Search this blog


Home About Me Contact
2011-11-27

മുല്ലപ്പെരിയാർ പൊട്ടുമന്ന് കേരളത്തിനങ്കിലും ഉറപ്പുണ്ടോ?  

കുറേ കാലങ്ങളായി മലയാളിയുടെ ഉറക്കം കെടുത്തുന്നു എന്ന് കൊട്ടി(ആ)ഘോഷിക്കപ്പെടുന്ന ഒരു വലിയ ദുരന്തം. ഒരു മുഖവുരയുടേയോ വിശദീകരണത്തിന്റെയോ ആവശ്യമില്ല മുല്ലപെരിയാർ അണകെട്ടുതന്നെ. ഏതുസമയവും പൊട്ടി ഒഴുകി കേരളത്തിലെ മുപ്പത്തഞ്ച് ലക്ഷത്തില്പരം ജനങ്ങളേയും അഞ്ചു ഡിസ്റ്റിക്കുകളേയും നിമിഷങ്ങൾകൊണ്ട് അറബികടലിലെത്തിക്കുമന്ന് ചർച്ചകൾക്കുമേലെ ചർച്ച ചെയ്യപ്പെടുന്ന മുല്ലപെരിയാർ ജലബോംബ്. അങ്ങനെ സംഭവിച്ചാൽ ലോകെത്തെവിടെയും നടന്നതിൽ വച്ച് ഏറ്റവും വലിയ അണക്കെട്ടു ദുരന്തം, അതിലുപരി മുൻകൂട്ടിയറിഞ്ഞിട്ടും ഇന്ത്യയിലെ പരമോന്നത നീതിന്യായ വ്യവസ്ഥയുടെ ചുവപ്പുനാടകളിൽ കുരുക്കിയിട്ട് പിടിപ്പില്ലാത്ത ഭരണകൂടങ്ങളുടെ അനാസ്ഥയാൽ വിളിച്ചുവരുത്തിയ ചരിത്രത്തിലെ ഏറ്റവും മലിയ മഹാദുരന്തം. ഇന്നോ നാളയോ ഡാമിലെ ജലനിരപ്പ് പെട്ടന്ന് ഒന്നുയർന്നാൽ, പൊട്ടിയൊലിക്കുന്ന വിള്ളലുകളിലൊന്ന് വലുതായാൽ ഇടുക്കി ഒന്നു നന്നായ് കുലുങ്ങിയാൽ മുല്ലപെരിയാർ തകർന്ന് സംഹാര താണ്ഡവമാടുമെന്നു മാസമാസം ഉണ്ടാകുന്ന ഉൾവിളിയിൽ ഉറപ്പിച്ചു പറയുമ്പോൾ ഈ ഡാം പൊട്ടുമെന്നതിൽ മലയാളിക്ക് എന്തങ്കിലും ഉറപ്പുണ്ടോ ആശങ്കയുണ്ടോ? അണകെട്ടി നിര്‍ത്തിയിരിക്കുന്ന മഹാദുരന്തത്തിന്റെ ചുവട്ടില്‍ ജീവിതത്തിന്‍റെ അടുപ്പു കൂട്ടിയിരിക്കുന്നവർക്കുപോലും ഈ പറയുന്ന ആശങ്കയില്ലന്നതല്ലേ സത്യം? ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്നു വിളിച്ചുകൂവുമ്പോഴും പൊട്ടില്ല എന്ന് ഉറപ്പുള്ളതുപോലെയാണ് ഓരോ മലയാളിയുടെയും പെരുമാറ്റം. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് മറൈൻ ഡ്രൈവിൽ കണ്ടതും. സോഷ്യൽ മീഡിയയും നാട്ടുകാരും സാമൂഹികപ്രവർത്തകർ മുതൽ സമൂഹത്തിന്റെ എല്ലാതുറയിലുമുള്ള പ്രശസ്തരുൾപ്പെടെ അണിനിരന്നിട്ടും വിരലിലെണ്ണാവുന്നവരെ മാത്രമേ മെഴുകുതിരി കത്തിക്കാനും പ്ലക്കാർഡുയർത്താനും തൊണ്ടപൊട്ടി വിളിക്കാനും മറൈൻ ഡ്രൈവിലെത്തിയുള്ളൂ എന്നത് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്.


വെറുതേ തമിഴ്നാടിനെ കുറ്റം പറഞ്ഞു നമ്മളും നമ്മുടെ ഭരണകൂടവും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇപ്പോൾ പൊട്ടും എന്നു പറയുന്ന ഡാമിന്റെ ചുവട്ടിൽ താമസിക്കുന്ന ഒരാളിനെപോലും സുരക്ഷിത മേഖലകളിലേക്ക് മാറ്റി പാർപ്പിക്കാൻ ഗവണ്മന്റിന്റെ ഭാഗത്തുനിന്ന് യാതൊരു വിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇതെഴുതുമ്പോൾ ഇന്നലെ പെയത പേമാരിയിൽ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിൽ നിന്നും 135.8 അടിയായി ഉയർന്നിട്ടുണ്ട്. ഡാമിന്റെ പരമാവധി ജലനിരപ്പായ 136 അടി എത്തിയാൽ ഡാമിലെ വെള്ളം സ്പിൽവേ വഴി ഇടുക്കി ഡാമിലേക്ക് ഒഴുകി തുടങ്ങും. ലോകത്ത് അഗ്നിപർവ്വത പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ അധിവസിക്കുന്നുണ്ട്. അഗ്നിപർവ്വതം അപകടാവസ്ഥയിൽ പുകഞ്ഞു തുടങ്ങിയാൽ ഇടൻ തന്നെ പ്രദേശ വാസികൾ അവിടം വിട്ടുപോകും. അല്ലങ്കിൽ ഭരണകൂടം ബലമായി അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മറ്റും. എന്നാൽ മുല്ലപ്പെരിയാറിന്റെ അടിയിൽ താമസിക്കുന്ന ഒരാൾ പോലും ഒഴിഞ്ഞുപോകുകയോ ആരയും ഒഴുപ്പിക്കുകയോ ചെയ്തിട്ടില്ല എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. തമിഴ്നാട് വാദിക്കുമ്പോലെ അണക്കെട്ടിന് യാതൊരു ബലഹീനതയും സംഭവിച്ചിട്ടില്ല എന്ന കേരളീയരുടെ ആത്മവിശ്വാസം തന്നെ അല്ലേ ഇതിന്റെ കാരണം. അല്ലങ്കിൽ ഇപ്പോൾ പൊട്ടും എന്നു വിളിച്ചു പറഞ്ഞ് തമിഴ് മക്കളെ തെറിപറയുമ്പോഴും പൊട്ടില്ല എന്ന മലയാലിയുടെ ആത്മവിശ്വാസം. ഇത്രയും എഴുതികഴിഞ്ഞപ്പോഴേക്കും അണക്കെട്ടിലെ വെള്ളം അടിക്കടി ഉയർന്ന് 136 അടിയിലെത്തി സ്പിൽവേയിലൂടെ ഇടുക്കിയിലേക്ക് നീരൊഴുക്കു തുടങ്ങി.

ശീതീകരിച്ച മുറികളിലിരുന്ന് ഫെയ്സ് ബുക്ക് ട്വിറ്റർ തുടങ്ങിയ വിവര സാങ്കേതികവിദ്യയുടെ ചുവരുകളിൽ സേവ് മുല്ലപെരിയാർ എന്ന് മലയാളി എഴുതി കളിക്കുമ്പോൾ ആർക്കാണ് മുല്ലപെരിയാർ സംരക്ഷിക്കണമന്ന് ആത്മാർത്ഥമായ ആഗ്രഹമുള്ളത്. അത് തമിഴ്നാട്ടുകാർക്കുമാത്രമാണ്. അത് സംരക്ഷിക്കപ്പെട്ടില്ലങ്കിൽ പട്ടിണിയിലാവുന്നത് വൈഗാ നദിയിലൂടെ വെള്ളം ഒഴിക്കി കൊണ്ടുപോയി ജലസേചനം നടത്തുന്ന മധുര തേനി കമ്പം തുടങ്ങിയ ജില്ലകളിലെ കർഷകരും അവരുടെ നിലങ്ങളിൽ വിളയുന്ന കാർഷിക വിളകൾകൊണ്ട് മ്യഷ്ടാന്ന ഭോജനം നടത്തുന്ന കേരള മക്കളുമാണ്. മുല്ലപെരിയാർ പൊട്ടരുതന്ന് ആത്മാർത്ഥമായ് ആഗ്രഹിക്കുന്നത് തീർച്ചയായും തമിഴ് നാട്ടുകാർതന്നയാണ്. ഒരു ഭൂകമ്പമോ പേമാരിയോ അണക്കെട്ടിന്റെ അടിത്തറ ഇളക്കിയാൽ, തരുശുനിലമായ് പൊയ്പോയേക്കാവുന്ന വിളനിലങ്ങൾ അതിനെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷോപലക്ഷം ജനങ്ങൾ, ഇതൊക്കെ പുതിയൊരു അണക്കെട്ടു നിർമ്മിക്കുന്നതിനേക്കാൾ ബാധ്യത തഴ്നാടിന് ഉണ്ടാക്കും. 142 അടി വെള്ളം വേണമെന്നു പറഞ്ഞു കോടതികയറിയ തമിഴ്നാട് എന്നും 134 അടിയില്‍ കൂടുതല്‍ ജലം ഉയരാന്‍ അവസരം കൊടുക്കാത്തതിന്റെ കാരണം നമ്മൾ ഇവിടെ കൂട്ടിവായിക്കേണ്ടിയിരിക്കുന്നു.

എല്ലാവരും പുതിയ ഡാം പണിയുന്നതിനെ കുറിച്ചു സംസാരിക്കുകയും ബഹളം വക്കുകയും ചെയ്യുമ്പോൾ നമ്മൾ മന:പ്പൂർവ്വം തമസ്കരിക്കുന്ന ഒരു പ്രധാന കാര്യമുണ്ട്. പുതിയ ഒരു ഡാം പണിയാൻ കുറഞ്ഞത് അഞ്ചു വർഷങ്ങളെങ്കിലുമെടുക്കും. ഇത്ര ദുർ:ബലമന്ന് മുറവിളികൂട്ടുന്ന ഡാം പുതിയ അണകെട്ട് പണിയും വരെ സുരക്ഷിതമായ് പൊട്ടാതെ നിൽക്കും എന്നാണോ അതുകൊണ്ട് അർത്ഥമാക്കുന്നത്? അതായത് മുല്ലപ്പെരിയാറിനെ കുറിച്ച് വികാരാധീനതയോട് സംസാരിക്കുന്നവർക്കും പ്രംസംഗിക്കുന്നവർക്കും മെഴുകുതിരി കത്തിക്കാൻ ഒത്തുകൂടുന്നവർക്കുപോലും ഡാം അടുത്തകാലത്തെങ്ങാനും പൊട്ടുമോ എന്നതിനെപറ്റി പൂർണ്ണ ബോധ്യമില്ലന്നതല്ലേ സത്യം. അതുതന്നെയല്ലേ തമിഴ്നാട് കേരളത്തിനോട് ചോദിക്കുന്നതും? ജീവനില്‍ കൊതിയുള്ള ആരും പൊട്ടുമെന്നുറപ്പുള്ള ഡാമിനു താഴെ താമസിക്കില്ലന്നിരിക്കെ എന്തുകൊണ്ട് അവരെ മാറ്റിപർക്കിക്കാൻ സർക്കാർ തയ്യാറവുന്നില്ല. ഡാം പണിയുനതിനുമുന്നേ അതിനുള്ള അനുമതി വാങ്ങുന്നതിനുമുന്നേ അപകട മേഖലയിൽ താമസിക്കുന്ന ജനങ്ങളെ പുനരധി:വസിപ്പിക്കാനുള്ള സഹായമല്ലേ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടത്?
.

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories2 comments: to “ മുല്ലപ്പെരിയാർ പൊട്ടുമന്ന് കേരളത്തിനങ്കിലും ഉറപ്പുണ്ടോ?

 • ദീപക് രാജ്|Deepak Raj
  Thursday, December 01, 2011 7:10:00 PM  

  കൊച്ചു കള്ളന്‍ .... അടി അടി ..

 • മാണിക്യം
  Monday, December 05, 2011 5:24:00 AM  

  "ജീവനില്‍ കൊതിയുള്ള ആരും പൊട്ടുമെന്നുറപ്പുള്ള ഡാമിനു താഴെ താമസിക്കില്ലന്നിരിക്കെ എന്തുകൊണ്ട് അവരെ മാറ്റിപർക്കിക്കാൻ സർക്കാർ തയ്യാറവുന്നില്ല. ഡാം പണിയുനതിനുമുന്നേ അതിനുള്ള അനുമതി വാങ്ങുന്നതിനുമുന്നേ അപകട മേഖലയിൽ താമസിക്കുന്ന ജനങ്ങളെ പുനരധി:വസിപ്പിക്കാനുള്ള സഹായമല്ലേ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടത്?.."

  എന്റമ്മേ!! .. അതൊരു ചോദ്യം തന്നെ.
  നേരല്ലേ?
  മുല്ലപ്പെരിയാർ പൊട്ടല്ലേന്ന് പ്രാര്‍ത്ഥിക്കുന്നു...