്ങള്‍ ആഘോഷിച്ചില്ല. ശില്‍പാ ഷെട്ടിയുടെ കാര്യത്തില്‍ എന്നപോലെ ഒരു വര്‍ഗ്ഗീയ വിവാദം പോലും ഉയര്‍ത്തിക്കൊണ്ട് വന്നില്ല. എന്തിലും ഏതിലും പ്രശസ്ത‌രെ മലയാളിത്തവുമായ് കൂട്ടികെട്ടുന്ന മനോരമ, ഒരിക്കല്‍ പോലും ഗാനഗന്ധര്‍‌വ്വന്റെ പോരുച്ചരിച്ചും കണ്ടില്ല. എന്നും ഇത്തരം അവസരങ്ങള്‍ മുതലെടുക്കുന്ന മലയാള മനോര ആനന്ദ് ജോണ്‍ വംശീയ വാദനത്തിന്റെ രക്തസാക്ഷിയാണെന്ന് സ്ഥാപിക്കനായിരുന്നു ശ്രമിച്ചത്. അതു ശരിയോ തെറ്റോ എന്ന് അറിയില്ല. എന്നാല്‍ മനോരമ അവരുടെ ഓണ്‍ലൈന്‍ പിക്ചര്‍ ഗാലറിയില്‍ ആനന്ദ് ജോണിന്റെ ചിത്രങ്ങള്‍ കൊടുത്തിട്ടുണ്ട്. ഏതങ്കിലും ഒരു പെണ്ണിനെ കെട്ടിപിടിച്ചുകൊണ്ടാല്ലാതെയുള്ള, ആനന്ദിന്റെ ഒരു ചിത്രം പോലും കണ്ടെത്താന്‍ മനോരമക്കു കഴിഞ്ഞില്ല എന്നു വേണം കരുതാന്‍.

എന്നും, എന്തിനും ഏതിനും, അമേരിക്കന്‍ സംസ്കാരത്തെ കുറ്റം പറയുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ നിയമങ്ങളും നിയമവ്യവസ്ഥകളും എല്ലാ പൗരനും ഒരുപോലെയാണന്ന കപട നിയമസംഹിതയുള്ള ഇന്ത്യയില്‍, ലൈംഗിക പീഡനകേസുകളില്‍ അതിനിരയായ പെണ്‍കുട്ടികള്‍ എന്നും നമ്മുടെ കോടതിമുറികളിലും പീഡിപ്പിക്കപ്പെടുകയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിചാരണ കൂട്ടില്‍ നിര്‍ത്തി പീഡനകഥകള്‍ ചോദിച്ച് വക്കീലന്മാരും, ജഡ്ജിയും രസിക്കും. അവസാനം അപമാനഭാരവും, കോടതിമുറികളിലെ പരിഹാസവും സഹിക്കവയ്യാതെ ഒന്നുകില്‍ പെണ്‍കുട്ടി കേസ് വേണ്ടന്നു വയ്ക്കും. ഇല്ലങ്കില്‍ പീഡിപ്പിച്ചതിന് ദ്യക്‌സാക്ഷികളില്ല, പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് അത് തെളിയിക്കാന്‍ കഴിഞ്ഞില്ല എന്ന പതിവു പല്ലവിയില്‍ എല്ലാ പ്രതികളും പുണ്യവാളന്മാരായ് പുറത്തുവരും. പീഡനത്തിനിരയായത് അത്താഴപട്ടിണിക്കാരന്റെ മകളും, പീഡിപ്പിച്ചത് നിയമം വിലക്ക് വാങ്ങുന്ന വമ്പന്‍ സ്രാവുകളുമാകുമ്പോള്‍ കോടതികള്‍ അതിന് നിര്‍ബന്ധിക്കപ്പെടുകയാണ്. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതന്ന് നിര്‍ബന്ധം പിടിക്കുന്ന നമ്മുടെ കോടതികള്‍, ആയിരകണക്കിന് കുറ്റവാളികളെ രക്ഷപെടുത്തുകയാണ് ചെയ്യുന്നത്. ആനന്ദ് ജോണിന്റെ ശിക്ഷാവിധിയും, നീതി നിഷേധത്തിന് ഇരയായ വിതുര പെണ്‍കുട്ടിയുടെ കണ്ണീരും കൂട്ടിവായിക്കുമ്പോള്‍ നമ്മുടെ കോടതികളോട് തോന്നുന്ന പുച്ഛം, ഓരോ മലയാളിയുടേയും മനസ്സില്‍ ഇന്ത്യയിലെ നിയമവ്യവസ്ഥയോടുള്ള വെറുപ്പിന്റെ തീപടര്‍ത്തുന്നില്ലേ?

2009-09-03

ഇന്‍റര്‍നെറ്റിന് നാല്‍‌പത് വയസ്സ്  

ഇന്‍റര്‍നെറ്റിന് കഴിഞ്ഞ സെപ്തംബര്‍ രണ്ടിന് 40 വയസ്സ് തികഞ്ഞു. 1969 സപ്തംബര്‍ രണ്ടിന് ലോസ് ഏഞ്ചല്‍സിലെ, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. ലിയോനാര്‍ഡ് ക്ലീന്റോക്കിന്റെ ലാബിലായിരുന്നു ഇന്‍റര്‍നെറ്റ് പിറവിയെടുത്തത്. റഷ്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹമായ സ്പുട്നിക്കിന്റെ വിക്ഷേപണം അമേരിക്കന്‍ ഐക്യനാടിന് ഒരു വെല്ലുവിളിയായിതീര്‍ന്ന അവസരത്തില്‍ അവരുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ARPA (അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രോജ‌ക്ട് ഏജന്‍സി) 1969-ല്‍ അര്‍പനെറ്റ്‌ എന്ന നെറ്റ്വര്‍ക്കിന് രൂപം കൊടുക്കുകയുമാണുണ്ടായത്. തല്‍ഫലമായി പ്രൊഫ. ലിയോനാര്‍ഡ് ക്ലീന്റോക്കിന്റെ ലാബിലെ ഭീമാകാരമാര്‍ന്ന രണ്ട് കമ്പ്യൂട്ടറുകള്‍ പതിനഞ്ചടി നീളമുള്ള കേബിളിലൂടെ ലോകത്താദ്യമായി ഡേറ്റ വിനിമയം സാധ്യമായി. ഇതിന്റെ ഉദ്ദേശ്യം യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ മാത്രം സൈനികപരമായ നേട്ടങ്ങള്‍ ആയിരുന്നു.

പില്‍ക്കാലത്ത് ഇന്റര്‍നെറ്റ് എന്ന് വിളിക്കപ്പെട്ട അര്‍പാനെറ്റി-ന്റെ തുടക്കമായിരുന്നു അത്. ഒരു മാസം കഴിഞ്ഞ് സ്റ്റാന്‍ഫഡ് ഇന്‍സ്റ്റിട്ട്യൂട്ട് ആ നെറ്റ്‌വര്‍ക്കില്‍ പങ്കാളിയായി. സാന്റ ബാര്‍ബറയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയും, ഉത്താ സര്‍വകലാശാലയും 1969 ല്‍ ചേര്‍ന്നതോടെയാണ് ആ നെറ്റ്‌വര്‍ക്ക് വളര്‍ന്ന് ലോകത്തെ വിവരസാങ്കേതിക വിദ്യയെ അപ്പാടെ മാറ്റിമറിച്ച വമ്പനായി അവതരിച്ചത്. ഒരു കുടിയേറ്റവാണിജ്യരാജ്യമായ അമേരിക്കന്‍ ഐക്യനാടുകള്‍ അവരുടെ വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് അര്‍പനെറ്റിനെ ഉപയോഗിക്കുവാന്‍ തുടങ്ങി. തന്‍മൂലം 1983ല്‍ അര്‍പനെറ്റ്‌, മില്‍നെറ്റിനെ മിലിട്ടറി നെറ്റ്വര്‍ക്ക് എന്ന വിളിപേരുള്‍ല മില്‍നെറ്റ് (MILNET), അര്‍പനെറ്റ്‌ (ARPANET) എന്നിങ്ങനെ രണ്ടായി വിഭജിച്ചു. പിന്നീട് അര്‍പനെറ്റിനെ, ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസേര്‍ച്ച് പ്രൊജെക്റ്റ് ഏജന്‍സി അഥവാ ഡാര്‍പ (DARPA) എന്നുകൂടി വിഭജിച്ചു. 1972, മാര്‍ച്ച് 23-ന് അര്‍പ്പാനെറ്റിനെ , ഡാര്‍പ്പാനെറ്റ് ആക്കുകയും, വീണ്ടും 1993 ഫെബ്രുവരി 22-ന് അര്‍പ ആക്കുകയും, വീണ്ടു തിരിച്ച് 1996 മാര്‍ച്ച് 11-ന് ഡാര്‍പാനെറ്റ് ആക്കുകയും ചെയ്തു.

ഡാര്‍പ്പനെറ്റിന്റെ വാണിജ്യവല്‍ക്കരണം തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ, വാണിജ്യവല്‍ക്കരിക്കപ്പെടുകയും, കൂടുതല്‍ പ്രയോഗത്തില്‍വരുകയും മറ്റുള്ള രാജ്യങ്ങളില്‍ പ്രാബല്യത്തില്‍ വരുകയും ചെയ്തു. തുടര്‍ന്ന് മറ്റുരാജ്യങ്ങളിലേക്ക് വ്യാപിക്കുകയും കൂടുതല്‍ സാങ്കേതിക വിദ്യകള്‍ കണ്ടു പിടിക്കുകയും ചെയ്തു. ഇത് ലോകം മുഴുവന്‍ വ്യാ‍പിച്ചുകിടക്കുന്ന നെറ്റ്വര്‍ക്കിന് കാരണമാവുകയും ഇന്‍റര്‍നെറ്റിന് വഴിതെളിക്കുകയും ചെയ്തു. അങ്ങനെ ഇന്നുകാണുന്ന ഇന്‍റര്‍നെറ്റ് നമ്മുടെ ഓഫീസുകളിലും വീടുകളിലും അത്തുകയും ചെയ്തു.

1970-കളില്‍ ഇന്‍റര്‍നെറ്റ്-മെയില്‍ (email ) രംഗത്തെത്തി. 1980-കളില്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഡോട്ട് കോം (.com), ഡോട്ട് ഓര്‍ജ് (.org) തുടങ്ങിയ ഇന്റര്‍നെറ്റ് അഡ്രസ്സിങ് സംവിധാനങ്ങളും പിറവിയെടുത്തു. ബ്രിട്ടീഷ് ഗവേഷകനായ ടിം ബേണേഴ്‌സ് ലീ രൂപം നല്‍കിയ വേര്‍ഡ് വൈഡ് വെബ്ബ് (www) തൊണ്ണൂറുകളുടെ തുടക്കത്തോടെ സജീവമായി. അതോടെയാണ് ഇന്റര്‍നെറ്റ് ലോകത്തിന്‍റെ ഭാവി നിര്‍ണയിക്കുന്ന ഇന്നു കാണുന്ന രൂപത്തിലേക്ക് മാറുകയും, നോളജ് അറ്റ് ദി ഫിംഗര്‍ ടിപ് എന്ന നിലയിലേക്ക് എത്ത്കയും ചെയ്തു.

അവലംബം: വിക്കിപീഡിയ

2009-09-01

ഹ്യദയം നിറഞ്ഞ ഓണാശംസകള്‍  

ഓണമന്നാല്‍ എല്ലാവര്‍ക്കും അഘോഷമാണ്. കുളിച്ച് കുറിതൊട്ട് ഓണക്കോടിയുടുത്ത് വിഭവ സമ്യദ്ധമായ സദ്യ നാക്കിലയില്‍ ഉണ്ട് വയറുനിറച്ച്, ഓണം കളിച്ചും, ബന്ധുമിത്രാദികളെ സന്ദര്‍ശിച്ചും ത്യപ്തരാകുന്നു. പക്ഷേ അപ്പോഴൊന്നും നമ്മള്‍ നിറച്ചുണ്ടിട്ട് കളയുന്ന ഇലയില്‍ പറ്റിയിരിക്കുന്ന ഒരിറ്റ് വറ്റ് കഴിച്ച് വിശപ്പടക്കാന്‍ തെരുവുനായ്ക്കളോട് മല്ലടിക്കുന്ന, തെണ്ടികള്‍, വ്യത്തിയില്ലാത്തെ ജന്തുക്കള്‍ എന്നൊക്കെ ശപിച്ച് ഒരുതീണ്ടാപാടകലെ നിര്‍ത്തുന്ന ജന്മങ്ങളെ ആരും ഓര്‍ക്കാറില്ല. തിരുവോണ ദിവസം പോലും നാഴിയരി ചോറുവച്ച് ആരും അവര്‍ക്കു കൊടുക്കാറില്ല. നാടുമുഴുവന്‍ സദ്യയുണ്ണുമ്പോള്‍, ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളിലെ ചവറുകുഴികളില്‍ വ്യഥാ ഉച്ചിഷ്ടം തിരയുകയാവും അവര്‍.

എല്ലാവര്‍ഷവും ഓണമെത്തുമ്പോള്‍ അമ്മയോട് പറയും ഇത്തവണ ഓണം നമുക്ക് അഘോഷിക്കേണ്ടന്ന്. പക്ഷേ നാടുമുഴുവന്‍ ഓണമുണ്ണുമ്പോള്‍ മക്കളുടെ ഓണമില്ലാതാക്കാന്‍ അമ്മക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആറുവര്‍ഷങ്ങള്‍ക്കു മുന്‍പ്, കുടിച്ചു വന്ന അയല്‍‌വക്കത്തെ ഗ്രഹനാഥന്‍, വീട്ടില്‍ കയറ്റാതെ, അമ്മയും മക്കളും ഒരു ഉത്രാട രാത്രി മുഴുവന്‍ തൊടിയിലെ പുളിച്ചിയുടെ മൂട്ടില്‍ ഉറങ്ങാതിരുന്ന് തിരുവോണം വെളുപ്പിച്ചപ്പോള്‍, അമ്മ പറഞ്ഞു ഇത്തവണ നമുക്കും ഓണം വേണ്ട. സദ്യയുണ്ടാക്കി അമ്മക്ക് അവരെ വിളിക്കാമായിരുന്നു. പക്ഷേ ഉണ്ണാന്‍ അവര്‍ വരില്ലന്നറിയാമന്നതിനാല്‍ ആ തിരുവോണ ദിവസം അമ്മ അടുപ്പില്‍ തീ പൂട്ടിയില്ല. അങ്ങനെ ഒരു പട്ടിണിയോണം എന്തന്ന് അമ്മ ഞങ്ങള്‍ക്കും മനസ്സിലാക്കി തന്നു.

ഈ തിരുവോണം നമുക്ക് മാത്രമാവാതിരിക്കട്ടെ. നെയ്യ് തൊട്ട പരിപ്പൊഴിച്ചുണ്ണുമ്പോള്‍, പട്ടിണികിടക്കേണ്ടിവരുന്ന ഹതഭാഗ്യരെ മറക്കാതിരിക്കുക. പട്ടിണി കോലങ്ങളുടെ മുഖത്ത് വിരിയുന്ന സംത്യപ്തിയോളം വരില്ല അഘോഷങ്ങള്‍ തരുന്ന സന്തോഷം. തൂശനിലയില്‍ തുമ്പപ്പൂ ചോറു വിളമ്പി മാവേലിയുടെ കുടവയര്‍ നിറക്കുമ്പോള്‍ പുറത്ത് ഒരുലകൂടി ഇടാന്‍ മലയാളിക്ക് കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാവര്‍ക്കും ഹ്യദയം നിറഞ്ഞ ഓണാശംസകള്‍