Search this blog


Home About Me Contact
2011-12-15

ഇന്ത്യയിലെ ആദ്യത്തെ ഡോക്ടറൽ ബിരുദധാരിയായ ശാസ്ത്രകാരി  

എഴുത്തുകാരും കലാകാരന്മാരും സാഹിത്യ പ്രവർത്തകരും രാഷ്ട്രീയക്കാരും പൊതു സമൂഹത്തിൽ അറിയപ്പെടുമ്പോൾ ഒരുജന്മം മുഴുവൻ ശാസ്ത്രഗവേഷണത്തിലൂടെ മാനവജനതയുടെ ജീവിത നിലവാരം ഉയർത്താൻ കെമിക്കലുകളോടും കാഴ്സനോജനിക് മെറ്റീരിയലുകളോടും മല്ലിടുന്ന ശാസ്ത്രകാരന്മാരെ മുഖ്യധാരാ സമൂഹവും മാധ്യമങ്ങളും അറിപ്പെടാതെപോകുന്നു. അറിയിക്കാൻ അവർ ശ്രമിക്കാറുമില്ല. പൊതുസമൂഹത്തെ നമുക്ക് വിടാം. സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ള എത്രപേർക്ക് കേരളത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന 10 ശാസ്ത്രജ്ഞൻമാരുടെ പേരുകൾ പറയാൻ കഴിയും? ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ഒരു ഉദ്യോഗാർത്ഥിയോട് മന:പ്പൂർവ്വം ഞാൻ രണ്ട് ചോദ്യങ്ങൽ ചോദിച്ചു. ഒന്നാമത്തെ ചോദ്യം മലയാളത്തിലെ പ്രമുഖനായ ഒരുനായകന്റെ 10 സിനിമകളുടെ പേരും രണ്ടാമത്തെ ചോദ്യം കേരളത്തിലെ ജീവിച്ചിരിക്കുന്ന 10 ശാസ്ത്രക്ഞ്ജന്മാരുടെ പേരുകളുമായിരുന്നു. ആദ്യത്തെ ചോദ്യത്തിന് വളരെ ക്യത്യമായ് ഉത്തരം തന്ന ഉദ്യോഗാർത്ഥി രണ്ടാമത്തെ ചോദ്യത്തിന് തന്നത് വെറും അഞ്ച് പേരുകൾ മാത്രം. നമുക്ക് ഇന്നും ആകെ അറിയുന്ന ജീവിച്ചിരിക്കുന്ന ഒരു ശാസ്ത്രജ്ഞൻ എ.പി.ജെ അബ്ദുൾ കലാം മാത്രമാണ്. അതും അദ്ദേഹം ഇന്ത്യൻ പ്രസിഡന്റായതുകൊണ്ടുമാത്രം. അത്രയേയുള്ളൂ നമ്മുടെ ശാസ്ത്രജ്ഞാനം. ഇ.കെ.ജാനകി അമ്മാള്‍ എന്ന പേര് കേരളത്തിലെ ശാസ്ത്ര സമൂഹത്തിനുപോലും അത്ര പരിചയമുണ്ടന്ന് എനിക്ക് തോന്നുന്നില്ല. വിദേശ രാജ്യങ്ങളിൽ പോലും ഇന്നും ക്യഷിചെയ്യുന്ന കരിമ്പിനങ്ങളായ സക്കാറം സീ (Saccharum x Zea), സക്കാറം എറിയാന്തസ് (Saccharum x Erianthus), സക്കാറം ഇംപെറാറ്റ് (Saccharum x Imperata), സക്കാറം സോര്‍ഘം (Saccharum x Sorghum) തുടങ്ങിയവ പലരും കേട്ടിട്ടുണ്ടങ്കിലും അതു വികസിപ്പിച്ചെടുത്ത പ്രതിഭയെകുറിച്ച് അധികം ആർക്കും അറിവില്ല എന്നതാണ് സത്യം. ഒരിക്കൽ ബോട്ടണിയിൽ എം.എസിയും ബി.എഡും ഉള്ള ഒരു കോളജ് അധ്യാപികയോട് ജാനകി അമ്മാളിനെ അറിയുമോ എന്നു ചോദിച്ചപ്പോൾ കിട്ടിയത് അവർ സംഗീതക്ഞയല്ലേ എന്ന വളരെ രസകരമായ മറുപടിയായിരുന്നു.

ഇന്ത്യയുടെ ചരിത്രത്തിൽ ശാസ്ത്രവിഷത്തിൽ ഡോക്ട്രറേറ്റ് നേടിയ ആദ്യവനിതയന്ന ഇനി ഒരിക്കലും ആരാലും തകർക്കപ്പെടാൻ കഴിയാത്ത ചരിത്രം തങ്കലിപികളിൽ എഴുതി ചേർക്കപ്പെട്ട ഇ.കെ ജാനകി അമ്മാളിനെ കേരളം പോലും ഓർക്കാതെ പോകുന്നത് ദയനീയമാണ്. ശാസ്ത്രരംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകി മൺമറഞ്ഞുപോയ -നൽകികൊണ്ടിരിക്കുന്ന- ധാരളം ഇന്ത്യൻ വനിതകൾ ഉണ്ടന്നിരിക്കിലും ഉന്നത കുലജാതകളായ സ്ത്രീകളെപോലും വിദ്യാഭ്യാസം ചെയ്യിക്കുവാനോ ജോലിക്കു വിടുവാനോ തയ്യാറാകാതിരുന്ന തികച്ചും അപരിഷ്ക്യതമായ ഒരു സമൂഹിക ചുറ്റുപാടിൽ യാഥാസ്ഥിതികരായ ഒരു ജനസമൂഹത്തെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് പുരുഷാധിപത്യം മാത്രം നിലനിന്ന ഒരു സമൂഹത്തിലേക്കാണ് ജാനകി അമ്മാൾ ശാസ്ത്ര ഗവേഷണങ്ങളുമായ് സധൈര്യം കടന്നു വന്നത്.

1987-ൽ തലശ്ശേരിയില്‍ സബ് ജഡ്ജിയായിരുന്ന ദിവാന്‍ ബഹാദൂര്‍ ഇ.കെ.കൃഷ്ണന്റെയും ദേവി അമ്മയുടെയും മകളായി ജനിച്ച ജാനകി അമ്മാള്‍ തലശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം സ്വന്തം ഇഷ്ടപ്രകാരം, സാമൂഹികവും സാമുദായികവുമായ എല്ലാ വെല്ലുവിളികളേയും സ്വയം ഏറ്റെടുത്തുകൊണ്ട് ബിരുദപഠനത്തിനായി മദ്രാസിലേക്ക് വണ്ടികയറി. 1921 പ്രസിഡന്‍സി കോളേജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ഹോണേഴ്‌സ് ബിരുദം നേടിയശേഷം മദ്രാസ് വിമന്‍സ് കൃസ്ത്യന്‍കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. ചുരുങ്ങിയകാലത്തെ അധ്യാപനവ്യത്തിക്കുശേഷം ജാനകി അമ്മാൾ 1921-ല്‍ മിഷിഗണ്‍ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പോടുകൂടി ബിരുദാനന്തര ബിരുദം നേടുന്നതിനായ് അമേരിക്കയിലേക്ക് പോയി. തിരിച്ച് കൃസ്ത്യന്‍കോളേജിലെത്തിയെങ്കിലും മിഷിഗണ്‍ സര്‍വകലാശാലയുടെ ആദ്യ ബാര്‍ബോര്‍ സ്‌കോളര്‍ഷിപ്പിനായ് തിരഞ്ഞെടുക്കപ്പെട്ട അവർ വീണ്ടും അമേരിക്കയിലേക്ക് തിരികെപോയി. 1931-ല്‍ അവർ സസ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയപ്പോൾ ശാസ്ത്രവിഷയത്തില്‍ ഒരു ഇന്ത്യന്‍വനിത നേടുന്ന ആദ്യ ഗവേഷണ ബിരുദമായി അത്.

ഉന്നതനിലയിൽ ഗവേഷണം പൂർത്തിയാക്കിയ ജാനകി അമ്മാളെ തേടി ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ധാരാളം ഓഫാറുകൾ വന്നങ്കിലും ഇന്ത്യയെ തന്നെ തന്റെ കർമ്മ മണ്ഡലമായ് അവർ തിരഞ്ഞെടുത്തു.തിരുവനന്തപുരം മഹാരാജാസ് കേളേജ് ഓഫ് സയന്‍സില്‍ സസ്യശാസ്ത്ര പ്രൊഫസറായി രണ്ടുവര്‍ഷം സേവനം അനുഷ്ഠിച്ചശേഷം കോയമ്പത്തൂര്‍ ഷുഗര്‍കേന്‍ ബ്രീഡിങ് ഇന്‍സ്റ്റിറ്റിയൂട്ടിൽ ശാസ്ത്രജ്ഞയായ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോഴും അന്താരാഷ്ട്ര ശാസ്ത്രസമൂഹം ജാനകി അമ്മാളിന്റെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 1940 ല്‍ ലണ്ടനിലെ പ്രശസ്തമായ ജോണ്‍ ഇന്‍സ് ഹോട്ടികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആ ഗവേഷകയെ അവിടേക്ക് ക്ഷണിച്ചു. അവിടെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ സസ്യശാസ്ത്രജ്ഞന്‍ സി.ഡി.ഹാമില്‍ട്ടനുമായി ചേര്‍ന്നെഴുതിയ 'ദ ക്രോമസോം അറ്റ്‌ലസ് ഓഫ് കള്‍ട്ടിവേറ്റഡ് പ്ലാന്റ്‌സ് ' എന്ന ഗ്രന്ഥം ഇന്നും സസ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗദര്‍ശിയാണ്. സ്വാതന്ത്യാനന്തരം അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിന്റെ പ്രത്യേക ക്ഷണപ്രകാരം അവർ ഇന്ത്യയിലേക്ക് വീണ്ടും മടങ്ങിവന്നു. 1956 ല്‍ മിഷിഗണ്‍ സര്‍വകലാശാല ഹോണററി ഡോക്ടറേറ്റും 1957 ല്‍ ഇന്ത്യ പദ്മശ്രീയും നല്‍കി ആദരിച്ച ജാനകിഅമ്മാള്‍ സസ്യശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. 1970-ല്‍ മദ്രാസ് സര്‍വകലാശാലയിൽ എമിററ്റസ് സയന്റിസ്റ്റായി നിയമിച്ചതോടെ ജാനകി അമ്മാള്‍ കര്‍മമണ്ഡലം വീണ്ടും മദ്രാസിലേക്ക് മാറ്റി. അവിവാഹിതയായിരുന്ന ജാനകി അമ്മാള്‍ 1984 ല്‍ മരിക്കുന്നതുവരെ പഠനഗവേഷണങ്ങളുമായി മദ്രാസില്‍ കഴിഞ്ഞു. പ്രാക്തനമായ ഒരു കാലഘട്ടത്തിന്റെ പരിമിതികളെ ഭേദിച്ച് അനസ്യൂതം തന്റെ കര്‍മപഥത്തില്‍ മുന്നേറിയ അവർ തന്റെ നേട്ടങ്ങളെ സ്വന്തം സുഖസൗകര്യങ്ങള്‍ക്ക് ഉപയോഗിക്കാതെ തികച്ചും ലളിതമായ ജീവിതം നയിച്ച് ശാസ്ത്രഗവേഷണത്തിനായ് തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. കേരളത്തിൽ അധികം ആരും അറിയപ്പെടാതെ പോയ അപൂർവ്വമായ ആ പ്രതിഭയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
.

2011-11-27

മുല്ലപ്പെരിയാർ പൊട്ടുമന്ന് കേരളത്തിനങ്കിലും ഉറപ്പുണ്ടോ?  

കുറേ കാലങ്ങളായി മലയാളിയുടെ ഉറക്കം കെടുത്തുന്നു എന്ന് കൊട്ടി(ആ)ഘോഷിക്കപ്പെടുന്ന ഒരു വലിയ ദുരന്തം. ഒരു മുഖവുരയുടേയോ വിശദീകരണത്തിന്റെയോ ആവശ്യമില്ല മുല്ലപെരിയാർ അണകെട്ടുതന്നെ. ഏതുസമയവും പൊട്ടി ഒഴുകി കേരളത്തിലെ മുപ്പത്തഞ്ച് ലക്ഷത്തില്പരം ജനങ്ങളേയും അഞ്ചു ഡിസ്റ്റിക്കുകളേയും നിമിഷങ്ങൾകൊണ്ട് അറബികടലിലെത്തിക്കുമന്ന് ചർച്ചകൾക്കുമേലെ ചർച്ച ചെയ്യപ്പെടുന്ന മുല്ലപെരിയാർ ജലബോംബ്. അങ്ങനെ സംഭവിച്ചാൽ ലോകെത്തെവിടെയും നടന്നതിൽ വച്ച് ഏറ്റവും വലിയ അണക്കെട്ടു ദുരന്തം, അതിലുപരി മുൻകൂട്ടിയറിഞ്ഞിട്ടും ഇന്ത്യയിലെ പരമോന്നത നീതിന്യായ വ്യവസ്ഥയുടെ ചുവപ്പുനാടകളിൽ കുരുക്കിയിട്ട് പിടിപ്പില്ലാത്ത ഭരണകൂടങ്ങളുടെ അനാസ്ഥയാൽ വിളിച്ചുവരുത്തിയ ചരിത്രത്തിലെ ഏറ്റവും മലിയ മഹാദുരന്തം. ഇന്നോ നാളയോ ഡാമിലെ ജലനിരപ്പ് പെട്ടന്ന് ഒന്നുയർന്നാൽ, പൊട്ടിയൊലിക്കുന്ന വിള്ളലുകളിലൊന്ന് വലുതായാൽ ഇടുക്കി ഒന്നു നന്നായ് കുലുങ്ങിയാൽ മുല്ലപെരിയാർ തകർന്ന് സംഹാര താണ്ഡവമാടുമെന്നു മാസമാസം ഉണ്ടാകുന്ന ഉൾവിളിയിൽ ഉറപ്പിച്ചു പറയുമ്പോൾ ഈ ഡാം പൊട്ടുമെന്നതിൽ മലയാളിക്ക് എന്തങ്കിലും ഉറപ്പുണ്ടോ ആശങ്കയുണ്ടോ? അണകെട്ടി നിര്‍ത്തിയിരിക്കുന്ന മഹാദുരന്തത്തിന്റെ ചുവട്ടില്‍ ജീവിതത്തിന്‍റെ അടുപ്പു കൂട്ടിയിരിക്കുന്നവർക്കുപോലും ഈ പറയുന്ന ആശങ്കയില്ലന്നതല്ലേ സത്യം? ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്നു വിളിച്ചുകൂവുമ്പോഴും പൊട്ടില്ല എന്ന് ഉറപ്പുള്ളതുപോലെയാണ് ഓരോ മലയാളിയുടെയും പെരുമാറ്റം. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് മറൈൻ ഡ്രൈവിൽ കണ്ടതും. സോഷ്യൽ മീഡിയയും നാട്ടുകാരും സാമൂഹികപ്രവർത്തകർ മുതൽ സമൂഹത്തിന്റെ എല്ലാതുറയിലുമുള്ള പ്രശസ്തരുൾപ്പെടെ അണിനിരന്നിട്ടും വിരലിലെണ്ണാവുന്നവരെ മാത്രമേ മെഴുകുതിരി കത്തിക്കാനും പ്ലക്കാർഡുയർത്താനും തൊണ്ടപൊട്ടി വിളിക്കാനും മറൈൻ ഡ്രൈവിലെത്തിയുള്ളൂ എന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്.


വെറുതേ തമിഴ്നാടിനെ കുറ്റം പറഞ്ഞു നമ്മളും നമ്മുടെ ഭരണകൂടവും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇപ്പോൾ പൊട്ടും എന്നു പറയുന്ന ഡാമിന്റെ ചുവട്ടിൽ താമസിക്കുന്ന ഒരാളിനെപോലും സുരക്ഷിത മേഖലകളിലേക്ക് മാറ്റി പാർപ്പിക്കാൻ ഗവണ്മന്റിന്റെ ഭാഗത്തുനിന്ന് യാതൊരു വിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതെഴുതുമ്പോൾ ഇന്നലെ പെയത പേമാരിയിൽ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിൽ നിന്നും 135.8 അടിയായി ഉയർന്നിട്ടുണ്ട്. ഡാമിന്റെ പരമാവധി ജലനിരപ്പായ 136 അടി എത്തിയാൽ ഡാമിലെ വെള്ളം സ്പിൽവേ വഴി ഇടുക്കി ഡാമിലേക്ക് ഒഴുകി തുടങ്ങും. ലോകത്ത് അഗ്നിപർവ്വത പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ അധിവസിക്കുന്നുണ്ട്. അഗ്നിപർവ്വതം അപകടാവസ്ഥയിൽ പുകഞ്ഞു തുടങ്ങിയാൽ ഇടൻ തന്നെ പ്രദേശ വാസികൾ അവിടം വിട്ടുപോകും. അല്ലങ്കിൽ ഭരണകൂടം ബലമായി അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മറ്റും. എന്നാൽ മുല്ലപ്പെരിയാറിന്റെ അടിയിൽ താമസിക്കുന്ന ഒരാൾ പോലും ഒഴിഞ്ഞുപോകുകയോ ആരയും ഒഴുപ്പിക്കുകയോ ചെയ്തിട്ടില്ല എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. തമിഴ്നാട് വാദിക്കുമ്പോലെ അണക്കെട്ടിന് യാതൊരു ബലഹീനതയും സംഭവിച്ചിട്ടില്ല എന്ന കേരളീയരുടെ ആത്മവിശ്വാസം തന്നെ അല്ലേ ഇതിന്റെ കാരണം. അല്ലങ്കിൽ ഇപ്പോൾ പൊട്ടും എന്നു വിളിച്ചു പറഞ്ഞ് തമിഴ് മക്കളെ തെറിപറയുമ്പോഴും പൊട്ടില്ല എന്ന മലയാലിയുടെ ആത്മവിശ്വാസം. ഇത്രയും എഴുതികഴിഞ്ഞപ്പോഴേക്കും അണക്കെട്ടിലെ വെള്ളം അടിക്കടി ഉയർന്ന് 136 അടിയിലെത്തി സ്പിൽവേയിലൂടെ ഇടുക്കിയിലേക്ക് നീരൊഴുക്കു തുടങ്ങി.

ശീതീകരിച്ച മുറികളിലിരുന്ന് ഫെയ്സ് ബുക്ക് ട്വിറ്റർ തുടങ്ങിയ വിവര സാങ്കേതികവിദ്യയുടെ ചുവരുകളിൽ സേവ് മുല്ലപെരിയാർ എന്ന് മലയാളി എഴുതി കളിക്കുമ്പോൾ ആർക്കാണ് മുല്ലപെരിയാർ സംരക്ഷിക്കണമന്ന് ആത്മാർത്ഥമായ ആഗ്രഹമുള്ളത്. അത് തമിഴ്നാട്ടുകാർക്കുമാത്രമാണ്. അത് സംരക്ഷിക്കപ്പെട്ടില്ലങ്കിൽ പട്ടിണിയിലാവുന്നത് വൈഗാ നദിയിലൂടെ വെള്ളം ഒഴിക്കി കൊണ്ടുപോയി ജലസേചനം നടത്തുന്ന മധുര തേനി കമ്പം തുടങ്ങിയ ജില്ലകളിലെ കർഷകരും അവരുടെ നിലങ്ങളിൽ വിളയുന്ന കാർഷിക വിളകൾകൊണ്ട് മ്യഷ്ടാന്ന ഭോജനം നടത്തുന്ന കേരള മക്കളുമാണ്. മുല്ലപെരിയാർ പൊട്ടരുതന്ന് ആത്മാർത്ഥമായ് ആഗ്രഹിക്കുന്നത് തീർച്ചയായും തമിഴ് നാട്ടുകാർതന്നയാണ്. ഒരു ഭൂകമ്പമോ പേമാരിയോ അണക്കെട്ടിന്റെ അടിത്തറ ഇളക്കിയാൽ, തരുശുനിലമായ് പൊയ്പോയേക്കാവുന്ന വിളനിലങ്ങൾ അതിനെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷോപലക്ഷം ജനങ്ങൾ, ഇതൊക്കെ പുതിയൊരു അണക്കെട്ടു നിർമ്മിക്കുന്നതിനേക്കാൾ ബാധ്യത തഴ്നാടിന് ഉണ്ടാക്കും. 142 അടി വെള്ളം വേണമെന്നു പറഞ്ഞു കോടതികയറിയ തമിഴ്നാട് എന്നും 134 അടിയില്‍ കൂടുതല്‍ ജലം ഉയരാന്‍ അവസരം കൊടുക്കാത്തതിന്റെ കാരണം നമ്മൾ ഇവിടെ കൂട്ടിവായിക്കേണ്ടിയിരിക്കുന്നു.

എല്ലാവരും പുതിയ ഡാം പണിയുന്നതിനെ കുറിച്ചു സംസാരിക്കുകയും ബഹളം വക്കുകയും ചെയ്യുമ്പോൾ നമ്മൾ മന:പ്പൂർവ്വം തമസ്കരിക്കുന്ന ഒരു പ്രധാന കാര്യമുണ്ട്. പുതിയ ഒരു ഡാം പണിയാൻ കുറഞ്ഞത് അഞ്ചു വർഷങ്ങളെങ്കിലുമെടുക്കും. ഇത്ര ദുർ:ബലമന്ന് മുറവിളികൂട്ടുന്ന ഡാം പുതിയ അണകെട്ട് പണിയും വരെ സുരക്ഷിതമായ് പൊട്ടാതെ നിൽക്കും എന്നാണോ അതുകൊണ്ട് അർത്ഥമാക്കുന്നത്? അതായത് മുല്ലപ്പെരിയാറിനെ കുറിച്ച് വികാരാധീനതയോട് സംസാരിക്കുന്നവർക്കും പ്രംസംഗിക്കുന്നവർക്കും മെഴുകുതിരി കത്തിക്കാൻ ഒത്തുകൂടുന്നവർക്കുപോലും ഡാം അടുത്തകാലത്തെങ്ങാനും പൊട്ടുമോ എന്നതിനെപറ്റി പൂർണ്ണ ബോധ്യമില്ലന്നതല്ലേ സത്യം. അതുതന്നെയല്ലേ തമിഴ്നാട് കേരളത്തിനോട് ചോദിക്കുന്നതും? ജീവനില്‍ കൊതിയുള്ള ആരും പൊട്ടുമെന്നുറപ്പുള്ള ഡാമിനു താഴെ താമസിക്കില്ലന്നിരിക്കെ എന്തുകൊണ്ട് അവരെ മാറ്റിപർക്കിക്കാൻ സർക്കാർ തയ്യാറവുന്നില്ല. ഡാം പണിയുനതിനുമുന്നേ അതിനുള്ള അനുമതി വാങ്ങുന്നതിനുമുന്നേ അപകട മേഖലയിൽ താമസിക്കുന്ന ജനങ്ങളെ പുനരധി:വസിപ്പിക്കാനുള്ള സഹായമല്ലേ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടത്?
.

2011-11-22

പനിപോലെ പടരുന്ന why this kolaveri di  

രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ കഥയെഴുതി സംവിധാനം ചെയ്യുന്ന മൂന്റ്റ് എന്ന തമിഴ് ചിത്രത്തിലെ സോണി മ്യൂസിക് ഇന്ത്യ പുറത്തുവിട്ട why this kolaveri di എന്ന പാട്ട് ലോകമാകെ ഒരു പനിപൊലെ പടരുകയാണ്. ധനുഷ് നായകനും കമലഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ നായികയുമായി അഭിനയിക്കുന്ന മൂന്റ്റിൻ എന്ന സിനിമക്ക് ഈ ഒറ്റ പാട്ടിലൂടെ അൽഭുതപൂർവ്വമായ പബ്ലിസിറ്റിയാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിവസങ്ങളായി പല സോഷ്യൻ നെറ്റുവർക്കുകളിലും ഷെയർ ചെയ്യപ്പെടുന്ന ടോപ് വീഡിയോയായി പൊയ്കൊണ്ടിരിക്കുന്ന പാട്ടിന്റെ ചിത്രീകരണ വിഡിയോ അഭിഷേക് ബച്ചൻ ഉൾപ്പടെ ഇന്ത്യയിലെ പ്രമുഖർ വരെ ഷെയർ ചെയ്യുകയും റീഷെയർ ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഒരു സിനിമാതാരത്തിന്റെ യാതൊരുവിധ തിളക്കമോ ജാഡയോ ഇല്ലാതെ ഒരു പബ്ബിലെ അരണ്ട വെളിച്ചത്തിൽ താളം മുറുകുന്ന ലാഘവത്തോടെ വെറും സാധാരണക്കാരനെപോലെ സ്റ്റുയോവിൽ ആടിപാടുന്ന ധനുഷ് തന്നയാണ് ഈ പാട്ടിന്റെ വിജയത്തിലെ പ്രധാന ഘടകം. തമിഴ് സംഗീതത്തിന്റെ സ്വതസിദ്ധമായ ദ്രാവിഡതാളത്തിൽ ഇംഗ്ലീഷ് വാക്കുകൾ തമിഴിന്റെ ഉച്ചാരണ ശൈലിയിൽ വിളക്കിയെടുത്ത why this kolaveri di തീരെ ആയസമില്ലാത്ത തരത്തിൽ ധനുഷിന്റെ ശബ്ദത്തിൽ സംഗീതാസ്വാദന്റെ മനസ്സിലേക്ക് ഒരു അരുവിപോലെ ഒഴുകി ഇറങ്ങുകയാണ്. അനുപമമായ ആ സംഗീതം ഒരിക്കൽ കൂടി ഇവിടെ ഷെയർ ചെയ്യുന്നു.


.

2011-11-13

സന്തോഷ് പണ്ടിറ്റിനെ മലയാള സിനിമ ഭയക്കുന്നത് എന്തുകൊണ്ട്?  

ഞാൻ സന്തോഷ് പണ്ഡിറ്റിന്റെ ആരാധകനോ ക്യഷ്ണനും രാധയും എന്ന അദ്ദേഹത്തിന്റെ സിനിമയുടെ വക്താവോ അല്ല. സന്തോഷ് പണ്ഡിറ്റിനെപറ്റി ഒരു പോസ്റ്റ്പോലും എഴുതാൻ കരുതിയിരുന്നുമില്ല. പിന്നെ എന്തിന് ഈ പോസ്റ്റ് എന്ന് നിങ്ങൾ ചോദിച്ചേക്കാം. കഴിഞ്ഞ ദിവസം മനോരമാചാനലിൽ വന്ന ഒരു ടോക്‌ഷോയും അതേകുറിച്ച് എന്റെ ചില സുഹ്യത്തുക്കളൂമായ് നടത്തിയ ചില ചർച്ചകളുമാണ് ഈ പോസ്റ്റ് എഴുതാൻ എന്നെ പ്രേരിപ്പിക്കുന്ന ഘടകം. എന്റെ മറ്റ് എല്ലാ പോസ്റ്റുകളിൽ നിന്നും വ്യത്യസ്ഥമായ് ഇതിൽ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കപ്പെട്ടിട്ടുണ്ടന്നതിനാൽ അസംഭ്യം വായിക്കാൻ ആഗ്രഹമില്ലാത്തഎന്റെ എല്ലാ മാന്യ വായനക്കാരും, പതിനെട്ടു വയസ്സിനു താഴെ പ്രായമുള്ളവരും വായന ഇവിടെ വച്ച് അവസാനിപ്പിക്കുക.

പുട്ടിന് പീരയന്നോണം മലയാള സിനിമയെകുറിച്ച് സംസാരിക്കുമ്പോഴൊക്കെ നമുക്ക് സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ സിനിമയും വേണമന്നിരിക്കിലും, ക്യഷ്ണനും രാധയും എന്ന സിനിമ തീയേറ്ററുകളിൽ എത്തിയ നാളുമുതൽ മലയാളത്തിലെ ചാനലുകൾ സന്തോഷ് പണ്ഡിറ്റിനോടും അദ്ദേഹത്തിന്റെ സിനിമയോടും കാണിച്ച സമീപനം മാധ്യമ ധർമ്മത്തിന്റെ എല്ലാ അതിർ വരമ്പുകളേയും ലംഘിച്ച ആഭാസമായിരുന്നു. ഭീമൻ മുതൽമുടക്കി മലേഷ്യയിലും ഉഗാണ്ടയിലും മറ്റും ചിത്രീകരിച്ച്, ലക്ഷങ്ങൾ ചിലവിട്ട് പ്രമോഷൻ നടത്തി തീയേറ്ററുകളിലെത്തിക്കുന്ന സൂപ്പർ സ്റ്റാറുകളുടേയും മെഗാസ്റ്റാറുകളുടേയും വമ്പൻ സിനിമകൾ എന്നവകാശപ്പെടുന്ന സിനിമകൾ പോലും മൂന്നാം നാൾ തീയേറ്ററുകളിൽ മൂക്കും കുത്തി വീഴുമ്പോൾ, അടുത്തകാലങ്ങളിലൊന്നും മലയാള സിനിമ കണ്ടിട്ടിട്ടാത്ത തരത്തിൽ തീയേറ്റർ നിറഞ്ഞ് പ്രദർശന വിജയം നേടുന്ന ക്യഷ്ണനും രാധയും എന്ന സൂപ്പര്‍ഹിറ്റ് സിനിമ, മലയാളസിനിമയുടെ ചരിത്രത്തിലെ അരാജകത്വത്തിന്റെയും അര്‍മാദങ്ങളുടെയും ആരവമായി ചിത്രീകരിക്കപ്പെടാൻ, സിനിമ തീയേറ്ററിൽ എത്തിയ ദിവസം മുതൽ തന്നെ ബുദ്ധിജീവികളും ചാനലുകളും മൽസരമായിരുന്നു. നികേഷ് കുമാറിന്റെ മുനവച്ച ചോദ്യങ്ങൾക്ക് ചുട്ട മറുപടി നൽകി നികേഷിനെ നിശബ്ദമാക്കാൻ സന്തോഷ് പണ്ഡിറ്റിനു കഴിഞ്ഞുവങ്കിൽ, മനോരമ ചാനലിൽ വിളിച്ചു വരുത്തിയ, മലയാള സിനിമ തങ്ങളുടെ തറവാട്ടുസ്വത്താണന്നു കരുതുന്ന മൂന്നു ശുംഭന്മാരും, സ്വന്തം മനോരോഗമെന്തന്ന് അറിയാൻ കഴിയാത്ത ഡോ. ജോൺ എന്ന ഒരു മനശാസ്ത്രക്ഞനും, ഉദ്ധാരണമില്ലാതെ ക്ഷീണിച്ചുപോയ മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങളന്ന് സ്വയം അഹങ്കരിക്കുന്ന സംസ്കാരശൂന്യരും ആഭാസന്മാരായ കുറേ പീക്കിരി പിള്ളേരും, മാത്തുകുട്ടിച്ചായന്റെ സ്വന്തം അവരാതികയായ ഷാനിമോളും കൂട്ടം ചേർന്ന് പബ്ലിക്കായി ഒരു മനുഷ്യനെ ബലാൽസംഗം ചെയ്യുമ്പോൾ, മാധ്യമധർമ്മങ്ങളെ മുഴുവൻ കാറ്റിൽ പറത്തുന്ന നിദ്യവും ഹീനവും മനഷ്യത്വരഹിതവുമായ ശുദ്ധ തെമ്മാടിത്തരമായിപോയി അത് എന്ന് പറയാതിരിക്കാൻ തരമില്ല. ഒരു ചാനലിന്റെ പിൻബലത്തോടെ സംഘടിത ശക്തിയില്ലാത്ത നിരപരാധിയായ ഒരു മനുഷ്യനെ വിളിച്ചു വരുത്തി ആക്രമിക്കുന്നത് കാണുമ്പോൾ, ധാർമ്മിക ബോധമോ മനുഷ്യത്വമോ ഒരല്പമെങ്കിലും മനസ്സിലവശേഷിച്ചിട്ടുള്ള ഒരു വ്യക്തിക്കും അതിനെതിരേ പ്രതികരിക്കാതിരിക്കനാവില്ല. എത്രയൊക്കെ തള്ളി പറഞ്ഞാലും വിമർശിച്ച് വിമർശിച്ച് വലിച്ചുകീറി പോസ്റ്റർ ഒട്ടിച്ചാലും ഇന്ന് സൂപ്പര്‍ ഹിറ്റില്‍ നിന്നു മെഗാഹിറ്റിലേക്ക് പോയികൊണ്ടിരിക്കുന്ന കൃഷ്ണനും രാധയും എന്ന ട്രെന്‍ഡ് സിനിമ ഒരു കാലഘട്ടത്തിന്റെ ചിത്രമാണന്നത് നിഷേധിക്കാനാവില്ല. വമ്പൻ ഹിറ്റുകളായ ഷാരൂഖ് ഖാന്റെ റാ വൺ, വിജയിയുടെ വേലായുധം, സൂര്യയുടെ ഏഴാം അറിവ് തുടങ്ങിയ ബിഗ്‌ബഡ്ജറ്റ് ചിത്രങ്ങളോട് മത്സരിച്ചാണ് ക്യഷ്ണനും രാധയും ഈ വമ്പൻ വിജയം കൊയ്തെടുക്കുന്നതന്നത് ഈ ചിത്രത്തിന്റെ വിയജത്തിന്റെ തിളക്കം കൂട്ടുന്നു.

പിതാവിനു മുൻപേ ഭൂജാതതനായ ഒരാൾക്ക് മാത്രമേ മറ്റൊരാളെ തന്തക്കും തള്ളക്കും വിളിക്കാൻ കഴിയുകയുള്ളൂ എന്നിരിക്കെ, സന്തോഷ് പണ്ഡിറ്റിനെ അച്ഛനും അമ്മക്കും വിളിക്കുമ്പോൾ ഏതോ മനോരോഗാശുപത്രിയിൽ നിന്നും നൂലിൽ കെട്ടിയിറക്കിയ ഒരു ഡോക്ടറുടെ സഹായത്തോടെ, അയാളെ മനോരോഗിയായ് ചിത്രീകരിക്കപ്പെടാൻ, മലയാള സിനിമയുടെ പുറമ്പോക്കിൽ മാത്രം സ്ഥാനം കല്പിച്ചിട്ടുള്ള ബാബുരാജ് എന്ന ഗുണ്ടാനടൻ കിണഞ്ഞു പരിശ്രമിക്കുന്നത് ആ ചാനൽ ചർച്ചയിൽ ഉടനീളം കാണാമായിരുന്നു. ഒരു മനുഷ്യനെ പച്ചക്കു കത്തിക്കുമ്പോൾ ലഭിക്കുന്ന സാഡിസ്റ്റിക് ആനന്ദം, സന്തോഷ് പണ്ഡിറ്റ് മനോനില കൈവിടാതെ യുക്തിപരമായ് എതിർത്തു തോല്പിക്കുമ്പോഴും ബാബുരാജിന്റെ മുഖത്ത് ഗോഷ്ടികളായ് രൂപപ്പെടുന്നുണ്ടായിരുന്നു. യഥാർത്ഥത്തിൽ ഒരു മനുഷ്യനെ ആസൂത്രിതമായ് ക്ഷണിച്ചു വരുത്തി നിക്യഷ്ടമായ രീതിയിൽ പരസ്യമായ് പരിഹസിക്കുന്നതല്ലേ യഥാർത്ഥ മനോരോഗം? സന്തോഷ് പണ്ഡിറ്റിന്റെ സിനിമക്ക് നിലവാരമില്ലന്ന് ആക്രോശിക്കുന്ന ബാബു രാജ് പടച്ചിറക്കിയ മനുഷ്യമ്യഗം എന്ന സോഫ്ട് സെക്സ് പടവും ബ്ലാക് ഡാലിയയുമൊക്കെയാണോ മലയാളത്തിലെ നിലവാരമുള്ള സിനിമകൾ? പതിനെട്ടു വർഷം സിനിമാ ഫീൽഡിൽ കിടന്ന് ചെരച്ചിട്ടും, തീയേറ്ററിൽ കൂവാൻ പോലും ആളെ കയറ്റാൻ കഴിയാതെ എട്ടുനിലയിൽ പൊട്ടിയ സ്വന്തം പടങ്ങൾ പെട്ടിയിലാക്കി മടക്കി അയച്ചതിലുള്ള നിരാശയും, സന്തോഷ് പണ്ഡിറ്റിന്റെ സിനിമ ഉണ്ടാക്കുന്ന തരംഗത്തിൽ വിളറി പിടിച്ച അസൂയയും അതിലൂടെ ഉണ്ടായ ഫ്രസ്ട്രേഷനുമെല്ലാം ബാബുരാജിന്റെ വാക്കുകളിലുണ്ടായിരുന്നു.

വലിയ വായിൽ മലയാളസിനിമയുടെ നിലവാരത്തെകുറിക്ക് ആധികാരികമായ അറിവുണ്ടന്ന മിഥ്യാധാരണയിൽ അവിടെ കിടന്നു കുരച്ചു ചാടിയ ലിജോ പെല്ലിശേരിയുടെ, കലാമൂല്യത്തിന്റെ ശ്രഷ്ടമായ ഉദാഹരണങ്ങളായ് എടുത്തു കാണിച്ച സിറ്റി ഓഫ് ഡിന്റെയും നായകന്റെയും, എം. എ ഷാനവാസിന്റെ ബസ്റ്റ് ഓഫ് ലക്കിന്റെയും ഒക്കെ കലാമൂല്യവും ഗതിയുമൊക്കെ നമ്മൾ കണ്ടതാണ്. കോടികൾ മുതൽമുടക്കിലെടുത്ത് നിമ്മാതാക്കളെ കുത്തുപാളയെടുപ്പിച്ച ഇവരുടെ സിനിമകളുടെ സ്ഥാനം എവിടയാണന്ന് ഒരുക്കലങ്കിലും ചിന്തിക്കാതെ, വെറും അഞ്ചു ലക്ഷം മുതൽമുടക്കിൽ നിർമ്മിച്ച ക്യഷ്ണനും രാധയും എന്ന സിനിമക്ക് ചവറ്റു കുട്ടയില്‍ ആണ് സ്ഥാനം എന്ന് ഇവർ പറയുന്നത് ഷണ്ഡത്തരമന്നല്ലതെ മറ്റൊന്നും പറയാനാവില്ല.

ഷാനി പ്രഭാകരൻ എന്ന അവതാരിക കിടന്നു കുരക്കുന്നുണ്ടായിരുന്നു മലയാള സിനിമയുടെ കൂട്ടത്തില്‍ ഈ സിനിമയെ കൂട്ടേണ്ട എന്ന്. അങ്ങനെ എങ്കിൽ യാതൊരു നിയന്ത്രണവുമില്ലതെ അഴിച്ചുവിട്ട പേപ്പട്ടികൾ നടത്തുന്ന കുരച്ചു ചാട്ടം പോലെ നടത്തിയ നിയന്ത്രണ രേഖ എന്ന ഈ ചാനൽ ചർച്ചയെ എന്തിന്റെ കൂട്ടത്തിൽ കൂട്ടണം എന്ന് ഒന്നു പറഞ്ഞു തന്നിരുന്നകിൽ നന്നായിരുന്നു. അയാളുടെ സിനിമ ആഭാസമാണന്നു തോന്നുന്നുവങ്കിൽ കാണാതിരിക്കുക. അയാൾ കോട്ട് ധരിക്കുന്നതിനെ ചോദ്യം ചെയ്യാനും പരിഹസിക്കാനും തെറി വിളിക്കാനും ഇവനൊക്കെ എന്തധികാരമാണുള്ളത്?

സംഘടിതമായ് ഇത്രയും പേർ ഒന്നിച്ച് കുരച്ച ചാടിയപ്പോഴും സന്തോഷ് പണ്ഡിറ്റിൽനിന്നും അവരാരും ഒട്ടും പ്രതീക്ഷിച്ചിട്ടില്ലത്ത തരത്തിൽ അസാമാന്യ പക്വതയോടെ, ആത്മസംയമനം കൈവിടാതെ തക്ക മറുപടികൊടുത്ത സന്തോഷ് താൻ പ്രതിപക്ഷ ബഹുമാനമുള്ള ഒരു മാന്യനാണന്ന് തെളിയിച്ചു കഴിഞ്ഞു. നിങ്ങൾ തീർച്ചയായും ഈ കാലഘട്ടത്തിന്റെ താരവും നിങ്ങളുടെ ക്യഷ്ണനും രാധയും ഈ കാലഘട്ടത്തിന്റെ സിനിമയും തന്നയാണ്. സംസ്കാര സമ്പന്നര്‍ എന്നു സ്വയം കുരക്കുന്നവർ താങ്കളില്‍ നിന്നും സംസ്കാരം എന്തെന്ന് പഠിച്ചിരുന്നെങ്കിലന്ന് ആശിച്ചുപോകയാണ്. മലയാള സിനിമയിലെ അഭിനയ ചക്രവർത്തിയായ തിലകനെവരെ പുറത്താക്കാനും എസ്റ്റാബ്ലിഷ്ഡായ പലതാരങ്ങൾക്കും വിലക്കേർപ്പെടുത്തി മലയാളസിനിമയുടെ നിയന്ത്രണം മുഴുവൻ കൈപ്പിടിയിലൊതുക്കിയ അമ്മയുൾപ്പെടെയുള്ള താരസംഘടനകളുള്ള വളരെ റിജിഡായ ഒരു ഇൻഡസ്ട്രിയിൽ, ഒരു സിനിമ നിർമ്മിച്ച് എല്ലാ പ്രതിസന്ധികളേയും ഒറ്റക്ക് തരണം ചെയ്ത് തീയേറ്ററിലെത്തിച്ചതിന്റെ പേരില്‍ കൂട്ടം ചേർന്ന്, യാതൊരു മാനുഷിക പരിഗണനയും നൽകാതെ നടത്തിയ വ്യക്തിഹത്യ നിങ്ങൾ സഹിഷ്ണുതയോടെ നേരിടുന്നത് കണ്ടപ്പോൾ ബഹുമാനമാണ് തോന്നിയത്.

ചർച്ചയുടെ ഇടയിൽ അവതാരികയുടെ തനതു സംസ്കാരം ഇടക്കിടക്ക് പുറത്തു വരുന്നതും കണ്ടു. മനോനില കൈവിട്ട് കിടന്ന് ആക്രോശിക്കുന്ന ബാബുരാജിനോടും കൂട്ടരോടും 'അവൻ പറയുന്നത് കൂടെ കേള്‍ക്കാം' എന്ന് ഷാനിപ്രഭാകരൻ ധർഷ്ട്യത്തോടെ പറയുന്നതു കേൾക്കുമ്പോൾ നിങ്ങളുടെ സംസ്കാരം അത്ര അധ:പതിച്ചതായി പോയല്ലോ ഷാനിമോളേ എന്ന് സഹതപിക്കാതിരിക്കൻ കഴിയില്ല. പിച്ച വെച്ചുതുടങ്ങുന്ന പ്രായത്തിലുള്ള ഒരു കുട്ടിയെ, കൂട്ടം ചേർന്ന് ബലാൽസംഗം ചെയ്യുന്നത് കണ്ടുനിൽക്കുന്ന മനോരോഗി ആസ്വദിക്കുന്ന ലൈംഗിക സുഖമാണോ ഷാനി പ്രഭാകരനെ ഇതിനു പ്രേരിപ്പിച്ച ഘടകം? ഒരു പരിപാടിയുടെ അവതാരകക്ക് എത്രയ്ക്ക് ചീപ്പ്‌ ആയി സംസാരിക്കാം എന്നതിന്റെയും എത്ര മോശമായ് ഒരു ചാനൽ ചർച്ച സംഘടിപ്പിക്കാം എന്നതിന്റെയും ഏറ്റവും വലിയ ഉദാഹരണമായി അത്. ഒരു വ്യക്തിയോട് മാന്യമായ് പെരുമാറുവാൻ വിദ്യാഭ്യാസമോ ലോക വിവരമോ ഒന്നും വേണ്ട. നല്ല കുടുംബത്തില്‍ പിറന്നാൽ മാത്രം മതി. ഒരു പാവം മനുഷ്യനെ സ്റ്റുഡിയോയിൽ വിളിച്ചു വരുത്തി അയാളുടെ നെഞ്ചത്തു കയറി സംഹാര താണ്ഡവമാടാൻ ഒരു വിഫലശ്രമം നടത്തിയ ഷാനിമോൾക്ക്, ഇവിടുത്തെ ജുഡീഷ്വറിയെപോലും വെല്ലുവിളിക്കുന്ന ഗുണ്ടാതലവന്മാരായ ഏതങ്കിലും ഒരു രാഷ്ട്രീയക്കരനെ കുറിച്ച് ഒരക്ഷരം മിണ്ടാനുള്ള തന്റേടമുണ്ടോ? ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ പാർട്ടിക്കാരു പിള്ളേർ സ്പടികപെട്ടിയിലടച്ച് ഒരു നല്ല മുല്ലപ്പൂമാലയും ചാർത്തി വീട്ടിലേക്ക് പാർസലയക്കുമന്ന് നന്നായറിയാവുന്നതിനാൽ അതിന് നിങ്ങൾക്ക് ധൈര്യമില്ലന്നറിയാം. ഒരു മനുഷ്യനെ കുളിപ്പിച്ചൊരുക്കിയിരുത്തി പബ്ലിക്കായ് കല്ലെറിഞ്ഞുകൊല്ലാൻ കുറേമനോരോഗികൾക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുന്ന ഒരു പക്കാ പിമ്പിന്റെ റോളിലേക്ക് നിങ്ങൾ തരം താഴ്ന്നുപോയി എന്നതിൽ എനിക്ക് സഹതാപമുണ്ട്. പെരുമ്പാവൂരിൽ, അധ്വാനിച്ച് സമൂഹത്തിൽ മാന്യമായ് ജീവിക്കുന്ന പാവപ്പെട്ട ഒരു ചെറുപ്പക്കാരനെ അയാളൂടെ പേഴ്സിൽ സ്വയം അധ്വാനിച്ചുണ്ടാക്കിയ കുറച്ചു നൂറുരൂപാ നോട്ടുകളുണ്ടായിരുന്നു എന്ന ഒറ്റകാരണത്താൽ ബസിൽ നിന്നും പിടിച്ചിറക്കി തല്ലികൊന്നവരുരടേയും ഷനിമോളുടെ നേത്യത്വത്തിൽ സന്തോഷ് പണ്ഡിറ്റിനെതിരെ നിക്യഷ്ടമായ് രീതിയിൽ പരിഹസിച്ച് പുലഭ്യം പറയുകയും ചെയ്തവടേയും മനോനിലകൾ തമ്മിൽ എന്താണ് വ്യത്യാസം? മാന്യനന്ന് സ്വയം വിശ്വസിക്കുന്ന, തീയേറ്ററിൽ പോയി ക്യഷ്ണനും രാധയും കണ്ട ചെറുപ്പക്കാരൻ അഹങ്കാരം നിറഞ്ഞ പരിഹാസത്തോടുകൂടി കൂവുന്നുണ്ടായിരുന്നു, സിനിമയുടെ നിലവാരം കൊണ്ട് തീയേറ്ററിൽ പോയതല്ല മൂന്നു മണിക്കൂർ തെറിപാട്ടു പാടാൻ പോയതാണന്ന്. സൗമ്യയെന്ന പാവം പെൺകുട്ടിയെ ട്രയിനിൽ നിന്നും ട്രാക്കിലേക്ക് തള്ളിയിട്ട് ബലാൽസംഗം ചെയ്ത് കൊന്ന ഗോവിന്ദചാമിയെക്കാൾ അപകടകാരികൾ ഈ ചെറുപ്പക്കരുതന്നയാണ്. അൻപതോ അറുപതോ രൂപ കൊടുത്ത് ടിക്കറ്റെടുത്ത് തീയേറ്ററിൽ കയറി മൂന്നുമണിക്കൂർ നിർത്താതെ തെറി വിളിക്കുന്ന ഈ ചെറുപ്പക്കരുടെ മനോരോഗത്തെ എന്തുപേരിട്ടു വിളിക്കണം. പിച്ചവെച്ചു നടക്കുന്ന ഒരു കുഞ്ഞിനെ ബലമായി പിടിച്ചിരുത്തി കുറെ മനോരോഗികള്‍ നിക്യഷ്ടമായി നടത്തിയ ബലാൽസംഗമായി മാത്രമേ ഇതിനെ കാണാനാവൂ.

ഷാന്മോൾ നടത്തിയ നിക്യഷ്ടമായ ചാനൽ ബലാൽസംഗം കണ്ടിട്ടില്ലാത്തവർക്കായി ഇവിറ്റെ ലിങ്ക് ചെയ്യുന്നു.




.

2011-11-11

ത­ല­മു­ടി തരുന്ന ചില സാമൂകിഹാനുഭവങ്ങളും ചിന്തകളും  

പരിഷ്ക്യതമായ ഒരു സമൂഹം എന്നു സ്വയം നടിക്കുമ്പോഴും ഈ ഉത്തരാധുനിക കലഘട്ടത്തിലും നമ്മൾ ഭാരതീയർക്ക് നീണ്ടുവളർന്ന മുടി സ്ത്രീകളുടേയും സന്യാസിമാരുടേയും മാത്രം ചിഹ്നമാണ്. ശാസ്ത്രജ്ഞന്മാർക്കും ഗിറ്റാറിസ്റ്റുകൾക്കും ഒരു പരിധിവരെ നീണ്ട തലമുടി സമൂഹം അനുവദിച്ചിട്ടുണ്ടന്നതു വിസ്മരിക്കുന്നില്ല. പട്ടണങ്ങളിലെ പ്രഫഷണൽ കോളജുകളിൽ അപൂർവ്വം ചില വിദ്യാർത്ഥികൾ മുടി നീട്ടിവളർത്താറുണ്ടങ്കിലും അതിന് അത്ര ആയുസ്സുണ്ടാവില്ല. ഈ കോർപ്പറേറ്റ് യുഗത്തിൽ പോലും, മുടിനീട്ടി വളർത്തിയ ഒരു ചെറുപ്പക്കാരൻ ഒരു ഇന്റർവ്യൂവിന് വന്നാൽ, ഇന്റർവ്യൂ ബോർഡിനു മുൻപാകെ എക്സിക്യൂട്ടീവ സ്റ്റൈലിൽ മുടി വെട്ടി ഒതുക്കാം എന്ന ഒരു സമ്മതം, അല്ലങ്കിൽ വറുംകൈയ്യോടെ മടങ്ങേണ്ട അവസ്ഥ. ക്യഷ്ണനും, ക്യസ്തുവും, പൗരുഷത്തിന്റെ മൂർത്തീ ഭാവങ്ങളായ ഗ്രീക്ക് ദേവന്മാരുമെല്ലാം നീണ്ട മനോഹരമായ മുടിയുള്ളവരായിരുന്നു. അന്ന് അതൊക്കെ പൗരുഷത്തിന്റെ ലക്ഷണമായിരുന്നു. ഭാരതത്തിൽ ഒരുകാലത്ത് നീട്ടിവളർത്തിയ മുടി ആഡ്യത്വത്തിന്റെ അടയാളമായിരുന്നു. അഴിച്ചിട്ടാൽ നിതംബം മറയുന്ന മുടി കുടുമയാക്കി കെട്ടി വച്ചിരുന്ന നമ്മുടെ സമൂഹം, നവോത്ഥാനത്തിന്റെ ചുവടുപിടിച്ച് കുടുമ അറുത്തുമാറ്റി. കമ്യൂണിസവും വിപ്ലവങ്ങളും കുടുമ മുറിക്കാൻ പ്രേരിപ്പിച്ചു. പിന്നീട് തലമുറ ഒന്നു പിന്നിട്ടപ്പോഴേക്കും നീണ്ടിവളർത്തിയ മുടി സ്വവർഗ്ഗഭോഗികളായ പുരുഷന്മാരുടെ ചിഹ്നമായി പരിണമിച്ചു. അങ്ങനെ നീട്ടിവളർത്തിയ മുടി സ്ത്രീകളുടേയും പറ്റെവെട്ടിയൊതുക്കിയ മുടി പുരുഷത്വത്തിന്റെയും ചിഹ്നമായി. പിന്നീട് പുരുഷന്റെ നീണ്ട മുടി നക്സലിസത്തിന്റെയും തീവ്രവാദത്തിന്റെയും മയക്കുമരുന്നും ലഹരിയുമുപയോഗിക്കുന്ന എക്സട്രിക്കുകളുടേതും മാത്രമായി ചുരുങ്ങി. ഒരുപക്ഷേ അതുകൊണ്ടായിരിക്കണം സ്വാ­ഭാ­വി­ക­മാ­യി­ത്ത­ന്നെ തഴ­ച്ചു വള­രു­ന്ന തല­മു­ടി­യു­ള്ള ആണ്‍­കു­ട്ടി­ക­ളെ നീ­ട്ടി­വ­ളര്‍­ത്തു­ന്ന­തില്‍ നിന്നും വിലക്കാനും പെൺമക്കളെ നീണ്ട മുടിയുള്ള ചെറുപ്പക്കാർക്ക് വിവാഹം ചെയ്തു കൊടുക്കുന്നതിൽ നിന്നും പിന്തിരിയാൻ മാതാപിതാക്കളെ നിർബന്ധിതരാക്കുന്നതും.

എന്നും സമൂഹത്തോടും എന്നോട് തന്നെയും വളരെ വ്യക്തമായ ഒരു കാഴ്ചപാട് എനിക്ക് ഉള്ളതിനാലും, ചെറുപ്പം മുതൽ തന്നെ സ്വകാര്യജിവിതത്തിൽ സമൂഹത്തിന്റെ അനാവശ്യ ഇടപെടലുകളെ അനുവദിക്കാൻ ഇഷ്ടപ്പെടാത്ത ഒരു വ്യക്തി എന്ന നിലയിലും, കഴിഞ്ഞ അഞ്ചുവർഷക്കാലമായി മുടി നീട്ടി വളർത്തി നടക്കുന്ന ഒരാളാണു ഞാൻ. ജീവിതത്തിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച രണ്ട് മഹത് വ്യക്തിത്വങ്ങൾ മുഖ്യധാരാ സമൂഹത്തിന്റെ ചൈയ്തികളിൽ നിന്നും അല്പം വ്യതിചലിച്ച ഒരു ജീവിത ശൈലി പിന്തുടർന്നവരും, മുടി നീട്ടി വളർത്തിയവരുമായിരുന്നു എന്നതും, ഒരു പക്ഷേ എന്റെ നീണ്ടമുടിയുമായ് ബന്ധപ്പെട്ടു കിടക്കുന്നുണ്ടായിരിക്കണം. ഒരാളെയും അന്ധമായ് ആരാധിക്കാനും അനുകരിക്കാനും ഇഷ്ടപ്പെടാത്ത ഒരു വ്യക്തി എന്ന നിലയിൽ, ഈ പറഞ്ഞത് എന്നും എനിക്ക് ഒരു വലിയ ചോദ്യ ചിഹ്നം തന്നെയാണ്. അത് എ­ന്തൊ­ക്കെ­യാ­യാ­ലും നീ­ട്ടി­വ­ളര്‍­ത്തിയ മു­ടി വളരെ വ്യത്യസ്ഥമായ ഒരു സാ­മൂ­ഹ്യാ­നു­ഭ­വ­മാ­ണെ­നി­ക്കു സമ്മാ­നി­ച്ച­തു­്. അരകിറുക്കൻ എന്ന് സമൂഹം പലപ്പോഴും വിശേഷിപ്പിക്കുന്ന അതികായന്മാരായ എക്സെന്‍­ട്രി­ക്കു­കള്‍ അപൂർവ്വമല്ലാത്ത ശാ­സ്ത്ര­ത്തി­ന്റെ ലോ­ക­ത്താ­യ­തു­കൊ­ണ്ട്, ഒരാളുടെ വേഷവിധാനങ്ങളെ മുൻവിധിയോടെ കാണരുതന്ന് ലോകത്തിനെ പഠിപ്പിച്ചുകൊടുത്ത ഐൻസ്റ്റീനും മെൻഡലീവും അനുവദിച്ചു തന്ന സ്വാതന്ത്യം ഞാനും ശരി­ക്ക് ഉപ­യോ­ഗി­ച്ചെ­ന്നു പറ­യാം.

ഇന്റർ നാഷണൽ സയൻസ് കോൺഗ്രസുകളിലും കോൺഫറൻസുകളിലും, ഞാനുൾപ്പെടുന്ന സയന്റിഫിക് കമ്യൂണിറ്റികളൂടെ ഇടയിലും, എന്റെ ഉയരവും നീട്ടിവളർത്തിയ ബ്രൗൺ നിറമുള്ള കോലൻ തലമുടിയും എനിക്ക് ചെ­റു­ത­ല്ല­താ­ത്ത ഒരു വി­സി­ബി­ലി­റ്റി തന്നി­ട്ടുണ്ട്. പലപ്പോഴും അത് എനിക്ക് ഒരു യുണീക് ഐഡന്റിറ്റി മാത്രമല്ല, എന്റെ കരിയറിലും ചെറുതല്ലാത്ത നേട്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. ഒരിക്കൽ പോലും ഞാൻ പരിചയപ്പെടുകയോ സംസാരിക്കയോ ചെയ്തിട്ടില്ലാത്ത ഒരു സയിന്റിസ്റ്റ്, പിന്നീട് എപ്പോഴങ്കിലും ഏതങ്കിലും സാഹചര്യത്തിൽ I remember, I met you last year in Energy Materials Conference എന്നു പറയുന്നുവങ്കിൽ, കഴിഞ്ഞ ദിവസം (14 ഒക്ടോബർ 2011) ഇന്റർ കോണ്ടിനന്റൽ ഹോട്ടലിലെ ഗ്രാൻഡ് ബാൾറൂമിൽ വച്ച് സ്കൂൾ ആഫ് മെറ്റീരിയൽ സയൻസ് ആന്റ് എഞ്ചിനീയറിംങിന്റെ ചെയർ Prof. Ma Jan, ഞങ്ങൾ സ്റ്റാഫിനെ പരിചയപ്പെടുമ്പോൾ മറ്റുള്ളവരോടായ് I noticed this dynamic young guy, an energetic man with long hair എന്ന് പറഞ്ഞുവങ്കിൽ, അത് എന്റെ നീണ്ടമുടി എനിക്ക് തരുന്ന വിസിബിലിറ്റി ഒന്നുകൊണ്ട് മാത്രമാണ്.

ചെറുപ്പം മുതൽ ക്രമരാഹിത്യത്തിന്റെ ഒരു കോസ്മിക് പരീക്ഷണത്തിലായിരുന്നു ഞാൻ. ബഹു­സ്വ­ര­ത­യു­ടെ ഒരു സമൂ­ഹ­ത്തില്‍, ഒന്നി­ന്റേ­യും പ്ര­തി­നി­ധി­യാ­വാ­തെ എന്റെ ശബ്ദം വേറിട്ടു നിൽക്കാൻ അതെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. നഗരജീവിതത്തിന്റെ കാപട്യങ്ങളെയും സമൂഹത്തിന്റെ സൃഷ്ടിയായ അലിഖിത നിയമങ്ങളേയും എന്നിലൂടെ സാധ്യമാകുന്ന ആത്മീയതയിലൂടെ നിരാകരിക്കുകയും സ്വയം നിരന്തരം നവീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു ഞാൻ. പക്ഷേ ഒരു അരാജകവാദിയോ ആന്റിസോഷ്യലൊ ആകാൻ ഞാൻ ശ്രമിച്ചിട്ടില്ല. മുടി വളർത്താൻ ആഗ്രഹിക്കുന്ന ഒരുപാട് ചെറുപ്പക്കാരെ എനിക്കറിയാം. പക്ഷേ അടക്കി അനുശീലിച്ചു വരുന്ന സാമൂഹിക ചുറ്റുപാടിൽ അവൻ ഒറ്റപ്പെടുമോ എന്ന വ്യാധിയിൽ നിന്നുടലെടുക്കുന്ന ധൈര്യമില്ലയ്മയിൽ, അവരൊക്കെ തങ്ങളുടെ ആഗ്രഹത്തെ ഉള്ളിലൊതുക്കുകയാണ്.

ബ്രയിൻ കൊറിയ ഫെലോഷിപ്പിൽ ഡോക്ട്രേറ്റ് എടുക്കാൻ കൊറിയയിലേക്ക് പോകുന്നതിനും മുൻപേ ഞാൻ മുടി മുറിക്കൽ നിർത്തിയങ്കിലും അത്ര അധികം നീണ്ടിരുന്നില്ല. ഒരു വർഷം കഴിഞ്ഞ് അവധിക്ക് ആദ്യമായ് വീട്ടിലേക്കെത്തിയപ്പോൾ എല്ലാവരുടേയും മുഖത്ത് അൽഭുതമായിരുന്നു. ഇത്ര ചുരുങ്ങിയ കാലം കൊണ്ട് ഒരാളുടെ മുടി ഇത്ര നീണ്ടുവളരുമോ? പുറം മുഴുവനായ് മറയുന്നതരത്തിൽ ഇടുപ്പ് വരെ വളർന്നിറങ്ങിയ ഇടതൂർന്ന കറുത്ത മുടി കണ്ട് അസൂയപ്പെട്ട പെൺകുട്ടികൾ ഒരുപാടുണ്ട്. നാട്ടിൽ എവിടേങ്കെങ്കിലും പോയാൽ ആളുകൾ തുറിച്ചുനോക്കും. അതിൽ രണ്ടുപക്ഷക്കാരുണ്ടായിരുന്നു. അതിൽ ചില സംശയാലുക്കളുടെ കൊമ്പുവച്ച ചോദ്യങ്ങൾക്കു അർഹമായ മറുപടി കൊടുത്തും ഉപദേശിച്ച് നേരേയാക്കാൻ ശ്രമിച്ചവരോട് കാർക്കശ്യം നിറഞ്ഞ സ്വരത്തിൽ എനിക്ക്‌ ഉപദേശം കേള്‍ക്കാനിഷ്ടമില്ലെന്ന് പറഞ്ഞും നിശബ്ദരാക്കി. ബൈക്കിന്റെ പിൻസീറ്റ് യാത്രക്കാരായ പല ചെറുപ്പക്കാരും തന്റെ സഹയാത്രികനെ ദേ നോക്കടാ എന്നു പറഞ്ഞ് വിളിച്ച് കാണിക്കുന്നതിൽ തുടങ്ങി, പട്ടണങ്ങളിലൂടെയുള്ള യാത്രകളും ഷോപ്പിങ്ങുകളും മറക്കാനാവാത്ത ഒരു പാട് അനുഭവങ്ങൾ, നെറ്റി മറച്ച്‌, കണ്‍തടം വരെ നീണ്ടുകിടക്കുന്ന, കൊലുന്നനെയുള്ള എന്റെ തലമുടി എനിക്ക് സമ്മാനിച്ചിട്ടുണ്ട്. മുടി വളർത്തി, പുരോഗമന വാദികളായ മലയാളികളുടെ അലിഖിത നിയമത്തെ ഖണ്ഡിക്കുന്ന ആദ്യദിനങ്ങളിൽ, ഒരു സുഹ്യത്തിന്റെ കമന്റ് ഇങ്ങനെയായിരുന്നു, 'ഒറ്റകാതിൽ കടുക്കനൂടെ ആയാൽ ഒരു ഡ്രഗ് അഡിക്റ്റിന്റെ ചിത്രം പൂർണ്ണമാകും'. ‌ ആദ്യമായ് നീണ്ടമുടിയുമായ് എന്നെ കണ്ടദിവസം നിന്റെ തലമുടി വെട്ടിക്കണില്ലേ എന്ന് അമ്മയുടെ ചോദ്യം കേട്ടതായ് ഭാവിക്കാതെ, ഇവിടെ എന്തൊരു ചൂടാണിപ്പോൾ എന്ന് പറഞ്ഞുകൊണ്ട് വിഷയം മാറ്റി. ചെറുപ്രായത്തില്‍ത്തന്നെ, പൊതുധാരാജീവിതവുമായി ഞാൻ കലഹത്തിലാണന്നും ഉപദേശിച്ച് തീരുമാനങ്ങളുടെ ഗതി മാറ്റാൻ കഴിയില്ലന്നും നന്നായി മനസ്സിലാക്കിയിട്ടുള്ളതിനാൽ അമ്മ അവന്റെ ഇഷ്ടം പോലെ ആകട്ടെ എന്ന് ചിന്താഗതിയിലേക്കെത്തി. അന്ന് എന്റെ തലമുടി നാട്ടിൽ ഒരു സംസാര വിഷയമായിരുന്നു. നീണ്ടമുടിയെ പറ്റി ഒരുപാട് കാര്യങ്ങൾ പ്രായഭേദമെന്യേ വൈകുന്നേരങ്ങളിലെ ഒത്തുകൂടലിൽ നാട്ടുകാർക്ക് ചർച്ചാവിഷയമായിരുന്നു. കാലങ്ങൾകൊണ്ട് നാടും രാജ്യവും വിട്ട് പഠിക്കാൻ പോയതിനാലും സ്കൂൾ പഠനകാലത്തുതന്നെ പഠിപ്പിസ്റ്റ് എന്ന ഒരു ലേബൽ നാട്ടുകാർ ചാർത്തി തന്നിട്ടുള്ളതിനാലും ചർച്ച ചെയ്ത് ചർച്ച ചെയ്ത്, ഒരു ജീനിയസിന്റെ പരിവേഷം അവർ എനിക്ക് ചാർത്തിതന്നു. സംസാരിക്കുന്നതിനിടയിൽ, മങ്ങിയ പച്ചനിറം പ്രതിഫലിപ്പിക്കുന്ന എന്റെ അന്റിഗ്ലയർ കണ്ണടക്കുമുകളിലേക്ക് ഊർന്നു വീഴുന്ന മുടിയിഴകളെ, വലതു കൈകൊണ്ട്‌ കണ്ണുകള്‍ വെളിയില്‍ കാണത്തക്കവിധം വകഞ്ഞുമാറ്റുമ്പോൾ കിട്ടുന്ന വിസിബിലിറ്റികൊണ്ടുകൂടിയായിരിക്കണം അങ്ങനെ ഒരു നിഗമനത്തിലേക്ക് അവരെ കൊണ്ടെത്തിച്ചത്.

ചെറുപ്പം മുതൽതന്നെ പാരമ്പര്യത്തോടുള്ള ധാര്‍ഷ്ട്യം നിറഞ്ഞ ഒരു കലാപത്തിലായിരുന്നു ഞാന്‍. നന്നേ ചെറുപ്പത്തിൽ തന്നെ ഞാന്‍ അത് തിരിച്ചറിഞ്ഞുകഴിഞ്ഞു. അതെന്റെ കുറ്റമേയല്ല. അച്ചടിച്ച പുസ്തകങ്ങളിലെ കത്തുന്ന അക്ഷരങ്ങൾക്കും, ക്ലാസ്മുറികളിലെ ജ്യോമട്രിക് രൂപങ്ങളുടെ ആവർത്തന വിരസതകൾക്കും പിടികൊടുക്കാതെ നിരൂപകരുടെ ബുദ്ധിഗൗരവങ്ങളിലൂടെ ഗതികിട്ടാതെ അലയാനായിരുന്നു എനിക്ക് എന്നും താല്പര്യം. അതുകൊണ്ട് തന്നെ എനിക്ക് ശരിയന്നു തോന്നിയതൊക്കെ ഞാൻ ചെയ്തു. തെറ്റിനും ശരിക്കും അതിർവരമ്പുകൾ കല്പിച്ചിട്ടില്ലത്തതിനാൽ ഞാൻ ചെയ്തതൊക്കെ എനിക്ക് ശരിതന്നെയായിരുന്നു. എന്തു ചെയ്യുമ്പോഴും മൂന്നുതവണ ആലോചിച്ച് ഉറപ്പിച്ച് മാത്രം ചെയ്യാൻ അമ്മ പരിശീലിപ്പിച്ചിരുന്നതിനാൽ, ഒരിക്കൽ പോലും ചെയ്തതൊന്നും തെറ്റായിരുന്നു എന്ന് ആലോച്ചിക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ടുതന്നെ സന്മാര്‍ഗം ബുദ്ധിയുടെ ബലഹീനതയാണ് എന്ന് വിശ്വസിച്ച റിംബോയുടെ കവിതകൾ നന്നേ ചെറുപ്പത്തിൽ തന്നെ എന്നെ ഒരുപാട് ഹരംകൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ടുമാത്രമാണ് പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ, സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലെ ചൂതാട്ടകേന്ദ്രങ്ങളിൽ രാപകൽ തള്ളിനീക്കി, ജീവിതത്തെ മൊത്തമായി ചൂതാട്ടകളരിയിലേക്ക് കശക്കിയെറിഞ്ഞ ഫിയോദർ മിഖയലോവിച്ച് ദസ്തയേവ‌സ്കിയുടെ കുറ്റവും ശിക്ഷയും, ചൂതാട്ടകാരൻ മുതലായ വിശ്വസാഹിത്യങ്ങളിൽ തുടങ്ങി ലൈംഗികതയുടെ അതിപ്രസരമുള്ള മാധവികുട്ടിയുടെ എന്റെ കഥയും ചന്ദനമരങ്ങളും വരെ എന്റെ സ്വകാര്യ ലൈബ്രറിയിലെ ചില്ലിട്ട അലമാരകളിൽ പ്രദർശനോൽമുഖമാകും വിധം സ്ഥാനം പിടിച്ചത്. കുമ്പസാരിക്കുന്ന പാപിയാകാതെ, ഭ്രാന്തു പിടിച്ച നന്മകളുടെ മഴനനഞ്ഞു നടക്കാനായിരുന്നു, എന്നും ജീവിതത്തെകുറിച്ച് വ്യക്തമായ ഒരു ദീർഘവീക്ഷണം വച്ചുപുലർത്തിയിരുന്ന അമ്മ എന്നെ പഠിപ്പിച്ചത്. അതുതന്നയാണ് ഇക്കാലമത്രയും ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ മുഖ്യധാരാ സ­മൂ­ഹ­ത്തിന്റെ അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളോട് പു­റം­തി­രി­ഞ്ഞു നില്‍­ക്കു­ന്ന­തി­നാ­ലാ­വ­ണം അധികം ആരും എന്നെ ഉപദേശിച്ച് നന്നാക്കാൻ ശ്രമിക്കാത്തത്. എന്റെ സന്തോഷങ്ങൾ എന്നിൽ ജനിച്ച് എന്നിൽ തന്നെ മരിക്കുന്നവയായിരിക്കണം എന്ന് ഒരു നിർബന്ധ ബുദ്ധി കൗമാരം കഴിഞ്ഞപ്പോൾ തന്നെ ഞാൻ വളർത്തിയെടുത്തിരുന്നു. അങ്ങനെ സ്വകാര്യജീവിതത്തിൽ നിന്നും സമൂഹത്തിന്റെ ഇടപെടലുകളെ പാടേനിരാകരിക്കുന്ന സങ്കീർണ്ണമായ ഒരു തലത്തിലേക്ക് സന്നിവേശിപ്പിക്കപ്പെട്ട എന്റെ ചിന്തകളുടെ ബൗദ്ധികമായ വളർച്ചക്ക് കാരണഭൂതനായ ബാല്യകാല സഖിയോട് എന്നും ഒരു കടപ്പാടുണ്ടന്നുപറയുന്നതിൽ തെറ്റില്ല. അപ്രതീക്ഷിതമായ് നിഷേധിക്കപ്പെട്ട ആ ബാല്യകാല സൗഹ്യദത്തിനോടുള്ള പ്രതിഷേധമായി, കണ്ണിലേക്ക് ഊർന്നുവീഴുന്നതരത്തിൽ മുറിക്കാതെ കൊണ്ടുനടന്ന ഏതാനും മുടിയിഴകളിലാണ് എന്റെ മുടിവളർത്തലിന്റെ തുടക്കം. ബന്ധങ്ങളെ കേവല വികാരങ്ങളുടെ വേലിയേറ്റങ്ങളായ് ഹ്യദയത്തോട് ചേർത്തുനിർത്തി, നമ്മുടെ സന്തോഷങ്ങളുടെ നിയന്ത്രണം മറ്റുള്ളവരെ ഏല്പിക്കാതെ, ഗീത അനുശാസിക്കുന്ന തരത്തിൽ സ്വയം സന്തോഷിക്കുവാനും അതിലൂടെ കൈവരിക്കുന്ന സംത്യപ്തിയിലൂടെമാത്രമേ ജീവിതവിജയം കൈവരിക്കുവാനും കഴിയുകയുള്ളൂ എന്ന തിരിച്ചറിവ് എന്നെ കൊണ്ടുവന്നെത്തിച്ചത് ശാസ്ത്രത്തിന്റെയും സാങ്കേതികത്വത്തിന്റെയും ഒരു വലിയ ലോകത്തിലേക്കായിരുന്നു. ആദ്യകാലങ്ങളിൽ കണ്ണിലേക്ക് വളർത്തിയിറക്കിയ ആ മുടിയിഴകൾ മുഖത്തേക്കൂർന്നിറങ്ങി പലപ്പോഴും എന്നെ അസ്വസ്ഥപ്പെടുത്തികൊണ്ടിരുന്നു. അന്നുമുതൽ പ്രീയപ്പെട്ടവരൊക്കെ എനിക്ക് വേണ്ടി ജീവിക്കേണ്ടവരാണന്നും എന്നെ സന്തോഷിപ്പിക്കേണ്ടവരാണന്നുമുള്ള സ്വാർത്ഥമായ ചിന്താഗതി തെറ്റാണന്നു മനസ്സിലാക്കി ഞാൻ എനിക്ക് വേണ്ടിയും എനിക്ക് ചുറ്റുമുള്ളവർക്കുവേണ്ടിയുമാണ് ജീവിക്കേണ്ടതന്ന ഒരു ബോധം എന്നിൽ വളർത്തിയെടുത്തു. അങ്ങനെ വരുമ്പോൾ എന്റെ ആവശ്യങ്ങള്‍ ഞാന്‍തന്നെ നിറവേറ്റേണ്ടതുണ്ട്. എന്റെ ആവശ്യമെന്നാല്‍ എഴുതുക, വായിക്കുക, എന്റെ മനസ്സ് വിളിക്കുന്ന ഭ്രാന്തമായ വഴികളിലൂടെ ഒക്കെ അലഞ്ഞുതിരിഞ്ഞ് സഞ്ചരിക്കുക, ഭ്രമാത്മകമായ ചിന്തകളെ സ്വതന്ത്രമായ തുരുത്തുകളിലേക്ക് യാതൊരുവിധ നിയന്ത്രണവുമില്ലാതെ അഴിച്ചു വിടുക. മുടി വളർത്തുക, ഷേവ് ചെയ്യാതിരിക്കുക, എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കുക ഇതൊക്കെ എന്റെ അവകാശങ്ങളാണ്. ഇതൊന്നും വേണ്ട എന്നു പറയാൻ ആർക്കും അധികാരമില്ല.

­ലോകത്തിന്റെ പലകോണുകളിലും ഗവേഷണത്തിന്റെ ഭാഗമായ് യാത്ര ചെയ്യുമ്പോഴൊക്കെ വിദേശികളായ ഒരു എമിഗ്രേഷൻ ആഫീസർപോലും ചോദിച്ചിട്ടില്ലങ്കിലും ഇന്ത്യയിലെ ഏത് വിമാനാതാവളത്തിൽ വന്നിറങ്ങിയാലും സ്ഥി­ര­മാ­യി ഞാന്‍ കേൾക്കുന്ന ഒരു ചോ­ദ്യമുണ്ട്. മു­ടി­നീട്ടിവ­ളര്‍­ത്താന്‍ എന്തങ്കിലും കാ­ര­ണം? പ്രത്യേകിച്ച് കാരണമൊന്നുമില്ല എന്നു പറഞ്ഞാൽ പാസ്പോർട്ട് തിരിച്ചും മറിച്ചും നോക്കി സൂഷ്മ പരിശോധന നടത്തികൊണ്ട് ഉടൻ വരും അവരുടെ വക ഒരുപദേശം, വെട്ടി വ്യത്തിയാക്കി കൊണ്ടുനടക്കുന്നതല്ലേ നല്ലത്. അപ്പോൾ ആൽബർട്ട് ഐസ്റ്റീനും മെൻഡലീവും എ.പി.ജെ അബ്ദുൾ കലാമും മറ്റും വ്യത്തിയില്ലാത്തവരന്നാണോ പറഞ്ഞുവരുന്നത് എന്ന മറുചോദ്യത്തിന്, അവരൊക്കെ ശാസ്ത്രജ്ഞന്‍മാരല്ലേ എന്ന കൗശലം നിറഞ്ഞ ഒരു ചോദ്യം അവർ എനിക്ക് നേരേ എറിയും. എങ്കിൽ ഞാനും ഒരുശാസ്ത്രജ്ഞന്‍തന്നയാണന്നു പറയുമ്പോൾ ചിലർ, എവിടെ, എന്ത്, എങ്ങനെ എന്നൊക്കെ ചോദിച്ചറിഞ്ഞ് വേഗം പാസ്പോർട്ട് പഞ്ച് ചെയ്ത് വിടും. എന്നാൽ സംശയാലുക്കളായ ചിലർ ഐഡി ചോദിച്ച് അത് ഒന്നുരണ്ടു തവണ തിരിച്ചു മറിച്ച് നോക്കി ഉറപ്പു വരുത്തിയ ശേഷമേ പാസ്പോർട്ട് പഞ്ച് ചെയ്ത് കടത്തി വിടുകകയുള്ളൂ. നീട്ടിവളർത്തിയ മുടി തരുന്ന ഈ വിസിബിലിറ്റി യാത്രകളിൽ ചിലപ്പോഴൊക്കെ മാർഗ്ഗങ്ങളെ എളുപ്പമാക്കിയിട്ടുണ്ടങ്കിലും ഒരിക്കൽ വില്ലനായും കടന്നു വന്നിട്ടുണ്ട്. ഒരിക്കൽ സിംഗപ്പൂരിൽ നിന്നും സിൽക്ക് എയറിന്റെ ബോയിംങ് 737-ന് ബാംഗ്ലൂർ ഇന്റർ നാഷണൽ എയർപോർട്ടിലിറങ്ങി എമിഗ്രേഷൻ കൗണ്ടറിൽ വരുമ്പോൾ അവിടെ ഉണ്ടായിരുന്നത് ഒരു മലയാളി ആഫീസറായിരുന്നു. മുട്ടോളം മാത്രം ഇറക്കമുള്ള ഇറുകിയ ട്രൗസറിലും കൈയ്യില്ലാത്ത സിംങ്ലറ്റിലും, നീട്ടിവർത്തിയ ബ്രൗൺ നിറമുള്ള കോലൻ മുടിയുള്ള ക്യശഗാത്രനായ ഞാൻ സയന്റിസ്റ്റാണ് എന്നു പറഞ്ഞതിൽ വിശ്വാസം തോന്നാഞ്ഞതുകൊണ്ടോ എന്തോ, എന്തുകൊണ്ട് നേരെ തിരുവനന്തപുരത്തോ കൊച്ചിയിലോ ഇറങ്ങാതെ ബാംഗ്ലൂർ ഇറങ്ങി എന്ന മുന വച്ച ചോദ്യത്തിന്, തിരുവനന്തപുരത്തുനിന്നും ഇഷ്യൂ ചെയ്ത പാസ്പോർട്ടുമായ് ഇന്ത്യയിലെ ഏത് എയർപോർട്ടിലുമിറങ്ങാൻ എനിക്ക് അവകാശമുണ്ടന്ന് പറഞ്ഞ ഒറ്റകാരണത്താൽ, അരമണിക്കൂറിലധികം എയർപോർട്ടിൽ പിടിച്ചിരുത്തി എന്നെ ചോദ്യം ചെയ്യുകയും എന്റെ ലഗേജുകൾ മുഴുവൻ തുറന്നിട്ട് പരിശോധിക്കുകയും ചെയ്തു. സിംഗപൂരിൽ നിന്നും വന്ന എന്റെ പാസ്പോർട്ടിൽ വിസ പതിച്ചിട്ടില്ല എന്നതായിരുന്നു അന്ന് അയാൾ കണ്ടുപിടിച്ച കുറ്റം. നൻന്യാങ് യൂണിവേഴ്സിറ്റിയിലെ റിസേർച്ച് സയന്റിസ്റ്റ് എന്നു മുദ്രണം ചെയ്തു ഫോട്ടോപ്രിന്റുചെയ്ത എന്റെ ഐഡന്റിറ്റി കാർഡും സിംഗപ്പൂർ മിനിസ്റ്റിറി ആഫ് മാൻ പവർ ഇഷ്യൂ ചെയ്ത എംപ്ലോയിമന്റ് പാസിനുമൊന്നും അയാളെ കൺവിൻസ് ചെയ്യാൻ കഴിഞ്ഞില്ല. അവസാനം യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഫോട്ടോയും ഡെസിഗ്നേഷനും കാണിച്ചു കൊടുക്കേണ്ടി വന്നു അന്ന് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാൻ. പക്ഷേ പാസ്പോർട്ട് തിരികെ തരുമ്പോൾ, ഒരു ക്ഷമപറഞ്ഞ് കൈ പിടിച്ചു കുലുക്കുമ്പോൾ അയാളുടെ മുഖത്ത് പടർന്ന ജാളയത നീട്ടിവളർത്തിയ മുടി തരുന്ന വിസിബിലിറ്റി നൽകിയ രസകരമായ ഒരു അനുഭവമാണ്. എന്നാൽ രസകരമായ ഈ സാമൂഹികാനുഭവങ്ങൾ എന്നെ കൊണ്ട് ചിന്തിപ്പിക്കുന്നത് പരിഷ്ക്യതരന്നു സ്വയം വിശേഷിപ്പിക്കുന്ന നമ്മുടെ സമൂഹത്തിനെ ഗ്രസിച്ചിരിക്കുന്ന അപകടകരമായ പപ്പരാസിത്തരത്തെ കുറിച്ചാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്നും ഏതാണ്ട് അറുപത്തഞ്ച് വർഷങ്ങൾക്ക് മുൻപേ നമുക്ക് സ്വാതന്ത്യം കിട്ടിയിട്ടും മറ്റുള്ളവരുടെ വ്യക്തിപരമായ സ്വാതന്ത്യത്തിലേക്കുള്ള അനാവശ്യപരമായ ഇടപെടലുകളിൽ നിന്നും സ്വാതന്ത്യം നേടുവാൻ നമുക്ക് കഴിഞ്ഞിട്ടില്ല. സ്വന്തം തലയിൽ വളരുന്ന തലമുടി വെട്ടാനും വളർത്താനും, ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനും, പൊതുനിരത്തുകളിലൂടെ രാപകൽ വ്യത്യാസമില്ലാതെ ആണിനും പെണ്ണിനും ഒന്നിച്ചോ ഒറ്റക്കോ സഞ്ചരിക്കാനുള്ള സ്വാതന്ത്യം അനുവദിക്കുന്ന ഒരു സമൂഹം വളർന്നു വരുമന്ന പ്രത്യാശയോടെ, സങ്കുചിതമായ സ്വന്തം ചിന്താഗതികളെ നമുക്ക് കൊത്തിയുടച്ച്, വരും തലമുറയെ, നമ്മൾ അടക്കി അനുശീലിക്കേണ്ടി വരുന്ന ചെയ്‌വനകളിൽ നിന്നും സ്വതന്ത്രരാക്കാൻ കഴിയുമോ എന്ന ഒരു ചിന്ത എപ്പോഴും എന്നെ അലട്ടുന്നുണ്ട്. അറിഞ്ഞും അനുഭവിച്ചും കടന്നുപോകുന്ന ദിനങ്ങളിലൂടെ എന്നും അത് ഒരു വലിയ ചോദ്യചിഹ്നമായ് എന്റെ മുന്നിലവശേഷിക്കയാണ്.....

.

2011-10-30

ഋതു പറഞ്ഞ കഥ-ഭാഗം-05  

എല്ലാറ്റിലും തുല്യപങ്കുണ്ടായിട്ടും സ്വന്തം വീട്ടുകാരുടെയും കൂട്ടുകാരുടേയും മുന്നിൽ താൻ മാത്രം തെറ്റുകാരനും സ്വവർഗ്ഗഭോഗിയുമായ് ചിത്രീകരിക്കപ്പെട്ടതിൽ അവന്‌ ആരോടും പരാതിയോ പരിഭവമോ ഇല്ല. അത് സ്വന്തം വിധി എന്നു വിശ്വസിക്കുമ്പോഴും വാവയുടെ കാപട്യമുള്ള മുഖം‍മൂടി ചീന്തി എറിയാൻ കഴിയാത്ത നിസഹായത അവനെ വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ കൊണ്ടെത്തിച്ചുകഴിഞ്ഞു. ഇനി അവൻ സത്യങ്ങൾ മുഴുവൻ പറഞ്ഞാലും അവന്റെ അമ്മപോലും അവനെ വിശ്വസിക്കാത്ത ഒരു സാഹചര്യത്തിൽ എത്തിപെട്ടിരിക്കുന്നു അവൻ. എന്നിട്ടും വാവ ഇല്ലാതെ ഒരു ലോകത്തെകുറിച്ച് ചിന്തിക്കാൻ അവന്‌ കഴിയുന്നില്ല എന്നതാണ്‌ സത്യം. ദൈവ്വം മുന്‍കൂട്ടി നിശ്ചയിച്ചുവെച്ച നിര്‍ജീവമായ ഒരു ജീവിതത്തിലൂടെയാണ് അവൻ കടന്നുപോകുന്നത്.

ഓര്‍മ്മകള്‍ സമ്മാനിച്ച മുറിവിൽ നിന്നും ഇപ്പോഴും ചോര പൊടിയുന്നു. ഒരിക്കലൂം തിരിച്ച് വരില്ല എന്ന് അറിയാം എന്നിട്ടും അവൻ കാത്തിരിക്കുന്നു. അവർ നട്ടുപിടിപ്പിച്ച മരം ഒരുപാട് വളര്‍ന്നിരിക്കുന്നു. ഋതുക്കള്‍ ആ മരത്തിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. കാലം മാറുമ്പോൾ പ്രക്യതിയും മാറും. പക്ഷേ കാലത്തിനൊപ്പം നടക്കാൻ അവന്‌ കഴിഞ്ഞില്ല. മൂകാംബികയിൽ വച്ച് ഒന്നിച്ചു ജീവിക്കുമന്ന ശപഥമെടുത്ത ദിവസം, ലോകത്തിന്റെ ഏതുകോണിലാണങ്കിലും എല്ലാവർഷവും രണ്ടുപേരും സൗപർണ്ണികാനദിയുടെ കരയിലുള്ള ആ സ്ഥലത്ത് വരുമന്ന് പരസ്പരം വാക്കുകൊടുത്തിരുന്നു. ഇന്നും അവൻ വാവയെയും പ്രതീക്ഷിച്ച് എല്ലാവർഷവും ആ നദിയുടെ കരയിൽ എത്തി നദിക്കരയെ ഇരുട്ടു വിഴുങ്ങും വരെ കാത്തിരിക്കും. കൂരിരുട്ടില്‍ അവൻ എന്താണ് തിരയുന്നത് എന്നു അവനുതന്നെ അറിയില്ല. കടന്നു പോയ പ്രകാശത്തിന്റെ നിഴൽപാടുകളാണോ അവൻ തിരയുന്നത്? എവിടയോ അലയുന്ന പ്രകാശത്തെ തന്‍റെ നെഞ്ചില്‍ ആവാഹിക്കാന്‍ കാത്തിരിക്കുന്ന ഇരുട്ട് അവനെ വല്ലാതെ ശ്വാസംമുട്ടിക്കുന്നു. അവൻ ചോദിക്കുന്നു, ഇരുട്ടിലേക്ക് സ്വപ്നങ്ങളെ നാം കടത്തിവിടുന്നത് എന്തിനാണ്? കണ്ടുതീരുന്ന സ്വപ്നങ്ങള്‍ ഇരുട്ടില്‍ നിഴലായി നമ്മളില്‍ നിന്നും പൊഴിഞ്ഞു പോകുന്നുണ്ടാവാം. ഇരുട്ടില്‍ ഉതിരുന്ന വാക്കുകള്‍ സ്വപ്നത്തിലേക്ക് ഉള്ള പാതിവഴിയിലാണ്. ജീവന്റെ ഒരു ഭാഗത്തെ ഹ്യദയത്തിൽ നിന്നടർത്തി മാറ്റാൻ കഴിയാതെ അവൻ ഇന്നും നമുക്ക് മുന്നിൽ കിടന്നു പിടയുകയാണ്‌. ചിലര്‍ ജീവിച്ചിരിക്കേ നഷ്ടപ്പെടുന്നു. മറ്റു ചിലരാകട്ടെ, നഷ്ടപ്പെട്ടിട്ടും ഹ്യദയങ്ങളിൽ ജീവിക്കുന്നു. ചിതറുന്ന മൂല്യങ്ങളും, ചിതലരിച്ച സ്നേഹബന്ധങ്ങളും നമ്മെ അസ്വസ്ഥ മാനസരാക്കുമ്പോൾ, നഷ്ടപ്പെടലിന്റെ വേദയിൽ പുളയുന്ന ഒരുവന്‌ ബന്ധങ്ങളെ തിരിച്ചറിയാനുള്ള വിവേകം നശിക്കുന്നു.

എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും, എത്രയൊക്കെ ആഗ്രഹിച്ചിട്ടും, രാത്രികാലങ്ങളിൽ വാവയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലല്ലോ ഈശ്വരാ എന്നവൻ നിലവിളിക്കുന്നു. ഋതുക്കൾ മാറിവരുന്നത്‌ പോലെ ഒഴിവാക്കാന്‍ ആവാത്ത ഏതോ ഒരു വിധി അവരെ അകറ്റിയിരിക്കുന്നു എന്നവൻ വിശ്വസിക്കുന്നു.......ഭീതിപ്പെടുത്തുന്ന ഏകാന്തതമാത്രമുള്ള മരണതാളം മുറുകുന്ന അവന്റെ കൊച്ചു ലോകത്തേക്ക് അവൻ വീണ്ടും തനിച്ചായി... വേദനയോടെ ആ സത്യം അവൻ അറിയുന്നു. ഇന്നലകളുടെ തിരുശേഷിപ്പുകള്‍ പേറിയുള്ള അവന്റെ ഈ യാത്ര അവനു നന്നേ മടുത്തിരിക്കുന്നു. ഓര്‍മകളുടെ ഈ കൂട്ടില്‍ നിന്നും അവന്‌ പറന്ന് അകലാൻ സമയമായിരിക്കുന്നു. പക്ഷേ അവന്റെ ചിറകുകള്‍ കരിഞ്ഞു. ഓര്‍മകള്‍ തണുത്തുറഞ്ഞ ഈ കൂട്ടില്‍ നിന്നും പുറത്തു കടക്കാന്‍ അവന്‌ കഴിയുന്നില്ല....ഓർമ്മകളിലും ജീവിതത്തിലും സങ്കടങ്ങള്‍ കൊണ്ട് മഴവില്ല് തീർത്ത്, മ്ലാനതയാർന്ന ഒരു യുവത്വം കൂടി നമുക്കുമുന്നിൽ എരിഞ്ഞടങ്ങുകയാണ്.
.

2011-10-19

ഋതു പറഞ്ഞ കഥ-ഭാഗം-04  

ഒരു വ്യഘ്രത്തെപോലെ അവൻ വാവയെ പിടിച്ചു വലിച്ചു നിലത്തിട്ടു. വാവയുടെ മുഖത്ത് ആഞ്ഞടിച്ചു. കത്തി എടുത്ത്‌ നെഞ്ചിലേക്ക് ആഞ്ഞാഞ്ഞു കുത്തി. മരണ വെപ്രാളത്തോടെ ഉരുണ്ടുമാറിയ വാവ ‌ കത്തിയുടെ വായ്ത്തലയിൽ പിടുത്തമിട്ടു. ബലപ്രയോഗത്തിനൊടുവിൽ ചോരയൊലിക്കുന്ന കൈകൊണ്ട് വാവ കത്തി പിടിച്ചു വാങ്ങി ദൂരെ എറിഞ്ഞു. കൈകള്‍ കൂപ്പി എന്നെ ഒന്നും ചെയ്യരുത് എന്നു കരഞ്ഞു പറഞ്ഞു. അത് വകവെയ്ക്കാതെ അവൻ ബെല്‍റ്റ്‌ ഊരി വാവയെ തലങ്ങും വിലങ്ങും അടിച്ചു. കഴുത്തിൽ കുരിക്കിട്ട് വലിച്ചു. ശ്വാസം കിട്ടാതെ വാവ കിടന്നു പിടഞ്ഞു. വാവയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു. മരണ വെപ്രാളത്തോടെ ഒരിറ്റു ശ്വാസംകിട്ടാനായ് കിടന്നു പിടക്കുന്ന വാവയുടെ മുഖം കണ്ടപ്പോള്‍ അവനു സഹിച്ചില്ല. അവനറിയാതെ കുരുക്കിലെ പിടി അയഞ്ഞു. ബൽറ്റിലെ പിടിവിട്ടുകൊണ്ട് അവൻ വാവയുടെ കാലില്‍ വീണു. വാവയെ ഞാന്‍ മറ്റാര്‍ക്കും കൊടുക്കില്ല എന്നെ വിട്ടു പോകരുതെന്ന് കേണപേക്ഷിച്ചു. വീണുകിട്ടിയ നിമിഷ നേരം കൊണ്ട് അവന്റെ കൈ വിടുവിച്ച് വാവ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. അപ്പോഴേക്കും അവൻ തളര്‍ന്നു റൂമില്‍ വീണിരുന്നു...അല്പനേരം കഴിഞ്ഞു ഒരാള്‍ വാവയുമായി വന്നു. അതു വാവയുടെ പുതിയ കൂട്ടുകാരന്‍ അയിരുന്നു...പിന്നീട് അവിടെ നടന്നത് ഒന്നും വ്യക്തമായി അവന്‌ ഓര്‍ക്കാന്‍ കഴിയുന്നില്ല..വാഗ്വാദങ്ങൾ, കണക്കുകൾ, വധശ്രമം, കേസ്, കോടതി, ഭീഷണി....രാത്രി വളരെ വൈകി വീട്ടില്‍ വന്നു. അമ്മ വന്നു വാതിൽ തുറന്നു. എന്തോ പന്തികേടു തോന്നിയതുകൊണ്ട് അവർ ഒന്നും ചോദിച്ചില്ല. ഒന്നും മിണ്ടാതെ മുകളിലെ അവന്റെ മുറിയിലേക്ക് പോയി കട്ടിലിൽ വീണു.....കണ്ണുതുറക്കുമ്പോള്‍ മരുന്നിന്റെ മനം മടുപ്പിക്കുന്ന ഒരു ഹോസ്‌പിറ്റല്‍ വാർഡിലായിരുന്നു അവൻ. നടന്നതൊന്നും എന്താണന്നറിയാതെ അവന്റെ അമ്മ അടുത്തിരുന്നു കരയുന്നു. പലവട്ടം വാവയെ വിളിക്കുന്നു. വാവ ഫോൺ എടുക്കുന്നില്ല...

ഉപദേശങ്ങൾ, കുറ്റപ്പെടുത്തലുകൾ, മരുന്നുകൾ, കൗൺസിലിംങ്....ഹോസ്പിറ്റലില്‍ നിന്നും ഡിസ്‍ചാർജ് ചെയ്തു വീട്ടിലെത്തി മൂന്നാലു ദിവസങ്ങൾ കഴിഞ്ഞ് ഒരു രാത്രി അവൻ വാവയെന്നുറക്കെ നിലവിളിച്ചു ഞെട്ടിയുണർന്നു. അമ്മ വന്നു പുലരുവോളം അവന്റെ അടുത്തിരുന്നു. ഒരു ദിവസം സന്ധ്യാ നേരം നിലവിളക്കുകൊളുത്തി നാമജപം കഴിഞ്ഞ് മുറിയിലേക്ക് വന്ന അമ്മ കണ്ടത് അടച്ചിട്ട മുറിയിൽ കൈതണ്ടയിലെ ഞരമ്പു മുറിച്ച് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന അവനെയാണ്‌. അന്ന് മുറിയുടെ വാതിൽ അകത്തുനിന്നും പൂട്ടാതിരിക്കാൻ അവർ കതകിന്റെ ഓടാമ്പലുകൾ പിഴുതുമാറ്റി. ഒരു ദിവസം കൂളിക്കാനായ് പോയ അവർ ഒരു ഉൾവിളിയിൽ തിരികെ വന്നു നോക്കിയപ്പോൾ ഫാനിൽ കുരിക്കിട്ടുകൊണ്ട് നിൽക്കുന്ന അവനെയാണ്‌ കാണുന്നത്. അന്നുമുതൽ രാവും പകലും ഒരുപോലെ ഉറക്കമില്ലാതെ ആ അമ്മ മകന്‌ കൂട്ടിരുന്നു. ഇടക്ക് തേങ്ങികരഞ്ഞും പരിഭവിച്ചും നിശബ്ദയായും അവന്റെ കട്ടിലിൽ വന്നിരുന്നു വാരിയൂട്ടി. അച്ഛൻ അവനോട് സംസാരിക്കതെയായി. അവരോട് എന്തു പറയണമന്നും എങ്ങനെ ആശ്വസിപ്പിക്കണമന്നും അറിയാതെ വിഷമിച്ച ദിവസങ്ങൾ. രണ്ടു ആഴ്ച കൊണ്ടു അവന്റെ ഭാരം പത്തൊന്‍പതു കിലോയോളം കുറഞ്ഞു. വാവപോലും അവനെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു കോലമായി മാറി‍. അവന്റെ സ്വപ്നങ്ങള്‍ തന്നിൽ നിന്ന് പറന്ന് അകന്നു കഴിഞ്ഞിരിക്കുന്നുവന്ന് അവനറിഞ്ഞു തുടങ്ങി. പലതവണ അവൻ വാവയോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ അയാൾ അതിന്‌ തയ്യാറായിരുന്നില്ല. ആശുപത്രിയുടെ ഇടുങ്ങിയ വരാന്തയില്‍, മരണത്തിന്റെ മണമുള്ള കിടക്കയിൽ അവൻ ഒറ്റയ്ക്ക് മണിക്കൂറുകള്‍ ആരെയോ കാത്ത്, ആരുടെയോ സാമിപ്യത്തിനായി കൊതിച്ചുകൊണ്ട് ദിവസങ്ങൾ കഴിച്ചുകൂട്ടി. മാനസികമായി പൂര്‍ണമായും തളര്‍ന്ന അവനെ രണ്ടുമാസത്തെ ചികില്‍സകള്‍ക്കു ഒടുവില്‍ അവന്റെ അമ്മ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്നു. എന്നാല്‍ പിന്നീടൊരിക്കലും വന്യമായ ഏകാന്തതയും മൗനവും അവനെ വിട്ടുപോയില്ല എന്നതായിരുന്നു സത്യം. അതിനു ശേഷം അവൻ വാവയെ കണ്ടിട്ടില്ല സംസാരിച്ചിട്ടില്ല ഫോണിൽപോലും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല. ഇന്ന് അവനെ അയാൾ ഓര്‍ക്കുന്നുണ്ടാവുമോ എന്നുപോലും അറിയില്ല. പക്ഷേ അവൻ ഇന്നും ഓരോ നിമിഷവും അവനെ ഒരുപാട് സ്നേഹിച്ച, അവനെ സ്നേഹിക്കാനും പങ്കുവയ്ക്കാനും പഠിപ്പിച്ച അവന്റെ വാവയെ കുറിച്ചോർക്കും. നഷ്ടപ്പെട്ടുപോയ ദിനങ്ങൾ മനസ്സിൽ തികട്ടിവരും.

എല്ലാ ആഴ്ച്ചയും പതിവായി അവനെ വിളിച്ചിരുന്ന വാവയുടെ അമ്മയും പിന്നീട് ഒരിക്കലും അവനെ വിളിച്ചിട്ടില്ല. അവൻ വിളിക്കുമ്പോഴൊക്ക ഫോൺ എടുത്തിട്ട് ഇനി മേലിൽ വിളിക്കരുതന്ന് താക്കീത് ചെയ്ത് ഫോൺ വയ്ക്കും. വാവയുടെ അമ്മയും ഏട്ടന്മാരും അവനെ അത്രത്തോളം വെറുത്തു കഴിഞ്ഞിരുന്നു. അവനെ അനുജനെപ്പോലെ സ്നേഹിച്ച തന്റെ മകനെ സ്വവർഗ്ഗാനുരാഗത്തിനും സ്വവർഗ്ഗ ഭോഗത്തിനും പ്രേരിപ്പിക്കുകയും അതിന്‌ തയ്യാറാകാത്തതിനാൽ വധിക്കാൻ ശ്രമിക്കുകയും ചെയ്ത ഒരുവനോട് ഏതമ്മക്കാണ്‌ ക്ഷമിക്കാൻ കഴിയുക? വാവ സത്യങ്ങൾ മൂടിവച്ചുകൊണ്ട് ഋതു സ്വർഗ്ഗാനുരാഗിയാണന്ന് ധരിപ്പിച്ച് അവനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കായാണന്ന് സ്വന്തം അമ്മയോടും ഏട്ടന്മാരോടും പറയുമ്പോൾ അവർ അത് അക്ഷരം പ്രതിവിശ്വസിക്കുമ്പോൾ എങ്ങനെ അവരെ കുറ്റം പറയാനാവും?
തുടരും........

2011-10-06

Oh..My God, the man passed away?  

ഒരു യുഗപുരുഷന്റെ അന്ത്യം-സ്റ്റീവ് ജോബ്സ് ഇനി ഓർമ്മകൾ മാത്രം

ജീവിച്ചിരിക്കുന്ന അപൂർവ്വം ചിലരെ വിശേഷിപ്പിക്കുവാൻ നമുക്ക് ഭാഷ ഇന്നും ഒരു വലിയ കടമ്പയാണ്. ഭാവനാ സ്യഷ്ടിയിൽ നിന്നും ജനിപ്പിച്ചെടുക്കുന്ന അതിഭാവുകത്വം നിറഞ്ഞ വാക്കുകൾ അപര്യാപ്തമായ് വരുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു ഒരു നിമിഷത്തിലേക്കാണ് സ്റ്റീവ് ജോബ്‌സിന്റെ മരണം എന്നെ തള്ളിയിട്ടിരിക്കുന്നത്. ലോകത്ത് വിവര സാങ്കേതിക വിദ്യയിൽ ഒരു വിപ്ലവം സ്യഷ്ടിച്ചുകൊണ്ട് കടന്നു വന്ന ആപ്പിൾ എന്ന മൾട്ടിനാഷണൽ കമ്പനിയുടെ സ്ഥാപകനും മുന്‍ സി.ഇ.ഒ.യുമായ സ്റ്റീവ് ജോബ്‌സ് (56)കാലിഫോര്‍ണിയയിലെ പാലൊ ആള്‍ട്ടോയിൽ അന്തരിച്ചു. സ്റ്റീവിന്റെ രോഗവിവരം ലോകം അറിഞ്ഞുതുടങ്ങിയത് 2011-ൽ ആയിരുന്നങ്കിലും 2003 മുതൽ കാൻസറിന് ചികിൽസയിലായിരുന്നു അദ്ദേഹം. പാന്‍ക്രിയാസിന് ബാധിച്ച അപൂർവ്വ കാന്‍സറിനെ അൽഭുതപൂർവ്വമായ ധൈര്യംകൊണ്ട് മറികടന്നങ്കിലും നീണ്ടനാളത്തെ ചികിൽസ പിടികൂടിയ അനാരോഗ്യമായിരുന്നു അദ്ദേഹത്തിന്റെ മരണ കാരണം. ഏതാനും വര്‍ഷമായി രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണം ശാസ്ത്രസമൂഹം പ്രതീക്ഷിച്ചിരുന്നതു തന്നയാണ്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നുള്ള ആനാരോഗ്യം കാരണം ഈ വര്‍ഷം ആഗസ്ത് 24-ന് അദ്ദേഹം ആപ്പിളിന്റെ സി.ഇ.ഒ. സ്ഥാനം ഒഴിഞ്ഞിരുന്നു. എങ്കിലും കമ്പനിയുടെ ചെയര്‍മാന്‍ ഇപ്പോഴും സ്റ്റീവ് ജോബ്‌സ് തന്നെയാണ്.

1970-ൽ തന്റെ ഇരുപതാം വയസ്സിൽ, സ്റ്റീവ് വോസ്‌നിയാക്കി, മൈക്ക് മര്‍ക്കുല എന്നിവര്‍ക്കൊപ്പം മാതാപിതാക്കളുടെ ഗാരേജില്‍ സ്റ്റീവ് ജോബ്‌സ് തുടക്കം കുറിച്ച ആപ്പിൾ, പെഴ്‌സണല്‍ കമ്പ്യൂട്ടര്‍, മാക്ക്, ഐ പാഡ്, ഐ ഫോണ്‍, ഐ പോഡ് തുടങ്ങിയ ലോകത്തിന് സമ്മാനിച്ചു. കമ്പനിയുടെ സ്ഥപകരിലൊരാളായിട്ടും, അധികാര വടംവലിയെ തുടർന്ന് 1985-ല്‍ സ്റ്റീവ് പുറത്തായി. പിന്നീട് 1997-ല്‍ കമ്പനിയുടെ മേധാവിയായി തിരിച്ചെത്തിയ അദ്ദേഹം വിപ്ലവകരമായ മാറ്റങ്ങളിലൂടെ ആപ്പിളിനെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാക്കി മാറ്റി. ആപ്പിളില്‍ നിന്ന് പുറത്തായ കാലത്ത് കമ്പ്യൂട്ടര്‍ പ്ലാറ്റ്‌ഫോമായ നെക്‌സ്റ്റും ആനിമേഷന്‍ കമ്പനിയായ പിക്‌സറും അദ്ദേഹം ആരംഭിച്ചു. 1996ല്‍ നെക്‌സ്റ്റിനെ ആപ്പിള്‍ സ്വന്തമാക്കിയതോടെയാണ് ജോബ്‌സ് വീണ്ടും തന്റെ മാതൃകമ്പനിയില്‍ തിരിച്ചെത്തിയത്. നെക്‌സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമായതെന്നും ആപ്പിള്‍ അന്ന് തന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഐ ഫോണും ഐ പാഡും ഒന്നും സംഭവിക്കില്ലായിരുന്നുവന്നും സ്റ്റീവ് ഒരിക്കൽ പറഞ്ഞിരുന്നു.


അവിവാഹിതരായ രണ്ട് സര്‍വകലാശാലാ വിദ്യാര്‍ഥികളായ അബദുള്‍ഫത്ത ജോ ജന്‍ഡാലിയുടെയും ജോവാനി ഷീബിളിന്റെയും മകനായി 1955 ഫിബ്രവരി 24ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ജനിച്ച സ്റ്റീവ് ജോബ്‌സനെ, പോള്‍-ക്ലാര ജോബ്‌സ് ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. ആ ദത്തെടുക്കല്‍ നടന്ന് മാസങ്ങള്‍ക്ക് ശേഷം സ്റ്റീവിന്റെ യഥാര്‍ഥ മാതാപിതാക്കള്‍ വിവാഹിതരാവുകയും അവര്‍ക്ക് മോന എന്ന് ഒരു മകള്‍ ജനിക്കുകയും ചെയ്തു.എന്നാൽ അവള്‍ യൗവ്വനത്തിലെത്തും വരെ സ്റ്റീവ് തന്റെ സഹോദരനാണെന്ന് അറിഞ്ഞിരുന്നില്ല. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പോർട്‌ലണ്ടിലെ റീഡ് കോളജിൽ ബിരുദത്തിനായി ചേർന്നങ്കിലും ആദ്യ സെമസ്റ്ററിൽ തന്നെ കോളജിൽ നിന്നും പുറത്തായി. ഉറങ്ങാന്‍ സ്ഥലമില്ലാതിരുന്നതുകൊണ്ട് കൂട്ടുകാരുടെ മുറിയില്‍ അന്തിയുറങ്ങുകയും നിത്യവൃത്തിക്കായി കൊക്കക്കോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ചും ഹരേകൃഷ്ണ ക്ഷേത്രത്തിലെ സൗജന്യ ഭക്ഷണം കഴിച്ചും കടന്നുപോയ സ്റ്റീവ് ജോബ്‌സ് റീഡിൽ പാർട്ട് ടൈം കാലിഗ്രാഫി ക്ലാസിൽ ചേർന്നു. അന്ന് കോളജിൽ നിന്നും പുറത്താക്കിയില്ലായിരുന്നങ്കിൽ മാകിന്റോഷിൽ മൾട്ടിപ്പിൾ ടൈപ്പ് ഫേസുകളോ ക്യത്യതയുള്ള ഫോണ്ടുകളോ ഉണ്ടാകുമായിരുന്നില്ല എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.


മരിക്കുമ്പോള്‍ 8300 ദശക്ഷം ഡോളർ ആസ്തിയുണ്ടായിരുന്ന സ്റ്റീവ് ലോകത്തിൽ ഏറ്റവും കുറവ് ശമ്പളം പറ്റുന്ന സി.എ.ഒ ആയിരുന്നു. വർഷം ഒരു ഡോളർ ആയിരുന്നു അദ്ദേഹത്തിന്റെ ശമ്പളം. കമ്പനിയുടെ വളർച്ചക്കായി പ്രഗൽഭരായ പലേരേയും സ്റ്റീവ് സി.എ.ഒ മാരായി നിയമിച്ചു. ഒരുകാലത്ത് വഴിയോരത്തുനിന്നും കോളയുടെ കുപ്പി പെറുക്കി വിറ്റ് ഭക്ഷണം കഴിച്ചിരുന്ന സ്റ്റീവ് 1983-ൽ പെപ്സി കോളയിലെ ജോൺ സ്കള്ളിയെ സി.ഇ.ഒ ആയി ക്ഷണിക്കുമ്പോൾ ചോദിച്ചത് 'നിങ്ങൾ വെള്ളവും പഞ്ചസാരയും വിൽക്കാൻ ആഗ്രഹിക്കുന്നുവോ അതോ എന്റെ കൂടെ ചേർന്ന് ലോകം മാറ്റി മറിക്കുന്നുവോ' എന്നായിരുന്നു.

ആപ്പിള്‍ കമ്പനി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന 1997-ലാണ് സ്റ്റീവ് വീണ്ടും ആപ്പിൾ കമ്പനിയുടെ പടികയറുന്നത്. ആപ്പിളിൽ തിരിച്ചെത്തിയ ശേഷം തന്റെ ഓരോ ഭാവനകളെയും ഒന്നൊന്നായി യാഥാർത്ഥ്യമാക്കികൊണ്ട് സ്റ്റീവ് ലോകത്തെ മുഴുവൻ മറ്റിമറിക്കുന്ന കാഴ്ചയാണ് കണ്ടത്. സമാനതകളില്ലാതെ സ്റ്റീവ് സൃഷ്ടിച്ച സുവർണ്ണ ചകോരങ്ങൾ മാക് ബുക്കുകളുടെയും ഐപാഡിന്റെയും രൂപത്തില്‍ നമ്മുടെ മേശപ്പുറങ്ങളിലും, ഐപാഡിന്റെയും ഐഫോണിന്റെയും രൂപത്തില്‍ നമ്മുടെ കീശകളിലും, ഐട്യൂണ്‍ സ്‌റ്റോറിന്റെയും ആപ്പിള്‍ ആപ് സ്റ്റോറിന്റെയും രൂപത്തില്‍ ഇന്റർ നെറ്റിലുമ് ചരിത്രം രച്ചിച്ചു. 2011 ആഗസ്ത് 25-ന് സ്റ്റീവ് ആപ്പിളിന്റെ സി.ഇ.ഒ പദം ഒഴിഞ്ഞപ്പോള്‍ അത് വിവര സാങ്കേതികവിദ്യയിൽ മനുഷ്യൻ കുതിച്ചുചാട്ടം നടത്തിയ ഒരു യുഗത്തിന്റെ അവസാനമായി. ഇന്നലെ ഒരു പുതിയ ഐഫോൺ ലോകത്തിന് സമ്മാനിച്ചുകൊണ്ട് അദ്ദേഹം യാത്രയായിരിക്കുന്നു. തന്റെ അവസാന ഉത്പന്നവും പുതുതലമുറയിലെത്തിച്ച് ഒരു ദിവസത്തിനു ശേഷമാണ് സ്റ്റീവിന്റെ വിടവാങ്ങൾ എന്നത് ഒരു നിയോഗം തന്നെയായിരിക്കാം. ഒരു ശാസ്ത്രക്ഞ്ജൻ എങ്ങനെയായിരിക്കണമോ അതായിരുന്നു സ്റ്റീവ്. വിപ്ലവകരമായ കണ്ടുപിടുത്തങ്ങളിലൂടെ വരും തലമുറകള്‍ക്ക് ഓര്‍ക്കാന്‍ അസാധാരണമായ ഒരു ജീവിതാധ്യായം അവശേഷിപ്പിച്ചുകൊണ്ട് കടന്നുപോയ സ്റ്റീവ് ജോബ്സ്, ലോകത്തെ തന്നെ മാറ്റിമറിച്ച കണ്ടുപിടിത്തലുകളിലൂടെ നോബൽ സമ്മാനം നേടിയ അനേകം ശാസ്ത്രകഞ്ജന്മാരേക്കാൾ എന്നും ഒരുപടി മുന്നിൽതന്നയാണ് എന്നതിന് ഒരു തർക്കത്തിന്റെ ആവശ്യമില്ല.

അതുല്യ പ്രതിഭയായ സ്റ്റീവ് ജോബ്സിന് ആദരാജ്ഞലികൾ...
.

2011-09-28

ഋതു പറഞ്ഞ കഥ-ഭാഗം-03  

വാവയുടെ ഏട്ടന്റെ കല്യാണം വന്നെത്തി. അതു അവർക്ക് ഒരു ഉത്സവം അയിരുന്നു. ക്ഷണകത്തടിക്കാനും, തമിഴ്നാട്ടില്‍ നിന്നും കല്യാണപുടവ വാങ്ങാനും, കല്യാണ സദ്യക്കുള്ള വിഭവങ്ങൾ സെറ്റ് ചെയ്യാനും എല്ലാറ്റിനും ഋതു മുന്‍പില്‍തന്നെ ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് ഒന്ന് രണ്ട്‌ ആഴ്ച കടന്നു പോയി. പെട്ടന്ന്‌ വാവയുടെ സംസാരത്തില്‍ ചില മാറ്റങ്ങള്‍ വന്ന്‌ തുടങ്ങിയത് അവൻ അറിഞ്ഞു. ഒരു ദിവസം രാത്രിയിൽ വാവ അവനെ വിളിച്ച്, വാവക്കു സ്വവര്‍ഗ്ഗരതിയിൽ നിന്നും രക്ഷപ്പെടാൻ തോന്നുന്നു, അതിനു കൊച്ചിയിലെ പ്രഗൽഭനായ ഒരു മനശാസ്ത്രക്ഞന്റെ അടുത്തു നിന്നും ചികില്‍സ തേടുന്നു എന്നു പറഞ്ഞു. അത് കേട്ടപ്പോൾ എന്ത് മറുപടി കൊടുക്കണമെന്ന് അവന്‌ അറിയില്ലായിരുന്നു. വാവ തുടര്‍ന്നു, 'ഇനി മുതൽ നമുക്ക് നല്ല സുഹൃത്തുക്കളായി മാത്രമിരിക്കാം'. അവൻ വല്ലാതെ തളര്‍ന്നു പോയ ദിവസമായിരുന്നു അത്‌. അന്നു മുഴുവന്‍ സമയവും അവൻ ആലോചിച്ചു, "താൻ വാവയെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു, വാവയുടെ നന്മ ആഗ്രഹിക്കുന്നു". അതുകൊണ്ട് തന്നെ വാവയുടെ ആഗ്രഹത്തിനു അവൻ ഒരു തടസം ആകാൻ പാടില്ല‌ എന്നു മനസില്‍ ഉറപ്പിച്ചു. അന്ന് പതിവ്‌ കോളുകള്‍ പോലും അവന്റെ വാവ കൊടുത്തില്ല. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരുദിവസം വല്ലാതെ തനിച്ചായ പോലെ തോന്നി അവന്‌. രാത്രിയില്‍ അവൻ വാവയെ വിളിച്ചു. എന്നും പുലരുവോളം വാതോരാതെ അവനോടു സംസാരിക്കുന്ന വാവ മറ്റൊരു സത്യംകൂടി പറഞ്ഞു. വാവ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നു, വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. അവന്റെ കണ്ണിൽ ഇരുട്ട് കയറുന്നപോലെയും ഭൂമി കീഴ്‍മേൽ മറിയുന്നതുപോലെയും അവനു തോന്നി. തന്റെ നിയന്ത്രണം വിട്ടുപോകുന്നതും തനിക്കു ചുറ്റും എന്താണു സംഭവിക്കുന്നതെന്നും മനസിലാക്കുവാൻ കഴിയാത്ത അവസ്ഥ. രാത്രിയിൽ ഒരു ഭ്രാന്തനെ പോലെ അവൻ ഉറക്കെ കരഞ്ഞു. അവനോട് ഒന്ന് സംസാരിക്കാന്‍, ഒന്നു ആശ്വസിപ്പിക്കാൻ അവന്റെ വാവ തയ്യാറായില്ല. ആ രാത്രി ഇന്നലെപ്പോലെ ഇപ്പോഴും അവൻ ഓര്‍ക്കുന്നു. ഇരുട്ടിനെ കീറിമുറിക്കുന്ന മിന്നലിന്റെ വെളിച്ചത്തിൽ കരഞ്ഞുകൊണ്ട് മുറിയില്‍ ഒരു ഭ്രാന്തനെ പോലെ ആരെയോ തിരഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വെളിയിൽ തിമിർത്ത് പെയ്യുന്ന മഴ അവന്റെ ഒച്ചയെ മുക്കികളഞ്ഞു.

നേരം പുലർന്നു. അവന്‌‌ വാവയെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ അയാൾ ഫോൺ എടുക്കുന്നില്ല. ഒരു വാശിപോലെ നിർത്താതെ അവൻ വിളിച്ചുകൊണ്ടിരുന്നു. അവന്റെ മനസിന്റെ സര്‍വ്വ നിയന്ത്രണവും നഷ്ടമാകുന്നപോലെ തോന്നി. ആ ദിവസം വെള്ളമോ, ആഹാരമോ കഴിക്കാൻ അവന്‌‌ തോന്നിയില്ല. ചോറു വിളമ്പി വെച്ച് അമ്മ വന്നു വിളിച്ചപ്പോൾ വിശക്കുന്നില്ല, ഇപ്പോൾ വേണ്ട എന്നു കള്ളം പറഞ്ഞു. രാവിലെയും വൈകിട്ടും അമ്മ കൊണ്ടുകൊടുത്ത ചായ വാഷ് ബേസിനിൽ കമഴ്‍തി പൈപ്പ് തുറന്നു വിട്ടു. രാത്രിയിൽ കൂട്ടിലിട്ട വെരുകിനെപോലെ മുറിയിൽ ഉലാത്തികൊണ്ടിരുന്നു. ഇടക്ക് മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞിടിച്ചു. ക്ഷീണം കാരണം അന്ന് പുലര്‍ച്ചെ എപ്പോഴോ അവൻ ഒന്ന് മയങ്ങി. നേരം പുലര്‍ന്നപ്പോള്‍ അവന്‌ വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. എന്നിട്ടും ആഹാരം കഴിക്കാൻ തോന്നിയില്ല. ആ ദിവസം മുഴുവൻ അവൻ അവന്റെ മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടി. ഇടക്കെപ്പോഴങ്കിലും ഫോൺ റിം‍ങ് ചെയ്താൽ ഓടിചെന്ന് എടുത്തു നോക്കും. വീണ്ടും നിരാശനാകും. എന്താണ് വാവ തന്നോട് ഇങ്ങനെ എന്നവൻ അവനോട് തന്നെ അവർത്തിച്ചു ചോദിച്ചു കൊണ്ടിരുന്നു.

അവരുടെ ഫോണുകള്‍ തമ്മിൽ ഫ്രീ കോളുകള്‍ അയിരുന്നു. പോസ്റ്റ്‍ പെയ്ഡ് ആയതിനാല്‍ വാവയുടെ കോൾവിവരങ്ങള്‍ അവന്‌ ഇന്റർനെറ്റ് വഴി അറിയാമായിരുന്നു. കൺക്ഷൻ പ്രൊവൈഡറിന്റെ വെബ്സൈറ്റിൽ അവൻ ലോഗിൻ ചെയ്ത് വാവയുടെ മൊബൈലിൽ നിന്നും പോകുകയും വരികയും ചെയ്യുന്ന കോളുകൾ പരിശോധിച്ചു. വാവ തന്റെ നമ്പരിലേക്കുള്ള ഫ്രീ കോൾ മറ്റൊരു നമ്പറിലേക്ക് മാറ്റിയിരിക്കുന്നു‍. അത് വാവയുടെ കൂട്ടുകാരിയുടെ ഫോൺ നമ്പറായിരിക്കുമന്ന് അവൻ ഊഹിച്ചു. അവന്റെ മനസില്‍ ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. ആ ഫോൺ നമ്പറിലേക്ക് തുടരെ അവൻ വിളിച്ചു. പക്ഷേ ഫോൺ എടുക്കുന്നില്ല. അവസാനം എങ്ങനെയും ആ ഫോൺനമ്പർ ആരുടേതാണന്ന് കണ്ടെത്താൻ അവൻ തീരുമാനിച്ചു.

രാവിലെ തന്നെ അവൻ കോട്ടയം സി.എം.എസ് കോളേജിലുള്ള ആൻമേരി എന്ന തന്റെ സുഹ്യത്തിന്റെ അടുത്തെത്തി. അവളെകൊണ്ട് മറ്റൊരു ഫോൺ നമ്പറിൽനിന്നും വിളിപ്പിക്കുക. അത് വാവയുടെ കൂട്ടുകാരിയുടെ ഫോൺ നമ്പറാണോ എന്ന് ഉറപ്പാക്കുക. എങ്കിൽ എല്ലാം ആ പെൺകുട്ടിയോട് തുറന്നു പറയുക വാവയുമായുള്ള ബന്ധത്തിൽ നിന്നും അവളെ പിന്തിരിപ്പിക്കുക. അതുമാത്രമായിരുന്നു അവന്റെ ലക്ഷ്യം. കാരണം വാവയെ ആര്‍ക്കും വിട്ടുകൊടുക്കാന്‍ അവന്‍ തയ്യാറല്ലായിരുന്നു. അവൻ കൊടുത്ത നമ്പറിലേക്ക് ആൻമേരി തന്റെ ഫോണിൽ നിന്നും ഡയല്‍ ചെയ്തു. ഒറ്റ റിം‍ങിൽ തന്നെ ഫോൺ എടുത്തു. ഹലോ ഇതാരാണ്‌ എന്ന ചോദ്യത്തിന്‌ "ഞാൻ ഋതുവിന്റെ സുഹ്യത്താണ്‌ എന്ന്" അവള്‍ മറുപടി പറഞ്ഞപ്പോഴേക്കും മറുതലക്കൽ നിന്നും ഫോൺ കട്ടുചെയ്തു. പിന്നീട് എത്ര വിളിച്ചിട്ടും ഫോൺ എടുക്കിന്നില്ല. ഏതോ പുരുഷനാണ്‌ ഫോൺ എടുത്തതന്ന് അവൾ പറഞ്ഞതുകേട്ട അവൻ ആകെ തകര്‍ന്നു പോയി. എന്നിട്ടും അവന്റെ വാവ അവനോടു അങ്ങനെ ഒരിക്കലും ചെയ്യില്ല്ല്ല എന്നു സ്വയം വിശ്വസിച്ചു. വീടുവരെ എങ്ങനെ അവൻ ഡ്രൈവ് ചെയ്തു എന്നു ഇപ്പോഴും അവൻ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. വീട്ടില്‍ എത്തി അവൻ പലവട്ടം വാവയെ വിളിച്ചു. ഒടുവില്‍ വാവ കോള്‍ എടുത്തു. അവൻ ആ ഫോൺ നമ്പറിനെപറ്റി ചോദിച്ചപ്പോള്‍ അത് വാവയുടെ പുതിയ കൂട്ടുകാരന്‍ ആണെന്ന് പറഞ്ഞു. അവന്റെ സര്‍വ്വ നിയന്ത്രണവും നഷ്ടമായി ഒരു ഭ്രാന്തനെ പോലെ അവൻ ഉറക്കെ നിലവിളിച്ചുകൊണ്ട് തല ജനല്‍ കമ്പികളില്‍ ആഞ്ഞിടിച്ചു. നിനക്ക് എന്താ വട്ടുപിടിച്ചുവോ എനു ചോദിച്ചുകൊണ്ട് വാവ ഫോൺ കട്ടുചെയ്തു.

ആ രാത്രിയും അവന്‌ ഉറങ്ങാൻ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് ഓരോന്നോർത്തു കരഞ്ഞു. വാവയോടൊപ്പം ചിലവിട്ട നിമിഷങ്ങൾ. യാത്ര ചെയ്ത സ്ഥലങ്ങൾ, ഉറങ്ങാതെ വാവയുടെ മടിയിൽ തലവച്ച് ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയിരുന്നു കഥ പറഞ്ഞ രാത്രികൾ. മാറിൽ പതിഞ്ഞ വാവയുടെ നഖപാടുകളിലൂടെ വിരലോടിക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ട് തന്റെ ലോകം ശൂന്യമായതുപോലെ അവന്‌ തോന്നി. കടിഞ്ഞാണില്ലാത്ത ചിന്തകളുടെ ഒടുവിൽ പ്രതികാരം അവന്റെ മനസ്സിനെ കീഴടക്കി. ഒടുവില്‍ അവനെ തള്ളിപ്പറഞ്ഞ അവന്റെ വാവയെ കൊന്നിട്ട് ആത്മഹത്യ ചെയ്യാൻ അവൻ തീരുമാനിച്ചു.

എവിടെ വച്ച് എങ്ങനെ വാവയെ കൊല്ലണം, മരിക്കണം എന്നൊക്കെ അവൻ മനസ്സിൽ തീരുമാനിച്ചുറച്ചു. ഷോൾഡർ ബാഗിൽ രണ്ടുകത്തിയും ഒരു കയറും കരുതി വച്ചു. രാവിലെ ഒൻപതു മണിക്ക് വാവ ജോലിക്ക് പോകുന്നതിനു മുൻപ് താമസിക്കുന്നിടത്തെത്തണം. പുലർച്ചെ നാലര മണിയോടെ കാറും എടുത്ത് വാവയെ കാണാന്‍ എറണാകുളത്തേക്ക് അവൻ പുറപ്പെട്ടു. അവൻ നന്നേ ക്ഷീണിതനായിരുന്നു. രണ്ടു മൂന്നു ദിവസമായി ആഹാരം കഴിച്ചിട്ടും ഉറങ്ങിയിട്ടും. എന്നാൽ ക്ഷീണം വകവെക്കാതെ അതിവേഗത്തിൽ അവൻ ഡ്രൈവ് ചെയ്തു. മേഴ്സിഡസ് ബൻസിന്‌ വേഗം പോരാ എന്നും വഴികൾ അനന്തമായ് നീണ്ടുകിടക്കുന്നതായും അവന്‌ തോന്നി. ട്രാഫിക് ബ്ളോക്കുകളിലും സിഗ്നലുകളിലും കാത്തുകിടക്കാതെ അവൻ ഡ്രൈവു ചെയ്തു. ഏകദേശം ഒന്‍പത് മണിയോടെ വാവ താമസിക്കുന്ന വില്ലയുടെ മുന്‍പില്‍ എത്തി. ബാഗിൽ നിന്നും കത്തിയെടുത്ത് കൈയ്യിൽ പിടിച്ചുകൊണ്ട് കോളിം‍ങ് ബെല്ലിൽ വിരലമർത്തി. കതകു തുറന്നതും, ഞൊടിയിടയിൽ വാവയെ തള്ളി അകത്തേക്കിട്ടുകൊണ്ട് അവൻ വാതിൽ അടച്ച് കുറ്റിയിട്ടു. അപ്രതീക്ഷിതമായ് കൈയ്യിൽ കത്തിയുമായ് അവനെ കണ്ടു പേടിച്ചു വിറച്ച വാവ അകത്തെ മുറിയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ വാവയുടെ കണ്ണിൽ മിന്നിമറയുന്ന ഭയം അവനിൽ ഗൂഡമായ ഒരു ആനന്ദം നിറക്കുന്നുണ്ടായിരുന്നു. എന്തക്കയോ തീരുമാനിച്ചുറച്ചപോലെ കൈയ്യിൽ തിളങ്ങുന്ന വായ്ത്തലയുള്ള കത്തിയുമായ്, അവന്റെ അഗ്നിപറക്കുന്ന കണ്ണുകളിലേക്ക് നോക്കി പേടിച്ച് നിൽക്കുന്ന വാവയുടെ നേർക്കവൻ നടന്നടുത്തു.

തുടരും........

2011-08-23

ഋതു പറഞ്ഞ കഥ-ഭാഗം-02  

ഋതുവും വാവയും തമ്മിലുള്ള ബന്ധം ക്രമേണ അവരുടെ കുടുംബങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന്‌ കാരണമായി. വാവ ഋതുവിന്റെ വീട്ടിലെ അംഗമായിമാറാന്‍ അധികനാൾ വേണ്ടി വന്നില്ല. അവന്റെ അച്ഛനും അമ്മയ്ക്കും വാവയെ ജീവനായിരുന്നു. വാവ സ്വന്തം അച്ഛനും അമ്മയും പോലെ അവരെയും സ്നേഹിച്ചു. ജീവിതത്തില്‍ വീടുവിട്ടു നില്‍ക്കാത്ത ഋതു ദിവസങ്ങളോളം വാവയുടെ വീട്ടില്‍ പോയി താമസിച്ചു. വാവ അവന്റെ വീട്ടിലും. ഋതുവിനെപോലെ ഒരാൾക്ക് അതു ഒരു പുതിയ ലോകം ആയിരുന്നു. അച്ഛനും അമ്മയും അവനും മാത്രമായിരുന്ന ചെറിയ ലോകത്തില്‍ നിന്നും വന്ന അവന്‌ അതു സന്തോഷത്തിന്റെ നാളുകളായിരുന്നു. വാവയുടെ ഏട്ടന്മാര്‍ അവനെ സ്വന്തം അനുജനെ പോലെ കരുതി. ദൈവീക ചൈതന്യം നിറഞ്ഞു തുളുമ്പുന്ന ഐശ്വര്യമുണ്ടായിരുന്നു വാവയുടെ അമ്മയ്ക്ക്. അവന്‌ ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു ആ അമ്മയെ. ഒരിക്കല്‍ അവരെ ചേര്‍ന്നു നിര്‍ത്തി ഈ സ്നേഹബന്ധം ഒരിക്കലും പിരിയരുതേയെന്ന് ‌വാവയുടെ അമ്മ പറഞ്ഞു. അവന്റെ വാവയ്ക്ക്‌ അവനെ ജീവനായിരുന്നു. കുട്ടിക്കാലത്ത് നഷ്ടമായ പലതും അവന്‌‌ ആ വീട്ടില്‍ നിന്നും കിട്ടി. വിശാലമായ തൊടി, ശംഖനാദം കേട്ടുണരുന്ന ഗ്രാമം, ഏട്ടന്മാരുടെ സ്നേഹം, നിറയെ അംഗങ്ങളുള്ള ഒരു വീട്ടിലെ വലിയ വലിയ സന്തോഷങ്ങളും കൊച്ചു കൊച്ചു ദുഃഖങ്ങളും അതിലുപരിയായി അവന്റെ വാവയുടെ സ്നേഹവായ്പുകൾ.

അങ്ങനെയിരിക്കെ ഋതുവിന്റെ ഓഫീസിലെ ചില പ്രശ്നങ്ങള്‍ കാരണം പെട്ടന്ന് അവൻ ജോലി രാജി വയ്ക്കാന്‍ തീരുമാനിച്ചു. ആ സമയം വാവയാണ്‌ അവനെ ആശ്വസിപ്പിച്ചതും ധൈര്യം കൊടുത്തതും‌. അവന്‌ ഒന്നിനും ഒരു കുറവും വരാതെ അവന്റെ വാവ നോക്കി. അവൻ പോലുമറിയാതെ അവന്റെ പേഴ്സില്‍ വാവ പണംവയ്ക്കുമായിരുന്നു. ഏത് ജന്മത്തിന്റെ പുണ്യം കൊണ്ടാണ് വാവയെ അവന്‌ കിട്ടിയതെന്ന് അവൻ ചിന്തിച്ച ദിവസങ്ങളായിരുന്നു അത്. വാവയോടുള്ള സ്നേഹം കൊണ്ട് അവൻ തന്റെ പല നല്ല സുഹൃത്തുക്കളെയും ഒഴിവാക്കി തുടങ്ങിയിരുന്നു. അവന്റെ ലോകം മുഴുവന്‍ വാവയായിരുന്നു. ജീവിതത്തില്‍ ഒരു മിഠായി പോലും പങ്കുവച്ചിട്ടില്ലാത്ത അവന്‍ അവന്റെ ശരീരവും ജീവിതം വാവയ്ക്ക് വേണ്ടി മാത്രം മാറ്റിവച്ചു. അവരുടെ പ്രൊഫഷൻ തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നു. എങ്കിലും ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി ഒരു നല്ല ബിസിനസ് തുടങ്ങാന്‍ അവർ തീരുമാനിച്ചു. അവരുടെ യഥാർത്ഥ ബന്ധത്തെകുറിച്ച് അറിയാത്ത വീടുകാര്‍ക്കും അതില്‍ സന്തോഷം തോന്നി.

അങ്ങനെ ഇരിക്കെ വാവ എറണാകുളത്തിന് അടുത്ത് ചെറായി എന്ന സ്ഥലത്ത് ഒരു ബീച്ച് റിസോർട്ടിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. വാവയുടെ നാട് പുനലൂര്‍ അയിരുന്നു. അതിനാല്‍ എല്ലാ ആഴ്ചയും ശനിയും ഞായറും കോട്ടയത്തുള്ള ഋതുവിന്റെ വീട്ടില്‍ വന്നു നില്‍ക്കുമായിരുന്നു. ഋതുവിനും വാവക്കും അത് സന്തോഷത്തിന്റെ നാളുകളായിരുന്നു. പുനലൂര്‍ പോകുമ്പോൾ അവർ ഒരുമിച്ചായിരുന്നു പോകാറുള്ളത്. രണ്ടു വീടുകളും അവർക്ക് ഒരുപോലെ തന്നെ ആയിരുന്നു. ഒരാഴ്ച വാവ വീട്ടില്‍ വന്നില്ലെങ്കില്‍ അവന്റെ അയല്‍പക്കത്തുള്ളവർവരെ വാവയെ തിരക്കുമായിരുന്നു. അവന്‌ എല്ലാവരും ഉണ്ടന്ന് അവൻ വിശ്വസിച്ചു. അവന്‌ മനസില്‍ ഒരുപാട് സന്തോഷം തോന്നി. വീട്ടില്‍ വന്നു തിരിച്ചു പോകുമ്പോള്‍ വാവയുടെ കണ്ണുകള്‍ പലപോഴും ഈറനണിയുന്നത് അവന്‍ കണ്ടിട്ടുണ്ട്. ഒരോ ആഴ്ചയും വന്നു പോകുമ്പോള്‍ വാവ അവനെ കൊണ്ടു അയാളുടെടെ മാറില്‍ കടിച്ചു പാടു വീഴ്താന്‍ ആവശ്യപ്പെമായിരുന്നു. കാരണം അവന്റെ സ്നേഹവും സാന്നിധ്യവും വാവയ്ക്ക് അത്രമാത്രം പ്രിയപ്പെട്ടവ ആയിരുന്നു.

അവർ ചേർന്ന് ഒരു റിസോർട്ട് ആരംഭിക്കാന്‍ തീരുമാനിച്ചു. അതിനായി കുറെ സ്ഥലങ്ങള്‍ കാണുകയും വാവയുടെ ഒരു ബന്ധുവിന്റെ സഹായം തേടുകയും ചെയ്തു. അവർ ഒരുമിച്ചു നില്‍ക്കാന്‍ അവരെക്കാളും സന്തോഷം അവരുടെ വീട്ടുകാര്‍ക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ റിസോർട്ട് ആരംഭിക്കുന്നതിന് വീട്ടിൽ ആർക്കും ഒരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. സന്തോഷവും ചെറിയ ചെറിയ യാത്രകളും അവരുടെ ജീവിതത്തെ കൂടുതല്‍ സുന്ദരമാക്കി. ഒരു കോഫി ഗ്ലാസില്‍ നിന്നും അവർ പരസ്പരം ഷെയർ ചെയ്തു കുടിച്ചിരുന്നു. വാവയുടെ അമ്മ അവർക്ക് ഒരുപാത്രത്തിൽ ചോറുവിളമ്പി.

വാവയുടെ വരവോടെ അവന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നു. അവന്റെ വാക്കുകളിൽ പറഞ്ഞാൽ സ്നേഹം കൊണ്ട് വാവ അവനെ മാറ്റി എന്നു പറയുന്നതാണ് കൂടുതല്‍ ശരി. പൊതുവേ പരുക്കന്‍ സ്വഭാവമായ അവന്‌‌ സൗമ്യശീലം വന്നതില്‍ അവന്റെ അമ്മ ഒരുപാട് സന്തോഷിച്ചു. വാവ ഉറങ്ങുമ്പോൾ പലരാത്രികളും ജനാലയിലൂടെ മുറിയിലേക്കരിച്ചെത്തുന്ന ചന്ദ്രശോഭയിൽ അവൻ വാവയെ നോക്കിയിരികാറുണ്ട്. ഈ ഒരു ജന്മത്തില്‍ മാത്രം അല്ല ഇനിയേത് ജന്മങ്ങള്‍ എടുത്താലും വാവ അവന്‌ കൂട്ടായി വരണമെന്ന് അവന്‍ പ്രാര്‍ത്ഥിച്ചു. പ്രണയത്തിന്‍റെ മധുരമുള്ള കൊച്ചു കൊച്ചു പിണക്കങ്ങള്‍ ഉണ്ടാകുമെങ്കിലും ഒരിക്കലും പിരിയാന്‍ പറ്റില്ലെന്ന് അവർക്ക് പൂര്‍ണ്ണവിശ്വാസം ഉണ്ടായിരുന്നു.

വാവ ഏറ്റവും കൂടുതല്‍ വിഷമിച്ചു അവൻ കണ്ടിരിക്കുന്നത് അയാൾക്ക് അതികഠിനമായ തലവേദന (കൊടിഞ്ഞി) വരുമ്പോഴാണ്. അപ്പോൾ അയാൾ കട്ടിലിൽ കിടന്ന്‌ വേദനകൊണ്ട് പിടയുന്നത് പലപ്പോഴും കണ്ടു നില്‍ക്കാന്‍ അവന്‌ കഴിഞ്ഞിരുന്നില്ല. രാത്രികാലത്ത് തലവേദന വരുമ്പോള്‍ അവന്റെ മടിയില്‍ കിടത്തി വാവയുടെ മുഖം കൈകള്‍ കൊണ്ടു വലയം ചെയ്തു പിടിക്കുമായിരുന്നു. പഞ്ഞിയിൽ വെള്ളം നനച്ച് അയാളുടെ നെറ്റിയിൽ ഇട്ട്കൊടുത്തുകൊണ്ട് വെളുക്കോളം കാവലിരിക്കും. തലവേദനക്കു എറണാകുളത്തു ഒരു പ്രശസ്തനായ ഡോക്ടറെ കാണിക്കാന്‍ അവന്റെ അച്ഛന്‍ വാവയെ കൊണ്ടുപോയി. മുപ്പത് ദിവസത്തെ മരുന്നുകള്‍ നിര്‍ദ്ദേശിച്ചു. രാവിലെയും വൈകിട്ടും മരുന്ന് കഴിക്കാൻ പതിവായി അവൻ വാവയെ വിളിച്ചു ഓര്‍മ്മിപ്പിച്ചു. അന്നും ഇന്നും അവന്റെ പ്രാര്‍ത്ഥനകളില്‍ ആദ്യസ്ഥാനം അവന്റെ വാവക്കാണ്‌.

അവരുടെ സ്നേഹം മഴയായി പൊഴിഞ്ഞതും നദിയായി വളര്‍ന്നതും വളരെ വേഗത്തില്‍ അയിരുന്നു. നദികള്‍ പാറകള്‍ നിറഞ്ഞ ഇടതിങ്ങിയ തുരുത്തുകളിലൂടെ പലപ്പോഴും ഒഴുകിയിരുന്നു. വാവ സ്നേഹം കൊണ്ടു പലപോഴും അവനെ വീര്‍പ്പുമുട്ടിച്ചിരുന്നു. വാവ കൊടുക്കുന്ന സ്നേഹം ഏതളവില്‍ തിരികെ നല്‍കുമെന്ന് പലപോഴും അവൻ ചിന്തിച്ചിട്ടുണ്ട്. ചെറിയ ചെറിയ വഴക്കുകൾ ഉണ്ടാക്കുന്ന വാവയെ, അതുകഴിഞ്ഞ് കെട്ടിപിടിച്ച് തെരുതെരെ ഉമ്മവെയ്ക്കുന്ന വാവയെ അവൻ ഒരുപാട് സ്നേഹിച്ചിരുന്നു. കൊച്ചുകൊച്ച് ഇണക്കങ്ങളും പിണക്കങ്ങളും മറ്റുമായി ദിവസങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ വാവയുടെ ഏട്ടന്‌ കല്യാണ ആലോചനകള്‍ തുടങ്ങി. ഒരു അനുജന്റെ സ്വാതന്ത്ര്യം അവന്‌ അവിടെയും ഉണ്ടായിരുന്നു. ആ സ്വാതന്ത്ര്യം കൂടെപിറപ്പകള്‍ ഇല്ലാത്ത അവൻ ഒരുപാട് ആസ്വദിച്ചിരുന്നു. ആ വീട്ടിലെ അവനുള്ള അടുപ്പം കൊണ്ടു തന്നെ, എല്ലാ കാര്യങ്ങളും വാവയുടെ അമ്മ അവനെ വിളിച്ച് പറയുകയും, അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി പെണ്ണ് കാണാന്‍ അവരുടെ ഒപ്പം ഒരു അനുജനെപോലെ അവനും പോകുമായിരുന്നു. ഇന്നും അവനു കിട്ടിയ ഈ മഹാഭാഗ്യം ഓര്‍ക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ പലപോഴും ഈറനണിയുന്നു. ഒരു പൂവ് ചോദിക്കുമ്പോള്‍ ഒരു പൂക്കാലം തന്നെ ലഭിക്കുന്ന അവസ്ഥയിലൂടയാണ്‌ അവൻ കടന്നുപോയ്കൊണ്ടിരുന്നത്. പക്ഷേ കാലത്തിന്‍റെ കണക്ക് മറ്റൊന്നായിരുന്നു....
തുടരും........

2011-08-15

മീനാക്ഷിയമ്മയുടെ മരണം  

മീനാക്ഷിയമ്മ മരിക്കുകയായിരുന്നു.
അവരുടെ കിടപ്പുമുറിയിലും ഉമ്മറത്തളത്തിലും മുറ്റത്തും ജനങ്ങള്‍ നിറഞ്ഞു കഴിഞ്ഞു.
അന്ന് രാവിലെ തന്റെ തൊണ്ടയില്‍ എന്തോ വസ്തു തടഞ്ഞിരിക്കുന്നു എന്ന് മീനാക്ഷിയമ്മ പറഞ്ഞപ്പോള്‍ ഡോക്ടറെ കൊണ്ടുവരാന്‍ പെട്ടെന്ന് ഓടിപ്പോയതിനെപ്പറ്റി അവരുടെ അനുജന്‍ അപ്പുക്കുട്ടന്‍നായര്‍ ജനങ്ങള്‍ക്ക് പലതവണയും പറഞ്ഞുകൊടുത്തു.

മീനാക്ഷിയമ്മയുടെ വെപ്രാളം കണ്ടപ്പോള്‍ താന്‍ അന്ന് ആശുപത്രിയില്‍ പോവേണ്ട എന്ന് തീരുമാനിച്ചു എന്ന് ഡോക്ടര്‍ നാട്ടുകാരോട് പറഞ്ഞു.
'മീനാക്ഷിയമ്മ ആദ്യത്തില് അച്ഛന്റെ പേഷ്യന്റായിരുന്നു. അച്ഛന്‍ മരിച്ചപ്പോ എന്റെ പേഷ്യന്റായി.' ഡോക്ടര്‍ ഒരു ചെറുമന്ദഹാസത്തോടെ പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഒരു ധീരവനിതയായിരുന്നതുകൊണ്ടാവാം മീനാക്ഷിയമ്മയുടെ ശവം പുതപ്പിക്കുവാന്‍ നല്ല ഖദര്‍തുണി വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് തീരുമാനിച്ചത്. ഗാന്ധിജയന്തിക്ക് ഒരാഴ്ചക്കാലം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. അതുകൊണ്ട് മുപ്പത് ശതമാനം റിബേറ്റും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് കേളുപ്പണിക്കരോട് പറഞ്ഞു:

'വരടൊ പണിക്കരെ, നമുക്ക് നാല് മീറ്റര്‍ ഖദര്‍ വാങ്ങി വരാം. ഹോട്ടലില്‍ പോയി ഓരോ കോപ്പ ചായേം കുടിക്കാം.'
മീനാക്ഷിയമ്മയ്ക്ക് മാത്രമാണ് ആ ജില്ലയില്‍ ഒരു താമ്രപത്രം കിടച്ചത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് പണിക്കരോട് യാത്രാമധ്യേ ഓര്‍മ്മിപ്പിച്ചു.
'നാട്ടുകാരുടെ അഭിമാനമാ. അത് പണിക്കര് ഓര്‍മിക്കണം. മഹാത്മജി ഗുരുവായൂര്‍ തൊഴാന്‍ വന്നപ്പോ മീനാക്ഷിയമ്മ വളേം ചങ്ങലേം കമ്മലും ഒക്കെ ഊരിക്കൊടുത്തു. അന്ന് വയസ്സ് പതിനഞ്ചാ. പിന്നെ ഒരിക്കലും സൊര്‍ണം (സ്വർണ്ണം) ധരിച്ചിട്ടൂല്യ! പതിനഞ്ചാം വയസ്സില് ഖദര്‍ ഉടുത്തുതൊടങ്ങി. ഇപ്പൊ ഏകദേശം എണ്‍പത്തേഴ് വയസ്സായിരിക്കും. ഇതുവരേം ഖദറാ വേഷം. യഥാര്‍ത്ഥ ഗാന്ധിയനാ. പണിക്കര് അത് ഓര്‍മ്മിക്കണം.'
പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പണിക്കര്‍ മൂളുകയും ചെയ്തു.

മുറ്റത്ത് സപ്പോട്ടമരത്തിന്റെ കീഴില്‍ കസേരകളിട്ട് ഡോക്ടറും മറ്റു വേണ്ടപ്പെട്ടവരും ഇരുന്നിരുന്നു. ഇടയ്ക്കിടെ സംഭാഷണം നിര്‍ത്തിവച്ച് ഡോക്ടര്‍ രോഗിണിയുടെ മുറിയിലേക്ക് പ്രവേശിക്കുകയും അവരുടെ രോഗസ്ഥിതി മനസ്സിലാക്കുകയും ചെയ്തു. അയാളെ അനുഗമിച്ച ബന്ധുക്കളുടെ കണ്ണുകള്‍ അയാളുടെ മുഖത്തില്‍ത്തന്നെ പരതിക്കൊണ്ടിരുന്നു. ഗൗരവഭാവം കൈവിടാതെതന്നെ ഡോക്ടര്‍ തന്റെ കടമകള്‍ നിര്‍വഹിച്ചു. നാഡി പരിശോധിക്കുക, നെഞ്ചത്ത് കുഴല്‍വെക്കുക, കണ്‍പോളകള്‍ നീക്കി കൃഷ്ണമണികളെ പരിശോധിക്കുക മുതലായവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യകടമകള്‍.

'ആശുപത്രീന്ന് കൊണ്ടന്നപ്പഴേ ഞാന്‍ വിചാരിച്ചതാ. ഇഞ്ഞി അധികകാലം നെലനില്‍ക്കില്യാന്ന്. ഞാനെന്താ ചെയ്യാ?'
'വീട്ടീപ്പോണംന്ന് പറഞ്ഞ് തേങ്ങിത്തേങ്ങിക്കരഞ്ഞു. ഇയ്ക്ക് മരിക്കാന്‍ അശേഷം പേടില്യാ. പക്ഷേ, വീട്ടില്‍ക്കെടന്ന് മരിക്കണംന്ന് നിര്‍ബന്ധണ്ട്. മീനാക്ഷിയേടത്തി പറയാ. ഞാന്‍ ഡോക്ടര്‍മാരോട് സമ്മതം ചോദിച്ചു. നേരെ വീട്ടിലേക്ക് കൊണ്ടുവന്നു. പത്തു ദിവസമായി ഈ കെടപ്പ്. കഞ്ഞിടെ വെള്ളം കുടിച്ചേര്‍ന്നു. ഇപ്പൊ അതും കുടിക്കില്യ.' അപ്പുക്കുട്ടന്‍നായര്‍ എല്ലാവരും കേള്‍ക്കത്തക്കവിധത്തില്‍ ശബ്ദം ഉയര്‍ത്തിക്കൊണ്ട് പരാതിപ്പെട്ടു.
'വീട്ടിലേക്ക് കൊണ്ടന്നത് നന്നായി. ആശുപത്രീക്കെടന്ന് മരിക്കണ്ട ആളല്ല ഈ കെടക്കണത്. നാട്ടുകാര്‍ക്ക് കാണപ്പെട്ട ദെയ്‌വ്വാ മീനാക്ഷിയേടത്തി.' അയല്‍ക്കാരിയായ ഭാര്‍ഗവിട്ടീച്ചര്‍ പറഞ്ഞു. അവരുടെ ഉച്ചത്തിലുള്ള സംഭാഷണം കേട്ട് ഗേറ്റിനരികില്‍ നിന്നിരുന്ന സ്‌കൂള്‍ മാസ്റ്റര്‍മാര്‍ ചരലിലൂടെ ഓടിവന്നു.

'എന്തേ ഭാര്‍ഗവിട്ടീച്ചറേ എന്തേ സംഭവിച്ച്?' അവര്‍ വിളിച്ചുചോദിച്ചു.
'ശ്വാസത്തിന്റെ തൊടങ്ങീട്ടുണ്ട്. പക്ഷേ, കൊറെ നേരംകൂടി കഴിഞ്ഞിട്ടേ ജീവന്‍ പോവൂന്നാ ഡോക്ടര്‍ടെ അഭിപ്രായം.' ടീച്ചര്‍ പറഞ്ഞു.
'ബോംബെന്ന് ഗോപന്‍ മേനോന്‍ പൊറപ്പെട്ട്ണ്ടാവും. കൊച്ചീല് ഉച്ചയാമ്പൊ എത്തും. പിന്നെ കാറില് ഇവിടെ എത്താന്‍ ചുരുങ്ങിയത് മൂന്നു മണിക്കൂറാവും. ആകെക്കൂടി ഒരു മകനാ. ആണും പെണ്ണും ആയിട്ട് ഒരാളേള്ളൂ. അതിനെ കാണാണ്ടെ മീനാക്ഷിയേടത്തി മരിക്കില്യ, തീര്‍ച്ചയാ. തന്റെ മകന്റെ കയ്യ്ന്ന് തീര്‍ഥം വാങ്ങിക്കുടിച്ചിട്ടേ അവര്‌ടെ ആത്മാവ് പോവൂ.' ഒരു സന്ദര്‍ശകന്‍ പറഞ്ഞു.

'രമണ്യേ, എന്തേ ഇന്ന് പൊലര്‍ച്ചെ ഉണ്ടായത്? ഡോക്ടറെ കൊണ്ടുവരാന്‍ വിശേഷിച്ച് എന്തേ ഉണ്ടായത്?' ഭാര്‍ഗവിട്ടീച്ചര്‍ അപ്പുക്കുട്ടന്‍നായരുടെ മകള്‍ രമണിയോട് ചോദിച്ചു. അവള്‍ മീനാക്ഷിയമ്മയുടെ കാലടികള്‍ക്ക് ചൂട് പകരുവാനായി അവ നിരന്തരം തിരുമ്മുകയായിരുന്നു.
'തൊണ്ടേല് എന്തോ സാധനം തടഞ്ഞിരിക്കുന്നെന്ന് പറഞ്ഞു. നോക്ക്യേ പ്പൊ ദൃഷ്ടീം ഭാവോം ഒന്നും അത്ര പന്തിയല്ല. കണ്ണിന്റെ കൃഷ്ണമണി മേപ്പട്ട് പൂവേര്ന്ന്! ചിറി കോട്ണുണ്ടാര്‍ന്നു. ഞാന്‍ അച്ഛനെ വിളിച്ച് ഡോക്ടറെ കൊണ്ട്‌രാന്‍ പറഞ്ഞു. അപ്പൊത്തന്നെ ശ്വാസത്തിന്റെ തൊടങ്ങീരിക്കുണു. തൊണ്ടേല് കഫം കെട്ടീരിക്ക്യാന്നാ ഞങ്ങക്ക് ആദ്യം തോന്നീത്.' രമണി പറഞ്ഞു.

'മീനാക്ഷിയേടത്തിക്ക് അപ്പൊ ബോധംണ്ടാര്‍ന്ന്വോ?' ഭാര്‍ഗവിട്ടീച്ചര്‍ ചോദിച്ചു.
'ബോധണ്ടാര്‍ന്നു. എടയ്ക്ക് ബോധം പൂവും. പിന്നെ ചെലപ്പൊ ബോധം വരും. അപ്പൊ ഒരൂട്ടം പറഞ്ഞോണ്ടിരിക്കും.' രമണി പറഞ്ഞു.
'ഗോപനെ കാണണംന്ന് പറഞ്ഞാ?' ഒരാള്‍ ചോദിച്ചു.
'ഗോപേട്ടനെ കാണണംന്ന് പറഞ്ഞില്യ. പച്ച ജാക്കറ്റ് കൊണ്ട്‌രാന്‍ പറഞ്ഞു.' രമണി പറഞ്ഞു.
'ഒരിക്കല് ഓപ്പോള് പറഞ്ഞു. പച്ച ജാക്കറ്റ് തുന്നിച്ചിടാന്‍ വെല്യ ആഗ്രഹായിരുന്നൂന്ന്. ഇപ്പഴത്തെ കാര്യല്യാട്ടൊ പറേണ്. മഹാത്മജിയെ കാണാന്‍ പോയേന്റെ കൊറേ കാലം നുമ്പെയാ. മഹാത്മജിയെ കണ്ടേനുശേഷം വെള്ള ഖദറല്ലേ വേഷം?' അപ്പുക്കുട്ടന്‍നായര്‍ മൂക്ക് പിഴിഞ്ഞുകൊണ്ട് ചോദിച്ചു.
മുറ്റത്ത് ഇരുന്നിരുന്ന ഡോക്ടര്‍ അടുക്കളക്കാരനോട് ഒരു കപ്പ് ചായ കൊണ്ടുവന്നു തരാന്‍ ആജ്ഞാപിച്ചു.
'രാവിലെ ഒന്നും കഴിച്ചില്യ. അപ്പുക്കുട്ടന്‍നായര്‍ വന്നു വിളിച്ചപ്പൊ എറങ്ങിപ്പോന്നു. രോഗികള് ക്യൂവില് നിക്ക്ണ്ടായിരുന്നു. ഇപ്പോഴും അവറ്റ അവിടെ നിക്ക്ണ്ടാവും. മീനാക്ഷിയമ്മ ഈ കെടപ്പില് കെടക്കുമ്പൊ എനിക്ക് വീട്ടിലേക്ക് മടങ്ങാന്‍ വയ്‌ക്ക്യോ?' ഡോക്ടര്‍ ചുറ്റുമുള്ളവരോട് ചോദിച്ചു.
'ആശുപത്രീത്തന്നെ കൊണ്ടോയാ രക്ഷപ്പെട്വോ?' ഒരാള്‍ ചോദിച്ചു.
ഡോക്ടര്‍ വിഷണ്ണനായി തലയാട്ടി.

'ഇനി രക്ഷപ്പെടില്യ. ശ്വാസത്തിന്റെ തൊടങ്ങിക്കഴിഞ്ഞു. ഇനി രക്ഷപ്പെടണെങ്കി ദെയ്‌വം തമ്പുരാന്‍ തന്നെ മുന്‍കൈ എടുക്കണം.' ഡോക്ടര്‍ പ്രസ്താവിച്ചു.
'ഇന്ന് ഞായറാഴ്ച. മരിച്ചോര് നേരെ സൊര്‍ഗത്തിപ്പൂവും. മരിക്കാന്‍ പറ്റിയ ദിവസാ. ഇന്നലെ ഏകാശിയേര്‍ന്ന്. ഇന്ന് ദ്വാദശി.' അമ്പലത്തിലെ മേല്‍ശാന്തി പറഞ്ഞു.
'പുണ്യാത്മാവല്ലേ? നല്ല ദിവസം തന്നേ മരിക്കൂ.' ഒരു മാസ്റ്റര്‍ പറഞ്ഞു.
'നാടിനെന്നല്ല ഇന്ത്യാ രാജ്യത്തിന് മുഴുവനും നഷ്ടമാണ് മീനാക്ഷിയമ്മ മരിച്ചാല്‍' കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അയാളുടെ വസ്ത്രങ്ങളുടെ വെണ്മ കൗതുകദൃഷ്ടിയോടെ നോക്കിക്കണ്ടിരുന്ന കുഞ്ഞ് ചിരിച്ചു.

'ഈ കുട്ടി ആരടെ കുട്ടിയാ?' നേതാവ് ചോദിച്ചു.
'അത് മീനാക്ഷിയമ്മയുടെ സഹോദരന്റെ പേരക്കുട്ടിയാ.' മാസ്റ്റര്‍ പറഞ്ഞു: 'കാഴ്ചയില്‍ മീനാക്ഷിയമ്മയുടെ ഒരു ഛായേം ഈ കുട്ടിക്കില്യ. മീനാക്ഷിയമ്മയുടെ നെറം പുതുപവന്റെ നെറല്ലേ?' രാഷ്ട്രീയനേതാവ് ചോദിച്ചു.
' അതെ. മീനാക്ഷിയേടത്തീടെ നെറം കൊറച്ച് വിശേഷം തന്നെയാ. അമ്പലച്ചെറേല് കുളിക്കാന്‍ പൂവുമ്പൊ അവര്‌ടെ കുളീം നീരാട്ടോം കാണാന്‍ കോലോത്തെ തമ്പ്‌രാക്കന്മാര് പൊന്തടെ പിന്നില് ഒളിച്ചിരൂന്നൂന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.'
മേല്‍ശാന്തി മന്ദഹസിച്ചു.
'അതൊക്കെ പഴേ കഥയല്ലേ എമ്പ്രാന്തിരി?' ഭാര്‍ഗവിട്ടീച്ചര്‍ ചോദിച്ചു.
'ആ പഴേ കഥയെന്നെ.' മേല്‍ശാന്തി ഒരു ദീര്‍ഘനിശ്വാസത്തോടെ പിറുപിറുത്തു.
രമണി ഒരു തട്ടില്‍ ചായക്കപ്പുകളും പേറിക്കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.
'ആരാ മീനാക്ഷ്യേടത്തീടെ അട്ത്ത്?' ടീച്ചര്‍ രമണിയോട് ചോദിച്ചു.
'അവടെ എല്ലാരുണ്ട്. അമ്മിണിയമ്മേം കുട്ട്യോളൂണ്ട്. അമ്മിണിയമ്മ വിളിക്കുമ്പൊ വെല്യമ്മ വിളി കേള്‍ക്കുണുണ്ട്.' രമണി പറഞ്ഞു.
ഡോക്ടര്‍ ചൂടുചായയില്‍ ഒന്നോ രണ്ടോ തവണ ഊതി. പിന്നീട് അത് ധൃതിയില്‍ കുടിച്ചുതീര്‍ത്തു.
'ഞാന്‍ പോയി നോക്കട്ടെ. സ്വബോധം തെളിഞ്ഞിട്ട്ണ്ടാവും. അത് നല്ല ലക്ഷണല്ല.' ഡോക്ടര്‍ പറഞ്ഞു.
'മരിക്കണേന്റെ മുമ്പെ കണ്ണ് തൊറന്ന് ചുറ്റും നിക്കണോരെ സൂക്ഷിച്ച് നോക്കൂത്രെ.' ഭാര്‍ഗവിട്ടീച്ചര്‍ പറഞ്ഞു.
'വല്യമ്മ ഇന്ന് മരിക്കില്യ. വല്യമ്മ ഇഞ്ഞീം കൊറെ കാലം ജീവിക്കും.' രമണി പറഞ്ഞു.
'രമണ്യേമ ഡോക്ടറാ?' മേല്‍ശാന്തി ചോദിച്ചു. ചിരിച്ചാല്‍ വക്രിക്കുന്ന മുഖമായിരുന്നു അയാളുടെ മുഖം. അതുകൊണ്ട് രമണി ധൃതിയില്‍ തന്റെ കണ്ണുകളെ ആ കാഴ്ചയില്‍ നിന്ന് പിന്‍വലിപ്പിച്ചു.

'ഞാന്‍ ഡോക്ടറല്ല.' രമണി പറഞ്ഞു.
'രമണ്യേമ ദെയ്‌വല്ല. അതെയോ? പിന്നെ മരണം ഉണ്ടാവില്യാന്ന് എന്ത്ച്ചിട്ടാ ഒറപ്പിച്ച് പറേണ്?' മേല്‍ശാന്തി ചോദിച്ചു. രമണി ചായത്തട്ടും പേറിക്കൊണ്ട് വീട്ടിന്റെ അകത്തേക്ക് പോയി. ഡോക്ടറും അവരെ അനുഗമിച്ചു. രോഗിണിയുടെ മുറിയില്‍ ഒരു മൂലയില്‍ പുല്‍പ്പായ വിരിച്ച് അതില്‍ ആസനസ്ഥനായി ഭഗവദ്ഗീത വായിക്കുകയായിരുന്നു ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണയ്യര്‍.
'ആര് പറഞ്ഞിട്ടാ അയ്യരേ നിങ്ങള് ഇങ്ങനെ തൊള്ള പൊളിക്കണ്?'
ഡോക്ടര്‍ പുഞ്ചിരിയോടെ ചോദിച്ചു.
'മീനാക്ഷിയമ്മയ്ക്ക് ഈ സന്ദര്‍ഭത്തില്‍ ഗീത കേള്‍ക്കണംന്ന് ഉണ്ടാവും.'
അയ്യര്‍ പാരായണം നിര്‍ത്തി പറഞ്ഞു.
'ഗീതയല്ല ഇപ്പൊ വായിക്കേണ്ടത്. വിഷ്ണുഭുജംഗാ.' ഭാര്‍ഗവിട്ടീച്ചര്‍ പറഞ്ഞു.
'വിഷ്ണുഭുജംഗാ? അതെന്താ? ഞാന്‍ കേട്ടിട്ടില്യാ. വായിക്കേണ്ടത് ഗരുഡപുരാണാ.' പഞ്ചായത്തുമെമ്പറായ ശങ്കുണ്ണിമേനോന്‍ പറഞ്ഞു.
'അതും പറഞ്ഞ് തര്‍ക്കിക്കണ്ട. അയ്യര് ഗീത വായിച്ചോട്ടെ.' അപ്പുക്കുട്ടന്‍നായര്‍ പറഞ്ഞു.
'അതും ഇതും പറഞ്ഞ് എന്റെ മൂഡ് പോയി.' അയ്യര്‍ പ്രസ്താവിച്ചു.
'ഒന്നും വായിക്കണ്ട. വല്യമ്മ വല്ലും പറഞ്ഞാ കേക്കണ്ടേ? ആരും മിണ്ടണ്ട. ഞാന്‍ വല്യമ്മയോട് ഒരു കാര്യം ചോയിക്കട്ടെ.' രമണി പറഞ്ഞു.
രമണി രോഗിണിയുടെ അരികില്‍ ഇരുന്നു. അവര്‍ തന്റെ ചുണ്ടുകള്‍ വൃദ്ധയുടെ കാതോട് ചേര്‍ത്തു.
'വല്യമ്മയ്ക്ക് എന്താ മോഹം? വല്യമ്മയ്ക്ക് എന്തെങ്കിലും തിന്നാന്‍ വേണോ? പാല് കുടിക്കണോ? എളനീര് കുടിക്കണോ? വല്യമ്മയ്ക്ക് എന്താ മോഹം?' രമണി ചോദിച്ചു.
രോഗിണിയുടെ കണ്ണുകള്‍ വികസിച്ചു.
'പച്ച ജാക്കറ്റ് വേണം. പച്ച ജാക്കറ്റിടാന്‍ മോഹാ.' രോഗിണി മന്ത്രിച്ചു.
'പച്ച ജാക്കറ്റോ?'
രമണി ചോദിച്ചു.

രോഗിണിയുടെ ചുണ്ടുകളില്‍ ഒരു പുഞ്ചിരി പൂമ്പാറ്റപോലെ തത്തിക്കളിച്ചു. 'വല്യമ്മയ്ക്ക് ഒരു പച്ച ജാക്കറ്റ് വേണംന്ന്!' രമണി അപ്പുക്കുട്ടന്‍നായരോട് പറഞ്ഞു.
'പിച്ചും പേയും പറയണതാ. പച്ച ജാക്കറ്റ് ഇടണത് ഞാന്‍ കണ്ടിട്ടില്യ. വെള്ള ഖദറ് മാത്രമേ മീനാക്ഷിയേടത്തി ധരിച്ചിട്ടുള്ളു. നല്ലപ്പന്‍ കാലത്ത് ഖദറ് മാത്രമേ ഉടുത്തിട്ടുള്ളൂ. എന്നിട്ടാ ഇപ്പൊ മരിക്കാന്‍ കാലത്ത് പച്ച ജാക്കറ്റ് വേണംന്ന് പറയണേ! വേറെ വല്ലതും ചോയിക്ക്യായിരിക്കും.'

'ഓറഞ്ചും പച്ചേം നെറള്ള ദേശീയ പതാക കൊണ്ട്‌രാന്‍ പറഞ്ഞതാ
വും.' പഞ്ചായത്ത് മെമ്പര്‍ ശങ്കുണ്ണിമേനോന്‍ പറഞ്ഞു.
'മഹാത്മജിയുടെ ശിഷ്യയേര്‍ന്നു. അതോണ്ട് രഘുപതി രാഘവ പാടിക്കളയാം. രമണിക്ക് വെശണ്ടാ ആ പാട്ട്? എന്നാ പാടിക്കൊടുക്ക്.' അപ്പുക്കുട്ടന്‍ നായര്‍ പറഞ്ഞു.
'വല്യമ്മയ്ക്ക് പാട്ടൊന്നും കേള്‍ക്കാന്‍ താല്‍പര്യല്യ. ഒരു പച്ച ജാക്കറ്റ് മേടിച്ചു കൊണ്ട്ന്നാ വല്യമ്മയ്ക്ക് സന്തോഷാവും.' രമണി പറഞ്ഞു. അവള്‍ വീണ്ടും രോഗിണിയുടെ കാതില്‍ മന്ത്രിച്ചു. 'വല്യമ്മയ്ക്ക് എന്താ വേണ്ട്? എന്തു വേണമെങ്കിലും തരാം.'
'പാലയ്ക്കാമോതിരം.' രോഗിണി പറഞ്ഞു.
'പാലയ്ക്കാമോതിരാ? വല്യമ്മയ്ക്ക് പാലയ്ക്കാമോതിരം കെട്ടണാ?' രമണി ചോദിച്ചു.
'എനിക്കു പാലയ്ക്കാമോതിരം കെട്ടണം.' രോഗിണി കരട് കലര്‍ന്ന ഒരു സ്വരത്തില്‍ പറഞ്ഞു. അവരുടെ മാര്‍വിടം ശ്വാസോച്ഛ്വാസത്തിന്റെ താളത്തിനൊത്ത് തുള്ളിക്കൊണ്ടിരുന്നു. ഡോക്ടര്‍ അവരുടെ നാഡി പരിശോധിച്ചു.

'പള്‍സ് കിട്ടുന്നില്യ.' അയാള്‍ പിറുപിറുത്തു.
'പിച്ചും പേയും പറയാ.' അപ്പുക്കുട്ടന്‍നായര്‍ പറഞ്ഞു.
'ഞാന്‍ അളമാറീന്ന് ഇന്റെ പാലയ്ക്കാമോതിരോം ഒരു പച്ചപ്പട്ട് ബ്ലൗസും എടുത്തോണ്ട് വരാം. പാവം വല്യമ്മ. മരിക്കണേന്റെ മുമ്പെ എല്ലാ മോഹോം ഞാന്‍ സാധിപ്പിക്കും.' രമണി കട്ടിലില്‍നിന്ന് എഴുന്നേറ്റ് മുറിവിട്ടുപോയി.
'മീനാക്ഷിയേടത്തി പഴേ കാര്യങ്ങള് ഓര്‍മ്മിച്ച് പറയ്ാ. പണ്ട് മീനാക്ഷിയേടത്തിക്ക് ഒരു പാലയ്ക്കാമോതിരം ഉണ്ടാര്‍ന്നു. കടും പച്ച നെറത്തില്. അതും കെട്ടീട്ട് പരൂരമ്പലത്തില് ശിവരാത്രി തൊഴാന്‍ പോയത് എനിക്ക് നല്ല ഓര്‍മ്മണ്ട്.' അപ്പുക്കുട്ടന്‍നായര്‍ എല്ലാവരോടും കൂടി പറഞ്ഞു.
'തൊളസി വെള്ളം കൊറച്ച് കൊടുത്തോളൊ.' ഭാര്‍ഗവിട്ടീച്ചര്‍ പറഞ്ഞു.
'തീര്‍ഥം ഞങ്ങളെല്ലാവരും കൊടുത്തു. രാവിലെതന്നെ കൊടുത്തു. ഇഞ്ഞി ഗോപന്‍ മാത്രേ തീര്‍ത്ഥം കൊടുക്കണ്ടു.' അപ്പുക്കുട്ടന്‍നായര്‍ പറഞ്ഞു.
'മഹാത്മാഗാന്ധിയുടെ ഒരു പടം പൊക്കിക്കാണിച്ചാലോ?' കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.
'അതൊന്നും വേണ്ട.' ഡോക്ടര്‍ പറഞ്ഞു.

'മഹാത്മജിയെ ഈ സമയത്ത് ഓര്‍ക്കില്യ.' മേല്‍ശാന്തി പറഞ്ഞു.
'എമ്പ്രാന്തിരി, നിങ്ങള്‍ ഒരു കമ്യൂണിസ്റ്റായതുകൊണ്ടാ അങ്ങനെ പറേണ്.' നേതാവ് പറഞ്ഞു. അയാളുടെ മുഖം രോഷത്താല്‍ ചുവന്നു.
'ഇബടെ വെച്ച് തന്റെ രാഷ്ട്രീയം തൊടങ്ങണ്ട.' മേല്‍ശാന്തി പറഞ്ഞു.
'എന്നാ ആ കോലായിലേക്ക് വര്ാ. തന്റെ തമാശപറേലൊന്നും ഇന്നോട് വേണ്ട.' കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അയാള്‍ മേല്‍ശാന്തിയെ കോലായിലേക്ക് ആനയിച്ചു.
'മീനാക്ഷിയേടത്തിക്ക് രഘുപതിരാഘവ രാജാറാം കേള്‍ക്കണോ? ടീച്ചറ് പാടിത്തരും. ഭാര്‍ഗവിട്ടീച്ചറ് ഇബടെത്തന്നെ നിക്ക്ണ്ട്.' അപ്പുക്കുട്ടന്‍നായര്‍ രോഗിണിയുടെ കാതില്‍ മന്ത്രിച്ചു.
രോഗിണി കിതച്ചുകൊണ്ട് പറഞ്ഞു. 'വേണ്ട.'
'മീനാക്ഷിയേടത്തിക്ക് വല്ലതും വേണോ?' അപ്പുക്കുട്ടന്‍നായര്‍ സസ്‌നേഹം ചോദിച്ചു.
രോഗിണിയുടെ കണ്ണുകള്‍ ജ്വലിച്ചു. അവരുടെ ചുണ്ടുകള്‍ വിറച്ചു.
'പച്ച ജാക്കറ്റ്. പാലയ്ക്കാമോതിരോം. പിന്നെ ഒന്നും വേണ്ട.'
'പിച്ചും പേയും പറയ്ാണ്, അല്ലേ ഡോക്ടറേ?' ടീച്ചര്‍ ചോദിച്ചു.
ഡോക്ടര്‍ തല കുലുക്കി.
'പാലയ്ക്കാമോതിരം.' രോഗിണി സ്​പഷ്ടതയോടെ പറഞ്ഞു. അവരുടെ കണ്ണുകള്‍ എല്ലാവരുടെയും മുഖങ്ങള്‍ പരിശോധിച്ചു.
'ആയിയോ ഡോക്ടറേ... സമയായോ?' അപ്പുക്കുട്ടന്‍നായര്‍ ചോദിച്ചു.
'പാലയ്ക്കാമോതിരം!' രോഗിണി ദുര്‍ബലമായ ഒരു സ്വരത്തില്‍ പറഞ്ഞു.

((മാധവിക്കുട്ടിയുടെ സ്ത്രീകള്‍ എന്ന കഥാസമാഹാരത്തില്‍ നിന്ന്)

2011-08-07

ഋതു പറഞ്ഞ കഥ-ഭാഗം-01  

ഇത് ഒരു കഥയല്ല. യാഥാർത്ഥ ജീവിതത്തിന്റെ നേർക്കാഴ്ച. ഇതിലെ കഥാപാത്രങ്ങൾ ഇന്നും, നമുക്കിടയിൽ ജീവിച്ചിരിക്കുന്നു. കാണപ്പെടാതെ അറിയപ്പെടാതെ പോകുന്ന അനേകം ജീവിതങ്ങളുടെ പ്രതിനിധി മാത്രമാണിവർ. വിദ്യാഭ്യാസത്തെയോ കുടുംബ പശ്ചാത്തല- ത്തെയോക്കാൾ ഒരു മനുഷ്യന്റെ സ്വഭാവത്തെയോ ശീലങ്ങളെയോ രൂപീകരിക്കുന്നതിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത് അവൻ കടന്നു വരുന്ന വഴികളാണ്‌. മെൻസ് ഹോസ്റ്റലുകളിലും, ബോർഡിംങ് സ്കൂളുകളിലും വർധിച്ചുവരുന്ന സ്വവർ‍ഗ്ഗാനുരാഗ പ്രവണത ഇതിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.റ്റി-യിലെ വിദ്യാർത്ഥികളുടെ ഇടയിൽ നടത്തിയ ഒരു സർവേയിൽ ഏതാണ്ട് പതിനഞ്ച് ശതമാനംപേർ സ്കൂൾ ഹോസ്റ്റലുകളിലോ, എൻട്രൻസ് കോച്ചിംങ് സമയങ്ങളിലോ, ഐ.ഐ.റ്റി ഹോസ്റ്റലുകളിലോ സ്വവർഗ്ഗരതി ആസ്വദിച്ചിട്ടുള്ളവരാണ്‌. അടുത്തിടെ മദ്രാസ് ഐ.ഐ.റ്റിയിലെയും ബോംബെ ഐ.ഐ.റ്റിയിലെയും കാമ്പസ് മാഗസിനുകളായ ഇൻസൈറ്റിലും (Insight), ദി ഫിഫ്‍ത് എസ്റ്റേറ്റിലും (The Fifth Estate) വന്ന രണ്ട് ആർട്ടിക്കിളുകൾ ഈ സർവേയുടെ ആധികാരികതയെ ബലപ്പെടുത്തുന്നു. ഒരു പരിധിവരെ അണുകുടുംബങ്ങളുടെ ആവിർഭാവവും അതുവഴി സ്വാഭാവികമായും അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലും ഏകാന്തയുമായിരിക്കാം ദിനംപ്രതി സ്വവർഗ്ഗാനുരാഗികളുടെ എണ്ണം ഇന്ത്യയിൽ വർദ്ധിക്കാനുള്ള കാരണങ്ങളിലൊന്ന്.

ഒരു ആക്ടീവിസ്റ്റ് എന്ന നിലയിൽ സ്വവർഗ്ഗാനുരാഗത്തെയും സ്വവർഗ്ഗ രതിയെകുറിച്ചും എന്റെ ബ്ളോഗിലൂടെ ഞാൻ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള പോസ്റ്റുകൾ വഴി ജീടോക്കിൽ വന്ന് എന്നെ പരിചയെപ്പെടുകയും, സ്വന്തം അനുഭവങ്ങൾ, എന്റെ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കണമന്ന് അഭ്യർത്ഥിക്കയും ചെയ്ത ഋതു എന്ന ഇരുപത്തിമൂന്ന് വയസ്സുമാത്രം പ്രായമുള്ള കോട്ടയത്തുകാരൻ ചാറ്റിലൂടയും ഫോണിലൂടയും എന്നോട് പറഞ്ഞ അവന്റെ സ്വന്തം കഥയാണിത്. ഇതിലെ വ്യക്തികളുടെ പേരോ ഫോൺ നമ്പറോ‌ വെളിപ്പെടുത്തരുതന്ന് അഭ്യർത്ഥിച്ചിട്ടുള്ളതിനാൽ അത് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലെ കനത്ത മഞ്ഞുപൊഴിയുന്ന ഒരു രാത്രിൽ, കൊറിയയിലെ എന്റെ മുറിയിൽ ഓണലൈൻ ആയിരിക്കുമ്പോൾ, ജീടോക്കിൽ ലോഗിൻ ചെയ്ത് അവൻ എനിക്ക് ടൈപ്പ് ചെയ്തു തുടങ്ങി.

"എന്റെ മനസിനേയും ജീവിതത്തെയും തകര്‍ത്തു കളയുകയും എന്നാല്‍ എനിക്ക് തിരിച്ചറിവ് ഉണ്ടാക്കി തരുകയും ചെയ്ത ഒരു സംഭവമാണ് ഡോ. പ്രശാന്തിന്റെ മഴനൂലുകൾ എന്ന ബ്ളോഗിലൂടെ പങ്കുവയ്ക്കുവാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഇത് എന്റെ ജീവിതത്തിന്റെ നന്ദിപ്രകടനമാണ്, ജീവിതമേ നീ എനിക്ക് തന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്കും വലിയ വലിയ ദുഃഖങ്ങള്‍ക്കും നന്ദി...വെയിലിനും, തണലിനും, മഞ്ഞിനും, മഴക്കും എല്ലാം നന്ദി...സമാനഹൃദയരായ എന്റെ പ്രിയപ്പെട്ടവരെ, നിങ്ങള്‍ക്കും ഒരുപിടി വാക്കിന്‍റെ പൂക്കളിലൂടെ ഒരായിരം നന്ദി....എന്റെ കഥ മുഴുവൻ ഡോ. പ്രശാന്തിനോട് പറഞ്ഞു പൂര്‍ത്തിയാക്കാന്‍ എനിക്ക്‌ കഴിയുമോ എന്ന് വിശ്വാസമില്ല...കഴിയാതെ വന്നാല്‍ അതിനർത്ഥം ഞാൻ ജീവിച്ചിരിപ്പില്ല എന്നാണ്‌.‍.......

വാഴ്വിന്റെ നിഴല്‍ മൂടിയ ഉള്ളറകളില്‍ വാക്കുകള്‍ക്ക് അതീതമായി ഓര്‍മ്മയുടെ ഏകാന്തമായ കൂടുകള്‍ ഉണ്ട്. പകലില്‍ അലഞ്ഞുതിരിയുന്ന ആശകള്‍ നിശബ്ദമായി രാത്രിയില്‍ തിരികെ വന്ന് എന്റെ ഹൃദയത്തെ മുട്ടിവിളിക്കുന്നു...മ്യദുവായ ആ ശബ്ദം എനിക്കു കേള്‍ക്കാം...അവ എന്റെ ജീവനുവേണ്ടി കൊതിക്കുന്നു. സെമിത്തേരിയില്‍ ശവം നാറിപൂക്കുന്നതും ഏനിക്കു ചുറ്റും മരണത്തിന്റെ ഗന്ധം പരക്കുന്നതും ഞാന്‍ അറിയുന്നു....." മുഖവുരയോടെ ഋതു അവന്റെ കഥ എന്നോട് പറഞ്ഞു തുടങ്ങി.

ഋതു അന്ന് പറഞ്ഞ അവന്റെ കഥ എവിടെ തുടങ്ങണമന്നും എങ്ങനെ അവസാനിപ്പിക്കണമന്നും എനിക്ക് അറിയില്ല. എങ്കിലും ഇങ്ങനെ തുടങ്ങാം. മരം ഒരു വരം തന്നെയാണ്‌. ഋതുക്കള്‍ക്കനുസരിച്ച് ഉടുപ്പുമാറുന്ന മരത്തെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. പ്രത്യേകിച്ചും നമ്മളോ, നമ്മുടെ പ്രിയപ്പെട്ടവരോ ചേര്‍ന്നു നട്ടതാണങ്കില്‍ അതിനോട് നമുക്ക് ഒരു പ്രത്യേക വാല്‍സല്യം തന്നെ തോന്നും. പുതിയ തളിരുകള്‍ വന്നുവോ എന്നും, പഴയ ഇലകള്‍ കൊഴിഞ്ഞുവോ എന്നും നമ്മള്‍ ശ്രദ്ധിക്കും. അത്തരം ഒരു മരം അവനുമുണ്ട്. ഋതു തന്റെ സ്നേഹിതനോടൊപ്പം നട്ട ആ മരം അവന്‌ ഒരുപാട് പ്രിയപ്പെട്ടതാണ്. ഋതുക്കള്‍ മാറി വരുമ്പോള്‍ ഇല പൊഴിക്കുകയും, വീണ്ടും തളിര്‍ക്കുകയും ചെയ്യുന്ന അവന്റെ ആ പ്രിയപ്പെട്ട മരം എല്ലാത്തിനും മൂകസാക്ഷിയായി നില്‍ക്കുന്നു. അതിനോട് അടുത്തു നില്ക്കുമ്പോള്‍ ആ ഇലകളില്‍ സ്പര്‍ശിക്കുമ്പോള്‍ അതിലെ പൂക്കളുടെ ഗന്ധം ജനാലയിലൂടെ മുറിക്കുള്ളിലേക്ക് അരിച്ചെത്തുമ്പോൾ അവന്റെ മനസ്സിന് ഒരുപാട് സന്തോഷം തോന്നും. നമ്മുടെ ഉള്ളില്‍ നമ്മള്‍ അറിയാതെ തന്നെ എത്രയോ മുഖങ്ങൾ ജീവിതങ്ങള്‍ ....എത്രയോ സത്യങ്ങള്‍ ...എത്രയോ ഋതുക്കള്‍ ‍..... ഏകാന്തത....എല്ലാം അവനെ എങ്ങോട്ടോ മാടി വിളിക്കുകയാണ്. ഏകാന്തമായ ഏതോ തുരുത്തിലേക്ക്. അവൻ എപ്പോഴാണ് ഒറ്റക്കായത്?. ആരാണ് അവന്‌ ഈ ക്രൂരമായ നിശബ്ദത സമ്മാനിച്ചത്‌?. ആരാണ് ഭീതിപ്പെടുത്തുന്ന ഈ അനാഥത്വത്തിലേക്ക് അവനെ തള്ളി വിട്ടത്?. എവിടയോ വായിച്ചു മറന്ന ഒരു വരി കവിതപൊലെ "ജീവിതത്തിന്റെ ഒറ്റപ്പെടല്‍ ആരുടെയൊക്കെയോ നഷ്ടപെടല്‍ അതു നമ്മെ തളര്‍ത്തുന്നു എങ്കില്‍ അതിന് ഒരു അര്‍ത്ഥമേയുള്ളൂ. അവരെ നാം ഒരുപാട് സ്നേഹിച്ചിരുന്നു".

നമുക്കു ചുറ്റും ജീവിതം ആഘോഷിക്കുന്ന ഒരുപാടുപേരുണ്ട്. അതേപോലെ ജീവിതം മതിമറന്നു ആഘോഷിച്ച ഒരാള്‍ ആയിരുന്നു അവനും...കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌വരെ എല്ലാ കാര്യത്തിലും അല്പം മടിയും, ധൂർത്തും, വാശിയും..അല്ല, പിടി വാശി എന്നു പറയുന്നതാണ്‌ കൂടുതല്‍ ശരി. അങ്ങിനെ ഒരു ജീവിതമായിരുന്നു അവന്റേത്...അച്ഛന്റെയും അമ്മയുടേയും ഏക സന്താനം. ആവശ്യത്തിന് സ്വാതന്ത്ര്യം അതിലേറെ പണം. ബൈക്ക്, മൊബൈല്‍ ഫോൺ ലാപ്‍ടോപ്, ഇന്റർ-നെറ്റ്. ഒരു കൗമാരകാരന്റെ ജീവിതം ആസ്വദിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം?. സ്കൂളില്‍ ഒരു ശരാശരി വിദ്യാര്‍ത്ഥി ആയിരുന്നു അവൻ‍. എങ്കിലും സ്കൂളിലെ ഓരോ മൺതരികൾക്കുപോലും സുപരിചിതനായ ഒരു മികച്ച സംഘാടകൻ എന്ന നിലയിൽ സ്കൂളിലെ എല്ലാ പരിപാടികള്‍ക്കും അവൻ മുന്‍പില്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും അവൻ വളരെ പ്രിയപ്പെട്ടവന്‍ അയിരുന്നു. ഇന്ന് സ്കൂളിലെ നല്ല ഓര്‍മ്മകള്‍ മുഴുവന്‍ അവന്റെ ഡയറിതാളുകളില്‍ പൊടിപിടിച്ച കവിതകളോടൊപ്പം അനാഥമായ് കിടക്കുന്നു. ഒരു വിധം നല്ല മാര്‍ക്കോടുകൂടി സ്കൂള്‍ പഠനവും പ്ള്സ്ടുവും പൂര്‍ത്തിയാക്കി ഭേദപ്പെട്ട ഒരു കോളജില്‍ നിന്നും എഞ്ചിനീയറിങ്ങില്‍ ബിരുദവും കരസ്ഥമാക്കി ഇരുപത്തൊന്നാം വയസില്‍ അവൻ ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചു. കൗമാരകാലത്ത് തന്നെ തന്റെ ലൈംഗിക ത്യഷ്ണയെ അവൻ തിരിച്ചറിഞ്ഞിരുന്നു. അല്ലങ്കില്‍ സ്കൂള്‍ പഠനകാലത്തു തന്നെ സ്വവര്‍ഗ്ഗ പ്രണയം അവനില്‍ മൊട്ടിട്ടിരുന്നു. ആദ്യമൊക്കെ അസ്വാഭാവികമായതെന്തോ അവനിൽ സംഭവിക്കുന്നുവന്നു ചിന്തിച്ചുവങ്കിലും അതില്‍ അവന്‌ ഒരിക്കലും വിഷമം തോന്നിയില്ല.

പ്ളസ്ടു പഠനകാലം മുതൽ അല്പജ്ഞാനത്തിന്റെ കൗതുകത്തിൽ ഇന്റര്‍നെറ്റ് എന്ന മായാലോകത്ത് അവനിലെ സ്വവര്‍ഗ്ഗ അനുരാഗതെ കൂടുതല്‍ വളര്‍ത്തിയെടുക്കുക അയിരുന്നു അവൻ‍. ജീവിതത്തിന്റെ വിലയോ മൂല്യമോ ഒന്നും മനസിലാകാത്ത നാളുകള്‍ ..അവന്‌ അവനെതന്നെ നഷ്ടമായ ദിവസങ്ങള്‍ ...ആ ദിനങ്ങളില്‍ ലൈംഗീകത മാത്രമായിരുന്നു അവന്റെ മനസ്സ്നിറയെ. ആഗ്രഹ സമ്പൂര്‍ത്തിക്കായ് ഇണയെ പരതുക എന്നതായിരുന്നു അന്നത്തെ അവന്റെ ഇഷ്ട വിനോദം.‍...ഇന്റർ നെറ്റിലൂടയും തിരക്കേറിയ ബസുകളിലെ യാത്രകളിലൂടയും അവന്റെ ജീവിതത്തില്‍ പലരും വന്നുപോയി. നഗരത്തിലെ ഏതങ്കിലും ഹോട്ടൽ മുറികളിൽ അല്ലങ്കിൽ ആളൊഴിഞ്ഞ ക്ളാസ് മുറികളിൽ ഒന്നോ രണ്ടോ തവണത്തെ പങ്കുവക്കലില്‍ തീരുന്ന ബന്ധങ്ങള്‍ . അവരില്‍ ആരോടും ഒരിക്കലും അവന്‌ പ്രണയമോ, സ്നേഹമോ തോന്നിയില്ല...അവര്‍ക്ക് തിരിച്ചും.

അവന്‍ എന്നും ഒറ്റയ്ക്കായിരുന്നു. സഹോദരങ്ങളോ, അടുത്ത കൂട്ടുകാരോ ആരും തന്നെ ഇല്ലായിരുന്നു അവന്‌. ഒറ്റപ്പെട്ടുപോയ അവന്റെ ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് എന്ന മായാലോകവും, അവിടെ ഇണയെ തേടിയിറങ്ങുന്ന സ്വവര്‍ഗ്ഗ രതിക്കാരും മാത്രമായിരുന്നു. ആ ദിവസങ്ങളില്‍ മണിക്കൂറുകളോളം അവന്‍ ഇന്റര്‍നെറ്റില്‍ ഇരിക്കുക പതിവായിരുന്നു. ദിവസവും ഓരോരോ മുഖങ്ങള്‍ ജീവിതത്തിലൂടെ കയറിയിറങ്ങി. അവനെ ഹരം കൊള്ളിച്ച ഈ ലഹരിയില്‍ അവന്‌‌ പലപ്പോഴും സ്നേഹബന്ധങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല...അവന്‌ ജീവിതത്തില്‍ ഒരാളെ ആത്മാര്‍ത്ഥമായി സ്നേഹിക്കാന്‍ പറ്റുമോ എന്നുപോലും സംശയിച്ച ദിവസങ്ങള്‍ . അങ്ങനെ അവൻ ജീവിതം ആഘോഷിച്ചുകൊണ്ടിരുന്ന നാളുകളില്‍ പ്രണയവും വിരഹവും മഞ്ഞായ് പയ്തൊഴിയുന്ന 2007 ഡിസംബറിലെ (26-12-2007) ഒരു തണുത്ത രാത്രിയില്‍ അവന്റെ ഓര്‍ക്കുട്ടില്‍ ഒരു സ്ക്രാപ്പ് വന്നു. അവിടെ നിന്നുമായിരുന്നു എല്ലാത്തിന്റെയും തുടക്കം. അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചുകൊണ്ട് ഒരാൾ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. 'ഹായ്' എന്ന ഒറ്റ വാക്കിലൊതുക്കിയ സ്ക്രാപ്പിന് അവനെ ആ പ്രൊഫയിലിലേക്ക് എത്തിക്കാനുള്ള എന്തോ ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ ഒരു സ്വവര്‍ഗ്ഗ അനുരാഗിയുതാണന്ന് ആര്‍ക്കും മനസിലാകുന്ന ഒരു പ്രൊഫൈല്‍ ആയിരുന്നു അത്. ഏതോ ഒരു ഗൂഡമായ സന്തോഷത്തോടെ ആ സ്ക്രാപ്പിന് ഒരു മറുപടി നല്കി അവൻ കാത്തിരുന്നു‍. എന്നാല്‍ പിന്നീട് കുറേ ദിവസത്തേക്ക് സ്ക്രാപ്പൊന്നും കണ്ടില്ല. ഒരാഴ്ചയോളം കഴിഞ്ഞു പെട്ടന്ന് "ഹായി" എന്നു പറഞ്ഞ് അവന്‌ വീണ്ടും ഒരു സ്ക്രാപ് വന്നു. അതിനു മറുപടി നല്കും മുമ്പ്' 'അല്‍പനേരം കഴിഞ്ഞു ചാറ്റിൽ വരാമോ' എന്നു ചോദിച്ചു മറ്റൊരു സ്ക്രാപ്പുകൂടി. അവൻ പെട്ടന്നു തന്നെ ജീടോക്കില്‍ ലോഗ്-ഇന്‍ ചെയ്തു. കുറച്ചു നേരം ചാറ്റ് ചെയ്തു. അന്നുവരെ അവൻ ഇന്റര്‍നെറ്റില്‍ കണ്ട മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ് തെല്ലും അശ്ലീലം കലരാത്ത ഭാഷ. ആര്‍ക്കും ഇഷ്ടപ്പെടുന്ന ശൈലി. തീരെ അപരിചിതത്വം തോന്നാത്ത സംസാരം.

ചാറ്റിന്റെ അവസാനം അയാൾ അവന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു. അന്ന് രാത്രിയില്‍ ഏകദേശം ഒന്‍‌പതു മണിയോടെ അവന്റെ മൊബൈല്‍ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പര്‍ എങ്കിലും അവൻ ഊഹിച്ചു ആരുടെ കോളായിരിക്കുമന്ന്. പ്രതീക്ഷിച്ചതുപോലെ അത് അയാളായിരുന്നു. ഘനഗാംഭീര്യമുള്ള സുന്ദരമായ ഒരു ശബ്ദത്തിന്റെ ഉടമയായിരുന്നു അയാള്‍ . സൗമ്യമായ ആ സംസാരം അഞ്ചു മിനിട്ടോളം നീണ്ടു... നാളെ വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി അവന്‌. പിറ്റേ ദിവസം അവൻ അയാളുടെ ഫോൺ കോളിനായ് കാത്തിരുന്നു. അന്നും ക്യത്യം ഒന്‍പത് മണിക്ക് ആ കോള്‍ വന്നു. പിന്നീട് അതു പതിവായി. അവൻ പോലും അറിയാതെ അതൊരു ശീലമായ് മാറുകയായിരുന്നു....അതിനിടയില്‍ എങ്ങനയോ അവർക്ക് പരസ്പരം പേരുകളും വീണിരുന്നു. അവൻ അയാളെ 'വാവ'എന്നും....അയാൾ അവനെ 'മാക്രി' എന്നും സ്നേഹത്തോടെ വിളിച്ചു..

ദിവസങ്ങള്‍ ആഴ്ചകളായ് കൊഴിഞ്ഞു വീണപ്പോള്‍ ഒരു ദിവസം വാവക്ക് അവനെ കാണണം എന്നു പറഞ്ഞു. എവിട വച്ച് കാണും എന്നതായിരുന്നു പ്രശ്നം. അവന്റെയും വാവയുടെയും സ്ഥലങ്ങള്‍ തമ്മില്‍ ശതകിലോമീറ്ററിലധികം ദൂരമുണ്ട്. എന്നാല്‍ വാവക്ക് ദൂരം ഒരു പ്രശ്നമായിരുന്നില്ല. വാവ അവനെ കോട്ടയത്ത് വന്നു കണ്ടോളാം എന്നു പറഞ്ഞു. അങ്ങനെ തിരുനിക്കര അമ്പലത്തിന്റെ നടയില്‍ വച്ച് കാണാമന്നു അവർ തീരുമാനിച്ചു. അന്ന് രാവിലെ മുതല്‍ അവൻ വാവയെയും കാത്ത് കോട്ടയം തിരുനക്കര അമ്പലത്തിന്‍റെ ഗോപുര നടയില്‍ നിന്നു. ഇന്റര്‍നെറ്റില്‍ പരിചയപ്പെട്ട പലരുമായും നഗരത്തിന്റെ ഏതങ്കിലും ഒഴിഞ്ഞ മൂലയില്‍ കൂടികാഴ്ചകൾ നടത്തിയിട്ടുണ്ടങ്കിലും, അന്ന് ആദ്യമായ് അവന്റെ ഉള്ളില്‍ അല്പം പരിഭ്രമവും, അസ്വസ്ഥതയുമൊക്കെ തോന്നിച്ചു. ഏകദേശം ഒന്‍പതു മണിയോടെ വാവ അമ്പലത്തിന്റെ പടവുകള്‍ കയറി, ജാള്യത കലര്‍ന്ന പുഞ്ചിരിയുമായി അടുക്കലേക്ക് വന്നു. അവന്റെ കൈകവർന്നു. അവന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നായിരുന്നു അത്. ആ നിമിഷം കണ്ണുനീരോടെ അവൻ ഇന്നും ഓര്‍ക്കുന്നു......ഗോപുരനടയിലെ സാലഭഞ്ജികകളെയും, അവിടെ മുനിഞ്ഞു കത്തുന്ന കൽവിളക്കുകളെയും സാക്ഷിയാക്കി, അന്ന് വാവ യാത്ര പറഞ്ഞ് പിരിയുമ്പോള്‍ അവന്‌ വല്ലാത്ത വിഷമം തോന്നി.

അന്നുമുതല്‍ രാത്രിയന്നോ പകലന്നോ ഇല്ലാതെ അവന്റെ ഫോണ്‍ ശബ്ദിച്ചുകൊണ്ടേയിരുന്നു. അതിലേക്ക് വരുന്ന മെസേജുകളുടെ എണ്ണം കൂടി കൂടി വന്നു. പലപ്പോഴും രാവെളുക്കോളം അവർ സംസാരിച്ചു. സ്വപ്നങ്ങളുടേയും സന്തോഷങ്ങളുടേയും വര്‍ണ്ണ പ്രപഞ്ചത്തിൽ അവരുടെ ബന്ധം മറ്റൊരു തലത്തിലേക്ക് വളരുകയായിരുന്നു. ദിവസങ്ങള്‍ കഴിയും തോറും അവനും വാവയും കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു. അവരില്‍ എന്തക്കയോ രാസമാറ്റം സംഭവിക്കുന്നത് അവർ അറിയുന്നുണ്ടായിരുന്നു. അവന്‌ വാവയും, വാവക്ക് അവനും മാത്രമുള്ള ഒരു ലോകത്തെ കുറിച്ച് അവർ ചിന്തിച്ചുതുടങ്ങി. എന്തു ചെയ്യണമന്ന് ഒരു എത്തും പിടിയും കിട്ടാത്ത ദിവസങ്ങൾ. കൂട്ടികിഴിക്കലുകളൂടെ അവസാനം ഒരുമിച്ച് ഒരു പുതിയ ജീവിതം ആരംഭിക്കാം എന്നു അവർ തീരുമാനിച്ചു. ദൈവീക സാന്നിധ്യത്തില്‍ ആദ്യ കൂടികാഴ്ച നടത്തിയതുപോലെ ഇതും ഏതങ്കിലും ക്ഷേത്ര സന്നിധിയില്‍ വച്ചു വേണമന്ന് അവർക്ക് നിര്‍ബന്ധമായിരുന്നു. അതിനു കണ്ടത്തിയത് കൊല്ലൂർ മൂകാംബികാ ക്ഷേത്രവും. അവിടെ പവിത്രമായ സൗപര്‍ണ്ണികാ നദിയുടെ തീരത്തുവച്ച് ജീവിതത്തില്‍ ഒരിക്കലും പിരിയില്ല എന്നു പരസ്പരം കൈകൾ ചേർത്ത് വച്ച് അവർ ശപഥം എടുത്തു. ഭക്തി സാന്ദ്രമായ അവിടുത്തെ ലളിതാംബിക ഗസ്റ്റ് ഹൗസിൽ അവർ ജീവിതത്തിന്റെ പുതിയ ഒരധ്യായം തുടങ്ങി. അതു അവന്റെ ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ തുടക്കമായി...അനിവാര്യമായ ഒരു ദുരന്തത്തിന്റെയും...
തുടരും.....

2011-07-07

ഇടപ്പള്ളിയുടെ ആത്മഹത്യ-മലയാള മനോരമ റിപ്പോർട്ട്  

ഇടപ്പള്ളി രാഘവൻ പിള്ള തൂങ്ങിമരിച്ചു

ഒരു യുവകവിയുടെ അവസാനം.
(സ്വന്തം ലേഖകൻ)

കൊല്ലം
മിഥുനം 22

തുഷാരഹാരം, ഹ്യദയാമ്യതം മുതലായ പലനല്ല കവിതാഗ്രന്ഥങ്ങളുടെ കർത്താവും ഒരു യുവകവിയെന്നു പ്രസിദ്ധി സമ്പാദിച്ചിട്ടുള്ളയാളുമായ മി. ഇടപ്പള്ളി രാഘവൻ പിള്ള സ്ഥലം ഗൗഡ സരസ്വതി ബ്രാഹ്മണ ക്ഷേത്രത്തിനു സമീപമുള്ള വക്കീൽ മി. വി. എൻ നാരായണപിള്ള ബി.എ ബി.എൽ-ന്റെ വസതിയിലുള്ള വക്കീലാപ്പീസിൽ തൂങ്ങിച്ചത്തു നിൽക്കുന്നതായ് ഇന്നു രാവിലെ കാണപ്പെട്ടിരിക്കുന്നു.മി. രാഘവൻ പിള്ള മി. നാരായണ പിള്ളയുടെ കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വസതിയിൽ താമസിക്കയായിരുന്നു. സ്കൂൾ ഫൈനൽ പരീക്ഷ പാസായിട്ടുള്ള മി. രാഘവൻ പിള്ള കഴിഞ്ഞ പ്രാവശ്യം നടന്ന വിദ്വാൻ പരീക്ഷക്ക് ചേർന്നിരുന്നതായും അതിൽ തോൽ‍വി ഭവിച്ചതായുമറിയുന്നു. പരേതൻ മരിക്കുന്നതിനു മുമ്പായി "ഒരു ഒടുക്കത്തെ കത്തു" എഴുതി വച്ചിരുന്നതായും, തന്റെ ആശകളൊന്നും സാധ്യമാകാതിരിക്കുന്നതു നിമിത്തം താൻ ജീവിതമവസാനിപ്പിക്കുന്നുവന്നും, ഇതിൽ മറ്റാരും കുറ്റക്കാരനല്ലന്നു അതിൽ എഴുതിയിട്ടുള്ളതായും കേൾക്കുന്നു. പ്രേതത്തിന്റെ കാലുകളുടെ തള്ളവിരലുകൾ തറയിൽ തൊട്ടിരുന്നുവത്രെ. പരേതന്റെ കഴുത്തിൽ ഒരു പൂമാലയുമണിഞ്ഞിരുന്നു. "പ്രണയ നൈരാശ്യ"മായിരിക്കണം മരണഹേതുവന്നനുമാനിക്കപ്പെടുന്നു.

to my friends and foes എന്നായിരുന്നുവത്രെ ഒടുക്കത്തെ കത്തിൽ മേൽ‍വിലാസം കുറിച്ചിരുന്നത്. മരണത്തെപറ്റിയും മറ്റും പ്രസ്താവിക്കുന്ന ഏതാനും ഇംഗ്ളീഷ് പുസ്തകങ്ങളും സമീപത്ത് വച്ചിട്ടുണ്ടായിരുന്നു. പോലീസുകാർ എത്തി മഹസ്സർ മുതലായവ തയ്യാറാക്കിയ ശേഷം പ്രേതം പോസ്റ്റുമാർട്ടത്തിനയച്ചിരിക്കുന്നു.
.

2011-07-06

ഇടപ്പള്ളിയുടെ ആത്മഹത്യാകുറിപ്പ്  

ഞാൻ ഒന്നുറങ്ങിയിട്ട് ദിവസങ്ങളല്ല മാസങ്ങൾ വളരെയായി. കഠിനമായ ഹ്യദയവേദന. ഇങ്ങനെ അല്‌‍പാല്‌‍പം മരിച്ചുകൊണ്ട് എന്റെ അവസാനദിനത്തെ പ്രതീക്ഷിക്കുവാൻ ഞാൻ അശക്തനാണ്‌. ഒരു കർമ്മ ധീരനാകുവാൻ നോക്കി. ഒരു ഭ്രാന്തനായി മാറുവാനാണ്‌ ഭാവം. സ്വാതന്ത്യത്തിന്‌ കൊതി. അടിമത്വത്തിനു വിധി. മോചനത്തിനുവേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരിക്കൊള്ളിക്ക മാത്രമാണ്‌ ചെയ്യുന്നത്. എന്റെ രക്ഷിതാക്കൾ എനിക്കു ജീവിക്കുവാൻ വേണ്ടുന്നവ സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടായിരിക്കാം. പക്ഷേ ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളം വരെയും മർദ്ദിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാഭാരമായിട്ടാണ്‌ തീരുന്നത്. ഞാൻ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്യത്തിന്റെ വിഷ ബീജങ്ങളാൽ മലീമസമാണ്‌. ഞാൻ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലുകടിക്കുന്നവയാണ്‌. ഞാൻ ഉടുക്കുന്ന വസ്ത്രം പോലും പാരതന്ത്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്‌.

പ്രവർത്തിക്കുവാൻ എന്തങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാൻ എന്തങ്കിലും ഉണ്ടായിരിക്കുക-ഈ മൂന്നിലുമാണ്‌ ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ്‌ അനുഭവം. എനിക്ക് ഏക രക്ഷാമാർഗം മരണമാണ്‌. അതിനെ ഞാൻ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേർപാടിൽ ആരും നഷ്ടപ്പെടുന്നില്ല; ഞാൻ നേടുന്നുമുണ്ട്. മനസ്സാ വാചാ കർമ്മണാ ഇതിൽ ആർക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയദ്യഷ്ടിയും നിയമത്തിന്റെ ഖഡ്ഗവും നിരപരാധിത്വത്തിന്റെ മേൽ പതിക്കരുതേ!

എനിക്ക് പാട്ടുപാടുവാൻ ആഗ്രഹമുണ്ട്; എന്റെ മുരളി തകർന്നു പോയി.

കൂപ്പുകൈ
കൊല്ലം ഇടപ്പള്ളി രാഘവൻ പിള്ള
23-11-1111
.

2011-04-23

പൃഥ്വി രാജും, കാവ്യ മാധവനും പുതിയ വഴികളിലേക്ക്  

പൃഥ്വി രാജ് വിവാഹിതനാകുന്നു. മുംബയിലെ മാധ്യമ പ്രവർത്തക പ്രതീക്ഷയാണ്‌ (സുപ്രിയ മേനോൻ) വധു. നീണ്ട നാളത്തെ പ്രണയത്തി നൊടുവിലാണ്‌ ഇവർ വിവാഹിതരാകാൻ തീരുമാനിച്ചത്. ഇതിനായി പൃഥ്വിയും കുടുംബവും പ്രതിശ്രുതവധുവും കൂടി ഇന്നലെ എറണാകുളത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ലീമെറിഡിയനിൽ സൽക്കാരത്തിനുള്ള ഹാൾ ബുക്കു ചെയ്തു കഴിഞ്ഞു. ഈ മാസം 25-ന്‌ മുംബയിലെ പ്രതീക്ഷയുടെ വീട്ടിൽ വച്ച് വിവാഹനിശ്ചയവും മെയ് ഒന്നിന്‌ വിവാഹവും നടക്കുമന്ന് പൃഥ്വിരാജിന്റെ ഒരു അടുത്ത് സുഹ്യത്ത് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി പൃഥ്വി രാജും പ്രതീക്ഷയും പ്രണയത്തിലാണന്ന് സിനിമാലോകത്ത് നിറഞ്ഞു നിന്ന സംസാരമായിരുന്നങ്കിലും പ്രതീക്ഷ എന്ന ഒരു യുവതിയെ തനിക്ക് അറിയുകപോലുമില്ല എന്ന് പരസ്യമായ് സമ്മതിച്ചപ്പോൾ പൃഥ്വി രാജിനെ ചുറ്റി പറ്റി കേട്ട മറ്റ് ഗോസിപ്പുകളെപോലെ ഒന്നാണന്ന് എല്ലാവരും വിശ്വസിച്ചിരിക്കയായിരുന്നു. വിവാഹത്തിന്റെ മുന്നോടിയായി തേവരയിൽ പുതിയ വീടിന്റെ ഗ്രഹപ്രവേശവും കഴിഞ്ഞ ദിവസം നടത്തി എന്നാണ്‌ അറിയാൻ കഴിഞ്ഞത്. അങ്ങനെ ഒരു താര വിവാഹത്തിനുകൂടി മലയാള സിനിമാലോകം സാക്ഷ്യം വഹിക്കാൻ പോകുകയാണ്‌. പൃഥ്വിരാജ് വാർത്ത ഇതുവരേയും പുറത്തുവിട്ടിട്ടില്ലന്നാണ്‌ അറിയുന്നത്.

ഏപ്രിലിൽ വനിതയിൽ വന്ന അഭിമുഖത്തിൽ നിന്ന്:

ചോദ്യം: ഒരു ഇംഗ്ളീഷ് ചാനലിലെ മലായാളി റിപ്പോർട്ടറുമായ് പ്രണയത്തിലാണന്നു കേൾക്കുന്നു?
പൃഥ്വി: ഒരു ഇംഗ്ളീഷ് പത്രത്തിലാണ്‌ ആദ്യം ഇങ്ങനെ ഒരു വാർത്ത വന്നത്. അൽ‍പമെങ്കിലും പത്ര ധർമ്മമുള്ള ആരങ്കിലുമാണ്‌ അത് എഴുതിയതന്ന് ഞാൻ കരുതുന്നില്ല. ആദ്യം കേട്ടപ്പോൾ വിചാരിച്ചു പെൺകുട്ടിയുടേത് സാങ്കല്പിക പേരായിരിക്കുമന്ന്. പിന്നീട് അറിഞ്ഞു അങ്ങനെ ഒരാളുണ്ടന്ന്. അത് ശരിക്കും എന്നെ ഞടുക്കി.

ചോദ്യം: ആ പെൺകുട്ടിയെ വിളിച്ചായിരുന്നോ?

പൃഥ്വി: ഞാൻ കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ആളാണ്‌. പിന്നെ എങ്ങനെയാണ്‌ ഫോൺ വിളിക്കുന്നത്? ആ പെൺകുട്ടി എവിടയാണങ്കിലും ഞാൻ പറയുന്നു. ഇങ്ങനെ ഒരു വാർത്ത വന്നതിൽ എനിക്ക് ആത്മാർത്ഥമായും ദു:ഖമുണ്ട്. അത് ഞാൻ കാരണം ഉണ്ടായതല്ല.

ഇങ്ങനെ എഴുതുന്നവർ ഒരു കാര്യം ആലോചിക്കേണ്ടേ? ഒരു പെൺകുട്ടിയെ കുറിച്ചാണ്‌ എഴുതുന്നത്.അവരുടെ ജോലിസ്ഥലത്ത്, വീട്ടിൽ ഇത് ഏതൊക്കെ തരത്തിൽ ബാധിക്കാം. ചിലപ്പോൾ അവരുടെ ജീവിതത്തെ തന്നെ ബാധിച്ചന്നു വരും. അല്പമെങ്കിലും മര്യാദയുണ്ടങ്കിൽ പേരുകൾ എഴുതുമ്പോൾ അത് സത്യമാണോ എന്ന് ഒന്നന്വേഷിക്കണം.

എന്റെ കാര്യം വെട്ടേക്കൂ. എനിക്കത് പുത്തരിയല്ല. സിനിമാ നടനായതുകൊണ്ടുതന്നെ സമൂഹത്തിനു മുന്നിൽ എന്റെ സ്വകാര്യ ജീവിതം അവതരിപ്പിക്കപ്പെടുന്നതു ബാധിക്കാറുമില്ല. പക്ഷേ ഇതൊന്നുമായും ബന്ധമില്ലതെ ജോലി ചെയ്തു ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് തെറ്റാണ്‌.

കാവ്യാമാധവൻ സിനിമാലോകത്തുനിന്നും ഇനി പഠനത്തിന്റെ വഴിയിലേക്ക് തിരിയുകയാണ്‌. സിനിമാതിരക്കുകളാൽ പൂർത്തിയാക്കാൻ കഴിയാതെപോയ പ്ള്സ്ടു പരീക്ഷ എഴുതുകായാണ്‌ താരം ഇപ്പോൾ. എടത്തല അൽ-അമീൻ ഇന്റർ നാഷണൽ പബ്ളിക് സ്കൂളിലാണ്‌ കാവ്യ പരീക്ഷ എഴുതുന്നത്. സിവിൽ സർവീസ് എഴുതി എടുക്കണമന്നാണ്‌ കാവ്യയുടെ ആഗ്രഹം.
.

2011-04-22

ഉറുമി കണ്ടവർ മൂന്നുനാലു മുങ്കൂർ ജാമ്യം ഏടുത്തു വച്ചേക്കുക ഇല്ലങ്കിൽ മമ്മിയും മോനും കൂടി പോലീസിൽ പിടിപ്പിക്കും  

വാസ്‌കോഡ ഗാമയ്‌ക്കെതിരെ ഉറുമി വീശിയുള്ള വധശ്രമമാണ് 'ഉറുമി'യുടെ പ്രമേയമങ്കിലും, ഇന്ന് ആ ഉറുമി സിനിമയിലെ നായകനും മമ്മിയും കൂടി ഇന്റർനെറ്റ് ഉപയോക്താക്കളൂടെ നേരെ വീശുകയാണ്‌ . കുറെ ദിവസങ്ങളായി മലയാള പത്രങ്ങൾ മുഴുവൻ ജോൺ കൊടിയന്റെയും, ഉറുമിയുടെ ലിങ്ക് എംബഡ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്ത പലരുടേയും രക്തം കൊണ്ട് നിറഞ്ഞു കവിഞ്ഞൊഴുകുകയണ്‌.

മലായളത്തിലെ ആദ്യത്തെ ഇന്റർ നാഷണൽ താരം നിർമ്മിച്ച് അഭിനയിച്ച ആദ്യ ഇന്റർ നാഷണൽ സിനിമയുടെ ട്രയിലറുകളും, ചൂടൻ സീനുകളും, നെറ്റിലൂടെ പ്രദർശിപ്പിച്ച് മലയാള സിനിമക്ക് കോടികളൂടെ നഷ്ടം ഉണ്ടാക്കിയ അധോലോക നായകന്മാരെ ഗളഛേദനം നടത്തിയേ താൻ അടങ്ങൂ എന്ന് മുടി അഴിച്ചിട്ട് ശപഥം ചെയ്ത്, തലങ്ങും വിലങ്ങും ഉറുമി വീശികഴിഞ്ഞു മല്ലിക സുകുമാരൻ. അടുത്ത ഒസ്കാറിൽ കുറഞ്ഞത് പതിനഞ്ച് അവാർഡങ്കിലും വാങ്ങിക്കൂട്ടി ചരിത്രം കുറിക്കേണ്ട സിനിമയെയാണ്‌ ജോൺകൊടിയൻ ആഷ് മാജിക് ഡോട് കോം എന്ന വെബ്‍സൈറ്റില്‍ എംബെഡ് ചെയ്തു നശിപ്പിച്ചിരിക്കുന്നത്. ആ മഹാപരാധത്തിന്‌ അഞ്ചു കോടി രൂപ നഷടപരിഹാരമായ് വസൂലാക്കുക മാത്രമല്ല, ഓറാക്കിൾ കമ്പനിയിലെ അയാളുടെ ജോലി തെറിപ്പിച്ച്, കുടുംബം കുളം തോണ്ടി കുത്തുപാളയെടുപ്പിച്ച് തെരുവിലൂടെ ചെണ്ടകൊണ്ടിച്ച് നടത്തി ഇന്റര്‍നെറ്റിലൂടെ മലയാള സിനിമ പ്രചരിപ്പിക്കുന്ന എല്ലാവരേയും ഒരു പാഠം പഠിപ്പിക്കാൻ മമ്മി തീരുമാനിച്ചു കഴിഞ്ഞു..

സിനിമ അനധിക്യതമായ് സി.ഡിയിലൂടയും ഇന്റര്‍നെറ്റിലൂടയും പ്രചരിപ്പിക്കുന്നതുവഴി നിർമ്മാതാക്കൾക്കും വിതരണക്കാർക്കും വൻ നഷ്ടം ഉണ്ടാകുന്നുണ്ട്. കോപ്പീ റൈറ്റുള്ള ഒരു ചിത്രമോ സിനിമയോ ഒരു മ്യൂസിക്കോ, ഇന്റെർനെറ്റിൽ അപ്‍ലോഡ് ചെയ്യുന്നതും, ലിങ്ക് ചെയ്യുന്നതും എംബെഡ് ചെയ്യുന്നതും സൈബർ നിയമങ്ങൾക്ക് മുന്നിൽ തെറ്റുതന്നയാണ്‌. എന്നാൽ സോഷ്യൽ നെറ്റ് വർക്ക് മീഡിയയിൽ ഷെയറിം‍ങും, റീ ഷെയറിം‍ങും സാധാരണമായിരിക്കെ എത്രപേർക്കെതിരേ നിയമനടപടി കൈകൊള്ളാനാവും. അഥവാ ഒന്നും അറിയാതെ ഒരു ലിങ്ക് ഷെയറുചെയ്യുന്നതും എംബഡ് ചെയ്യുന്നതും അത്രവലിയ കുറ്റമായ് കാണാൻ കഴിയുമോ? അങ്ങനെ നോക്കിയാൽ ഇന്റെർനെറ്റ് യൂസേഴ്സിൽ 100 ശതമാനവും കുറ്റവാളികൾ എന്നു പറയേണ്ടിവരും. ഒരുക്കലങ്കിലും ഒരു ലിങ്ക് ഷെയറുചെയ്യുകയോ എംബഡ് ചെയ്യുകയോ ചെയ്യാത്തവർ ആരാണുള്ളത്? അങ്ങനെ വരുമ്പോൾ മോനെ ഉദ്ധരിപ്പിക്കാനിറങ്ങുന്നവർ ചെയ്യേണ്ടത് ഒരു ലിങ്ക് ഷെയറുചെയ്തവന്റെ കുടുംബം കുളം തോണ്ടുകയല്ല, മറിച്ച് അനധിക്യതമായ് പകർപ്പെടുത്ത് ഇന്റെർ നെറ്റിൽ അപ്‍ലോഡ് ചെയ്യുന്നവരെയും, അതിന്‌ സാഹചര്യം ഒരുക്കി കൊടുക്കുന്ന തീയേറ്റർ ഉടമകളേയുമാണ്‌. ഇന്ന് ഫിലിമിനു പകരം ഡിജിറ്റൽ പ്രൊജക്ടറുകളായതിനാൽ, സിനിമാവിതരണ കമ്പനികളിൽ നിന്നോ തീയേറ്ററുകളിൽ നിന്നോ ആയിരിക്കും സിനിമ ചോരുന്നത്. അതുപോലെ കേരളത്തിലെ തീയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യുന്നതോടൊപ്പം ഗൾഫ് നാടുകളിലും അമേരിക്കയിലും മറ്റും ഡി.വി.ഡി കളും റിലീസ് ചെയ്യാറുണ്ട്. അങ്ങനെ വരുന്ന ഡി.വി.ഡി കളിൽ നിന്നോ തീയേറ്റർ പ്രിന്റുകളിൽ നിന്നോ ആയിരിക്കും ഈ സിനിമകൾ ഇന്റെർനെറ്റിൽ ആദ്യം എത്തുന്നത്. ഒസ്കാർ അവാർഡുകൾ വാരികൂട്ടിയ ജയ്ഹോ ഇന്ത്യയിൽ റിലീസിന്‌ എത്തുന്നതിനും മാസങ്ങൾക്കുമുന്നേ, ഞാൻ ടോറന്റ് വഴി ദക്ഷിണ കൊറിയയിൽ ഇരുന്ന് സിനിമകണ്ട് അതിന്‌ റിവ്യൂ എഴുതുമ്പോഴും, തമിഴിലെ ബിഗ് ബഡ്ജറ്റ് സിനിമയായിരുന്ന ശിവജി തീയേറ്ററുകളിൽ എത്തുന്നതിന്‌ ഒരു ദിവസം മുൻപ് ടോറന്റുവഴി ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ സിനിമ കണ്ടപ്പോഴും ഞാൻ അൽഭുതപ്പെട്ടു എങ്ങനെയാണ്‌‌ ഈ സിനിമകൾ ചോരുന്നത് എന്ന്.

ആഷ് മാജിക്.ഡോട്ട് കോം എന്ന സൈറ്റിന്റെ ഉടമ ജോൺ കൊടിയന്‌ സിനിമകൾ ലഭിക്കുന്നത് കേരള ഫോക്കസ് ഡോട്ട് കോമിൽ നിന്നുമാണന്നും, തങ്ങളുടെ സൈറ്റില്‍ സിനിമകളൊന്നും അപ്‍ലോഡ് ചെയ്തിട്ടില്ലെന്നും, യൂ ട്യൂബ്, ഗൂഗിള്‍ തുടങ്ങിയ സൈറ്റുകളിൽ ഹോസ്റ്റ് ചെയ്തിട്ടുള്ള വിഡിയോകള്‍ ഇന്‍ഡെക്സ് ചെയ്യുകയോ എംബെഡ് ചെയ്യുകയോ മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ഒരുത്തനേയും വെറുതേ വിടാനിടകൊടുക്കാതെ ലിങ്ക് ഷെയര്‍ ചെയ്യുന്നവർക്കെതിരേയും, ഇന്റെർ നെറ്റിൽകൂടി സിനിമ കാണുന്നവർക്കെതിരേയും കേസെടുക്കാനുള്ള നടപടികളുമായ് മുന്നോട്ടു പോകാനാണ്‌‌ മമ്മിയുടേയും മോന്റെയും തീരുമാനം. കേരള ഫോക്കസ് ഡോട്ട് കോമിൽ വന്ന സിനിമ ലിങ്ക് ചെയ്യുക മാത്രമാണ്‌ ചെയ്തതങ്കിൽ അവർക്ക് സിനിമ എത്തിച്ച് കൊടുക്കുന്നതാരാണന്ന് കണ്ടെത്തികൊടുക്കാതെ ജോൺകൊടിയനെ നിലത്തു നിർത്തുന്ന പ്രശ്നമില്ലന്ന് മല്ലിക വ്യക്തമാക്കി കഴിഞ്ഞ സാഹചര്യത്തിൽ, ഫെയ്സ് ബുക്കിലൂടയും ഒർക്കട്ടിലൂടയും യൂട്യൂബിലൂടെയും സിനിമയും സംഗീതവുമൊക്കെ ഷെയറുചെയ്യുകയും കാണുകയും ചെയ്യുന്നവർ ജാഗ്രത പാലിക്കുക. നാളെ നിങ്ങളുടേയും കുടുംബം കുളം തോണ്ടാൻ മമ്മിയും മോനും വന്നന്നിരിക്കും. സിനിമ അപ്‍ലോഡ് ചെയ്യുന്നതിക്കേൾ തെറ്റ്, അത് കണ്ടും ലിങ്ക് ഷെയറുചെയ്തും റീഷെയറുചെയ്തും എംബഡു ചെയ്തും പ്രോൽസാഹിപ്പിക്കതാണ്‌. തെറ്റുചെയ്യുന്നതിനെക്കാൾ കുറ്റം തെറ്റുചെയ്യാൻ പ്രേരിപ്പിക്കുന്നതാണന്ന ഇന്ത്യൻ ശിക്ഷാനിയമം ഓർക്കുക.

ആഷ് മാജിക്കന്നും, ഓൺലൈൻ മലയാളം മൂവി എന്നും മലായാള സിനിമയുടെ അടിത്തറ തകർക്കുന്ന ആഗോളവില്ലൻ ജോൺകൊടിയനന്നും പറയുന്നവർക്കും, അതിന്‌ വെണ്ടക്കാ അക്ഷരത്തിൽ അച്ചുനിരത്തുന്നവർക്കും ടോറന്റ് എന്താണന്ന് അറിയില്ല എന്നു തോന്നുന്നു. യുട്യൂബിലും ഗൂഗിളിലും ലോ-ഡഫനിഷൻ വീഡീയോകൾ കിട്ടുമ്പോൾ യു.ടോറന്റുകളിൽ ഹൈ-ഡഫനിഷൻ ഡി.വി.ഡി ക്വോളിറ്റിയുള്ള എല്ലാ പുതിയ സിനിമകളും ലഭ്യമാണന്നും, ടോറന്റുകൾക്ക് കടുത്ത നിരോധനമുള്ള അമേരിക്കയിലും, യൂറോപ്പിലും യഥേഷ്ടം ആളുകൾ പുതുപുത്തൻ സിനിമകളും സോഫ്ട് വെയറുകളും വരെ അപ്ലോഡ് ചെയ്യുകയും ഡൗൺലോഡു ചെയ്യുകയും ചെയ്യുന്നുണ്ടന്ന് ഇനി എന്നാണ്‌ ഇവർ അറിയാൻ പോകുന്നത്. മോനേയും, മലയാള സിനിമയെയും ഉദ്ധരിപ്പിക്കണമന്ന് ആത്മാർത്ഥമായും ആഗ്രഹിക്കുന്ന മമ്മി വെട്ടിനിരത്തേണ്ടത് ഒരു ജോൺ കൊടിയനേയോ ആഷ് മാജിക്കിനേയോ അല്ല സാക്ഷാൽ ടോറന്റിനെ തന്നെയാണ്‌.

മലയാള സിനിമയെ തകർക്കുന്ന അഗോള വില്ലനായ് മമ്മിയും മോനും പത്രമാധ്യമങ്ങളും ചേർന്ന് ജോൺ കൊടിയനെ വിധ്വംസകം ചെയ്യുമ്പോൾ മനസ്സിലാകുന്ന കാര്യം ഇതാണ്‌. ഉറുമി റിലീസ് ചെയ്യുന്ന കേരളത്തിലെ തീയറ്ററിലേക്ക് അയച്ച ഒരു മിസൈൽ വഴി തീയേറ്ററിലെ സ്ക്രീനിൽ തെളിയുന്ന സിനിമ കാലിഫോർണിയയിലെ ഓറാക്കിൾ കമ്പനിയുടെ ശീതീകരിച്ച തന്റെ ക്യൂബിക്കിളിൽ ഇരുന്ന് ജോൺകൊടിയൻ തന്റെ കമ്പ്യൂടറിൽ റെക്കോർഡ് ചെയ്യുകയും, അതിനെ ഉടൻ തന്നെ ആഷ്മാജിക്ക് എന്ന തന്റെ സൈറ്റിലൂടെ ഡിജിറ്റൽ പ്രൊജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിക്കയും ആയിരുന്നു. അങ്ങനെ ഇന്റർനെറ്റുവഴി സിനിമ കണ്ട എല്ലാ രാജ്യദ്രോഹികളേയും, അത് ലിങ്കു ചെയ്തും എംബഡ് ചെയ്തും മലയാളസിനിമയെ തകർത്ത എല്ലാ അധോലോക നായകന്മാരയും, മലയാള സിനിമയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കോക്കസുകളേയും വെറുതേ വിടില്ലന്നു പ്രതിക്‍ജ്ഞ എടുത്ത മല്ലികയോടും മോനോടും ഒരു അപേക്ഷ മലായാള സിനിമയുടെ ഉദ്ധാരണാർത്ഥം ഞാനും ഉറുമി കണ്ടുപോയി. ദയവു ചെയ്ത് ഞാൻ ജോലി ചെയ്യുന്ന യൂണിവേഴ്സിറ്റിയിൽ അറിയിച്ച് എന്റെ ജോലി കളഞ്ഞ് സിങ്കപൂരിലെ ജയിലിലാക്കാതെ ഞാൻ നാട്ടിൽ വരും വരെ വെയിറ്റ് ചെയ്യുക. എന്നിട്ട് വല്ല തിഹാർ ജയിലിലേക്കോ മറ്റോ അയക്കുക. നിയമത്തിന്റെ ലൂപ് ഹോളിലൂടെ വല്ല സുപ്രീം കോടതി ജഡ്ജിമാരയും സ്വാധീനിച്ച് പുഷ്‍പം പോലെ പുറത്ത് പോരാൻ അതേ ഒരു വഴിയുള്ളൂ.

വാൽകഷണം: ഇത്രനാളും വിദേശ മലയാളികളായിരുന്നു ഇന്റർനെറ്റിൽ സിനിമ കണ്ടവരിലധികവും. ഇപ്പോൾ കേരളത്തിലും മമ്മിയും മോനും കൂടി അതു ജനകിയമാക്കി മാറ്റി. ഉറുമി കാണാൻ തീയേറ്ററിൽ ആളില്ലാത്തത് ടോറന്റുള്ളതുകൊണ്ടോ, കൈയ്യിലിരിക്കുന്ന കാശുകൊടുത്ത് മൂട്ടയുടെ കടിയും കൊണ്ട് മൂന്നുമണികൂർ ബോറടി സഹിക്കാൻ വയ്യാത്തകൊതുകൊണ്ടുമല്ല ടൈം ഇല്ലാത്തകൊണ്ടാ. അല്ലേലും അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്നല്ലേ ചൊല്ല്. കാശുമുടക്കി സിനിമ എടുത്താൽ മാത്രം പോര അതിൽ പ്രേക്ഷകനു വേണ്ട എന്തങ്കിലും വേണം. സൈബർ സെൽ രായ്ക്ക് രാമാനം കുത്തി ഇരുന്നു ബ്ളോക്ക് ചെയ്തിട്ടും പിന്നെം ദേകിടക്കുന്നു ഉറുമിയുടെ ടൺ കണക്കിന്‌ പ്രിന്റുകൾ. ഇനിയും ഉറുമി ഡൗൺലോഡ് ചെയ്ത് കണ്ടിട്ടില്ലാത്തവർക്ക് ദേ ഈ കിടക്കുന്ന കാക്കതൊള്ളായിരം ടോറന്റ് സൈറ്റുകളിൽ നിന്നും ഡി.വി.ഡി ഹൈ-ഡഫനിഷൻ ക്വാളിറ്റി ഡൗൺലോഡ് ചെയ്ത് കാണാം.

http://isohunt.com/torrents/?ihq=urumi

http://www.kat.ph/urumi-2011-pdvd-untouched-malayalam-movie-t5400098.html

http://torrentz.eu/search?f=urumi

http://www.picktorrent.com/torrents/ba/urumi/

http://www.torrent-search.ws/index.php?search=urumi

http://btjunkie.org/torrent/Urumi-DVDScr-XviD-1CDRip-DDR/4358476d25fe13eb510bd7b63edc337fabc7440a1b51

http://thepiratebay.org/torrent/6251320/URUMI-2011-malayalam_movie%28prithviraj%29_songs_steN__N
.