Search this blog


Home About Me Contact
2011-10-06

Oh..My God, the man passed away?  

ഒരു യുഗപുരുഷന്റെ അന്ത്യം-സ്റ്റീവ് ജോബ്സ് ഇനി ഓർമ്മകൾ മാത്രം

ജീവിച്ചിരിക്കുന്ന അപൂർവ്വം ചിലരെ വിശേഷിപ്പിക്കുവാൻ നമുക്ക് ഭാഷ ഇന്നും ഒരു വലിയ കടമ്പയാണ്. ഭാവനാ സ്യഷ്ടിയിൽ നിന്നും ജനിപ്പിച്ചെടുക്കുന്ന അതിഭാവുകത്വം നിറഞ്ഞ വാക്കുകൾ അപര്യാപ്തമായ് വരുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു ഒരു നിമിഷത്തിലേക്കാണ് സ്റ്റീവ് ജോബ്‌സിന്റെ മരണം എന്നെ തള്ളിയിട്ടിരിക്കുന്നത്. ലോകത്ത് വിവര സാങ്കേതിക വിദ്യയിൽ ഒരു വിപ്ലവം സ്യഷ്ടിച്ചുകൊണ്ട് കടന്നു വന്ന ആപ്പിൾ എന്ന മൾട്ടിനാഷണൽ കമ്പനിയുടെ സ്ഥാപകനും മുന്‍ സി.ഇ.ഒ.യുമായ സ്റ്റീവ് ജോബ്‌സ് (56)കാലിഫോര്‍ണിയയിലെ പാലൊ ആള്‍ട്ടോയിൽ അന്തരിച്ചു. സ്റ്റീവിന്റെ രോഗവിവരം ലോകം അറിഞ്ഞുതുടങ്ങിയത് 2011-ൽ ആയിരുന്നങ്കിലും 2003 മുതൽ കാൻസറിന് ചികിൽസയിലായിരുന്നു അദ്ദേഹം. പാന്‍ക്രിയാസിന് ബാധിച്ച അപൂർവ്വ കാന്‍സറിനെ അൽഭുതപൂർവ്വമായ ധൈര്യംകൊണ്ട് മറികടന്നങ്കിലും നീണ്ടനാളത്തെ ചികിൽസ പിടികൂടിയ അനാരോഗ്യമായിരുന്നു അദ്ദേഹത്തിന്റെ മരണ കാരണം. ഏതാനും വര്‍ഷമായി രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണം ശാസ്ത്രസമൂഹം പ്രതീക്ഷിച്ചിരുന്നതു തന്നയാണ്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നുള്ള ആനാരോഗ്യം കാരണം ഈ വര്‍ഷം ആഗസ്ത് 24-ന് അദ്ദേഹം ആപ്പിളിന്റെ സി.ഇ.ഒ. സ്ഥാനം ഒഴിഞ്ഞിരുന്നു. എങ്കിലും കമ്പനിയുടെ ചെയര്‍മാന്‍ ഇപ്പോഴും സ്റ്റീവ് ജോബ്‌സ് തന്നെയാണ്.

1970-ൽ തന്റെ ഇരുപതാം വയസ്സിൽ, സ്റ്റീവ് വോസ്‌നിയാക്കി, മൈക്ക് മര്‍ക്കുല എന്നിവര്‍ക്കൊപ്പം മാതാപിതാക്കളുടെ ഗാരേജില്‍ സ്റ്റീവ് ജോബ്‌സ് തുടക്കം കുറിച്ച ആപ്പിൾ, പെഴ്‌സണല്‍ കമ്പ്യൂട്ടര്‍, മാക്ക്, ഐ പാഡ്, ഐ ഫോണ്‍, ഐ പോഡ് തുടങ്ങിയ ലോകത്തിന് സമ്മാനിച്ചു. കമ്പനിയുടെ സ്ഥപകരിലൊരാളായിട്ടും, അധികാര വടംവലിയെ തുടർന്ന് 1985-ല്‍ സ്റ്റീവ് പുറത്തായി. പിന്നീട് 1997-ല്‍ കമ്പനിയുടെ മേധാവിയായി തിരിച്ചെത്തിയ അദ്ദേഹം വിപ്ലവകരമായ മാറ്റങ്ങളിലൂടെ ആപ്പിളിനെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാക്കി മാറ്റി. ആപ്പിളില്‍ നിന്ന് പുറത്തായ കാലത്ത് കമ്പ്യൂട്ടര്‍ പ്ലാറ്റ്‌ഫോമായ നെക്‌സ്റ്റും ആനിമേഷന്‍ കമ്പനിയായ പിക്‌സറും അദ്ദേഹം ആരംഭിച്ചു. 1996ല്‍ നെക്‌സ്റ്റിനെ ആപ്പിള്‍ സ്വന്തമാക്കിയതോടെയാണ് ജോബ്‌സ് വീണ്ടും തന്റെ മാതൃകമ്പനിയില്‍ തിരിച്ചെത്തിയത്. നെക്‌സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമായതെന്നും ആപ്പിള്‍ അന്ന് തന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഐ ഫോണും ഐ പാഡും ഒന്നും സംഭവിക്കില്ലായിരുന്നുവന്നും സ്റ്റീവ് ഒരിക്കൽ പറഞ്ഞിരുന്നു.


അവിവാഹിതരായ രണ്ട് സര്‍വകലാശാലാ വിദ്യാര്‍ഥികളായ അബദുള്‍ഫത്ത ജോ ജന്‍ഡാലിയുടെയും ജോവാനി ഷീബിളിന്റെയും മകനായി 1955 ഫിബ്രവരി 24ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ജനിച്ച സ്റ്റീവ് ജോബ്‌സനെ, പോള്‍-ക്ലാര ജോബ്‌സ് ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. ആ ദത്തെടുക്കല്‍ നടന്ന് മാസങ്ങള്‍ക്ക് ശേഷം സ്റ്റീവിന്റെ യഥാര്‍ഥ മാതാപിതാക്കള്‍ വിവാഹിതരാവുകയും അവര്‍ക്ക് മോന എന്ന് ഒരു മകള്‍ ജനിക്കുകയും ചെയ്തു.എന്നാൽ അവള്‍ യൗവ്വനത്തിലെത്തും വരെ സ്റ്റീവ് തന്റെ സഹോദരനാണെന്ന് അറിഞ്ഞിരുന്നില്ല. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പോർട്‌ലണ്ടിലെ റീഡ് കോളജിൽ ബിരുദത്തിനായി ചേർന്നങ്കിലും ആദ്യ സെമസ്റ്ററിൽ തന്നെ കോളജിൽ നിന്നും പുറത്തായി. ഉറങ്ങാന്‍ സ്ഥലമില്ലാതിരുന്നതുകൊണ്ട് കൂട്ടുകാരുടെ മുറിയില്‍ അന്തിയുറങ്ങുകയും നിത്യവൃത്തിക്കായി കൊക്കക്കോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ചും ഹരേകൃഷ്ണ ക്ഷേത്രത്തിലെ സൗജന്യ ഭക്ഷണം കഴിച്ചും കടന്നുപോയ സ്റ്റീവ് ജോബ്‌സ് റീഡിൽ പാർട്ട് ടൈം കാലിഗ്രാഫി ക്ലാസിൽ ചേർന്നു. അന്ന് കോളജിൽ നിന്നും പുറത്താക്കിയില്ലായിരുന്നങ്കിൽ മാകിന്റോഷിൽ മൾട്ടിപ്പിൾ ടൈപ്പ് ഫേസുകളോ ക്യത്യതയുള്ള ഫോണ്ടുകളോ ഉണ്ടാകുമായിരുന്നില്ല എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.


മരിക്കുമ്പോള്‍ 8300 ദശക്ഷം ഡോളർ ആസ്തിയുണ്ടായിരുന്ന സ്റ്റീവ് ലോകത്തിൽ ഏറ്റവും കുറവ് ശമ്പളം പറ്റുന്ന സി.എ.ഒ ആയിരുന്നു. വർഷം ഒരു ഡോളർ ആയിരുന്നു അദ്ദേഹത്തിന്റെ ശമ്പളം. കമ്പനിയുടെ വളർച്ചക്കായി പ്രഗൽഭരായ പലേരേയും സ്റ്റീവ് സി.എ.ഒ മാരായി നിയമിച്ചു. ഒരുകാലത്ത് വഴിയോരത്തുനിന്നും കോളയുടെ കുപ്പി പെറുക്കി വിറ്റ് ഭക്ഷണം കഴിച്ചിരുന്ന സ്റ്റീവ് 1983-ൽ പെപ്സി കോളയിലെ ജോൺ സ്കള്ളിയെ സി.ഇ.ഒ ആയി ക്ഷണിക്കുമ്പോൾ ചോദിച്ചത് 'നിങ്ങൾ വെള്ളവും പഞ്ചസാരയും വിൽക്കാൻ ആഗ്രഹിക്കുന്നുവോ അതോ എന്റെ കൂടെ ചേർന്ന് ലോകം മാറ്റി മറിക്കുന്നുവോ' എന്നായിരുന്നു.

ആപ്പിള്‍ കമ്പനി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന 1997-ലാണ് സ്റ്റീവ് വീണ്ടും ആപ്പിൾ കമ്പനിയുടെ പടികയറുന്നത്. ആപ്പിളിൽ തിരിച്ചെത്തിയ ശേഷം തന്റെ ഓരോ ഭാവനകളെയും ഒന്നൊന്നായി യാഥാർത്ഥ്യമാക്കികൊണ്ട് സ്റ്റീവ് ലോകത്തെ മുഴുവൻ മറ്റിമറിക്കുന്ന കാഴ്ചയാണ് കണ്ടത്. സമാനതകളില്ലാതെ സ്റ്റീവ് സൃഷ്ടിച്ച സുവർണ്ണ ചകോരങ്ങൾ മാക് ബുക്കുകളുടെയും ഐപാഡിന്റെയും രൂപത്തില്‍ നമ്മുടെ മേശപ്പുറങ്ങളിലും, ഐപാഡിന്റെയും ഐഫോണിന്റെയും രൂപത്തില്‍ നമ്മുടെ കീശകളിലും, ഐട്യൂണ്‍ സ്‌റ്റോറിന്റെയും ആപ്പിള്‍ ആപ് സ്റ്റോറിന്റെയും രൂപത്തില്‍ ഇന്റർ നെറ്റിലുമ് ചരിത്രം രച്ചിച്ചു. 2011 ആഗസ്ത് 25-ന് സ്റ്റീവ് ആപ്പിളിന്റെ സി.ഇ.ഒ പദം ഒഴിഞ്ഞപ്പോള്‍ അത് വിവര സാങ്കേതികവിദ്യയിൽ മനുഷ്യൻ കുതിച്ചുചാട്ടം നടത്തിയ ഒരു യുഗത്തിന്റെ അവസാനമായി. ഇന്നലെ ഒരു പുതിയ ഐഫോൺ ലോകത്തിന് സമ്മാനിച്ചുകൊണ്ട് അദ്ദേഹം യാത്രയായിരിക്കുന്നു. തന്റെ അവസാന ഉത്പന്നവും പുതുതലമുറയിലെത്തിച്ച് ഒരു ദിവസത്തിനു ശേഷമാണ് സ്റ്റീവിന്റെ വിടവാങ്ങൾ എന്നത് ഒരു നിയോഗം തന്നെയായിരിക്കാം. ഒരു ശാസ്ത്രക്ഞ്ജൻ എങ്ങനെയായിരിക്കണമോ അതായിരുന്നു സ്റ്റീവ്. വിപ്ലവകരമായ കണ്ടുപിടുത്തങ്ങളിലൂടെ വരും തലമുറകള്‍ക്ക് ഓര്‍ക്കാന്‍ അസാധാരണമായ ഒരു ജീവിതാധ്യായം അവശേഷിപ്പിച്ചുകൊണ്ട് കടന്നുപോയ സ്റ്റീവ് ജോബ്സ്, ലോകത്തെ തന്നെ മാറ്റിമറിച്ച കണ്ടുപിടിത്തലുകളിലൂടെ നോബൽ സമ്മാനം നേടിയ അനേകം ശാസ്ത്രകഞ്ജന്മാരേക്കാൾ എന്നും ഒരുപടി മുന്നിൽതന്നയാണ് എന്നതിന് ഒരു തർക്കത്തിന്റെ ആവശ്യമില്ല.

അതുല്യ പ്രതിഭയായ സ്റ്റീവ് ജോബ്സിന് ആദരാജ്ഞലികൾ...
.

2010-01-29

മരണം മണക്കുന്ന വഴികളിലൂടെ  

കാലം എന്നെ നോക്കി വല്ലാതെ പരിഹസിക്കുന്നു. വര്‍ഷങ്ങള്‍കൊണ്ട് പര്‍ജന്യ പ്രവാഹമായി കണ്ണില്‍ നിന്നും ഊര്‍ന്നു വീഴുന്ന കണ്ണീരിലെ ഉപ്പിന്റെ കഥ. മാനം കാണാതെ കാത്തുവച്ച ഒരു മയില്‍‌പീലി തുണ്ട്, ഈറകുഴലില്‍ ഒളിപ്പിച്ചു നല്‍കിയ കാലം മുതല്‍ കൊണ്ടുനടന്ന ഒരു മഴ. മാറോട് ചേര്‍ത്തു നിര്‍ത്തി മുത്തം നല്‍കിയപ്പോള്‍ മൂര്‍ദ്ധാവിലേക്കൂര്‍ന്നു വീണ കണ്ണുനീര്‍ത്തുള്ളികളില്‍ ഇരുണ്ടുകൂടിയ വര്‍ഷ മേഘങ്ങള്‍ . ഇനി അത് മനസ്സില്‍ നിന്നും പൈയ്തൊഴിയട്ടെ. ആ മഴയുടെ പതനം താങ്ങാനാവാതെ ഒരു ആത്മാവ് വിദൂരതയിലിരുന്നു കേഴുന്നുണ്ടാവാം. അതുകേള്‍ക്കാനുള്ള ശക്തിയില്ലാത്തതിനാല്‍ ഞാന്‍ എന്റെ ചെവികള്‍ കൊട്ടിയടക്കുകയാണ്. ഇനി ഞാന്‍ പറഞ്ഞു തുടങ്ങാം.

ഞാന്‍ ഇന്നൊരു തിരിച്ചുപോക്കിന്റെ പാതയിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്ഞാതമായ ഒരു സൗന്ദര്യപിണക്കത്തിന്റെ നിഴലില്‍ നഷ്ടപ്പെടുത്തിയ എന്റെ സ്നേഹത്തിലേക്കുള്ള ഒരു മടങ്ങിപോക്ക്. ഒരു ഫോണ്‍കോളില്‍ അല്ലങ്കില്‍ ഒരു ഒരു വരി കൈപ്പടയില്‍ തീരാവുന്ന പിണക്കം ആരോടൊക്കയോ, എന്തിനോടക്കയോ ഉള്ള വാശിയില്‍ ഇക്കാലമത്രയും നഷ്ടപ്പെടുത്തി. വേനല്‍മഴ പൈയ്തൊഴിയുമ്പോലെ നിന്റെ സ്നേഹം എനിക്കു നഷ്ടപ്പെടുന്നതായ് തോന്നുന്നുവന്ന് ഒന്നോര്‍മ്മപ്പെടുത്താന്‍ മനസ്സുകാണിച്ച വൈമനസ്യം കവര്‍ന്നെടുത്തത് നീണ്ട വര്‍ഷങ്ങളിലെ നിന്റെ ഊഷ്മളമായ സ്നേഹമായിരുന്നു. ആരോടക്കയോ ഉള്ള വാശിയില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അപരിചതത്വത്തില്‍ സ്നേഹം തേടിയപ്പോള്‍ അബോധമനസ്സില്‍ നിന്നോടുള്ള പകയായിരുന്നുവന്ന് തിരിച്ചറിയാന്‍ വൈകി. ഇരുളുകയും തെളിയുകയും ചെയ്യുന്ന ചാറ്റ് വിന്‍ഡോയില്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലം തൂങ്ങികിടന്ന് യാചിച്ചപ്പോള്‍ കിട്ടിയ സ്നേഹത്തിന് നിന്റെ വെറുപ്പിലടങ്ങിയ ഉപ്പിന്റെ രുചിപോലുമില്ലന്നറിഞ്ഞപ്പോഴാണ്‍‍, നിന്റെ സ്നേഹത്തിന്റെ മധുരം ഞാന്‍ അറിഞ്ഞത്.

സ്വര്‍ത്ഥതയുടെ ബലികല്ലുകളില്‍ തലയറഞ്ഞ് ഞാന്‍ ഒടുങ്ങുമ്പോഴും, രാവുകളോളം എന്നെ കരയിപ്പിക്കാന്‍ ‍, എന്റെ ലൈംഗിക ത്യഷ്ണയില്‍ പോലും വിള്ളല്‍ വീഴ്തുവാന്‍ കഴിഞ്ഞ ചാറ്റ് വിഡോയിലെ വെറും വാക്കുകള്‍ക്ക് ഒരു ഓട്ടകാലണയുടെ വിലപോലും കണ്ടത്താന്‍ കഴിയാതെ പോയപ്പോള്‍ ഞാന്‍ നഷ്ടപ്പെടുത്തിയ നീണ്ട വര്‍ഷങ്ങള്‍ എനിക്ക് എത്ര വിലപ്പെട്ടതായിരുന്നുവന്ന് ഞാനറിയുന്നു.

രാവുറങ്ങുന്ന നേരങ്ങളില്‍ ‍, ഇരുട്ടുകനത്ത മനസ്സില്‍ കട്ടപിടിച്ച ചിന്തകളെ അടര്‍ത്തിമാറ്റി ഞാന്‍ ഇനി എന്റെ യാത്ര തുടങ്ങുകയാണ്. മരണം മണക്കുന്ന വഴികളിലൂടെ ദു:ഖങ്ങളുടെ ഭാണ്ഡവും പേറി മരണത്തെ പ്രണയിച്ച്, എന്നിലെ എന്നെ കണ്ടെത്താനുള്ള അനിവാര്യമായ യാത്ര.
.

2009-08-15

സ്വാതന്ത്യ ദിനം-ഒരു ഓര്‍മ്മപെടുത്തല്‍  

സ്വാതന്ത്യലബ്‌ദിയുടെ മധുര സ്മരണകളുമായി വീണ്ടുമൊരു ആഗസ്റ്റ് 15. ബ്രിട്ടീഷുകാരുടെ ബൂട്ട്സിനടിയില്‍ ഞെരിഞ്ഞമര്‍ന്ന ഇന്ത്യയുടെ ആത്മാഭിമാനം ആയിരകണക്കിന് ധീരദേശാഭിമാനികളുടെ ജീവന്‍ ബലിയര്‍പ്പിച്ച്, അറുപത്തിയേഴാണ്ട് മുന്‍‌പ്, കഴിഞ്ഞ തലമുറ നമുക്ക് നേടിതന്ന സ്വാതന്ത്യം. രാജ്യത്തിനായി സ്വന്തമായതെല്ലാം ത്യജിച്ച് ഒടുവില്‍ ജീവന്‍പോലും ഭാരതാംബയ്ക്കായി കാഴ്ചവെച്ച ഒരുപാടു പേരുടെ രക്തംവീണ മണ്ണില്‍ വീണ്ടുമൊരു സ്വാതന്ത്ര്യദിനം കടന്നെത്തുമ്പോള്‍, എല്ലാ വര്‍ഷങ്ങളിലുമെന്നതുപോലെ ഈ വര്‍ഷവും സ്വാതന്ത്യദിനം കൊണ്ടാടുകയാണ് ഒരോ ഭാരതീയനും. ഫോര്‍‌വേഡായികിട്ടിയ സ്വതന്ത്യ സമരത്തിന്റെയോ, നേതാക്കളുടേയോ ചിത്രത്തോടൊപ്പം കിട്ടിയ ആശംസ സന്ദേശങ്ങള്‍ ഫോര്‍‌വേഡ് ചെയ്ത്. ജിടോക്കിലൂടെ കോപ്പി പേസ്റ്റ് ചെയ്ത് എന്തങ്കിലും ഒരു സന്ദേശമയച്ച്. ചാറ്റ് വിഡോയിലേയും ഒര്‍ക്കട്ട് പ്രൊഫൈലിലേയും സ്വന്തം ചിത്രങ്ങള്‍ മാറ്റി ത്രിവര്‍ണ്ണ പതാകയുടെ ചിത്രം സ്ഥാപിച്ച്. ഇതൊക്കയാണ് നമ്മുടെ സ്വാതന്ത്യ ദിനാഘോഷങ്ങള്‍. നമ്മുടെ ദേശസ്നേഹം. ക്യത്യമായും വര്‍ഷത്തില്‍ രണ്ടുതവണ നമ്മുടെ ഞരമ്പുകളില്‍ ദേശസ്നേഹം ആളികത്തും. ആഗസ്റ്റ് 15, ജനുവരി 26. അത് വര്‍ഷാ വര്‍ഷം താനെ അങ്ങ് സംഭവിക്കും. സ്വാതന്ത്യമെന്നാല്‍ ഇന്ന് എല്ലാവര്‍ക്കും തോന്നിയതുപോലെ എന്തും ചെയ്യാനുള്ള സ്വാതന്ത്യമാണ്. തുരുതുരാ വണ്ടികള്‍ പോകുന്ന റോഡിന്റെ നടുവിലൂടെ ഗതാഗത തടസമുണ്ടാക്കും വിധം നടക്കാനുള്ള അധികാരം. മുറുക്കി തുപ്പിയും മലമൂത്ര വിസര്‍ജ്ജനം നടത്തിയും റോഡുകളെയും പൊതുസ്ഥലങ്ങളേയും വ്യത്തികേടാക്കാനുള്ള സ്വാതന്ത്യം. ആരങ്കിലും പ്രതികരിച്ചാല്‍ നിന്റെ തന്തയുടെ റോഡാണോ എന്ന് ചോദിക്കാനുള്ള സ്വാതന്ത്യം. ഇന്ന് നമുക്ക് സ്വാതന്ത്യമെന്നാല്‍ ഇതൊക്കയാണ്. എന്തു തോന്നിയവാസവും ചെയ്യാനുള്ള സ്വാതന്ത്യം. ബ്ലോഗേഴ്സിന് സ്വാതന്ത്യമെന്നാല്‍ അല്പം കൂടി കടന്നതാണ്. ആരെകുറിച്ചും, എന്തിന് ബ്രിട്ടിഷ് കാരന്റെ ബൂട്ടുന്റെ ചിട്ടേറ്റും, വെടുയുണ്ടകളാല്‍ നെഞ്ച് തുളച്ചും, ജീവന്‍ ബലിയര്‍പ്പിച്ചും സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിമത്തത്വത്തില്‍ നിന്നും നമുക്ക് സ്വാതന്ത്യം നേടിതന്ന മഹാത്മജിമുതലുള്ള ധീരദേശാഭിമാനികളുടെ പിത്യത്വത്തെ വരെ ചോദ്യം ചെയ്തുകൊണ്ട് എന്തും തന്റെ ബ്ലോഗുകളില്‍ എഴുതി നിറക്കാനുള്ള സ്വാതന്ത്യം.

ഇന്ത്യ എന്റെ രാജ്യമാണ്‌. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്‌. ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു. ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും. ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും...എന്ന് ചൊല്ലിപഠിച്ച നമ്മള്‍ ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഇന്ത്യയിലെ നിരത്തുകളും പൊതുസ്ഥലങ്ങളും എന്റെ സ്വന്തമാണ്. നിരത്തിനു നടുവിലൂടെ ഞാന്‍ നടക്കും, മുറുക്കിത്തുപ്പും, മൂക്കു ചീറ്റും, മൂത്രമൊഴിക്കും. ചപ്പുചവറുകള്‍ വലിച്ചെറുയും. ഞാന്‍ എന്റെ മാതാപിതാക്കളേയും ഗുരുക്കന്മാരയും വായില്‍ തോന്നുന്നതെന്തും പറയും. ഞാന്‍ എന്റെ രാജ്യത്ത് ഇഷ്ടമുള്ളപോലെ ഒക്കെ ചെയ്യും എന്നചിന്താഗതിയിലേക്ക് എങ്ങനെ നമ്മള്‍ എത്തിചേര്‍ന്നു. ഇന്ന് ഇതൊക്കയാണ് നമുക്ക് സ്വാതന്ത്യം. നമുക്ക് നമ്മോട് തന്നെ ലജ്ജിക്കാം.
ഇന്ന് എന്‍റെ പെറ്റ രാജ്യത്തിന്‍റെയും പോറ്റുന്ന രാജ്യത്തിന്‍റെയും ചരിത്രത്തിലെ നാഴികല്ലായ ദിവസമാണ്. ഇന്ത്യയും, തെക്കന്‍ കൊറിയയും സ്വാതന്ത്യദിനം ആഘോഷിക്കുന്ന സുദിനം. എന്നും നമുക്ക് അഘോഷങ്ങളാണ്. വാലന്‍റയിന്‍സ് ഡേ, ഫ്രണ്ട്ഷിപ് ഡേ, ന്യൂ-ഇയര്‍ അങ്ങനെ ഒരുപാട് ഒരുപാട്. എല്ലാം നമ്മള്‍ ആഴ്ചകള്‍ക്കു മുന്‍പേ ആഘോഷിച്ചുതുടങ്ങും, ഫോ‌ര്‍‌വേഡ് മെയിലുകള്‍ അയച്ചും ഒര്‍ക്കട്ടില്‍ സ്ക്രാപ്പുകളും വര്‍ണ്ണമനോഹരങ്ങളായ ആനിമേറ്റഡ് ചിത്രങ്ങള്‍ അയച്ചും. കുറഞ്ഞത് ഒരാഴ്ച മുന്‍പങ്കിലും നമ്മള്‍ മെയിലുകളും സ്ക്രാപ്പുകളും അയച്ചു തുടങ്ങും. എന്നിട്ടും എന്തോ സ്വാതന്ത്ര്യദിനാഘോഷവേ‌ളകളില്‍ ഒറ്റദിവസത്തില്‍ ഒതുങ്ങുകയാണ്.

ബ്ലോഗുകളിലും, എത്രപേര്‍ സ്വാതന്ത്യദിനത്തില്‍, നമ്മള്‍ ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്യം നേടിതരാന്‍ വേണ്ടി ജീവന്‍ ബലികൊടുത്തവര്‍ക്കുവേണ്ടി ഒരു സ്മരണിക എഴുതും എന്നും അറിയില്ല. മഹാത്മാഗാന്ധി, ഭഗത്സിംങ്, നേതാജി സുബാഷ് ചന്ദ്രബോസ്, ഡോ. അംബേക്കര്‍, ബാലഗംഗാധര തിലകന്‍, ഗോപാല ക്യഷ്ണ ഗോഖലെ, ത്ഡാന്‍സി റാണി ലക്ഷ്മി ഭായി തുടങ്ങിയവര്‍ മുതല്‍ സ്വാതന്ത്യസമരത്തില്‍ ജീവന്‍ വെടിഞ്ഞതും അല്ലാത്തതുമായ എല്ലാ ധീരദേശാഭിമാനികള്‍ മുന്‍പില്‍ ഒരു മാത്ര ശിരസ്സു കുനിച്ചു നമസ്കരിച്ചുകൊണ്ട് ഒരിക്കല്‍കൂടി ഒരൊറ്റ ഇന്ത്യയായ് ഒരൊറ്റ ജനതായ് ഒരായിരം കണ്ഠങ്ങളില്‍ നിന്നും നമുക്ക് ഉറക്കെ പാടാം വന്ദേമാതരം......

2009-07-15

മഴ വന്നു വിളിച്ചപ്പോള്‍  

മരണത്തിന്റെ നീലിമയുള്ള ഒരു പെരുമഴക്കാലം. തുള്ളിമുറിയാതെ പെയ്യുന്ന മഴ. പലരുടെ നെഞ്ചിലേക്കും തീവാരി ഇട്ടുകൊണ്ട് ഇടിയുടെ അകമ്പടിയോടെ കൊള്ളിയാന്‍ മിന്നി... ഉരുള്‍ പൊട്ടി...

നീ അതൊന്നും വകവച്ചില്ല. സന്തത സഹചാരിയായ ക്യാമറയും എടുത്ത് പാന്റ്സ് മുകളിലേയ്ക്ക് തെറുത്തുവച്ച് ഒരു കുടയും പിടിച്ച് മഴയിലൂടെ മലകയറി..... നീ മഴയുടെ നെഞ്ചിടിപ്പുകള്‍ തേടി അലഞ്ഞപ്പോള്‍, മലവെള്ളപാച്ചിലിന്റെ ഇരമ്പലിനൊപ്പം കൂടി വന്നത് എന്റെ നെഞ്ചിടിപ്പുകളായിരുന്നു.

എങ്കിലും നീ സ്നേഹിക്കുന്ന പെയ്തുതോരാത്ത മഴയുടെ ചിത്രങ്ങള്‍ കട്ടെടുത്തുകൊണ്ട് നീ വരും എന്ന് ഞാന്‍ പ്രതീക്ഷിച്ചു കാത്തിരുന്നു..

പക്ഷേ നീ പറ്റിച്ചില്ലേ... എന്റെ കണ്ണില്‍ പൈയ്തുതോരാത്ത മഴ സമ്മാനിച്ച്....

നിന്നെ തേടി പോലീസും പട്ടാളവും നിന്നെ സ്നേഹിച്ചവരൊക്കയും ദിവസ്സങ്ങള്‍ നടന്നപ്പോഴും ഞാന്‍ പ്രാര്‍ത്ഥിച്ചു... ഈശ്വരാ... കാത്തോളണേ...

എന്തേ ഈശ്വരന്‍ എന്റെ പ്രാര്‍ത്ഥന കേള്‍ക്കാഞ്ഞേ?

വെണ്ണിയാനി മലയില്‍ കല്ലുരുളുകള്‍ക്കിടയില്‍ ഒരു കാലില്‍ മാത്രം ഷൂസുമായി നിന്റെ വിറങ്ങലിച്ച ശരീരം...കല്ലും വെള്ളവും കുത്തിയൊലിച്ച ആ ഹുങ്കാരത്തില്‍ നീ നിലവിളിച്ചിരുന്നുവോ?

2002 ജൂലായ് 9 ചൊവ്വാഴ്ച നിന്റെ പ്രിയപ്പെട്ട നിക്കോണ്‍ എഫ്. ടു കാമറയില്‍ അവസാനമായി വിരലമര്‍ത്തുമ്പോള്‍, മഴയെ സ്നേഹിച്ച നിന്നിലേക്ക്‌ മരണം ഒരു മഴതുള്ളിപോലെ പൈയ്തിറങ്ങുമന്ന് നീ അറിഞ്ഞിരുന്നുവോ?

മഴയില്ലാത്ത അവസാന ഫ്രയിം ബാക്കി വച്ച്, മഴയുടെ ഒരിക്കലും കണ്ടിട്ടില്ലാത്ത സൗന്ദര്യം കാട്ടിതരുവാന്‍ മഴ എന്നില്‍ നിന്നും നിന്നെ പറിച്ചുകോണ്ടുപോയിട്ട്, എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

എനിക്കറിയാം മഴയുടെ മര്‍മ്മരങ്ങളില്‍ നിന്ന് നനവാര്‍ന്ന ശകലങ്ങള്‍ ഒപ്പിയെടുത്ത് എനിക്ക് സമ്മാനിച്ച നീ‍, മരണം പടിവാതിലില്‍ എത്തിയപ്പോഴും മഴയുടെ മരണതാളം ഒപ്പി എടുക്കുകയായിരുന്നുവന്ന്.

പൈയ്തൊഴിയാത്ത ഒരു പിടി മഴയോര്‍മ്മകള്‍ ബാക്കിയാക്കി നീ മേഘ പാളികള്‍ക്ക് പിന്നില്‍ മാറഞ്ഞിരുന്ന്, പ്രീയപ്പെട്ട നിക്കോണ്‍ ക്യാമറയില്‍ നിന്നും മിന്നലുകളായ് ഫ്ലാഷുകളെറിയുമ്പോള്‍, വീണ്ടും കാര്‍മേഘം ഇരുണ്ടുകൂടി എന്റെ ചങ്കില്‍ ഉരുളുപൊട്ടുന്നു.....കണ്ണില്‍ മഴ പെയ്യുന്നു...

ഇനി നീ എന്നെ ഒളികണ്ണിട്ടു നോക്കല്ലേ.....ആരും കാണതെ ഞാന്‍ ഒന്ന് കരഞ്ഞോട്ടെ......

Its raining ബുക്ക് ഇവിടനിന്നും ഡൗന്‍ലോഡ് ചയ്യാം.