2010-01-29
മരണം മണക്കുന്ന വഴികളിലൂടെ
കാലം എന്നെ നോക്കി വല്ലാതെ പരിഹസിക്കുന്നു. വര്‍ഷങ്ങള്‍കൊണ്ട് പര്‍ജന്യ പ്രവാഹമായി കണ്ണില്‍ നിന്നും ഊര്‍ന്നു വീഴുന്ന കണ്ണീരിലെ ഉപ്പിന്റെ കഥ. മാനം കാണാതെ കാത്തുവച്ച ഒരു മയില്‍പീലി തുണ്ട്, ഈറകുഴലില്‍ ഒളിപ്പിച്ചു നല്‍കിയ കാലം മുതല്‍ കൊണ്ടുനടന്ന ഒരു മഴ. മാറോട് ചേര്‍ത്തു നിര്‍ത്തി മുത്തം നല്‍കിയപ്പോള്‍ മൂര്‍ദ്ധാവിലേക്കൂര്‍ന്നു വീണ കണ്ണുനീര്‍ത്തുള്ളികളില്‍ ഇരുണ്ടുകൂടിയ വര്‍ഷ മേഘങ്ങള്‍ . ഇനി അത് മനസ്സില്‍ നിന്നും പൈയ്തൊഴിയട്ടെ. ആ മഴയുടെ പതനം താങ്ങാനാവാതെ ഒരു ആത്മാവ് വിദൂരതയിലിരുന്നു കേഴുന്നുണ്ടാവാം. അതുകേള്‍ക്കാനുള്ള ശക്തിയില്ലാത്തതിനാല്‍ ഞാന്‍ എന്റെ ചെവികള്‍ കൊട്ടിയടക്കുകയാണ്. ഇനി ഞാന്‍ പറഞ്ഞു തുടങ്ങാം.
ഞാന്‍ ഇന്നൊരു തിരിച്ചുപോക്കിന്റെ പാതയിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്ഞാതമായ ഒരു സൗന്ദര്യപിണക്കത്തിന്റെ നിഴലില്‍ നഷ്ടപ്പെടുത്തിയ എന്റെ സ്നേഹത്തിലേക്കുള്ള ഒരു മടങ്ങിപോക്ക്. ഒരു ഫോണ്‍കോളില്‍ അല്ലങ്കില്‍ ഒരു ഒരു വരി കൈപ്പടയില്‍ തീരാവുന്ന പിണക്കം ആരോടൊക്കയോ, എന്തിനോടക്കയോ ഉള്ള വാശിയില്‍ ഇക്കാലമത്രയും നഷ്ടപ്പെടുത്തി. വേനല്‍മഴ പൈയ്തൊഴിയുമ്പോലെ നിന്റെ സ്നേഹം എനിക്കു നഷ്ടപ്പെടുന്നതായ് തോന്നുന്നുവന്ന് ഒന്നോര്‍മ്മപ്പെടുത്താന്‍ മനസ്സുകാണിച്ച വൈമനസ്യം കവര്‍ന്നെടുത്തത് നീണ്ട വര്‍ഷങ്ങളിലെ നിന്റെ ഊഷ്മളമായ സ്നേഹമായിരുന്നു. ആരോടക്കയോ ഉള്ള വാശിയില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അപരിചതത്വത്തില്‍ സ്നേഹം തേടിയപ്പോള്‍ അബോധമനസ്സില്‍ നിന്നോടുള്ള പകയായിരുന്നുവന്ന് തിരിച്ചറിയാന്‍ വൈകി. ഇരുളുകയും തെളിയുകയും ചെയ്യുന്ന ചാറ്റ് വിന്‍ഡോയില്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലം തൂങ്ങികിടന്ന് യാചിച്ചപ്പോള്‍ കിട്ടിയ സ്നേഹത്തിന് നിന്റെ വെറുപ്പിലടങ്ങിയ ഉപ്പിന്റെ രുചിപോലുമില്ലന്നറിഞ്ഞപ്പോഴാണ്‍, നിന്റെ സ്നേഹത്തിന്റെ മധുരം ഞാന്‍ അറിഞ്ഞത്.
സ്വര്‍ത്ഥതയുടെ ബലികല്ലുകളില്‍ തലയറഞ്ഞ് ഞാന്‍ ഒടുങ്ങുമ്പോഴും, രാവുകളോളം എന്നെ കരയിപ്പിക്കാന്‍ , എന്റെ ലൈംഗിക ത്യഷ്ണയില്‍ പോലും വിള്ളല്‍ വീഴ്തുവാന്‍ കഴിഞ്ഞ ചാറ്റ് വിഡോയിലെ വെറും വാക്കുകള്‍ക്ക് ഒരു ഓട്ടകാലണയുടെ വിലപോലും കണ്ടത്താന്‍ കഴിയാതെ പോയപ്പോള്‍ ഞാന്‍ നഷ്ടപ്പെടുത്തിയ നീണ്ട വര്‍ഷങ്ങള്‍ എനിക്ക് എത്ര വിലപ്പെട്ടതായിരുന്നുവന്ന് ഞാനറിയുന്നു.
രാവുറങ്ങുന്ന നേരങ്ങളില്‍ , ഇരുട്ടുകനത്ത മനസ്സില്‍ കട്ടപിടിച്ച ചിന്തകളെ അടര്‍ത്തിമാറ്റി ഞാന്‍ ഇനി എന്റെ യാത്ര തുടങ്ങുകയാണ്. മരണം മണക്കുന്ന വഴികളിലൂടെ ദു:ഖങ്ങളുടെ ഭാണ്ഡവും പേറി മരണത്തെ പ്രണയിച്ച്, എന്നിലെ എന്നെ കണ്ടെത്താനുള്ള അനിവാര്യമായ യാത്ര.
.
Friday, January 29, 2010 2:48:00 PM
മഴയുടെ പതനം താങ്ങാനാവതെ ഒരു ആത്മാവ് വിദൂരതയിലിരുന്നു കേഴുന്നുണ്ടാവാം. അതുകേള്‍ക്കാനുള്ള ശക്തിയില്ലാത്തതിനാല്‍ ഞാന്‍ എന്റെ ചെവികള്‍ കൊട്ടിയടക്കുകയാണ്.
Monday, February 01, 2010 4:50:00 PM
രാവുറങ്ങുന്ന നേരങ്ങളില്‍ , ഇരുട്ടുകനത്ത മനസ്സില്‍ കട്ടപിടിച്ച ചിന്തകളെ അടര്‍ത്തിമാറ്റി ഞാന്‍ ഇനി എന്റെ യാത്ര തുടങ്ങുകയാണ്. മരണം മണക്കുന്ന വഴികളിലൂടെ ദു:ഖങ്ങളുടെ ഭാണ്ഡവും പേറി മരണത്തെ പ്രണയിച്ച്, എന്നിലെ എന്നെ കണ്ടെത്താനുള്ള അനിവാര്യമായ യാത്ര.
Wednesday, February 03, 2010 3:20:00 PM
ദുര്‍ഗ്രഹമായ ഈ എഴുത്ത് എന്തന്നില്ലാതെ വേദനിപ്പിക്കുന്നല്ലോ ക്യഷ്ണാ......