2011-08-15
മീനാക്ഷിയമ്മയുടെ മരണം
മീനാക്ഷിയമ്മ മരിക്കുകയായിരുന്നു.
അവരുടെ കിടപ്പുമുറിയിലും ഉമ്മറത്തളത്തിലും മുറ്റത്തും ജനങ്ങള്‍ നിറഞ്ഞു കഴിഞ്ഞു.
അന്ന് രാവിലെ തന്റെ തൊണ്ടയില്‍ എന്തോ വസ്തു തടഞ്ഞിരിക്കുന്നു എന്ന് മീനാക്ഷിയമ്മ പറഞ്ഞപ്പോള്‍ ഡോക്ടറെ കൊണ്ടുവരാന്‍ പെട്ടെന്ന് ഓടിപ്പോയതിനെപ്പറ്റി അവരുടെ അനുജന്‍ അപ്പുക്കുട്ടന്‍നായര്‍ ജനങ്ങള്‍ക്ക് പലതവണയും പറഞ്ഞുകൊടുത്തു.
മീനാക്ഷിയമ്മയുടെ വെപ്രാളം കണ്ടപ്പോള്‍ താന്‍ അന്ന് ആശുപത്രിയില്‍ പോവേണ്ട എന്ന് തീരുമാനിച്ചു എന്ന് ഡോക്ടര്‍ നാട്ടുകാരോട് പറഞ്ഞു.
'മീനാക്ഷിയമ്മ ആദ്യത്തില് അച്ഛന്റെ പേഷ്യന്റായിരുന്നു. അച്ഛന്‍ മരിച്ചപ്പോ എന്റെ പേഷ്യന്റായി.' ഡോക്ടര്‍ ഒരു ചെറുമന്ദഹാസത്തോടെ പറഞ്ഞു.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഒരു ധീരവനിതയായിരുന്നതുകൊണ്ടാവാം മീനാക്ഷിയമ്മയുടെ ശവം പുതപ്പിക്കുവാന്‍ നല്ല ഖദര്‍തുണി വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് തീരുമാനിച്ചത്. ഗാന്ധിജയന്തിക്ക് ഒരാഴ്ചക്കാലം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. അതുകൊണ്ട് മുപ്പത് ശതമാനം റിബേറ്റും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് കേളുപ്പണിക്കരോട് പറഞ്ഞു:
'വരടൊ പണിക്കരെ, നമുക്ക് നാല് മീറ്റര്‍ ഖദര്‍ വാങ്ങി വരാം. ഹോട്ടലില്‍ പോയി ഓരോ കോപ്പ ചായേം കുടിക്കാം.'
മീനാക്ഷിയമ്മയ്ക്ക് മാത്രമാണ് ആ ജില്ലയില്‍ ഒരു താമ്രപത്രം കിടച്ചത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് പണിക്കരോട് യാത്രാമധ്യേ ഓര്‍മ്മിപ്പിച്ചു.
'നാട്ടുകാരുടെ അഭിമാനമാ. അത് പണിക്കര് ഓര്‍മിക്കണം. മഹാത്മജി ഗുരുവായൂര്‍ തൊഴാന്‍ വന്നപ്പോ മീനാക്ഷിയമ്മ വളേം ചങ്ങലേം കമ്മലും ഒക്കെ ഊരിക്കൊടുത്തു. അന്ന് വയസ്സ് പതിനഞ്ചാ. പിന്നെ ഒരിക്കലും സൊര്‍ണം (സ്വർണ്ണം) ധരിച്ചിട്ടൂല്യ! പതിനഞ്ചാം വയസ്സില് ഖദര്‍ ഉടുത്തുതൊടങ്ങി. ഇപ്പൊ ഏകദേശം എണ്‍പത്തേഴ് വയസ്സായിരിക്കും. ഇതുവരേം ഖദറാ വേഷം. യഥാര്‍ത്ഥ ഗാന്ധിയനാ. പണിക്കര് അത് ഓര്‍മ്മിക്കണം.'
പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പണിക്കര്‍ മൂളുകയും ചെയ്തു.
മുറ്റത്ത് സപ്പോട്ടമരത്തിന്റെ കീഴില്‍ കസേരകളിട്ട് ഡോക്ടറും മറ്റു വേണ്ടപ്പെട്ടവരും ഇരുന്നിരുന്നു. ഇടയ്ക്കിടെ സംഭാഷണം നിര്‍ത്തിവച്ച് ഡോക്ടര്‍ രോഗിണിയുടെ മുറിയിലേക്ക് പ്രവേശിക്കുകയും അവരുടെ രോഗസ്ഥിതി മനസ്സിലാക്കുകയും ചെയ്തു. അയാളെ അനുഗമിച്ച ബന്ധുക്കളുടെ കണ്ണുകള്‍ അയാളുടെ മുഖത്തില്‍ത്തന്നെ പരതിക്കൊണ്ടിരുന്നു. ഗൗരവഭാവം കൈവിടാതെതന്നെ ഡോക്ടര്‍ തന്റെ കടമകള്‍ നിര്‍വഹിച്ചു. നാഡി പരിശോധിക്കുക, നെഞ്ചത്ത് കുഴല്‍വെക്കുക, കണ്‍പോളകള്‍ നീക്കി കൃഷ്ണമണികളെ പരിശോധിക്കുക മുതലായവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യകടമകള്‍.
'ആശുപത്രീന്ന് കൊണ്ടന്നപ്പഴേ ഞാന്‍ വിചാരിച്ചതാ. ഇഞ്ഞി അധികകാലം നെലനില്‍ക്കില്യാന്ന്. ഞാനെന്താ ചെയ്യാ?'
'വീട്ടീപ്പോണംന്ന് പറഞ്ഞ് തേങ്ങിത്തേങ്ങിക്കരഞ്ഞു. ഇയ്ക്ക് മരിക്കാന്‍ അശേഷം പേടില്യാ. പക്ഷേ, വീട്ടില്‍ക്കെടന്ന് മരിക്കണംന്ന് നിര്‍ബന്ധണ്ട്. മീനാക്ഷിയേടത്തി പറയാ. ഞാന്‍ ഡോക്ടര്‍മാരോട് സമ്മതം ചോദിച്ചു. നേരെ വീട്ടിലേക്ക് കൊണ്ടുവന്നു. പത്തു ദിവസമായി ഈ കെടപ്പ്. കഞ്ഞിടെ വെള്ളം കുടിച്ചേര്‍ന്നു. ഇപ്പൊ അതും കുടിക്കില്യ.' അപ്പുക്കുട്ടന്‍നായര്‍ എല്ലാവരും കേള്‍ക്കത്തക്കവിധത്തില്‍ ശബ്ദം ഉയര്‍ത്തിക്കൊണ്ട് പരാതിപ്പെട്ടു.
'വീട്ടിലേക്ക് കൊണ്ടന്നത് നന്നായി. ആശുപത്രീക്കെടന്ന് മരിക്കണ്ട ആളല്ല ഈ കെടക്കണത്. നാട്ടുകാര്‍ക്ക് കാണപ്പെട്ട ദെയ്‌വ്വാ മീനാക്ഷിയേടത്തി.' അയല്‍ക്കാരിയായ ഭാര്‍ഗവിട്ടീച്ചര്‍ പറഞ്ഞു. അവരുടെ ഉച്ചത്തിലുള്ള സംഭാഷണം കേട്ട് ഗേറ്റിനരികില്‍ നിന്നിരുന്ന സ്‌കൂള്‍ മാസ്റ്റര്‍മാര്‍ ചരലിലൂടെ ഓടിവന്നു.
'എന്തേ ഭാര്‍ഗവിട്ടീച്ചറേ എന്തേ സംഭവിച്ച്?' അവര്‍ വിളിച്ചുചോദിച്ചു.
'ശ്വാസത്തിന്റെ തൊടങ്ങീട്ടുണ്ട്. പക്ഷേ, കൊറെ നേരംകൂടി കഴിഞ്ഞിട്ടേ ജീവന്‍ പോവൂന്നാ ഡോക്ടര്‍ടെ അഭിപ്രായം.' ടീച്ചര്‍ പറഞ്ഞു.
'ബോംബെന്ന് ഗോപന്‍ മേനോന്‍ പൊറപ്പെട്ട്ണ്ടാവും. കൊച്ചീല് ഉച്ചയാമ്പൊ എത്തും. പിന്നെ കാറില് ഇവിടെ എത്താന്‍ ചുരുങ്ങിയത് മൂന്നു മണിക്കൂറാവും. ആകെക്കൂടി ഒരു മകനാ. ആണും പെണ്ണും ആയിട്ട് ഒരാളേള്ളൂ. അതിനെ കാണാണ്ടെ മീനാക്ഷിയേടത്തി മരിക്കില്യ, തീര്‍ച്ചയാ. തന്റെ മകന്റെ കയ്യ്ന്ന് തീര്‍ഥം വാങ്ങിക്കുടിച്ചിട്ടേ അവര്‌ടെ ആത്മാവ് പോവൂ.' ഒരു സന്ദര്‍ശകന്‍ പറഞ്ഞു.
'രമണ്യേ, എന്തേ ഇന്ന് പൊലര്‍ച്ചെ ഉണ്ടായത്? ഡോക്ടറെ കൊണ്ടുവരാന്‍ വിശേഷിച്ച് എന്തേ ഉണ്ടായത്?' ഭാര്‍ഗവിട്ടീച്ചര്‍ അപ്പുക്കുട്ടന്‍നായരുടെ മകള്‍ രമണിയോട് ചോദിച്ചു. അവള്‍ മീനാക്ഷിയമ്മയുടെ കാലടികള്‍ക്ക് ചൂട് പകരുവാനായി അവ നിരന്തരം തിരുമ്മുകയായിരുന്നു.
'തൊണ്ടേല് എന്തോ സാധനം തടഞ്ഞിരിക്കുന്നെന്ന് പറഞ്ഞു. നോക്ക്യേ പ്പൊ ദൃഷ്ടീം ഭാവോം ഒന്നും അത്ര പന്തിയല്ല. കണ്ണിന്റെ കൃഷ്ണമണി മേപ്പട്ട് പൂവേര്ന്ന്! ചിറി കോട്ണുണ്ടാര്‍ന്നു. ഞാന്‍ അച്ഛനെ വിളിച്ച് ഡോക്ടറെ കൊണ്ട്‌രാന്‍ പറഞ്ഞു. അപ്പൊത്തന്നെ ശ്വാസത്തിന്റെ തൊടങ്ങീരിക്കുണു. തൊണ്ടേല് കഫം കെട്ടീരിക്ക്യാന്നാ ഞങ്ങക്ക് ആദ്യം തോന്നീത്.' രമണി പറഞ്ഞു.
'മീനാക്ഷിയേടത്തിക്ക് അപ്പൊ ബോധംണ്ടാര്‍ന്ന്വോ?' ഭാര്‍ഗവിട്ടീച്ചര്‍ ചോദിച്ചു.
'ബോധണ്ടാര്‍ന്നു. എടയ്ക്ക് ബോധം പൂവും. പിന്നെ ചെലപ്പൊ ബോധം വരും. അപ്പൊ ഒരൂട്ടം പറഞ്ഞോണ്ടിരിക്കും.' രമണി പറഞ്ഞു.
'ഗോപനെ കാണണംന്ന് പറഞ്ഞാ?' ഒരാള്‍ ചോദിച്ചു.
'ഗോപേട്ടനെ കാണണംന്ന് പറഞ്ഞില്യ. പച്ച ജാക്കറ്റ് കൊണ്ട്‌രാന്‍ പറഞ്ഞു.' രമണി പറഞ്ഞു.
'ഒരിക്കല് ഓപ്പോള് പറഞ്ഞു. പച്ച ജാക്കറ്റ് തുന്നിച്ചിടാന്‍ വെല്യ ആഗ്രഹായിരുന്നൂന്ന്. ഇപ്പഴത്തെ കാര്യല്യാട്ടൊ പറേണ്. മഹാത്മജിയെ കാണാന്‍ പോയേന്റെ കൊറേ കാലം നുമ്പെയാ. മഹാത്മജിയെ കണ്ടേനുശേഷം വെള്ള ഖദറല്ലേ വേഷം?' അപ്പുക്കുട്ടന്‍നായര്‍ മൂക്ക് പിഴിഞ്ഞുകൊണ്ട് ചോദിച്ചു.
മുറ്റത്ത് ഇരുന്നിരുന്ന ഡോക്ടര്‍ അടുക്കളക്കാരനോട് ഒരു കപ്പ് ചായ കൊണ്ടുവന്നു തരാന്‍ ആജ്ഞാപിച്ചു.
'രാവിലെ ഒന്നും കഴിച്ചില്യ. അപ്പുക്കുട്ടന്‍നായര്‍ വന്നു വിളിച്ചപ്പൊ എറങ്ങിപ്പോന്നു. രോഗികള് ക്യൂവില് നിക്ക്ണ്ടായിരുന്നു. ഇപ്പോഴും അവറ്റ അവിടെ നിക്ക്ണ്ടാവും. മീനാക്ഷിയമ്മ ഈ കെടപ്പില് കെടക്കുമ്പൊ എനിക്ക് വീട്ടിലേക്ക് മടങ്ങാന്‍ വയ്‌ക്ക്യോ?' ഡോക്ടര്‍ ചുറ്റുമുള്ളവരോട് ചോദിച്ചു.
'ആശുപത്രീത്തന്നെ കൊണ്ടോയാ രക്ഷപ്പെട്വോ?' ഒരാള്‍ ചോദിച്ചു.
ഡോക്ടര്‍ വിഷണ്ണനായി തലയാട്ടി.
'ഇനി രക്ഷപ്പെടില്യ. ശ്വാസത്തിന്റെ തൊടങ്ങിക്കഴിഞ്ഞു. ഇനി രക്ഷപ്പെടണെങ്കി ദെയ്‌വം തമ്പുരാന്‍ തന്നെ മുന്‍കൈ എടുക്കണം.' ഡോക്ടര്‍ പ്രസ്താവിച്ചു.
'ഇന്ന് ഞായറാഴ്ച. മരിച്ചോര് നേരെ സൊര്‍ഗത്തിപ്പൂവും. മരിക്കാന്‍ പറ്റിയ ദിവസാ. ഇന്നലെ ഏകാശിയേര്‍ന്ന്. ഇന്ന് ദ്വാദശി.' അമ്പലത്തിലെ മേല്‍ശാന്തി പറഞ്ഞു.
'പുണ്യാത്മാവല്ലേ? നല്ല ദിവസം തന്നേ മരിക്കൂ.' ഒരു മാസ്റ്റര്‍ പറഞ്ഞു.
'നാടിനെന്നല്ല ഇന്ത്യാ രാജ്യത്തിന് മുഴുവനും നഷ്ടമാണ് മീനാക്ഷിയമ്മ മരിച്ചാല്‍' കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അയാളുടെ വസ്ത്രങ്ങളുടെ വെണ്മ കൗതുകദൃഷ്ടിയോടെ നോക്കിക്കണ്ടിരുന്ന കുഞ്ഞ് ചിരിച്ചു.
'ഈ കുട്ടി ആരടെ കുട്ടിയാ?' നേതാവ് ചോദിച്ചു.
'അത് മീനാക്ഷിയമ്മയുടെ സഹോദരന്റെ പേരക്കുട്ടിയാ.' മാസ്റ്റര്‍ പറഞ്ഞു: 'കാഴ്ചയില്‍ മീനാക്ഷിയമ്മയുടെ ഒരു ഛായേം ഈ കുട്ടിക്കില്യ. മീനാക്ഷിയമ്മയുടെ നെറം പുതുപവന്റെ നെറല്ലേ?' രാഷ്ട്രീയനേതാവ് ചോദിച്ചു.
' അതെ. മീനാക്ഷിയേടത്തീടെ നെറം കൊറച്ച് വിശേഷം തന്നെയാ. അമ്പലച്ചെറേല് കുളിക്കാന്‍ പൂവുമ്പൊ അവര്‌ടെ കുളീം നീരാട്ടോം കാണാന്‍ കോലോത്തെ തമ്പ്‌രാക്കന്മാര് പൊന്തടെ പിന്നില് ഒളിച്ചിരൂന്നൂന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.'
മേല്‍ശാന്തി മന്ദഹസിച്ചു.
'അതൊക്കെ പഴേ കഥയല്ലേ എമ്പ്രാന്തിരി?' ഭാര്‍ഗവിട്ടീച്ചര്‍ ചോദിച്ചു.
'ആ പഴേ കഥയെന്നെ.' മേല്‍ശാന്തി ഒരു ദീര്‍ഘനിശ്വാസത്തോടെ പിറുപിറുത്തു.
രമണി ഒരു തട്ടില്‍ ചായക്കപ്പുകളും പേറിക്കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.
'ആരാ മീനാക്ഷ്യേടത്തീടെ അട്ത്ത്?' ടീച്ചര്‍ രമണിയോട് ചോദിച്ചു.
'അവടെ എല്ലാരുണ്ട്. അമ്മിണിയമ്മേം കുട്ട്യോളൂണ്ട്. അമ്മിണിയമ്മ വിളിക്കുമ്പൊ വെല്യമ്മ വിളി കേള്‍ക്കുണുണ്ട്.' രമണി പറഞ്ഞു.
ഡോക്ടര്‍ ചൂടുചായയില്‍ ഒന്നോ രണ്ടോ തവണ ഊതി. പിന്നീട് അത് ധൃതിയില്‍ കുടിച്ചുതീര്‍ത്തു.
'ഞാന്‍ പോയി നോക്കട്ടെ. സ്വബോധം തെളിഞ്ഞിട്ട്ണ്ടാവും. അത് നല്ല ലക്ഷണല്ല.' ഡോക്ടര്‍ പറഞ്ഞു.
'മരിക്കണേന്റെ മുമ്പെ കണ്ണ് തൊറന്ന് ചുറ്റും നിക്കണോരെ സൂക്ഷിച്ച് നോക്കൂത്രെ.' ഭാര്‍ഗവിട്ടീച്ചര്‍ പറഞ്ഞു.
'വല്യമ്മ ഇന്ന് മരിക്കില്യ. വല്യമ്മ ഇഞ്ഞീം കൊറെ കാലം ജീവിക്കും.' രമണി പറഞ്ഞു.
'രമണ്യേമ ഡോക്ടറാ?' മേല്‍ശാന്തി ചോദിച്ചു. ചിരിച്ചാല്‍ വക്രിക്കുന്ന മുഖമായിരുന്നു അയാളുടെ മുഖം. അതുകൊണ്ട് രമണി ധൃതിയില്‍ തന്റെ കണ്ണുകളെ ആ കാഴ്ചയില്‍ നിന്ന് പിന്‍വലിപ്പിച്ചു.
'ഞാന്‍ ഡോക്ടറല്ല.' രമണി പറഞ്ഞു.
'രമണ്യേമ ദെയ്‌വല്ല. അതെയോ? പിന്നെ മരണം ഉണ്ടാവില്യാന്ന് എന്ത്ച്ചിട്ടാ ഒറപ്പിച്ച് പറേണ്?' മേല്‍ശാന്തി ചോദിച്ചു. രമണി ചായത്തട്ടും പേറിക്കൊണ്ട് വീട്ടിന്റെ അകത്തേക്ക് പോയി. ഡോക്ടറും അവരെ അനുഗമിച്ചു. രോഗിണിയുടെ മുറിയില്‍ ഒരു മൂലയില്‍ പുല്‍പ്പായ വിരിച്ച് അതില്‍ ആസനസ്ഥനായി ഭഗവദ്ഗീത വായിക്കുകയായിരുന്നു ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണയ്യര്‍.
'ആര് പറഞ്ഞിട്ടാ അയ്യരേ നിങ്ങള് ഇങ്ങനെ തൊള്ള പൊളിക്കണ്?'
ഡോക്ടര്‍ പുഞ്ചിരിയോടെ ചോദിച്ചു.
'മീനാക്ഷിയമ്മയ്ക്ക് ഈ സന്ദര്‍ഭത്തില്‍ ഗീത കേള്‍ക്കണംന്ന് ഉണ്ടാവും.'
അയ്യര്‍ പാരായണം നിര്‍ത്തി പറഞ്ഞു.
'ഗീതയല്ല ഇപ്പൊ വായിക്കേണ്ടത്. വിഷ്ണുഭുജംഗാ.' ഭാര്‍ഗവിട്ടീച്ചര്‍ പറഞ്ഞു.
'വിഷ്ണുഭുജംഗാ? അതെന്താ? ഞാന്‍ കേട്ടിട്ടില്യാ. വായിക്കേണ്ടത് ഗരുഡപുരാണാ.' പഞ്ചായത്തുമെമ്പറായ ശങ്കുണ്ണിമേനോന്‍ പറഞ്ഞു.
'അതും പറഞ്ഞ് തര്‍ക്കിക്കണ്ട. അയ്യര് ഗീത വായിച്ചോട്ടെ.' അപ്പുക്കുട്ടന്‍നായര്‍ പറഞ്ഞു.
'അതും ഇതും പറഞ്ഞ് എന്റെ മൂഡ് പോയി.' അയ്യര്‍ പ്രസ്താവിച്ചു.
'ഒന്നും വായിക്കണ്ട. വല്യമ്മ വല്ലും പറഞ്ഞാ കേക്കണ്ടേ? ആരും മിണ്ടണ്ട. ഞാന്‍ വല്യമ്മയോട് ഒരു കാര്യം ചോയിക്കട്ടെ.' രമണി പറഞ്ഞു.
രമണി രോഗിണിയുടെ അരികില്‍ ഇരുന്നു. അവര്‍ തന്റെ ചുണ്ടുകള്‍ വൃദ്ധയുടെ കാതോട് ചേര്‍ത്തു.
'വല്യമ്മയ്ക്ക് എന്താ മോഹം? വല്യമ്മയ്ക്ക് എന്തെങ്കിലും തിന്നാന്‍ വേണോ? പാല് കുടിക്കണോ? എളനീര് കുടിക്കണോ? വല്യമ്മയ്ക്ക് എന്താ മോഹം?' രമണി ചോദിച്ചു.
രോഗിണിയുടെ കണ്ണുകള്‍ വികസിച്ചു.
'പച്ച ജാക്കറ്റ് വേണം. പച്ച ജാക്കറ്റിടാന്‍ മോഹാ.' രോഗിണി മന്ത്രിച്ചു.
'പച്ച ജാക്കറ്റോ?'
രമണി ചോദിച്ചു.
രോഗിണിയുടെ ചുണ്ടുകളില്‍ ഒരു പുഞ്ചിരി പൂമ്പാറ്റപോലെ തത്തിക്കളിച്ചു. 'വല്യമ്മയ്ക്ക് ഒരു പച്ച ജാക്കറ്റ് വേണംന്ന്!' രമണി അപ്പുക്കുട്ടന്‍നായരോട് പറഞ്ഞു.
'പിച്ചും പേയും പറയണതാ. പച്ച ജാക്കറ്റ് ഇടണത് ഞാന്‍ കണ്ടിട്ടില്യ. വെള്ള ഖദറ് മാത്രമേ മീനാക്ഷിയേടത്തി ധരിച്ചിട്ടുള്ളു. നല്ലപ്പന്‍ കാലത്ത് ഖദറ് മാത്രമേ ഉടുത്തിട്ടുള്ളൂ. എന്നിട്ടാ ഇപ്പൊ മരിക്കാന്‍ കാലത്ത് പച്ച ജാക്കറ്റ് വേണംന്ന് പറയണേ! വേറെ വല്ലതും ചോയിക്ക്യായിരിക്കും.'
'ഓറഞ്ചും പച്ചേം നെറള്ള ദേശീയ പതാക കൊണ്ട്‌രാന്‍ പറഞ്ഞതാ
വും.' പഞ്ചായത്ത് മെമ്പര്‍ ശങ്കുണ്ണിമേനോന്‍ പറഞ്ഞു.
'മഹാത്മജിയുടെ ശിഷ്യയേര്‍ന്നു. അതോണ്ട് രഘുപതി രാഘവ പാടിക്കളയാം. രമണിക്ക് വെശണ്ടാ ആ പാട്ട്? എന്നാ പാടിക്കൊടുക്ക്.' അപ്പുക്കുട്ടന്‍ നായര്‍ പറഞ്ഞു.
'വല്യമ്മയ്ക്ക് പാട്ടൊന്നും കേള്‍ക്കാന്‍ താല്‍പര്യല്യ. ഒരു പച്ച ജാക്കറ്റ് മേടിച്ചു കൊണ്ട്ന്നാ വല്യമ്മയ്ക്ക് സന്തോഷാവും.' രമണി പറഞ്ഞു. അവള്‍ വീണ്ടും രോഗിണിയുടെ കാതില്‍ മന്ത്രിച്ചു. 'വല്യമ്മയ്ക്ക് എന്താ വേണ്ട്? എന്തു വേണമെങ്കിലും തരാം.'
'പാലയ്ക്കാമോതിരം.' രോഗിണി പറഞ്ഞു.
'പാലയ്ക്കാമോതിരാ? വല്യമ്മയ്ക്ക് പാലയ്ക്കാമോതിരം കെട്ടണാ?' രമണി ചോദിച്ചു.
'എനിക്കു പാലയ്ക്കാമോതിരം കെട്ടണം.' രോഗിണി കരട് കലര്‍ന്ന ഒരു സ്വരത്തില്‍ പറഞ്ഞു. അവരുടെ മാര്‍വിടം ശ്വാസോച്ഛ്വാസത്തിന്റെ താളത്തിനൊത്ത് തുള്ളിക്കൊണ്ടിരുന്നു. ഡോക്ടര്‍ അവരുടെ നാഡി പരിശോധിച്ചു.
'പള്‍സ് കിട്ടുന്നില്യ.' അയാള്‍ പിറുപിറുത്തു.
'പിച്ചും പേയും പറയാ.' അപ്പുക്കുട്ടന്‍നായര്‍ പറഞ്ഞു.
'ഞാന്‍ അളമാറീന്ന് ഇന്റെ പാലയ്ക്കാമോതിരോം ഒരു പച്ചപ്പട്ട് ബ്ലൗസും എടുത്തോണ്ട് വരാം. പാവം വല്യമ്മ. മരിക്കണേന്റെ മുമ്പെ എല്ലാ മോഹോം ഞാന്‍ സാധിപ്പിക്കും.' രമണി കട്ടിലില്‍നിന്ന് എഴുന്നേറ്റ് മുറിവിട്ടുപോയി.
'മീനാക്ഷിയേടത്തി പഴേ കാര്യങ്ങള് ഓര്‍മ്മിച്ച് പറയ്ാ. പണ്ട് മീനാക്ഷിയേടത്തിക്ക് ഒരു പാലയ്ക്കാമോതിരം ഉണ്ടാര്‍ന്നു. കടും പച്ച നെറത്തില്. അതും കെട്ടീട്ട് പരൂരമ്പലത്തില് ശിവരാത്രി തൊഴാന്‍ പോയത് എനിക്ക് നല്ല ഓര്‍മ്മണ്ട്.' അപ്പുക്കുട്ടന്‍നായര്‍ എല്ലാവരോടും കൂടി പറഞ്ഞു.
'തൊളസി വെള്ളം കൊറച്ച് കൊടുത്തോളൊ.' ഭാര്‍ഗവിട്ടീച്ചര്‍ പറഞ്ഞു.
'തീര്‍ഥം ഞങ്ങളെല്ലാവരും കൊടുത്തു. രാവിലെതന്നെ കൊടുത്തു. ഇഞ്ഞി ഗോപന്‍ മാത്രേ തീര്‍ത്ഥം കൊടുക്കണ്ടു.' അപ്പുക്കുട്ടന്‍നായര്‍ പറഞ്ഞു.
'മഹാത്മാഗാന്ധിയുടെ ഒരു പടം പൊക്കിക്കാണിച്ചാലോ?' കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.
'അതൊന്നും വേണ്ട.' ഡോക്ടര്‍ പറഞ്ഞു.
'മഹാത്മജിയെ ഈ സമയത്ത് ഓര്‍ക്കില്യ.' മേല്‍ശാന്തി പറഞ്ഞു.
'എമ്പ്രാന്തിരി, നിങ്ങള്‍ ഒരു കമ്യൂണിസ്റ്റായതുകൊണ്ടാ അങ്ങനെ പറേണ്.' നേതാവ് പറഞ്ഞു. അയാളുടെ മുഖം രോഷത്താല്‍ ചുവന്നു.
'ഇബടെ വെച്ച് തന്റെ രാഷ്ട്രീയം തൊടങ്ങണ്ട.' മേല്‍ശാന്തി പറഞ്ഞു.
'എന്നാ ആ കോലായിലേക്ക് വര്ാ. തന്റെ തമാശപറേലൊന്നും ഇന്നോട് വേണ്ട.' കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അയാള്‍ മേല്‍ശാന്തിയെ കോലായിലേക്ക് ആനയിച്ചു.
'മീനാക്ഷിയേടത്തിക്ക് രഘുപതിരാഘവ രാജാറാം കേള്‍ക്കണോ? ടീച്ചറ് പാടിത്തരും. ഭാര്‍ഗവിട്ടീച്ചറ് ഇബടെത്തന്നെ നിക്ക്ണ്ട്.' അപ്പുക്കുട്ടന്‍നായര്‍ രോഗിണിയുടെ കാതില്‍ മന്ത്രിച്ചു.
രോഗിണി കിതച്ചുകൊണ്ട് പറഞ്ഞു. 'വേണ്ട.'
'മീനാക്ഷിയേടത്തിക്ക് വല്ലതും വേണോ?' അപ്പുക്കുട്ടന്‍നായര്‍ സസ്‌നേഹം ചോദിച്ചു.
രോഗിണിയുടെ കണ്ണുകള്‍ ജ്വലിച്ചു. അവരുടെ ചുണ്ടുകള്‍ വിറച്ചു.
'പച്ച ജാക്കറ്റ്. പാലയ്ക്കാമോതിരോം. പിന്നെ ഒന്നും വേണ്ട.'
'പിച്ചും പേയും പറയ്ാണ്, അല്ലേ ഡോക്ടറേ?' ടീച്ചര്‍ ചോദിച്ചു.
ഡോക്ടര്‍ തല കുലുക്കി.
'പാലയ്ക്കാമോതിരം.' രോഗിണി സ്പഷ്ടതയോടെ പറഞ്ഞു. അവരുടെ കണ്ണുകള്‍ എല്ലാവരുടെയും മുഖങ്ങള്‍ പരിശോധിച്ചു.
'ആയിയോ ഡോക്ടറേ... സമയായോ?' അപ്പുക്കുട്ടന്‍നായര്‍ ചോദിച്ചു.
'പാലയ്ക്കാമോതിരം!' രോഗിണി ദുര്‍ബലമായ ഒരു സ്വരത്തില്‍ പറഞ്ഞു.
((മാധവിക്കുട്ടിയുടെ സ്ത്രീകള്‍ എന്ന കഥാസമാഹാരത്തില്‍ നിന്ന്)

0 comments: to “ മീനാക്ഷിയമ്മയുടെ മരണം ”
Post a Comment