Search this blog


Home About Me Contact
2011-07-07

ഇടപ്പള്ളിയുടെ ആത്മഹത്യ-മലയാള മനോരമ റിപ്പോർട്ട്  

ഇടപ്പള്ളി രാഘവൻ പിള്ള തൂങ്ങിമരിച്ചു

ഒരു യുവകവിയുടെ അവസാനം.
(സ്വന്തം ലേഖകൻ)

കൊല്ലം
മിഥുനം 22

തുഷാരഹാരം, ഹ്യദയാമ്യതം മുതലായ പലനല്ല കവിതാഗ്രന്ഥങ്ങളുടെ കർത്താവും ഒരു യുവകവിയെന്നു പ്രസിദ്ധി സമ്പാദിച്ചിട്ടുള്ളയാളുമായ മി. ഇടപ്പള്ളി രാഘവൻ പിള്ള സ്ഥലം ഗൗഡ സരസ്വതി ബ്രാഹ്മണ ക്ഷേത്രത്തിനു സമീപമുള്ള വക്കീൽ മി. വി. എൻ നാരായണപിള്ള ബി.എ ബി.എൽ-ന്റെ വസതിയിലുള്ള വക്കീലാപ്പീസിൽ തൂങ്ങിച്ചത്തു നിൽക്കുന്നതായ് ഇന്നു രാവിലെ കാണപ്പെട്ടിരിക്കുന്നു.മി. രാഘവൻ പിള്ള മി. നാരായണ പിള്ളയുടെ കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വസതിയിൽ താമസിക്കയായിരുന്നു. സ്കൂൾ ഫൈനൽ പരീക്ഷ പാസായിട്ടുള്ള മി. രാഘവൻ പിള്ള കഴിഞ്ഞ പ്രാവശ്യം നടന്ന വിദ്വാൻ പരീക്ഷക്ക് ചേർന്നിരുന്നതായും അതിൽ തോൽ‍വി ഭവിച്ചതായുമറിയുന്നു. പരേതൻ മരിക്കുന്നതിനു മുമ്പായി "ഒരു ഒടുക്കത്തെ കത്തു" എഴുതി വച്ചിരുന്നതായും, തന്റെ ആശകളൊന്നും സാധ്യമാകാതിരിക്കുന്നതു നിമിത്തം താൻ ജീവിതമവസാനിപ്പിക്കുന്നുവന്നും, ഇതിൽ മറ്റാരും കുറ്റക്കാരനല്ലന്നു അതിൽ എഴുതിയിട്ടുള്ളതായും കേൾക്കുന്നു. പ്രേതത്തിന്റെ കാലുകളുടെ തള്ളവിരലുകൾ തറയിൽ തൊട്ടിരുന്നുവത്രെ. പരേതന്റെ കഴുത്തിൽ ഒരു പൂമാലയുമണിഞ്ഞിരുന്നു. "പ്രണയ നൈരാശ്യ"മായിരിക്കണം മരണഹേതുവന്നനുമാനിക്കപ്പെടുന്നു.

to my friends and foes എന്നായിരുന്നുവത്രെ ഒടുക്കത്തെ കത്തിൽ മേൽ‍വിലാസം കുറിച്ചിരുന്നത്. മരണത്തെപറ്റിയും മറ്റും പ്രസ്താവിക്കുന്ന ഏതാനും ഇംഗ്ളീഷ് പുസ്തകങ്ങളും സമീപത്ത് വച്ചിട്ടുണ്ടായിരുന്നു. പോലീസുകാർ എത്തി മഹസ്സർ മുതലായവ തയ്യാറാക്കിയ ശേഷം പ്രേതം പോസ്റ്റുമാർട്ടത്തിനയച്ചിരിക്കുന്നു.
.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



1 comments: to “ ഇടപ്പള്ളിയുടെ ആത്മഹത്യ-മലയാള മനോരമ റിപ്പോർട്ട്

  • ഷാരോണ്‍
    Thursday, July 07, 2011 4:51:00 PM  

    ഇടപ്പള്ളിക്ക്‌ ആദരാഞ്ജലികള്‍...


    ഇപ്പോള്‍ മലയാള മനോരമ ഇത് റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ എങ്ങനെ ഇരിക്കും എന്നത് ഓര്‍ത്താല്‍ തമാശ ആകും..