Search this blog


Home About Me Contact
2011-10-30

ഋതു പറഞ്ഞ കഥ-ഭാഗം-05  

എല്ലാറ്റിലും തുല്യപങ്കുണ്ടായിട്ടും സ്വന്തം വീട്ടുകാരുടെയും കൂട്ടുകാരുടേയും മുന്നിൽ താൻ മാത്രം തെറ്റുകാരനും സ്വവർഗ്ഗഭോഗിയുമായ് ചിത്രീകരിക്കപ്പെട്ടതിൽ അവന്‌ ആരോടും പരാതിയോ പരിഭവമോ ഇല്ല. അത് സ്വന്തം വിധി എന്നു വിശ്വസിക്കുമ്പോഴും വാവയുടെ കാപട്യമുള്ള മുഖം‍മൂടി ചീന്തി എറിയാൻ കഴിയാത്ത നിസഹായത അവനെ വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ കൊണ്ടെത്തിച്ചുകഴിഞ്ഞു. ഇനി അവൻ സത്യങ്ങൾ മുഴുവൻ പറഞ്ഞാലും അവന്റെ അമ്മപോലും അവനെ വിശ്വസിക്കാത്ത ഒരു സാഹചര്യത്തിൽ എത്തിപെട്ടിരിക്കുന്നു അവൻ. എന്നിട്ടും വാവ ഇല്ലാതെ ഒരു ലോകത്തെകുറിച്ച് ചിന്തിക്കാൻ അവന്‌ കഴിയുന്നില്ല എന്നതാണ്‌ സത്യം. ദൈവ്വം മുന്‍കൂട്ടി നിശ്ചയിച്ചുവെച്ച നിര്‍ജീവമായ ഒരു ജീവിതത്തിലൂടെയാണ് അവൻ കടന്നുപോകുന്നത്.

ഓര്‍മ്മകള്‍ സമ്മാനിച്ച മുറിവിൽ നിന്നും ഇപ്പോഴും ചോര പൊടിയുന്നു. ഒരിക്കലൂം തിരിച്ച് വരില്ല എന്ന് അറിയാം എന്നിട്ടും അവൻ കാത്തിരിക്കുന്നു. അവർ നട്ടുപിടിപ്പിച്ച മരം ഒരുപാട് വളര്‍ന്നിരിക്കുന്നു. ഋതുക്കള്‍ ആ മരത്തിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. കാലം മാറുമ്പോൾ പ്രക്യതിയും മാറും. പക്ഷേ കാലത്തിനൊപ്പം നടക്കാൻ അവന്‌ കഴിഞ്ഞില്ല. മൂകാംബികയിൽ വച്ച് ഒന്നിച്ചു ജീവിക്കുമന്ന ശപഥമെടുത്ത ദിവസം, ലോകത്തിന്റെ ഏതുകോണിലാണങ്കിലും എല്ലാവർഷവും രണ്ടുപേരും സൗപർണ്ണികാനദിയുടെ കരയിലുള്ള ആ സ്ഥലത്ത് വരുമന്ന് പരസ്പരം വാക്കുകൊടുത്തിരുന്നു. ഇന്നും അവൻ വാവയെയും പ്രതീക്ഷിച്ച് എല്ലാവർഷവും ആ നദിയുടെ കരയിൽ എത്തി നദിക്കരയെ ഇരുട്ടു വിഴുങ്ങും വരെ കാത്തിരിക്കും. കൂരിരുട്ടില്‍ അവൻ എന്താണ് തിരയുന്നത് എന്നു അവനുതന്നെ അറിയില്ല. കടന്നു പോയ പ്രകാശത്തിന്റെ നിഴൽപാടുകളാണോ അവൻ തിരയുന്നത്? എവിടയോ അലയുന്ന പ്രകാശത്തെ തന്‍റെ നെഞ്ചില്‍ ആവാഹിക്കാന്‍ കാത്തിരിക്കുന്ന ഇരുട്ട് അവനെ വല്ലാതെ ശ്വാസംമുട്ടിക്കുന്നു. അവൻ ചോദിക്കുന്നു, ഇരുട്ടിലേക്ക് സ്വപ്നങ്ങളെ നാം കടത്തിവിടുന്നത് എന്തിനാണ്? കണ്ടുതീരുന്ന സ്വപ്നങ്ങള്‍ ഇരുട്ടില്‍ നിഴലായി നമ്മളില്‍ നിന്നും പൊഴിഞ്ഞു പോകുന്നുണ്ടാവാം. ഇരുട്ടില്‍ ഉതിരുന്ന വാക്കുകള്‍ സ്വപ്നത്തിലേക്ക് ഉള്ള പാതിവഴിയിലാണ്. ജീവന്റെ ഒരു ഭാഗത്തെ ഹ്യദയത്തിൽ നിന്നടർത്തി മാറ്റാൻ കഴിയാതെ അവൻ ഇന്നും നമുക്ക് മുന്നിൽ കിടന്നു പിടയുകയാണ്‌. ചിലര്‍ ജീവിച്ചിരിക്കേ നഷ്ടപ്പെടുന്നു. മറ്റു ചിലരാകട്ടെ, നഷ്ടപ്പെട്ടിട്ടും ഹ്യദയങ്ങളിൽ ജീവിക്കുന്നു. ചിതറുന്ന മൂല്യങ്ങളും, ചിതലരിച്ച സ്നേഹബന്ധങ്ങളും നമ്മെ അസ്വസ്ഥ മാനസരാക്കുമ്പോൾ, നഷ്ടപ്പെടലിന്റെ വേദയിൽ പുളയുന്ന ഒരുവന്‌ ബന്ധങ്ങളെ തിരിച്ചറിയാനുള്ള വിവേകം നശിക്കുന്നു.

എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും, എത്രയൊക്കെ ആഗ്രഹിച്ചിട്ടും, രാത്രികാലങ്ങളിൽ വാവയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലല്ലോ ഈശ്വരാ എന്നവൻ നിലവിളിക്കുന്നു. ഋതുക്കൾ മാറിവരുന്നത്‌ പോലെ ഒഴിവാക്കാന്‍ ആവാത്ത ഏതോ ഒരു വിധി അവരെ അകറ്റിയിരിക്കുന്നു എന്നവൻ വിശ്വസിക്കുന്നു.......ഭീതിപ്പെടുത്തുന്ന ഏകാന്തതമാത്രമുള്ള മരണതാളം മുറുകുന്ന അവന്റെ കൊച്ചു ലോകത്തേക്ക് അവൻ വീണ്ടും തനിച്ചായി... വേദനയോടെ ആ സത്യം അവൻ അറിയുന്നു. ഇന്നലകളുടെ തിരുശേഷിപ്പുകള്‍ പേറിയുള്ള അവന്റെ ഈ യാത്ര അവനു നന്നേ മടുത്തിരിക്കുന്നു. ഓര്‍മകളുടെ ഈ കൂട്ടില്‍ നിന്നും അവന്‌ പറന്ന് അകലാൻ സമയമായിരിക്കുന്നു. പക്ഷേ അവന്റെ ചിറകുകള്‍ കരിഞ്ഞു. ഓര്‍മകള്‍ തണുത്തുറഞ്ഞ ഈ കൂട്ടില്‍ നിന്നും പുറത്തു കടക്കാന്‍ അവന്‌ കഴിയുന്നില്ല....ഓർമ്മകളിലും ജീവിതത്തിലും സങ്കടങ്ങള്‍ കൊണ്ട് മഴവില്ല് തീർത്ത്, മ്ലാനതയാർന്ന ഒരു യുവത്വം കൂടി നമുക്കുമുന്നിൽ എരിഞ്ഞടങ്ങുകയാണ്.
.

2011-10-19

ഋതു പറഞ്ഞ കഥ-ഭാഗം-04  

ഒരു വ്യഘ്രത്തെപോലെ അവൻ വാവയെ പിടിച്ചു വലിച്ചു നിലത്തിട്ടു. വാവയുടെ മുഖത്ത് ആഞ്ഞടിച്ചു. കത്തി എടുത്ത്‌ നെഞ്ചിലേക്ക് ആഞ്ഞാഞ്ഞു കുത്തി. മരണ വെപ്രാളത്തോടെ ഉരുണ്ടുമാറിയ വാവ ‌ കത്തിയുടെ വായ്ത്തലയിൽ പിടുത്തമിട്ടു. ബലപ്രയോഗത്തിനൊടുവിൽ ചോരയൊലിക്കുന്ന കൈകൊണ്ട് വാവ കത്തി പിടിച്ചു വാങ്ങി ദൂരെ എറിഞ്ഞു. കൈകള്‍ കൂപ്പി എന്നെ ഒന്നും ചെയ്യരുത് എന്നു കരഞ്ഞു പറഞ്ഞു. അത് വകവെയ്ക്കാതെ അവൻ ബെല്‍റ്റ്‌ ഊരി വാവയെ തലങ്ങും വിലങ്ങും അടിച്ചു. കഴുത്തിൽ കുരിക്കിട്ട് വലിച്ചു. ശ്വാസം കിട്ടാതെ വാവ കിടന്നു പിടഞ്ഞു. വാവയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു. മരണ വെപ്രാളത്തോടെ ഒരിറ്റു ശ്വാസംകിട്ടാനായ് കിടന്നു പിടക്കുന്ന വാവയുടെ മുഖം കണ്ടപ്പോള്‍ അവനു സഹിച്ചില്ല. അവനറിയാതെ കുരുക്കിലെ പിടി അയഞ്ഞു. ബൽറ്റിലെ പിടിവിട്ടുകൊണ്ട് അവൻ വാവയുടെ കാലില്‍ വീണു. വാവയെ ഞാന്‍ മറ്റാര്‍ക്കും കൊടുക്കില്ല എന്നെ വിട്ടു പോകരുതെന്ന് കേണപേക്ഷിച്ചു. വീണുകിട്ടിയ നിമിഷ നേരം കൊണ്ട് അവന്റെ കൈ വിടുവിച്ച് വാവ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. അപ്പോഴേക്കും അവൻ തളര്‍ന്നു റൂമില്‍ വീണിരുന്നു...അല്പനേരം കഴിഞ്ഞു ഒരാള്‍ വാവയുമായി വന്നു. അതു വാവയുടെ പുതിയ കൂട്ടുകാരന്‍ അയിരുന്നു...പിന്നീട് അവിടെ നടന്നത് ഒന്നും വ്യക്തമായി അവന്‌ ഓര്‍ക്കാന്‍ കഴിയുന്നില്ല..വാഗ്വാദങ്ങൾ, കണക്കുകൾ, വധശ്രമം, കേസ്, കോടതി, ഭീഷണി....രാത്രി വളരെ വൈകി വീട്ടില്‍ വന്നു. അമ്മ വന്നു വാതിൽ തുറന്നു. എന്തോ പന്തികേടു തോന്നിയതുകൊണ്ട് അവർ ഒന്നും ചോദിച്ചില്ല. ഒന്നും മിണ്ടാതെ മുകളിലെ അവന്റെ മുറിയിലേക്ക് പോയി കട്ടിലിൽ വീണു.....കണ്ണുതുറക്കുമ്പോള്‍ മരുന്നിന്റെ മനം മടുപ്പിക്കുന്ന ഒരു ഹോസ്‌പിറ്റല്‍ വാർഡിലായിരുന്നു അവൻ. നടന്നതൊന്നും എന്താണന്നറിയാതെ അവന്റെ അമ്മ അടുത്തിരുന്നു കരയുന്നു. പലവട്ടം വാവയെ വിളിക്കുന്നു. വാവ ഫോൺ എടുക്കുന്നില്ല...

ഉപദേശങ്ങൾ, കുറ്റപ്പെടുത്തലുകൾ, മരുന്നുകൾ, കൗൺസിലിംങ്....ഹോസ്പിറ്റലില്‍ നിന്നും ഡിസ്‍ചാർജ് ചെയ്തു വീട്ടിലെത്തി മൂന്നാലു ദിവസങ്ങൾ കഴിഞ്ഞ് ഒരു രാത്രി അവൻ വാവയെന്നുറക്കെ നിലവിളിച്ചു ഞെട്ടിയുണർന്നു. അമ്മ വന്നു പുലരുവോളം അവന്റെ അടുത്തിരുന്നു. ഒരു ദിവസം സന്ധ്യാ നേരം നിലവിളക്കുകൊളുത്തി നാമജപം കഴിഞ്ഞ് മുറിയിലേക്ക് വന്ന അമ്മ കണ്ടത് അടച്ചിട്ട മുറിയിൽ കൈതണ്ടയിലെ ഞരമ്പു മുറിച്ച് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന അവനെയാണ്‌. അന്ന് മുറിയുടെ വാതിൽ അകത്തുനിന്നും പൂട്ടാതിരിക്കാൻ അവർ കതകിന്റെ ഓടാമ്പലുകൾ പിഴുതുമാറ്റി. ഒരു ദിവസം കൂളിക്കാനായ് പോയ അവർ ഒരു ഉൾവിളിയിൽ തിരികെ വന്നു നോക്കിയപ്പോൾ ഫാനിൽ കുരിക്കിട്ടുകൊണ്ട് നിൽക്കുന്ന അവനെയാണ്‌ കാണുന്നത്. അന്നുമുതൽ രാവും പകലും ഒരുപോലെ ഉറക്കമില്ലാതെ ആ അമ്മ മകന്‌ കൂട്ടിരുന്നു. ഇടക്ക് തേങ്ങികരഞ്ഞും പരിഭവിച്ചും നിശബ്ദയായും അവന്റെ കട്ടിലിൽ വന്നിരുന്നു വാരിയൂട്ടി. അച്ഛൻ അവനോട് സംസാരിക്കതെയായി. അവരോട് എന്തു പറയണമന്നും എങ്ങനെ ആശ്വസിപ്പിക്കണമന്നും അറിയാതെ വിഷമിച്ച ദിവസങ്ങൾ. രണ്ടു ആഴ്ച കൊണ്ടു അവന്റെ ഭാരം പത്തൊന്‍പതു കിലോയോളം കുറഞ്ഞു. വാവപോലും അവനെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു കോലമായി മാറി‍. അവന്റെ സ്വപ്നങ്ങള്‍ തന്നിൽ നിന്ന് പറന്ന് അകന്നു കഴിഞ്ഞിരിക്കുന്നുവന്ന് അവനറിഞ്ഞു തുടങ്ങി. പലതവണ അവൻ വാവയോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ അയാൾ അതിന്‌ തയ്യാറായിരുന്നില്ല. ആശുപത്രിയുടെ ഇടുങ്ങിയ വരാന്തയില്‍, മരണത്തിന്റെ മണമുള്ള കിടക്കയിൽ അവൻ ഒറ്റയ്ക്ക് മണിക്കൂറുകള്‍ ആരെയോ കാത്ത്, ആരുടെയോ സാമിപ്യത്തിനായി കൊതിച്ചുകൊണ്ട് ദിവസങ്ങൾ കഴിച്ചുകൂട്ടി. മാനസികമായി പൂര്‍ണമായും തളര്‍ന്ന അവനെ രണ്ടുമാസത്തെ ചികില്‍സകള്‍ക്കു ഒടുവില്‍ അവന്റെ അമ്മ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്നു. എന്നാല്‍ പിന്നീടൊരിക്കലും വന്യമായ ഏകാന്തതയും മൗനവും അവനെ വിട്ടുപോയില്ല എന്നതായിരുന്നു സത്യം. അതിനു ശേഷം അവൻ വാവയെ കണ്ടിട്ടില്ല സംസാരിച്ചിട്ടില്ല ഫോണിൽപോലും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല. ഇന്ന് അവനെ അയാൾ ഓര്‍ക്കുന്നുണ്ടാവുമോ എന്നുപോലും അറിയില്ല. പക്ഷേ അവൻ ഇന്നും ഓരോ നിമിഷവും അവനെ ഒരുപാട് സ്നേഹിച്ച, അവനെ സ്നേഹിക്കാനും പങ്കുവയ്ക്കാനും പഠിപ്പിച്ച അവന്റെ വാവയെ കുറിച്ചോർക്കും. നഷ്ടപ്പെട്ടുപോയ ദിനങ്ങൾ മനസ്സിൽ തികട്ടിവരും.

എല്ലാ ആഴ്ച്ചയും പതിവായി അവനെ വിളിച്ചിരുന്ന വാവയുടെ അമ്മയും പിന്നീട് ഒരിക്കലും അവനെ വിളിച്ചിട്ടില്ല. അവൻ വിളിക്കുമ്പോഴൊക്ക ഫോൺ എടുത്തിട്ട് ഇനി മേലിൽ വിളിക്കരുതന്ന് താക്കീത് ചെയ്ത് ഫോൺ വയ്ക്കും. വാവയുടെ അമ്മയും ഏട്ടന്മാരും അവനെ അത്രത്തോളം വെറുത്തു കഴിഞ്ഞിരുന്നു. അവനെ അനുജനെപ്പോലെ സ്നേഹിച്ച തന്റെ മകനെ സ്വവർഗ്ഗാനുരാഗത്തിനും സ്വവർഗ്ഗ ഭോഗത്തിനും പ്രേരിപ്പിക്കുകയും അതിന്‌ തയ്യാറാകാത്തതിനാൽ വധിക്കാൻ ശ്രമിക്കുകയും ചെയ്ത ഒരുവനോട് ഏതമ്മക്കാണ്‌ ക്ഷമിക്കാൻ കഴിയുക? വാവ സത്യങ്ങൾ മൂടിവച്ചുകൊണ്ട് ഋതു സ്വർഗ്ഗാനുരാഗിയാണന്ന് ധരിപ്പിച്ച് അവനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കായാണന്ന് സ്വന്തം അമ്മയോടും ഏട്ടന്മാരോടും പറയുമ്പോൾ അവർ അത് അക്ഷരം പ്രതിവിശ്വസിക്കുമ്പോൾ എങ്ങനെ അവരെ കുറ്റം പറയാനാവും?
തുടരും........

2011-10-06

Oh..My God, the man passed away?  

ഒരു യുഗപുരുഷന്റെ അന്ത്യം-സ്റ്റീവ് ജോബ്സ് ഇനി ഓർമ്മകൾ മാത്രം

ജീവിച്ചിരിക്കുന്ന അപൂർവ്വം ചിലരെ വിശേഷിപ്പിക്കുവാൻ നമുക്ക് ഭാഷ ഇന്നും ഒരു വലിയ കടമ്പയാണ്. ഭാവനാ സ്യഷ്ടിയിൽ നിന്നും ജനിപ്പിച്ചെടുക്കുന്ന അതിഭാവുകത്വം നിറഞ്ഞ വാക്കുകൾ അപര്യാപ്തമായ് വരുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു ഒരു നിമിഷത്തിലേക്കാണ് സ്റ്റീവ് ജോബ്‌സിന്റെ മരണം എന്നെ തള്ളിയിട്ടിരിക്കുന്നത്. ലോകത്ത് വിവര സാങ്കേതിക വിദ്യയിൽ ഒരു വിപ്ലവം സ്യഷ്ടിച്ചുകൊണ്ട് കടന്നു വന്ന ആപ്പിൾ എന്ന മൾട്ടിനാഷണൽ കമ്പനിയുടെ സ്ഥാപകനും മുന്‍ സി.ഇ.ഒ.യുമായ സ്റ്റീവ് ജോബ്‌സ് (56)കാലിഫോര്‍ണിയയിലെ പാലൊ ആള്‍ട്ടോയിൽ അന്തരിച്ചു. സ്റ്റീവിന്റെ രോഗവിവരം ലോകം അറിഞ്ഞുതുടങ്ങിയത് 2011-ൽ ആയിരുന്നങ്കിലും 2003 മുതൽ കാൻസറിന് ചികിൽസയിലായിരുന്നു അദ്ദേഹം. പാന്‍ക്രിയാസിന് ബാധിച്ച അപൂർവ്വ കാന്‍സറിനെ അൽഭുതപൂർവ്വമായ ധൈര്യംകൊണ്ട് മറികടന്നങ്കിലും നീണ്ടനാളത്തെ ചികിൽസ പിടികൂടിയ അനാരോഗ്യമായിരുന്നു അദ്ദേഹത്തിന്റെ മരണ കാരണം. ഏതാനും വര്‍ഷമായി രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണം ശാസ്ത്രസമൂഹം പ്രതീക്ഷിച്ചിരുന്നതു തന്നയാണ്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നുള്ള ആനാരോഗ്യം കാരണം ഈ വര്‍ഷം ആഗസ്ത് 24-ന് അദ്ദേഹം ആപ്പിളിന്റെ സി.ഇ.ഒ. സ്ഥാനം ഒഴിഞ്ഞിരുന്നു. എങ്കിലും കമ്പനിയുടെ ചെയര്‍മാന്‍ ഇപ്പോഴും സ്റ്റീവ് ജോബ്‌സ് തന്നെയാണ്.

1970-ൽ തന്റെ ഇരുപതാം വയസ്സിൽ, സ്റ്റീവ് വോസ്‌നിയാക്കി, മൈക്ക് മര്‍ക്കുല എന്നിവര്‍ക്കൊപ്പം മാതാപിതാക്കളുടെ ഗാരേജില്‍ സ്റ്റീവ് ജോബ്‌സ് തുടക്കം കുറിച്ച ആപ്പിൾ, പെഴ്‌സണല്‍ കമ്പ്യൂട്ടര്‍, മാക്ക്, ഐ പാഡ്, ഐ ഫോണ്‍, ഐ പോഡ് തുടങ്ങിയ ലോകത്തിന് സമ്മാനിച്ചു. കമ്പനിയുടെ സ്ഥപകരിലൊരാളായിട്ടും, അധികാര വടംവലിയെ തുടർന്ന് 1985-ല്‍ സ്റ്റീവ് പുറത്തായി. പിന്നീട് 1997-ല്‍ കമ്പനിയുടെ മേധാവിയായി തിരിച്ചെത്തിയ അദ്ദേഹം വിപ്ലവകരമായ മാറ്റങ്ങളിലൂടെ ആപ്പിളിനെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാക്കി മാറ്റി. ആപ്പിളില്‍ നിന്ന് പുറത്തായ കാലത്ത് കമ്പ്യൂട്ടര്‍ പ്ലാറ്റ്‌ഫോമായ നെക്‌സ്റ്റും ആനിമേഷന്‍ കമ്പനിയായ പിക്‌സറും അദ്ദേഹം ആരംഭിച്ചു. 1996ല്‍ നെക്‌സ്റ്റിനെ ആപ്പിള്‍ സ്വന്തമാക്കിയതോടെയാണ് ജോബ്‌സ് വീണ്ടും തന്റെ മാതൃകമ്പനിയില്‍ തിരിച്ചെത്തിയത്. നെക്‌സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമായതെന്നും ആപ്പിള്‍ അന്ന് തന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഐ ഫോണും ഐ പാഡും ഒന്നും സംഭവിക്കില്ലായിരുന്നുവന്നും സ്റ്റീവ് ഒരിക്കൽ പറഞ്ഞിരുന്നു.


അവിവാഹിതരായ രണ്ട് സര്‍വകലാശാലാ വിദ്യാര്‍ഥികളായ അബദുള്‍ഫത്ത ജോ ജന്‍ഡാലിയുടെയും ജോവാനി ഷീബിളിന്റെയും മകനായി 1955 ഫിബ്രവരി 24ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ജനിച്ച സ്റ്റീവ് ജോബ്‌സനെ, പോള്‍-ക്ലാര ജോബ്‌സ് ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. ആ ദത്തെടുക്കല്‍ നടന്ന് മാസങ്ങള്‍ക്ക് ശേഷം സ്റ്റീവിന്റെ യഥാര്‍ഥ മാതാപിതാക്കള്‍ വിവാഹിതരാവുകയും അവര്‍ക്ക് മോന എന്ന് ഒരു മകള്‍ ജനിക്കുകയും ചെയ്തു.എന്നാൽ അവള്‍ യൗവ്വനത്തിലെത്തും വരെ സ്റ്റീവ് തന്റെ സഹോദരനാണെന്ന് അറിഞ്ഞിരുന്നില്ല. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പോർട്‌ലണ്ടിലെ റീഡ് കോളജിൽ ബിരുദത്തിനായി ചേർന്നങ്കിലും ആദ്യ സെമസ്റ്ററിൽ തന്നെ കോളജിൽ നിന്നും പുറത്തായി. ഉറങ്ങാന്‍ സ്ഥലമില്ലാതിരുന്നതുകൊണ്ട് കൂട്ടുകാരുടെ മുറിയില്‍ അന്തിയുറങ്ങുകയും നിത്യവൃത്തിക്കായി കൊക്കക്കോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ചും ഹരേകൃഷ്ണ ക്ഷേത്രത്തിലെ സൗജന്യ ഭക്ഷണം കഴിച്ചും കടന്നുപോയ സ്റ്റീവ് ജോബ്‌സ് റീഡിൽ പാർട്ട് ടൈം കാലിഗ്രാഫി ക്ലാസിൽ ചേർന്നു. അന്ന് കോളജിൽ നിന്നും പുറത്താക്കിയില്ലായിരുന്നങ്കിൽ മാകിന്റോഷിൽ മൾട്ടിപ്പിൾ ടൈപ്പ് ഫേസുകളോ ക്യത്യതയുള്ള ഫോണ്ടുകളോ ഉണ്ടാകുമായിരുന്നില്ല എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.


മരിക്കുമ്പോള്‍ 8300 ദശക്ഷം ഡോളർ ആസ്തിയുണ്ടായിരുന്ന സ്റ്റീവ് ലോകത്തിൽ ഏറ്റവും കുറവ് ശമ്പളം പറ്റുന്ന സി.എ.ഒ ആയിരുന്നു. വർഷം ഒരു ഡോളർ ആയിരുന്നു അദ്ദേഹത്തിന്റെ ശമ്പളം. കമ്പനിയുടെ വളർച്ചക്കായി പ്രഗൽഭരായ പലേരേയും സ്റ്റീവ് സി.എ.ഒ മാരായി നിയമിച്ചു. ഒരുകാലത്ത് വഴിയോരത്തുനിന്നും കോളയുടെ കുപ്പി പെറുക്കി വിറ്റ് ഭക്ഷണം കഴിച്ചിരുന്ന സ്റ്റീവ് 1983-ൽ പെപ്സി കോളയിലെ ജോൺ സ്കള്ളിയെ സി.ഇ.ഒ ആയി ക്ഷണിക്കുമ്പോൾ ചോദിച്ചത് 'നിങ്ങൾ വെള്ളവും പഞ്ചസാരയും വിൽക്കാൻ ആഗ്രഹിക്കുന്നുവോ അതോ എന്റെ കൂടെ ചേർന്ന് ലോകം മാറ്റി മറിക്കുന്നുവോ' എന്നായിരുന്നു.

ആപ്പിള്‍ കമ്പനി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന 1997-ലാണ് സ്റ്റീവ് വീണ്ടും ആപ്പിൾ കമ്പനിയുടെ പടികയറുന്നത്. ആപ്പിളിൽ തിരിച്ചെത്തിയ ശേഷം തന്റെ ഓരോ ഭാവനകളെയും ഒന്നൊന്നായി യാഥാർത്ഥ്യമാക്കികൊണ്ട് സ്റ്റീവ് ലോകത്തെ മുഴുവൻ മറ്റിമറിക്കുന്ന കാഴ്ചയാണ് കണ്ടത്. സമാനതകളില്ലാതെ സ്റ്റീവ് സൃഷ്ടിച്ച സുവർണ്ണ ചകോരങ്ങൾ മാക് ബുക്കുകളുടെയും ഐപാഡിന്റെയും രൂപത്തില്‍ നമ്മുടെ മേശപ്പുറങ്ങളിലും, ഐപാഡിന്റെയും ഐഫോണിന്റെയും രൂപത്തില്‍ നമ്മുടെ കീശകളിലും, ഐട്യൂണ്‍ സ്‌റ്റോറിന്റെയും ആപ്പിള്‍ ആപ് സ്റ്റോറിന്റെയും രൂപത്തില്‍ ഇന്റർ നെറ്റിലുമ് ചരിത്രം രച്ചിച്ചു. 2011 ആഗസ്ത് 25-ന് സ്റ്റീവ് ആപ്പിളിന്റെ സി.ഇ.ഒ പദം ഒഴിഞ്ഞപ്പോള്‍ അത് വിവര സാങ്കേതികവിദ്യയിൽ മനുഷ്യൻ കുതിച്ചുചാട്ടം നടത്തിയ ഒരു യുഗത്തിന്റെ അവസാനമായി. ഇന്നലെ ഒരു പുതിയ ഐഫോൺ ലോകത്തിന് സമ്മാനിച്ചുകൊണ്ട് അദ്ദേഹം യാത്രയായിരിക്കുന്നു. തന്റെ അവസാന ഉത്പന്നവും പുതുതലമുറയിലെത്തിച്ച് ഒരു ദിവസത്തിനു ശേഷമാണ് സ്റ്റീവിന്റെ വിടവാങ്ങൾ എന്നത് ഒരു നിയോഗം തന്നെയായിരിക്കാം. ഒരു ശാസ്ത്രക്ഞ്ജൻ എങ്ങനെയായിരിക്കണമോ അതായിരുന്നു സ്റ്റീവ്. വിപ്ലവകരമായ കണ്ടുപിടുത്തങ്ങളിലൂടെ വരും തലമുറകള്‍ക്ക് ഓര്‍ക്കാന്‍ അസാധാരണമായ ഒരു ജീവിതാധ്യായം അവശേഷിപ്പിച്ചുകൊണ്ട് കടന്നുപോയ സ്റ്റീവ് ജോബ്സ്, ലോകത്തെ തന്നെ മാറ്റിമറിച്ച കണ്ടുപിടിത്തലുകളിലൂടെ നോബൽ സമ്മാനം നേടിയ അനേകം ശാസ്ത്രകഞ്ജന്മാരേക്കാൾ എന്നും ഒരുപടി മുന്നിൽതന്നയാണ് എന്നതിന് ഒരു തർക്കത്തിന്റെ ആവശ്യമില്ല.

അതുല്യ പ്രതിഭയായ സ്റ്റീവ് ജോബ്സിന് ആദരാജ്ഞലികൾ...
.