Search this blog


Home About Me Contact
2009-07-15

മഴ വന്നു വിളിച്ചപ്പോള്‍  

മരണത്തിന്റെ നീലിമയുള്ള ഒരു പെരുമഴക്കാലം. തുള്ളിമുറിയാതെ പെയ്യുന്ന മഴ. പലരുടെ നെഞ്ചിലേക്കും തീവാരി ഇട്ടുകൊണ്ട് ഇടിയുടെ അകമ്പടിയോടെ കൊള്ളിയാന്‍ മിന്നി... ഉരുള്‍ പൊട്ടി...

നീ അതൊന്നും വകവച്ചില്ല. സന്തത സഹചാരിയായ ക്യാമറയും എടുത്ത് പാന്റ്സ് മുകളിലേയ്ക്ക് തെറുത്തുവച്ച് ഒരു കുടയും പിടിച്ച് മഴയിലൂടെ മലകയറി..... നീ മഴയുടെ നെഞ്ചിടിപ്പുകള്‍ തേടി അലഞ്ഞപ്പോള്‍, മലവെള്ളപാച്ചിലിന്റെ ഇരമ്പലിനൊപ്പം കൂടി വന്നത് എന്റെ നെഞ്ചിടിപ്പുകളായിരുന്നു.

എങ്കിലും നീ സ്നേഹിക്കുന്ന പെയ്തുതോരാത്ത മഴയുടെ ചിത്രങ്ങള്‍ കട്ടെടുത്തുകൊണ്ട് നീ വരും എന്ന് ഞാന്‍ പ്രതീക്ഷിച്ചു കാത്തിരുന്നു..

പക്ഷേ നീ പറ്റിച്ചില്ലേ... എന്റെ കണ്ണില്‍ പൈയ്തുതോരാത്ത മഴ സമ്മാനിച്ച്....

നിന്നെ തേടി പോലീസും പട്ടാളവും നിന്നെ സ്നേഹിച്ചവരൊക്കയും ദിവസ്സങ്ങള്‍ നടന്നപ്പോഴും ഞാന്‍ പ്രാര്‍ത്ഥിച്ചു... ഈശ്വരാ... കാത്തോളണേ...

എന്തേ ഈശ്വരന്‍ എന്റെ പ്രാര്‍ത്ഥന കേള്‍ക്കാഞ്ഞേ?

വെണ്ണിയാനി മലയില്‍ കല്ലുരുളുകള്‍ക്കിടയില്‍ ഒരു കാലില്‍ മാത്രം ഷൂസുമായി നിന്റെ വിറങ്ങലിച്ച ശരീരം...കല്ലും വെള്ളവും കുത്തിയൊലിച്ച ആ ഹുങ്കാരത്തില്‍ നീ നിലവിളിച്ചിരുന്നുവോ?

2002 ജൂലായ് 9 ചൊവ്വാഴ്ച നിന്റെ പ്രിയപ്പെട്ട നിക്കോണ്‍ എഫ്. ടു കാമറയില്‍ അവസാനമായി വിരലമര്‍ത്തുമ്പോള്‍, മഴയെ സ്നേഹിച്ച നിന്നിലേക്ക്‌ മരണം ഒരു മഴതുള്ളിപോലെ പൈയ്തിറങ്ങുമന്ന് നീ അറിഞ്ഞിരുന്നുവോ?

മഴയില്ലാത്ത അവസാന ഫ്രയിം ബാക്കി വച്ച്, മഴയുടെ ഒരിക്കലും കണ്ടിട്ടില്ലാത്ത സൗന്ദര്യം കാട്ടിതരുവാന്‍ മഴ എന്നില്‍ നിന്നും നിന്നെ പറിച്ചുകോണ്ടുപോയിട്ട്, എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

എനിക്കറിയാം മഴയുടെ മര്‍മ്മരങ്ങളില്‍ നിന്ന് നനവാര്‍ന്ന ശകലങ്ങള്‍ ഒപ്പിയെടുത്ത് എനിക്ക് സമ്മാനിച്ച നീ‍, മരണം പടിവാതിലില്‍ എത്തിയപ്പോഴും മഴയുടെ മരണതാളം ഒപ്പി എടുക്കുകയായിരുന്നുവന്ന്.

പൈയ്തൊഴിയാത്ത ഒരു പിടി മഴയോര്‍മ്മകള്‍ ബാക്കിയാക്കി നീ മേഘ പാളികള്‍ക്ക് പിന്നില്‍ മാറഞ്ഞിരുന്ന്, പ്രീയപ്പെട്ട നിക്കോണ്‍ ക്യാമറയില്‍ നിന്നും മിന്നലുകളായ് ഫ്ലാഷുകളെറിയുമ്പോള്‍, വീണ്ടും കാര്‍മേഘം ഇരുണ്ടുകൂടി എന്റെ ചങ്കില്‍ ഉരുളുപൊട്ടുന്നു.....കണ്ണില്‍ മഴ പെയ്യുന്നു...

ഇനി നീ എന്നെ ഒളികണ്ണിട്ടു നോക്കല്ലേ.....ആരും കാണതെ ഞാന്‍ ഒന്ന് കരഞ്ഞോട്ടെ......

Its raining ബുക്ക് ഇവിടനിന്നും ഡൗന്‍ലോഡ് ചയ്യാം.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



3 comments: to “ മഴ വന്നു വിളിച്ചപ്പോള്‍