Search this blog


Home About Me Contact
2008-11-04

ആഗോളസാമ്പത്തികമാന്ദ്യവും ഐ.ടി പ്രഭഷണലിന്റെ കുമ്പസാരവും  

പ്രീയപ്പെട്ട ബാബൂ

ഞാന്‍ ഇങ്ങനെ ഒരു എഴുത്ത് എഴുതുമന്ന് നീ വിചാരിച്ചുകാണില്ല. ഞാന്‍ പോലും വിചാരിച്ചതല്ല. പക്ഷേ "ആഗോളമാന്ദ്യം" എന്ന സംഗതി എന്നെ മത്യഭാഷ പൊടിതട്ടിയെടുക്കാനും അത് പേപ്പറില്‍ എഴുതാനും പ്രേരിപ്പിച്ചു. ഒരു ഇമെയില്‍ ഐഡിപോലും ഇല്ലാത്തതിന്റെ പേരിന്‍ നിന്നെ ഞാന്‍ പണ്ട് ഒരുപാട് കളിയാക്കിയപ്പോള്‍ സര്‍ക്കാര്‍ ഓഫീസില്‍ ക്ലര്‍ക്കായ എനിക്ക് എന്തിനാടാ ഇമെയില്‍ ഐഡി എന്ന് നീ എന്നോട് ചോദിച്ചത് ഓര്‍മ്മയുള്ളതുകൊണ്ട് പ്രത്യേകിച്ചും.

ഇപ്പോഴും പോസ്റ്റുമാന്‍ എന്ന ജീവി നാട്ടിലൊക്കെ ഉണ്ടാകും എന്ന വിശ്വാസത്തോടയാണ് ഞാന്‍ ഈ എഴുത്ത് എഴുതുന്നത്.

ഈ എഴുത്ത് എഴുതാനുള്ള കാരണം എന്തന്നാല്‍ "ആഗോളസാമ്പത്തികമന്ദ്യം" എന്ന ഒരു സംഭവം ഈയിടെ ഇറങ്ങിയിട്ടുണ്ട്. അതിന്റെ പേരില്‍ ഐ.ടി കമ്പനികളും മറ്റും ആളുകളെ യാതൊരു ദാക്ഷണ്യവും കാണിക്കാതെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടുകൊണ്ടിരിക്കയാണ്. എന്റെ കമ്പനിയില്‍തന്നെ ഞങ്ങളുടെ ശമ്പളം പകുതി കുറച്ചു. ഉടനെ കുറെപേരയങ്കിലും പറഞ്ഞുവിടുമന്ന് കേള്‍ക്കുന്നു. അതുകൊണ്ട് ആരുടെയും കണ്ണില്‍‌പെടാതെ ഒളിച്ചും പാത്തുമാണ് ഓഫീസില്‍ ഇരിക്കുന്നത്. എങ്ങാനും കണ്ടാല്‍ "ങേ നീ ഇതുവരെ പോയില്ലേ?" എന്ന് ചോദിച്ച് പറഞ്ഞുവിട്ടാലോ എന്ന ഭയം എന്നെ വല്ലാതെ പിടികൂടിയിട്ടുണ്ട്. ഇന്നല്ലങ്കില്‍ നാളെ എന്റെ ജോലി തെറിക്കും.

എന്റെ പൂര്‍‌വ്വകാലപ്രവര്‍ത്തികളും വാക്കുകളും നിന്നെ വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ നീ എന്നോട് ക്ഷമിക്കണം. അത്തരം വേദനിപ്പിച്ച സംഗതികളില്‍ ചിലത് എന്റെ മനസ്സില്‍ തികട്ടിവരുന്നത് സൂചിപ്പിക്കാം. (ഭക്ഷണം കഴിക്കാത്തതുകൊണ്ട് വയറ്റില്‍നിന്നുള്ള തികട്ടിവരവ് ഇപ്പോഴില്ല.)

1. ഞാന്‍ ബി.ടെക് പഠിച്ചുകൊണ്ടിരുന്ന കാലത്ത് എനിക്ക് കാമ്പസ് റിക്രൂട്ട്മെന്റ്‌ നടക്കുമ്പോള്‍ ഞാന്‍ നിന്നോട് പറഞ്ഞവാക്കുകള്‍..."മിനിമം മുപ്പതിനായിരം രൂപ ശമ്പളം ഇല്ലങ്കില്‍ ഒരുത്തന്റെയും ജോലി എനിക്ക് വേണ്ട" എന്ന് ഞാന്‍ പറഞ്ഞ് അഹങ്കരിച്ചിരുന്നു. അന്ന് എനിക്ക് ജോലികിട്ടിയപ്പോള്‍ നീ പി.എസ്സ്. സി ടെസ്റ്റ് എഴുതി നടക്കുകയായിരുന്നു."സര്‍ക്കാര്‍ ജോലി ചെയ്യാന്‍ നാണമില്ലേ? എന്നൊക്കെ ചോദിച്ച് ഞാന്‍ നിന്നെ ഒരുപാട് കളിയാക്കിയിട്ടുണ്ട്...നീ അതൊക്കെ മറന്നുകാണുമന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അഥവാ ഇപ്പോള്‍ ഓര്‍ത്തങ്കില്‍ പെട്ടന്ന് മറക്കണം.

2. അന്ന് നാട്ടില്‍ വന്നപ്പോള്‍ നമ്മള്‍ ഒരുമിച്ച് അപ്പു അണ്ണന്റെ ഹോട്ടലില്‍ കയറി "പിസ്സയും ബര്‍ഗറും" ഇല്ല എന്ന കാരണത്താല്‍ ഞാന്‍ ഒന്നും കഴിച്ചില്ലങ്കിലും നീ പുട്ടും കടലയും കഴിച്ചു. ഒരു ചായ കുടിക്കാന്‍ നീ നിര്‍ബന്ധിച്ചങ്കിലും "പെപ്‌സിയോ കോക്കോ ഇല്ലാത്ത എന്ത് ഭക്ഷണം" എന്ന് പറഞ്ഞ് ഞാന്‍ നിന്റെ നിര്‍ബന്ധത്തെ അവഗണിച്ചു. അപ്പു അണ്ണനെയും ഈ സംഭവം വേദനിപ്പിച്ചുകാണും. ഇനി ഞാന്‍ നാട്ടില്‍ വരുമ്പോള്‍ അപ്പു അണ്ണനോട് ക്ഷമ ചോദിച്ചുകൊള്ളാം...പാവം നല്ലമനസ്സുള്ള ഇത്തരം മനുഷ്യരെ മറക്കരുതന്ന് ഇപ്പോഴാണ് മനസ്സിലായത്. പുട്ടിനും കടലക്കും ഇപ്പോഴും നല്ല ടേസ്റ്റായിരിക്കുമന്ന് പ്രതീക്ഷിക്കുന്നു.

3. ഒരു LIC പോളിസി ചേരാന്‍ നീ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ നിന്നെ അവഹേളിച്ചു. മോഡേണ്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഞാന്‍ 4-5 ഇന്‍ഷുറന്‍സുകള്‍ എടുത്തിട്ടുണ്ടന്നും "LIC പോലുള്ള പഴഞ്ചന്‍ കാര്യങ്ങളുമായ് നടക്കാന്‍ നാണമില്ലേ?" എന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു. അതൊക്കെ നീ പൊറുക്കണം. ഞാന്‍ ഇത്രനാളും അടച്ചകാശെല്ലാം ആ കമ്പനികള്‍ മുക്കി എന്നാണ് തോന്നുന്നത്. ഇനി അഥവാ ആ കമ്പനികള്‍ പൂട്ടിയില്ലങ്കിലും കാലാവധി കഴിയുമ്പോള്‍ (20 കൊല്ലം) അത് അടച്ച തുകയുടെ പകുതിപോലും കാണില്ല എന്നും കേള്‍ക്കുന്നുണ്ട്. അടക്കുന്നത് നിര്‍ത്തിയാല്‍ ഇതുവരെ അടച്ചതല്ലേ പോകൂ എന്നും പലരും അഭിപ്രായപ്പെട്ടു. അതുകൊണ്ട് എന്തുചെയ്യണമന്ന് തീരുമാനിച്ചിട്ടില്ല. ജോലി പോയാല്‍ പിന്നെ കണ്‍ഫ്യൂഷന്‍ ഇല്ലല്ലോ. അടവ് താനേ നിന്നോളും.

4. വിലക്കുറവിന് നാട്ടില്‍ കുറച്ച് സ്ഥലം കണ്ടപ്പോള്‍ അത് വാങ്ങി ഒരു വീടു വയ്ക്കാന്‍ നീ എന്നെ ഉപദേശിച്ചു. ഈ ഗ്രാമത്തില്‍ വന്ന് ആരങ്കിലും സ്ഥലം വാങ്ങി വീടുപണിയുമോ എന്ന് ചോദിച്ച് ഞാന്‍ നിന്നെ കളിയാക്കി. എന്നിട്ട് ഞാന്‍ ഒരു ഫ്ലാറ്റ് വാങ്ങി. അന്ന് പലിശ 7 ശതമാനമഅയിരുന്നത് 11.5 ശതമാനത്തോളമായങ്കിലും ഞാന്‍ ബുദ്ധിമുട്ടില്ലാതെ ഇന്‍സ്റ്റാള്‍മെന്റ് അടച്ചുപോന്നിരുന്നു. ഇപ്പോള്‍ ശമ്പളം കുറച്ചപ്പോള്‍ ലോണ്‍ അടക്കാന്‍ വലിയ ബുദ്ധിമുട്ടായി. അടച്ചില്ലങ്കില്‍ അവന്മാര്‍ ലോണ്‍ തരാന്‍ കാണിച്ച ശുഷ്‌കാന്തിയോടെതന്നെ പലിശകണക്കാലും മറ്റും ചെയ്യുമന്നാണ് അറിഞ്ഞത്. ഇനി ഇപ്പോള്‍ ജോലിപോയാല്‍ ഫ്ലാറ്റ് ബാങ്ക് എടുത്തോളും. പോയത് പോയി ഇനി പറഞ്ഞിട്ടെന്താ.....

5. നീ ഒരു ബൈക്ക് വാങ്ങാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കാര്‍ വാങ്ങിയ കാര്യം പറഞ്ഞ് അതിന്റെ ഫീച്ചേഴ്‌സ് വിവരിച്ച് നിന്നെ അവഗണിച്ചു. "കുറഞ്ഞപലിശക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണോ ലോണ്‍ എടുത്തത്?" എന്ന് ചോദിച്ചതിന് ഞാന്‍ നിന്നെ പരിഹസിച്ചു. "പിന്നാലെ നടന്ന് ലോണ്‍ തരാന്‍ ന്യൂജനറേഷന്‍ ബാങ്കുകള്‍ ഉളളപ്പോള്‍ ആരങ്കിലും പലിശകുറവുള്ളതിനായ് ബുദ്ധിമുട്ടുമോ?" എന്ന് ഞാന്‍ നിന്നോട് ചോദിച്ചിരുന്നു.ഇപ്പോള്‍ കാര്‍ ലോണിന്റെ മാസ അടവ് തീരാത്തതിനാല്‍ ഭയങ്കര ബുദ്ധിമുട്ടാണ്. കാര്‍ലോണ്‍ അടച്ചില്ലങ്കില്‍ കാര്‍ അവര്‍ കൊണ്ടുപോകുമായിരിക്കും. അപ്പോള്‍ ഇതുവരെ അടച്ചതില്‍ വല്ലതും ബാക്കി തന്നാല്‍ അതുകൊണ്ട് കുറച്ചുനാള്‍ തെണ്ടിതിരിഞ്ഞു ജീവിക്കാമായിരുന്നു.

മേല്‍ പ്രസ്താവിച്ച സംഗതികളില്‍ എനിക്ക് വല്ലാത്ത കുറ്റബോധമുണ്ട്. അതില്‍ ഏതങ്കിലും നിന്നെ വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ ക്ഷമിച്ചുകളയൂ. നീ അതൊന്നും കാര്യമാക്കിയിട്ടുണ്ടാവില്ല എന്ന് എനിക്കറിയാം. എന്നാലും..

പിന്നെ എന്റെ അനിയന്‍ MCA കഴിഞ്ഞ് കാമ്പസ് റിക്രൂട്ട്മന്റും കിട്ടി ചില സുഹ്യത്തുക്കളോടൊപ്പം ഇവിടെ എന്റെ ഫ്ലാറ്റില്‍ വന്ന് താമസിക്കുന്നുണ്ട്. ഈ ഒറ്റ എണ്ണത്തിനും അടുത്തെങ്ങും ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ലന്ന് ഏകദേശം തീരുമാനമായി. ഇവിടെ കിടന്ന് അര്‍മ്മാദികല് നിര്‍ത്തി നാട്ടില്‍ പോയി വല്ല പച്ചക്യഷിയോ മറ്റോ ചെയ്ത് ജീവിക്കാന്‍ അവറ്റകളെ ഒരുപാട് ഉപദേശിച്ചു. എനിക്ക് പണ്ട് പറ്റിയതരം ആര്‍ഭാടങ്ങളും അഹങ്കാരങ്ങളും നാട്ടില്‍ കാണിച്ച് നടന്നതിനാല്‍ ഒരണ്ണത്തിനും നാട്ടില്‍ പോകാന്‍ മനസ്സ്‌ വരുന്നില്ല. കുറച്ചുനാള്‍ പട്ടിണി കിടക്കുമ്പോള്‍ നാണക്കേടൊക്കെ മാറി അങ്ങു വന്നുകൊള്ളും.

ഇതൊക്കെ ഞാന്‍ പറഞ്ഞത് എന്തിനന്നാല്‍ നാട്ടില്‍ വന്നാല്‍ ജീവിച്ചുപോകാന്‍ പറ്റിയ വല്ലപണിയും നീ വിചാരിച്ചാല്‍ സംഘടിപ്പിച്ച് തരാന്‍ കഴിയുമന്ന് എനിക്ക് ഉറപ്പുണ്ട്. നീ നാട്ടില്‍ അത്യാവശ്യം സാമൂഹ്യപ്രവര്‍ത്തനവും പിടിപാടും ഉള്ള ആളാണന്നും എനിക്കറിയാം.

ജോലിയില്‍ പറ്റാവുന്നത്ര കാലം പിടിച്ചു നില്‍ക്കുകയും, അതുകഴിഞ്ഞിട്ട് പറ്റാവുന്നത്രകാലം ഉള്ള ആര്‍ഭാടത്തില്‍ ജീവിക്കുകയും ചെയ്തിട്ട് ഒരു പുതിയ മനിതനായ് ഞാന്‍ അങ്ങ് വരും...നീ എന്നെ നിരാശപ്പെടുത്തില്ല എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. നാട്ടില്‍ ഉള്ള ആ ചെറിയ വീടും സ്ഥലവും ഞാന്‍ വില്‍ക്കാന്‍ പോയപ്പോള്‍ നീ ഒരുപാട് എതിര്‍ത്തതുകൊണ്ടുമാത്രം ഞാന്‍ അന്ന് വിറ്റില്ല. എന്തായാലും അത് നന്നായി. കയറികിടക്കാന്‍ ഒരു ഇടമുണ്ടല്ലോ ഇപ്പോഴും

ഉടനെ നേരില്‍ കാണാം എന്ന പ്രതീക്ഷയോടെ

നിന്റെ കൂട്ടുകാരന്‍ കുട്ടപ്പന്‍ (പേര് ഭാഗ്യത്തിന് ഞാന്‍ മാറ്റിയിട്ടില്ല)

കടപ്പാട്: അക്ഞാതനായ എഴുത്തുകാരന്

2008-11-01

ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?  

എന്റെ ഏറ്റവും അടുത്ത സുഹ്യത്തുക്കളോട് വളരെ ലളിതമായ് ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് “ഈ ലോകത്ത് നീ ആരെയാണ് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് “? നിന്നയാണ് എന്ന ഉത്തരം പ്രതീക്ഷിച്ചുകൊണ്ടാണ് ചോദിക്കുന്നതന്ന് മനസ്സിലാക്കുന്നതുകൊണ്ടും, സ്പെസിഫിക്കായ ഒരു ഉത്തരം കിട്ടാത്തതുകൊണ്ടും അവര്‍ വിഷയം മാറ്റുകയാണ് പതിവ്. കേള്‍ക്കുമ്പോള്‍ ലളിതം എന്നു തോന്നാമങ്കിലും ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണത്.

ഞാന്‍ പലപ്പോഴും എന്റെ മനസ്സിനോടും ചോദിക്കും "ആരയാണ് നീ ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?". ഒരു ഞൊടിയിടക്കുള്ളില്‍ ഇപ്പോള്‍ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയ കുറെ മുഖങ്ങള്‍ പോലെ എന്റെ മനസ്സിലൂടെയും കടന്നുപോകും കുറെ മുഖങ്ങള്‍. പക്ഷേ ഒരിക്കലും ഒരുത്തരത്തില്‍ എത്താന്‍ കഴിയുന്നില്ല. അപ്പോള്‍ എന്റെ മനസ്സ് എന്നോട് തിരിച്ചുചോദിക്കും സ്നേഹത്തിന് അങ്ങനെ ഒന്നും രണ്ടും ഉണ്ടോ എന്ന്?

നിങ്ങള്‍ പറയു ആരെയാണ് നിങ്ങള്‍ ഈ ലോകത്ത് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത്?