Search this blog


Home About Me Contact
2011-03-31

സൗണ (sauna)  

സൗണ (sauna) എന്ന വാക്ക് ഞാൻ ആദ്യം കേൾക്കുന്നത് എന്റെ അടുത്ത കൊറിയൻ സുഹ്യത്തുക്കളിലൊരാളായ ചോ മുംഗ്ളേയിൽ നിന്നുമാണ്‌. എന്നാൽ അവയെകുറിച്ച് അധികം അറിയാൻ കഴിഞ്ഞത് യൂറോപ്പിൽ വച്ചാണ്‌. കൊറിയയിൽ വച്ചു സൗണയിൽ പോയിട്ടുണ്ടങ്കിലും പരമ്പരാഗതമായ സൗണ ആദ്യമായി കാണുന്നത് യൂറോപ്പിൽ വച്ചാണ്‌. 2000- വര്‍ഷത്തിലേറെ പഴക്കമുള്ള സൗണ പല യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും സംസ്‌കാരത്തിന്റെ ഭാഗമാണ്. എസ്റ്റോണിയ, ഫിൻലന്റ് എന്നീ യൂറോപ്യൻ രാജ്യങ്ങൾ സൗണക്ക് പേരുകേട്ടതാണ്‌.

പരമ്പരാഗതമായ് സൗണ നിർമ്മിച്ചിരിക്കുന്നത് തടികൊണ്ടാണ്‌. ഈർപ്പം നിറഞ്ഞ സൗണ, വരണ്ട സൗണ എന്നിങ്ങനെ രണ്ടുതരത്തിൽ സൗണകൾ നിർമ്മിക്കുന്നുണ്ട്. എന്നാൽ ഈർപ്പം നിറഞ്ഞ സൗണകളാണ്‌ കൂടുതൽ പ്രചാരം. ഇരിക്കാനും കിടക്കാനും സൗകര്യപ്രദമായ രീതിയിൽ മരത്തിന്റെ കുറേ ബർത്തുകളുള്ള, 70 ഡിഗ്രി മുതൽ 100 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവുള്ള നീരാവി നിറച്ച പൂർണ്ണമായും അടച്ചിട്ട ഒരു മുറിയാണ്‌ അത്. തീ കൂട്ടാൻ സൗകര്യമുള്ള ഈ മുറിയിൽ നന്നായി മിനുസപ്പെടുത്തിയ പ്രത്യേകതരം പാറകല്ലുകൾ ഉയർന്ന ഊഷ്മാവിൽ ചൂടാക്കുന്നു. നന്നായി ചുട്ടുപഴുത്ത ഈ കല്ലുകളിൽ സുഗന്ധ ലേപനങ്ങൾ ചേർത്ത ശുദ്ധജലം ഒഴിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ സൗണ നീരാവികൊണ്ട് നിറയും.

സാധാരണ സൗണകൾ രാത്രിയിലാണ്‌ പ്രവർത്തിക്കുക. എതാണ്ട് എട്ടു മണിയോടെ പ്രവർത്തിച്ചു തുടങ്ങുന്ന സൗണകൾ നേരം വെളുക്കുവോളം തുറന്നിരിക്കും.സാധാരണ സൗണയുടെ രീതികൾ ഇങ്ങനെയാണ്‌. സൗണയുടെ പ്രവേശന കവാടത്തിൽ പ്രവർത്തിക്കുന്ന ലോബിയിൽ നിശ്ചിത തുക അടക്കുമ്പോൾ അവർ ഒരു ലോക്കറും , ടൗവ്വലും നമുക്ക് നൽകും. അവിടെനിന്ന് നേരെ വസ്ത്രം മാറുന്ന ഒരു മുറിയിലേക്ക് പോയി എല്ലാ വസ്ത്രങ്ങളും ഉരിഞ്ഞുമാറ്റി ടൗവ്വൽ ഉടുക്കുക. മാറിയ വസ്ത്രങ്ങളും മറ്റ് സാധന സാമഗ്രികളും നമുക്കായി തന്നിരിക്കുന്ന ലോക്കറിൽ വച്ചു പൂട്ടുക. പിന്നെ പൂര്‍ണ്ണനഗ്നനായി കുളിക്കുക. അതിനുശേഷമേ സോണയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ. സൗണയിൽ ഇരിക്കാനും കിടക്കാനുമുള്ള സൗകര്യം ഉണ്ടായിരിക്കും. അവിടെ ഇട്ടിരിക്കുന്ന മരബെഞ്ചില്‍ പത്തുപതിനഞ്ച് മിനുട്ട് ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. നീരവി കൊണ്ടു നിറഞ്ഞ ആ കുടുസ്സുമുറിയിൽ ഇരിക്കുമ്പോൾ ശരീരം വിയര്‍ത്ത് തുടങ്ങും. വിയര്‍ത്ത് വിയര്‍ത്ത് സഹിക്കാൻ വയ്യാതാകുമ്പോൾ പുറത്ത്പോയി തണുത്ത വെള്ളത്തില്‍ വിയർപ്പ് കഴുകി ശരീരം ഒന്നു തണുപ്പിക്കുക. വീണ്ടും സൗണയിലേക്ക്. ഇത് മതിയോവോളം ചെയ്യാം.
.