2011-08-07
ഋതു പറഞ്ഞ കഥ-ഭാഗം-01
ഇത് ഒരു കഥയല്ല. യാഥാർത്ഥ ജീവിതത്തിന്റെ നേർക്കാഴ്ച. ഇതിലെ കഥാപാത്രങ്ങൾ ഇന്നും, നമുക്കിടയിൽ ജീവിച്ചിരിക്കുന്നു. കാണപ്പെടാതെ അറിയപ്പെടാതെ പോകുന്ന അനേകം ജീവിതങ്ങളുടെ പ്രതിനിധി മാത്രമാണിവർ. വിദ്യാഭ്യാസത്തെയോ കുടുംബ പശ്ചാത്തല- ത്തെയോക്കാൾ ഒരു മനുഷ്യന്റെ സ്വഭാവത്തെയോ ശീലങ്ങളെയോ രൂപീകരിക്കുന്നതിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത് അവൻ കടന്നു വരുന്ന വഴികളാണ്. മെൻസ് ഹോസ്റ്റലുകളിലും, ബോർഡിംങ് സ്കൂളുകളിലും വർധിച്ചുവരുന്ന സ്വവർഗ്ഗാനുരാഗ പ്രവണത ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.റ്റി-യിലെ വിദ്യാർത്ഥികളുടെ ഇടയിൽ നടത്തിയ ഒരു സർവേയിൽ ഏതാണ്ട് പതിനഞ്ച് ശതമാനംപേർ സ്കൂൾ ഹോസ്റ്റലുകളിലോ, എൻട്രൻസ് കോച്ചിംങ് സമയങ്ങളിലോ, ഐ.ഐ.റ്റി ഹോസ്റ്റലുകളിലോ സ്വവർഗ്ഗരതി ആസ്വദിച്ചിട്ടുള്ളവരാണ്. അടുത്തിടെ മദ്രാസ് ഐ.ഐ.റ്റിയിലെയും ബോംബെ ഐ.ഐ.റ്റിയിലെയും കാമ്പസ് മാഗസിനുകളായ ഇൻസൈറ്റിലും (Insight), ദി ഫിഫ്‍ത് എസ്റ്റേറ്റിലും (The Fifth Estate) വന്ന രണ്ട് ആർട്ടിക്കിളുകൾ ഈ സർവേയുടെ ആധികാരികതയെ ബലപ്പെടുത്തുന്നു. ഒരു പരിധിവരെ അണുകുടുംബങ്ങളുടെ ആവിർഭാവവും അതുവഴി സ്വാഭാവികമായും അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലും ഏകാന്തയുമായിരിക്കാം ദിനംപ്രതി സ്വവർഗ്ഗാനുരാഗികളുടെ എണ്ണം ഇന്ത്യയിൽ വർദ്ധിക്കാനുള്ള കാരണങ്ങളിലൊന്ന്.
ഒരു ആക്ടീവിസ്റ്റ് എന്ന നിലയിൽ സ്വവർഗ്ഗാനുരാഗത്തെയും സ്വവർഗ്ഗ രതിയെകുറിച്ചും എന്റെ ബ്ളോഗിലൂടെ ഞാൻ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള പോസ്റ്റുകൾ വഴി ജീടോക്കിൽ വന്ന് എന്നെ പരിചയെപ്പെടുകയും, സ്വന്തം അനുഭവങ്ങൾ, എന്റെ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കണമന്ന് അഭ്യർത്ഥിക്കയും ചെയ്ത ഋതു എന്ന ഇരുപത്തിമൂന്ന് വയസ്സുമാത്രം പ്രായമുള്ള കോട്ടയത്തുകാരൻ ചാറ്റിലൂടയും ഫോണിലൂടയും എന്നോട് പറഞ്ഞ അവന്റെ സ്വന്തം കഥയാണിത്. ഇതിലെ വ്യക്തികളുടെ പേരോ ഫോൺ നമ്പറോ വെളിപ്പെടുത്തരുതന്ന് അഭ്യർത്ഥിച്ചിട്ടുള്ളതിനാൽ അത് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിലെ കനത്ത മഞ്ഞുപൊഴിയുന്ന ഒരു രാത്രിൽ, കൊറിയയിലെ എന്റെ മുറിയിൽ ഓണലൈൻ ആയിരിക്കുമ്പോൾ, ജീടോക്കിൽ ലോഗിൻ ചെയ്ത് അവൻ എനിക്ക് ടൈപ്പ് ചെയ്തു തുടങ്ങി.
"എന്റെ മനസിനേയും ജീവിതത്തെയും തകര്‍ത്തു കളയുകയും എന്നാല്‍ എനിക്ക് തിരിച്ചറിവ് ഉണ്ടാക്കി തരുകയും ചെയ്ത ഒരു സംഭവമാണ് ഡോ. പ്രശാന്തിന്റെ മഴനൂലുകൾ എന്ന ബ്ളോഗിലൂടെ പങ്കുവയ്ക്കുവാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഇത് എന്റെ ജീവിതത്തിന്റെ നന്ദിപ്രകടനമാണ്, ജീവിതമേ നീ എനിക്ക് തന്ന കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്കും വലിയ വലിയ ദുഃഖങ്ങള്‍ക്കും നന്ദി...വെയിലിനും, തണലിനും, മഞ്ഞിനും, മഴക്കും എല്ലാം നന്ദി...സമാനഹൃദയരായ എന്റെ പ്രിയപ്പെട്ടവരെ, നിങ്ങള്‍ക്കും ഒരുപിടി വാക്കിന്‍റെ പൂക്കളിലൂടെ ഒരായിരം നന്ദി....എന്റെ കഥ മുഴുവൻ ഡോ. പ്രശാന്തിനോട് പറഞ്ഞു പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിയുമോ എന്ന് വിശ്വാസമില്ല...കഴിയാതെ വന്നാല്‍ അതിനർത്ഥം ഞാൻ ജീവിച്ചിരിപ്പില്ല എന്നാണ്........
വാഴ്വിന്റെ നിഴല്‍ മൂടിയ ഉള്ളറകളില്‍ വാക്കുകള്‍ക്ക് അതീതമായി ഓര്‍മ്മയുടെ ഏകാന്തമായ കൂടുകള്‍ ഉണ്ട്. പകലില്‍ അലഞ്ഞുതിരിയുന്ന ആശകള്‍ നിശബ്ദമായി രാത്രിയില്‍ തിരികെ വന്ന് എന്റെ ഹൃദയത്തെ മുട്ടിവിളിക്കുന്നു...മ്യദുവായ ആ ശബ്ദം എനിക്കു കേള്‍ക്കാം...അവ എന്റെ ജീവനുവേണ്ടി കൊതിക്കുന്നു. സെമിത്തേരിയില്‍ ശവം നാറിപൂക്കുന്നതും ഏനിക്കു ചുറ്റും മരണത്തിന്റെ ഗന്ധം പരക്കുന്നതും ഞാന്‍ അറിയുന്നു....." മുഖവുരയോടെ ഋതു അവന്റെ കഥ എന്നോട് പറഞ്ഞു തുടങ്ങി.
ഋതു അന്ന് പറഞ്ഞ അവന്റെ കഥ എവിടെ തുടങ്ങണമന്നും എങ്ങനെ അവസാനിപ്പിക്കണമന്നും എനിക്ക് അറിയില്ല. എങ്കിലും ഇങ്ങനെ തുടങ്ങാം. മരം ഒരു വരം തന്നെയാണ്. ഋതുക്കള്‍ക്കനുസരിച്ച് ഉടുപ്പുമാറുന്ന മരത്തെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. പ്രത്യേകിച്ചും നമ്മളോ, നമ്മുടെ പ്രിയപ്പെട്ടവരോ ചേര്‍ന്നു നട്ടതാണങ്കില്‍ അതിനോട് നമുക്ക് ഒരു പ്രത്യേക വാല്‍സല്യം തന്നെ തോന്നും. പുതിയ തളിരുകള്‍ വന്നുവോ എന്നും, പഴയ ഇലകള്‍ കൊഴിഞ്ഞുവോ എന്നും നമ്മള്‍ ശ്രദ്ധിക്കും. അത്തരം ഒരു മരം അവനുമുണ്ട്. ഋതു തന്റെ സ്നേഹിതനോടൊപ്പം നട്ട ആ മരം അവന് ഒരുപാട് പ്രിയപ്പെട്ടതാണ്. ഋതുക്കള്‍ മാറി വരുമ്പോള്‍ ഇല പൊഴിക്കുകയും, വീണ്ടും തളിര്‍ക്കുകയും ചെയ്യുന്ന അവന്റെ ആ പ്രിയപ്പെട്ട മരം എല്ലാത്തിനും മൂകസാക്ഷിയായി നില്‍ക്കുന്നു. അതിനോട് അടുത്തു നില്ക്കുമ്പോള്‍ ആ ഇലകളില്‍ സ്പര്‍ശിക്കുമ്പോള്‍ അതിലെ പൂക്കളുടെ ഗന്ധം ജനാലയിലൂടെ മുറിക്കുള്ളിലേക്ക് അരിച്ചെത്തുമ്പോൾ അവന്റെ മനസ്സിന് ഒരുപാട് സന്തോഷം തോന്നും. നമ്മുടെ ഉള്ളില്‍ നമ്മള്‍ അറിയാതെ തന്നെ എത്രയോ മുഖങ്ങൾ ജീവിതങ്ങള്‍ ....എത്രയോ സത്യങ്ങള്‍ ...എത്രയോ ഋതുക്കള്‍ ..... ഏകാന്തത....എല്ലാം അവനെ എങ്ങോട്ടോ മാടി വിളിക്കുകയാണ്. ഏകാന്തമായ ഏതോ തുരുത്തിലേക്ക്. അവൻ എപ്പോഴാണ് ഒറ്റക്കായത്?. ആരാണ് അവന് ഈ ക്രൂരമായ നിശബ്ദത സമ്മാനിച്ചത്?. ആരാണ് ഭീതിപ്പെടുത്തുന്ന ഈ അനാഥത്വത്തിലേക്ക് അവനെ തള്ളി വിട്ടത്?. എവിടയോ വായിച്ചു മറന്ന ഒരു വരി കവിതപൊലെ "ജീവിതത്തിന്റെ ഒറ്റപ്പെടല്‍ ആരുടെയൊക്കെയോ നഷ്ടപെടല്‍ അതു നമ്മെ തളര്‍ത്തുന്നു എങ്കില്‍ അതിന് ഒരു അര്‍ത്ഥമേയുള്ളൂ. അവരെ നാം ഒരുപാട് സ്നേഹിച്ചിരുന്നു".
നമുക്കു ചുറ്റും ജീവിതം ആഘോഷിക്കുന്ന ഒരുപാടുപേരുണ്ട്. അതേപോലെ ജീവിതം മതിമറന്നു ആഘോഷിച്ച ഒരാള്‍ ആയിരുന്നു അവനും...കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌വരെ എല്ലാ കാര്യത്തിലും അല്പം മടിയും, ധൂർത്തും, വാശിയും..അല്ല, പിടി വാശി എന്നു പറയുന്നതാണ് കൂടുതല്‍ ശരി. അങ്ങിനെ ഒരു ജീവിതമായിരുന്നു അവന്റേത്...അച്ഛന്റെയും അമ്മയുടേയും ഏക സന്താനം. ആവശ്യത്തിന് സ്വാതന്ത്ര്യം അതിലേറെ പണം. ബൈക്ക്, മൊബൈല്‍ ഫോൺ ലാപ്‍ടോപ്, ഇന്റർ-നെറ്റ്. ഒരു കൗമാരകാരന്റെ ജീവിതം ആസ്വദിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം?. സ്കൂളില്‍ ഒരു ശരാശരി വിദ്യാര്‍ത്ഥി ആയിരുന്നു അവൻ. എങ്കിലും സ്കൂളിലെ ഓരോ മൺതരികൾക്കുപോലും സുപരിചിതനായ ഒരു മികച്ച സംഘാടകൻ എന്ന നിലയിൽ സ്കൂളിലെ എല്ലാ പരിപാടികള്‍ക്കും അവൻ മുന്‍പില്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും അവൻ വളരെ പ്രിയപ്പെട്ടവന്‍ അയിരുന്നു. ഇന്ന് സ്കൂളിലെ നല്ല ഓര്‍മ്മകള്‍ മുഴുവന്‍ അവന്റെ ഡയറിതാളുകളില്‍ പൊടിപിടിച്ച കവിതകളോടൊപ്പം അനാഥമായ് കിടക്കുന്നു. ഒരു വിധം നല്ല മാര്‍ക്കോടുകൂടി സ്കൂള്‍ പഠനവും പ്ള്സ്ടുവും പൂര്‍ത്തിയാക്കി ഭേദപ്പെട്ട ഒരു കോളജില്‍ നിന്നും എഞ്ചിനീയറിങ്ങില്‍ ബിരുദവും കരസ്ഥമാക്കി ഇരുപത്തൊന്നാം വയസില്‍ അവൻ ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചു. കൗമാരകാലത്ത് തന്നെ തന്റെ ലൈംഗിക ത്യഷ്ണയെ അവൻ തിരിച്ചറിഞ്ഞിരുന്നു. അല്ലങ്കില്‍ സ്കൂള്‍ പഠനകാലത്തു തന്നെ സ്വവര്‍ഗ്ഗ പ്രണയം അവനില്‍ മൊട്ടിട്ടിരുന്നു. ആദ്യമൊക്കെ അസ്വാഭാവികമായതെന്തോ അവനിൽ സംഭവിക്കുന്നുവന്നു ചിന്തിച്ചുവങ്കിലും അതില്‍ അവന് ഒരിക്കലും വിഷമം തോന്നിയില്ല.
പ്ളസ്ടു പഠനകാലം മുതൽ അല്പജ്ഞാനത്തിന്റെ കൗതുകത്തിൽ ഇന്റര്‍നെറ്റ് എന്ന മായാലോകത്ത് അവനിലെ സ്വവര്‍ഗ്ഗ അനുരാഗതെ കൂടുതല്‍ വളര്‍ത്തിയെടുക്കുക അയിരുന്നു അവൻ. ജീവിതത്തിന്റെ വിലയോ മൂല്യമോ ഒന്നും മനസിലാകാത്ത നാളുകള്‍ ..അവന് അവനെതന്നെ നഷ്ടമായ ദിവസങ്ങള്‍ ...ആ ദിനങ്ങളില്‍ ലൈംഗീകത മാത്രമായിരുന്നു അവന്റെ മനസ്സ്നിറയെ. ആഗ്രഹ സമ്പൂര്‍ത്തിക്കായ് ഇണയെ പരതുക എന്നതായിരുന്നു അന്നത്തെ അവന്റെ ഇഷ്ട വിനോദം....ഇന്റർ നെറ്റിലൂടയും തിരക്കേറിയ ബസുകളിലെ യാത്രകളിലൂടയും അവന്റെ ജീവിതത്തില്‍ പലരും വന്നുപോയി. നഗരത്തിലെ ഏതങ്കിലും ഹോട്ടൽ മുറികളിൽ അല്ലങ്കിൽ ആളൊഴിഞ്ഞ ക്ളാസ് മുറികളിൽ ഒന്നോ രണ്ടോ തവണത്തെ പങ്കുവക്കലില്‍ തീരുന്ന ബന്ധങ്ങള്‍ . അവരില്‍ ആരോടും ഒരിക്കലും അവന് പ്രണയമോ, സ്നേഹമോ തോന്നിയില്ല...അവര്‍ക്ക് തിരിച്ചും.
അവന്‍ എന്നും ഒറ്റയ്ക്കായിരുന്നു. സഹോദരങ്ങളോ, അടുത്ത കൂട്ടുകാരോ ആരും തന്നെ ഇല്ലായിരുന്നു അവന്. ഒറ്റപ്പെട്ടുപോയ അവന്റെ ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് എന്ന മായാലോകവും, അവിടെ ഇണയെ തേടിയിറങ്ങുന്ന സ്വവര്‍ഗ്ഗ രതിക്കാരും മാത്രമായിരുന്നു. ആ ദിവസങ്ങളില്‍ മണിക്കൂറുകളോളം അവന്‍ ഇന്റര്‍നെറ്റില്‍ ഇരിക്കുക പതിവായിരുന്നു. ദിവസവും ഓരോരോ മുഖങ്ങള്‍ ജീവിതത്തിലൂടെ കയറിയിറങ്ങി. അവനെ ഹരം കൊള്ളിച്ച ഈ ലഹരിയില്‍ അവന് പലപ്പോഴും സ്നേഹബന്ധങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല...അവന് ജീവിതത്തില്‍ ഒരാളെ ആത്മാര്‍ത്ഥമായി സ്നേഹിക്കാന്‍ പറ്റുമോ എന്നുപോലും സംശയിച്ച ദിവസങ്ങള്‍ . അങ്ങനെ അവൻ ജീവിതം ആഘോഷിച്ചുകൊണ്ടിരുന്ന നാളുകളില്‍ പ്രണയവും വിരഹവും മഞ്ഞായ് പയ്തൊഴിയുന്ന 2007 ഡിസംബറിലെ (26-12-2007) ഒരു തണുത്ത രാത്രിയില്‍ അവന്റെ ഓര്‍ക്കുട്ടില്‍ ഒരു സ്ക്രാപ്പ് വന്നു. അവിടെ നിന്നുമായിരുന്നു എല്ലാത്തിന്റെയും തുടക്കം. അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചുകൊണ്ട് ഒരാൾ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. 'ഹായ്' എന്ന ഒറ്റ വാക്കിലൊതുക്കിയ സ്ക്രാപ്പിന് അവനെ ആ പ്രൊഫയിലിലേക്ക് എത്തിക്കാനുള്ള എന്തോ ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ ഒരു സ്വവര്‍ഗ്ഗ അനുരാഗിയുതാണന്ന് ആര്‍ക്കും മനസിലാകുന്ന ഒരു പ്രൊഫൈല്‍ ആയിരുന്നു അത്. ഏതോ ഒരു ഗൂഡമായ സന്തോഷത്തോടെ ആ സ്ക്രാപ്പിന് ഒരു മറുപടി നല്കി അവൻ കാത്തിരുന്നു. എന്നാല്‍ പിന്നീട് കുറേ ദിവസത്തേക്ക് സ്ക്രാപ്പൊന്നും കണ്ടില്ല. ഒരാഴ്ചയോളം കഴിഞ്ഞു പെട്ടന്ന് "ഹായി" എന്നു പറഞ്ഞ് അവന് വീണ്ടും ഒരു സ്ക്രാപ് വന്നു. അതിനു മറുപടി നല്കും മുമ്പ്' 'അല്‍പനേരം കഴിഞ്ഞു ചാറ്റിൽ വരാമോ' എന്നു ചോദിച്ചു മറ്റൊരു സ്ക്രാപ്പുകൂടി. അവൻ പെട്ടന്നു തന്നെ ജീടോക്കില്‍ ലോഗ്-ഇന്‍ ചെയ്തു. കുറച്ചു നേരം ചാറ്റ് ചെയ്തു. അന്നുവരെ അവൻ ഇന്റര്‍നെറ്റില്‍ കണ്ട മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ് തെല്ലും അശ്ലീലം കലരാത്ത ഭാഷ. ആര്‍ക്കും ഇഷ്ടപ്പെടുന്ന ശൈലി. തീരെ അപരിചിതത്വം തോന്നാത്ത സംസാരം.
ചാറ്റിന്റെ അവസാനം അയാൾ അവന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു. അന്ന് രാത്രിയില്‍ ഏകദേശം ഒന്‍പതു മണിയോടെ അവന്റെ മൊബൈല്‍ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പര്‍ എങ്കിലും അവൻ ഊഹിച്ചു ആരുടെ കോളായിരിക്കുമന്ന്. പ്രതീക്ഷിച്ചതുപോലെ അത് അയാളായിരുന്നു. ഘനഗാംഭീര്യമുള്ള സുന്ദരമായ ഒരു ശബ്ദത്തിന്റെ ഉടമയായിരുന്നു അയാള്‍ . സൗമ്യമായ ആ സംസാരം അഞ്ചു മിനിട്ടോളം നീണ്ടു... നാളെ വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി അവന്. പിറ്റേ ദിവസം അവൻ അയാളുടെ ഫോൺ കോളിനായ് കാത്തിരുന്നു. അന്നും ക്യത്യം ഒന്‍പത് മണിക്ക് ആ കോള്‍ വന്നു. പിന്നീട് അതു പതിവായി. അവൻ പോലും അറിയാതെ അതൊരു ശീലമായ് മാറുകയായിരുന്നു....അതിനിടയില്‍ എങ്ങനയോ അവർക്ക് പരസ്പരം പേരുകളും വീണിരുന്നു. അവൻ അയാളെ 'വാവ'എന്നും....അയാൾ അവനെ 'മാക്രി' എന്നും സ്നേഹത്തോടെ വിളിച്ചു..
ദിവസങ്ങള്‍ ആഴ്ചകളായ് കൊഴിഞ്ഞു വീണപ്പോള്‍ ഒരു ദിവസം വാവക്ക് അവനെ കാണണം എന്നു പറഞ്ഞു. എവിട വച്ച് കാണും എന്നതായിരുന്നു പ്രശ്നം. അവന്റെയും വാവയുടെയും സ്ഥലങ്ങള്‍ തമ്മില്‍ ശതകിലോമീറ്ററിലധികം ദൂരമുണ്ട്. എന്നാല്‍ വാവക്ക് ദൂരം ഒരു പ്രശ്നമായിരുന്നില്ല. വാവ അവനെ കോട്ടയത്ത് വന്നു കണ്ടോളാം എന്നു പറഞ്ഞു. അങ്ങനെ തിരുനിക്കര അമ്പലത്തിന്റെ നടയില്‍ വച്ച് കാണാമന്നു അവർ തീരുമാനിച്ചു. അന്ന് രാവിലെ മുതല്‍ അവൻ വാവയെയും കാത്ത് കോട്ടയം തിരുനക്കര അമ്പലത്തിന്‍റെ ഗോപുര നടയില്‍ നിന്നു. ഇന്റര്‍നെറ്റില്‍ പരിചയപ്പെട്ട പലരുമായും നഗരത്തിന്റെ ഏതങ്കിലും ഒഴിഞ്ഞ മൂലയില്‍ കൂടികാഴ്ചകൾ നടത്തിയിട്ടുണ്ടങ്കിലും, അന്ന് ആദ്യമായ് അവന്റെ ഉള്ളില്‍ അല്പം പരിഭ്രമവും, അസ്വസ്ഥതയുമൊക്കെ തോന്നിച്ചു. ഏകദേശം ഒന്‍പതു മണിയോടെ വാവ അമ്പലത്തിന്റെ പടവുകള്‍ കയറി, ജാള്യത കലര്‍ന്ന പുഞ്ചിരിയുമായി അടുക്കലേക്ക് വന്നു. അവന്റെ കൈകവർന്നു. അവന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നായിരുന്നു അത്. ആ നിമിഷം കണ്ണുനീരോടെ അവൻ ഇന്നും ഓര്‍ക്കുന്നു......ഗോപുരനടയിലെ സാലഭഞ്ജികകളെയും, അവിടെ മുനിഞ്ഞു കത്തുന്ന കൽവിളക്കുകളെയും സാക്ഷിയാക്കി, അന്ന് വാവ യാത്ര പറഞ്ഞ് പിരിയുമ്പോള്‍ അവന് വല്ലാത്ത വിഷമം തോന്നി.
അന്നുമുതല്‍ രാത്രിയന്നോ പകലന്നോ ഇല്ലാതെ അവന്റെ ഫോണ്‍ ശബ്ദിച്ചുകൊണ്ടേയിരുന്നു. അതിലേക്ക് വരുന്ന മെസേജുകളുടെ എണ്ണം കൂടി കൂടി വന്നു. പലപ്പോഴും രാവെളുക്കോളം അവർ സംസാരിച്ചു. സ്വപ്നങ്ങളുടേയും സന്തോഷങ്ങളുടേയും വര്‍ണ്ണ പ്രപഞ്ചത്തിൽ അവരുടെ ബന്ധം മറ്റൊരു തലത്തിലേക്ക് വളരുകയായിരുന്നു. ദിവസങ്ങള്‍ കഴിയും തോറും അവനും വാവയും കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു. അവരില്‍ എന്തക്കയോ രാസമാറ്റം സംഭവിക്കുന്നത് അവർ അറിയുന്നുണ്ടായിരുന്നു. അവന് വാവയും, വാവക്ക് അവനും മാത്രമുള്ള ഒരു ലോകത്തെ കുറിച്ച് അവർ ചിന്തിച്ചുതുടങ്ങി. എന്തു ചെയ്യണമന്ന് ഒരു എത്തും പിടിയും കിട്ടാത്ത ദിവസങ്ങൾ. കൂട്ടികിഴിക്കലുകളൂടെ അവസാനം ഒരുമിച്ച് ഒരു പുതിയ ജീവിതം ആരംഭിക്കാം എന്നു അവർ തീരുമാനിച്ചു. ദൈവീക സാന്നിധ്യത്തില്‍ ആദ്യ കൂടികാഴ്ച നടത്തിയതുപോലെ ഇതും ഏതങ്കിലും ക്ഷേത്ര സന്നിധിയില്‍ വച്ചു വേണമന്ന് അവർക്ക് നിര്‍ബന്ധമായിരുന്നു. അതിനു കണ്ടത്തിയത് കൊല്ലൂർ മൂകാംബികാ ക്ഷേത്രവും. അവിടെ പവിത്രമായ സൗപര്‍ണ്ണികാ നദിയുടെ തീരത്തുവച്ച് ജീവിതത്തില്‍ ഒരിക്കലും പിരിയില്ല എന്നു പരസ്പരം കൈകൾ ചേർത്ത് വച്ച് അവർ ശപഥം എടുത്തു. ഭക്തി സാന്ദ്രമായ അവിടുത്തെ ലളിതാംബിക ഗസ്റ്റ് ഹൗസിൽ അവർ ജീവിതത്തിന്റെ പുതിയ ഒരധ്യായം തുടങ്ങി. അതു അവന്റെ ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ തുടക്കമായി...അനിവാര്യമായ ഒരു ദുരന്തത്തിന്റെയും...
തുടരും.....
Sunday, August 07, 2011 8:04:00 PM
അവിടെ പവിത്രമായ സൗപര്‍ണ്ണികാ നദിയുടെ തീരത്തുവച്ച് ജീവിതത്തില്‍ ഒരിക്കലും പിരിയില്ല എന്നു പരസ്പരം കൈകൾ ചേർത്ത് വച്ച് അവർ ശപഥം എടുത്തു. ഭക്തി സാന്ദ്രമായ അവിടുത്തെ ലളിതാംബിക ഗസ്റ്റ് ഹൗസിൽ അവർ ജീവിതത്തിന്റെ പുതിയ ഒരധ്യായം തുടങ്ങി. അതു അവന്റെ ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ തുടക്കമായി...അനിവാര്യമായ ഒരു ദുരന്തത്തിന്റെയും...
Saturday, August 13, 2011 4:21:00 PM
Mysterious ...