Search this blog


Home About Me Contact
2011-10-06

Oh..My God, the man passed away?  

ഒരു യുഗപുരുഷന്റെ അന്ത്യം-സ്റ്റീവ് ജോബ്സ് ഇനി ഓർമ്മകൾ മാത്രം

ജീവിച്ചിരിക്കുന്ന അപൂർവ്വം ചിലരെ വിശേഷിപ്പിക്കുവാൻ നമുക്ക് ഭാഷ ഇന്നും ഒരു വലിയ കടമ്പയാണ്. ഭാവനാ സ്യഷ്ടിയിൽ നിന്നും ജനിപ്പിച്ചെടുക്കുന്ന അതിഭാവുകത്വം നിറഞ്ഞ വാക്കുകൾ അപര്യാപ്തമായ് വരുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു ഒരു നിമിഷത്തിലേക്കാണ് സ്റ്റീവ് ജോബ്‌സിന്റെ മരണം എന്നെ തള്ളിയിട്ടിരിക്കുന്നത്. ലോകത്ത് വിവര സാങ്കേതിക വിദ്യയിൽ ഒരു വിപ്ലവം സ്യഷ്ടിച്ചുകൊണ്ട് കടന്നു വന്ന ആപ്പിൾ എന്ന മൾട്ടിനാഷണൽ കമ്പനിയുടെ സ്ഥാപകനും മുന്‍ സി.ഇ.ഒ.യുമായ സ്റ്റീവ് ജോബ്‌സ് (56)കാലിഫോര്‍ണിയയിലെ പാലൊ ആള്‍ട്ടോയിൽ അന്തരിച്ചു. സ്റ്റീവിന്റെ രോഗവിവരം ലോകം അറിഞ്ഞുതുടങ്ങിയത് 2011-ൽ ആയിരുന്നങ്കിലും 2003 മുതൽ കാൻസറിന് ചികിൽസയിലായിരുന്നു അദ്ദേഹം. പാന്‍ക്രിയാസിന് ബാധിച്ച അപൂർവ്വ കാന്‍സറിനെ അൽഭുതപൂർവ്വമായ ധൈര്യംകൊണ്ട് മറികടന്നങ്കിലും നീണ്ടനാളത്തെ ചികിൽസ പിടികൂടിയ അനാരോഗ്യമായിരുന്നു അദ്ദേഹത്തിന്റെ മരണ കാരണം. ഏതാനും വര്‍ഷമായി രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണം ശാസ്ത്രസമൂഹം പ്രതീക്ഷിച്ചിരുന്നതു തന്നയാണ്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നുള്ള ആനാരോഗ്യം കാരണം ഈ വര്‍ഷം ആഗസ്ത് 24-ന് അദ്ദേഹം ആപ്പിളിന്റെ സി.ഇ.ഒ. സ്ഥാനം ഒഴിഞ്ഞിരുന്നു. എങ്കിലും കമ്പനിയുടെ ചെയര്‍മാന്‍ ഇപ്പോഴും സ്റ്റീവ് ജോബ്‌സ് തന്നെയാണ്.

1970-ൽ തന്റെ ഇരുപതാം വയസ്സിൽ, സ്റ്റീവ് വോസ്‌നിയാക്കി, മൈക്ക് മര്‍ക്കുല എന്നിവര്‍ക്കൊപ്പം മാതാപിതാക്കളുടെ ഗാരേജില്‍ സ്റ്റീവ് ജോബ്‌സ് തുടക്കം കുറിച്ച ആപ്പിൾ, പെഴ്‌സണല്‍ കമ്പ്യൂട്ടര്‍, മാക്ക്, ഐ പാഡ്, ഐ ഫോണ്‍, ഐ പോഡ് തുടങ്ങിയ ലോകത്തിന് സമ്മാനിച്ചു. കമ്പനിയുടെ സ്ഥപകരിലൊരാളായിട്ടും, അധികാര വടംവലിയെ തുടർന്ന് 1985-ല്‍ സ്റ്റീവ് പുറത്തായി. പിന്നീട് 1997-ല്‍ കമ്പനിയുടെ മേധാവിയായി തിരിച്ചെത്തിയ അദ്ദേഹം വിപ്ലവകരമായ മാറ്റങ്ങളിലൂടെ ആപ്പിളിനെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാക്കി മാറ്റി. ആപ്പിളില്‍ നിന്ന് പുറത്തായ കാലത്ത് കമ്പ്യൂട്ടര്‍ പ്ലാറ്റ്‌ഫോമായ നെക്‌സ്റ്റും ആനിമേഷന്‍ കമ്പനിയായ പിക്‌സറും അദ്ദേഹം ആരംഭിച്ചു. 1996ല്‍ നെക്‌സ്റ്റിനെ ആപ്പിള്‍ സ്വന്തമാക്കിയതോടെയാണ് ജോബ്‌സ് വീണ്ടും തന്റെ മാതൃകമ്പനിയില്‍ തിരിച്ചെത്തിയത്. നെക്‌സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമായതെന്നും ആപ്പിള്‍ അന്ന് തന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഐ ഫോണും ഐ പാഡും ഒന്നും സംഭവിക്കില്ലായിരുന്നുവന്നും സ്റ്റീവ് ഒരിക്കൽ പറഞ്ഞിരുന്നു.


അവിവാഹിതരായ രണ്ട് സര്‍വകലാശാലാ വിദ്യാര്‍ഥികളായ അബദുള്‍ഫത്ത ജോ ജന്‍ഡാലിയുടെയും ജോവാനി ഷീബിളിന്റെയും മകനായി 1955 ഫിബ്രവരി 24ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ജനിച്ച സ്റ്റീവ് ജോബ്‌സനെ, പോള്‍-ക്ലാര ജോബ്‌സ് ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. ആ ദത്തെടുക്കല്‍ നടന്ന് മാസങ്ങള്‍ക്ക് ശേഷം സ്റ്റീവിന്റെ യഥാര്‍ഥ മാതാപിതാക്കള്‍ വിവാഹിതരാവുകയും അവര്‍ക്ക് മോന എന്ന് ഒരു മകള്‍ ജനിക്കുകയും ചെയ്തു.എന്നാൽ അവള്‍ യൗവ്വനത്തിലെത്തും വരെ സ്റ്റീവ് തന്റെ സഹോദരനാണെന്ന് അറിഞ്ഞിരുന്നില്ല. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പോർട്‌ലണ്ടിലെ റീഡ് കോളജിൽ ബിരുദത്തിനായി ചേർന്നങ്കിലും ആദ്യ സെമസ്റ്ററിൽ തന്നെ കോളജിൽ നിന്നും പുറത്തായി. ഉറങ്ങാന്‍ സ്ഥലമില്ലാതിരുന്നതുകൊണ്ട് കൂട്ടുകാരുടെ മുറിയില്‍ അന്തിയുറങ്ങുകയും നിത്യവൃത്തിക്കായി കൊക്കക്കോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ചും ഹരേകൃഷ്ണ ക്ഷേത്രത്തിലെ സൗജന്യ ഭക്ഷണം കഴിച്ചും കടന്നുപോയ സ്റ്റീവ് ജോബ്‌സ് റീഡിൽ പാർട്ട് ടൈം കാലിഗ്രാഫി ക്ലാസിൽ ചേർന്നു. അന്ന് കോളജിൽ നിന്നും പുറത്താക്കിയില്ലായിരുന്നങ്കിൽ മാകിന്റോഷിൽ മൾട്ടിപ്പിൾ ടൈപ്പ് ഫേസുകളോ ക്യത്യതയുള്ള ഫോണ്ടുകളോ ഉണ്ടാകുമായിരുന്നില്ല എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.


മരിക്കുമ്പോള്‍ 8300 ദശക്ഷം ഡോളർ ആസ്തിയുണ്ടായിരുന്ന സ്റ്റീവ് ലോകത്തിൽ ഏറ്റവും കുറവ് ശമ്പളം പറ്റുന്ന സി.എ.ഒ ആയിരുന്നു. വർഷം ഒരു ഡോളർ ആയിരുന്നു അദ്ദേഹത്തിന്റെ ശമ്പളം. കമ്പനിയുടെ വളർച്ചക്കായി പ്രഗൽഭരായ പലേരേയും സ്റ്റീവ് സി.എ.ഒ മാരായി നിയമിച്ചു. ഒരുകാലത്ത് വഴിയോരത്തുനിന്നും കോളയുടെ കുപ്പി പെറുക്കി വിറ്റ് ഭക്ഷണം കഴിച്ചിരുന്ന സ്റ്റീവ് 1983-ൽ പെപ്സി കോളയിലെ ജോൺ സ്കള്ളിയെ സി.ഇ.ഒ ആയി ക്ഷണിക്കുമ്പോൾ ചോദിച്ചത് 'നിങ്ങൾ വെള്ളവും പഞ്ചസാരയും വിൽക്കാൻ ആഗ്രഹിക്കുന്നുവോ അതോ എന്റെ കൂടെ ചേർന്ന് ലോകം മാറ്റി മറിക്കുന്നുവോ' എന്നായിരുന്നു.

ആപ്പിള്‍ കമ്പനി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന 1997-ലാണ് സ്റ്റീവ് വീണ്ടും ആപ്പിൾ കമ്പനിയുടെ പടികയറുന്നത്. ആപ്പിളിൽ തിരിച്ചെത്തിയ ശേഷം തന്റെ ഓരോ ഭാവനകളെയും ഒന്നൊന്നായി യാഥാർത്ഥ്യമാക്കികൊണ്ട് സ്റ്റീവ് ലോകത്തെ മുഴുവൻ മറ്റിമറിക്കുന്ന കാഴ്ചയാണ് കണ്ടത്. സമാനതകളില്ലാതെ സ്റ്റീവ് സൃഷ്ടിച്ച സുവർണ്ണ ചകോരങ്ങൾ മാക് ബുക്കുകളുടെയും ഐപാഡിന്റെയും രൂപത്തില്‍ നമ്മുടെ മേശപ്പുറങ്ങളിലും, ഐപാഡിന്റെയും ഐഫോണിന്റെയും രൂപത്തില്‍ നമ്മുടെ കീശകളിലും, ഐട്യൂണ്‍ സ്‌റ്റോറിന്റെയും ആപ്പിള്‍ ആപ് സ്റ്റോറിന്റെയും രൂപത്തില്‍ ഇന്റർ നെറ്റിലുമ് ചരിത്രം രച്ചിച്ചു. 2011 ആഗസ്ത് 25-ന് സ്റ്റീവ് ആപ്പിളിന്റെ സി.ഇ.ഒ പദം ഒഴിഞ്ഞപ്പോള്‍ അത് വിവര സാങ്കേതികവിദ്യയിൽ മനുഷ്യൻ കുതിച്ചുചാട്ടം നടത്തിയ ഒരു യുഗത്തിന്റെ അവസാനമായി. ഇന്നലെ ഒരു പുതിയ ഐഫോൺ ലോകത്തിന് സമ്മാനിച്ചുകൊണ്ട് അദ്ദേഹം യാത്രയായിരിക്കുന്നു. തന്റെ അവസാന ഉത്പന്നവും പുതുതലമുറയിലെത്തിച്ച് ഒരു ദിവസത്തിനു ശേഷമാണ് സ്റ്റീവിന്റെ വിടവാങ്ങൾ എന്നത് ഒരു നിയോഗം തന്നെയായിരിക്കാം. ഒരു ശാസ്ത്രക്ഞ്ജൻ എങ്ങനെയായിരിക്കണമോ അതായിരുന്നു സ്റ്റീവ്. വിപ്ലവകരമായ കണ്ടുപിടുത്തങ്ങളിലൂടെ വരും തലമുറകള്‍ക്ക് ഓര്‍ക്കാന്‍ അസാധാരണമായ ഒരു ജീവിതാധ്യായം അവശേഷിപ്പിച്ചുകൊണ്ട് കടന്നുപോയ സ്റ്റീവ് ജോബ്സ്, ലോകത്തെ തന്നെ മാറ്റിമറിച്ച കണ്ടുപിടിത്തലുകളിലൂടെ നോബൽ സമ്മാനം നേടിയ അനേകം ശാസ്ത്രകഞ്ജന്മാരേക്കാൾ എന്നും ഒരുപടി മുന്നിൽതന്നയാണ് എന്നതിന് ഒരു തർക്കത്തിന്റെ ആവശ്യമില്ല.

അതുല്യ പ്രതിഭയായ സ്റ്റീവ് ജോബ്സിന് ആദരാജ്ഞലികൾ...
.

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories1 comments: to “ Oh..My God, the man passed away?