Search this blog


Home About Me Contact
2009-03-09

ഭജഗോവിന്ദം / മോഹമുദ്ഗരം  

ഭിക്ഷാംദേഹിയായ് ദേശാടനം ചെയ്യുന്നവേളയില്‍ ആദിശങ്കരന്‍, വ്യാകരണ സംബന്ധിയായ സംസ്‌ക്യത ശ്ലോകങ്ങള്‍ വളരെ പ്രയാസപ്പെട്ട്‌ ഹൃദിസ്ഥമാക്കാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ കാണുവാനിടയായി. അപ്പോള്‍ ആ വിദ്യാര്‍ത്ഥിയോട് ഉപദേശരൂപേണ പാടിയ നാലു വരികളാണ്‌ പിന്നീട്‌ മുപ്പതു ശ്ലോകങ്ങളുള്ള മോഹമുദ്ഗരമായി മാറിയത്‌. ദ്വാദശമഞ്ജരികാ സ്തോത്രം എന്ന്‌ അറിയപ്പെടുന്ന പന്ത്രണ്ട്‌ ശ്ലോകങ്ങളാണ്‌ ഇതില്‍ ആദ്യം ഉണ്ടായിരുന്നത്‌. പിന്നീട് അദ്ദേഹത്തിന്റെ പതിനാലു ശിഷ്യന്‍മാര്‍ ഇതിലേക്ക്‌ ഓരോ ശ്ലോകം വീതം എഴുതിച്ചേര്‍ത്തു. ചതുര്‍ദശ മഞ്ജരികാസ്തോത്രം എന്നാണ് അതിനെ അറിയപ്പെടുന്നത്. ശങ്കരാചാര്യര്‍ പിന്നീട്‌ നാലു ശ്ലോകങ്ങള്‍ കൂടി എഴുതിച്ചേര്‍ത്ത് മുപ്പതു ശ്ലോകങ്ങളോടുകൂടിയ മോഹമദ്‌ഗരം പൂര്‍ണ്ണമാക്കി.

ദ്വാദശ മഞ്ജരികാ സ്തോത്രം


ഭജ ഗോവിന്ദം ഭജ ഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ!
സം‌പ്രാപ്‌തേ സന്നിഹിതേ കാലേ
നഹി നഹി രക്ഷതി ഡുകൃഞ്‌കരണേ

അല്ലയോ മൂഡനായ മനുഷ്യാ, നിന്റെ മരണമടുക്കുന്ന സമയത്ത്, നീ പഠിച്ച വ്യാകരണ നിയമങ്ങളോ, സമ്പാദിച്ച അറിവോ അനുഭവജ്ഞാനങ്ങളോ നിനക്ക് തുണയുണ്ടാവില്ല. അവയ്ക്കൊന്നും മരണമെന്ന സനാതന സത്യത്തില്‍ നിന്നും നിന്നെ രക്ഷിക്കാനുമാവില്ല. അതിനാല്‍ ഇനിയുള്ള കാലമെങ്കിലും നീ മൂഡത ഉപേക്ഷിച്ച് ഈശ്വരനെ ഭജിക്കുക.

മൂഢഃ ജഹീഹി ധനാഗമ തൃഷ്ണാം
കുരു സദ്‌ ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസേ നിജ കര്‍മ്മോപാത്തം
വിത്തം തേന വിനോദയ ചിത്തം

അല്ലയോ മൂഡാത്മാവേ, നീ നിന്റെ ഭൗതിക ലാഭങ്ങളിലുള്ള അന്ധമായ ആഗ്രഹത്തെ ഉപേക്ഷിച്ച്, ധനം ആര്‍ജ്ജിക്കുവാനുള്ള അമിതമായ ആഗ്രഹത്തില്‍ നിന്റെ സദ്‌ബുദ്ധിയെ മറക്കാതിരിക്കുക. നിന്റെ കര്‍മ്മം കൊണ്ടും ധര്‍മ്മം കൊണ്ടും നേടുന്ന സമ്പത്തില്‍ മാത്രം സന്തോഷിക്കുക. അതുകൊണ്ട് സംത്യപ്‌തനാകുക. ധനത്തോടുള്ള അത്യാഗ്രഹത്താല്‍, അതിനു പിന്നാലെ പോയി നിന്റെ സന്തോഷം നശിപ്പിക്കാതിരിക്കുക. ധനം ആണ് മനുഷ്യന് സന്തോഷം പ്രദാനം ചെയ്യുന്നത് എന്നത് നിന്റെ മൂഡമായ ധാരണ മാത്രമാണ്.

നാരീ സ്തനഭര നാഭീ ദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്‍ ‍മാംസവസാദി വികാരം
മനസി വിചിന്തയ വാരം വാരം.

സ്ത്രീകളുടെ സ്തനങ്ങളെയും നാഭീപ്രദേശത്തെയും കണ്ട് മോഹാവേശം അരുത്. ശരീരത്തിലെ മറ്റ് അവയവങ്ങള്‍ പോലെ തന്നെ മംസത്തിന്റെയും കൊഴുപ്പിന്റെയും പരിണാമം മാത്രമാണവ എന്ന‌് നിരന്തരം മനസ്സില്‍ ചിന്തിക്കുക. ആയതിനാല്‍ സ്ത്രീകളുടെ സ്തന ഭാരവും, പുക്കിള്‍കൊടിയും മറ്റും കാണുമ്പോള്‍ വികാര വിവശനാകുകയോ അതേകുറിച്ച് പേര്‍ത്തും പേര്‍ത്തും ചിന്തിച്ച് അവയില്‍ മോഹാവേശനാകുകയോ ചെയ്യരുത്. അത് നിന്റെ സമയം പാഴാക്കല്‍ മാത്രമാണ്.

നളിനീ ദളഗത ജലമതിതരളം
തദ്വദ് ജ്ജീവിതം അതിശയചപലം
വിദ്ധി വ്യാധ്യഭിമാന ഗ്രസ്‌തം
ലോകം ശോകഹതം ച സമസ്‌തം

താമരയിതളില്‍ (ഇലയില്‍) നില്‍ക്കുന്ന ജലം ഏറിയ ചലനത്തോടു കൂടിയതാണ്. ആ ജലകണികപോലെ അസ്ഥിരവും ക്ഷണികവുമാണ് നിന്റെ മര്‍ത്യജന്മം. ലോകം മുഴുവന്‍ രോഗപീഡയും യാതനയും അനുഭവിക്കുമ്പോള്‍ നീയും അതില്‍ നിന്നു വ്യത്യസ്‌തനാകുന്നില്ല. എന്നും ശോകവും കഷ്‌ടപ്പാടുകളും നിറഞ്ഞതാണ് ലൗകിക ജീവിതം. രോഗം, അഭിമാനം ഇവയാല്‍ ഗ്രസിക്കപ്പെട്ട ലോകം മുഴുവന്‍ ദുഃഖത്താല്‍ ഹനിക്കപ്പെട്ടതാണെന്നും നീ മനസ്സിലാക്കുക.

യാവദ് വിത്തോ പാര്‍ജ്ജന ശക്‌തഃ
സ്‌താവന്നിജ പരിവാരോ രക്‌തഃ
പശ്ചാജ്ജീവതി ജര്‍ജ്ജര ദേഹേ
വാര്‍ത്താം കോപി ന പൃച്‌ഛതി ഗേഹേ.

എന്നുവരെ ഒരുവന് ധനം സമ്പാദിക്കുവാന്‍ ആരോഗ്യമുള്ളവനായിരികുന്നുവോ അത്രയും കാലം മാത്രമേ അവന്റെ ബന്ധു മിത്രാദികളത്രാദികള്‍ക്ക് പോലും അവനോട് സ്‌നേഹവും ആദരവും ഉണ്ടാകുകയുള്ളൂ. അന്ന് അവനെ പരിചരിക്കാനും സ്നേഹിക്കാനും ധാരാളം പേരുണ്ടാകും. ഒരുവന്റെ ആരോഗ്യം ക്ഷയിച്ച് ജരാനരകള്‍ കൊണ്ട് ശരീരം വിവശമായി, സമ്പാദിക്കുവാന്‍ കഴിവില്ലാത്തവനാകുന്നതോടെ ഭാര്യയും മക്കളുമുള്‍പ്പെടെ എല്ലാവരാലും അവന്‍ പരിത്യജിക്കപ്പെടുകയും, സ്വന്തം വീട്ടില്‍ പോലും കാര്യങ്ങള്‍ തിരക്കാനോ ക്ഷേമം അന്വഷിക്കാനോ കൂടി ആരുമുണ്ടാവില്ല.

യാവത്‌ പവനോ നിവസതി ദേഹേ
താവല്‍ പൃച്‌ഛതി കുശലം ഗേഹേ
ഗതവതി വായൗ ദേഹാപായേ
ഭാര്യാ ബിഭ്യതി തസ്‌മിന്‍ കായേ!

ശരീരത്തില്‍ നിന്റെ ആത്മാവ് നിലനില്‍ക്കുന്നിടത്തോളം കാലം മാത്രമേ നിന്റെ വീട്ടിലുള്ളവര്‍ക്കു പോലും നിന്നോട് സ്‌നേഹവും ഔല്‍‌സുക്യവും മറ്റും ഉണ്ടാവുകയുള്ളൂ. പ്രാണന്‍ ശരീരത്തിലുള്ളിടത്തോളം ആളുകള്‍ ക്ഷേമവര്‍ത്തമാനങ്ങള്‍ ചോദിക്കും. വായൂ രൂപത്തിലുള്ള നിന്റെ ആത്മാവ് ശരീരത്തെ വെടിയുന്നതോടെ നീ കേവലം ജഡമായ് തീരുകയും, ഇന്നുവരെ നിന്നെ പുണര്‍ന്നുറങ്ങിയ ഭാര്യ പോലും നിന്റെ ജഡത്തെ ഭയക്കുകയും, അറക്കുകയും ചെയ്യും.

ബാലസ്താവത്‌ ക്രീഡാ സക്‌ത-
സ്‌തരുണസ്‌താവല്‍ തരുണീ സക്‌ത
വൃദ്ധസ്‌താവത്‌ ചിന്താ സക്‌തഃ
പരേ ബ്രഹ്മണി കോ പി ന സക്‌ത

ബാല്യകാലത്ത് ഒരുവന്‍ വിനോദങ്ങളിലും, യൗവ്വനകാലത്ത് സുന്ദരികളായ സ്‌ത്രീകളിലും, ഭോഗ ക്രിയകളിലും ആസക്‌തനാവുകയും, വാര്‍ദ്ധക്യകാലത്ത് തന്റെ ഭാര്യയെകുറിച്ചും ,മക്കളുടെ ഭാവിയെ കുറിച്ചും ഉത്കണ്ഠപ്പെട്ടും, നഷ്‌ടമായ ഇന്നലകളെകുറിച്ചുള്ള വ്യാധിയില്‍ മുഴുകുകയും ചെയ്യുന്നു. ശുദ്ധ ബ്രാഹ്‌മണന്‍ പോലും ജീവിതത്തെ ഒരുതരത്തില്‍ അല്ലങ്കില്‍ മറ്റൊരുതരത്തില്‍ ദു:ഖ ഹേതുവാക്കി മാറ്റിയിരിക്കുന്നു. പരമാത്മ സ്വരൂപിയായ ബ്രഹ്മത്തില്‍ താത്പര്യമുള്ളവനായി ആരെയും കാണുന്നില്ല.

കാ തേ കാന്താ കസ്‌തേ പുത്രഃ
സംസാരോ യ: മതീവ വിചിത്രഃ
കസ്യ: ത്വം കഃ കുത ആയാത-
സ്‌തത്ത്വം ചിന്തയ തദിഹ ഭ്രാതഃ

നിന്റെ ഭാര്യ നിന്റെ പുത്രന്‍ ഇവരൊക്കെ നിന്റെ ആരാണ്? ഇവയെല്ലാം കേവലം സംസാര ബന്ധങ്ങള്‍ മാത്രമാകുന്നു. നീ ആരാണ്?, നീ ആരുടേതാണ്?, നീ എവിടനിന്നു വന്നു?, ഇതേകുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ?. ജനനമരണരൂപമായ ഈ ജീവിതാനുവര്‍ത്തനം (സംസാരം) വളരെ വിചിത്രമാണ്. അല്ലയോ സഹോദരാ ഇനിയങ്കിലും ഈ സത്യങ്ങളെകുറിച്ച് നീ ചിന്തിക്കുക. മേലിലങ്കിലും ഇത്തരം സംസാര ബന്ധങ്ങളില്‍ കുടുക്കി നിന്റെ സമയം പാഴാക്കാതിരിക്കുക.

സത്സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിര്‍മ്മോഹത്വം
നിര്‍മ്മോഹത്വേ നിശ്ചല തത്വം
നിശ്ചലതത്വേ ജീവന്‍ ‍മുക്‌തിഃ

സജ്ജനങ്ങളുമായുള്ള സഹവാസം കൊണ്ട് മാത്രമേ മോഹിതമായ സംസാരബന്ധങ്ങളില്‍ നിന്നും മോചിതനായ് നിസ്സംഗത (ബന്ധമുക്തി) എന്ന അവസ്ഥയില്‍ എത്തിചേരാന്‍ കഴിയുകയുള്ളൂ. ഈ നിസ്സംഗതാവസ്ഥയില്‍ എത്തിയാല്‍ ജഡിലമായ മോഹങ്ങളില്‍ നിന്നും മോചനം ലഭിക്കുകയും, അതിലൂടെ ശാശ്വതമായ തത്വത്തെ അറിയുകയും ചെയ്യും. ആ ശാശ്വത തത്വം അറിയുന്നതിലൂടെ മാത്രമേ യാതൊരുവനും ജീവിതത്തില്‍ നിന്നും മുക്‌തി ലഭിക്കയും ചെയ്യുകയുള്ളൂ. അതായത് നിസ്സഗത്വം ആശകള്‍ക്ക് നാശം വന്ന അവസ്ഥ സൃഷ്ടിക്കുകയും അതിലൂടെ പരിപൂര്‍ണ്ണ ജ്ഞാനം അറിയുകയും ചെയ്യും. ആ ജ്ഞാനമാണ് ജീവന്മുക്തിയ്ക്കു കാരണമാകുന്നത്.

വയസി ഗതേ കഃ കാമവികാരഃ
ശുഷ്കേ നീരേ കഃ കാസാരഃ
ക്ഷീണേ വിത്തേ കഃ പരിവാരഃ
ജ്ഞാതേ തത്വേ കഃ സംസാരഃ.

യൗവനം കഴിഞ്ഞാല്‍ കാമവികാരമേത്? ജലം വറ്റിയാല്‍ പിന്നെ കുളമെന്താണ്? ധനം കുറഞ്ഞാല്‍ ആശ്രിതജനങ്ങളെവിടെ? യഥാര്‍ത്ഥജ്ഞാനമുണ്ടായാല്‍ പ്രാപഞ്ചിക ദുഃഖം എന്താണ്? യൗവ്വനം കഴിയുന്നതോടെ ഏതൊരുവനിലേയും കാമ വികാരം ക്ഷയിക്കുകയും, വാര്‍ദ്ധക്യാവസ്ഥയില്‍ എത്തുന്നതോടെ അത് പൂര്‍ണ്ണമായ് നശിച്ചുപോകുകയും ചെയ്യുന്നു. ജലം വറ്റിയാല്‍ പിന്നെ തടാകം ആരും അന്വഷിക്കറില്ല എന്നതുപോലെ ഒരുവന്റെ സമ്പത്ത് ഇല്ലാതാകുന്നതോടെ ബന്ധുമിത്രാദികള്‍ പോലും അവനെ ഉപേക്ഷിക്കും. എന്നാല്‍ നിര്‍മ്മോഹത്തിലൂടെ ആര്‍ജ്ജിക്കുന്ന യഥാര്‍ത്ഥജ്ഞാനം അവനെ എല്ലാ സംസാര ദു:ഖങ്ങളില്‍ നിന്നും രക്ഷിക്കും.

മാ കുരു ധനജന യൗവ്വന ഗര്‍വ്വം
ഹരതി നിമേഷാല്‍ കാലാഃ സര്‍വ്വം!
മായാമയമിദം അഖിലം ഹിത്വാ
ബ്രഹ്മപദം ത്വം പ്രവിശാ വിദിത്വാ.

ലൗകിക സുഖ സൗകര്യങ്ങളായ ധനം, പരിജനങ്ങള്‍, യൗവനം ഇവകൊണ്ട് അഹങ്കരിക്കരുത്. ഇവയൊക്കെ വെറും നൈമിഷികമായവയാണ്. കാലത്തിന് ഇതെല്ലാം ഒരു നിമിഷം കൊണ്ട് അപഹരിക്കാന്‍ കഴിയും. മായാമയമായ എല്ലാ സുഖ സൗകര്യങ്ങളേയും ഉപേക്ഷിച്ചിട്ട്, അതീവ ജ്ഞാനിയായി നീ ബ്രഹ്മപദത്തില്‍ (ബ്രഹ്മസായൂജ്യത്തില്‍) പ്രവേശിക്കുക.

ദിനയാമിന്യൗ സായം പ്രാതഃ
ശിശിരവസന്തൗ പുനരായാതഃ
കാലഃ ക്രീഡതി ഗച്ഛതി ആയു-
സ്‌തദപി ന മുഞ്ചതി ആശാ വായുഃ

രാവും പകലും, പ്രഭാതവും പ്രദോഷവും, ശിശിരവസന്തങ്ങളും വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കും. ഇങ്ങനെ മാറി മാറി കാലം കളിക്കുകയാണ്. അതിനനുസരിച്ച് മനുഷ്യന്റെ ആയുസ് ഒടുങ്ങുന്നു. എന്നിരുന്നാലും മനുഷ്യന് അവന്റെ ആഗ്രഹങ്ങള്‍ക്ക് അവസാനം ഉണ്ടാകുന്നില്ല. കാറ്റിനെപ്പോലെ എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന ആശകള്‍ അവനെ വിടാതെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും . അവസാന കാലം വരെയും മനുഷ്യന്റെ ആശകളും മോഹങ്ങളും ഒടുങ്ങുന്നില്ല..

ദ്വാദശ മഞ്ജരികാഭിരശേഷഃ
കഥിതോ വൈയ്യാകരണസ്യൈഷഃ
ഉപദേശോദ്ഭൂത്‌ വിദ്യാനിപുണൈഃ
ശ്രീമത്ച്ചങ്കര ഭഗവച്ചരണൈഃ

ചതുര്‍ദശ മഞ്ജരികാസ്തോത്രം

കാതേ കാന്താ ധനഗത ചിന്താ
വാതുല കിം തവ നാസ്‌തി നിയന്താ
ത്രിജഗതി സജ്ജന സംഗതിരേകാ
ഭവതി ഭവാര്‍ണ്ണവ തരണേ നൗകാ.

ഭാര്യയെകുറിച്ചും, സ്വത്തിനെകുറിച്ചും മറ്റും ചിന്തിച്ച് എന്തിനാണ് ഇത്രയേറെ വ്യാകുല ചിത്തനാകുന്നത്? കളത്രവും ധനവും ഒന്നും ശാശ്വതമല്ല. നീ പോലും നിന്റെ നിയന്ത്രണത്തില്‍ ആല്ലാത്തിടത്തോളം മൂന്നു ലോകത്തിലും സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം മാത്രമേ ജീവിതമാകുന്ന കടല്‍ കടക്കാനുള്ള തോണിയായി നിനക്ക് ഉതകുകയുള്ളൂ.

ജടിലോ മുണ്ഡീ ലുഞ്ചിതകേശഃ
കാഷായാം‌ബര ബഹുകൃത വേഷഃ
പശ്യന്നപി ച ന പശ്യതി മൂഢോ
ഉഹ്യുദരനിമിത്തം ബഹുകൃതവേഷഃ

തല മുണ്ഡനം ചെയ്തും, തലമുടി ജടപിടിപ്പിച്ചും, കാഷായ വസ്ത്രം ധരിച്ചും മറ്റും പലരൂപത്തില്‍ വേഷം കെട്ടി പലരും ലോകത്തെ കബളിപ്പിക്കയാണ്. ഉദരപൂരണത്തിനായ് കെട്ടുന്ന വെറും വേഷങ്ങള്‍ മാത്രമാണവ. സന്യാസം എന്നാല്‍ ഈ കാണിക്കുന്ന പേക്കൂത്തുകളോ, വേഷം കെട്ടലുകളോ അല്ല, മറിച്ച് ശാശ്വതമായ സത്യം കണ്ടത്തലാണ്. സനാതന സത്യം കണ്ടത്തുന്നതിലൂടെ മാത്രമേ ഒരുവന്‍ യഥാര്‍ത്ഥ സന്യാസിയാകുന്നുള്ളൂ.

അംഗം ഗലിതം പലിതം മുണ്ഡം
ദശന വിഹീനം ജാതം തുണ്ഡം
വൃദ്ധോ യാതി ഗൃഹീത്വാ ദണ്ഡം
തദപി ന മുഞ്ചത്യാശാ പിണ്ഡം

പ്രായാധിക്യം കാരണം ശരീരം വളഞ്ഞുപോകുകയും, ജരാനര ബാധിക്കയും, പല്ലുകള്‍ എല്ലാം കൊഴിഞ്ഞുപോകുകയും ചെയ്യുന്നു. ആരോഗ്യം ക്ഷയിച്ച അവന് പിന്നീട് ഊന്നുവടിയുടേയോ, അല്ലങ്കില്‍ പരസഹായമോ കൂടാതെ നിവര്‍ന്നു നില്‍ക്കാന്‍ കൂടി കഴിയുകയില്ല. ആ അവസ്ഥയിലും മനുഷ്യന്‍ പലതരത്തിലുള്ള ആഗ്രഹങ്ങളില്‍ നിന്നും മുക്തനാകുന്നില്ല.

അഗ്രേ വഹ്നി, പൃഷ്‌‌‌ഠേ ഭാനുഃ
രാത്രൗ ചിബുക സമര്‍പ്പിത ജാനു
കരതല ഭിക്ഷ, തരുതല വാസഃ
തപദി ന മുഞ്ചത്യാശാ പാശഃ

മുന്നില്‍ അഗ്നി ആണങ്കിലും, രാത്രിയില്‍ പുതക്കാന്‍ ഒരു പുതപ്പുപോലുമില്ലാതെ താടി കാല്‍മുട്ടിനോട് ചേര്‍ത്ത് ഉറങ്ങണ്ട ഗതികേടുള്ളവനായാല്‍ പോലും, ഒരുനേരത്തെ ഭക്ഷണത്തിനു പോലും ഭിക്ഷ യാചിക്കേണ്ടിവരുന്നവനും, കയറികിടക്കാന്‍ ഒരു കൂരയില്ലാതെ മരത്തിന്റെ അടിയില്‍ കിടന്ന് ഉറങ്ങുന്നവനോ പോലും ആശയില്‍ നിന്നോ അത്യാഗ്രഹങ്ങളില്‍ നിന്നോ മുക്‌തനല്ല.

കുരുതേ ഗംഗാ സാഗര ഗമനം
വൃത പരിപാലന മഥവാ ദാനം
ജ്ഞാന വിഹീനഃ സര്‍‌വ്വമതേന
മുക്തിര്‍ ഭവതി ന ജന്മ ശതേന

ഗംഗാ നദിയില്‍ സ്‌നാനം നടത്തിയതുകൊണ്ടോ, പലതരത്തില്‍ ഒരുപാട് വൃതങ്ങള്‍ അനുഷ്‌ഠിച്ചതുകൊണ്ടോ, അനേകം ദാന ധര്‍മ്മങ്ങള്‍ ചെയ്തതുകൊണ്ടോ ഒരുവനും മോക്ഷ പ്രാപ്‌തി കൈവരുന്നില്ല. അവന്‍ അതുകൊണ്ടുമാത്രം മോക്ഷത്തിന് അര്‍ഹനാകുന്നില്ല. നൂറുകണക്കിന് ജന്മങ്ങളെടുത്താലും മഹത്തായ ഈശ്വര ജ്ഞാനമില്ലാത്ത ഒരുവനും മോക്ഷപ്രാ‌പ്‌തി കിട്ടുകയില്ല.

സുരമന്ദിര തരു മൂല നിവാസഃ
ശയ്യാ ഭൂതലം അജിനം വാസഃ
സര്‍വ്വ പരിഗ്രഹ ഭോഗ ത്യാഗഃ
കസ്യ സുകം ന കരോതി വിരാഗഃ

ക്ഷേത്ര നടയിലോ, വൃക്ഷ ചുവട്ടില്‍ വെറും പൂഴിയിലോ, മാന്‍ തോല്‍ മാത്രം പുതച്ചുറങ്ങുന്ന സര്‍‌വ്വസംഗ പരിത്യാഗിയും, ഭോഗക്രിയകളില്‍ താല്‍‌പര്യമില്ലാത്തവനുമായ ഒരു യഥാര്‍ത്ഥ സന്യാസിയുടെ ശാന്തിയും സമാധാനവും ആര്‍ക്കാണ് ഇല്ലാതാക്കാന്‍ കഴിയുക? ആഗ്രഹങ്ങളും ആശകളും ഇല്ലാത്ത ബ്രഹ്മജ്ഞാനം നേടിയ അവനെ എന്തുകൊണ്ട് ശല്യപ്പെടുത്താന്‍ കഴിയും?

യോഗരതോ വാ ഭോഗരതോ വാ
സംഗരതോ വാ സംഗ വിഹീനഃ
യസ്യ ബ്രഹ്മണി രമതേ ചിത്തം
നന്ദതി നന്ദതി നന്ദത്യേവ.

ഒരുവന്‍ യോഗാഭ്യാസത്തില്‍ മുഴുകിയതികൊണ്ടോ, ഭോഗാസക്തിയില്‍ രമിച്ചിരിക്കുന്നതുകൊണ്ടോ, സമൂഹജീവിയായ് എല്ലാവര്‍ക്കുമൊപ്പം കഴിയുന്നതുകൊണ്ടോ, ഏകാകിയായ് ഇരിക്കുന്നതുകൊണ്ടോ ഒരാളുടെ മനസ്സ് ബ്രഹ്മപദത്തില്‍ എത്തുമോ? ഇങ്ങനെയുള്ള കാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന ഒരുവന്‍ സന്തോഷവാനായിരിക്കുമന്ന് പറയാന്‍ കഴിയുമോ? സുഖം അഥവാ സന്തോഷം എന്നത് ഉള്ളിന്റെ ഉള്ളില്‍ നിന്നും ഉണ്ടാവേണ്ട ഒന്നാണ്.

ഭഗവത്ഗീതാ കിഞ്ചിദ ധീതാ
ഗംഗാ ജല ലവ കണികാ പീതാ
സകൃദപിയേന മുരാരി സമര്‍ച്ചാ
ക്രിയതേ തസ്യ യമേന ന ചര്‍ച്ചാ

ഭഗവദ്ഗീതയില്‍ അല്‍‌പജ്ഞാനം നേടിയാലും, ഒരുതുള്ളി ഗംഗാജലം കുടിക്കാനുള്ള ഭാഗ്യം സിദ്ധിച്ചാലും, ഒരിക്കലങ്കിലും ഭഗവാന്‍ ക്യഷ്‌ണനെ ഭജിക്കാന്‍ കഴിയുകയോ ചെയ്താല്‍ മരണസമയത്ത് മോക്ഷപ്രാപ്‌തി ലഭിക്കുന്നതിന് അത് സഹായകമാകും.

പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ ബഹു ദുസ്‌താരേ
കൃപയാ/പാരേ പാഹി മുരാരേ

വീണ്ടും വീണ്ടും ജനിക്കുന്നതിന്റെ വ്യാധികളും, വീണ്ടും വീണ്ടും മരിക്കുന്നതിലെ ഭയവും പ്രാണവേദനയും, വീണ്ടും വീണ്ടും മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്നതിന്റെയും ആകുലതകള്‍. ഈ സംസാര ദു:ഖത്തില്‍ നിന്നും മോചനം ലഭിക്കുക എന്നത് വളരെ ആയാസകരമാണ്. ഈ തരം ദു:ഖങ്ങളില്‍ നിന്നും നീ എന്നെ രക്ഷിച്ച് മോക്ഷപ്രാപ്‌തി നല്‍കുക.

രത്ഥ്യാ ചര്‍പ്പട വിരചിത കന്ഥഃ
പുണ്യാ പുണ്യ വിവര്‍ജ്ജിത പന്ഥഃ
യോഗീ യോഗ നിയോജിത ചിത്തോ
രമതേ ബാലോന്‍മത്തവ ദേവാ

കീറിപഴകിയ വസ്‌ത്രങ്ങള്‍ ധരിച്ചും, പുണ്യപാപങ്ങളെ ഉപേക്ഷിച്ചും, സര്‍‌വ്വസംഗ പരിത്യാഗിയായ യോഗീശ്വരനായ് കഴിയുന്ന ഒരുവനെ ചപല്യം നിറഞ്ഞ ഒരു ബാലനായോ, അല്ലങ്കില്‍ ചിത്തഭ്രമം ബാധിച്ചവനായോ കരുതിയന്ന് വരും. എല്ലാ സുഖ ദു:ഖങ്ങളും ഉപേക്ഷിച്ച് നിസ്സംഗത കൈവരിച്ച ഒരു യോഗി ശാശ്വതമായ സത്യത്തെ അറിയുന്നവനാകുന്നു.

കസ്ത്വം കോ/ഹം കുത ആയാതഃ
കാ മേ ജനനീ കോ മേ താതഃ
ഇതി പരിഭാവയ സര്‍വ്വമസാരം
വിശ്വം ത്യക്‌താ സ്വപ്നവിചാരം

നീ ആരാണ്? ഞാന്‍ ആരാണ്? ഞാന്‍ എവിടനിന്ന് എപ്പോള്‍ വന്നു? എന്റെ അമ്മ ആരാണ്? എന്റെ അഛ്ചനാരാണ്? ലൗകികമായ ഈ ബന്ധങ്ങളാണ് ലോകത്തിലെ എല്ലാ ദു:ഖങ്ങള്‍ക്കും കാരണം. ബ്രഹ്മജ്ഞാനം നേടികഴിഞ്ഞാല്‍ ഈ ലോകജീവിതവും, ലൗകിക ബന്ധങ്ങളുമെല്ലാം കേവലം സ്വപ്‌നവിചാരം മാത്രമാണന്ന് മനസ്സിലാകും.

ത്വയി മയി ചാന്യ ത്രൈകോ വിഷ്ണു
വ്യര്‍ത്ഥം കുപ്യസി മയ്യ സഹിഷ്ണുഃ
ഭവ സമചിത്തഃ സര്‍വ്വത്ര ത്വം
വാഞ്ചസ്യ ചിരാദ്യദി വിഷ്ണുത്വം

നിന്നിലും എന്നിലും വിശ്വം മുഴുവനും, വിഷ്‌‌ണു (ഈശ്വരന്‍) മാത്രമാണ്. ഈ സത്യം അറിയാത്തതിനാലാണ് നീ പലതിനേയും, പലതരത്തിലും രൂപത്തിലും കാണുന്നത്. നിന്നിലുള്ള അതേ ഈശ്വരാംശം തന്നെയാണ് മറ്റുള്ളവരിലും, എല്ലാ ചരാചരങ്ങളിലും കുടികൊള്ളുന്നത്. നീ മറ്റുള്ളവരെക്കാള്‍ ശ്രേഷ്‌‌ഠനാണന്ന നിന്റെ അഹങ്കാരമാണ് ബ്രഹ്മജ്ഞാനം നേടുന്നതില്‍ നിന്നും നിന്നെ തടയുന്നത്. സമചിത്തനായ് എല്ലാറ്റിലും കുടികൊള്ളുന്ന ഈശ്വരാംശത്തെ അറിഞ്ഞ് സമസ്‌തലോകത്തെയും ഒന്നായി കാണുക.

ശത്രൗ മിത്രേ പുത്രേ ബന്ധൗ
മാകുരു യത്നം വിഗ്രഹ സന്ധൗ
സര്‍വ്വ സ്‌മിന്നപി പശ്യാത്മാനം
സര്‍വ്വത്രോത്സ്യജ ഭേദ ജ്ഞാനം

ആരയും ശത്രുവന്നരീതിയിലോ, മിത്രമന്ന രീതിയിലോ, പുത്രനന്ന രീതിയിലോ, ബന്ധുവന്ന രീതിയിലോ കാണുവാനായ് അനാവശ്യമായ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കാതിരിക്കുക. എല്ലാവരിലും കാണുന്നത് ഈശ്വരാംശമാണന്ന് മനസ്സിലാക്കി എല്ലാവരേയും ഒന്നായി കാണുക. അങ്ങനെയുള്ളവന്‍ ദൈവ്വ ത്യല്യനായ് തീരുന്നു.

കാമം ക്രോധം ലോഭം മോഹം
ത്യക്‌ത്വാത്മാനം പശ്യതി സോഹം
ആത്മജ്ഞാന വിഹീനാ മൂഢാ
തേ പച്യന്തേ നരക നിഗൂഢാ

ഭോഗാസക്തി, കോപം, അത്യാഗ്രഹം, മോഹം എന്നിവയില്‍ നിന്നും മുക്തനായി, നീ ആരാണ് എന്ന് നിന്നില്‍ തന്നെ അന്വഷിക്കുക. ആത്മജ്ഞാനം ഇല്ലാത്ത മൂഡന്മാര്‍ നരകപീഡ അനുഭവിക്കേണ്ടിവരും. ആത്മജ്ഞാനം നേടുന്നതിലൂടെ നീ ബ്രഹ്മജ്ഞാനം നേടിയാല്‍ മത്രമേ മുക്തി ലഭിക്കയുള്ളൂ.

ഗേയം ഗീതാ നാമ സഹസ്രം
ധ്യേയം ശ്രീപതി രൂപമജസ്രം
നേയം സജ്ജന സംഗേ ചിത്തം
ദേയം ദീനജനായ ച വിത്തം

ഭഗവത്ഗീത പാരയാണം ചെയ്‌തും, സഹസ്രനാമം ഉരുവിട്ടും, ലക്ഷ്‌മീ ദേവിയെ ഭജിച്ചും, നിന്റെ മനസ്സിനെ സജ്ജനങ്ങളോടും ഈശ്വരനോടും ചേര്‍ത്തു നിര്‍ത്തുക. നിന്റെ കൂട്ടി വച്ചിരിക്കുന്ന സമ്പത്തുകള്‍ ദരിദ്രര്‍ക്ക് ദാനം നല്‍കി ഈശ്വരാനുഗ്രഹത്തിന് പാത്രീഭവിക്കുക.

സുഖതഃ ക്രിയതേ രമ്യാ ഭോഗഃ
പശ്ചാത്‌ ഹന്ത! ശരീരേ രോഗഃ
യദ്യപി ലോകേ മരണം ശരണം
തദപി ന മുഞ്ചതി പാപാചരണം

ഒരുവന്‍ എത്രത്തോളം ഭോഗക്രിയകളില്‍ മുഴുകുന്നുവോ, അത്രത്തോളം അവന്‍ രോഗാതുരനുമാകുന്നു. മരണം എന്നത് ഒരു സനാതന സത്യമാണന്നും, ആരാലും അത് ഒഴിവാക്കപ്പെടാന്‍ കഴിയാത്ത ഒന്നാണന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് പാപങ്ങള്‍ എല്ലാം ചെയ്യുന്നത്. ഒരുവന്‍ ഭോഗാസക്തിയില്‍ എത്രമാത്രം വിമുഖനാകുന്നുവോ അവന്‍ കൂടുത ആരോഗ്യമുള്ളവനും, ചൈതന്യമുള്ളവനുമായ് തീരും.

അര്‍ത്ഥമനര്‍ത്ഥം ഭാവയ നിത്യം
നാസ്‌തി തതഃ സുഖ ലേശഃ സത്യം
പുത്രാദപി ധന ഭാജാം ഭീതിഃ
സര്‍വ്വത്രൈഷ വിഹിതാ രീതിഃ

യാതൊരുവന്റെയും നാശത്തിന്റെയും, ദു:ഖത്തിന്റെയും, ഭയത്തിന്റെയും മൂലകാരണം ധനമാണന്ന സത്യം തിരിച്ചറിയുകയാണ് വേണ്ടത്. അതില്‍ നിന്ന് അല്പം സുഖം പോലും ലഭിക്കുകയില്ല. ധനവാന്മാര്‍ക്ക് സ്വന്തം പുത്രനെ പോലും ഭയപ്പെടേണ്ടിവരുന്നു. ധനം ഒരിക്കലും ശാശ്വതമായ സന്തോഷത്തിലേക്ക് യാതൊരുവനെയും നയിക്കുന്നില്ല. ലോകത്തിന്റെ ഈ അവസ്ഥ നിങ്ങള്‍ക്ക് എവിടയും ദര്‍ശിക്കാവുന്നതാണ്.

പ്രാണായാമം പ്രത്യാഹാരം
നിത്യാനിത്യ വിവേകവിചാരം
ജാപ്യസമേത സമാധി വിധാനം
കുര്‍വ്വവധാനം മഹദവധാനം

ഒരേ സമയം ശ്വാസനിയന്ത്രണവും ഊര്‍ജനിയന്ത്രണവും സാധ്യമാകുന്ന അവസ്ഥയായ പ്രാണായമ-ത്തിലൂടെ മനോനിയന്ത്രണവും, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന പ്രത്യാഹാരം -ത്തിലൂടെ ശാശ്വതവും നശ്വരവുമായ ബ്രഹ്മജ്ഞാനം നേടുക. ജപങ്ങളിലൂടയും, യോഗയുടെ സങ്കേതങ്ങളിലൂടയും, സമാധി എന്ന അവസ്ഥയില്‍ എത്തിചേരുക. അതുവഴി ആത്മാവിനെ ലൗകികതയില്‍ നിന്നും വേര്‍പെടുത്തി ജനിമ്യതികളില്‍ നിന്നും മുക്തനാക്കുക. ചിത്ത വൃത്തികള്‍ മുഴുവന്‍ നിരോധിച്ചാല്‍ മാത്രമേ ഒരാള്‍ക്ക്‌ പരമാത്മാവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്‌ അതില്‍ ലയിച്ചു ചേരാന്‍ കഴിയൂ. ഇതിന്‌ നിരവധി ഘട്ടങ്ങലുണ്ട്. അവയുടെ പരമോന്നത ഘട്ടമാണ്‌ 'സമാധി'. യഥാര്‍ത്ഥ സമാധിയില്‍ ലയിച്ചു ചേര്‍ന്നാല്‍ പിന്നെ പുനര്‍ജന്മമില്ല. അതോടെ അവന്‍ ജനിമൃതികളില്‍ നിന്ന്‌ മുക്തനാകുന്നു.

ഗുരുചരണാം ബുജ നിര്‍ഭര ഭക്‌തഃ
സംസാര ദചിരാദ്‌ ഭവ മുക്‌തഃ
സേന്ദ്രിയ മാനസ നിയമാ ദേവം
"ദ്രഷ്യസി" നിജ ഹൃദയസ്ഥം ദേവം

പ്രത്യാഹാരം-ത്തിലൂടെ പഞ്ചേന്ദ്രിയങ്ങളിന്മേല്‍ വിജയിച്ച മനസ്സുമായി, എല്ലാവിധ ലൗകിക ബന്ധങ്ങളില്‍ നിന്നും മുക്തനായി ഗുരുചരണാംബുജം പ്രാപിക്കുക. ഇന്ദ്രിയ ബദ്ധിതമായ എല്ലാവിധ ആഗ്രഹങ്ങളില്‍ നിന്നും നിന്റെ ആത്മാവിനെ വേര്‍പെടുത്തി നിന്റെ ഹ്യദയത്തില്‍ കുടികൊള്ളുന്ന ഈശ്വര ചൈതന്യത്തില്‍ സമസ്ഥാ സമര്‍പ്പിക്കുക.

ഒരുപക്ഷേ ഭജഗോവിന്ദം എന്നുകേള്‍ക്കുമ്പോള്‍ ശങ്കരാചാര്യരെക്കാള്‍ ഒരു സാധാരണക്കാരന്റെ മനസ്സിലേക്കോടിയെത്തുക കര്‍ണ്ണാട്ടിക് സംഗീതത്തിലെ എക്കാലത്തെയും ചക്രവര്‍ത്തിനിയായ, നിലച്ചുപോയ ആ ശബ്‌ദ മാധുര്യം എം. എസ് സുബ്ബലക്ഷ്‌മി ആയിരിക്കും. ഭജഗോവിന്ദത്തിലെ തിരഞ്ഞെടുത്ത ശ്ലോകങ്ങള്‍ കോര്‍ത്തിണക്കിയ സുബ്ബലക്ഷ്‌മിയുടെ ഭക്തിസാന്ദ്രമായ ആ ഗാനമാധുരി ഇവിടെ.



ഞാന്‍ ഒരു സംസ്‌ക്യത പണ്ഡിതനോ, മിത്തുകളില്‍ അധികം അറിവുള്ളവനോ അല്ല. പണ്ട് സ്‌കൂളില്‍ പഠിച്ച സംസ്‌ക്യതവും, പിന്നീട് കൂടുതല്‍ അറിയണം എന്ന ആഗ്രഹത്താല്‍ ചില ക്യാപ്‌സ്യൂള്‍ രൂപത്തില്‍ കലക്കിയ സംസ്‌ക്യത പാഠങ്ങളും, സംസ്‌ക്യത പാഠശാലകളിലെ പ്രാഥമിക പാഠങ്ങളും, ചില ശിബിരങ്ങളില്‍ പങ്കെടുത്തതുവഴി കിട്ടിയ അല്‍‌പ ജ്ഞാനവും മാത്രമേയുള്ളൂ കൈയ്യില്‍. പണ്ടേ തോന്നിയ ഒരു ആഗ്രഹത്തിന്റെ പേരില്‍, ഉള്ള അറിവുവച്ച് ഒരു വ്യാഖ്യാനം എഴുതി എന്നു മാത്രം. ഇതു പൂര്‍ണ്ണമല്ല എന്നറിയാം. തെറ്റുകളും, കുറ്റങ്ങളും ഒരുപാട് ഉണ്ടായേക്കാം. അറിവുള്ളവര്‍ തിരുത്തുക. ഇതിലെ ചില ശ്ലോകങ്ങള്‍ ശരിയായ ഓര്‍ഡറില്‍ ആണോ എന്നതില്‍ എനിക്ക് സംശയമുണ്ട്. 'ശത്രൗ മിത്രേ പുത്രേ ബന്ധൗ' എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ മൂന്നും നാലും പാദങ്ങള്‍ മറ്റൊന്നായ് കാണുന്നുണ്ട്. മുപ്പത് ശ്ലോകങ്ങളാണ് ഭജഗോവിന്ദത്തില്‍ ഉള്ളങ്കിലും പതിമൂന്നാമത്തെയും മുപ്പത്തിരണ്ടാമത്തെയും ശ്ലോകം എങ്ങനെ മോഹമദ്ഗരത്തില്‍ ഉള്‍പ്പെട്ടു എന്നതിനെ പറ്റി അറിവില്ല. പതിമൂന്നാമത്തെ ശ്ലോകം ഭജഗോവിന്ദത്തിന്റെ ഭാഗമാണോ എന്നും അറിവില്ലാത്തതിനാല്‍ ആ ശ്ലോകം വിവര്‍ത്തനം ചെയ്‌തിട്ടില്ല.
ഇത് പൂര്‍ണ്ണമല്ല എന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ട് ഇവിടെ വിമര്‍ശനം ഞാന്‍ ആഗ്രഹിക്കുന്നില്ല. തെറ്റുകളും കുറ്റങ്ങളും ചൂണ്ടികാട്ടുമന്ന പ്രതീക്ഷയോടെ നിങ്ങള്‍ക്ക് മുന്നില്‍ സദയം സമര്‍പ്പിക്കുന്നു.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



12 comments: to “ ഭജഗോവിന്ദം / മോഹമുദ്ഗരം

  • Dr. Prasanth Krishna
    Monday, March 09, 2009 8:03:00 AM  

    ഞാന്‍ ഒരു സംസ്‌ക്യത പണ്ഡിതനോ, മിത്തുകളില്‍ അധികം അറിവുള്ളവനോ അല്ല. പണ്ട് സ്‌കൂളില്‍ പഠിച്ച സംസ്‌ക്യതവും, പിന്നീട് കൂടുതല്‍ അറിയണം എന്ന ആഗ്രഹത്താല്‍ ചില ക്യാപ്‌സ്യൂള്‍ രൂപത്തില്‍ കലക്കിയ സംസ്‌ക്യത പാഠങ്ങളും, സംസ്‌ക്യത പാഠശാലകളിലെ പ്രാഥമിക പാഠങ്ങളും, ചില ശിബിരങ്ങളില്‍ പങ്കെടുത്തതുവഴി കിട്ടിയ അല്‍‌പ ജ്ഞാനവും മാത്രമേയുള്ളൂ കൈയ്യില്‍. പണ്ടേ തോന്നിയ ഒരു ആഗ്രഹത്തിന്റെ പേരില്‍, ഉള്ള അറിവുവച്ച് ഒരു വ്യാഖ്യാനം എഴുതി എന്നു മാത്രം. ഇതു പൂര്‍ണ്ണമല്ല എന്നറിയാം. തെറ്റുകളും, കുറ്റങ്ങളും ഒരുപാട് ഉണ്ടായേക്കാം. അറിവുള്ളവര്‍ തിരുത്തുക.

  • Unknown
    Monday, March 16, 2009 5:17:00 PM  

    samskritathilulla pandithyamo vyakaranamo alla karyam ennu bhajagovindathil thanne parayunnunt. kuttikkalathu schoolil chollarulla oru prarthanaganamuntallo "daivame kaithozham" athinte oru bhagath "nallakaryangalil shredhhayuntakanam, nalla vakkothuvan thraniyuntavanam" ennanu nam prarthikkunnath. churukkipparanjal ee vidha karyangalil thalparyamuntavukaryum manas athinu thulyamani roopappedukayum athiloode abhivridhippedukayum cheyyunnu ennullathanu sanathana satyam. Thankal thadathiya parishramathil ee yullavanu santhoshamunt. prethyekichum shastra sankethika vidyayude rangangalil ullavar venam nammude poorvaparamparakal namukku nalkiya nidhikale kantethentathum mattulla janagalku prayojana mavum vidham internet polulla madhyamangalil kayarivarentathennum njan ashikkunnu. Internet allathapaksham vulgarityude paryayamayi maran athikakalam ventivarilla. shreelan

  • SreeDeviNair.ശ്രീരാഗം
    Monday, April 06, 2009 1:46:00 PM  

    കൃഷ്ണാ,

    വളരെ നന്നായീ...


    സ്വന്തം,
    ചേച്ചിയമ്മ

  • ഹരിത്
    Thursday, April 09, 2009 12:58:00 PM  

    നല്ല സംരംഭം. ഇഷ്ടമായി. ഭാവുകങ്ങള്‍

  • ഹരിത്
    Thursday, April 09, 2009 12:59:00 PM  

    This comment has been removed by the author.

  • ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
    Wednesday, April 15, 2009 5:26:00 PM  

    ഭജഗോവിന്ദം എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഇതിന്റെ അര്‍ഥം അല്പമെങ്കിലും മനസ്സിലായത്‌ ചെന്നെയില്‍ ശ്രീമതി. സുനന്ദ ലീലാരാമിനിന്റെ [സ്വാമി പാര്‍ത്ഥാസാരഥിയുടെ മകള്‍] ഒരു പ്രഭാഷണം കേട്ടപ്പോള്‍ ആണ്. "ആരാണ് നിന്റെ അച്ഛന്‍? ആരാണ് നിന്റെ പുത്രന്‍? ആരാണ് നിന്റെ ഭാര്യ? " ഈ ചോദ്യം ഇപ്പോഴും എപ്പോഴും കാതുകളില്‍ മുഴങ്ങുന്നു.

  • G. Nisikanth (നിശി)
    Monday, September 21, 2009 9:50:00 PM  

    പ്രശാന്ത്
    സം‌പ്രാപ്‌തേ സന്നിഹിതേ കാലേ
    നഹി നഹി രക്ഷതി ഡുകൃഞ്‌കരണേ
    എന്നല്ലേ ആദ്യം തന്നെ പറഞ്ഞിരിക്കുന്നത്. അതിനാൽ വ്യാഖ്യാനത്തിലെ അപാകങ്ങൾ കാര്യമാക്കേണ്ടാ, ഒരോരുത്തരുടേയും ദർശനങ്ങൾക്കനുസരിച്ച് വ്യാഖ്യാനങ്ങളും മാറും. നന്നായിരിക്കുന്നു...

    സസ്നേഹം
    നിശി

  • അരുണ്‍ കരിമുട്ടം
    Thursday, January 28, 2010 10:48:00 AM  

    എന്നും ഓര്‍മ്മിക്കാന്‍ ഒരു പോസ്റ്റ്, നന്ദി

  • engeekay2003
    Monday, June 14, 2010 10:54:00 PM  

    Dear Prashant, first time came across ur blog and "bhaja govindam"..really gud one...I think this simplicity both in life and the writing, will take u a long way...all best wishes....
    dr geekay

  • മാനവധ്വനി
    Sunday, October 10, 2010 3:57:00 PM  

    മനോഹരമായ പോസ്റ്റ്‌ .. അഭിനന്ദനങ്ങൾ നേരുന്നു...