Search this blog


Home About Me Contact
2011-09-28

ഋതു പറഞ്ഞ കഥ-ഭാഗം-03  

വാവയുടെ ഏട്ടന്റെ കല്യാണം വന്നെത്തി. അതു അവർക്ക് ഒരു ഉത്സവം അയിരുന്നു. ക്ഷണകത്തടിക്കാനും, തമിഴ്നാട്ടില്‍ നിന്നും കല്യാണപുടവ വാങ്ങാനും, കല്യാണ സദ്യക്കുള്ള വിഭവങ്ങൾ സെറ്റ് ചെയ്യാനും എല്ലാറ്റിനും ഋതു മുന്‍പില്‍തന്നെ ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് ഒന്ന് രണ്ട്‌ ആഴ്ച കടന്നു പോയി. പെട്ടന്ന്‌ വാവയുടെ സംസാരത്തില്‍ ചില മാറ്റങ്ങള്‍ വന്ന്‌ തുടങ്ങിയത് അവൻ അറിഞ്ഞു. ഒരു ദിവസം രാത്രിയിൽ വാവ അവനെ വിളിച്ച്, വാവക്കു സ്വവര്‍ഗ്ഗരതിയിൽ നിന്നും രക്ഷപ്പെടാൻ തോന്നുന്നു, അതിനു കൊച്ചിയിലെ പ്രഗൽഭനായ ഒരു മനശാസ്ത്രക്ഞന്റെ അടുത്തു നിന്നും ചികില്‍സ തേടുന്നു എന്നു പറഞ്ഞു. അത് കേട്ടപ്പോൾ എന്ത് മറുപടി കൊടുക്കണമെന്ന് അവന്‌ അറിയില്ലായിരുന്നു. വാവ തുടര്‍ന്നു, 'ഇനി മുതൽ നമുക്ക് നല്ല സുഹൃത്തുക്കളായി മാത്രമിരിക്കാം'. അവൻ വല്ലാതെ തളര്‍ന്നു പോയ ദിവസമായിരുന്നു അത്‌. അന്നു മുഴുവന്‍ സമയവും അവൻ ആലോചിച്ചു, "താൻ വാവയെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു, വാവയുടെ നന്മ ആഗ്രഹിക്കുന്നു". അതുകൊണ്ട് തന്നെ വാവയുടെ ആഗ്രഹത്തിനു അവൻ ഒരു തടസം ആകാൻ പാടില്ല‌ എന്നു മനസില്‍ ഉറപ്പിച്ചു. അന്ന് പതിവ്‌ കോളുകള്‍ പോലും അവന്റെ വാവ കൊടുത്തില്ല. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരുദിവസം വല്ലാതെ തനിച്ചായ പോലെ തോന്നി അവന്‌. രാത്രിയില്‍ അവൻ വാവയെ വിളിച്ചു. എന്നും പുലരുവോളം വാതോരാതെ അവനോടു സംസാരിക്കുന്ന വാവ മറ്റൊരു സത്യംകൂടി പറഞ്ഞു. വാവ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നു, വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. അവന്റെ കണ്ണിൽ ഇരുട്ട് കയറുന്നപോലെയും ഭൂമി കീഴ്‍മേൽ മറിയുന്നതുപോലെയും അവനു തോന്നി. തന്റെ നിയന്ത്രണം വിട്ടുപോകുന്നതും തനിക്കു ചുറ്റും എന്താണു സംഭവിക്കുന്നതെന്നും മനസിലാക്കുവാൻ കഴിയാത്ത അവസ്ഥ. രാത്രിയിൽ ഒരു ഭ്രാന്തനെ പോലെ അവൻ ഉറക്കെ കരഞ്ഞു. അവനോട് ഒന്ന് സംസാരിക്കാന്‍, ഒന്നു ആശ്വസിപ്പിക്കാൻ അവന്റെ വാവ തയ്യാറായില്ല. ആ രാത്രി ഇന്നലെപ്പോലെ ഇപ്പോഴും അവൻ ഓര്‍ക്കുന്നു. ഇരുട്ടിനെ കീറിമുറിക്കുന്ന മിന്നലിന്റെ വെളിച്ചത്തിൽ കരഞ്ഞുകൊണ്ട് മുറിയില്‍ ഒരു ഭ്രാന്തനെ പോലെ ആരെയോ തിരഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വെളിയിൽ തിമിർത്ത് പെയ്യുന്ന മഴ അവന്റെ ഒച്ചയെ മുക്കികളഞ്ഞു.

നേരം പുലർന്നു. അവന്‌‌ വാവയെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ അയാൾ ഫോൺ എടുക്കുന്നില്ല. ഒരു വാശിപോലെ നിർത്താതെ അവൻ വിളിച്ചുകൊണ്ടിരുന്നു. അവന്റെ മനസിന്റെ സര്‍വ്വ നിയന്ത്രണവും നഷ്ടമാകുന്നപോലെ തോന്നി. ആ ദിവസം വെള്ളമോ, ആഹാരമോ കഴിക്കാൻ അവന്‌‌ തോന്നിയില്ല. ചോറു വിളമ്പി വെച്ച് അമ്മ വന്നു വിളിച്ചപ്പോൾ വിശക്കുന്നില്ല, ഇപ്പോൾ വേണ്ട എന്നു കള്ളം പറഞ്ഞു. രാവിലെയും വൈകിട്ടും അമ്മ കൊണ്ടുകൊടുത്ത ചായ വാഷ് ബേസിനിൽ കമഴ്‍തി പൈപ്പ് തുറന്നു വിട്ടു. രാത്രിയിൽ കൂട്ടിലിട്ട വെരുകിനെപോലെ മുറിയിൽ ഉലാത്തികൊണ്ടിരുന്നു. ഇടക്ക് മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞിടിച്ചു. ക്ഷീണം കാരണം അന്ന് പുലര്‍ച്ചെ എപ്പോഴോ അവൻ ഒന്ന് മയങ്ങി. നേരം പുലര്‍ന്നപ്പോള്‍ അവന്‌ വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. എന്നിട്ടും ആഹാരം കഴിക്കാൻ തോന്നിയില്ല. ആ ദിവസം മുഴുവൻ അവൻ അവന്റെ മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടി. ഇടക്കെപ്പോഴങ്കിലും ഫോൺ റിം‍ങ് ചെയ്താൽ ഓടിചെന്ന് എടുത്തു നോക്കും. വീണ്ടും നിരാശനാകും. എന്താണ് വാവ തന്നോട് ഇങ്ങനെ എന്നവൻ അവനോട് തന്നെ അവർത്തിച്ചു ചോദിച്ചു കൊണ്ടിരുന്നു.

അവരുടെ ഫോണുകള്‍ തമ്മിൽ ഫ്രീ കോളുകള്‍ അയിരുന്നു. പോസ്റ്റ്‍ പെയ്ഡ് ആയതിനാല്‍ വാവയുടെ കോൾവിവരങ്ങള്‍ അവന്‌ ഇന്റർനെറ്റ് വഴി അറിയാമായിരുന്നു. കൺക്ഷൻ പ്രൊവൈഡറിന്റെ വെബ്സൈറ്റിൽ അവൻ ലോഗിൻ ചെയ്ത് വാവയുടെ മൊബൈലിൽ നിന്നും പോകുകയും വരികയും ചെയ്യുന്ന കോളുകൾ പരിശോധിച്ചു. വാവ തന്റെ നമ്പരിലേക്കുള്ള ഫ്രീ കോൾ മറ്റൊരു നമ്പറിലേക്ക് മാറ്റിയിരിക്കുന്നു‍. അത് വാവയുടെ കൂട്ടുകാരിയുടെ ഫോൺ നമ്പറായിരിക്കുമന്ന് അവൻ ഊഹിച്ചു. അവന്റെ മനസില്‍ ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. ആ ഫോൺ നമ്പറിലേക്ക് തുടരെ അവൻ വിളിച്ചു. പക്ഷേ ഫോൺ എടുക്കുന്നില്ല. അവസാനം എങ്ങനെയും ആ ഫോൺനമ്പർ ആരുടേതാണന്ന് കണ്ടെത്താൻ അവൻ തീരുമാനിച്ചു.

രാവിലെ തന്നെ അവൻ കോട്ടയം സി.എം.എസ് കോളേജിലുള്ള ആൻമേരി എന്ന തന്റെ സുഹ്യത്തിന്റെ അടുത്തെത്തി. അവളെകൊണ്ട് മറ്റൊരു ഫോൺ നമ്പറിൽനിന്നും വിളിപ്പിക്കുക. അത് വാവയുടെ കൂട്ടുകാരിയുടെ ഫോൺ നമ്പറാണോ എന്ന് ഉറപ്പാക്കുക. എങ്കിൽ എല്ലാം ആ പെൺകുട്ടിയോട് തുറന്നു പറയുക വാവയുമായുള്ള ബന്ധത്തിൽ നിന്നും അവളെ പിന്തിരിപ്പിക്കുക. അതുമാത്രമായിരുന്നു അവന്റെ ലക്ഷ്യം. കാരണം വാവയെ ആര്‍ക്കും വിട്ടുകൊടുക്കാന്‍ അവന്‍ തയ്യാറല്ലായിരുന്നു. അവൻ കൊടുത്ത നമ്പറിലേക്ക് ആൻമേരി തന്റെ ഫോണിൽ നിന്നും ഡയല്‍ ചെയ്തു. ഒറ്റ റിം‍ങിൽ തന്നെ ഫോൺ എടുത്തു. ഹലോ ഇതാരാണ്‌ എന്ന ചോദ്യത്തിന്‌ "ഞാൻ ഋതുവിന്റെ സുഹ്യത്താണ്‌ എന്ന്" അവള്‍ മറുപടി പറഞ്ഞപ്പോഴേക്കും മറുതലക്കൽ നിന്നും ഫോൺ കട്ടുചെയ്തു. പിന്നീട് എത്ര വിളിച്ചിട്ടും ഫോൺ എടുക്കിന്നില്ല. ഏതോ പുരുഷനാണ്‌ ഫോൺ എടുത്തതന്ന് അവൾ പറഞ്ഞതുകേട്ട അവൻ ആകെ തകര്‍ന്നു പോയി. എന്നിട്ടും അവന്റെ വാവ അവനോടു അങ്ങനെ ഒരിക്കലും ചെയ്യില്ല്ല്ല എന്നു സ്വയം വിശ്വസിച്ചു. വീടുവരെ എങ്ങനെ അവൻ ഡ്രൈവ് ചെയ്തു എന്നു ഇപ്പോഴും അവൻ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. വീട്ടില്‍ എത്തി അവൻ പലവട്ടം വാവയെ വിളിച്ചു. ഒടുവില്‍ വാവ കോള്‍ എടുത്തു. അവൻ ആ ഫോൺ നമ്പറിനെപറ്റി ചോദിച്ചപ്പോള്‍ അത് വാവയുടെ പുതിയ കൂട്ടുകാരന്‍ ആണെന്ന് പറഞ്ഞു. അവന്റെ സര്‍വ്വ നിയന്ത്രണവും നഷ്ടമായി ഒരു ഭ്രാന്തനെ പോലെ അവൻ ഉറക്കെ നിലവിളിച്ചുകൊണ്ട് തല ജനല്‍ കമ്പികളില്‍ ആഞ്ഞിടിച്ചു. നിനക്ക് എന്താ വട്ടുപിടിച്ചുവോ എനു ചോദിച്ചുകൊണ്ട് വാവ ഫോൺ കട്ടുചെയ്തു.

ആ രാത്രിയും അവന്‌ ഉറങ്ങാൻ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് ഓരോന്നോർത്തു കരഞ്ഞു. വാവയോടൊപ്പം ചിലവിട്ട നിമിഷങ്ങൾ. യാത്ര ചെയ്ത സ്ഥലങ്ങൾ, ഉറങ്ങാതെ വാവയുടെ മടിയിൽ തലവച്ച് ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയിരുന്നു കഥ പറഞ്ഞ രാത്രികൾ. മാറിൽ പതിഞ്ഞ വാവയുടെ നഖപാടുകളിലൂടെ വിരലോടിക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ട് തന്റെ ലോകം ശൂന്യമായതുപോലെ അവന്‌ തോന്നി. കടിഞ്ഞാണില്ലാത്ത ചിന്തകളുടെ ഒടുവിൽ പ്രതികാരം അവന്റെ മനസ്സിനെ കീഴടക്കി. ഒടുവില്‍ അവനെ തള്ളിപ്പറഞ്ഞ അവന്റെ വാവയെ കൊന്നിട്ട് ആത്മഹത്യ ചെയ്യാൻ അവൻ തീരുമാനിച്ചു.

എവിടെ വച്ച് എങ്ങനെ വാവയെ കൊല്ലണം, മരിക്കണം എന്നൊക്കെ അവൻ മനസ്സിൽ തീരുമാനിച്ചുറച്ചു. ഷോൾഡർ ബാഗിൽ രണ്ടുകത്തിയും ഒരു കയറും കരുതി വച്ചു. രാവിലെ ഒൻപതു മണിക്ക് വാവ ജോലിക്ക് പോകുന്നതിനു മുൻപ് താമസിക്കുന്നിടത്തെത്തണം. പുലർച്ചെ നാലര മണിയോടെ കാറും എടുത്ത് വാവയെ കാണാന്‍ എറണാകുളത്തേക്ക് അവൻ പുറപ്പെട്ടു. അവൻ നന്നേ ക്ഷീണിതനായിരുന്നു. രണ്ടു മൂന്നു ദിവസമായി ആഹാരം കഴിച്ചിട്ടും ഉറങ്ങിയിട്ടും. എന്നാൽ ക്ഷീണം വകവെക്കാതെ അതിവേഗത്തിൽ അവൻ ഡ്രൈവ് ചെയ്തു. മേഴ്സിഡസ് ബൻസിന്‌ വേഗം പോരാ എന്നും വഴികൾ അനന്തമായ് നീണ്ടുകിടക്കുന്നതായും അവന്‌ തോന്നി. ട്രാഫിക് ബ്ളോക്കുകളിലും സിഗ്നലുകളിലും കാത്തുകിടക്കാതെ അവൻ ഡ്രൈവു ചെയ്തു. ഏകദേശം ഒന്‍പത് മണിയോടെ വാവ താമസിക്കുന്ന വില്ലയുടെ മുന്‍പില്‍ എത്തി. ബാഗിൽ നിന്നും കത്തിയെടുത്ത് കൈയ്യിൽ പിടിച്ചുകൊണ്ട് കോളിം‍ങ് ബെല്ലിൽ വിരലമർത്തി. കതകു തുറന്നതും, ഞൊടിയിടയിൽ വാവയെ തള്ളി അകത്തേക്കിട്ടുകൊണ്ട് അവൻ വാതിൽ അടച്ച് കുറ്റിയിട്ടു. അപ്രതീക്ഷിതമായ് കൈയ്യിൽ കത്തിയുമായ് അവനെ കണ്ടു പേടിച്ചു വിറച്ച വാവ അകത്തെ മുറിയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ വാവയുടെ കണ്ണിൽ മിന്നിമറയുന്ന ഭയം അവനിൽ ഗൂഡമായ ഒരു ആനന്ദം നിറക്കുന്നുണ്ടായിരുന്നു. എന്തക്കയോ തീരുമാനിച്ചുറച്ചപോലെ കൈയ്യിൽ തിളങ്ങുന്ന വായ്ത്തലയുള്ള കത്തിയുമായ്, അവന്റെ അഗ്നിപറക്കുന്ന കണ്ണുകളിലേക്ക് നോക്കി പേടിച്ച് നിൽക്കുന്ന വാവയുടെ നേർക്കവൻ നടന്നടുത്തു.

തുടരും........

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories