Search this blog


Home About Me Contact
2008-01-18

...സൗഹ്യദ മഴയിലൊരു ജന്‌മദിനം....  


വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡയറിയില്‍ നിനക്കയ് കുറിച്ചിട്ട ഈ കവിത ഇന്ന് നിന്റെ ഈ ജന്മദിനത്തില്‍ നിനക്കയ് സമര്‍പ്പിക്കുന്നു.
എല്ലാവിധമായ ജന്മദിനാശംസകളോടെ...

നിന്റെ സ്വന്തം ഞാന്‍വിടവാങ്ങുന്നു നീ എന്റെയുള്ളില്‍നിന്ന്
അവസാന സ്‌നേഹജ്വാലയും ഏറ്റുവാങ്ങി
ഒരുവാക്കുമിണ്ടാതെ ഒരുനോക്കുനോക്കാതെ
എന്നാത്‌മാവിന്‍ ഒരുനെരിപോടു തീപടര്‍ത്തി

അകലയാണങ്കിലും അരികില്‍നീയുണ്ടാകും
എന്നൊരുവാക്കുരിയാടാനാവാതെ
നിറഞ്ഞമിഴിയാല്‍ തുളുമ്പും ഹ്യദയത്തോടെ
ഒരുനനുത്ത സ്‌പര്‍ശത്തിന്‍ തിലകകുറിചാര്‍ത്തി

ഒന്നും പറയാതെ ഞാന്‍ യാത്രയാക്കാം
ഒരു ചുടുചുംബനം ഞാനേറ്റുവാങ്ങാം
നിന്‍ സരോദകം ഞാന്‍ കൂട്ടിവയ്‌ക്കാം
നിന്‍ മിഴിയിണകളിലൊരുമ്മ നല്‌കാം

വേര്‍പിരിയുന്നില്ല നമ്മള്‍ കണ്ണത്താദൂരത്തും
കണ്ടുമുട്ടും സം‌വത്‌സരമൊഴിയവെ
ഒരുനറുപുഷ്പമായ് ആത്‌മാവിലെന്നും
വിടര്‍ന്നു നില്‌ക്കും ഒരുചമ്പനീര്‍പൂവായ് നീ

പിരിയുവാന്‍ കഴിയില്ലനിക്കുനിന്നെ
ദേഹിക്കാത്മാവിനെയന്നപോലെ
രാഗതാളലയ സംഗമമായൊരീ ജന്‌മം
തോരാതെ കാക്കുകീ സൗഹ്യദമഴ നീ

2008-01-17

.....നിലാവുപോലെ ഒരു ജന്മദിനം....  

തുളസികതിരിന്റെ നൈര്‍മല്യമുള്ള എന്റെ സ്‌നേഹം ഉറങ്ങുന്നതിവിടെയാണ്. ഇന്ന് എന്റെ ചക്കരയുടെ ജന്മദിനം. പഴമയുടെ ഗന്ധമുള്ള ഈ നാലുചുമരുകള്‍ക്കുള്ളില്‍ നിന്നും ഹെര്‍മോണില്‍ പെയ്യുന്ന മഞ്ഞുതുള്ളിപോലെ നിര്‍മ്മലമായ നിന്റെ സ്വപ്‌നങ്ങളുടെ പറുദീസയിലേക്ക് കുടിയേറാനും, പിന്നെ ഇനിയും ഒരുപാട് കാര്‍ത്തിക വിളക്കുകള്‍ നിന്റെ ക്യഷ്ണനായ് കൊളുത്താനും കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍.......അടരുവാന്‍ വയ്യ നിന്‍ ഹ്യദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം

എന്തിനന്നറിയില്ല എങ്ങിനന്നറിയില്ല
എപ്പോഴൊ നിന്നെയനിക്കിഷ്‌ടമായി...
എന്നാണന്നറിയില്ല എവിടയന്നറിയില്ല
എന്നിലെ എന്നെ നീ തടവിലാക്കി...

2008-01-12

തുളസിക്കതിരിന്റെ നൈര്‍മല്യമുള്ള എന്റെ സ്‌നേഹിതന്......  

എന്നും മഴയെ സ്‌നേഹിച്ച ഒരു മനസ്സാണ് എന്റേത്.... തുലാവര്‍ഷവും കാലവര്‍ഷവും സൗഹ്യദത്തിന്റെ വേരുകളെ നനച്ച് നിര്‍ത്താതെ പെയ്യുകയാണ് എന്റെ മന‍സ്സില്‍. മഴനൂലുകളായ് മനസ്സിലേക്ക് പെയ്തിറങ്ങുന്ന ചന്ദനത്തിന്റെ മണമുള്ള സൗഹ്യദങ്ങള്‍...ഒരിക്കല്‍ പെയ്‌തൊഴിയാത്ത മഴനൂലുകള്‍ക്കിടയിലൂടെ എന്നെ തനിച്ചാക്കി അവന്‍ യാത്രയായപ്പോള്‍ എന്റെ തുലാവര്‍ഷ സന്ധ്യകള്‍ വരണ്ടൂണങ്ങി. പിന്നീടൊരിക്കലും സൗഹ്യദത്തിന്റെ ചാലുകള്‍ വെട്ടാന്‍ എന്റെ മരുഭൂമിയില്‍ ആരയും അനുവദിച്ചില്ല.

സ്‌‌നേഹം, സൗഹ്യദം പിന്നെ എന്നെ തന്നെ ചോദിച്ചുവന്നവര്‍..ഒരിക്കലും നഷ്ടപ്പെടില്ലന്നുകരുതി നെഞ്ചിലെ കളിമണ്‍ കുടുക്കയില്‍ ഭദ്രമായ് സൂക്ഷിച്ച മഞ്ചാടികുരുക്കള്‍ വീണുടഞ്ഞു ചിതറിയപ്പോള്‍, പുസ്തകത്താളിലൊളിപ്പിച്ച മയില്‍പീലിതുണ്ട് മാനം കണ്ടപ്പോള്‍ മകരതണുപ്പിലും ഞാന്‍ ചുട്ടുപൊള്ളുകയായിരുന്നു.

സ്വര്‍ത്ഥതയുടെ ബലിക്കല്ലുകളില്‍, വ്യക്തിബന്ധങ്ങളുടെ ചോര വീഴുന്നതുകണ്ട് പകച്ചുനിന്ന നിമിഷങ്ങള്‍..ഞാന്‍ എന്നെതന്നെ അറിയുകയായിരുന്നു..പിന്നെ അനുവാദം ചോദിക്കാതെ കഴിഞ്ഞ ഓണകാലത്ത് തുമ്പപ്പൂവിന്റെ പരിശുദ്ധിയോടെ നീ എന്റെ ഹ്യദയത്തില്‍ തൊട്ടുവിളിച്ചപ്പോള്‍ അറിയാതെ എന്റെ നീലാകാശത്ത് സ്‌‌നേഹത്തിന്റെ കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടി വീണ്ടും മഴനൂലുകളായ് പെയ്തിറങ്ങി..ആ കുളിര്‍ മഴയില്‍ ഊഷരമായ എന്റെ മരുഭൂമി നനഞ്ഞുകുതിര്‍ന്നു.. അതില്‍ നീ പുതിയ ചാലുകള്‍‌വെട്ടി...സ്‌നേഹത്തിന്റെ ഉറവകള്‍ പൊട്ടിച്ചു. പിന്നെ ഓരോദിവസവും തുടങ്ങുന്നത് വോയിസ് ചാറ്റുവഴി നിന്നോടുള്ള സംസാരത്തോടയായി. നിലാവെളിച്ചത്തില്‍ പരന്നൊഴുകുന്ന ഇലഞ്ഞിപൂക്കളുടെ സുഗന്ധം പോലെ പയ്തിറങ്ങുകയാണ് സ്‌നേഹം..

വോയിസ് ചാറ്റ് കട്ടാകുമ്പോള്‍ ചാറ്റ് വിന്‍ഡോയില്‍ തെളിഞ്ഞുനില്‍കുന്ന പച്ചവെളിച്ചം..അത് ചുവക്കുകയും ഇരുളുകയും ചെയ്യുന്നതിനിടയില്‍ അകല്‍ച്ചയുടെ വാതായനങ്ങളില്‍ സ്വയം അറിയുകയും വിരഹത്തിന്റെ വാളാല്‍ സ്വയം മുറിവേല്പിക്കയും ചെയ്യുമ്പോള്‍, അറിയാതെ കലഹിക്കുമ്പോള്‍, വക്കുകള്‍കൊണ്ട് പരസ്പരം മുറിവേല്പിക്കുമ്പോള്‍, അവക്കിടയിലുണ്ടാകുന്ന അര്‍ത്ഥഗര്‍ഭമായ നിശബ്ദതയില്‍ സ്വയം വേദനിക്കുമ്പോള്‍ ചോദിക്കാറുണ്ട് "നീ എന്റെ ആരാണ് എന്ന്?"......
നീ എനിക്ക് ആരല്ലാമോ ആണന്ന ഒരുത്തരത്തിനായ് കാത്തിരിക്കാതെ വീണ്ടും സ്‌നേഹത്തിന്റെ മഴപെയ്യിച്ച് ഇറങ്ങുകയാണ്...അതില്‍ നനയാന്‍..നനഞ്ഞ് കുതിരാന്‍...നനഞ്ഞകവിളില്‍ ഒരു ചുടുചുംബനത്തിന്റെ ശോണിമ പടര്‍ത്തി പെയ്‌‌തൊഴിയുന്ന മഴനൂലുകള്‍ കൊണ്ട് പരസ്പരം ബന്ധിക്കാന്‍...

2008-01-10

..നിനക്കായ് മാത്രം...  

സ്‌നേഹസ്വരൂപയാം കൂട്ടുകാരീ....നിന്‍ കാല്‍ക്കല്‍ ഞങ്ങള്‍തന്‍ കണ്ണീര്‍ പ്രണാമം
കാലത്തിന്റെ അന്തമായ ഭ്രമണപഥത്തിലേക്ക്
ചുഴറ്റിയെറിഞ്ഞ നിന്റെ മാന്ത്രിക നയനങ്ങള്‍
അവയിലെ നക്ഷത്ര വെളിച്ചം എന്നും ഞങ്ങളുടെ
ശൂന്യാകാശങ്ങളിള്‍ നിറഞ്ഞൊഴുകും....

കാലം കൊളുത്തിയ തീക്കനല്‍ ജ്വാലയില്‍
വെന്തെരിഞ്ഞ ശലഭമേ, ഒരു നുള്ള്
ഭസ്‌മമായ് , ഓര്‍മ്മകള്‍ നെഞ്ചിലെ
കളിമണ്‍ കുടുക്കയില്‍ ചേര്‍ത്തുവച്ച് നിന്റെ
സ്‌മ്യതികവാടങ്ങളില്‍ ഞങ്ങള്‍ കാത്തുനില്‌‌ക്കാം......

യാത്രയാക്കുന്നു സഖീ നിന്നെ ഞങ്ങള്‍
മൗനത്തിന്റെ നേര്‍ത്ത പട്ടുനൂല്‍
പൊട്ടിചിതറും പദങ്ങളാല്‍......