Search this blog


Home About Me Contact
2009-07-17

ഇതിഹാസത്തില്‍ നിന്നൊരേട്  

വിജനമായ വനത്തിലൂടെ കടന്നുപോകുന്ന മുനിമാരേയും, ആള്‍ക്കാരേയും ഉപദ്രവിച്ച്, അവരുടെ കൈയിലുള്ളതൊക്കെ തട്ടിപ്പറിച്ച്, തന്റെ കുടുംബത്തെ പോറ്റുന്ന ഒരു അസാന്മാര്‍ഗ്ഗിയായ മനുഷ്യനായിരുന്നു രത്നാകരന്‍. ഒരിക്കല്‍ സപ്തര്‍ഷികള്‍ എന്നറിയപ്പെടുന്ന ദ്യുമന്‍, വസുഭ്രുത്യാനന്‍, ഉലബണന്‍, മിത്രന്‍, വരചന്‍, പുരോചിസ്സ്‌, ചിത്രകേതു എന്നിവര്‍ ആ വനത്തിലൂടെ വരുകയും, രത്നാകരന്‍ മഹര്‍ഷി പുംഗുവന്മാരെ ആക്രമിച്ച്, കൈയ്യിലുള്ള കമണ്ഡലുവുള്‍പ്പെടെ പിടിച്ചു പറിക്കയും ചെയ്തു. എന്നാല്‍ കോപിഷ്ഠരാകാത്ത സപ്തര്‍ഷികള്‍ രത്നാകരനോട്, എന്തിനാണ് ഞങ്ങളെപോലെയുള്ള മഹര്‍ഷിമാരെ ഉപദ്രവിച്ച് കൊള്ളയടിക്കുന്നത് എന്നു ചോദിച്ചു. തന്റെ ഭാര്യയേയും മക്കളേയും പുലര്‍ത്താന്‍ വേണ്ടിയാണ് താന്‍ ഇതൊക്കെ ചെയ്യുന്നതന്ന രത്നാകരന്റെ മറുപടി കേട്ടപ്പോള്‍ മഹര്‍ഷിമാര്‍ ശാന്തതയോടെ പറഞ്ഞു.

“എങ്കില്‍ നീ ഞങ്ങള്‍ ചൊല്ലുന്നതു കേള്‍ക്കണം
നിന്‍ കുടുംബത്തോടു ചെന്നു ചോദിക്ക നീ
നിങ്ങളെച്ചൊല്ലി ഞാന്‍ ചെയ്യുന്ന പാപങ്ങള്‍
നിങ്ങള്‍ കൂടെ പകുത്തൊട്ടു വാങ്ങീടുമോ?
എന്നു നീ ചെന്നു ചോദിച്ചു വരുവോളം
നിന്നീടുമത്രൈവ ഞങ്ങള്‍ നിസ്സംശയം.”

[വീട്ടില്‍ ചെന്നിട്ട്, നിന്റെ കുടുംബത്തോട്, അവര്‍ക്കുവേണ്ടി ചെയ്യുന്ന ഈ പാപങ്ങളുടെ ഫലം അവര്‍ കൂടി പകുത്തുവാങ്ങുമൊ എന്ന് ചോദിച്ചുവരിക. അതുവരെ തങ്ങള്‍ ഇവിടെത്തന്നെ നില്‍ക്കാമെന്ന് മുനിമാര്‍ രത്നാകരന് ഉറപ്പുകൊടുത്തു]

ഇഥമാകര്‍ണ്യ ഞാന്‍ വീണ്ടുപോയ് ചെന്നുമല്‍-
പുത്രദാരാദികളോടു ചോദ്യം ചെയ്‌തേന്‍
“ദുഷ്:കര്‍മ്മസഞ്ചയം ചെയ്തു ഞാന്‍ നിങ്ങളെ-
യൊക്കെഭരിച്ചുകൊള്ളുന്നു ദിനം‌പ്രതി.
തല്‍ഫലമൊട്ടു നിങ്ങള്‍ വാങ്ങീടുമോ?
മല്‍പ്പാപമൊക്കെ ഞാന്‍ തന്നെ ഭുജിക്കെന്നോ?

“സത്യം പറയേണ” മെന്നു ഞാന്‍ ചൊന്നതി
നുത്തരമായവരെന്നോടു ചൊല്ലിനാര്‍
"നിത്യവും ചെയ്യുന്ന കര്‍മ്മ ഗുണഫലം
കര്‍ത്താവൊഴിഞ്ഞു മറ്റന്യന്‍ ഭുജിക്കുമോ?
താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
‍താന്താനനുഭവിച്ചീടുകെന്നേ വരൂ."

അങ്ങനെ സപ്തര്‍ഷിമാരുടെ വാക്കു വിശ്വസിച്ച രത്നാകരന്‍, വീട്ടില്‍ പോയി ഭാര്യയോടും മക്കളോടും ചോദിച്ചു. ഞാന്‍ പിടിച്ചുപറിച്ചും, കൊള്ളയടിച്ചും, മറ്റുള്ളവരെ ഉപദ്രവിച്ചും നിങ്ങളെ സം‌രക്ഷിക്കുന്നു. എന്നങ്കിലും ഇതിന്റെയൊക്കെ ഫലം അനുഭവിക്കേണ്ടിവന്നാല്‍ നിങ്ങള്‍ കൂടി അത് പങ്കിട്ടെടുക്കുമോ അതോ ചെയ്തുതുകൂട്ടുന്ന ഈ പാപങ്ങള്‍ക്കൊക്കെയുള്ള ഫലം ഞാന്‍ തന്നെ അനുഭവിക്കേണ്ടി വരുമോ?”

രത്നാകരന്റെ ഈ ചോദ്യം കേട്ട്, ഭാര്യയും മക്കളും ഒരേ സ്വരത്തില്‍ തിരിച്ചു ചോദിച്ചു, ദിവസവും ചെയ്തു കൂട്ടുന്ന കര്‍മ്മങ്ങളുടെ ഗുണഫലം മറ്റാര്‍ക്കങ്കിലും അനുഭവിക്കാന്‍ കഴിയുമോ? അതുകൊണ്ട് അവനവന്‍ ചെയ്യുന്ന മുഴുവന്‍ പ്രവര്‍ത്തികളുടെയും ഫലം, അവനവന്‍ തന്നെ അനുഭവിക്കേണ്ടിവരും.

ഇതുകേട്ട് രത്നാകരന്‍ അതീവ വിഷണ്ണനാവുകയും, താന്‍ ചെയ്തുകൊണ്ടിരുന്നതുമുഴുവന്‍ പാപങ്ങളാണന്ന് തിരിച്ചറിയുകയും, പശ്ചാത്താപ വിവശനായ് സപ്തര്‍ഷിമാരുടെ അടുക്കല്‍ തിരിച്ചെത്തി, വിവരങ്ങള്‍ ധരിപ്പിക്കയും ചെയ്തു. രത്നാകരന്റെ മനം‌മാറ്റത്തില്‍ സന്തുഷ്ടരായ മുനിമാര്‍‍, ഇനിയും നല്ലൊരു മനുഷ്യനായ് സല്‍‌പ്രവര്‍ത്തികള്‍ ചെയ്ത് ശിഷ്ടകാലം ജീവിക്കുവാന്‍ ഉപദേശിച്ചു. അറിവും ജ്ഞാനവുമില്ലതിരുന്ന രത്നാകരന്, സിംഹവ്യാഘ്രഗജാദികളുടെ ഗര്‍ജ്ജനം കൊണ്ടു് മുഖരിതമായ കൊടും വനത്തില്‍ രണ്ടു മരങ്ങള്‍ കാണിച്ചുകൊടുത്തിട്ട് "ആ മരം, ഈ മരം" എന്നു ജപിച്ചുകൊണ്ട് ‍ ആ മരങ്ങളുടെ ഇടയില്‍ ഇരുന്നുകൊള്ളാന്‍ ഉപദേശിച്ച് യാത്ര തുടരുകയും ചെയ്തു. അങ്ങനെ രത്നാകരന്‍ 'ആ മരം, ഈ മരം' എന്ന് ജപിച്ചുകൊണ്ട് അവിടെ ഇരിക്കുകയും കാല‍ഭേദങ്ങളറിയാതെയുള്ള ഉരുവിടലിലൂടെ 'ആ മരം, ഈ മരം' എന്നത് 'രാമ രാമ' എന്നായ്ത്തീരുകയും, രത്നാകരനെ മുഴുവനായ് ചിതല്‍ പുറ്റ് (വാല്‌‍മീകം) മൂടുകയും ചെയ്തു. അവസാനം പുറ്റുപൊളിച്ച്‍, വാല്‌‍മീകി എന്ന ഇതിഹാസ പുരുഷനായ മഹര്‍ഷി പുംഗവനായ് രാമയണം തീര്‍ത്തു. .


ഇതിന്‍ നിന്നും പഠിക്കേണ്ട പാഠം:

നമ്മള്‍ ചെയ്യുന്ന ഏതു പ്രവര്‍ത്തികള്‍ക്കും കൂട്ടുനില്‍ക്കാനും പ്രോല്‍സാഹിപ്പിക്കാനും, അത് കണ്ട് ചിരക്കാനും, നമ്മള്‍ കാണാതെ നമ്മെ പരിഹസിക്കാനും പലരും നമുക്കു ചുറ്റുമുണ്ടാകും. അവര്‍ നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികളിലെ തിന്മയെ പ്രോല്‍സാഹിപ്പിച്ച് കൂടുതല്‍ കൂടുതല്‍ മോശമായ വാക്കുകള്‍ പറയാനും പ്രവര്‍ത്തിക്കാനും നമ്മെ ഉല്‍സാഹകുതുകികളാക്കും. എന്നാല്‍ ഇതുകൊണ്ട് നമുക്കുണ്ടാകുന്ന ദോഷഫലങ്ങള്‍ അനുഭവിക്കാനും, ആ സന്ദര്‍ഭങ്ങളില്‍ നമ്മോടൊപ്പം നില്‍ക്കാനും ഇവരാരും ഉണ്ടാകില്ല. അത് നമ്മള്‍ തിരിച്ചറിയുമ്പോഴേക്കും സമയം ഒരുപാട് വൈകിയിട്ടുണ്ടാകും. നമുക്കുണ്ടാകുന്ന നഷ്ടങ്ങളും അപമാനങ്ങളും നമ്മള്‍ തന്നെ സഹിക്കേണ്ടിവരും. കാലം കഴിയുമ്പോള്‍ നമ്മുടെ അറിവ് കൂടുകയും, പക്വത ഏറുകയും ചെയ്യുമ്പോള്‍, ഇന്നും ഇന്നലെയും നമ്മള്‍ ചെയ്ത പ്രവര്‍ത്തികളും പറഞ്ഞ വാക്കുകളും മോശമായിരുന്നു എന്ന് നമുക്ക് തോന്നാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു കള്ളുകുടിയന്‍ കോപ്രായങ്ങള്‍ കാട്ടി പുലഭ്യം പറഞ്ഞാല്‍, അത് കണ്ട് ചിരിക്കാനും കൈയ്യടിച്ചു പ്രോല്‍സാഹിപ്പിക്കാനും ചുറ്റും കൂടുന്നവര്‍ക്ക് ഒരു രസമാണ്. അത് കാണുമ്പോള്‍ കള്ളുകുടിയന്‍ ഉടു തുണി പറിച്ച് തലയില്‍ കെട്ടുമ്പോള്‍ അവന്‍ അറിയുന്നുണ്ടാവില്ല അവന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അവനെ തന്നെ ഹനിക്കുന്നതാണന്ന്. വല്ലവന്റെയും അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസമാണ് എന്ന് എല്ലാവരും എപ്പോഴും ഓര്‍ക്കുന്നത് നന്നായിരിക്കും.


What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



3 comments: to “ ഇതിഹാസത്തില്‍ നിന്നൊരേട്

  • Dr. Prasanth Krishna
    Friday, July 17, 2009 1:58:00 PM  

    ഒരു കള്ളുകുടിയന്‍ കോപ്രായങ്ങള്‍ കാട്ടി പുലഭ്യം പറഞ്ഞാല്‍, അത് കണ്ട് ചിരിക്കാനും കൈയ്യടിച്ചു പ്രോല്‍സാഹിപ്പിക്കാനും ചുറ്റും കൂടുന്നവര്‍ക്ക് ഒരു രസമാണ്. അത് കാണുമ്പോള്‍ കള്ളുകുടിയന്‍ ഉടു തുണി പറിച്ച് തലയില്‍ കെട്ടുമ്പോള്‍ അവന്‍ അറിയുന്നുണ്ടാവില്ല അവന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അവനെ തന്നെ ഹനിക്കുന്നതാണന്ന്. വല്ലവന്റെയും അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസമാണ് എന്ന് എല്ലാവരും എപ്പോഴും ഓര്‍ക്കുന്നത് നന്നായിരിക്കും.

  • ആവനാഴി
    Friday, July 17, 2009 2:49:00 PM  

    പ്രിയ പ്രശാന്ത് കൃഷ്ണാ,

    വായിച്ചു. വളരെ നന്നായിരിക്കുന്നു. ഇത്തരം ഏടുകൾ ഇനിയും പ്രകാശിപ്പിക്കൂ. ധാർമികമൂല്യങ്ങൾ വായനകാരിലുണർത്താൻ അവ പര്യാപ്തമാകട്ടെ.

    സസ്നേഹം
    ആവനാഴി

  • ആവനാഴി
    Friday, July 17, 2009 2:50:00 PM  

    പ്രിയ പ്രശാന്ത് കൃഷ്ണാ,

    വായിച്ചു. വളരെ നന്നായിരിക്കുന്നു. ഇത്തരം ഏടുകൾ ഇനിയും പ്രകാശിപ്പിക്കൂ. ധാർമികമൂല്യങ്ങൾ വായനക്കാരിലുണർത്താൻ അവ പര്യാപ്തമാകട്ടെ.

    സസ്നേഹം
    ആവനാഴി