തലമുടി തരുന്ന ചില സാമൂകിഹാനുഭവങ്ങളും ചിന്തകളും
എന്നും സമൂഹത്തോടും എന്നോട് തന്നെയും വളരെ വ്യക്തമായ ഒരു കാഴ്ചപാട് എനിക്ക് ഉള്ളതിനാലും, ചെറുപ്പം മുതൽ തന്നെ സ്വകാര്യജിവിതത്തിൽ സമൂഹത്തിന്റെ അനാവശ്യ ഇടപെടലുകളെ അനുവദിക്കാൻ ഇഷ്ടപ്പെടാത്ത ഒരു വ്യക്തി എന്ന നിലയിലും, കഴിഞ്ഞ അഞ്ചുവർഷക്കാലമായി മുടി നീട്ടി വളർത്തി നടക്കുന്ന ഒരാളാണു ഞാൻ. ജീവിതത്തിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച രണ്ട് മഹത് വ്യക്തിത്വങ്ങൾ മുഖ്യധാരാ സമൂഹത്തിന്റെ ചൈയ്തികളിൽ നിന്നും അല്പം വ്യതിചലിച്ച ഒരു ജീവിത ശൈലി പിന്തുടർന്നവരും, മുടി നീട്ടി വളർത്തിയവരുമായിരുന്നു എന്നതും, ഒരു പക്ഷേ എന്റെ നീണ്ടമുടിയുമായ് ബന്ധപ്പെട്ടു കിടക്കുന്നുണ്ടായിരിക്കണം. ഒരാളെയും അന്ധമായ് ആരാധിക്കാനും അനുകരിക്കാനും ഇഷ്ടപ്പെടാത്ത ഒരു വ്യക്തി എന്ന നിലയിൽ, ഈ പറഞ്ഞത് എന്നും എനിക്ക് ഒരു വലിയ ചോദ്യ ചിഹ്നം തന്നെയാണ്. അത് എന്തൊക്കെയായാലും നീട്ടിവളര്‍ത്തിയ മുടി വളരെ വ്യത്യസ്ഥമായ ഒരു സാമൂഹ്യാനുഭവമാണെനിക്കു സമ്മാനിച്ചതു്. അരകിറുക്കൻ എന്ന് സമൂഹം പലപ്പോഴും വിശേഷിപ്പിക്കുന്ന അതികായന്മാരായ എക്സെന്‍ട്രിക്കുകള്‍ അപൂർവ്വമല്ലാത്ത ശാസ്ത്രത്തിന്റെ ലോകത്തായതുകൊണ്ട്, ഒരാളുടെ വേഷവിധാനങ്ങളെ മുൻവിധിയോടെ കാണരുതന്ന് ലോകത്തിനെ പഠിപ്പിച്ചുകൊടുത്ത ഐൻസ്റ്റീനും മെൻഡലീവും അനുവദിച്ചു തന്ന സ്വാതന്ത്യം ഞാനും ശരിക്ക് ഉപയോഗിച്ചെന്നു പറയാം.
ഇന്റർ നാഷണൽ സയൻസ് കോൺഗ്രസുകളിലും കോൺഫറൻസുകളിലും, ഞാനുൾപ്പെടുന്ന സയന്റിഫിക് കമ്യൂണിറ്റികളൂടെ ഇടയിലും, എന്റെ ഉയരവും നീട്ടിവളർത്തിയ ബ്രൗൺ നിറമുള്ള കോലൻ തലമുടിയും എനിക്ക് ചെറുതല്ലതാത്ത ഒരു വിസിബിലിറ്റി തന്നിട്ടുണ്ട്. പലപ്പോഴും അത് എനിക്ക് ഒരു യുണീക് ഐഡന്റിറ്റി മാത്രമല്ല, എന്റെ കരിയറിലും ചെറുതല്ലാത്ത നേട്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. ഒരിക്കൽ പോലും ഞാൻ പരിചയപ്പെടുകയോ സംസാരിക്കയോ ചെയ്തിട്ടില്ലാത്ത ഒരു സയിന്റിസ്റ്റ്, പിന്നീട് എപ്പോഴങ്കിലും ഏതങ്കിലും സാഹചര്യത്തിൽ I remember, I met you last year in Energy Materials Conference എന്നു പറയുന്നുവങ്കിൽ, കഴിഞ്ഞ ദിവസം (14 ഒക്ടോബർ 2011) ഇന്റർ കോണ്ടിനന്റൽ ഹോട്ടലിലെ ഗ്രാൻഡ് ബാൾറൂമിൽ വച്ച് സ്കൂൾ ആഫ് മെറ്റീരിയൽ സയൻസ് ആന്റ് എഞ്ചിനീയറിംങിന്റെ ചെയർ Prof. Ma Jan, ഞങ്ങൾ സ്റ്റാഫിനെ പരിചയപ്പെടുമ്പോൾ മറ്റുള്ളവരോടായ് I noticed this dynamic young guy, an energetic man with long hair എന്ന് പറഞ്ഞുവങ്കിൽ, അത് എന്റെ നീണ്ടമുടി എനിക്ക് തരുന്ന വിസിബിലിറ്റി ഒന്നുകൊണ്ട് മാത്രമാണ്.
ചെറുപ്പം മുതൽ ക്രമരാഹിത്യത്തിന്റെ ഒരു കോസ്മിക് പരീക്ഷണത്തിലായിരുന്നു ഞാൻ. ബഹുസ്വരതയുടെ ഒരു സമൂഹത്തില്‍, ഒന്നിന്റേയും പ്രതിനിധിയാവാതെ എന്റെ ശബ്ദം വേറിട്ടു നിൽക്കാൻ അതെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. നഗരജീവിതത്തിന്റെ കാപട്യങ്ങളെയും സമൂഹത്തിന്റെ സൃഷ്ടിയായ അലിഖിത നിയമങ്ങളേയും എന്നിലൂടെ സാധ്യമാകുന്ന ആത്മീയതയിലൂടെ നിരാകരിക്കുകയും സ്വയം നിരന്തരം നവീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു ഞാൻ. പക്ഷേ ഒരു അരാജകവാദിയോ ആന്റിസോഷ്യലൊ ആകാൻ ഞാൻ ശ്രമിച്ചിട്ടില്ല. മുടി വളർത്താൻ ആഗ്രഹിക്കുന്ന ഒരുപാട് ചെറുപ്പക്കാരെ എനിക്കറിയാം. പക്ഷേ അടക്കി അനുശീലിച്ചു വരുന്ന സാമൂഹിക ചുറ്റുപാടിൽ അവൻ ഒറ്റപ്പെടുമോ എന്ന വ്യാധിയിൽ നിന്നുടലെടുക്കുന്ന ധൈര്യമില്ലയ്മയിൽ, അവരൊക്കെ തങ്ങളുടെ ആഗ്രഹത്തെ ഉള്ളിലൊതുക്കുകയാണ്.
ബ്രയിൻ കൊറിയ ഫെലോഷിപ്പിൽ ഡോക്ട്രേറ്റ് എടുക്കാൻ കൊറിയയിലേക്ക് പോകുന്നതിനും മുൻപേ ഞാൻ മുടി മുറിക്കൽ നിർത്തിയങ്കിലും അത്ര അധികം നീണ്ടിരുന്നില്ല. ഒരു വർഷം കഴിഞ്ഞ് അവധിക്ക് ആദ്യമായ് വീട്ടിലേക്കെത്തിയപ്പോൾ എല്ലാവരുടേയും മുഖത്ത് അൽഭുതമായിരുന്നു. ഇത്ര ചുരുങ്ങിയ കാലം കൊണ്ട് ഒരാളുടെ മുടി ഇത്ര നീണ്ടുവളരുമോ? പുറം മുഴുവനായ് മറയുന്നതരത്തിൽ ഇടുപ്പ് വരെ വളർന്നിറങ്ങിയ ഇടതൂർന്ന കറുത്ത മുടി കണ്ട് അസൂയപ്പെട്ട പെൺകുട്ടികൾ ഒരുപാടുണ്ട്. നാട്ടിൽ എവിടേങ്കെങ്കിലും പോയാൽ ആളുകൾ തുറിച്ചുനോക്കും. അതിൽ രണ്ടുപക്ഷക്കാരുണ്ടായിരുന്നു. അതിൽ ചില സംശയാലുക്കളുടെ കൊമ്പുവച്ച ചോദ്യങ്ങൾക്കു അർഹമായ മറുപടി കൊടുത്തും ഉപദേശിച്ച് നേരേയാക്കാൻ ശ്രമിച്ചവരോട് കാർക്കശ്യം നിറഞ്ഞ സ്വരത്തിൽ എനിക്ക് ഉപദേശം കേള്‍ക്കാനിഷ്ടമില്ലെന്ന് പറഞ്ഞും നിശബ്ദരാക്കി. ബൈക്കിന്റെ പിൻസീറ്റ് യാത്രക്കാരായ പല ചെറുപ്പക്കാരും തന്റെ സഹയാത്രികനെ ദേ നോക്കടാ എന്നു പറഞ്ഞ് വിളിച്ച് കാണിക്കുന്നതിൽ തുടങ്ങി, പട്ടണങ്ങളിലൂടെയുള്ള യാത്രകളും ഷോപ്പിങ്ങുകളും മറക്കാനാവാത്ത ഒരു പാട് അനുഭവങ്ങൾ, നെറ്റി മറച്ച്, കണ്‍തടം വരെ നീണ്ടുകിടക്കുന്ന, കൊലുന്നനെയുള്ള എന്റെ തലമുടി എനിക്ക് സമ്മാനിച്ചിട്ടുണ്ട്. മുടി വളർത്തി, പുരോഗമന വാദികളായ മലയാളികളുടെ അലിഖിത നിയമത്തെ ഖണ്ഡിക്കുന്ന ആദ്യദിനങ്ങളിൽ, ഒരു സുഹ്യത്തിന്റെ കമന്റ് ഇങ്ങനെയായിരുന്നു, 'ഒറ്റകാതിൽ കടുക്കനൂടെ ആയാൽ ഒരു ഡ്രഗ് അഡിക്റ്റിന്റെ ചിത്രം പൂർണ്ണമാകും'. ആദ്യമായ് നീണ്ടമുടിയുമായ് എന്നെ കണ്ടദിവസം നിന്റെ തലമുടി വെട്ടിക്കണില്ലേ എന്ന് അമ്മയുടെ ചോദ്യം കേട്ടതായ് ഭാവിക്കാതെ, ഇവിടെ എന്തൊരു ചൂടാണിപ്പോൾ എന്ന് പറഞ്ഞുകൊണ്ട് വിഷയം മാറ്റി. ചെറുപ്രായത്തില്‍ത്തന്നെ, പൊതുധാരാജീവിതവുമായി ഞാൻ കലഹത്തിലാണന്നും ഉപദേശിച്ച് തീരുമാനങ്ങളുടെ ഗതി മാറ്റാൻ കഴിയില്ലന്നും നന്നായി മനസ്സിലാക്കിയിട്ടുള്ളതിനാൽ അമ്മ അവന്റെ ഇഷ്ടം പോലെ ആകട്ടെ എന്ന് ചിന്താഗതിയിലേക്കെത്തി. അന്ന് എന്റെ തലമുടി നാട്ടിൽ ഒരു സംസാര വിഷയമായിരുന്നു. നീണ്ടമുടിയെ പറ്റി ഒരുപാട് കാര്യങ്ങൾ പ്രായഭേദമെന്യേ വൈകുന്നേരങ്ങളിലെ ഒത്തുകൂടലിൽ നാട്ടുകാർക്ക് ചർച്ചാവിഷയമായിരുന്നു. കാലങ്ങൾകൊണ്ട് നാടും രാജ്യവും വിട്ട് പഠിക്കാൻ പോയതിനാലും സ്കൂൾ പഠനകാലത്തുതന്നെ പഠിപ്പിസ്റ്റ് എന്ന ഒരു ലേബൽ നാട്ടുകാർ ചാർത്തി തന്നിട്ടുള്ളതിനാലും ചർച്ച ചെയ്ത് ചർച്ച ചെയ്ത്, ഒരു ജീനിയസിന്റെ പരിവേഷം അവർ എനിക്ക് ചാർത്തിതന്നു. സംസാരിക്കുന്നതിനിടയിൽ, മങ്ങിയ പച്ചനിറം പ്രതിഫലിപ്പിക്കുന്ന എന്റെ അന്റിഗ്ലയർ കണ്ണടക്കുമുകളിലേക്ക് ഊർന്നു വീഴുന്ന മുടിയിഴകളെ, വലതു കൈകൊണ്ട് കണ്ണുകള്‍ വെളിയില്‍ കാണത്തക്കവിധം വകഞ്ഞുമാറ്റുമ്പോൾ കിട്ടുന്ന വിസിബിലിറ്റികൊണ്ടുകൂടിയായിരിക്കണം അങ്ങനെ ഒരു നിഗമനത്തിലേക്ക് അവരെ കൊണ്ടെത്തിച്ചത്.
ചെറുപ്പം മുതൽതന്നെ പാരമ്പര്യത്തോടുള്ള ധാര്‍ഷ്ട്യം നിറഞ്ഞ ഒരു കലാപത്തിലായിരുന്നു ഞാന്‍. നന്നേ ചെറുപ്പത്തിൽ തന്നെ ഞാന്‍ അത് തിരിച്ചറിഞ്ഞുകഴിഞ്ഞു. അതെന്റെ കുറ്റമേയല്ല. അച്ചടിച്ച പുസ്തകങ്ങളിലെ കത്തുന്ന അക്ഷരങ്ങൾക്കും, ക്ലാസ്മുറികളിലെ ജ്യോമട്രിക് രൂപങ്ങളുടെ ആവർത്തന വിരസതകൾക്കും പിടികൊടുക്കാതെ നിരൂപകരുടെ ബുദ്ധിഗൗരവങ്ങളിലൂടെ ഗതികിട്ടാതെ അലയാനായിരുന്നു എനിക്ക് എന്നും താല്പര്യം. അതുകൊണ്ട് തന്നെ എനിക്ക് ശരിയന്നു തോന്നിയതൊക്കെ ഞാൻ ചെയ്തു. തെറ്റിനും ശരിക്കും അതിർവരമ്പുകൾ കല്പിച്ചിട്ടില്ലത്തതിനാൽ ഞാൻ ചെയ്തതൊക്കെ എനിക്ക് ശരിതന്നെയായിരുന്നു. എന്തു ചെയ്യുമ്പോഴും മൂന്നുതവണ ആലോചിച്ച് ഉറപ്പിച്ച് മാത്രം ചെയ്യാൻ അമ്മ പരിശീലിപ്പിച്ചിരുന്നതിനാൽ, ഒരിക്കൽ പോലും ചെയ്തതൊന്നും തെറ്റായിരുന്നു എന്ന് ആലോച്ചിക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ടുതന്നെ സന്മാര്‍ഗം ബുദ്ധിയുടെ ബലഹീനതയാണ് എന്ന് വിശ്വസിച്ച റിംബോയുടെ കവിതകൾ നന്നേ ചെറുപ്പത്തിൽ തന്നെ എന്നെ ഒരുപാട് ഹരംകൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ടുമാത്രമാണ് പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ, സെന്റ് പീറ്റേഴ്‌സ്‌ബർഗിലെ ചൂതാട്ടകേന്ദ്രങ്ങളിൽ രാപകൽ തള്ളിനീക്കി, ജീവിതത്തെ മൊത്തമായി ചൂതാട്ടകളരിയിലേക്ക് കശക്കിയെറിഞ്ഞ ഫിയോദർ മിഖയലോവിച്ച് ദസ്തയേവസ്കിയുടെ കുറ്റവും ശിക്ഷയും, ചൂതാട്ടകാരൻ മുതലായ വിശ്വസാഹിത്യങ്ങളിൽ തുടങ്ങി ലൈംഗികതയുടെ അതിപ്രസരമുള്ള മാധവികുട്ടിയുടെ എന്റെ കഥയും ചന്ദനമരങ്ങളും വരെ എന്റെ സ്വകാര്യ ലൈബ്രറിയിലെ ചില്ലിട്ട അലമാരകളിൽ പ്രദർശനോൽമുഖമാകും വിധം സ്ഥാനം പിടിച്ചത്. കുമ്പസാരിക്കുന്ന പാപിയാകാതെ, ഭ്രാന്തു പിടിച്ച നന്മകളുടെ മഴനനഞ്ഞു നടക്കാനായിരുന്നു, എന്നും ജീവിതത്തെകുറിച്ച് വ്യക്തമായ ഒരു ദീർഘവീക്ഷണം വച്ചുപുലർത്തിയിരുന്ന അമ്മ എന്നെ പഠിപ്പിച്ചത്. അതുതന്നയാണ് ഇക്കാലമത്രയും ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ മുഖ്യധാരാ സമൂഹത്തിന്റെ അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നതിനാലാവണം അധികം ആരും എന്നെ ഉപദേശിച്ച് നന്നാക്കാൻ ശ്രമിക്കാത്തത്. എന്റെ സന്തോഷങ്ങൾ എന്നിൽ ജനിച്ച് എന്നിൽ തന്നെ മരിക്കുന്നവയായിരിക്കണം എന്ന് ഒരു നിർബന്ധ ബുദ്ധി കൗമാരം കഴിഞ്ഞപ്പോൾ തന്നെ ഞാൻ വളർത്തിയെടുത്തിരുന്നു. അങ്ങനെ സ്വകാര്യജീവിതത്തിൽ നിന്നും സമൂഹത്തിന്റെ ഇടപെടലുകളെ പാടേനിരാകരിക്കുന്ന സങ്കീർണ്ണമായ ഒരു തലത്തിലേക്ക് സന്നിവേശിപ്പിക്കപ്പെട്ട എന്റെ ചിന്തകളുടെ ബൗദ്ധികമായ വളർച്ചക്ക് കാരണഭൂതനായ ബാല്യകാല സഖിയോട് എന്നും ഒരു കടപ്പാടുണ്ടന്നുപറയുന്നതിൽ തെറ്റില്ല. അപ്രതീക്ഷിതമായ് നിഷേധിക്കപ്പെട്ട ആ ബാല്യകാല സൗഹ്യദത്തിനോടുള്ള പ്രതിഷേധമായി, കണ്ണിലേക്ക് ഊർന്നുവീഴുന്നതരത്തിൽ മുറിക്കാതെ കൊണ്ടുനടന്ന ഏതാനും മുടിയിഴകളിലാണ് എന്റെ മുടിവളർത്തലിന്റെ തുടക്കം. ബന്ധങ്ങളെ കേവല വികാരങ്ങളുടെ വേലിയേറ്റങ്ങളായ് ഹ്യദയത്തോട് ചേർത്തുനിർത്തി, നമ്മുടെ സന്തോഷങ്ങളുടെ നിയന്ത്രണം മറ്റുള്ളവരെ ഏല്പിക്കാതെ, ഗീത അനുശാസിക്കുന്ന തരത്തിൽ സ്വയം സന്തോഷിക്കുവാനും അതിലൂടെ കൈവരിക്കുന്ന സംത്യപ്തിയിലൂടെമാത്രമേ ജീവിതവിജയം കൈവരിക്കുവാനും കഴിയുകയുള്ളൂ എന്ന തിരിച്ചറിവ് എന്നെ കൊണ്ടുവന്നെത്തിച്ചത് ശാസ്ത്രത്തിന്റെയും സാങ്കേതികത്വത്തിന്റെയും ഒരു വലിയ ലോകത്തിലേക്കായിരുന്നു. ആദ്യകാലങ്ങളിൽ കണ്ണിലേക്ക് വളർത്തിയിറക്കിയ ആ മുടിയിഴകൾ മുഖത്തേക്കൂർന്നിറങ്ങി പലപ്പോഴും എന്നെ അസ്വസ്ഥപ്പെടുത്തികൊണ്ടിരുന്നു. അന്നുമുതൽ പ്രീയപ്പെട്ടവരൊക്കെ എനിക്ക് വേണ്ടി ജീവിക്കേണ്ടവരാണന്നും എന്നെ സന്തോഷിപ്പിക്കേണ്ടവരാണന്നുമുള്ള സ്വാർത്ഥമായ ചിന്താഗതി തെറ്റാണന്നു മനസ്സിലാക്കി ഞാൻ എനിക്ക് വേണ്ടിയും എനിക്ക് ചുറ്റുമുള്ളവർക്കുവേണ്ടിയുമാണ് ജീവിക്കേണ്ടതന്ന ഒരു ബോധം എന്നിൽ വളർത്തിയെടുത്തു. അങ്ങനെ വരുമ്പോൾ എന്റെ ആവശ്യങ്ങള്‍ ഞാന്‍തന്നെ നിറവേറ്റേണ്ടതുണ്ട്. എന്റെ ആവശ്യമെന്നാല്‍ എഴുതുക, വായിക്കുക, എന്റെ മനസ്സ് വിളിക്കുന്ന ഭ്രാന്തമായ വഴികളിലൂടെ ഒക്കെ അലഞ്ഞുതിരിഞ്ഞ് സഞ്ചരിക്കുക, ഭ്രമാത്മകമായ ചിന്തകളെ സ്വതന്ത്രമായ തുരുത്തുകളിലേക്ക് യാതൊരുവിധ നിയന്ത്രണവുമില്ലാതെ അഴിച്ചു വിടുക. മുടി വളർത്തുക, ഷേവ് ചെയ്യാതിരിക്കുക, എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കുക ഇതൊക്കെ എന്റെ അവകാശങ്ങളാണ്. ഇതൊന്നും വേണ്ട എന്നു പറയാൻ ആർക്കും അധികാരമില്ല.
ലോകത്തിന്റെ പലകോണുകളിലും ഗവേഷണത്തിന്റെ ഭാഗമായ് യാത്ര ചെയ്യുമ്പോഴൊക്കെ വിദേശികളായ ഒരു എമിഗ്രേഷൻ ആഫീസർപോലും ചോദിച്ചിട്ടില്ലങ്കിലും ഇന്ത്യയിലെ ഏത് വിമാനാതാവളത്തിൽ വന്നിറങ്ങിയാലും സ്ഥിരമായി ഞാന്‍ കേൾക്കുന്ന ഒരു ചോദ്യമുണ്ട്. മുടിനീട്ടിവളര്‍ത്താന്‍ എന്തങ്കിലും കാരണം? പ്രത്യേകിച്ച് കാരണമൊന്നുമില്ല എന്നു പറഞ്ഞാൽ പാസ്പോർട്ട് തിരിച്ചും മറിച്ചും നോക്കി സൂഷ്മ പരിശോധന നടത്തികൊണ്ട് ഉടൻ വരും അവരുടെ വക ഒരുപദേശം, വെട്ടി വ്യത്തിയാക്കി കൊണ്ടുനടക്കുന്നതല്ലേ നല്ലത്. അപ്പോൾ ആൽബർട്ട് ഐസ്റ്റീനും മെൻഡലീവും എ.പി.ജെ അബ്ദുൾ കലാമും മറ്റും വ്യത്തിയില്ലാത്തവരന്നാണോ പറഞ്ഞുവരുന്നത് എന്ന മറുചോദ്യത്തിന്, അവരൊക്കെ ശാസ്ത്രജ്ഞന്‍മാരല്ലേ എന്ന കൗശലം നിറഞ്ഞ ഒരു ചോദ്യം അവർ എനിക്ക് നേരേ എറിയും. എങ്കിൽ ഞാനും ഒരുശാസ്ത്രജ്ഞന്‍തന്നയാണന്നു പറയുമ്പോൾ ചിലർ, എവിടെ, എന്ത്, എങ്ങനെ എന്നൊക്കെ ചോദിച്ചറിഞ്ഞ് വേഗം പാസ്പോർട്ട് പഞ്ച് ചെയ്ത് വിടും. എന്നാൽ സംശയാലുക്കളായ ചിലർ ഐഡി ചോദിച്ച് അത് ഒന്നുരണ്ടു തവണ തിരിച്ചു മറിച്ച് നോക്കി ഉറപ്പു വരുത്തിയ ശേഷമേ പാസ്പോർട്ട് പഞ്ച് ചെയ്ത് കടത്തി വിടുകകയുള്ളൂ. നീട്ടിവളർത്തിയ മുടി തരുന്ന ഈ വിസിബിലിറ്റി യാത്രകളിൽ ചിലപ്പോഴൊക്കെ മാർഗ്ഗങ്ങളെ എളുപ്പമാക്കിയിട്ടുണ്ടങ്കിലും ഒരിക്കൽ വില്ലനായും കടന്നു വന്നിട്ടുണ്ട്. ഒരിക്കൽ സിംഗപ്പൂരിൽ നിന്നും സിൽക്ക് എയറിന്റെ ബോയിംങ് 737-ന് ബാംഗ്ലൂർ ഇന്റർ നാഷണൽ എയർപോർട്ടിലിറങ്ങി എമിഗ്രേഷൻ കൗണ്ടറിൽ വരുമ്പോൾ അവിടെ ഉണ്ടായിരുന്നത് ഒരു മലയാളി ആഫീസറായിരുന്നു. മുട്ടോളം മാത്രം ഇറക്കമുള്ള ഇറുകിയ ട്രൗസറിലും കൈയ്യില്ലാത്ത സിംങ്ലറ്റിലും, നീട്ടിവർത്തിയ ബ്രൗൺ നിറമുള്ള കോലൻ മുടിയുള്ള ക്യശഗാത്രനായ ഞാൻ സയന്റിസ്റ്റാണ് എന്നു പറഞ്ഞതിൽ വിശ്വാസം തോന്നാഞ്ഞതുകൊണ്ടോ എന്തോ, എന്തുകൊണ്ട് നേരെ തിരുവനന്തപുരത്തോ കൊച്ചിയിലോ ഇറങ്ങാതെ ബാംഗ്ലൂർ ഇറങ്ങി എന്ന മുന വച്ച ചോദ്യത്തിന്, തിരുവനന്തപുരത്തുനിന്നും ഇഷ്യൂ ചെയ്ത പാസ്പോർട്ടുമായ് ഇന്ത്യയിലെ ഏത് എയർപോർട്ടിലുമിറങ്ങാൻ എനിക്ക് അവകാശമുണ്ടന്ന് പറഞ്ഞ ഒറ്റകാരണത്താൽ, അരമണിക്കൂറിലധികം എയർപോർട്ടിൽ പിടിച്ചിരുത്തി എന്നെ ചോദ്യം ചെയ്യുകയും എന്റെ ലഗേജുകൾ മുഴുവൻ തുറന്നിട്ട് പരിശോധിക്കുകയും ചെയ്തു. സിംഗപൂരിൽ നിന്നും വന്ന എന്റെ പാസ്പോർട്ടിൽ വിസ പതിച്ചിട്ടില്ല എന്നതായിരുന്നു അന്ന് അയാൾ കണ്ടുപിടിച്ച കുറ്റം. നൻന്യാങ് യൂണിവേഴ്സിറ്റിയിലെ റിസേർച്ച് സയന്റിസ്റ്റ് എന്നു മുദ്രണം ചെയ്തു ഫോട്ടോപ്രിന്റുചെയ്ത എന്റെ ഐഡന്റിറ്റി കാർഡും സിംഗപ്പൂർ മിനിസ്റ്റിറി ആഫ് മാൻ പവർ ഇഷ്യൂ ചെയ്ത എംപ്ലോയിമന്റ് പാസിനുമൊന്നും അയാളെ കൺവിൻസ് ചെയ്യാൻ കഴിഞ്ഞില്ല. അവസാനം യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഫോട്ടോയും ഡെസിഗ്നേഷനും കാണിച്ചു കൊടുക്കേണ്ടി വന്നു അന്ന് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാൻ. പക്ഷേ പാസ്പോർട്ട് തിരികെ തരുമ്പോൾ, ഒരു ക്ഷമപറഞ്ഞ് കൈ പിടിച്ചു കുലുക്കുമ്പോൾ അയാളുടെ മുഖത്ത് പടർന്ന ജാളയത നീട്ടിവളർത്തിയ മുടി തരുന്ന വിസിബിലിറ്റി നൽകിയ രസകരമായ ഒരു അനുഭവമാണ്. എന്നാൽ രസകരമായ ഈ സാമൂഹികാനുഭവങ്ങൾ എന്നെ കൊണ്ട് ചിന്തിപ്പിക്കുന്നത് പരിഷ്ക്യതരന്നു സ്വയം വിശേഷിപ്പിക്കുന്ന നമ്മുടെ സമൂഹത്തിനെ ഗ്രസിച്ചിരിക്കുന്ന അപകടകരമായ പപ്പരാസിത്തരത്തെ കുറിച്ചാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്നും ഏതാണ്ട് അറുപത്തഞ്ച് വർഷങ്ങൾക്ക് മുൻപേ നമുക്ക് സ്വാതന്ത്യം കിട്ടിയിട്ടും മറ്റുള്ളവരുടെ വ്യക്തിപരമായ സ്വാതന്ത്യത്തിലേക്കുള്ള അനാവശ്യപരമായ ഇടപെടലുകളിൽ നിന്നും സ്വാതന്ത്യം നേടുവാൻ നമുക്ക് കഴിഞ്ഞിട്ടില്ല. സ്വന്തം തലയിൽ വളരുന്ന തലമുടി വെട്ടാനും വളർത്താനും, ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനും, പൊതുനിരത്തുകളിലൂടെ രാപകൽ വ്യത്യാസമില്ലാതെ ആണിനും പെണ്ണിനും ഒന്നിച്ചോ ഒറ്റക്കോ സഞ്ചരിക്കാനുള്ള സ്വാതന്ത്യം അനുവദിക്കുന്ന ഒരു സമൂഹം വളർന്നു വരുമന്ന പ്രത്യാശയോടെ, സങ്കുചിതമായ സ്വന്തം ചിന്താഗതികളെ നമുക്ക് കൊത്തിയുടച്ച്, വരും തലമുറയെ, നമ്മൾ അടക്കി അനുശീലിക്കേണ്ടി വരുന്ന ചെയ്‌വനകളിൽ നിന്നും സ്വതന്ത്രരാക്കാൻ കഴിയുമോ എന്ന ഒരു ചിന്ത എപ്പോഴും എന്നെ അലട്ടുന്നുണ്ട്. അറിഞ്ഞും അനുഭവിച്ചും കടന്നുപോകുന്ന ദിനങ്ങളിലൂടെ എന്നും അത് ഒരു വലിയ ചോദ്യചിഹ്നമായ് എന്റെ മുന്നിലവശേഷിക്കയാണ്.....
.
Saturday, November 12, 2011 7:51:00 PM
അമ്മയെ കാണാന്‍ നമ്മള്‍ ആശുപത്രിയിലേക്ക് പോയ ദിവസം കേട്ട കമന്റ് ഓര്‍മ വരുന്നു കൃഷ്ണാ :)