മേധാക്ഷയം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം
പേര്‍ത്തുമതാരോ പറഞ്ഞു കേട്ടിന്നു നീ
ഓര്‍ത്തുഴറുന്നുവോ സംശയത്താല്‍,
പെട്ടന്നു നാവില്‍ വരാത്തൊരു നാമമായ്
മൊട്ടിട്ടു നിന്നിലും രോഗമന്നായ്
സംശയം നന്ന് , നീയിന്നറിയുന്നതും
നന്നുതാന്‍ സത്യം, വിനാവിളംബം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം
ഇല്ല നിന്‍ മേധക്കു രോഗ, മെന്നാകിലോ
വല്ലാതെ ബാധിച്ചു മാനസത്തെ
എന്നെ മറന്നു നീ, നിന്‍പാദമാദ്യമായ്
നന്നായ് പതിഞ്ഞൊരാപ്പൂഴിമുറ്റം
നേരേനടക്കുവാന്‍ കുഞ്ഞേ നിനക്കെന്നു
നേരോടെ നീണ്ടവിരല്‍തുമ്പുകള്‍
പാടലവര്‍ണ്ണമാം നിന്‍ മുഖമന്‍പിനാല്‍
പൂപോല്‍ത്തുടച്ച പുടവയറ്റം
കാണാന്‍ കൊതിച്ചുനീപോകും വഴികളില്‍
നോവാര്‍ന്നു പിന്‍വന്നൊരാര്‍ദ്രനോട്ടം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
എന്തേ മറന്നു നിനക്കായ് നിരന്തരം
സ്‌പന്ദിക്കുന്ന ഹ്യത്തിന്റെ ശോകം
കുഞ്ഞേനീയൊരിക്കല്‍ വന്നെങ്കിലെന്നൊരു
നെഞ്ഞകം നൊന്ത വിലാപ ഗീതം
"ഒന്നിനി നിന്നെ ഞാന്‍ കാണുമോ" യെന്നിരുള്‍
തിന്നു തീര്‍ക്കും നെടുവീര്‍പ്പിനൊപ്പം
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം
ഇന്നു നീ കൂട്ടികിഴിക്കലിലാണതി
ന്നെന്നും നിനക്കു തിടുക്കമേറെ
ഒട്ടല്ലനിക്കിനിക്കീഴടക്കാനുള്ള
പട്ടങ്ങളന്നു നിന്‍ കൂര്‍മ്മബുദ്ധി
വെട്ടാം നിരത്താം കീഴടക്കാം
ലോകമെത്രക്കു വേഗമാംമത്രവേഗം
തട്ടിത്തെറിപ്പിച്ചൂ പോന്നകല്‍ച്ചീളുകള്‍
തട്ടിപ്പരിക്കേറ്റു വീണതാരോ
ജന്മദാദാക്കളോ സോദരരോ കളി-
ച്ചങ്ങാതിമാരോ പ്രിയരവര്‍വേറയോ
ആരുമാകട്ടെ തിരിഞ്ഞൊന്നുനോക്കുവാന്‍
നേരമില്ലാതെ നീ പാഞ്ഞിടുമ്പോള്‍
ഇല്ല, പഴുതു ചികില്‍സിക്കുവാ, നകം-
പൊള്ളയാമീ പുറന്തോടുമായി
നീ യശ്വമേധം തുടരുകയേറിടും
നിന്‍ ജയശ്യംഗങ്ങളേറെയെന്നാല്‍
നാളയതിന്നും മുകളിലായ് ഭാവിതന്‍
ജേതാക്കള്‍ വെന്നിക്കൊടി നാട്ടവേ
നീയും മറവിയിലാഴുന്നൊരിന്നലെ
യാകുമവര്‍ക്കൊരു പാഴ്‌ക്കിനാവായ്
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം
ഒന്നു യാചിക്കുക ദേവകളോടു നീ-
യന്നുനിനക്കു വരം നല്‍കുവാന്‍
കേവലം സംമ്പൂര്‍ണ്ണ മേധാക്ഷയം, നിന
ക്കേകുവാന്‍ മുക്തി, സ്വത്വത്തില്‍ നിന്നും
സുരേഷ് കാഞ്ഞിരക്കാട്ട് സംഗീതം പകര്‍ന്ന ഈ കവിത അദ്ദേഹത്തിന്‍റെ മധുര ശബ്ദത്തില്‍ ഇവിടെ നിന്നും കേള്‍ക്കാം.
പ്ലെയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
കടപ്പാട് (വരികള്‍) : മഞ്ചു പ്രദീപ്
Monday, July 14, 2008 12:26:00 PM
ഓര്‍മ്മതന്‍ ചായങ്ങള്‍ മായ്‌ക്കുന്ന മസ്‌തിഷ്‌ക
രോഗമൊന്നുണ്ടുപോല്‍ "മേധാക്ഷയം"
ഹാ ദയനീയം! മറവിയിലാഴ്‌തിടും
ജീവിതമന്ന മഹാനിയോഗം
Monday, August 25, 2008 11:51:00 PM
പ്രശാന്ത്, നല്ല അർത്ഥവത്തായ വരികൾ .
തുടർന്നും ഇത്തരം കവിതകൾ പോരട്ടെ. :)
പോസ്റ്റിൽ ചില അക്ഷരതെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്.
സുരേഷ്, വാഹ്, വാഹ്!!! ചൊല്‍ക്കാഴ്ച നന്നായി ആസ്വദിച്ചൂ... :)
രണ്ടാൾക്കും സല്യൂട്ട്...:)