Search this blog


Home About Me Contact
2008-08-25

അപ്പാ-ഒരു സ്മരണിക  

രണ്ടാമത്തെ പ്രാവശ്യം അപ്പായെ ഐ.സി.യു-വില്‍ പ്രവേശിപ്പിച്ചുവന്നറിഞ്ഞപ്പോള്‍ ഹ്യദയത്തില്‍ ഒരു അമ്പേറ്റ പ്രതീതിയായിരുന്നു. ഇനി ഒരിക്കലും ഒരുനോക്കുകാണാന്‍ കഴിയില്ലല്ലോ എന്ന ഒരു ഭീതി എന്നെ ഗ്രസിച്ചു തുടങ്ങി. ആദ്യതവണ കോമാ സ്റ്റേജില്‍ ആശുപത്രി കിടക്കയിലായിരുന്നുവന്നറിഞ്ഞ നിമിഷം മുതല്‍ ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാലും ഇത്ര പെട്ടന്ന്?

നാട്ടിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചപ്പോള്‍ മുതല്‍ അപ്പായെ കാണാം, എണ്ണപ്പെട്ട ദിവസങ്ങളിലേക്ക് മാത്രമാണങ്കില്‍ പോലും ആ സ്നേഹവും വാല്‍സല്യവും അനുഭവിക്കാം എന്ന ഒരു സ്വകാര്യ സന്തോഷത്തിലായിരുന്നു ഞാന്‍. പക്ഷേ കോമാ സ്റ്റേജില്‍ വീണ്ടും ആശുപത്രികിടക്കയിലാണന്നറിയുമ്പോള്‍ എന്‍റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു. ഇനി ഒരിക്കലും കാണില്ലന്ന ഒരു തോന്നല്‍. ഒരുതവണ, ഒരു ഒറ്റതവണ, ഒരുനോക്കു കാണാന്‍ ആ ആയുസ്സ് നീട്ടികൊടുക്കണമേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

പ്രാര്‍ത്ഥനകളുടേയും പ്രതീക്ഷകളുടേയും നീണ്ട പതിനഞ്ച് ദിവസങ്ങള്‍ക്ക് ഒടുവില്‍ ഡോകടര്‍ പറഞ്ഞു “വീട്ടിലേക്ക് കൊണ്ടുപൊയ്ക്കോളൂ”. വൈദ്യശാസ്ത്രവും കൈ ഒഴിഞ്ഞ നിമിഷങ്ങള്‍. ഒരു ശബ്ദവും കേള്‍ക്കാതെ, കണ്ണുതുറക്കാതെ, ഒരു വാക്ക് മിണ്ടാനവാതെ, ഒന്നും അറിയാതെ കിടക്കുന്ന അപ്പാ. മൂക്കിലൂടെ ഓക്സിജന്‍ റ്റ്യൂബ്. തുള്ളിതുള്ളിയായ് നീഡിലിലൂടെ ഞരമ്പിലേക്ക് ഒഴുകുന്ന ഗ്ളൂക്കോസ്. ജീവനുണ്ടന്നതിന്‍റെ തെളിവായ് ഉയര്‍ന്നു താഴുന്ന മാറിടം. പള്‍‍സ് മീറ്ററില്‍ രേഖപ്പെടുത്തുന്ന നേര്‍ത്ത ഹ്യദയമിടിപ്പ്. ഓരോശ്വാസത്തിനു വേണ്ടിയും പിടയുമ്പോള്‍ എന്തു ചെയ്യണമന്നറിയാതെ നിസ്സഹായയായി കരഞ്ഞു തളര്‍ന്ന് രാവും പകലും അപ്പായ്ക്ക് കാവലിരിക്കുന്ന അമ്മാ. ചിത്രങ്ങള്‍ ഓരോന്നായി മനസ്സില്‍ തെളിയുകയാണ്.

ഞാന്‍ അവസാനമായ് ഇങ്ങോട്ടുപോരുമ്പോള്‍ എന്തല്ലാമായിരുന്നു അപ്പാ എനിക്ക് തന്നുവിടുവാനായ് കൊണ്ടുവന്നത്. നാരങ്ങാ അച്ചാര്‍, കടൂമാങ്ങ, ഉപ്പേരി, ഉപ്പുമാങ്ങ എല്ലാം സ്വന്തം കൈകൊണ്ട് അപ്പാതന്നെ ഉണ്ടാക്കിയത്. പക്ഷേ ഓവര്‍ ലഗേജ് കാരണം ഒന്നും കൊണ്ടുപോരാന്‍ കഴിഞ്ഞില്ല. ഞാന്‍ പോരുന്ന ദിവസം ഏട്ടന്‍റെ കല്ല്യാണ നിശ്ചയം കൂടി ആയിരുന്നതിനാല്‍ ഒന്നും ടേസ്റ്റ് നോക്കാന്‍ കൂടി കഴിഞ്ഞില്ല. ഇനി ഒരിക്കലും അപ്പായുടെ കൈകൊണ്ട് ഉണ്ടാക്കിയതൊന്നും കഴിക്കാന്‍ ഉള്ള ഭഗ്യം എനിക്കുണ്ടാവില്ല എന്ന് കാലേകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നതുകൊണ്ടാവും അന്ന് ആവോളം അപ്പായുടെ കൈ കൊണ്ടുണ്ടാക്കിയ പാല്‍‌പായസം ഉള്‍പ്പെടെ എല്ലാം അപ്പാതന്നെ എന്നെ വിളമ്പി ഊട്ടിയത്. എത്രകഴിച്ചാലും എനിക്ക് മതിവരാത്ത അപ്പായുടെ പാല്‍പായസം വിളമ്പുമ്പോല്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. "ആവശ്യത്തിനു കഴിച്ചോളണം, ഇനി ഇതൊന്നും കിട്ടില്ല". അറം പറ്റിയ വാക്കുകള്‍. അന്ന് ആ വാക്കുകള്‍ക്ക് ഇങ്ങനെ ഒരു അര്‍ത്ഥമുണ്ടന്ന് തീരെ കരുതിയില്ല. എല്ലാം അപ്പാ മുന്‍‌കൂട്ടി കണ്ടിരുന്നുവോ? ആ പാദം തൊട്ടുനമസ്കരിച്ച് പടിയിറങ്ങുമ്പോള്‍ ഇനി ഒരിക്കലും കാണില്ലന്ന് അപ്പാ അറിഞ്ഞിരുന്നുവോ?

കോമാ സ്റ്റേജില്‍ ശ്വാസം കിട്ടാതെ പിടയുകയാണ് എന്നറിഞ്ഞ നിമിഷം മുതല്‍ എത്രയും പെട്ടന്ന് അപ്പായുടെ അടുത്തെത്താന്‍ മനസ്സ് കൊതിച്ചു. ആ കൈകള്‍ ഒന്നു തെരുപിടിക്കുവാനും, ആ മുടിയിഴകളെ ഒന്നു ലാളിക്കുവാനും, ഒരു വാക്ക് മിണ്ടാനും വല്ലാത്ത മോഹം. ആ കൈ തണ്ടയില് അപ്പാ ഞാന്‍ വന്നിരിക്കുന്നുവന്ന് വിരലുകള്‍ കൊണ്ടൊന്നെഴുതിയാല്‍ ഏതു കോമാ സ്റ്റേജിലും അപ്പാ അതറിയും. അപ്പായെ ഞാന്‍ ഒരുപാടു സ്നേഹിച്ചിരുന്നുവന്ന് ആ ഹ്യദയത്തിനു മുകലില്‍ നഖം കൊണ്ടൊന്നു കോറിയിടാന്‍ മനസ്സുവെമ്പി. പക്ഷേ ഒന്നിനും അപ്പാ കാത്തുനിന്നില്ല. എന്നും ജീവനുള്ള ആ മുഖം മാത്രം മതി എന്‍റെ മനസ്സില്‍ എന്നു കരുതിയതുകൊണ്ടാവും എനിക്കുവേണ്ടി കാത്തുനില്ക്കാതെ, കോരിചൊരിയുന്ന മഴയുള്ള കര്‍ക്കിടക രാവില്‍ അപ്പാ എന്നെ വിട്ടുപോയത്. പൈതൊഴിയുന്ന മഴനൂലുകള്‍ക്കിടയിലൂടെ ഒറ്റക്ക് എല്ലാം ഉപേക്ഷിച്ച് അപ്പാ പോയി. ഒരുപിടി നല്ല ഓര്‍മ്മകള്‍ മനസ്സിലവശേഷിപ്പിച്ചുകൊണ്ട് ഇനി ഒരിക്കലും മടങ്ങി വരാന്‍ കഴിയാത്ത അക്ഞാതമായ ഏതോ ഒരു ലോകത്തേക്ക്.

കടപ്പാട്(ചിത്രം)-ഡേവിഡ് റങ്‌‌ചര്‍

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories9 comments: to “ അപ്പാ-ഒരു സ്മരണിക

 • Prasanth. R Krishna
  Monday, August 25, 2008 9:11:00 AM  

  പൈതൊഴിയുന്ന മഴനൂലുകള്‍ക്കിടയിലൂടെ ഒറ്റക്ക് എല്ലാം ഉപേക്ഷിച്ച് അപ്പാ പോയി. ഒരുപിടി നല്ല ഓര്‍മ്മകള്‍ മനസ്സിലവശേഷിപ്പിച്ചുകൊണ്ട് ഇനി ഒരിക്കലും മടങ്ങി വരാന്‍ കഴിയാത്ത അക്ഞാതമായ ഏതോ ഒരു ലോകത്തേക്ക്.

 • കാന്താരിക്കുട്ടി
  Monday, August 25, 2008 3:20:00 PM  

  കാലത്തിനു ഉണക്കാന്‍ കഴിയാത്ത മുറിവില്ല പ്രശാന്ത്.അപ്പാക്കു വേണ്ടി പ്രാര്‍ഥിക്കൂ.
  പ്രശാന്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു.

 • മാനിഷാദ
  Monday, August 25, 2008 5:59:00 PM  

  മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണ്. അത് ഒരു സനാതന സത്യവും. സമാധാനവാക്കുകള്‍ക്ക് നികത്താവുന്നതല്ല പ്രീയപ്പെട്ടവരുടെ വേര്‍പാട്. ദുഖത്തില്‍ പങ്കുചേരുന്നു.

 • മാണിക്യം
  Monday, August 25, 2008 8:38:00 PM  

  നീ എന്നെങ്കിലും അടുത്തു വന്നാല്‍ ഞാനറിയില്ല,
  എങ്കിലും, ഞാന്‍ കടന്നു പോകുകയാണെന്ന് നീയറിയണം ..
  അപ്പോള്‍‌ വിളിച്ചാല്‍ കേള്‍ക്കില്ല ഞാന്‍‌, കാണു‍‌കയുമില്ല,

  നിന്റെ മണം അറിയില്ലാ,
  നിന്റെ കൈ, അതിന്‍‌ ചൂട്
  അതിന്റെ മൃദുത്വം അതുമറിയില്ല,


  ഒരിക്കല്‍ എന്റെ കൈ വെള്ളയില്‍
  നിന്‍ വിരലിന്‍ മൃദുത്വത്താല്‍,
  നിന്റെ കൈയുടെ ചൂടിനാല്‍
  അത് നീയാണെന്ന് കോറീയിടൂ..

  ഏതു കോമയിലാണേലുമതുഞാനറിയും
  ഒരു പക്ഷേ വിരലുകള്‍ കൊണ്ടു
  നിന്‍കൈവിരല്‍‌പിടിക്കാനുള്ള ശേഷിയുണ്ടാവില്ല..
  എങ്കിലും ഞാനറിയും ....

  ഞാനറിയും അത് നീയാണെന്ന്
  ഞാനറിയും നിന്‍ സാമീപ്യം..

  ഇപ്പോള്‍, ഞാന്‍ കടന്നു പോകുകയാണെന്ന് നീയറിയണം ..
  അപ്പോള്‍‌ വിളിച്ചാല്‍ കേള്‍ക്കില്ല ഞാന്‍‌, കാണു‍‌കയുമില്ല,
  ഇനി ഒരിക്കലും പറയാനായില്ലയെങ്കിലോ?

  ഞാന്‍ കടന്നുചെല്ലുമ്പോള്‍ അവള്‍
  കണ്ണുകള്‍ അടച്ചു കിടക്കുകയാണ്,
  തലയ്കല്‍ ഉള്ള യന്ത്രത്തില്‍
  ഹൃദയമിടിപ്പ് അടയാളപ്പെടുത്തുന്നു...
  കയ്യില്‍ ട്രിപ്പ് ഇട്ടിരുക്കുന്നു കൃത്രിമശ്വാസോശ്ചാസം
  ഈ കിടപ്പ് ഇന്ന് 34 ദിവസമായി.
  ഒരുവാക്ക് മിണ്ടിയിട്ടില്ല്ല ,കണ്ണു തുറന്നിട്ടില്ല്ല
  വിളികേട്ടിട്ടില്ല ....
  ഞാന്‍ അവളുടെ അരികില്‍ ഇരുന്നു.
  ചെറുചൂടുള്ള ആ കൈ പിടിച്ചു കൊണ്ട് , വാക്കുകള്‍‌ക്ക് അര്‍ത്ഥം ഇല്ലത്താ നിമിഷങ്ങള്‍..
  ആകെയുള്ളത് ഉയര്‍‌ന്നു താഴുന്ന
  ആ നെഞ്ചിലേ ശ്വാസവും ആ ചങ്കിടിപ്പും ...
  ഇവിടെ ഏതു നാട് ഭാഷ ജാതി
  ഒന്നും പ്രസക്തമല്ല......
  കൈ വെള്ളയില്‍
  :: ഇതു ഞാനാ::
  എന്നു നഖം കൊണ്ടു
  കോറിയിടുവാനാണു തോന്നിയത്..

  http://maaanikyamisin.blogspot.com/2008/08/inienikkuparayaanullathu.html

  മാണിക്യം
  Thursday, August 7, 2008

 • കാപ്പിലാന്‍
  Monday, August 25, 2008 9:52:00 PM  

  അപ്പായെ കുറിച്ചുള്ള ഓര്‍മ്മ നന്നായി എന്‍റെ മനസ്സില്‍ കൊണ്ടു.ഒരു നോവായി .നാട്ടില്‍ പോകുന്നു എന്നറിഞ്ഞു .പോയി വരിക .വിഷമങ്ങള്‍ക്ക് അല്പം അയവ് കൊടുക്കുക .

 • Prasanth. R Krishna
  Friday, August 29, 2008 4:23:00 PM  

  കാന്താരിക്കുട്ടീ,
  ആശ്വ്വാസത്തിന്റെ ഒരു വക്കു കോറിയിടാന്‍ തോന്നിയ ആ നല്ലമനസ്സിന് ഒരു പാട് നന്ദി.

 • Prasanth. R Krishna
  Friday, August 29, 2008 5:09:00 PM  

  മാണിക്യം, കാപ്പിലാന്‍,
  വിഷമങ്ങളില്‍ കൂടയുണ്ടാകുന്നവര്‍, സ്വയം ദു:ഖിക്കുമ്പോഴും മറ്റുള്ളവരുടെ വേദന അറിയാന്‍ അതു പകുത്തെടുക്കാന്‍ ഒരു വലിയ മനസ്സുണ്ടങ്കിലേ കഴിയൂ. എനിക്കറിയാം ഇന്നു ഈ കോമാ സ്റ്റേജിനെ പറ്റി മറ്റാരേക്കാളും മാണിക്യത്തിനു മനസ്സിലകും. മാണിക്യത്തിന്റെ

  ഇനി എനിക്കു പറയാനുള്ളത് അതുതന്നായാണല്ലോ. നന്ദി കാപ്പിലാന്‍

 • Nishad | നിഷാദ്
  Friday, August 29, 2008 9:56:00 PM  

  പ്രശാന്ത് ഭായ്,
  നമ്മെ സ്നേഹിക്കുന്നവരും നാം സ്നേഹിക്കുന്നവരില്‍ നിന്നുള്ള വിരഹം നമുക്കു താങ്ങാനാവില്യ. അത് നിത്യതയിലേക്കാകുമ്പോള്‍ പ്രത്യേകിച്ചും...

  പ്രിയപെട്ട അപ്പായ്ക്ക് ആദരാഞ്ജലികള്‍!

  നമ്മുടെ സങ്കടം കാലം മായ്ക്കട്ടെ...

 • Prasanth. R Krishna
  Tuesday, September 02, 2008 8:20:00 AM  

  നിഷാദ്
  ഈ വേദനയില്‍ പങ്കിട്ടെടുക്കാന്‍ കാണിച്ച ആ നല്ല മനസ്സിന് അകൈതവമായ നന്ദി