Search this blog


Home About Me Contact
2009-09-12

ആനന്ദ് ജോണും വിതുര പെണ്‍കുട്ടിയും  

ആനന്ദ് ജോണ്‍ അലക്സാണ്ടര്‍. ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിലെ ഒന്നാംനിര ഫാഷന്‍ ഡിസൈനര്‍മാരില്‍ ഒരാളായി ഉയര്‍ന്ന വമ്പന്‍. വയസ് 34. ലോകത്തിലെ പത്ത് സെക്സിയസ്റ്റ് പുരുഷന്മാരില്‍ ഒരാള്‍. ജോലി ഫാഷന്‍ ഡിസൈനിംഗ്. വരുമാനം കോടികള്‍. പക്ഷേ അതിപ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നും വിധി ആനന്ദിന് കരുതിവെച്ചത് മറ്റൊന്നായിരുന്നു. അന്‍പത്തിയൊന്‍പത് വര്‍ഷം നീണ്ടുനില്‍ക്കുന്ന ജയില്‍ വാസം. അതും ലൈംഗിക പീഢനത്തിന്. കേള്‍ക്കുമ്പോള്‍ അത്‌ഭുതം തോന്നുന്നുണ്ടോ? പക്ഷേ അതാണ് യാഥാര്‍ത്ഥ്യം. സിനിമാക്കഥയെപ്പോലും വെല്ലുന്ന തരത്തിലാണ് കോടികണക്കിന് ആരാധകരുള്ള ആനന്ദിന്റെ ജീവിതം കീഴ്‌മേല്‍ മറിക്കപ്പെട്ടത്.

വിഖ്യാത ഗായകന്‍ കെ.ജെ. യേശുദാസിന്റെ ഭാര്യാ സഹോദരിയുടെ മകനായ ആനന്ദ് ജോണ്‍, കേരളത്തിലും ചെന്നൈയിലുമായ് സ്ക്കൂള്‍ വിദ്യാഭ്യാസം നേടിയശേഷം, അമ്മ ശശി എബ്രഹാമിനും സഹോദരി സഞ്ജനക്കുമൊപ്പം അമേരിക്കയിലേക്ക് ചേക്കേറി. അതിയായ ചിത്രകലാ വാസനയുണ്ടായിരുന്ന ആനന്ദ്, ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ പാഴ്‌സണ്‍സ് സ്‌കൂള്‍ ഓഫ് ഡിസൈനില്‍ നിന്ന്, ഫാഷന്‍ ഡിസൈനില്‍ ബിരുദം നേടി. അപസര്‍പ്പക കഥയിലെ നായകനെ വെല്ലും വിധത്തിലായിരുന്നു പിന്നീടുള്ള ആനന്ദിന്റെ വളര്‍ച്ച. അമേരിക്കയിലെ ഏറ്റവും മികച്ച ഫാഷന്‍ സ്ഥാപനമായ ഡോറകാരനില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍, ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. പിന്നീടങ്ങോട്ട് ആനന്ദിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 'അമേരിക്കാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍' എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകനായ് പ്രത്യക്ഷപ്പെട്ട ആനന്ദ് യുവഹ്യദയങ്ങളുടെ ഹരമായി. പാരിസ് ഹില്‍ട്ടനും, മേരി ജെ. ബില്‍ജും പോലുള്ള പ്രശസ്ത മോഡലുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. അതോടെ ഫാഷന്‍ ഡിസൈനിംഗില്‍ ആനന്ദ് തരംഗം അലയടിക്കാന്‍ തുടങ്ങി. ആനന്ദിന്റെ ഡിസൈനുകള്‍ കാണാന്‍ പതിനായിരകണക്കിന് റാമ്പുകള്‍ ഒരുങ്ങി. ഒരു തവണയെങ്കിലും ആ വേഷങ്ങള്‍ക്ക് മോഡലാകാന്‍ പെണ്‍കുട്ടികള്‍ കാത്തുനിന്നു. അമേരിക്കക്കാര്‍ക്ക് ആനന്ദിന്റെ ഡിസൈനുകള്‍ ആവേശമായി മാറി. ആഭരണ ഡിസൈനിംഗിലും ഇതിനിടയില്‍ ആനന്ദ് ശ്രദ്ധ പതിപ്പിച്ചു. ലോകത്തിലെ പല രാജകുംടുംബങ്ങളുടെയും പ്രധാന ഡിസൈനറായി ആനന്ദ് ജോണ്‍ മാറി. ആനന്ദിന്റെ മെയില്‍ ബോക്സുകള്‍ പ്രണയാഭ്യാര്‍ത്ഥനകള്‍ കൊണ്ട് നിറഞ്ഞു.

പ്രശസ്തിയില്‍ നിന്ന് പ്രശസ്തിയിലേക്ക് കുതിക്കുന്ന- തിനനുസരിച്ച് ആനന്ദിനെ പറ്റി പല കഥകളും പ്രചരിക്കാന്‍ തുടങ്ങി. 1999-ല്‍ ഫാഷന്‍ ഡിസൈനിങ് രംഗത്തെത്തിയ ആനന്ദിനെതിരെ 2001 മുതല്‍ ആനന്ദിനൊപ്പം ജോലി ചെയ്തിരുന്ന മോഡലുകള്‍ ലൈംഗികപീഡന കേസുകളുമായ് പുറത്തുവന്നു തുടങ്ങി. തങ്ങളെ ബലാത്സംഗം ചെയ്തുവെന്നും പലപ്പോഴും വദന സുരതത്തിന് വിധേയമാക്കിയെന്നും അവര്‍ വെളിപ്പെടുത്തി. ഹോളി ഗേവല്‍ എന്ന മോഡലാണ് ആദ്യം രംഗത്ത് എത്തിയത്. ന്യൂയോര്‍ക്കില്‍ വെച്ച് ആനന്ദ് തന്നെ ബലാത്സംഗംചെയ്തുവെന്നും പലതവണ വദനസുരതത്തിന് വിധേയമാക്കിയെന്നും ഈ പെണ്‍‌കുട്ടി ആരോപിച്ചു. അതോടെ മാധ്യമങ്ങളും ടാബ്ലോയ്‌ഡുകളും പ്രശ്നം ഏറ്റെടുത്തു. ചൂടന്‍ അനുഭവങ്ങള്‍ ഭാവനാ വിലാസത്തിനനുസരിച്ച് ഹോളി ഗേവല്‍ വിവരിച്ചു നല്‍കി. ആനന്ദ് ജോണിന്റെ മറവില്‍, ഹോളി ഗേവല്‍ പെട്ടെന്ന് തന്നെ പ്രശസ്തയുമായി. ഈ പാത പിന്തുടര്‍ന്ന് മുപ്പതോളം മോഡലുകള്‍ ആനന്ദ് ജോണിനെതിരെ ആരോപണവുമായി രംഗത്ത് എത്തി. എല്ലാവര്‍ക്കും ഹോളിഗേവലിന്റെ കഥയുടെ ആവര്‍ത്തനം തന്നെയാണ് ഉണ്ടായിരുന്നത്. ബെവെര്‍ലി ഹില്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് ഒരു മോഡല്‍ പറഞ്ഞതോടെ 2007-ലാണ് പോലീസ് കേസിലിടപെടുന്നത്.

ഫാഷന്‍ ഡിസൈനിംങില്‍ താല്പര്യമുള്ള 14-നും 21-നും ഇടയില്‍ പ്രായമുള്ള യുവതികളെ മോഹനസുന്ദര വാഗ്‌ദാനങ്ങള്‍ നല്‍കി, ഹോളിവുഡിലെ തന്റെ അപ്പാര്‍ട്ട്മെന്റില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവന്നതായിരുന്നു ആനന്ദ് ജോണിനെതിരേയുയുണ്ടായിരുന്ന കേസ്. കേസുകളില്‍ 43 എണ്ണവും തള്ളിപ്പോയി എങ്കിലും ശേഷിച്ച 16 കേസുകളിലായി 14 വര്‍ഷത്തെ തടവും അതിനുശേഷം 45 വര്‍ഷത്തെ ജീവപര്യന്തവും ആനന്ദിന് ഈ കഴിഞ്ഞ സെപ്റ്റംബര്‍ 1-ന് കോടതി വിധിച്ചു. ഇതിനുപുറമേ ന്യൂയോര്‍ക്കിലും, ഡള്ളാസിലും അന്വേഷണം നടക്കുന്ന പീഡന കേസുകള്‍ വേറയും. തടവുകഴിഞ്ഞ് ഇനി പുറത്തിറഞ്ഞാന്‍ ആനന്ദ് 93 വയസ്സു വരെ കാത്തിരിക്കണം. ചുരുക്കി പറഞ്ഞാല്‍ ആനന്ദ് ജീവിതകാലത്തൊരിക്കലും ഇനി പുറം ലോകം കാണില്ലന്നു സാരം.

തനിക്ക് രക്ഷപെടാനുള്ള എല്ലാ പഴുതുകളും അടയുകയാണന്ന് മനസ്സിലാക്കിയ സൂപ്പര്‍ മോഡല്‍ സിനിമാ കഥകളിലെ നായകന്മാരെ പോലെ കോട്ടും ഗൗണുമണിഞ്ഞ് കോടതിയില്‍ സ്വയം വാദിക്കയായിരുന്നു. നിയമത്തിന്റെ മുടിനാരിഴകള്‍ കീറിമുറിച്ച് പഠിച്ച വക്കീലിനേക്കാള്‍, ജീവിതാനുഭവങ്ങള്‍ തെളിവു നിരത്തി വാദിച്ചു ജയിക്കാന്‍ ശ്രമിച്ച ആനന്ദിന് തന്റെ വിധിയെ മാറ്റി മറിക്കാന്‍ കഴിഞ്ഞില്ല. ഇക്കിളി കഥള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തെഴുതി സര്‍ക്കുലേഷന്‍ കൂട്ടാന്‍ ശ്രമിക്കുന്ന മലയാളം പത്രങ്ങള്‍ക്ക് ഉപയോഗിക്കാ- മായിരുന്ന ഒരു ഇരയായിരുന്നിട്ടും ആനന്ദിന്റെ കാര്യത്തില്‍ പീഡനകഥകളുടെ പരമ്പരകളെഴുതി നമ്മുടെ പത്രങ്ങള്‍ ആഘോഷിച്ചില്ല. ശില്‍പാ ഷെട്ടിയുടെ കാര്യത്തില്‍ എന്നപോലെ ഒരു വര്‍ഗ്ഗീയ വിവാദം പോലും ഉയര്‍ത്തിക്കൊണ്ട് വന്നില്ല. എന്തിലും ഏതിലും പ്രശസ്ത‌രെ മലയാളിത്തവുമായ് കൂട്ടികെട്ടുന്ന മനോരമ, ഒരിക്കല്‍ പോലും ഗാനഗന്ധര്‍‌വ്വന്റെ പോരുച്ചരിച്ചും കണ്ടില്ല. എന്നും ഇത്തരം അവസരങ്ങള്‍ മുതലെടുക്കുന്ന മലയാള മനോര ആനന്ദ് ജോണ്‍ വംശീയ വാദനത്തിന്റെ രക്തസാക്ഷിയാണെന്ന് സ്ഥാപിക്കനായിരുന്നു ശ്രമിച്ചത്. അതു ശരിയോ തെറ്റോ എന്ന് അറിയില്ല. എന്നാല്‍ മനോരമ അവരുടെ ഓണ്‍ലൈന്‍ പിക്ചര്‍ ഗാലറിയില്‍ ആനന്ദ് ജോണിന്റെ ചിത്രങ്ങള്‍ കൊടുത്തിട്ടുണ്ട്. ഏതങ്കിലും ഒരു പെണ്ണിനെ കെട്ടിപിടിച്ചുകൊണ്ടാല്ലാതെയുള്ള, ആനന്ദിന്റെ ഒരു ചിത്രം പോലും കണ്ടെത്താന്‍ മനോരമക്കു കഴിഞ്ഞില്ല എന്നു വേണം കരുതാന്‍.

എന്നും, എന്തിനും ഏതിനും, അമേരിക്കന്‍ സംസ്കാരത്തെ കുറ്റം പറയുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ നിയമങ്ങളും നിയമവ്യവസ്ഥകളും എല്ലാ പൗരനും ഒരുപോലെയാണന്ന കപട നിയമസംഹിതയുള്ള ഇന്ത്യയില്‍, ലൈംഗിക പീഡനകേസുകളില്‍ അതിനിരയായ പെണ്‍കുട്ടികള്‍ എന്നും നമ്മുടെ കോടതിമുറികളിലും പീഡിപ്പിക്കപ്പെടുകയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിചാരണ കൂട്ടില്‍ നിര്‍ത്തി പീഡനകഥകള്‍ ചോദിച്ച് വക്കീലന്മാരും, ജഡ്ജിയും രസിക്കും. അവസാനം അപമാനഭാരവും, കോടതിമുറികളിലെ പരിഹാസവും സഹിക്കവയ്യാതെ ഒന്നുകില്‍ പെണ്‍കുട്ടി കേസ് വേണ്ടന്നു വയ്ക്കും. ഇല്ലങ്കില്‍ പീഡിപ്പിച്ചതിന് ദ്യക്‌സാക്ഷികളില്ല, പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് അത് തെളിയിക്കാന്‍ കഴിഞ്ഞില്ല എന്ന പതിവു പല്ലവിയില്‍ എല്ലാ പ്രതികളും പുണ്യവാളന്മാരായ് പുറത്തുവരും. പീഡനത്തിനിരയായത് അത്താഴപട്ടിണിക്കാരന്റെ മകളും, പീഡിപ്പിച്ചത് നിയമം വിലക്ക് വാങ്ങുന്ന വമ്പന്‍ സ്രാവുകളുമാകുമ്പോള്‍ കോടതികള്‍ അതിന് നിര്‍ബന്ധിക്കപ്പെടുകയാണ്. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതന്ന് നിര്‍ബന്ധം പിടിക്കുന്ന നമ്മുടെ കോടതികള്‍, ആയിരകണക്കിന് കുറ്റവാളികളെ രക്ഷപെടുത്തുകയാണ് ചെയ്യുന്നത്. ആനന്ദ് ജോണിന്റെ ശിക്ഷാവിധിയും, നീതി നിഷേധത്തിന് ഇരയായ വിതുര പെണ്‍കുട്ടിയുടെ കണ്ണീരും കൂട്ടിവായിക്കുമ്പോള്‍ നമ്മുടെ കോടതികളോട് തോന്നുന്ന പുച്ഛം, ഓരോ മലയാളിയുടേയും മനസ്സില്‍ ഇന്ത്യയിലെ നിയമവ്യവസ്ഥയോടുള്ള വെറുപ്പിന്റെ തീപടര്‍ത്തുന്നില്ലേ?

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



7 comments: to “ ആനന്ദ് ജോണും വിതുര പെണ്‍കുട്ടിയും