2011-10-19
ഋതു പറഞ്ഞ കഥ-ഭാഗം-04

ഉപദേശങ്ങൾ, കുറ്റപ്പെടുത്തലുകൾ, മരുന്നുകൾ, കൗൺസിലിംങ്....ഹോസ്പിറ്റലില്‍ നിന്നും ഡിസ്‍ചാർജ് ചെയ്തു വീട്ടിലെത്തി മൂന്നാലു ദിവസങ്ങൾ കഴിഞ്ഞ് ഒരു രാത്രി അവൻ വാവയെന്നുറക്കെ നിലവിളിച്ചു ഞെട്ടിയുണർന്നു. അമ്മ വന്നു പുലരുവോളം അവന്റെ അടുത്തിരുന്നു. ഒരു ദിവസം സന്ധ്യാ നേരം നിലവിളക്കുകൊളുത്തി നാമജപം കഴിഞ്ഞ് മുറിയിലേക്ക് വന്ന അമ്മ കണ്ടത് അടച്ചിട്ട മുറിയിൽ കൈതണ്ടയിലെ ഞരമ്പു മുറിച്ച് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അവനെയാണ്. അന്ന് മുറിയുടെ വാതിൽ അകത്തുനിന്നും പൂട്ടാതിരിക്കാൻ അവർ കതകിന്റെ ഓടാമ്പലുകൾ പിഴുതുമാറ്റി. ഒരു ദിവസം കൂളിക്കാനായ് പോയ അവർ ഒരു ഉൾവിളിയിൽ തിരികെ വന്നു നോക്കിയപ്പോൾ ഫാനിൽ കുരിക്കിട്ടുകൊണ്ട് നിൽക്കുന്ന അവനെയാണ് കാണുന്നത്. അന്നുമുതൽ രാവും പകലും ഒരുപോലെ ഉറക്കമില്ലാതെ ആ അമ്മ മകന് കൂട്ടിരുന്നു. ഇടക്ക് തേങ്ങികരഞ്ഞും പരിഭവിച്ചും നിശബ്ദയായും അവന്റെ കട്ടിലിൽ വന്നിരുന്നു വാരിയൂട്ടി. അച്ഛൻ അവനോട് സംസാരിക്കതെയായി. അവരോട് എന്തു പറയണമന്നും എങ്ങനെ ആശ്വസിപ്പിക്കണമന്നും അറിയാതെ വിഷമിച്ച ദിവസങ്ങൾ. രണ്ടു ആഴ്ച കൊണ്ടു അവന്റെ ഭാരം പത്തൊന്‍പതു കിലോയോളം കുറഞ്ഞു. വാവപോലും അവനെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു കോലമായി മാറി. അവന്റെ സ്വപ്നങ്ങള്‍ തന്നിൽ നിന്ന് പറന്ന് അകന്നു കഴിഞ്ഞിരിക്കുന്നുവന്ന് അവനറിഞ്ഞു തുടങ്ങി. പലതവണ അവൻ വാവയോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ അയാൾ അതിന് തയ്യാറായിരുന്നില്ല. ആശുപത്രിയുടെ ഇടുങ്ങിയ വരാന്തയില്‍, മരണത്തിന്റെ മണമുള്ള കിടക്കയിൽ അവൻ ഒറ്റയ്ക്ക് മണിക്കൂറുകള്‍ ആരെയോ കാത്ത്, ആരുടെയോ സാമിപ്യത്തിനായി കൊതിച്ചുകൊണ്ട് ദിവസങ്ങൾ കഴിച്ചുകൂട്ടി. മാനസികമായി പൂര്‍ണമായും തളര്‍ന്ന അവനെ രണ്ടുമാസത്തെ ചികില്‍സകള്‍ക്കു ഒടുവില്‍ അവന്റെ അമ്മ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. എന്നാല്‍ പിന്നീടൊരിക്കലും വന്യമായ ഏകാന്തതയും മൗനവും അവനെ വിട്ടുപോയില്ല എന്നതായിരുന്നു സത്യം. അതിനു ശേഷം അവൻ വാവയെ കണ്ടിട്ടില്ല സംസാരിച്ചിട്ടില്ല ഫോണിൽപോലും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല. ഇന്ന് അവനെ അയാൾ ഓര്‍ക്കുന്നുണ്ടാവുമോ എന്നുപോലും അറിയില്ല. പക്ഷേ അവൻ ഇന്നും ഓരോ നിമിഷവും അവനെ ഒരുപാട് സ്നേഹിച്ച, അവനെ സ്നേഹിക്കാനും പങ്കുവയ്ക്കാനും പഠിപ്പിച്ച അവന്റെ വാവയെ കുറിച്ചോർക്കും. നഷ്ടപ്പെട്ടുപോയ ദിനങ്ങൾ മനസ്സിൽ തികട്ടിവരും.
എല്ലാ ആഴ്ച്ചയും പതിവായി അവനെ വിളിച്ചിരുന്ന വാവയുടെ അമ്മയും പിന്നീട് ഒരിക്കലും അവനെ വിളിച്ചിട്ടില്ല. അവൻ വിളിക്കുമ്പോഴൊക്ക ഫോൺ എടുത്തിട്ട് ഇനി മേലിൽ വിളിക്കരുതന്ന് താക്കീത് ചെയ്ത് ഫോൺ വയ്ക്കും. വാവയുടെ അമ്മയും ഏട്ടന്മാരും അവനെ അത്രത്തോളം വെറുത്തു കഴിഞ്ഞിരുന്നു. അവനെ അനുജനെപ്പോലെ സ്നേഹിച്ച തന്റെ മകനെ സ്വവർഗ്ഗാനുരാഗത്തിനും സ്വവർഗ്ഗ ഭോഗത്തിനും പ്രേരിപ്പിക്കുകയും അതിന് തയ്യാറാകാത്തതിനാൽ വധിക്കാൻ ശ്രമിക്കുകയും ചെയ്ത ഒരുവനോട് ഏതമ്മക്കാണ് ക്ഷമിക്കാൻ കഴിയുക? വാവ സത്യങ്ങൾ മൂടിവച്ചുകൊണ്ട് ഋതു സ്വർഗ്ഗാനുരാഗിയാണന്ന് ധരിപ്പിച്ച് അവനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കായാണന്ന് സ്വന്തം അമ്മയോടും ഏട്ടന്മാരോടും പറയുമ്പോൾ അവർ അത് അക്ഷരം പ്രതിവിശ്വസിക്കുമ്പോൾ എങ്ങനെ അവരെ കുറ്റം പറയാനാവും?
തുടരും........
0 comments: to “ ഋതു പറഞ്ഞ കഥ-ഭാഗം-04 ”
Post a Comment