Search this blog


Home About Me Contact
2009-09-30

തേക്കടിയില്‍ ബോട്ട് അപകടം. 80 വിനോദസഞ്ചാരികളെ കാണാതായി  

തേക്കടി തടാകം ആദ്യമായി ഒരു വന്‍ ദുരന്തത്തെ നേരിട്ടിരിക്കുന്നു. എണ്‍പതോളം വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ്‌ മറിഞ്ഞത്‌. സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും രക്ഷാപ്രവര്‍ത്തനം ഇവിടെ ദുര്‍ഘടമാകുമെന്ന വാസ്‌തവം നാം കാണാതിരിക്കരുത്‌. 4000 ലിറ്റര്‍ വെള്ളവും വഹിച്ച്‌ വാഹനങ്ങളുമായി കട്ടപ്പനയില്‍ നിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നും വേണം ഫയര്‍ഫോഴ്‌സിന്‌ ഇവിടെയത്താന്‍. ആവശ്യത്തിനു മുങ്ങല്‍ വിദഗ്‌ദ്ധര്‍ ഫയര്‍ഫോഴ്‌സിലോ വനംവകുപ്പിലോ പൊലീസിലോ ഇല്ല. കേവലം പാതാളക്കരണ്ടി ഉപയോഗിച്ച്‌ തപ്പുകയല്ലാതെ അവര്‍ക്ക്‌ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. ബോട്ടിലെ ലൈഫ്‌ ജാക്കറ്റോ മറ്റോ ഉപയോഗിച്ച്‌ പൊങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കൂ. ആവശ്യത്തിനു സജ്ജീകരണങ്ങളിലാതെ മുങ്ങിയാല്‍ ജലാശയത്തിലെ കൊടും തണുപ്പ്‌ പ്രശ്‌നമാണ്‌. ഈ തണുപ്പ്‌ മരണസംഖ്യ വര്‍ധിപ്പിക്കാനും ഇയാക്കും.

ബോട്ട്‌ മുങ്ങിയ സ്ഥലത്ത്‌ വെളിച്ചമില്ല. മരക്കുറ്റികള്‍ ധാരാളമുള്ളതിനാല്‍ വൈകിട്ട്‌ ആറു മണിയോടെ ബോട്ടുകള്‍ സര്‍വ്വീസ്‌ നിറുത്തുകയാണ്‌ പതിവ്‌. വെളിച്ചമില്ലാതെ എങ്ങനെ ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്‌. മറ്റൊന്ന്‌ രക്ഷപ്പെടുത്തുന്നവരെ വേഗത്തില്‍ കരയ്‌ക്കെത്തിക്കാന്‍ ആവശ്യത്തിനു സ്‌പീഡ്‌ ബോട്ടുകള്‍ തേക്കടിയിലില്ല. വലിയ ബോട്ടുകളില്‍ കയറ്റിയാല്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യും.

ജലാശയത്തിലെ ചെളിയും മരക്കുറ്റികളും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിക്കും. പിന്നെയുള്ള ആശ്രയം നേവി മാത്രമാണ്‌. അവര്‍ ഹെലിക്കോപ്‌റ്ററില്‍ വേണം ഇവിടെ എത്താന്‍ അവര്‍ വന്നാലും നേരമിരുട്ടുന്നത്‌ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

കരയ്‌‌ക്കെത്തിക്കുന്നവര്‍ക്ക്‌ ആവശ്യമായ വൈദ്യസഹായത്തിന്റെ കാര്യത്തിലും പരിമിതിയുണ്ട്‌. വിഗദ്ധചികില്‍സ ലഭിക്കണമെങ്കില്‍ കട്ടപ്പനയിലോ കാഞ്ഞിരപ്പള്ളിയോ എത്തിക്കേണ്ടി വരും. ഇതിന്‌ മുക്കാല്‍ മണിക്കൂറോളം വരെ സമയമെടുടുത്തേക്കാം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചെല്ലാന്‍ കുറഞ്ഞത്‌ രണ്ടു മണിക്കൂറെങ്കിലും വേണം.

ഈ രാത്രിയില്‍ രക്ഷപ്പെടുത്താന്‍ കഴിയുന്നവരുടെ മൃതദേഹങ്ങള്‍ മാത്രമായിരിക്കും ഇനി കിട്ടുക എന്ന സത്യം ഞെട്ടിക്കുന്നതാണ്‌. നമ്മുടെ ദുരന്തനിവാരണ സജ്ജീകരണങ്ങളുടെ കാര്യക്ഷമതയെന്താണെന്ന്‌ കാത്തിരുന്നു കാണാം.

ഏതപകടം സംഭവിച്ചാലും ആദ്യവിഷ്വലുകള്‍ എത്തിക്കാന്‍ മല്‍സരിക്കുന്ന ചാനലുകള്‍ ഇത്തവണ വെള്ളംകുടിക്കും. കുമളിയില്‍ ഏഷ്യാനെറ്റിനും മനോരമയ്‌ക്കും മാത്രമാണ്‌ സ്‌ട്രിംഗര്‍മാരുള്ളത്‌. പത്രങ്ങളുടേയും ചാനലുകളുടേയും ജില്ലാലേഖകര്‍ എത്താന്‍ കുറഞ്ഞത്‌ മൂന്നു മണിക്കൂറെടുക്കും. ഒരു പത്രത്തിനും ഇവിടെ സ്വന്തം ഫോട്ടോഗ്രാഫര്‍മാരുമില്ല.

ചാനലുകളുടെ ഒബി വാനുകള്‍ സ്ഥലത്തെത്തണമെങ്കിലും ഇനിയും സമയമെടുക്കും. പിന്നെ ആശ്രയം അവിടെയുള്ള ലേഖകര്‍ ഇന്റര്‍നെറ്റ്‌ വഴി വിഷ്വലെത്തിക്കുക എന്നതാണ്‌. അതും എത്രമാത്രം സമഗ്രമായിരിക്കുമെന്നകാര്യത്തില്‍ സംശയമുണ്ട്‌. ലോകപ്രശസ്‌ത വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയില്‍ സംഭവിച്ച ദുരന്തത്തിന്റെ വിവരങ്ങള്‍ പുറത്തറിയാന്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക്‌ എന്തുമാത്രം തടസ്സങ്ങളുണ്ടാകുന്നുവെന്നുകൂടി സാങ്കേതികവിദ്യയുടെ ഈ പുതിയ കാലത്ത്‌ നാം ചിന്തിക്കണം. അപകടം സംബന്ധിച്ച്‌ ഏഷ്യാനെറ്റ്‌ ഉള്‍പ്പെടെ മിക്ക ചാനലുകളിലേയും പ്രധാന റിപ്പോര്‍ട്ടുകളെല്ലാം കൊച്ചിയില്‍ നിന്നാണ്‌ വരുന്നത്‌ എന്നതുകൂടി ശ്രദ്ധിക്കുക..... വിളിക്കുന്നവരുടെയെല്ലാം ടെലഫോണ്‍ ബന്ധവും വിച്ഛേദിക്കപ്പെടുകയാണ്‌....

വാര്‍ത്ത. രാജേഷ് ടി.സി

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



3 comments: to “ തേക്കടിയില്‍ ബോട്ട് അപകടം. 80 വിനോദസഞ്ചാരികളെ കാണാതായി