Search this blog


Home About Me Contact
2008-08-30

ആത്മാവിന്, ഹ്യദയംകൊണ്ടൊരാശംസ  

സഹ്യന്റെ നെറുകയിലൂടെ അര്‍ക്കരശ്‌മികള്‍ അരിച്ചെത്തുന്ന പ്രഭാതങ്ങളിലൊന്നില്‍ നിന്റെ മെലിഞ്ഞവിരലുകള്‍കൊണ്ട് എന്റെ ആത്മാവിനെ തൊട്ടുണര്‍ത്തി, ആട്ടവിളക്കിലെ കരിന്തിരി കത്തുന്ന അരങ്ങില്‍ നിന്നും സ്നേഹചിലങ്കകള്‍ കിലുക്കിയെത്തുന്ന ഒരു സ്വപ്‌നംപോലെ നീ എന്നിലേക്കു നടന്നെത്തി. അടരുവാന്‍ മടിയാര്‍ന്ന് ഹ്യദയത്തോടൊട്ടിച്ചേര്‍ന്നുകിടന്ന കുപ്പിച്ചില്ലുകള്‍ ആ നേര്‍ത്തവിരലുകള്‍കൊണ്ട് പെറുക്കിമാറ്റി നീ കൂടുകൂട്ടിയത് എന്റെ ഹ്യദയത്തിലാണ്. ഇന്ന് ഹ്യദയത്തിലെവിടയോ തുറന്നുകിടന്ന ഒരു കിളിവാതിലിലൂടെ നീ പാലായനം ചെയ്യുമ്പോള്‍ വന്യമായ ഒരു ശൂന്യത എന്നില്‍ നിറയുന്നു.

നിന്റെ കണ്ണിലെ അഗാധമായ നീലിമയില്‍ ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍, കൈപിടിയിലൊതുങ്ങാതെപോയ ജീവിതം, മലര്‍മണം മാറും‌മുന്‍പേ കൊഴിഞ്ഞുപോയ മംഗല്യസ്വപ്‌നങ്ങള്‍. പിച്ചവച്ചനാള്‍ മുതല്‍ ഒഴുക്കിനെതിരേ നീന്താനായിരുന്നു നിന്റെ വിധി. അന്തര്‍മുഖത്വത്തിന്റെ പുറംന്തോടിനുള്ളില്‍ നീ സ്വയം രൂപപ്പെടുമ്പോള്‍ പുറത്ത് കുളിരുചൊരിഞ്ഞ് നിന്നിലേക്ക് പൈയ്‌തിറങ്ങുന്ന മഴനൂലുകളെ നീ സ്വപ്‌നം കണ്ടു. പക്ഷേ കാലം നിനക്കുതന്നതോ? ഉടഞ്ഞുപോയകണ്ണാടിക്കുള്ളില്‍ നിന്നെനോക്കി പരിഹസിച്ചുചിരിച്ച പ്രതിബിംബത്തില്‍ നിന്റെ പൂണൂലുപൊട്ടിച്ച് കോര്‍ക്കുന്ന താലിയില്‍ തൂങ്ങിയാടുന്ന ജീവിതം. മുല്ലപ്പൂവിന്റെ സുഗന്ധമില്ലാത്ത, വിടരാതെ കൊഴിഞ്ഞ വരണമാല്യത്തിന്റെ ഗന്ധം‌പൊതിയുന്ന മണിയറയിലേക്ക് വലതുകാല്‍ വച്ച് കയറുമ്പോള്‍ കഴുത്തുഞെരിച്ചുകൊല്ലുന്നത് പിറക്കാതെപോയ കിനാവുകളെയാണ്. മനസും ശരീരവും പലര്‍ക്കുമായ് പങ്കുവക്കേണ്ടിവന്ന നിന്റെ മനസ്സിന്റെ നനവാര്‍ന്ന ഒരുകോണില്‍ സ്വയം ഒതുങ്ങാനായ് ഞാന്‍ എന്റെ നാവിനെ കെട്ടിയിട്ടു. എന്നെ മറക്കരുതന്നും, ഉപേക്ഷിക്കരുതന്നും പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നിന്റെ മൗനങ്ങളില്‍ ലയിച്ച് ഞാന്‍ ഇല്ലാതാകുന്ന നിമിഷം വരെ എന്നെ സ്‌നേഹിക്കുക.

വിറയാര്‍ന്ന വാക്കുകളാല്‍, സ്വപ്‌നങ്ങളെ ഹ്യദയത്തില്‍നിന്നടര്‍ത്തിമാറ്റി, നാദസ്വരമേളങ്ങള്‍ കൊഴുക്കാത്ത, മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങാത്ത കതിര്‍മണ്ഡപത്തിലേക്കയക്കുമ്പോള്‍, ക്ഷണികനേരത്തേക്കെങ്കിലും നമ്മള്‍ കണ്ട കിനാവുകള്‍ മിഴികളെ ആര്‍ദ്രമാക്കുന്നു. ആഗ്രഹങ്ങളല്ലാം സാധിച്ചിട്ടും, പ്രാര്‍ത്ഥനകളെല്ലാം ഫലിച്ചിട്ടും ഇവിടെ മാത്രം ഞാന്‍ തോറ്റടിയുകയാണ്. സ്വപ്‌നങ്ങളെ എള്ളും, അരിയും വാരിയൂട്ടി, എണ്ണയും നെയ്യും കത്തിയെരിയുന്ന ചിതയില്‍ ദഹിപ്പിച്ചു സ്പുടം ചെയ്യുന്ന ചാരത്തില്‍നിന്നും ഒരു നുള്ളെടുത്ത് തിരുനെറ്റിയിലൊരു കുറിവരച്ച് എന്റെ ആത്മാവിനെ കതിര്‍മണ്ഡപത്തിലേക്കയ‌ക്കേണ്ടിവരുന്ന ദു:രവസ്ഥ ഞാന്‍ ഏറ്റടുക്കുകയാണ്. എന്നങ്കിലും ഒരിക്കല്‍ നീ സ്വപ്‌നം കണ്ട പ്രഭാതം നിനക്കുമുന്നില്‍ പൊട്ടിവിടരട്ടെ, ശേഷിക്കുന്ന നിന്റെ ആഗ്രഹങ്ങള്‍ സായന്തനത്തിന്റെ കണ്ണിമയില്‍ മഴവില്ലുകൊണ്ട് കണ്മഷി എഴുതട്ടെ, കുളിരുചൊരിയുന്ന മഴനൂലുകള്‍ എന്നും നിന്റെ ജീവിതത്തിലേക്ക് പൈയ്‌തിറങ്ങട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

ഞാന്‍ പറയാതെപോയ എന്റെ വാക്കുകള്‍, നീ കേള്‍ക്കാതെ പോയ എന്റെ ശബ്‌ദം, നീ അറിയാതെ പോയ എന്റെ സംഗീതം നിനക്കായ്, സുഹ്യത്ത് ഡോണ മയൂരയുടെ വരികള്‍ക്ക്, രാജേഷ് രാമന്‍ സംഗീതം പകര്‍ന്ന്, പ്രദീപ് സോമസുന്ദരത്തിന്റെ ശബ്‌ദത്തില്‍.പ്ലേയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക

2008-08-29

ചിത്രചോരണം ഒരു തുടര്‍ക്കഥ-മൂന്നാം ഭാഗം  

കാനഡയിലെ ഒരു ഇന്‍റീരിയര്‍ ഡിസൈനറും പ്രമുഖ പത്രങ്ങളിലെ ന്യൂസ് കോളമിസ്റ്റുമായ മഡിലയിന്‍റെ, Maple Leaves on the Fence എന്ന ചിത്രവും മാധ്യമം വാരികയാല്‍ മോഷ്ടിക്കപ്പെട്ടു. ഫ്ലിക്കറില്‍ ചിത്രത്തിന്‍റെ അടിയില്‍ വളരെ വ്യകതമായും അവര്‍ കോപ്പിറൈറ്റ് അവകാശത്തെകുറിച്ച് രേഖപ്പെടുത്തിയിരുന്നു. © All Rights Reserved - copyright - by MaddyLane Designs...No Commercial Usage or Reproduction Allowed. മഡിലയിന്‍റെ, Maple Leaves on the Fence എന്ന ചിത്രം മാധ്യമം അതിന്റെ മുഖചിത്രമാക്കിയത് ഫ്ലിക്കറില്‍ ഇവിടെ കാണാം.

ഈ ചിത്രചോരണത്തിനെതിരെയും നിയമപരമായ നടപടികള്‍ നടന്നുവരികയാണ്. ഈ ചിത്രചോരണവും ഡിസൈനിങും ചെയ്തിരിക്കുന്നതും എം എ ഷാനവാസ് തന്നെ. അദ്ദേഹം ഇപ്പോള്‍ മാധ്യമത്തിന്റെ ഡിസൈനര്‍ അല്ലാ സബ്ബ് എഡിറ്റര്‍ ആണന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത. തല ഇങ്ങനെ ആയാല്‍ വാല് എങ്ങനെ ആയിരിക്കും? അപ്പന്‍ പരക്കഴി അമ്മ പരക്കഴി അക്കുടി മക്കളൊക്കെ പര‍ക്കഴി എന്നൊരു ചൊല്ല് മലയാളത്തിലുള്ളത് ഓര്‍ത്തുപോകയാണ്.

2008-08-28

ചിത്ര ചോരണം ഒരുതുടര്‍ക്കഥ-രണ്ടാ ഭാഗം  

ചിത്രചോരണം മാധ്യമം മാത്രമല്ലാ, കേരളത്തിലെ പല പ്രമുഖ പത്രങ്ങളും, ബുക്ക് പബ്ലിഴേസും നടത്തുന്നുവന്നാതിന് ഒരു ഉദാഹരണം ആണ് വേട്ടചേകോന്‍ എന്ന തെയ്യം
.
2006‌-ല്‍ നീലേശ്വരത്തുനിന്നും ജോസഫ് പകര്‍ത്തിയ ഒരു ചിത്രം പ്രണിത ബുക്ക്സ് "വേട്ടചേകോന്‍ എന്ന തെയ്യം" എന്ന ബുക്കിന്‍റെ കവ‌ര്‍ പേജാക്കിയതും ഫോട്ടോഗ്രാഫറുടെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ.
.
ജോ എടുത്ത ചിത്രം ഫ്ലിക്കറില്‍ ദാ ഇവിടെ. "വേട്ടചേകോന്‍ എന്ന തെയ്യം" എന്ന ബുക്കിന്‍റെ കവ‌ര്‍. ഫോട്ടോഷോപ്പില്‍ ബാക്ഗ്രൗണ്ട് ചെയ്ഞ്ച് ചെയ്ത് ചിത്രത്തിന്‍റെ പകുതി മാത്രം ആക്കി ചുരുക്കി. ആ കവര്‍പേജിന്‍റെ ചിത്രം ഫ്ലിക്കറില്‍ ഇവിടെ കാണാം

ഈ ചിത്രചോണത്തിനെതിരെ നിയമപരമായ നടപടികള്‍ നടന്നുവരികയാണ്. ജോസഫിന്‍റെയും, ഹരിയുടേയും ചിത്രങ്ങള്‍ അവരുടെ അറിവോ അനുവാദമോകൂടാതെ ചോര്‍ത്തി എടുത്ത് മാധ്യമത്തിനുവേണ്ടി കവര്‍ഡിസൈന്‍ ചെയ്തത് കേരളത്തിലെ പ്രശസ്തനായ ബുക്ക് കവര്‍ഡിസൈനറായ എം. എ ഷാനവാസ് ആണ്. ഇവിടെ ക്ലിക്ക് ചെയതാല്‍ നിങ്ങളുടെ ചിത്രങ്ങള്‍ ചോരണത്തിനിരയായിട്ടുണ്ടോ എന്നറിയാം.

കടപ്പാട്-ജോസഫ്

2008-08-26

ബ്ലോഗര്‍മാര്‍ക്ക് ഇനി വിലക്കുകളുടെ കാലം  

ഒരു ബ്ലോഗറുടെ ഏറ്റവും വലിയ സ്വാതന്ത്യമായ് കരുതിയിരുന്നത് സ്വയം ഒളിച്ചിരുന്നുകൊണ്ട് ലോകത്തോട് സത്യങ്ങള്‍ വിളിച്ചുപറയാമെന്നതും ആരയും എങ്ങനെയും വിമര്‍ശിക്കാമെന്നതുമായിരുന്നു. ഇനി അത് നടന്നേക്കില്ല. ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ പലയിടത്തും ഇതിനകം ബ്ലോഗര്‍മാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിബന്ധനകളും വന്നുകഴിഞ്ഞു. രാജ്യത്തിനെതിരയും സര്‍ക്കാരിനെതിരെയും ആശയപ്രചരണം നടത്തിയതിന് പലരും അകത്തായതായാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യകേസിലും കോടതി വിധി ബ്ലോഗര്‍ക്ക് പ്രതികൂല‌മാണ്. ബ്ലോഗര്‍ കാണിച്ചപോക്രിത്തരത്തിന്‍റെ പേരില്‍, ജനം ചുമ്മാ ബ്ലോഗിരസിക്കട്ടെ എന്നുകരുതി, സൗജന്യസേവനം ലഭ്യമാക്കിയ സാക്ഷാല്‍ ഗൂഗിള്‍ വരെ കോടതി കയറണ്ടതായും വന്നു. ടോക്സിക് റൈറ്റര്‍ എന്ന അപരനാമത്തില്‍ (ഈ ബ്ലോഗ് പണ്ടേ ഡിലീറ്റ് ചെയ്തു) ബ്ലോഗിലൂടെ ഒരാള്‍ എഴുതികൂട്ടിയതൊക്കയും തങ്ങളെ കരിവാരിതേക്കുവാനുള്ളതായിരുന്നു എന്നു കണ്ടെത്തിയ ഗ്രെമാക് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ എന്ന കമ്പനി നല്‍കിയ പരാതിയിലാണ് നടപടികള്‍.

കമ്പനിയെ അപകീര്‍ത്തപ്പെടുത്തും വിധം ടോക്സിക് ചേട്ടന്‍ എഴുതികൂട്ടിയ സംഗതികള്‍ അടങ്ങിയ ബ്ലോഗ് അപ്പാടെ ഡിലീറ്റ് ചെയ്ത് ഗൂഗിള്‍ മാനം കാത്തു. എന്നാല്‍ അപരനാമക്കാരനെതിരെ മാനഷ്‌ടക്കേസ് ഫയല്‍ ചെയ്യാനാണ് കമ്പനിയുടെ നീക്കം. ഇതിനായ് അയാളുടെ ശരിയായ പേരും വിഅവരങ്ങളും അറിയിക്കാന്‍ മുംബൈ ഹൈക്കോടതി ഗൂഗിളിനോട് ആവശ്യപ്പെട്ടിരിക്കയാണ്. കേസ് ജയൈച്ചാലും തോറ്റാലും മാനന്‍ഷ്‌ടക്കേസില്‍ കുടുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗര്‍ എന്ന സല്‍ (ദുഷ്) പേര് ടോക്സിക് റൈറ്റര്‍ക്കു സ്വന്തം.

കേരളത്തിലാകട്ടെ സര്‍ക്കാര്‍, പാര്‍ട്ടി വിരുദ്ധ ചര്‍ച്ചകള്‍ ബ്ലോഗുകളില്‍ സജീവമാകുന്നതിനെ നിരീക്ഷിക്കാന്‍ സി പി എം സംസ്ഥന സമിതിയില്‍ തോമസ് ഐസക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്‍റര്‍നെറ്റില്‍ പാര്‍ട്ടിക്കെതിരായ് നടക്കുന്ന നീക്കങ്ങളെ തടയാന്‍ സംഘടിത‌മായ ഇടപെടല്‍ വേണമന്നാണ് നയരേഖയില്‍ ഐസക് ആവശ്യപ്പെട്ടിരിക്കുന്നത്. മലയാളത്തിലുള്ള ബ്ലോഗുകള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ തന്നെ നിയന്ത്രണം വരുന്ന കാലം ദൂരത്തല്ലന്നാണ് ഇത് നല്‍കുന്ന സൂചന. ഇനി അരൂപിയുടേയും അനോണിയുടേയും ഒക്കെ കാര്യം സ്വാഹ.

ബ്ലോഗുകള്‍ക്ക് വിലക്ക് വരുന്നത് അഭിപ്രായ സ്വാതന്ത്യത്തിന്‍ മേലുള്ള കടന്നു കയറ്റമോ? നിങ്ങളുടെ അഭിപ്രായം അറിയിക്കുക.

കടപ്പാട് വാര്‍ത്ത മലയാള മനോരമ ആഗസ്റ്റ്

ചിത്ര ചോരണം ഒരു തുടര്‍ക്കഥ-ഒന്നാം ഭാഗം  

2008 മാര്‍ച്ച് 24-ലെ മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ അവസാന പേജില്‍ മാധ്യമം ദിനപത്രത്തോടൊപ്പം തിങ്കളാഴ്ചകളില്‍ ലഭ്യമാക്കുന്ന ‘വെളിച്ചം’ എന്ന സപ്ലിമെന്‍റിന്‍റെ ഒരു പരസ്യം ഉണ്ടായിരുന്നു . ആ പേജില്‍ ഫ്ലിക്കറില്‍ എന്‍റെ സുഹ്യത്ത് ഹരി, 2007 സെപ്റ്റംബര്‍ 2-ന്‌ പ്രസിദ്ധീകരിച്ച ഒരു ചിത്രം അവന്‍റെ അറിവോ, സമ്മതമോ കൂടാതെ ഉപയോഗിച്ചിരിക്കുന്നു.
.
മാധ്യമം പത്രം കോപ്പിറൈറ്റ് പരിരക്ഷ ലംഘിച്ച് ഉപയോഗിച്ച എന്‍റെ സുഹ്യത്തിന്‍റെ ചിത്രം ഫ്ലിക്കറില്‍ ഇവിടെ കാണാം. All rights reserved എന്ന് വ്യക്തമായി ചിത്രത്തിന് അടിയില്‍ രേഖപ്പെടുത്തിയിരുന്നു. കൂടാതെ ചിത്രത്തോടൊപ്പം newnmedia എന്ന ബ്രാന്‍ഡ് നെയിം; ‘അരങ്ങ്’ എന്ന ഫ്ലിക്കര്‍ സെറ്റിന്റെ പേര് എന്നിവ ജലമുദ്രണം (വാട്ടര്‍മാര്‍ക്ക്) ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ജലമുദ്രണം വരുന്ന ഭാഗം മനപ്പൂര്‍‌വ്വം ഒഴിവാക്കിയാണ് ഈ ചിത്രം പത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
.
മാധ്യമങ്ങള്‍ക്ക് എന്തും ആകാം എന്നായിരിക്കുന്നുവോ? കോപ്പി റൈറ്റിന് ഒരു വിലയുമില്ലേ?

കടപ്പാട്-ഹരീ ന്യൂമീഡിയ

2008-08-25

അപ്പാ-ഒരു സ്മരണിക  

രണ്ടാമത്തെ പ്രാവശ്യം അപ്പായെ ഐ.സി.യു-വില്‍ പ്രവേശിപ്പിച്ചുവന്നറിഞ്ഞപ്പോള്‍ ഹ്യദയത്തില്‍ ഒരു അമ്പേറ്റ പ്രതീതിയായിരുന്നു. ഇനി ഒരിക്കലും ഒരുനോക്കുകാണാന്‍ കഴിയില്ലല്ലോ എന്ന ഒരു ഭീതി എന്നെ ഗ്രസിച്ചു തുടങ്ങി. ആദ്യതവണ കോമാ സ്റ്റേജില്‍ ആശുപത്രി കിടക്കയിലായിരുന്നുവന്നറിഞ്ഞ നിമിഷം മുതല്‍ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാലും ഇത്ര പെട്ടന്ന്?

നാട്ടിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചപ്പോള്‍ മുതല്‍ അപ്പായെ കാണാം, എണ്ണപ്പെട്ട ദിവസങ്ങളിലേക്ക് മാത്രമാണങ്കില്‍ പോലും ആ സ്നേഹവും വാല്‍സല്യവും അനുഭവിക്കാം എന്ന ഒരു സ്വകാര്യ സന്തോഷത്തിലായിരുന്നു ഞാന്‍. പക്ഷേ കോമാ സ്റ്റേജില്‍ വീണ്ടും ആശുപത്രികിടക്കയിലാണന്നറിയുമ്പോള്‍ എന്‍റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു. ഇനി ഒരിക്കലും കാണില്ലന്ന ഒരു തോന്നല്‍. ഒരുതവണ, ഒരു ഒറ്റതവണ, ഒരുനോക്കു കാണാന്‍ ആ ആയുസ്സ് നീട്ടികൊടുക്കണമേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

പ്രാര്‍ത്ഥനകളുടേയും പ്രതീക്ഷകളുടേയും നീണ്ട പതിനഞ്ച് ദിവസങ്ങള്‍ക്ക് ഒടുവില്‍ ഡോകടര്‍ പറഞ്ഞു “വീട്ടിലേക്ക് കൊണ്ടുപൊയ്ക്കോളൂ”. വൈദ്യശാസ്ത്രവും കൈ ഒഴിഞ്ഞ നിമിഷങ്ങള്‍. ഒരു ശബ്ദവും കേള്‍ക്കാതെ, കണ്ണുതുറക്കാതെ, ഒരു വാക്ക് മിണ്ടാനവാതെ, ഒന്നും അറിയാതെ കിടക്കുന്ന അപ്പാ. മൂക്കിലൂടെ ഓക്സിജന്‍ റ്റ്യൂബ്. തുള്ളിതുള്ളിയായ് നീഡിലിലൂടെ ഞരമ്പിലേക്ക് ഒഴുകുന്ന ഗ്ളൂക്കോസ്. ജീവനുണ്ടന്നതിന്‍റെ തെളിവായ് ഉയര്‍ന്നു താഴുന്ന മാറിടം. പള്‍‍സ് മീറ്ററില്‍ രേഖപ്പെടുത്തുന്ന നേര്‍ത്ത ഹ്യദയമിടിപ്പ്. ഓരോശ്വാസത്തിനു വേണ്ടിയും പിടയുമ്പോള്‍ എന്തു ചെയ്യണമന്നറിയാതെ നിസ്സഹായയായി കരഞ്ഞു തളര്‍ന്ന് രാവും പകലും അപ്പായ്ക്ക് കാവലിരിക്കുന്ന അമ്മാ. ചിത്രങ്ങള്‍ ഓരോന്നായി മനസ്സില്‍ തെളിയുകയാണ്.

ഞാന്‍ അവസാനമായ് ഇങ്ങോട്ടുപോരുമ്പോള്‍ എന്തല്ലാമായിരുന്നു അപ്പാ എനിക്ക് തന്നുവിടുവാനായ് കൊണ്ടുവന്നത്. നാരങ്ങാ അച്ചാര്‍, കടൂമാങ്ങ, ഉപ്പേരി, ഉപ്പുമാങ്ങ എല്ലാം സ്വന്തം കൈകൊണ്ട് അപ്പാതന്നെ ഉണ്ടാക്കിയത്. പക്ഷേ ഓവര്‍ ലഗേജ് കാരണം ഒന്നും കൊണ്ടുപോരാന്‍ കഴിഞ്ഞില്ല. ഞാന്‍ പോരുന്ന ദിവസം ഏട്ടന്‍റെ കല്ല്യാണ നിശ്ചയം കൂടി ആയിരുന്നതിനാല്‍ ഒന്നും ടേസ്റ്റ് നോക്കാന്‍ കൂടി കഴിഞ്ഞില്ല. ഇനി ഒരിക്കലും അപ്പായുടെ കൈകൊണ്ട് ഉണ്ടാക്കിയതൊന്നും കഴിക്കാന്‍ ഉള്ള ഭഗ്യം എനിക്കുണ്ടാവില്ല എന്ന് കാലേകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നതുകൊണ്ടാവും അന്ന് ആവോളം അപ്പായുടെ കൈ കൊണ്ടുണ്ടാക്കിയ പാല്‍‌പായസം ഉള്‍പ്പെടെ എല്ലാം അപ്പാതന്നെ എന്നെ വിളമ്പി ഊട്ടിയത്. എത്രകഴിച്ചാലും എനിക്ക് മതിവരാത്ത അപ്പായുടെ പാല്‍പായസം വിളമ്പുമ്പോല്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. "ആവശ്യത്തിനു കഴിച്ചോളണം, ഇനി ഇതൊന്നും കിട്ടില്ല". അറം പറ്റിയ വാക്കുകള്‍. അന്ന് ആ വാക്കുകള്‍ക്ക് ഇങ്ങനെ ഒരു അര്‍ത്ഥമുണ്ടന്ന് തീരെ കരുതിയില്ല. എല്ലാം അപ്പാ മുന്‍‌കൂട്ടി കണ്ടിരുന്നുവോ? ആ പാദം തൊട്ടുനമസ്കരിച്ച് പടിയിറങ്ങുമ്പോള്‍ ഇനി ഒരിക്കലും കാണില്ലന്ന് അപ്പാ അറിഞ്ഞിരുന്നുവോ?

കോമാ സ്റ്റേജില്‍ ശ്വാസം കിട്ടാതെ പിടയുകയാണ് എന്നറിഞ്ഞ നിമിഷം മുതല്‍ എത്രയും പെട്ടന്ന് അപ്പായുടെ അടുത്തെത്താന്‍ മനസ്സ് കൊതിച്ചു. ആ കൈകള്‍ ഒന്നു തെരുപിടിക്കുവാനും, ആ മുടിയിഴകളെ ഒന്നു ലാളിക്കുവാനും, ഒരു വാക്ക് മിണ്ടാനും വല്ലാത്ത മോഹം. ആ കൈ തണ്ടയില് അപ്പാ ഞാന്‍ വന്നിരിക്കുന്നുവന്ന് വിരലുകള്‍ കൊണ്ടൊന്നെഴുതിയാല്‍ ഏതു കോമാ സ്റ്റേജിലും അപ്പാ അതറിയും. അപ്പായെ ഞാന്‍ ഒരുപാടു സ്നേഹിച്ചിരുന്നുവന്ന് ആ ഹ്യദയത്തിനു മുകലില്‍ നഖം കൊണ്ടൊന്നു കോറിയിടാന്‍ മനസ്സുവെമ്പി. പക്ഷേ ഒന്നിനും അപ്പാ കാത്തുനിന്നില്ല. എന്നും ജീവനുള്ള ആ മുഖം മാത്രം മതി എന്‍റെ മനസ്സില്‍ എന്നു കരുതിയതുകൊണ്ടാവും എനിക്കുവേണ്ടി കാത്തുനില്ക്കാതെ, കോരിചൊരിയുന്ന മഴയുള്ള കര്‍ക്കിടക രാവില്‍ അപ്പാ എന്നെ വിട്ടുപോയത്. പൈതൊഴിയുന്ന മഴനൂലുകള്‍ക്കിടയിലൂടെ ഒറ്റക്ക് എല്ലാം ഉപേക്ഷിച്ച് അപ്പാ പോയി. ഒരുപിടി നല്ല ഓര്‍മ്മകള്‍ മനസ്സിലവശേഷിപ്പിച്ചുകൊണ്ട് ഇനി ഒരിക്കലും മടങ്ങി വരാന്‍ കഴിയാത്ത അക്ഞാതമായ ഏതോ ഒരു ലോകത്തേക്ക്.

കടപ്പാട്(ചിത്രം)-ഡേവിഡ് റങ്‌‌ചര്‍

2008-08-24

ഇന്നലയുടെ ഓര്‍മ്മകള്‍ക്കൊരു ശമനതാളം  

ഇന്ന് ആഗസ്റ്റ്-24 എന്‍റെ ജീവിതത്തില്‍ മറക്കാനാവാത്ത കുറേ ഏടുകള്‍ എഴുതി ചേര്‍ക്കപ്പെടാനായ് നാന്ദികുറിക്കപ്പെട്ട ദിവസം. തെളിമയുള്ള ആ പ്രഭാതത്തില്‍ എനിക്കായ് പൊഴിച്ച ആ ഓടക്കുഴല്‍ നാദം, അനുവാദമില്ലാതെ എന്‍റെ ആത്മാവിനെ തൊട്ടുണര്‍ത്തിയപ്പോള്‍ ജീവിതത്തിലെപ്പോഴക്കയോ എനിക്ക് കൈമോശം വന്നുപോയ മാനം കാണാതെ പുസ്തകതാളിലൊളിപ്പിച്ച മയില്‍ പീലിതുണ്ടുകളും, മനസ്സിന്‍റെ മണ്‍കുടമുടഞ്ഞ് ചിതറിതെറിച്ച മഞ്ചാടികുരുക്കളും തിരികെ ലഭിച്ചതുപോലെ ഒരു അനുഭവമായിരുന്നു. ഒരോ പ്രഭാതങ്ങളിലും നിദ്രയില്‍ നിന്നും വിളിച്ചുണര്‍ത്തി പ്രണയത്തിന്റെ ശ്വാദ്വാലയങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുമ്പോള്‍ ഞാന് ആരുടയക്കയോ സ്വന്തമാണന്ന് അറിയുകയായിരുന്നു. തണുത്തുറഞ്ഞ ഡിസംബര്‍ രാവുകളില്‍ ഹെര്‍മോണില്‍ പെയ്യുന്ന മഞ്ഞുതുള്ളിപോലെ നിര്‍മ്മലമായ ആ സ്നേഹം മുഴുവന്‍ ഞാന്‍ മോന്തികുടിക്കയായിരുന്നു.

ഇന്ന് ഞാന്‍ കണ്ടിട്ടില്ലാത്ത ഏതോ ഒരു ഭൂഖണ്ഡത്തില്‍ ജീവിതം തെരുപിടിപ്പിക്കാനായ് നീ ശരീരം പങ്കുവയ്ക്കുമ്പോള്‍ അനന്തതയുടെ അകലങ്ങളില്‍ നിന്നും അനസ്യൂതം ഒഴുകി എത്തുന്ന ആ മുരളീഗാനത്തിനായ് അമ്പാടിയുടെ ഒരു ചെറിയ കോണില്‍ വര്‍ഷവും വേനലും മഞ്ഞും വെയിലും മാറി മാറി വരുന്നത് അറിയാതെ ഞാന്‍ കാത്തിരിക്കയാണ്


പ്ലേയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡുചെയ്യാം.

കടപ്പാട് (മ്യൂസിക്)-കിരണ്‍സ്

2008-08-23

ഓണപാട്ട്-ഓണമായ് ഓണമായ്  

തോന്ന്യാശ്രമത്തില്‍ നടന്ന ഓണപാട്ടെഴുത്തുമല്‍സരത്തില്‍ ഒന്നാം സമ്മാനമായ ആലൂക്കാസ് ജ്യൂഅവലറി വക ഒരുപവന്‍ സ്വര്‍ണ്ണത്തിന് അര്‍ഹമായ എന്‍റെ ഓണപാട്ട് ഇവിടെ പലരുടേയും അഭ്യര്‍ത്ഥന പ്രകാരം മല്‍സരത്തിനായ് പോസ്റ്റ്ചെയ്തപ്പോള്‍ നല്‍കിയ മുഖവുരയോടുകൂടി ഇവിടെ പോസ്റ്റുചെയ്യുന്നു. ഓണപാട്ടെഴുത്തു മല്‍സരഫലം ദാ ഇവിടെ
.
"എന്താ കഥ. തോന്ന്യാശ്രമത്തില്‍ ഓണപ്പാട്ടെഴുത്തു മല്‍സരം നടത്തുന്ന വിവരം ആരും അറിയിച്ചില്ല്യാലോ? തോന്ന്യാശ്രമത്തിലേക്ക് നമുക്ക് പ്രവേശനമുണ്ടോ എന്നറീല്ല്യ. ആശ്രമത്തിലെ അന്തേവാസി അല്ലാത്തതുകൊണ്ട്‍ പാട്ടെഴുത്തിന് തലവരി വസൂലാക്കുമോ എന്നും നിശ്ചയമില്ല്യ. എന്തായാലും അങ്ങട് പോസ്റ്റുക തന്നെ. പിന്നെ ഒന്നു പറയാന്‍ വിട്ടുപോയിരിക്കണു. സമ്മാനം ഇല്ലത്തേക്ക് കൊടുത്തു വിട്ടോളൂ. മറക്കണ്ട. ഒന്നാം സമ്മാനം തന്നെ ആയിക്കോട്ടെ. അതില്‍ കുറവൊന്നും ഇല്ലത്തേക്ക് എടുക്കില്ല്യാന്നറിയാലോ?"


ഓണമായ് ഓണമായ് ഓണമായി
നാട്ടിലും വീട്ടിലും ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി
ആടിതിമര്‍ക്കുവാനോണമായി

ഓണമായ് ഓണമായ് ഓണമായി
ബൂലോകവാസികള്‍ക്കോണമായി

ആകാശത്താവണി തിങ്കള്‍ വന്നു
ചെത്തിയും തുമ്പയും പൂത്തുലഞ്ഞു
ആശ്രമമുറ്റത്തു പൂവിടേണം
മാവേലിമന്നനിരിപ്പിടമായ്

ഓണമായ് ഓണമായ് ഓണമായി
ബൂലോകവാസികള്‍ക്കോണമായി

സദ്യവട്ടങ്ങളൊരുക്കിടേണം
പാലടപായസം വച്ചിടേണം
ഓലനും കാളനും പപ്പടവും
തൂശനിലയില്‍ വിളമ്പിടേണം

ഓണമായ് ഓണമായ് ഓണമായി
ബൂലോകവാസികള്‍ക്കോണമായി

ഓണപുടവയുടുത്തൊരുങ്ങി
കുമ്മിയടിച്ചാടി പാടിടേണം
ആശ്രമമുറ്റത്ത് തുമ്പിതുള്ളാന്‍
ബൂലോകവാസികളെത്തിടേണം

ഓണമായ് ഓണമായ് ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി

ഓണമായ് ഓണമായ് ഓണമായി
നാട്ടിലും വീട്ടിലും ഓണമായി
ബൂലോകത്തെല്ലാര്‍ക്കുമോണമായി
ആടിതിമര്‍ക്കുവാനോണമായി

2008-08-22

ബ്ലോഗുകളെ ഭയക്കുന്നു-ഇടതുപക്ഷജനാധിപത്യമുന്നണി  

വിവരസാങ്കേതിക വിനിമയരംഗത്ത്‌ വിസ്‌ഫോടനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ബ്ലോഗുകള്‍ കേരളത്തിലെ ഇടതുപക്ഷമുന്നണിക്ക് തലവേദനയായിരിക്കുന്നു. സ്വതന്ത്രമാധ്യമമെന്ന നിലയില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളേക്കാള്‍ അതിവേഗം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നവയാണ് ബ്ലോഗുകള്‍ വഴിയുള്ള പ്രചരണങ്ങള്‍. ബ്ലോഗ്‌ ലോകത്ത്‌ നല്ല രീതിയില്‍ ഇടപെടണമെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നുമാണ്‌ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ തീരുമാനം.
.
"ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍: ഒരു ഇടക്കാല വിലയിരുത്തലും മാര്‍ഗ്ഗനിര്‍ദേശങ്ങളും" എന്ന പേരിലുള്ള രേഖയിലെ എട്ടാം പേജില്‍ "എന്തുകൊണ്ട്‌ നേട്ടങ്ങള്‍ ജനങ്ങളിലെത്തുന്നില്ല?" എന്ന ഉപതലക്കെട്ടോ ടുകൂടിയുള്ള ഭാഗത്ത്‌ പാരാഗ്രാഫ്‌ നമ്പര്‍ 4.3-ല്‍ ആണ്‌ ഈ പരാമര്‍ശങ്ങള്‍ ഉള്ളത്‌. ബ്ലോഗ്‌ ലോകത്തിന്‍റെ അറിവിലേക്കും, ചര്‍ച്ചകള്‍ക്കും, വിശകലനങ്ങള്‍ക്കും, വിലയിരുത്തലുകള്‍ക്കുമായി അത്‌ ചുവടെ ചേര്‍ക്കുന്നു:
.
"എന്തുകൊണ്ട്‌ നേട്ടങ്ങള്‍ ജനങ്ങളിലെത്തുന്നില്ല?"
.
4.3 മൂന്നാമതായി സര്‍ക്കാരിന്‍റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ല. കാബിനറ്റ്‌ വാര്‍ത്തകള്‍ തുടര്‍ച്ചയായി ചോരുന്നു. ഫയലുകളുടെ വിവരങ്ങള്‍ ചോര്‍ത്തി പത്രങ്ങള്‍ക്കു നില്‍കുന്നു തുടങ്ങിയവ സാധാരണ ശൈലിയായി മാറിക്കൊണ്ടിരിക്കുകയാണ്‌. ഇങ്ങനെ ചെയ്‌ത്‌ മാധ്യമങ്ങളെ പാട്ടിലാക്കാമെന്ന തെറ്റായ ധാരണയാണ്‌ ചിലര്‍ക്കുള്ളത്‌. പാര്‍ട്ടിയേയും ഇഷ്ടമില്ലാത്തവരെയും അവമതിപ്പെടുത്തുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മാധ്യമസിണ്ടിക്കേറ്റ്‌ ദുര്‍ബലപ്പെട്ടുവെങ്കിലും ചില വിഭാഗങ്ങള്‍ ഇന്നും സജീവമാണ്‌. നമ്മള്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുന്ന മേഖലയാണ്‌ ഇന്‍റര്‍നെറ്റ്‌ വഴി നടക്കുന്ന പ്രചാരണം. ഇവിടെയും സംഘടിതമായ ഇടപെടലുകള്‍ വേണം. ബ്ലോഗുകളിലെ ചര്‍ച്ചകള്‍ ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്യണം.

2008-08-19

കുറ്റസമ്മതം  

മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു
നിറഞ്ഞൊഴുകുന്ന സംഗീതം.
വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള്‍ കരയുകയായിരുന്നു.

തുമ്പികള്‍ മുറ്റത്ത്‌ ചിറകടിച്ചാര്‍ത്തപ്പോള്‍
സ്നേഹിക്കയാണെന്ന് ഞാന്‍ കരുതി
അവ മത്സരിക്കയാണെന്ന്
നിന്‍റെ മൌനം എന്നോട്‌ പറഞ്ഞു.

കാറ്റ്‌ പൂക്കളോട്‌ പറഞ്ഞു;
വെറുതെ അതുമിതും പറഞ്ഞിരിക്കാം
നാലുമണിപ്പൂക്കളും നന്ത്യാര്‍വട്ടങ്ങളും
സ്നേഹം ചിരിയിലൊതുക്കുന്നു.
ആ പുഞ്ചിരിയില്‍ വേദനയാണെന്നോ?

ശൂന്യത സത്യമാണെന്നോ?
അരുത്‌ എന്നെ വെറുതെ വിടൂ
എന്നെ ഉറങ്ങാനനുവദിക്കൂ.
സ്വപ്നങ്ങളിലെന്‍റെ അമ്മയുണ്ട്‌…

കണ്ണുകള്‍ കൊണ്ടെന്നെ മുറിപ്പെടുത്താതെ,
നിഷേധത്തിനിനി അര്‍ത്ഥമില്ല; ഞാന്‍
സമ്മതിക്കുന്നു
എനിക്ക്‌ തെറ്റുപറ്റി.

  • 1992

- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

2008-08-18

ഹ്യദയവും മനസ്സും  

പുറത്ത് മഴതകര്‍ക്കുമ്പോള്‍
പൈതൊഴിയുന്ന മഴനൂലുകള്‍ക്കിടയിലൂടെ
നീ നടന്നെത്തിയത്, കൊട്ടിയടക്കപ്പെട്ട
എന്‍റെ ഹ്യദയത്തിലേക്കായിരുന്നു

അനുവാദമില്ലാതെ നീ എന്‍റെ ഹ്യദയത്തില്‍
മെലിഞ്ഞ വിരലുകള്‍ കൊണ്ടെഴുതിയപ്പോള്‍
അരുതേ എന്നുവിലക്കാന്‍ മനസ്സുവെമ്പി
പക്ഷേ നാവു ചലിച്ചില്ല

ഞാന്‍ ആരന്നറിയാതെ അടുത്തു നീ
ഞാന്‍ സന്തോഷിച്ചു
ഞാന്‍ ആരന്നറിഞ്ഞപ്പോള്‍ അകന്നു നീ
എന്‍റെ മനസ്സു വേദനിച്ചു

എന്നിട്ടും മനസ്സിനോടല്ലാതെ
ഹ്യദയത്തോടു നമ്മള്‍ സംവാദിച്ചു
മനസ്സും ഹ്യദയവും
രണ്ടായിരിക്കും അല്ലേ?

2008-08-16

മേധാക്ഷയം  

ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം
പേര്‍ത്തുമതാരോ പറഞ്ഞു കേട്ടിന്നു നീ
ഓര്‍ത്തുഴറുന്നുവോ സംശയത്താല്‍,
പെട്ടന്നു നാവില്‍ വരാത്തൊരു നാമമായ്
മൊട്ടിട്ടു നിന്നിലും രോഗമന്നായ്
സംശയം നന്ന് , നീയിന്നറിയുന്നതും
നന്നുതാന്‍ സത്യം, വിനാവിളംബം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം

ഇല്ല നിന്‍ മേധക്കു രോഗ, മെന്നാകിലോ
വല്ലാതെ ബാധിച്ചു മാനസത്തെ
എന്നെ മറന്നു നീ, നിന്‍പാദമാദ്യമായ്
നന്നായ് പതിഞ്ഞൊരാപ്പൂഴിമുറ്റം
നേരേനടക്കുവാന്‍ കുഞ്ഞേ നിനക്കെന്നു
നേരോടെ നീണ്ടവിരല്‍തുമ്പുകള്‍
പാടലവര്‍ണ്ണമാം നിന്‍ മുഖമന്‍പിനാല്‍
പൂപോല്‍ത്തുടച്ച പുടവയറ്റം
കാണാന്‍ കൊതിച്ചുനീപോകും വഴികളില്‍
നോവാര്‍ന്നു പിന്‍‌വന്നൊരാര്‍ദ്രനോട്ടം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"

എന്തേ മറന്നു നിനക്കായ് നിരന്തരം
സ്‌പന്ദിക്കുന്ന ഹ്യത്തിന്റെ ശോകം
കുഞ്ഞേനീയൊരിക്കല്‍ വന്നെങ്കിലെന്നൊരു
നെഞ്ഞകം നൊന്ത വിലാപ ഗീതം
"ഒന്നിനി നിന്നെ ഞാന്‍ കാണുമോ" യെന്നിരുള്‍
തിന്നു തീര്‍ക്കും നെടുവീര്‍പ്പിനൊപ്പം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം

ഇന്നു നീ കൂട്ടികിഴിക്കലിലാണതി
ന്നെന്നും നിനക്കു തിടുക്കമേറെ
ഒട്ടല്ലനിക്കിനിക്കീഴടക്കാനുള്ള
പട്ടങ്ങളന്നു നിന്‍ കൂര്‍മ്മബുദ്ധി
വെട്ടാം നിരത്താം കീഴടക്കാം
ലോകമെത്രക്കു വേഗമാംമത്രവേഗം
തട്ടിത്തെറിപ്പിച്ചൂ പോന്നകല്‍ച്ചീളുകള്‍
തട്ടിപ്പരിക്കേറ്റു വീണതാരോ
ജന്മദാദാക്കളോ സോദരരോ കളി-
ച്ചങ്ങാതിമാരോ പ്രിയരവര്‍‍‌വേറയോ
ആരുമാകട്ടെ തിരിഞ്ഞൊന്നുനോക്കുവാന്‍
നേരമില്ലാതെ നീ പാഞ്ഞിടുമ്പോള്‍
ഇല്ല, പഴുതു ചികില്‍സിക്കുവാ, നകം-
പൊള്ളയാമീ പുറന്തോടുമായി
നീ യശ്വമേധം തുടരുകയേറിടും
നിന്‍ ജയശ്യംഗങ്ങളേറെയെന്നാല്‍
നാളയതിന്നും മുകളിലായ് ഭാവിതന്‍
ജേതാക്കള്‍ വെന്നിക്കൊടി നാട്ടവേ
നീയും മറവിയിലാഴുന്നൊരിന്നലെ
യാകുമവര്‍ക്കൊരു പാഴ്‌ക്കിനാവായ്

ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം
ഒന്നു യാചിക്കുക ദേവകളോടു നീ-
യന്നുനിനക്കു വരം നല്‍കുവാന്‍
കേവലം സം‌മ്പൂര്‍ണ്ണ മേധാക്ഷയം, നിന
ക്കേകുവാന്‍ മുക്തി, സ്വത്വത്തില്‍ നിന്നും

സുരേഷ് കാഞ്ഞിരക്കാട്ട് സംഗീതം പകര്‍ന്ന ഈ കവിത അദ്ദേഹത്തിന്‍റെ മധുര ശബ്ദത്തില്‍ ഇവിടെ നിന്നും കേള്‍ക്കാം.

പ്ലെയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


2008-08-15

സ്വാതന്ത്യ ദിനം-ഒരു കുറിപ്പ്  

തികച്ചും യാദ്യഛികം എന്നേ എനിക്ക് പറയാന്‍ കഴിയുന്നുള്ളൂ, ഇന്ന് എന്‍റെ പെറ്റ രാജ്യത്തിന്‍റെയും പോറ്റുന്ന രാജ്യത്തിന്‍റെയും ചരിത്രത്തിലെ നാഴികല്ലായ ദിവസമാണ്. ഇന്ത്യയും, തെക്കന്‍ കൊറിയയും സ്വാതന്ത്യദിനം ആഘോഷിക്കുന്ന സുദിനം. എന്നും നമുക്ക് അഘോഷങ്ങളാണ്. വാലന്‍റയിന്‍സ് ഡേ, ഫ്രണ്ട്ഷിപ് ഡേ, നൂ-ഇയര്‍ അങ്ങനെ ഒരുപാട് ഒരുപാട്. എല്ലാം നമ്മള്‍ ആഴ്ചകള്‍ക്കു മുന്‍പേ ആഘോഷിച്ചുതുടങ്ങും, ഫോ‌ര്‍‌വേഡ് മെയിലുകള്‍ അയച്ചും ഒര്‍ക്കട്ടില്‍ സ്ക്രാപ്പുകളും വര്‍ണ്ണമനോഹരങ്ങളായ ആനിമേറ്റഡ് ചിത്രങ്ങള്‍ അയച്ചും. എന്നും ഈ തരം ആഘോഷവേളകളില്‍ എനിക്ക് ഒരുപാട് മെയിലുകളും സ്ക്രാപ്പുകളൂം കിട്ടാറുണ്ട്. കുറഞ്ഞത് ഒരു പത്തുദിവസം മുന്‍പങ്കിലും എനിക്ക് മെയിലുകളും സ്ക്രാപ്പുകളും വന്നുതുടങ്ങും. എന്തോ സ്വാതന്ത്ര്യദിനാഘോഷവേ‌ളകളില്‍ അപൂ‌ര്‍‌വ്വമായ് മാത്രമേ ഇത്തരം മെയിലുകളോ ഒര്‍ക്കുട്ട് സ്ക്രാപ്പുകളോ വരാറു‌ള്ളൂ.

ബ്ലോഗുകളിലും, എത്രപേര്‍ സ്വാതന്ത്യദിനത്തില്‍, നമ്മള്‍ ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്യം നേടിതരാന്‍ വേണ്ടി ജീവന്‍ ബലികൊടുത്തവര്‍ക്കുവേണ്ടി ഒരു സ്മരണിക എഴുതും എന്നും അറിയില്ല. മഹാത്മാഗാന്ധി, ഭഗത്സിംങ്, നേതാജി സുബാഷ് ചന്ദ്രബോസ്, ഡോ. അംബേക്കര്‍, ബാലഗംഗാധര തിലകന്‍, ഗോപാല ക്യഷ്ണ ഗോഖലെ, ത്ഡാന്‍സി റാണി ലക്ഷ്മി ഭായി തുടങ്ങിയവര്‍മുതല്‍ സ്വാതന്ത്യസമരത്തില്‍ ജീവന്‍ വെടിഞ്ഞതും അല്ലാത്തതുമായ എല്ലാ ധീരദേശാഭിമാനികള്‍ മുന്‍പില്‍ ഒരു മാത്ര ശിരസ്സു കുനിച്ചു നമസ്കരിക്കുന്നു.

സ്വാതന്ത്യസമരത്തിന്‍റെയും അതിനോട് അനുബന്ധിച്ചുമുള്ള ചില ചിത്രങ്ങ‌ള്‍


വന്ദേമാരം-എന്നും ഓരോഭാരതീയനെയും പുളകമണിയിക്കുന്ന ദേശഭക്തിഗാനം. എ. ആര്‍. റഹുമാന്‍ സംഗീതം പകര്‍ന്ന് സ്വതന്ത്യത്തിന്‍റെ അന്‍പതാം പിറന്നാളില്‍ ഭാരതത്തിനു സമര്‍പ്പിച്ച വന്ദേമാതരം നമ്മുടെ ധീര യോദ്ധാക്കള്‍ക്കുവേണ്ടി ‍ ഇവിടെ ഒരിക്കല്‍ കൂടി സമര്‍പ്പിക്കുന്നു.

2008-08-14

ഞാന്‍-നഷ്ടപ്പെട്ട ആത്മാവ്  

ഞാന്‍
നഷ്ടപ്പെട്ട ആത്മാവ്
വേനല്‍ മഴയാകാനായിരുന്നു
എന്നും എന്‍റെ വിധി

എന്‍റെ ആത്മാവ്
അകന്നുപോകാനായിരുന്നു
എന്നും നിനക്കിഷ്ടം
ഞാനന്ന സമസ്യയില്‍ നിന്നും

എന്‍റെ സന്തോഷം
വേനല്‍ മഴയുടെ കുളിരില്‍
വിരിയുന്ന പൂക്കള്‍ പോലെ
വേഗം കൊഴിയുന്നവ

എന്‍റെ മനസ്സ്
ആരും കാണാതെ പോയ
നഷ്‌ട്സ്വപ്നങ്ങളുടെ
ഒരു കലവറ

എന്‍റെ ജീവിതം
പാഥേയമില്ലാതെ വന്ന
സഞ്ചാരികളുടേതായ
ഒരു വഴിയമ്പലം

എന്‍റെ ശബ്ദം
എന്നേ എനിക്ക് നഷ്ടമായി
ഒച്ച ഉണ്ടാക്കാതിരിക്കാന്‍
നാവിനെ ഞാന്‍ കെട്ടിയിട്ടു

ഞാന്‍
എല്ലാവരാലും തോല്പിക്കപ്പെട്ടവന്‍
ഇന്ന് എന്‍റെ ആത്മാവിനാലും
തോല്പിക്കപ്പെട്ടിരിക്കുന്നു

2008-08-13

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍  

ഞാനാര്? ഞാനെന്ത്?
ഉത്തരമില്ലാത്ത എന്‍റെ ആത്മാവിന്‍റെ
ചോദ്യങ്ങള്‍ക്കുമുന്‍പില്‍
തോറ്റടിയുകയാണ് ഞാന്‍

എന്തിനുവേണ്ടി
ആര്‍ക്കുവേണ്ടിയായിരുന്നു
ഈ ജന്മമത്രയും
എന്‍റെ കാത്തിരിപ്പ്

എനിക്ക് ആരോടും ജയിക്കേണ്ട
ആരയും തോല്പിക്കയും വേണ്ട
എന്‍റെ മനസ്സിനെ
ഇനി ആര്‍ക്കുവേണ്ടിയും
തുറക്കാന്‍ കഴിയാത്തവിധം
മണിച്ചിത്രത്താഴിട്ടു പൂട്ടാന്‍
കഴിഞ്ഞങ്കില്‍
മുട്ടിയാല്‍ തുറക്കപ്പെടാത്ത
ഇരുളടഞ്ഞ ഒരു
ഗുഹാകവാടം പോലെ

2008-08-12

വേനല്‍ മഴ  

നിന്നെ കുളിര്‍പ്പിക്കും വേനല്‍ മഴയോ
നിന്നെ കരിക്കുന്ന ഹോമാഗ്നിയോ
നിന്നില്‍ പടരുന്ന സ്നേഹമായി
നിന്നെ തലോടുന്ന കൈകളാകാന്‍

ഏകാന്തമീ വേനലില്‍ മഴയായി വന്നുനീ
എന്നെ കെട്ടിപ്പുണര്‍ന്നു പൊന്നുമ്മ തന്നു
എനിക്കായി നീ എന്നും ഉണര്‍ന്നെണീറ്റു
എന്നിട്ടുമെന്നും കരഞ്ഞു പതം പറഞ്ഞു

സാഡിസം കൊണ്ടുഞാന്‍ വ്രണപ്പെടുത്തും-
സന്തോഷം കൊണ്ടുഞാന്‍ പൊട്ടിച്ചിരിച്ചു
സന്താപം കൊണ്ടുനീ നീറിപുകയവേ
സന്താപമില്ലാതെ കണ്ണീരൊഴുക്കി ഞാന്‍

കാണാത്ത കണ്ണിലെ സ്വപ്നങ്ങളായ്
കാത്തുവച്ചീടുകീ സ്നേഹബന്ധം
കാണാത്തതീരത്തു കണ്ടുമുട്ടാം
കാത്തിരുന്നീടാം വരും ജന്മത്തിനായ്

വേനല്‍ മഴയില്‍ നനയാനിറങ്ങാം
വേദനിപ്പിച്ചതിന്‍ പാപം കഴുകാന്‍
വാടാത്തനിന്‍ മുഖമന്‍പിനാല്‍ കാണുവാന്‍
വാടാത്ത പുഞ്ചിരി നീ കാത്തുവയ്ക്കൂ

-7 August 2008-

2008-08-11

ചരിത്രത്തില്‍ ആദ്യമായി  


ഒ‌ളിമ്പിക്സിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഒരു വ്യക്തിഗത സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കിയിരിക്കുന്നു. പത്തുമീറ്റര്‍ എയര്‍ റൈഫിളില്‍ അഭിനവ് ബിന്ദ്രയാണ് സ്വ‌ര്‍ണ്ണം നേടിയത്. 28 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യക്ക് ഒളിമ്പിക്സില്‍ ഒരു മെഡല്‍ നേടാന്‍ കഴിയുന്നത്. ഒളിമ്പിക് യോഗ്യത നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്. ബിന്ദ്ര. ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ തലത്തില്‍ സ്വര്‍ണ്ണം നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതിയും ബിന്ദ്രക്ക് സ്വന്തം. 2002-ല്‍ ബിന്ദ്രക്ക് ഖേല്‍രത്ന അവാര്‍ഡ് കിട്ടിയിരുന്നു.

2008-08-09

ചേച്ചിയമ്മ  

ശ്രീദേവിയാമിവള്‍ ശ്രീ-ദേവിതന്നെ
ശ്രീലകം വാഴുന്ന വാണീദേവി
ശ്രീക്യഷ്ണദേവന്‍റെ കീര്‍ത്തനം പാടുവാന്‍
ശ്രീവത്സം ചാര്‍ത്തിയ ശ്രീലക്ഷ്മിയായ്

തുഞ്ചന്‍റെ ജിഹ്വയില്‍ തേന്‍ പുരട്ടി
തുഞ്ചന്‍ പറമ്പിലെ ശാരികപൈതലായ്
തുഞ്ചന്‍റെ ഗാഥതന്‍ ചിലങ്കകളായ്
തുഞ്ചത്തിരുന്നു നീ പാടും മൊഴികളായ്

പാടലവ‌ര്‍‌ണ്ണമാം എന്‍ മുഖമന്‍പിനാല്‍
പൂപോല്‍ തുടക്കുന്ന പുടവയറ്റം
പേര്‍ത്തുമിന്നെന്നുടെ കണ്ണുനിറയവേ
പദ്യത്താല്‍ പാലാഴി തീര്‍‌ക്കുന്നവള്‍

ചേച്ചിയായ് അമ്മയായ് സ്നേഹമായി
ചേര്‍ത്തുവയ്ക്കുന്നു ഞാന്‍ ഹ്യത്തിനൊപ്പം
ചേറുപുരണ്ടൊരന്‍ കൈകള്‍ രണ്ടും
ചേര്‍ത്തണച്ചീടുന്ന മാത്യസ്നേഹം

2008-08-08

ആത്മാവിന്‍റെ തേങ്ങല്‍  

പാതിമരിച്ചൊരാ ദേഹത്തുനിന്നും
പറിച്ചെടുക്കുന്നു നിന്നാത്മാവിനെ
പാതിവഴില്‍ ഉപേക്ഷിച്ചുവങ്കിലും
പാതിജീവനായ് നീ എന്നിലലിഞ്ഞു

നഷ്ടങ്ങള്‍ക്കപ്പുറം നേട്ടങ്ങള്‍കാംക്ഷിക്കേ
നഷ്ടങ്ങളറിയാതെ നഷ്ടപ്പെടുന്നുനാം
നഷ്ടവും ലാഭവും ജീവിത തുലാസുകള്‍
നഷ്ടങ്ങള്‍ക്കപ്പുറം നഷ്ടസ്വപ്നങ്ങള്‍

നേടുവാന്‍ നാമല്ലാം മല്‍സരിക്കുന്നു
നേട്ടമായ് നാമെന്തുകൊണ്ടുപോകും
നേട്ടങ്ങളെല്ലാം അഗ്‌നിവിഴുങ്ങവേ
നേട്ടങ്ങള്‍ക്കെന്തിനു നെട്ടോട്ടമോടണം

ജീവിച്ചീടുവാന്‍ മറന്നുപോയ് നാമീജന്മം
ജീവിച്ചു തീര്‍ക്കുവാന്‍ മാത്രകള്‍ മാത്രം
ജീവന്‍റെ ജീവനില്‍ പൂത്തൊരാത്മാവായ്
ജീവന്‍ വെടിഞ്ഞാലും നീ ജീവിച്ചിടും

-സമര്‍പ്പണം-
ഇന്നും, സാമ്പ്രദായിക കവിതാസങ്കേതത്തില്‍ ശുദ്ധകവിത സ്പുടം ചെയ്തെടുക്കുന്ന എന്‍റെ പ്രീയപ്പെട്ട ശ്രീദേവിചേച്ചിക്ക്

2008-08-04

മനസ്സ് വില്‍‌പനക്ക്  

സ്നേഹം എന്നും എന്‍റെ ബലഹീനത
ഞാന്‍ എന്നും അതിന്‍റെ ഒരു അടിമ
ശൂന്യമായ എന്‍റെ ലോകം ശ്യൂന്യമാക്കിയ
സ്നേഹിതര്‍, പ്രിയരാം സഖികള്‍

എന്‍റെ പാവം മനസ്സ്, എന്നും കൊതിച്ചു
നിന്‍റെ ഒരിറ്റു സ്നേഹത്തിനായി
നാട്യമായാലും അതുമതിയായിരുന്നു
ശൂന്യമായ എന്‍റെ പാവം മനസ്സിന്

ശൂന്യമായ കൈകള്‍, ശൂന്യമായ മനസ്സ്
ഞാന്‍ അലയുകയായിരുന്നു, സ്നേഹംതേടി
മധുരം പുരട്ടിയവാക്കില്‍ നീ സ്നേഹം വിളമ്പി
കൈകകള്‍ ശൂന്യമന്നറിഞ്ഞ് മനസ്സെടുത്തുപോയി

ആരാലും തലോടാതെപോയ പാവം മനസ്സ്
അറുത്തുവയ്ക്കുന്നു ഞാന്‍ വില്‍‌പനക്കായ്
വിലപറയാതെ, ആര്‍ക്കും വേണ്ടാതനാഥമായി
രക്തമൊഴുകുന്ന ശൂന്യമായ എന്‍റെ മനസ്സ്

ആത്മാര്‍ത്ഥതയില്ലാത്ത ഈലോകത്ത്
ആത്മാര്‍ത്ഥത പ്രതീക്ഷിച്ച ഒരു മനസ്സ്
എനിക്കും വേണ്ടാതായിരിക്കുന്നു ഇന്ന്
ശൂന്യമായ എന്‍റെ പാവം മന‍സ്സിനെ

ഇതെടുത്തുകൊള്ളുക, വിലയായ് നിന്‍റെ
സ്നേഹം, ഇരുട്ടിലങ്കിലും പങ്കുവയ്ക്കുക
ഇത് എന്‍റെ രക്‌തമാണ്, ഇത് എന്‍റെ
മാംസമാണ്, ഇത് നീ എടുത്തുകൊള്ളുക

2008-08-01

യാത്രാമൊഴി  

തിരക്കൊഴിഞ്ഞ രണഭൂമി
ആളൊഴിഞ്ഞ ശിബിരം
ഉടയുന്ന കുപ്പിവളകള്‍
മായുന്ന സിന്ദൂരം,
മണ്‍കുടം ഉടഞ്ഞു തെറിച്ച സ്നേഹം
വരണ്ട ഭൂമി നക്കിത്തുടയ്ക്കുന്നു.

ചേലത്തുമ്പില്‍ ഉടക്കി നിന്ന
ഒരു പുഞ്ചിരി;
നനഞ്ഞ കണ്ണുകള്‍…
ചേലയുടെ നിറങ്ങളോടൊപ്പം
ഒരു യാത്രാമൊഴി കൂടി
വെളുപ്പില്‍ കുതിരുമ്പോള്‍
സ്നേഹം
ഈശ്വരന്‍ വഞ്ചിച്ച പതിവ്രതയായി
തുളസിയായി പുനര്‍ജ്ജനിയില്ലാതെ
മൂര്‍ച്ഛിക്കുന്നു.

ഞാന്‍ വീണ്ടും ഒറ്റയാവുന്നു.

  • 1993 ഡിസംബര്‍ 23

-നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-