Search this blog


Home About Me Contact
2009-09-25

ബ്ലോഗ് വായനാക്കാരായ പപ്പരാസികളോടും, ഞരമ്പ് രോഗികളോടും  

സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗ ഭോഗവും ജീവശാസ്ത്രപരമായ അപഭ്രംശമാണന്ന സാങ്കേതികമായ വിശകലനങ്ങളെകുറിച്ചും, സമൂഹികമായ ഉപരിപ്ലവത്തെകുറിച്ചും എന്റെ ബ്ലോഗില്‍ വന്ന പോസ്റ്റുകളുടെ ചുവടുപിടിച്ച് ഒരുപാട് വ്യക്തികള്‍ മെയിലുവഴിയും ചാറ്റ് വഴിയും എന്നെ സമീപിക്കയുണ്ടായി. അവരില്‍ ഒരൊരുത്തരുടേയും ഉദ്ദേശ ലക്ഷ്യങ്ങളും പലതായിരുന്നു. സ്വവര്‍ഗ്ഗപ്രണയികളായ അവരില്‍ ചിലര്‍ പ്രണയാഭ്യര്‍ത്ഥനയുമായ് സമീപിച്ചപ്പോള്‍, ചിലര്‍ക്ക് രതിയില്‍ ഏര്‍പ്പടാനായിരുന്നു താല്പര്യം. സ്വവര്‍ഗ്ഗ പ്രണയത്തെ നഖശിഖാന്തം എതിര്‍ത്തുകൊണ്ട് പല ബ്ലോഗുകളിലും കമന്‍റ്റുകളിടാറുള്ള ഒരു പ്രമുഖ മലയാളം ബ്ലോഗറും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവന്നത് എന്നെ അല്‍ഭുതപ്പെടുത്തി. പൊതുജന സമക്ഷം താന്‍ പിടിക്കപ്പെടുമോ എന്ന ഭയത്താല്‍ സ്വവര്‍ഗ്ഗ പ്രണയത്തെ എതിര്‍ത്തുകൊണ്ട് അത് ആസ്വദിക്കുന്ന പലരും നമുക്കിടയിലുണ്ടന്നതിന്റെ ഉത്തമ ദ്യഷ്ടാന്തമാണിത്. ചില ബ്ലോഗര്‍മാര്‍ ഡയറക്ടായും, മറ്റുചിലര്‍ ഇന്‍ഡയറക്ടായും, ജീവിതത്തില്‍ എപ്പോഴങ്കിലും അത്തരം ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടോ, ആരോടങ്കിലും അത്തരത്തില്‍ പ്രണയമുണ്ടൊ എന്ന് ആരാഞ്ഞപ്പോള്‍, ചിലര്‍ തുറന്ന കമന്റുകളുമായ് അതേ ചോദ്യം ഉന്നയിച്ചവരാണ്. ചിലരാകാട്ടെ ഭൂതവും വര്‍ത്തമാനവും മറ്റും പഠിച്ച്, എന്നെകുറിച്ച് നന്നായ് നിരീക്ഷണ ഗവേഷണങ്ങള്‍ തന്നെ നടത്തിയിട്ടായിരുന്നു ചോദ്യ ശരങ്ങളുമായ് വന്നത്. മുടി നീട്ടി വളര്‍ത്തുന്നതും, വിവാഹം കഴിക്കാതിരിക്കുന്നതിന്റെയും മറ്റും കാരണങ്ങള്‍ ഇതാണോ എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടത്. അഭ്യുതയകാംക്ഷിയായ് ഉപദേശകന്റെ രൂപത്തില്‍ സമീപിച്ചവരും കുറവല്ല. ഇത്തരം പോസ്റ്റുകള്‍ ഭാവിയെയും കരിയറിനേയും ബാധിക്കും, ആളുകള്‍ താങ്കളെ തെറ്റുധരിക്കയും, താങ്കളോടുള്ള ബഹുമാനം ഇല്ലാതാക്കുകയും, താങ്കളുടെ വിവാഹത്തിനുവരെ തടസ്സമായി എന്നും വരാം, അതിനാല്‍ മേലില്‍ ഇത്തരം പോസ്റ്റുകള്‍ ഒഴിവാക്കുന്നതായിരുക്കും ആരോഗ്യകരമെന്നതായിരുന്നു അവരുടെ ഉപദേശം. ഇത്രയധികംപേര്‍ നേരിട്ട് സംശയനിവാരണം നടത്തിയപ്പോള്‍ അതിലും എത്രയോ മടങ്ങായിരിക്കും സംശയം മനസ്സില്‍ വച്ച് എന്റെ പോസ്റ്റുകള്‍ വായിച്ചു പോയത്. ഓരോരുത്തരോടും ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഒരു വിശദീകരണം നല്‍കാം എന്നു കരുതുകയാണ്.

തെരുവു വേശ്യകള്‍ക്കും, അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി വാദിക്കുകയും, അവരുടെ സം‌രക്ഷണത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന മനുഷ്യാവകാശികളെ, വേശ്യകളായോ, കൂട്ടികൊടുപ്പുകാരായോ കാണാത്ത സമൂഹത്തില്‍, ക്രിമിനല്‍ കുറ്റവാളികളുടെ പുനരധിവാസത്തിനു വേണ്ടി പ്രവര്‍ത്തിക്കയും, അവര്‍ ജയിലുകളില്‍ അനുഭവിക്കുന്ന നീതി നിഷേധത്തിനെതിരേ പോരാടുകയും ചെയ്യുന്നവരെ ക്രിമിനലുകളായോ, ക്രിമിനല്‍ വാസനയുള്ളവരായോ കാണാത്ത ഒരു സമൂഹത്തില്‍, സ്വവര്‍ഗ്ഗ പ്രണയികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഒരക്ഷരം മിണ്ടിയാല്‍ അവരെ സ്വവര്‍ഗ്ഗ പ്രണയിയായ് സംശയിക്കുന്ന പ്രവണതയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ഇത്തരം ചാപ്പകുത്തലുകളിലൂടെ, സമൂഹം സ്വവര്‍ഗ്ഗ പ്രണയികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന സാമൂഹിക പ്രവര്‍ത്തകരെ നിരുല്‍സാഹപ്പെടുത്തി, സ്വവര്‍ഗ്ഗ പ്രണയികളുടെ വ്യക്തി സ്വാതന്ത്യങ്ങളേയും അവകാശങ്ങളേയും അടിച്ചമര്‍ത്തുകയും നിഷേധിക്കയുമാണ് ചെയ്യുന്നത്. തല്‍ഫലമായ് കടുത്ത മാനസിക സംഘര്‍ഷത്തിനടിമയായ ദ്വൈത വ്യക്തിത്വത്തിന്റെ ഉടമകളായ ഒരുസമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ചെയ്യുന്നത്.

സ്വയം ഭോഗവും, പരസ്ത്രീ ബന്ധവും തെറ്റായി കണക്കാക്കാത്ത ഒരു സമൂഹത്തില്‍, ബഹുഭാര്യാത്വം സംസ്കാരത്തിന്റെ ഭാഗമായ് നിലനിര്‍ത്തിയിരിക്കുന്ന ഒരു സമൂഹത്തില്‍, സ്വവര്‍ഗ്ഗ പ്രണയവും സ്വവര്‍ഗ്ഗ രതിയും ഒരു പാപമോ കുറ്റമോ ആണന്നു വിശ്വസിക്കാത്തതിനാല്‍ സ്വവര്‍ഗ്ഗ പ്രണയികളേയും സാധാരണ മനുഷ്യരായ് കാണുന്ന ഒരു വ്യക്തിയാണ് ഞാന്‍. എല്ലാ മനുഷ്യരുടേയും മൗലിക അവകാശങ്ങള്‍ സം‌രക്ഷിക്കപ്പെടണമന്ന് ആഗ്രഹിക്കുന്ന ഒരു പൗരനെന്ന നിലയില്‍, മനുഷ്യാവകാശ സം‌രക്ഷകരോ സംഘടനകളോ ശബ്ദമുയര്‍ത്താന്‍ ഭയപ്പെടുന്ന സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശ സം‌രക്ഷണത്തിനു വേണ്ടി എന്നാലാവും വിധം എന്തങ്കിലും ചെയ്യാന്‍ കഴിയുമങ്കില്‍ ചെയ്യണമന്ന ആഗ്രഹം കൊണ്ടും, അധികം ആരും കടന്നു വരാന്‍ ധൈര്യം കാണിക്കാത്തതുമായ വിഷയമായതുകൊണ്ടും ഇതേകുറിച്ച് പോസ്റ്റുകളിടാന്‍ തീരുമാനിച്ചതും, ഏതാനും പോസ്റ്റുകള്‍ ഇട്ട് സമൂഹത്തിന് സ്വവര്‍ഗ്ഗ പ്രണയികളോടുള്ള മനോഭാവത്തില്‍ അല്പം മാറ്റമുണ്ടാക്കാന്‍ ശ്രമിച്ചതും. അന്ന് ആ പോസ്റ്റുകള്‍ ഇടുമ്പോള്‍തന്നെ ഇത്തരം ചോദ്യങ്ങളും, സമീപനങ്ങളും ഞാന്‍ മുന്നില്‍ കണ്ടിരുന്നതിനാല്‍ ഇത്തരത്തിലുള്ള അപവാദങ്ങളും, സമീപനങ്ങളും എന്നെ അല്‍ഭുതപ്പെടുത്തുന്നില്ല.

സുഹ്യത്തുക്കളെ സ്നേഹിക്കുന്നതും, അവരോടൊപ്പം യാത്ര പോകുന്നതും, അവരുടെ കൈ പിടിച്ച് നടക്കുന്നതും, അവരെ കെട്ടിപിടിക്കുന്നതും, ചുംബിക്കുന്നതും, അവരോടൊപ്പം ഉറങ്ങുന്നതും സ്വവര്‍ഗ്ഗ പ്രണയമാണങ്കില്‍ ഞാനും ഒരു സ്വവര്‍ഗ്ഗ പ്രണയിതന്നയാണ്. സ്വവര്‍ഗ്ഗത്തില്‍ പെട്ട ഒരു വ്യക്തിയെ കെട്ടിപിടിച്ച് ഉറങ്ങുന്നതും, അവരുടെ മടിയില്‍ തലവച്ചു കിടക്കുന്നതും, ചുംബിക്കുന്നതുമൊക്കെ സ്വവര്‍ഗ്ഗ പ്രണയമാണങ്കില്‍, ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന എന്റെ സഹോദരനോടുള്ളതും അതേ പ്രണയമാണ്. എന്തിലും ഏതിലും അശ്ലീലം മാത്രം കാണാന്‍ കഴിയുന്ന ഒരു ജനത നമുക്ക് ചുറ്റുമുണ്ടന്ന് തിരിച്ചറിയുമ്പോള്‍, അടുത്ത ഒരു സുഹ്യത്തിന്റെ കൈപിടിച്ച് നടക്കുവാനും അവനെ ഒന്ന് ആശ്ലേഷിക്കാനുമുള്ള ആഗ്രഹങ്ങളില്‍ നിന്നും പിന്മാറുന്നവരല്ലേ നമ്മളില്‍ പലരും. സഹോദരീ സഹോദരന്മാര്‍ സംസാരിച്ചുകൊണ്ട് നമ്മുടെ നിരത്തുകളിലൂടെ പോയാല്‍, ഒരു സിനിമകാണാന്‍ തീയറ്ററില്‍ പോയാല്‍ കാമുകീ കാമുകന്മാരാണന്ന് കരുതി (എന്റെ അനുഭവം കൂടിയാണ്) കഴുകന്‍ കണ്ണുകളോടൊപ്പം കമന്റുകളെറിയുന്ന നമ്മുടെ സമൂഹത്തില്‍, ഒരു ആത്മ മിത്രത്തിന്റെ കൈപിടിച്ച് നടക്കുന്നതുകണ്ടാല്‍ സ്വവര്‍‌ഗ്ഗ ഭോഗികളന്നു കരുതുന്ന സമൂഹത്തില്‍, സ്വവര്‍ഗ്ഗ പ്രണയികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെ സ്വവര്‍ഗ്ഗ രതിക്കാരായ് മാത്രം കാണുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. എന്റെ ഭാവിയും, ഭൂതവും വിവാഹവുമൊക്കെയോര്‍ത്ത് വ്യാകുലപ്പെടുന്നവര്‍ ദയവായ് നിങ്ങളുടെ രക്ത സമ്മര്‍ദ്ദം കൂട്ടാതിരിക്കുക. വിവാഹം കഴിക്കണമോ വേണ്ടയോ എന്നും, എപ്പോള്‍ വിവാഹം കഴിക്കണമന്നും ഞാന്‍ തീരുമാനിച്ചുകൊള്ളാം. എന്നെ പഠിപ്പിക്കയും വളര്‍ത്തി ഈ നിലയിലെത്തിക്കുകയും ചെയ്തവര്‍ക്ക് എന്റെ വിവാഹത്തെകുറിച്ചോ, കരിയറിനെ കുറിച്ചോ ഉല്‍കണ്ഠയില്ലാത്തിടത്തോളം എന്റെ മാന്യ ബ്ലോഗ് വായനാക്കാര്‍ക്കും അതിന്റെ ആവശ്യമില്ല. എനിക്ക്, എന്റെ ബ്ലോഗ് വായനക്കാരുടേയോ, മലയാളം ബ്ലോഗേഴ്സിനിടയിലെ പപ്പരാസികളായ ബ്ലോഗര്‍മാരുടേയോ ഒരു സാക്ഷ്യപത്രവും ആവശ്യമില്ലാത്തതിനാലും, ഞാന്‍ അറിയുന്ന, എന്നെ അറിയുന്ന സുഹ്യത്തുക്കള്‍ക്കും, സമൂഹത്തിനും ഞാന്‍ ആരാണന്നും എന്താണന്നും നല്ല നിശ്ചയമുള്ളതിനാല്‍, ഇവിടെ തെളിവുകള്‍ നിരത്തേണ്ടതിന്റെയോ, അരോപണങ്ങള്‍ നിഷേധിക്കേണ്ടതിന്റയോ ആവശ്യകതയില്ല. ബ്ലോഗ് വായിക്കുന്നവര്‍ വായിക്കുക, അഭിപ്രായങ്ങള്‍ അറിയിക്കാന്‍ അവിടെ അതിനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്. വ്യാജ ഇ-മെയില്‍ ഐഡികളും ചാറ്റ് ഐഡികളും ഉണ്ടാക്കി വെറുതേ സമയം കളയേണ്ടതില്ല.

2009-07-12

വായനക്കാരുടെ പ്രത്യേക ശ്രദ്ധക്ക്  

കുറെ കാലങ്ങളായി ഇങ്ങനെ ഒരു പോസ്റ്റ് ഇടണമന്ന് ആലോചിക്കുന്നു. മറ്റുള്ളവര്‍ അവരവരുടെ മനോധര്‍മ്മം‌പോലെ കരുതിക്കോട്ടെ എന്നു കരുതി അതേപ്പറ്റി പൊതുവായ ചിലപോസ്റ്റുകളില്‍ സൂചിപ്പിക്കമാത്രം ചെയ്തു. എന്നാല്‍ ആണ്ട ബാധ കൊണ്ടേ പോകൂ എന്ന പഴഞ്ചൊല്ല് ഓര്‍മ്മിപ്പിക്കുമാറ് പറയിപ്പിച്ചേ അടങ്ങൂ എന്ന് കച്ചകെട്ടി ചിലര്‍ ഒരുമ്പെട്ടിറങ്ങിയാല്‍ പിന്നെ പറയാതെ തരമില്ല. പലരും പലഭാഗത്തുനിന്നും അനോണിയായും, ആനനോണിയായും അക്രമിച്ചപ്പോള്‍ അനോണി ഓപ്‌ഷന്‍ അടച്ച് തടയിട്ടു. എന്റെ ബ്ലോഗില്‍ എന്തഴുതണം എന്തെഴുതേണ്ട എന്ന് തീരുമാനിക്കുന്നത് ഞാനാണ്. വായിക്കണമന്നു തോന്നുന്നവര്‍ക്ക് വായിക്കാം, അല്ലാത്തവര്‍വായിക്കണമന്ന് എനിക്ക് ഒട്ടും നിര്‍ബന്ധമില്ല. എന്റെ ബ്ലോഗില്‍ എ‍ഴുതുന്നതെന്തും എനിക്കുവേണ്ടി എഴുതുന്നതാണ്. മറിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി എഴുതി വായനകാരെകൂട്ടാനായോ കമന്റുകള്‍ വാങ്ങികൂട്ടി അതു കണ്ട് സായൂജ്യമടയാനോ ഞാന്‍ എഴുതാറില്ല. ഏതാണ്ട് പത്തുവര്‍ഷങ്ങളായി ഞാന്‍ ഇംഗ്ലീഷില്‍ ബ്ലോഗിങ് തുടങ്ങിയിട്ട്. മൂന്നുവരഷങ്ങള്‍ക്ക് മുന്‍പ് ഈ മലയാളം ബ്ലോഗും തുടങ്ങി. എനിക്ക് ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളതൊക്കെ ഞാന്‍ എഴുതി. അല്ലാത്തപ്പോള്‍ എഴുതാറുമില്ല ചിലപ്പോള്‍ ഈ വഴി തിരിഞ്ഞു നോക്കാറുമില്ല. ഇത് ആരുവായിക്കണം എന്നോ വായിക്കണ്ടന്നോ എനിക്കില്ല. ആരൊക്കെ വായിക്കുന്നു എന്നോ ആരൊക്കെ വയിക്കുന്നില്ല എന്നോ, ആരൊക്കെ കമന്റ് ഇടുന്നു എന്നോ ആരൊക്കെ കമന്റ് ഇടുന്നില്ല എന്നോ ഞാന്‍ അന്വഷിക്കാറില്ല. മെയില്‍ അയച്ചും ഒര്‍ക്കട്ട് വഴി മെസേജ് അയച്ചും ജീടോക്ക് വഴി ലിങ്കയച്ചും ആരോടും എന്റെ പോസ്റ്റുകള്‍ വായിക്കണമന്നു പറയുകയോ കമന്റ് തെണ്ടുകയോ ചെയ്തിട്ടില്ല.

ബ്ലോഗ് എഴുതുന്നതിലൂടെയോ അത് ആരങ്കിലും വായിക്കുന്നതിലൂടയോ ഒരു ചില്ലികാശുപോലും ഞാന്‍ ഉണ്ടാക്കാന്‍ ആഗ്രഹിച്ചിട്ടുമില്ല ആഗ്രഹിക്കുന്നുമില്ല. അതിനായി യാതൊരു വിധ പരസ്യങ്ങളും ഞാന്‍ എന്റെ ബ്ലോഗില്‍ വച്ചിട്ടില്ല. ബ്ലോഗ് വായിക്കുന്നവരില്‍ നിന്ന് ഞാന്‍ ഒരു വരിസംഖ്യയും ഈടാക്കുന്നില്ല. ഞാന്‍ എഴുതുന്നതെല്ലാം വിശ്വസാഹിത്യമാണന്നോ ഞാന്‍ ഒരു കവിയോ, കഥാകാരനോ, സാഹിത്യകാരനോ അതിലുപരി മലയാള സാഹിത്യത്തില്‍ സര്‍‌വ്വജ്ഞപീഠം കയറിയ വ്യകതിയാണന്നോ അവകാശപ്പെട്ടിട്ടില്ല. ആരോടും എന്റെ ബ്ലോഗ് ഫോളോചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും എന്റെ പോസ്റ്റുകള്‍ വായിക്കുന്ന എല്ലാ മാന്യവായനക്കാരോടും, അത് കമന്റ് ഇടുന്നവരായലും, ഇടാത്തവരായാലും യാതൊരുവിധ വ്യക്തിഭേദമെന്യേ എല്ലാ വായനക്കാരോടും എനിക്കു നന്ദിയും കടപ്പാടും ഉണ്ട്. ആ ബന്ധം അവിടം വരെ മതി. അതിനപ്പുറം ഞാന്‍ എങ്ങനെ എഴുതണം ,എങ്ങനെ എഴുതരുത് എന്ന് നിര്‍ദ്ദേശിക്കാനും ഉപദേശിക്കാനും ഞാന്‍ ആര്‍ക്കും അധികാരം തന്നിട്ടില്ല. എന്റെ പോസ്റ്റുകളെകുറിച്ച് ആര്‍ക്കങ്കിലും എന്തങ്കിലും പറയാനുണ്ടങ്കില്‍, സ്വന്തമായ് മേല്‍‌വിലാസമുള്ള ആര്‍ക്കും അത് കമന്റായ് എന്റെ ബ്ലോഗില്‍ ഇടാനുള്ള അവസരം അവിടെ തന്നിട്ടുണ്ട്.

എന്റെ ബ്ലോഗുകള്‍ വായിച്ച് ആരങ്കിലും വഴിതെറ്റിയാന്‍ എനിക്ക് യാതൊരു വിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. എന്റെ ബ്ലോഗുപോസ്റ്റുകള്‍ യുവതലമുറയെ വഴിതെറ്റിക്കുന്നു എന്ന് ആര്‍ക്കങ്കിലും തോന്നുന്നുവങ്കില്‍ സൈബര്‍ സെല്ലിനെയോ, കോടതിയെയോ സമീപിക്കാവുന്നതാണ്. മിത്തുകളെ ചോദ്യം ചെയ്തും, എനിക്ക് സത്യമന്ന് തോന്നുന്ന കാര്യങ്ങള്‍ മേലിലും എഴുതുന്നതായിരിക്കും. എന്റെ സത്യങ്ങള്‍ ആരും അംഗീകരിക്കണമന്നോ ഏറ്റുപറയണമന്നോ ആരോടും ആവശ്യപ്പെട്ടിട്ടില്ല. മതമായാലും, രാഷ്ട്രീയമായാലും, ദേശീയമായാലും, അന്തര്‍ദ്ദേശീയമായാലും, എനിക്ക് എതിര്‍ക്കണമന്നു തോന്നുന്നതിനെയൊക്കെ മേലിലും വിമര്‍ശിക്കുന്നതായിരിക്കും. സൗകര്യമുള്ളവര്‍ മാത്രം വായിച്ചാല്‍ മതിയാകും. എന്റെ പോസ്റ്റുകളോട് ആര്‍ക്കങ്കിലും എതിര്‍പ്പുണ്ടങ്കില്‍ എന്റെ ബ്ലോഗ് വായിക്കാതിരിക്കുക. ഗൂഗിള്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് ഞാന്‍ ഓരോ പോസ്റ്റുകളും ചെയ്തിരിക്കുന്നത്. ഇനി ആര്‍ക്കങ്കിലും അങ്ങിനെ അല്ല എന്ന് തോന്നുന്നുണ്ടങ്കില്‍ എന്റെ ബ്ലോഗ് ഫ്ലാഗ് ചെയ്യാവുന്നതാണ്. ഗൂഗില്‍ തന്നെ ബ്ലോഗ് നീക്കം ചെയ്തുകൊള്ളൂം.

എന്റെ ബ്ലോഗിനെ സംബന്ധിച്ച് ഒരാളും ഒരു വിശ്വാസവും പ്രതീക്ഷയും വച്ചുപുലര്‍ത്തേണ്ടതില്ല. അങ്ങനെ ആരങ്കിലും വിശ്വസിക്കുന്നുവങ്കില്‍ അത് ഇപ്പോള്‍ തന്നെ തിരുത്തികൊള്ളുക. ഇന്നുവരേയും, എന്റെ ബ്ലോഗ് മികച്ച ബ്ലോഗാണന്നോ, അതിലെ പോസ്റ്റുകളെല്ലാം ലോകോത്തരങ്ങളാണന്നോ ആരോടും അവകാശപ്പെടുകയോ പറയുകയോ ചെയ്തിട്ടില്ല. അങ്ങനെ ആരങ്കിലും നിങ്ങളോട് പറഞ്ഞതിന്‍ പ്രകാരം, ആരങ്കിലും എന്റെ ബ്ലോഗ് ഫോളോ ചെയ്യുന്നുവങ്കില്‍ എപ്പോള്‍ വേണമങ്കിലും വിട്ടുപോകാവുന്നതാണ്. ഇന്നുവരെ ആരോടും എന്റെ ബ്ലോഗ് ഫോളോ ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. അരൊക്കെ ഫോളൊ ചെയ്യുന്നു, ചെയ്യുന്നില്ല എന്നു ഞാന്‍ നോക്കാറില്ല. ഞാന്‍ ആരുടയങ്കിലും ബ്ലോഗ് ഫോളൊ ചെയ്യും എന്ന വിശ്വാസത്താല്‍ എന്റെ ബ്ലോഗ് ഫോളോചെയ്യേണ്ടതില്ല. എനിക്ക് ബ്ലോഗന്നാല്‍ തോന്നുന്നതെന്തും എഴുതാനുള്ള ഒരിടമാണ്. അവിടെ ഞാന്‍ എന്തെഴുതുന്നുവോ അതാണ് എനിക്ക് ബ്ലോഗ്. ഇഷ്ടമുള്ളവര്‍ക്ക് വായിക്കാം, അഭിപ്രായം പറയാം. അത്രമാത്രം മതി, ഉപദേശം ആവശ്യമുള്ളപ്പോള്‍ ഞാന്‍ ചോദിച്ചുകൊള്ളാം.

2009-06-27

ബ്ലോഗര്‍മാരുടെ പ്രത്യേക ശ്രദ്ധക്ക്  

സന്തോഷങ്ങള്‍ എന്ന ബ്ലോഗില്‍ വന്ന കവിതകള്‍ മാനഭംഗപ്പെടുമ്പോള്‍ എന്ന പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. ഞാനും വല്ലപ്പോഴും കവിതകളെഴുതാറുണ്ട്. പലരുടേയും കവിതകള്‍ വായിക്കാറുമുണ്ട്. പക്ഷേ പലപ്പോഴും കമന്റുകള്‍ ഇടാറില്ലന്നുമാത്രം. അതിന്, മറ്റാരോടും കവിതയെകുറിച്ച് സം‌വാദിക്കാറില്ലന്നോ, മറ്റുള്ളവരുടെ കവിതകള്‍ വായിക്കാറില്ലന്നോ മറ്റുമുള്ള അര്‍ത്ഥമില്ല. ഗവിതയും, ഗബിതയും ഒക്കെ എഴുതി പുസ്തകമിറക്കി, കമന്റുകൊടുത്തും കള്ളുകൊടുത്തും പെരിഫറല്‍ ബട്ടറിംഗ് നടത്തി അവയൊക്കെ മഹാകാവ്യങ്ങളാക്കിയ പല ബൂലോക ഗവികളും, ഗബികളും ബ്ലോഗോസ്ഫിയറിലുണ്ടന്നിരിക്കിലും, ആത്മാര്‍ത്ഥമായും കവിത എഴുതുന്നവര്‍ അല്ലങ്കില്‍ എഴുതാന്‍ ശ്രമിക്കുന്നവര്‍ പലരും ഇന്ന് ബ്ലോഗില്‍ സജീവമാണ്. എല്ലാവരുടേയും കവിതകള്‍ നിലവാരം പുലര്‍ത്തണമന്നില്ല. പ്രശസ്തരായ പലകവികളൂടേയും ആദ്യകാല കവിതകള്‍ വായിച്ചാല്‍ ഇതിനെയും കവിത എന്നു വിളികാമോ എന്നു ചോദിച്ചുപോകാം. എ.ടിയുടെ ആദ്യ കഥയായ നീലകടലാസ് വായിച്ചാല്‍ ഇത് എം.ടി എഴുതിയതോ എന്നു തന്നെ സംശയിച്ചുപോകാം. ചങ്ങമ്പുഴടേയും, കുമാരനാശാന്റെയും, ബാലമണിയമ്മയുടെയും മറ്റും കവിതകളുടെ നിലവാരമുണ്ടങ്കില്‍ മാത്രമേ കവിത എഴുതാവൂ, അത് ബ്ലോഗില്‍ പോസ്റ്റുചെയ്യാവൂ എന്ന് ശാഠ്യം പിടിക്കേണ്ട കാര്യമില്ല. കാരണം ബ്ലോഗ് എന്നത് ഒരാളുടെ പേഴ്സണല്‍ ഡയറിപോലെ ഒരു സ്വകാര്യ സ്വത്താണ്. (പഴയ പേഴ്സണല്‍ ഡയറിയുടെ ഡിജിറ്റല്‍ ഫോം). അവിടെ അവനവന് ഇഷ്ടമുള്ളതെന്തും, ബ്ലോഗ് പ്രൊവൈഡറുടെ നിര്‍ദ്ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാകും വിധത്തില്‍ പ്രസിദ്ധീകരിക്കാനുള്ള പൂര്‍ണ്ണ അധികാരം ബ്ലോഗര്‍ക്കുണ്ട്. അതില്‍ വരുന്ന ഇഷ്ടമില്ലാത്ത കമന്റുകളോ നിര്‍ദ്ദേശങ്ങളോ ഡിലീറ്റ് ചെയ്യാന്‍ ബ്ലോഗിന്റെ ഉടമക്ക് പൂര്‍ണ്ണ സ്വതന്ത്യവുമുണ്ട്. അച്ചടിമാധ്യമം പോലെ ഒരു മാധ്യമമായ് ബ്ലോഗിനെ മാറ്റിയെടുത്ത് അവിടെ കഥകളും കവിതകളും സാഹിത്യ സ്യഷ്ടികളും മാത്രമേ പാടുള്ളൂ എന്നു ശാഠ്യം പിടിക്കുന്ന സങ്കുചിത മനസ്ഥിതിയോ, അല്ലങ്കില്‍ ബ്ലോഗില്‍ ഒരു പോസ്റ്റിട്ടാല്‍ അതില്‍ സാഹിത്യം കുത്തിനിറച്ചിരിക്കണമന്നോ ആയ തെറ്റായ ധാരണ ഉടലെടുക്കുകയും പ്രചരിക്കയും ചെയ്തിട്ടുണ്ട്. ബ്ലോഗ് മീറ്റുകളുടെ പാര്‍ശ്വഫലമായാണ് ഇങ്ങനെ ഒരു അബദ്ധധാരണ ഉണ്ടായിട്ടുള്ളതന്നാണ് എനിക്ക് തോന്നാറുള്ളത്.

എന്നാല്‍ ഇവിടെ "എന്റെ അക്ഷരങ്ങള്‍ നിങ്ങള്‍ക്കൊരു സാന്ത്വനമാകട്ടെയെന്ന് ആശിച്ചു കൊണ്ട് ഞാന്‍ എഴുതുന്നു" എന്നു മുഖവുരയോടെ "ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുക" എന്ന പഴമെഴിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് എഴുതുകയും, അത് മെയില്‍ വഴിയും ഒര്‍ക്കട്ട് വഴിയും ചാറ്റ് വഴിയും മെസേജ് അയച്ച്, "എന്റെ പുതിയ കവിത വായിക്കുക അഭിപ്രായം പറയുക" എന്ന പരസ്യ വാചകത്തോട് നിരന്തരം ശല്യപ്പെടുത്തുന്നുവന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഇഷ്ടമുണ്ടങ്കില്‍ ഞാന്‍ വന്നു വായിച്ചുകൊള്ളാം, മെയിലും മെസേജും അയച്ച് ബുദ്ധിമുട്ടേണ്ടതില്ല എന്ന് കാണിച്ച് പലതവണ മെസേജായും കമന്റായും നിശാഗന്ധി എന്ന പ്രസ്തുത ബ്ലോഗറോട് അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ ആ കമന്റുകളെല്ലാം, നിമിഷങ്ങള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്യുകയും പിന്നീടും അതേ പല്ലവി ആവര്‍ത്തിക്കയുമാണ് ചെയ്തത്.

ആദ്യകാലങ്ങളില്‍ ഏതാനും കവിതകള്‍ക്ക് ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ കമന്റിട്ട് പ്രോല്‍സാഹിപ്പിക്കയും, കവിതയന്നതിനപ്പുറം പാട്ട് മാത്രമാണവയന്ന് ചൂണ്ടികാട്ടുകയും ചെയ്തു. അന്ന് "കവിതകളുടെയും പാട്ടുകളുടെയും കുറിച്ചുള്ള അഭിപ്രായങ്ങള്‍ എന്റെ ബ്ലോഗില്‍ ദയവ്വു ചെയ്തു എഴുതുമല്ലോ" എന്ന ശുദ്ധമലയാളം നിശാഗന്ധി പ്രൊഫൈലില്‍ എഴുതിചേര്‍ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കണ്ട പോസ്റ്റുകള്‍, മാത്യദിനത്തില്‍ ഒരു അമ്മപാട്ട്, കുടിവെള്ള ദിനത്തില്‍ കുടിവെള്ള പാട്ട്, മരദിനത്തില്‍ മരപ്പാട്ട് എന്നിങ്ങനെ ദിവസവും കവിതകള്‍ പോസ്റ്റുചെയ്യാന്‍ തുടങ്ങിയപ്പോള്‍, ഈ കവിതയെഴുത്തിന്റെ പോക്ക് എങ്ങോട്ടന്ന് മനസ്സിലാകാഞ്ഞപ്പോള്‍ മുതല്‍, മെയിലുകള്‍ വഴിയോ ഒര്‍ക്കട്ടുവഴിയോ തന്റെ കവിതകളിലേക്ക് ക്ഷണിച്ചിട്ടും ആവഴിപോകാന്‍ തോന്നിയില്ല. പല ബ്ലോഗുകളും വായിക്കുകയും, നന്ന് എന്ന് തോന്നിയില്‍ ഒന്നും മിണ്ടാതയും, വളരെ നന്ന് എന്നോ, വളരെ മോശം എന്നോ തോന്നിയാല്‍ അത് തുറന്ന ഒരു കമന്റായ് ഇടുകയും ചെയ്യുകയാണ് ഞാന്‍ ചെയ്യാറ്. എന്നാല്‍ പലപ്പോഴും നിശാഗന്ധിയില്‍ കമന്റിടാന്‍ നിര്‍ബന്ധിതനാകുകയാണ് പതിവ്. ഇല്ലങ്കില്‍ അവിടെ ഒരു കമന്റ് വീഴും വരെ എന്റെ ഇന്‍ബോക്സില്‍ മെയിലുകള്‍ വീണുകൊണ്ടിരിക്കും. മാത്യദിനം എന്ന കവിതയിലെ കമന്റുകള്‍ കാണാവുന്നതാണ്. ഒഫീഷ്യല്‍ മെയിലും, ബ്ലോഗിങിന് ഉപയോഗിക്കുന്ന മെയിലും ഒന്നു തന്നെ ആയതിനാല്‍ സ്പാം മെയിലുകള്‍ ഒരു ബുദ്ധിമുട്ടുതന്നയാണ്.

കവിതകള്‍ മാനഭംഗപ്പെടുമ്പോള്‍ എന്ന സന്തോഷങ്ങളിലെ പോസ്റ്റിനെ നഖശികാന്തം എതിര്‍ത്തും, നൂറുശതമാനം മാര്‍ക്ക് നല്‍കിയുമുള്ള കമന്റുകള്‍ കാണാവുന്നതാണ്. എന്നാല്‍ ഒരാള്‍ എങ്ങനെ കവിതയെഴുതുന്നു എന്നതിനപ്പുറം, അയാള്‍ എന്തും എഴുതട്ടെ, സ്വന്തം ബ്ലോഗില്‍ പോസ്റ്റുചെയ്യട്ടെ. എന്നാല്‍, അത് മറ്റുള്ളവര്‍ക്ക് ഒരു ശല്യമാകാതെ നോക്കുക എന്നതാണ് പ്രധാനം. വായിക്കേണ്ടവര്‍ വായിക്കട്ടെ അഭിപ്രായം എഴുതേണ്ടവര്‍ എഴുതട്ടെ. തന്റെ കവിതകള്‍ മറ്റുള്ളവര്‍ വായിക്കണമന്ന് നിര്‍ബന്ധം പിടിക്കയും, കന്റുകള്‍ ഇട്ട്പോകൂ എന്ന് ഇരക്കുകയും ചെയ്യുന്നവര്‍ ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് കവിതയെഴുതുന്നത് എന്നത് മനസ്സിലാക്കാന്‍ അധികം വിവരമൊന്നും ആവശ്യമില്ല. അങ്ങനെ ഒരു സ്ഥിതിവിശേഷത്തിലേക്ക് എത്തിപ്പെടുമ്പോള്‍ കവിയും കവിതയും പരാജയെപ്പെടുന്നു. മേലിലങ്കിലും ആരും ആര്‍ക്കും ശല്യമാകാത്തരീതിയില്‍ കവിതയും കഥയുമൊക്കെ ബ്ലോഗില്‍ പോസ്റ്റുചെയ്താല്‍ നാന്നായിരിക്കും. കഴിയുന്നിടത്തോളം എഴുതുക, പോസ്റ്റുചെയ്യുക, വായിക്കേണ്ടവര്‍ വന്ന് വായിച്ചുകൊള്ളൂം. അതിന് മെയിലിന്റെയോ, ഓര്‍ക്കട്ടിന്റെയോ, ഗൂഗിള്‍ ടോക്കിന്റെയോ ആവശ്യകതയില്ല. നിങ്ങളുടെ പോസ്റ്റുകള്‍ വായനക്കാരിലെത്തിക്കാന്‍ ഇന്ന് ധാരളം മലയാളം അഗ്രിഗേറ്ററുകളുണ്ട്. ആവശ്യക്കാര്‍ ‍‍അഗ്രിഗേറ്റര്‍ വഴിയോ, അല്ലങ്കില്‍ ബ്ലോഗ് ഫോളോ ചെയ്തോ, RSS ഫീഡുകള്‍ വഴിയോ, മറ്റ് ബ്ലോഗ് റീഡേഴ്സ് വഴിയോ വായിച്ചുകൊള്ളും. ഇനിയങ്കിലും വായനക്കാരനെ അവന്റെ വഴിക്കു വിട്ടേക്കുക.