Search this blog


Home About Me Contact
2008-10-29

ചെമ്പകങ്ങള്‍ പൂക്കാത്ത താഴ്വര  

നീ എവിടെ, കാത്തിരുന്നു കണ്ണുകഴക്കുന്നു. എന്നാണ് ഇനി നീ എന്റെ കണ്മുന്നില്‍ വരുന്നത്? സ്വപ്നങ്ങളുറങ്ങുന്ന നിന്റെ ആത്മാവിനെ എന്റെ നെഞ്ചോട് ചേര്‍ത്തണക്കാന്‍.....ചെമ്പകങ്ങള്‍ പൂക്കാത്ത ഈ താഴ്വരയില്‍ നിനക്കായ് ഒരുകുല പൂക്കള്‍ ഞാന്‍ കാത്തുവച്ചിരിക്കുന്നു. ചേതനയറ്റ സ്വപ്നങ്ങള്‍, നഷ്ടപ്പെട്ട ഹ്യദയം, പടികളില്‍ പതിഞ്ഞമര്‍ന്ന കാലുകളെ അറച്ചുനോക്കുന്ന പാദമുദ്രകള്‍, അറിയില്ലെനിക്കെന്നെ. എന്തിനക്കയോവേണ്ടി എന്തക്കയോ ചെയ്തുകൂട്ടുകയാണ്. എന്തക്കയോ നേടുവാന്‍ ഓരോരോ മുഖങ്ങള്‍ കയറി ഇറങ്ങുകയാണ്? എന്തിനുവേണ്ടി? എനിക്കുതെന്നെ അറിയില്ല. ഒരിക്കലും മരിക്കാത്ത എന്റെ സ്നേഹം അനാഥമാകുമ്പോള്‍ ഉടഞ്ഞ കണ്ണാടിക്കുള്ളില്‍ ഞാന്‍ ആരോ ആകാന്‍ ശ്രമിക്കുകയാണ്.

ഓര്‍മ്മകളുടെ കിളിവാതിലിലൂടെ മനസ്സിലേക്കരിച്ചിറങ്ങുന്ന പ്രതീക്ഷയുടെ കിരണങ്ങള്‍ക്ക് തിമിരം ബാധിക്കുന്നുവോ? പുസ്തകതാളിലൊളിപ്പിച്ച മയില്‍‌പീലി തുണ്ടുപോലെ ആരുംകാണാതെസൂക്ഷിച്ച എന്റെ സ്വകാര്യനൊമ്പരങ്ങള്‍ അറിയാതെ തുളുമ്പിപോകുന്നുവോ? മന്‍സ്സിന്റെ വിങ്ങലുകളും, നഷ്ടസ്വപ്നങ്ങളും, കാലത്തിനുണക്കാന്‍ കഴിയാത്ത ചില മുറിവുകളും മാത്രമേ സ്നേഹിക്കുന്നവര്‍ക്ക് നല്‍കാന്‍ എനിക്ക് കഴിയുന്നുള്ളുവോ?

ചാലുകള്‍ മുറിച്ച് കുത്തിയൊലിക്കുന്ന മഴവെള്ള പാച്ചിലുപോലെ ഓര്‍മ്മകള്‍. പെയ്തൊഴിയാത്ത മഴനൂലുകള്‍ക്കിടയിലൂടെ നടന്നകലുന്ന ആ വെളുത്ത കാല്പാടുകള്‍. എന്നെ തനിച്ചാക്കി പറന്നുപോയ എന്റെ ആത്മാവ്. അന്ന് നഷ്ടമായ എന്റെ പാവം മനസ്സ്. എല്ലാസ്നേഹത്തില്‍നിന്നും അകന്നുമാറിനിന്ന എന്റെ ഹ്യദയത്തിനുമുകളില്‍ എന്തിനാണ് നീ വിരലുകള്‍ കൊണ്ടെഴുതിയത്? നിന്റെ ഓരോ വാക്കുകളും സ്നേഹത്തില്‍ ചാലിച്ച മധുരമായിരുന്നു. ഹേമന്ദരാവുകളില്‍ പൊഴിയുന്ന മഞ്ഞിന്റെ പരിശുദ്ധിയുള്ള നിന്റെ പുഞ്ചിരി നീ എന്തിന് എനിക്കായ് കരുതി വച്ചു? ഇന്ദ്രിയങ്ങള്‍ ശൂന്യമാവും മുമ്പെ, നിര്‍വികാരികത കടന്നാക്രമണം നടത്തും മുമ്പ, മറവിക്ക് മുന്നില്‍ ഓര്‍മ്മകള്‍ തോറ്റടിയും മുമ്പേ സ്വപ്നങ്ങളെ പറത്തിവിടാന്‍ ഒരു കിളിവാതിലുണ്ടാക്കി നീ കാത്തിരിക്കുമ്പോള്‍‍, മാറത്ത് മറുകുള്ള മന്ദാരങ്ങളായ് നിന്റെ മൗനം എന്നില്‍ അലിയും വരെ, നടന്നുപോയ വഴികളില്‍ നീ എന്നെ തേടിയെത്തുന്ന നിമിഷങ്ങള്‍ക്കായ്, ചെമ്പകങ്ങള്‍ പൂക്കാത്ത ഈ താഴ്വരയില്‍ നിനക്കായ് ഒരുകുല പൂക്കളുമായ് ഞാനിവിടെ തനിച്ചിരിക്കാം. നിന്റെ വരവും പ്രതീക്ഷിച്ച്.

കടപ്പാട്: കിളിവാതില്‍

2008-10-07

പടിവാതില്‍ ചാരാതെ  

പടിവാതില്‍ ചാരാ
തെത്രനാളിങ്ങനെ
പ്രിയമുള്ളൊരാളിനെ
കാത്തിരിക്കും

വരുമന്നു ചൊല്ലി
കടന്നുപോയെന്നിട്ടും
വന്നണയാത്തതെന്തേ
ഇന്നും വന്നണയാത്തതെന്തേ

ഇരവറിയാതെ
പകലറിയാതെ
പടിവാതില്‍ ചാരാ
തെത്രനാളിങ്ങനെ

ഹ്യദയത്തിന്‍ തന്ത്രികള്‍
മെല്ലെയുണര്‍ ത്തിനീ
സ്നേഹത്തിന്‍ ചൂടു
പകര്‍ന്നു തന്നു

കനവറിയാതെ
നിനവറിയാതെ
ഋതുഭേദമറിയാ
തെത്രനാളിങ്ങനെ

വിരഹത്തിന്‍ ചൂടില്‍
ചുട്ടുപൊള്ളുന്നു
കുളിരായ് നീയെന്നു
വന്നു ചേരും

പടിവാതില്‍ ചാരാ
തെത്രനാളിങ്ങനെ
പ്രിയമുള്ളൊരാളിനെ
കാത്തിരിക്കും