Search this blog


Home About Me Contact
2009-07-17

ഇനി മലയാളിക്ക് കര്‍ക്കിടക കഞ്ഞിയുടെ നാളുകള്‍  

പൈയ്തു തോരാത്ത മഴയില്‍ ഇന്ന് കര്‍ക്കിടക മാസം തുടങ്ങി. ഇനി മലയാളികള്‍ക്ക് പഞ്ഞമാസത്തിന്റെയും, കര്‍ക്കിടക കഞ്ഞിയുടേയും നാളുകള്‍. ദാരിദ്രം വയറിനെ മഥിക്കുന്ന കര്‍ക്കിടക നാളുകളില്‍, അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഈര്‍പ്പത്തിന്റെ സ്വാധീനത്താല്‍ ആരോഗ്യവും പ്രതിരോധ ശേഷിയും ക്ഷയിക്കുമന്നത് പൂര്‍‌വ്വികരുടെ ശാസ്ത്ര നിഗമനം. നമുക്കു ചുറ്റും കാണുന്ന ഔഷധസമ്പുഷ്ടമായ പച്ചമരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഔഷധ കഞ്ഞികൊണ്ട് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ശരീരത്തിനുണ്ടായ പ്രതിലോമകരമായ ക്ഷതങ്ങള്‍ പരിഹരിക്കാമന്നതും പൂര്‍‌വ്വികപ്രമാണം. സം‌വല്‍സരങ്ങളിലൂടെ ആയുര്‍‌വ്വേദാചാര്യന്മാര്‍ നടത്തിയ നിരീക്ഷണത്തിലൂടെയും ആര്‍ജ്ജിച്ച അറിവിലൂടയും പകര്‍ന്നുതന്ന ജ്ഞാനം പിന്തുടര്‍ന്ന ജനത തൊടിയില്‍നിന്നും ഔഷധങ്ങള്‍ പറിച്ചെടുത്ത് കഞ്ഞിയുണ്ടാക്കുകയായിരുന്നു പരമ്പരാഗതമായ് തുടര്‍ന്നു വന്നിരുന്നത്. എന്നാല്‍ അണുകുടുംബങ്ങളുടെ ആവിര്‍ഭാവത്തോടെ ആയുര്‍‌വേദശാലകളില്‍ നിന്നും ഉണക്കി സംസ്കരിച്ച ഔഷധങ്ങള്‍ വാങ്ങി കഞ്ഞിയുണ്ടാക്കി ഉപയോഗിച്ചുപോന്നു. എന്നാല്‍ ഇന്ന് പുരോഗമനത്തിന്റെ ഇങ്ങേ അറ്റത്തെത്തിയപ്പോഴേക്കും കര്‍ക്കിടക കഞ്ഞികൂട്ട് എന്നപേരില്‍ വിപണിയില്‍ ലഭ്യമായ ചേരുവകകളടങ്ങിയ പായ്ക്കറ്റ് ഔഷധ കൂട്ടുകളിലേക്ക് ഒതുങ്ങി. ഏതാണ്ട് മുപ്പത് ആയുര്‍‌വേദ ഔഷധങ്ങളാണ് ഔഷധ കഞ്ഞികൂട്ടിലുള്ളത്.

ഞവര അരിയാണ് കഞ്ഞിക്കായ് ഉപയോഗിക്കുന്നത്. ദശ പുഷ്പങ്ങള്‍ എന്നറിയപ്പെടുന്ന വിഷ്ണു ക്രാന്തി (കൃഷ്ണ ക്രാന്തി), ചെറു കറുക, മുയല്‍ ചെവിയന്‍ (ഒരി ചെവിയന്‍) , തിത്ധതാളി, ചെറുള, നിലപ്പന(നെല്‍പാത) , കയ്യോന്നി (കൈതോന്നി , കയ്യുണ്ണി ), പൂവാംകുറുന്തല്‍, മുക്കുറ്റി, ഉഴിഞ്ഞ എന്നിവയും, കീഴാര്‍നെല്ലി, ചെറുകടലാടി, കക്കും കായ, ഉലുവ, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, അയമോദകം, ചുക്ക്, ആശാളി എന്നീ ഔഷധങ്ങളും തഴുതാമ, കുറുന്തോട്ടി, പൂവാംകുറുന്നില, ചെറൂള, പുത്തരിചുണ്ട എന്നിവയുടെ വേരുകളുമാണ് പ്രധാനമായും ഉപയോഗിക്കുന്ന ഔഷധങ്ങള്‍.

കുത്തിയെടുത്ത പൊടിയരി, ഗോതമ്പ്, പച്ചരി, ചെറുപയറ് തുടങ്ങിയ ധാന്യങ്ങള്‍ ഒറ്റയ്ക്കോ കൂട്ടായോ കഞ്ഞിവച്ച് അതില്‍ ആവശ്യത്തിന് ഔഷധക്കൂട്ട് ചേര്‍ത്ത് ഉപയോഗിക്കുന്ന പതിവ് ഇന്ന് കാണാം. പശുവിന്‍ പാലോ, തേങ്ങാപ്പാലോ ചേര്‍ത്തും ചുവന്നുള്ളി, ജീരകം എന്നിവ നെയ്യില്‍ മൂപ്പിച്ചെടുത്ത് കഞ്ഞിയില്‍ ചേര്‍ത്തും പ്രാദേശികമായ് ഉപയോഗിക്കുന്നു. കുറഞ്ഞത് ഏഴുദിവസമങ്കിലും ഈ കഞ്ഞി കുടിച്ചങ്കില്‍ മാത്രമേ ശരിയായ ഫലം കിട്ടൂ എന്നാണ് ആചാര്യന്മാരുടെ മതം. ഇതിലെ ഔഷധങ്ങള്‍ കൊല്ലത്തിലെ ഓരോ മാസത്തിലും ശരീരത്തിനുണ്ടായ ദോഷങ്ങള്‍ക്കു പരിഹാരമായി ചേര്‍ക്കുന്നു എന്നാണ് സങ്കല്‍പ്പം. ചിങ്ങം - മുക്കുറ്റി, കന്നി - കീഴാര്‍നെല്ലി, തുലാം - ചെറൂള, വൃശ്ചികം - തഴുതാമ, ധനു - മുയല്‍ചെവിയന്‍, മകരം - കുറുന്തോട്ടി, കുംഭം - ചെറുകറുക, മീനം - ചെറുകടലാടി, മേടം - പൂവാംകുറുന്നില, ഇടവം - കക്കും കായ, മിഥുനം - ഉലുവ, കര്‍ക്കടകം - ആശാളി.

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



1 comments: to “ ഇനി മലയാളിക്ക് കര്‍ക്കിടക കഞ്ഞിയുടെ നാളുകള്‍

  • Dr. Prasanth Krishna
    Friday, July 17, 2009 12:30:00 AM  

    പൈയ്തു തോരാത്ത മഴയില്‍ ഇന്ന് കര്‍ക്കിടക മാസം തുടങ്ങി. ഇനി മലയാളികള്‍ക്ക് പഞ്ഞമാസത്തിന്റെയും, കര്‍ക്കിടക കഞ്ഞിയുടേയും നാളുകള്‍.