Search this blog


Home About Me Contact
2008-06-27

സ്വന്തം വന്ധ്യത  

കാറ്റ്‌ ആഞ്ഞടിക്കുന്നു…
കെട്ടുപോയ എന്നിലെ കൈത്തിരി നാളം ഉണരുന്നു…
ഞാന്‍ ആളിപ്പടരുന്നു…
മുടികരിഞ്ഞ മണം,
അസ്ഥിയുടെ പൊട്ടലുകള്‍, ചീറ്റലുകള്‍,
ഉരുകുന്ന മാംസം,
ചിരിക്കുന്ന തലയോട്ടി,
ഞാന്‍ ചിരിക്കുന്നു…
സ്വന്തം വന്ധ്യത
മൂടി വെയ്ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി
ഞാന്‍ ചിരിക്കുന്നു…
ഭ്രാന്തമായി…

  • 1985
- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

2008-06-26

പൈതൊഴിയുന്ന മഴനൂലുകള്‍  

രാത്രിക്കു കോടമഞ്ഞിന്റെ തണുപ്പായിരുന്നു
വെളിയില്‍ പൈതൊഴിയുന്ന മഴനൂലുകള്‍
നിദ്രാവിഹീനങ്ങളാകുന്നു എന്റെ രാത്രികള്‍
നിന്നെകുറിച്ചുള്ള ഓര്‍മ്മകള്‍, ആധികള്‍

പുതിയ മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു മാനത്ത്
മഴനൂലുകളായ് വീണ്ടും പൈതൊഴിയാന്‍
തുലാവര്‍ഷവും ഇടവപ്പാതിയും മാറി മാറി
പൈതൊഴിയുന്ന രാത്രികള്‍ പകലുകള്‍

ഞാന്‍ ഉണരുമ്പോള്‍ ഇന്നു നീ ഉറങ്ങുന്നു
നീ ഉണര്‍ന്നെഴുന്നേല്‍ക്കേ‍ ഞാന്‍ ഉറങ്ങും
ഒന്നും ഒരിക്കലും അവസാനിക്കുന്നില്ല
ഒന്നിന്റെ അവസാനം മറ്റൊന്നിന്റെ തുടക്കം

ഇനി എത്ര കാക്കണം ഞാന്‍ നിന്‍ പുഞ്ചിരി
ഒന്നു കാണാന്‍, തിര ഒടുങ്ങും നിന്‍ ഹ്യത്തിന്റെ
സംഗീതം കേട്ടെനിക്കൊന്നുറങ്ങാന്‍, എത്ര
മഴ ഞാന്‍ നനയണം ഒന്നു ശാന്തമാകാന്‍

2008-06-24

പുതിയ ആകാശം പുതിയ ഭൂമി  

നിഴലില്ലാത്തവന്റെ നിറമില്ലാത്ത രൂപം
ശബ്‌ദമില്ലാത്തവന്റെ നിലവിളി
ഒഴിവാക്കപ്പെടുന്ന അനാഥന്റെ വേദന
നഷ്‌ടങ്ങളറിയാതെ നഷ്‌ടപ്പെടുന്ന ബന്‌ധം

പുതിയ ആകാശം പുതിയ ഭൂമി
പുതിയ സ്വപ്‌നങ്ങള്‍ പുതിയ ലോകം
കാണാന്‍ കൊതിച്ചു നിന്നെ കണ്ടില്ല
കേള്‍ക്കാന്‍ കൊതിച്ചു നിന്നെ കേട്ടില്ല
ആദ്യം അന്‌ധന്‍ പിന്നെ ബധിരന്‍
ഇപ്പോള്‍ മൂകനും, എല്ലാം നിശ്‌ചലം

തണുത്ത കൈകള്‍ മരവിച്ച വാക്കുകള്‍
അസ്‌ഥികളില്‍ പൊട്ടലുകള്‍ ചീറ്റലുകള്‍
തിര ഒടുങ്ങാത്ത മനസ്സ്, നഷ്‌ടസ്വപ്‌നങ്ങള്‍
പുകഞ്ഞുതീരുന്ന യാത്രയുടെ അന്ത്യം
കാണാമീ കരിന്തിരി വെളിച്ചത്തിലെല്ലാം
തിരികയെത്തുമന്ന വ്യാമോഹമുടക്കട്ടെ

2008-06-16

മേധാക്ഷയം  

ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം
പേര്‍ത്തുമതാരോ പറഞ്ഞു കേട്ടിന്നു നീ
ഓര്‍ത്തുഴറുന്നുവോ സംശയത്താല്‍,
പെട്ടന്നു നാവില്‍ വരാത്തൊരു നാമമായ്
മൊട്ടിട്ടു നിന്നിലും രോഗമന്നായ്
സംശയം നന്ന് , നീയിന്നറിയുന്നതും
നന്നുതാന്‍ സത്യം, വിനാവിളംബം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം

ഇല്ല നിന്‍ മേധക്കു രോഗ, മെന്നാകിലോ
വല്ലാതെ ബാധിച്ചു മാനസത്തെ
എന്നെ മറന്നു നീ, നിന്‍പാദമാദ്യമായ്
നന്നായ് പതിഞ്ഞൊരാപ്പൂഴിമുറ്റം
നേരേനടക്കുവാന്‍ കുഞ്ഞേ നിനക്കെന്നു
നേരോടെ നീണ്ടവിരല്‍തുമ്പുകള്‍
പാടലവര്‍ണ്ണമാം നിന്‍ മുഖമന്‍പിനാല്‍
പൂപോല്‍ത്തുടച്ച പുടവയറ്റം
കാണാന്‍ കൊതിച്ചുനീപോകും വഴികളില്‍
നോവാര്‍ന്നു പിന്‍‌വന്നൊരാര്‍ദ്രനോട്ടം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"


എന്തേ മറന്നു നിനക്കായ് നിരന്തരം
സ്‌പന്ദിക്കുന്ന ഹ്യത്തിന്റെ ശോകം
കുഞ്ഞേനീയൊരിക്കല്‍ വന്നെങ്കിലെന്നൊരു
നെഞ്ഞകം നൊന്ത വിലാപ ഗീതം
"ഒന്നിനി നിന്നെ ഞാന്‍ കാണുമോ" യെന്നിരുള്‍
തിന്നു തീര്‍ക്കും നെടുവീര്‍പ്പിനൊപ്പം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം


ഇന്നു നീ കൂട്ടികിഴിക്കലിലാണതി
ന്നെന്നും നിനക്കു തിടുക്കമേറെ
ഒട്ടല്ലനിക്കിനിക്കീഴടക്കാനുള്ള
പട്ടങ്ങളന്നു നിന്‍ കൂര്‍മ്മബുദ്ധി
വെട്ടാം നിരത്താം കീഴടക്കാം
ലോകമെത്രക്കു വേഗമാംമത്രവേഗം
തട്ടിത്തെറിപ്പിച്ചൂ പോന്നകല്‍ച്ചീളുകള്‍
തട്ടിപ്പരിക്കേറ്റു വീണതാരോ
ജന്മദാദാക്കളോ സോദരരോ കളി-
ച്ചങ്ങാതിമാരോ പ്രിയരവര്‍‍‌വേറയോ
ആരുമാകട്ടെ തിരിഞ്ഞൊന്നുനോക്കുവാന്‍
നേരമില്ലാതെ നീ പാഞ്ഞിടുമ്പോള്‍
ഇല്ല, പഴുതു ചികില്‍സിക്കുവാ, നകം-
പൊള്ളയാമീ പുറന്തോടുമായി
നീ യശ്വമേധം തുടരുകയേറിടും
നിന്‍ ജയശ്യംഗങ്ങളേറെയെന്നാല്‍
നാളയതിന്നും മുകളിലായ് ഭാവിതന്‍
ജേതാക്കള്‍ വെന്നിക്കൊടി നാട്ടവേ
നീയും മറവിയിലാഴുന്നൊരിന്നലെ
യാകുമവര്‍ക്കൊരു പാഴ്‌ക്കിനാവായ്

ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം
ഒന്നു യാചിക്കുക ദേവകളോടു നീ-
യന്നുനിനക്കു വരം നല്‍കുവാന്‍
കേവലം സം‌മ്പൂര്‍ണ്ണ മേധാക്ഷയം, നിന
ക്കേകുവാന്‍ മുക്തി, സ്വത്വത്തില്‍ നിന്നും

സുരേഷ് കാഞ്ഞിരക്കാട്ട് സംഗീതം പകര്‍ന്ന ഈ കവിത അദ്ദേഹത്തിന്‍റെ മധുര ശബ്ദത്തില്‍ ഇവിടെ നിന്നും കേള്‍ക്കാം.

പ്ലെയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

കടപ്പാട് (വരികള്‍) : മഞ്ചു പ്രദീപ്

2008-06-02

സമാന്തരങ്ങള്‍  

റയില്‍ പാതപോലെ സമാന്തരമാണ് നമ്മള്‍
വ്യത്യസ്‌തമായ ചിന്തകളുള്ളവര്‍
അറിയാതെ പറയാതെ അടുത്തിട്ട്
അറിഞ്ഞുകൊണ്ട് അകലാത്തവര്‍

ഇന്ന് ചൂളംകുത്തിപായുന്ന തീവണ്ടിയില്‍
ഒരു വലിയ ലോകത്തേക്കുള്ള സ്വപ്‌നങ്ങളില്‍
അടഞ്ഞകണ്ണുകളില്‍ ബോധമനസ്സുമായ്
നീ ഉറങ്ങുന്നു..അശാന്തനായ് അമോഘനായ്

ഉറക്കത്തിലും നെഞ്ചോടടുക്കിപിടിച്ചിരിക്കുന്ന
കടലാസുകളില്‍ തൂങ്ങുന്ന നിന്റെ ജീവിതം
തീവണ്ടിയുടെ കുലുക്കവും ചൂളം‌വിളിയും
നിന്റെ നിദ്രയെ ഭഗം വരുത്താതിരിക്കട്ടെ

ഇവിടെ ഞാന്‍ തനിച്ചാണ്, കൂട്ടിന് നിന്റെ ഓര്‍മ്മകള്‍
ഏകാന്തത എന്നെ ശ്വാസംമുട്ടിക്കുന്നു
ഇനി ഞാന്‍ ഉറങ്ങട്ടെ നിന്നെ സ്വപ്‌നംകണ്ട്
ആശ്വാസത്തിന്റെ ഒരു പ്രഭാതം
വിദൂരമല്ലാതെ ഞാന്‍ കാണുന്നു
നിന്റെ സ്വപ്‌നങ്ങളുടെ കത്തുന്ന ഒരു നയ്യ്‌തിരി

2008-06-01

എന്റെ ചക്കരക്ക്  

ഇന്ന് രാത്രിക്ക് നല്ല തണുപ്പാണ്
നിലാവിള്ള രാത്രികളില്‍
ജനാലകടന്ന് നിന്നെ തഴുകുന്ന കാറ്റ്
അതിനോടു ഞാന്‍ പറഞ്ഞുവിടും
"നിന്നെ ഞാന്‍ ജീവനേക്കാള്‍ സ്‌നേഹിക്കുന്നുവന്ന് "
എന്തിനന്നനിക്കറിയില്ല
നീ ആരാണന്ന് ഞാന്‍ അറിയുന്നില്ല
നിന്നെ എന്നങ്കിലും കാണുമ്പോള്‍ നിന്നെ കെട്ടിപ്പിടിച്ച്
കവിളില്‍ ചക്കര ഉമ്മ തന്നുകൊണ്ട്
നിന്നോടെനിക്കോതണം
"നിന്നെ ഞാന്‍ ജീവനെക്കാള്‍ സ്‌നേഹിക്കുന്നുവന്ന് "