Search this blog


Home About Me Contact
2008-09-12

സസ്‌നേഹം നിന്റെ സ്വന്തം ഞാന്‍  

ഓണത്തിന്റെ ഓര്‍മ്മകള്‍ പ്രവാസജീവിതത്തിന്റെ ഏകാന്തതതളം കെട്ടിയ ചിന്തകളിലേക്ക് കടന്നുവന്നപ്പോള്‍, കുത്തികെട്ടഴിഞ്ഞ നോട്ടുബിക്കിലെ ഇളം നീല നിറമുള്ള കടലാസില്‍ അവന്‍‍ എഴുതിതുടങ്ങി. അവന്റെ സ്‌നേഹത്തിനുവേണ്ടി അവന്റെ ആദ്യത്തെ ഓണാശംസ. തൂലിയില്‍ നിന്നും ഹ്യദയ രക്തം കരളിന്റെ കടലാസിലേക്ക് പര‍ന്നൊഴുകി വര്‍ണ്ണങ്ങള്‍ രചിച്ചു.

എന്റെ പ്രീയപ്പെട്ട സ്‌നേഹത്തിന്

ഇത് നമ്മുടെ ആദ്യത്തെ പൊന്നോണം. ഒരിക്കലും കണ്ടിട്ടില്ല, നിന്റെ സ്വരം കേട്ടിട്ടില്ല, ആ വിരലുകള്‍ ഒന്നു തെരുപിടിച്ചിട്ടില്ല, എന്നിട്ടും ഉപേക്ഷിക്കാനാവാത്തവിധം നമ്മള്‍ അടുത്തുപോയി, സ്‌നേഹിച്ചുപോയി. വാക്കുകള്‍കൊണ്ട് ഒരു ഓണം ആശംസിക്കാം, ആഘോഷിക്കാം.പക്ഷേ ഭാഷക്കു പരിധി ഉണ്ടാകുമ്പോള്‍ എന്റെ മനസ്സിലെ വികാരവും സന്തോഷവുമൊക്കെ എന്നില്‍ മാത്രമൊതുങ്ങുന്നു. നഷ്‌ടങ്ങളുടെ തടവുകാരനായ ഈ ഏകാന്ത പഥികന് നിന്നോടോത്ത് ഒരു ഓണമാഘോഷിക്കുവാന്‍ എന്നങ്കിലും ഒരിക്കല്‍ കഴിയുമന്ന് ഞാന്‍ ആഗ്രഹിക്കയാണ്.

ഇന്നു രാത്രി ഞാന്‍ നാട്ടിലേക്ക് തിരിക്കും. നീണ്ട എട്ടു വര്‍ഷത്തിനുശേഷം എല്ലാവരോടുമൊത്ത് വീണുകിട്ടുന്ന ഒരു ഓണം. നഷ്‌ടപ്പെടലുകളുടെ വേദനയും, വിരഹത്തിന്റെ നോവുമുണ്ട് എന്റെ ഈ ഓണത്തിന്. എന്നില്‍ നിന്നും നടന്നു നീങ്ങിയ കവിതയുടെ ഗന്ധമുള്ള കാല്പാടുകള്‍. ഒരു നോക്കു കാണാന്‍ കാത്തുനില്‍ക്കാതെ എന്നെ വിട്ടുപോയ അപ്പാ. കനംതൂങ്ങിയ മനസ്സുമായ് കഴിഞ്ഞകാലമത്രയും താണ്ടിയ ദൂരം. എന്റെ യാത്ര ഇവിടെ അവസാനിപ്പിക്കയാണ്. എന്നും മറ്റുള്ളവര്‍ക്കുവേണ്ടി വേദനിച്ചപ്പോള്‍ സ്വയം സന്തോഷിക്കാന്‍ മറന്നുപോയി. എന്നിട്ടും കാര്‍മേഘമൊഴിഞ്ഞ് മാനം തെളിഞ്ഞപ്പോള്‍ ഒരു തീണ്ടാപ്പാടകലെ നില്‍ക്കേണ്ടിവന്ന ജന്മം. വിഗ്രഹം പൂര്‍ത്തിയായാല്‍ പിന്നെ ശില്പിതൊട്ടാല്‍ അശുദ്ധമാകുന്ന സാലഭഞ്ജികകള്‍. ഇനി വയ്യാ. തുറന്നിട്ട കിളിവാതിലിലൂടെ നീ എന്നെ തേടിവന്നപ്പോള്‍, എന്നെ സ്‌നേഹിക്കുന്നുവന്നു പറഞ്ഞപ്പോള്‍, നിമിഷനേരത്തേക്കങ്കിലും തോന്നിയ അനാഥത്വം നീ ചുംബിച്ചെടുക്കുകയായിരുന്നു. ഇന്ന് നീ എവിടയാണന്നോ, ഇനി എന്ന് കാണുമന്നോ, ഒരു വാക്കുമിണ്ടുമന്നോ എനിക്കറിയില്ല. നിന്റെ മനസ്സിന്റെ നനവാര്‍ന്ന ഒരുകോണില്‍, സ്‌നേഹത്തിന്റെ പൈയ്‌തൊഴിയുന്ന മഴനൂലുകള്‍കൊണ്ട് എന്നെ ബന്ധിക്കുന്നിടത്തോളം എന്റെ മനസ്സില്‍ ഞാന്‍ താലോലിച്ച നീലമേഘങ്ങള്‍ ഒഴുകി നടക്കും. വെള്ള അരയന്നങ്ങള്‍ ചാമരം വീശുന്ന നിന്റെ കണ്ണുകളുടെ അഗാധതയിലേക്ക് നോക്കി ഞാന്‍ എന്റെ ഓണാശംസ കുറിക്കട്ടെ.

ഓര്‍മ്മകള്‍ ഊഞ്ഞാലാടുന്ന മനസ്സിന്റെ തളിര്‍ ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മ്മകളുമായി വീണ്ടുമൊരു പൂക്കാലം വരവായി. കൈവിട്ടുപോയ ബാല്യത്തിന്റെ നനുത്ത മൂടല്‍ മഞ്ഞിനപ്പുറത്തെവിടനിന്നോ പൂവിളികേട്ടുണരുന്ന പ്രഭാതങ്ങളും, പപ്പടത്തിന്റെ പരിമളം മണക്കുന്ന പകലുകളും, ഊഞ്ഞാല്‍‌പാട്ടുകളൊഴുകിയെത്തുന്ന പുഷ്പസുഗന്ധികളായ സന്ധ്യകളും, ഓണനിലാവിനു കുളിരേകുന്ന തിരു‌വാതിര പാട്ടിന്റെ ശീലുകളും അനേകമനേകം അടരുകള്‍ക്കപ്പുറത്തുന്നിന്നും മനസ്സിലേക്ക് വന്നണയുകയായി.

തിരുവോണപുലരി പൊന്നിന്‍പ്രഭചൊരിഞ്ഞ് കിഴക്കേമാനത്ത് രക്തസിന്ദൂരം വാരിവിതറുമ്പോള്‍, കുളിച്ച് കുറിതൊട്ട്, ഓണപുടവയുടുത്ത്, മുറ്റത്തെ ചാണകം മെഴുകിയ കളത്തില്‍ ആവണിപലകയിട്ട് കത്തിച്ച നിലവിളക്കിന്റെ ഭദ്രദീപത്തിനുമുന്നില്‍ മുക്കുറ്റിയും, തുമ്പയും, ചെമ്പരത്തിയും വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുകയായി. പപ്പടത്തിന്റെയും, ഉപ്പേരിയുടേയും പരിമളം ഒഴുകിയെത്തുന്ന മാവിന്‍ ചുവട്ടില്‍, സ്വര്‍ണ്ണനൂലുകള്‍ ഇഴപിരിച്ച ഊഞ്ഞാലില്‍ ആടി കാണാകൊമ്പിലെ ഇലകടിച്ചെടുക്കാന്‍.പിന്നെ തൂശനിലതുമ്പില്‍ വിളമ്പിയ പച്ചടി, കിച്ചടി, അച്ചാറ്, അവിയല്‍ തോരന്‍, ഓലന്‍, തിയ്യല്. തുമ്പപ്പൂചോറില്‍ പരിപ്പൊഴിച്ച്, പപ്പടം പൊടിച്ച് നെയ്യും ചേര്‍ത്ത് വിഭവസമ്യദ്ധമായ സദ്യ. സാമ്പാറ്, പുളിശ്ശേരി, പച്ചമോര്, അവസാനം മധുരം കിനിയുന്ന പാല്‍പ്പായസം. ഊണുകഴിഞ്ഞ് വീണ്ടും ഊഞ്ഞാല്‍ ചുവട്ടിലേക്ക്. ആട്ടവും, പാട്ടും, കളികളുമായി വീണ്ടും ഒരു ഓണം. ഗ്രഹാതുരതയുടേയും സന്തോഷത്തിന്റെയും സമ്മിശ്രമായ ഈ ഓണനാളുകളില്‍ ഒത്തിരി സ്നേഹത്തോടെ ഒരായിരം സ്നേഹാദരങ്ങളോടെ എന്റെ സ്‌നേഹത്തിന് ഹ്യദയം നിറഞ്ഞ ഓണാശംസകള്‍ ...!

സസ്‌നേഹം നിന്റെ സ്വന്തം ഞാന്‍

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories4 comments: to “ സസ്‌നേഹം നിന്റെ സ്വന്തം ഞാന്‍

 • Prasanth. R Krishna
  Thursday, September 11, 2008 9:11:00 AM  

  ഓര്‍മ്മകള്‍ ഊഞ്ഞാലാടുന്ന മനസ്സിന്റെ തളിര്‍ ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മ്മകളുമായി വീണ്ടുമൊരു പൂക്കാലം വരവായി. കൈവിട്ടുപോയ ബാല്യത്തിന്റെ നനുത്ത മൂടല്‍ മഞ്ഞിനപ്പുറത്തെവിടനിന്നോ പൂവിളികേട്ടുണരുന്ന പ്രഭാതങ്ങളും, പപ്പടത്തിന്റെ പരിമളം മണക്കുന്ന പകലുകളും, ഊഞ്ഞാല്‍‌പാട്ടുകളൊഴുകിയെത്തുന്ന പുഷ്പസുഗന്ധികളായ സന്ധ്യകളും, ഓണനിലാവിനു കുളിരേകുന്ന തിരു‌വാതിര പാട്ടിന്റെ ശീലുകളും അനേകമനേകം അടരുകള്‍ക്കപ്പുറത്തുന്നിന്നും മനസ്സിലേക്ക് വന്നണയുകയായി.

 • നിരക്ഷരന്‍
  Friday, September 12, 2008 2:08:00 PM  

  ഓണക്കത്ത് വായിച്ചു. :)

  ഓണാശംസകള്‍......

 • മാണിക്യം
  Tuesday, September 23, 2008 7:11:00 AM  

  കടലുകള്‍‌ക്ക് ഇക്കരെ ഓണാവധിയില്ലായിരുന്നു,
  ഉത്രാടത്തിനും തിരുവോണത്തിനും ജോലി,

  കാലത്തെ ജോലിയ്ക്കിടയില്‍ മനസ്സില്‍ പൂ‍ക്കളമിട്ടൂ..തൃക്കാക്കരയപ്പനെ പൂജിച്ചു.. തൂശനില മുറിച്ചൂ .. തുമ്പപ്പൂ ചോറും നാലുകൂട്ടം പായസങ്ങളും കറികളും ..
  മനസ്സ് പപ്പടം പോലെ പൊള്ളി......
  എങ്കിലും മനസ്സ് ഊഞ്ഞാലാടി ..

  നാട്ടിലേ ഓണം കേമം ആയീന്ന് അറിയാം

 • അപ്പു
  Tuesday, September 23, 2008 8:29:00 AM  

  വൈകിയാണെങ്കിലും ഓണാശംസകള്‍!