Search this blog


Home About Me Contact
2009-10-04

മരണാനന്തരം-ജ്യോനവന് ഒരു യാത്രാമൊഴി  


2007 നവംബര്‍ 27-ന് പൊട്ടക്കലം എന്ന ഒരു ബ്ലോഗുമായ് മനസ്സിലേക്ക് കടന്നുവന്ന നവീന്‍, നീ മനസ്സിലൊരുപിടി കനല്‍ വരിയിട്ട്, ഞങ്ങളെയല്ലാം കണ്ണീരണിയിച്ച് കടന്നുപോകയാണ്. പ്രതീക്ഷകള്‍ കൈവിട്ട നിമിഷങ്ങളിലും നിന്റെ തിരിച്ചുവരവിനായ് പ്രാര്‍‌ത്ഥിച്ച്‌ ഞങ്ങള്‍ കാത്തിരുന്നത് വെറുതേയായല്ലോ. കാലഹരണപ്പെട്ടൊരു കലത്തില്‍ കാക്കയിട്ട കല്ലുകളുമായ് നീ കുടിയേറിയത് ഞങ്ങളുടെ ഹ്യദയത്തിലേക്കായിരുന്നു. നിന്റെ കവിതകള്‍ക്കൊപ്പം അറിയാതെ ഞങ്ങള്‍ നെഞ്ചേറ്റിയത് നിന്നെതന്നയായിരുന്നുവന്ന് ഇപ്പോഴാണറിയുന്നത്. ഭ്രമണപഥം തെന്നിപ്പോയ ഗ്രഹം ചിതറിയ നിന്റെ ചിന്തകള്‍ ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേയ്ക്കു വളര്‍ത്തി ഏഴു വര്‍ണ്ണങ്ങളും ലയിച്ച പുഷ്പമായ് ഞങ്ങളില്‍ കവിതയുടെ സൗരഭ്യവും സൗന്ദര്യവും നിറച്ച് പെട്ടന്ന് കടന്നുപോകാനായിരുന്നുവോ നിന്റെ നിയോഗം? ഒരു പുഴയിലെ മീനാകാന്‍ മോഹിച്ചനീ, പാ‍റപോലെ ഉറച്ച യാഥാര്‍ത്ഥ്യത്തിലേയ്ക്ക് കടന്ന്, ക്ലേശത്തിന്റെ നീണ്ട മരുഭൂമി താണ്ടി, മടുപ്പിന്റെ പുല്‍‌പരപ്പില്‍ തലചായ്ക്കുമ്പോള്‍ കാരണമൊന്നും കൂടാതെ തിരിച്ചറിയപ്പെടാത്തൊരു ചാറ്റല്‍മഴ പെയ്തുതീര്‍ന്നു എന്ന് ആശ്വസിക്കണോ ഞങ്ങള്‍?. കിടന്നിടത്തുതന്നെ ജീവിതം ഒടുങ്ങിപ്പോകും എന്ന് നീ എങ്ങനെ അറിഞ്ഞു?

ഇനി നീലാകാശം തിരിച്ചുകിട്ടാനില്ലെന്ന അറിവുറഞ്ഞ നിന്റെ ഒടുവിലെ ഉറക്കം ഞങ്ങളെ കരയിപ്പിക്കുന്നു. ഈച്ചയുണ്ണാത്ത ജീവിതം നയിച്ച്, കൊതുകൂറ്റാത്ത വിപ്ലവം ശീലിച്ച്, പുഴുവരിക്കാത്ത മരണം സ്വന്തമാക്കണം എന്ന് നീ ആഗ്രഹിച്ചു. നിന്റെ മരണത്തെകുറിച്ചും, മരിക്കുമെന്നുറപ്പുണ്ട് എന്നുമൊക്കെ നീ പറഞ്ഞപ്പോള്‍ ഞങ്ങള്‍ കളിയാക്കി ചിരിച്ചു. നീ തമാശ പറയുകയാണന്നായിരുന്നു ഞങ്ങള്‍ കരുതിയത്. ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ എന്ന് അവസാനമായി നീ പറഞ്ഞ് പോകുമ്പോള്‍, നീ അറിഞ്ഞിരുന്നുവോ നവീന്‍ നിന്റെ മരണം അടുത്തുവന്ന്? ഒരു താഴിനുള്ളില്‍ തല പെട്ട് കിടക്കുമ്പോള്‍ "ആരെങ്കിലുമൊന്നു വലിച്ചൂരിത്തായോ അയ്യോ! എനിക്കിതൊന്നും സഹിക്കാന്‍ മേലേ"എന്ന് നീ നിലവിളിച്ചുവോ? പ്രാര്‍ത്ഥിക്കാനേ കഴിയുമായിരുന്നുള്ളടാ. ഞങ്ങളോട് ക്ഷമിക്ക്. നക്ഷത്രങ്ങളില്ലാത്തൊരു രാത്രി മുഴുവന്‍ ഞങ്ങള്‍ നിലവിളിക്കുകയായിരുന്നു‍, മുങ്ങിത്താഴുകയായിരുന്നു

നിന്റെ ശരീരം പൂവുകളില്‍, സുഗന്ധങ്ങളില്‍ വിരിച്ചു് കിടത്തിയിരിക്കുന്നത് ഞങ്ങള്‍ ലോകത്തിന്റെ പലകോണുകളിലിരുന്ന് കാണുന്നു. ശവംനാറിപ്പൂവുകള്‍ മൂടി നീ കിടക്കുമ്പോള്‍, നിന്റെ കര്‍മ്മം, പിറവിയെ കരിഞ്ഞൊരു നാമ്പുപോലെ മെഴുകുഗന്ധങ്ങള്‍ക്കൊപ്പം ഞങ്ങളില്‍ നിന്റെ സുഗന്ധം പരത്തുന്നു. പൂര്‍ണവിരാമമിടാന്‍ നേരം, മരിച്ചുകിടക്കുന്ന ഒരരിമണി ബാക്കിയാക്കി കടന്നു പോകുമ്പോള്‍, ഒരു മരണത്തെയൊക്കെ അപ്പാടെ അകത്താക്കിയെന്ന സംതൃപ്തിയാണോ നിനക്ക്?
അതേടാ, നീ പറഞ്ഞതുപോലെ അതിരു കടക്കുന്നതാണ് അതിരില്‍ കിടക്കുന്നതിനേക്കാള്‍ നല്ലത് .
കൊഴിഞ്ഞുപോയ, മടക്കിക്കിട്ടാത്തൊരു പൂക്കാലത്തിനും ബാക്കിപത്രമുണ്ടന്ന് നീ പറഞ്ഞത് എത്ര ശരിയാണ്. ഉരച്ചുകളഞ്ഞ ജീവിതത്തിന്റെ മുന, അക്ഷരപ്പേരില്‍ ഉരച്ചുണ്ടാക്കിയ ജീവിതത്തിന്റെ ഊഷരതയ്ക്കുമേല്‍ മുനയില്ലാതായപ്പോള്‍ കുത്തിവരച്ചതൊക്കയും, ഓളങ്ങള്‍ താണുപോകുന്ന കല്ലുകള്‍ക്ക് കല്ലറകളെക്കുറിച്ചുള്ള ഉറപ്പിന്റെ റീത്തുകള്‍ പോലെ എന്നും ഇവിടയുണ്ടാകും. നീ ജീവിച്ചതിന്റെ ഉറപ്പുകള്‍ ഇല്ലാതാക്കും വരെ കരയുന്നവര്‍ അത് എന്നും നെഞ്ചേറ്റും. ഇരുമ്പില്‍ നെയ്ത സ്മാരകങ്ങളിലൂടെ നീ എന്നും സംസാരിക്കും.

തലക്കെട്ട്: ജ്യോനവന്റെ തന്നെ കവിതയുടെ തലക്കെട്ട്
ലിങ്ക് ചെയ്തിരിക്കുന്ന വാക്കുകള്‍ ജ്യോനവന്റെ കവിതകളില്‍ നിന്നുമുള്ള വരികളാണ്.

ജ്യോനവന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന അവന്റെ കവിത അവന്റെ തന്നെ ശബ്ദത്തില്‍ ഇവിടെയും പിന്നെ ഇവിടേയും കേള്‍ക്കാം

ജ്യോനവന്റെ കവിതകള്‍ ഇവിടെ കേള്‍ക്കാം
ഉടഞ്ഞ് പോയ കലമേ , നിനക്ക് പൊട്ടിയ വാക്കുകള്‍ കൊണ്ട് ഒരോര്‍മ്മ

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories18 comments: to “ മരണാനന്തരം-ജ്യോനവന് ഒരു യാത്രാമൊഴി