Search this blog


Home About Me Contact
2008-07-26

ഉടഞ്ഞ കിനാവുകള്‍  

എന്റെ പാവം മനസ്സ്
നീ കാണാതെ പോയി
സ്വപ്നങ്ങളുടെ കഴുത്തറുത്ത്
കൊന്നുതള്ളാന്‍ മനസ്സ് വന്നില്ല
എന്നെ അറിഞ്ഞിട്ടും
അന്ധനായ് നടിച്ചു നീ
എന്നിട്ടും നിനക്കു മുന്നില്‍
ഞാന്‍ എന്റെ മനസ്സു തുറന്നു

വിടപറയാനായിരുന്നു നിനക്കു തിടുക്കം
കാണാതെ പോയി എന്റെ പാവം മനസ്സിനെ
യാത്രാമൊഴി പറയുമ്പോള്‍
മനസ്സറിയാതെ ഒന്നു പിടച്ചുവോ?
വേദനിപ്പിച്ചുവോ എന്ന ഉപചാര വക്കിന് ‌
എന്തുത്തരം നല്കണം ഞാന്‍
വാക്കുകള്‍കൊണ്ട് എനിക്ക്
നിന്നെ മുറിപ്പെടുത്തേണ്ട
എന്തിന് പാവം നിന്റെ മനസ്സിനെ
ഞാന്‍ വേദനിപ്പിക്കണം

നീ മറക്കാന്‍ ശ്രമിക്കുന്ന നിന്റെ ലോകം
മാറ്റാന്‍ ശ്രമിക്കുന്ന നിന്റെ മനസ്സ്
എല്ലാം അറിയുമ്പോള്‍ നിന്നെ
അറിയാതിരിക്കാന്‍ എനിക്കു വയ്യ
തിരികെ നടന്നകലുന്നതിന്‍ മുമ്പ്
അനുവാദമില്ലാതെ കണ്ട കിനാവുകള്‍
അറിയാതെ കണ്ണീരായ് തുളുമ്പിയോ?
അതു നീ കാണാതെ പോയോ?

ഒരു വാക്കുമിണ്ടാന്‍ കഴിയാതെ ഞാന്‍
യാത്ര ചോദിക്കാന്‍ മടിച്ചു നീ
വരുമന്ന പ്രതീക്ഷയില്‍ വീണ്ടുമീ തീരത്ത്
പകലു വറ്റുന്നതും കാത്തിരിക്കുന്നു ഞാന്‍
നിറയുന്നു നീ എന്നില്‍, നിന്‍ മിഴികളില്‍
തുളുമ്പുന്ന കണ്ണുനീര്‍ തുള്ളിപോലെ

2008-07-25

വിഡ്ഡിവേഷം  

ഇന്ന്,
എനിക്കും നിനക്കുമിടയില്‍
അനന്തമായ അകലം
മൗനം നമ്മുടെ നിമിഷങ്ങളെ
വിഴുങ്ങുമ്പോള്‍, നീയും ഞാനുമറിയുന്നു
നഷ്ടപ്പെട്ട ജന്മങ്ങളാണന്ന്


ഇന്ന്,
എന്റെ വക്കുകകള്‍ ശബ്ദമില്ലാതെ
തൊണ്ടയില്‍ കുരുങ്ങി മരിക്കുന്നു
പരസ്പരം ബോധിപ്പിക്കുന്ന
വക്കുകളില്‍ കനംതൂങ്ങുന്ന ചിന്തകള്‍

ഞാന്‍,
ആടികഴിഞ്ഞ കഥാപാത്രം
ഇനി വേഷമഴിക്കാനുള്ള സമയം
മുടിഅറുത്തുമാറ്റി
എന്റെ വേഷമഴിച്ചുവയ്ക്കാം
കൂത്തരങ്ങിലെ, ചമയങ്ങളില്ലാത്ത
വെറും വിഡ്ഡിവേഷം

2008-07-24

കോലക്കുഴല്‍വിളി  

രാമാ,

ഒരു മാത്ര നീ ഒന്നു കേള്‍ക്കൂ
നിനക്കായ് പൊഴിക്കുമീ വേണുഗാനം
കാളിന്ദീ തീരത്ത് ഗോക്കളെ പായ്ക്കുമീ
ക്യഷ്‌ണന്റെ കോലക്കുഴല്‍ വിളികേട്ടീലയോ?

കരുണ ചെയ്‌വാനെന്തേ താമസം
നീ എന്‍ സോദര സഖിയല്ലേ?
ഇണപിരിയാന്‍ കഴിയാത്തൊരീ ജന്മം
ഒരുനോക്കു കാണാന്‍ കഴിവീലയോ?

വ്യന്ദാവനത്തിലെ കൊഴിയുമീ പൂക്കള്‍
ഇനി വിടരുമോ നമുക്കായ് വീണ്ടും.
പുഞ്ചിരി വിടരുമാ ചെന്തളിര്‍ ചുണ്ടില്‍
പുഞ്ചിരി ഒന്നെനിക്കായ് കരുതി വയ്‌ക്കൂ
പകുത്തെടുക്കും ജന്മങ്ങളിലൊന്നില്‍
നീ എനിക്കായ് മാത്രം പിറക്കുക

2008-07-23

നിനക്കായ് മാത്രം  

മണിരത്നവും ഏ ആര്‍ റഹ്മാനും ചേര്‍ന്നൊരുക്കിയ “ദില്‍സേ“ എന്ന ചിത്രത്തിനു വേണ്ടി ഉദിത്‌ നാരായണ്‍ പാടിയ ഗാനം സുഹ്യത്ത് കിരണ്‍സിന്റെ ശബ്ദത്തില്‍. എന്തുകൊണ്ടോ നൊസ്റ്റാള്‍ജിയയുടേയും വിരഹത്തിന്റെയും ഒറ്റപ്പെടലിന്റെയും ഒക്കെ ഒരു പ്രത്യേക മൂഡ്‌ സൃഷ്ടിക്കാനുള്ള മാസ്മരികമായ ഒരു കഴിവ്‌ ഈ ഗാനത്തിനുണ്ട്.



പ്ലേയര്‍ വഴി കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ നിന്നും ഡൗണ്‍ലോഡുചെയ്യാം.

2008-07-22

എന്റെ യാത്രാമൊഴി  

ഞരമ്പിലോടുന്ന കറുത്ത രക്തം
തണുത്തുറഞ്ഞ് കട്ടപിടിക്കും മു‌മ്പേ
അവശേഷിക്കുന്ന എന്റെ സ്വപ്‌നങ്ങളെ
മൂടാന്‍ എനിക്കൊരു മഞ്ഞ പട്ടുവേണം.

എള്ളും അരിയും വാരിയൂട്ടി
ചന്ദന മുട്ടികളില്‍ ദര്‍ഭ വിരിച്ച്
എനിക്കവസാന കിടക്കയൊരുക്കി
എള്ളും നെയ്യും ഒഴിച്ച് സ്‌‌പുടം ചെയ്യുന്ന
ഹോമാഗ്നി എന്റെ കോശങ്ങളില്‍ പടര്‍ന്ന്
അഗ്നിയും വായുവും ഇണചേരുന്ന
സ്വര്‍ഗ്ഗീയാനുഭൂതിയാണിന്നെന്റെ സ്വപ്നം

വിടര്‍ന്നു വരുമൊരു പനിനീര്‍ പൂവായ് നീ
വറ്റി വറുതിയായ് മ്യതമായ് ഞാന്‍
സ്വപ്നങ്ങളെല്ലാമുടച്ചുഞാനെന്റെ
യാത്രക്കൊരുങ്ങട്ടെ കാണില്ലിനി നമ്മള്‍

2008-07-21

ഹെയര്‍ബാന്‍ഡുണ്ടാക്കാന്‍, ഉപയോഗിച്ച ഗര്‍ഭ നിരോധന ഉറകള്‍  

ചൈനീസ് ഉല്പന്നങ്ങള്‍ക്കൊക്കെ എന്താ ഒരു വിലക്കുറവ്; കേരളത്തിലാണങ്കില്‍ ഇപ്പോള്‍ മുക്കിന് മുക്കിന് ചൈനീസ് കടകളും. ഉല്‍‌പാദന ചെലവിലെ കുറവാണ് ഇവരുടെ ഉല്പന്നങ്ങളുടെ വിലക്കുറവിന് പിന്നിലെന്നു മേനിപറയാന്‍ വരട്ടെ; ഹെയര്‍ബാന്‍ഡുണ്ടാക്കാന്‍ ചൈനയില്‍ ഉപയോഗിക്കുന്ന രഹസ്യ റോമെറ്റീരിയലിനെകുറിച്ചുള്ള യാഥാര്‍ത്യം കുറച്ചുനാള്‍ മുമ്പ് പുറത്തുവന്നു. ഉപയോഗിച്ച ഗര്‍ഭ നിരോധന ഉറയാണത്രെ ഇതിനുള്ള ക്യത്രിമ വസ്തു.

ഉപയോഗിച്ചിരുന്ന കളര്‍ ഹെയര്‍ബാന്‍ഡിന്റെ മുകളിലെ നൂലുകള്‍ പൊട്ടിപ്പോയപ്പോള്‍ ഉള്ളിലുള്ള റബ്ബര്‍ കണ്ട് ഒരു വനിതക്ക് സംശയം. ഇത് എവിടയോ കണ്ടിട്ടുള്ള നിറമാണല്ലോ എന്ന്. പിന്നെ വിശദമായി പരിശോധിച്ചപ്പോഴാണ് സംഗതി ഉറയുടേതാണന്ന് പിടികിട്ടിയത്.

ചൈനയുടെ ഉപഭോക്‌ത്യ ഉല്പന്നങ്ങളില്‍ പകുതിയും അപകടകാരികള്‍ ആണന്ന് കഴിഞ്ഞവര്‍ഷം യൂറോപ്യന്‍ യൂണിയന്‍ (ഇയു) വാര്‍ഷിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയത് വന്‍ വാര്‍ത്തയായിരുന്നു. ഫിന്നിഷ് പട്ടികുട്ടികളെയും പ്ലാസ്റ്റിക് ഡക്കുകളെയും നിര്‍മ്മിക്കാനുപയോഗിക്കുന്ന ക്യത്രിമ വസ്തുക്കളുടെ ഉറവിടം വ്യക്തമല്ലന്ന് ഇയു ആരോപിച്ചിരുന്നു. ഉറ ഉപയോഗിച്ചുള്ള ഹെയര്‍ബാന്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ യാഥാര്‍ത്യമാണങ്കില്‍ ഇത് കടുത്ത ആരോഗ്യ പ്രശ്നമാണ് ഉയര്‍ത്തുന്നത്. എച്ച്. ഐ. വി ഉള്‍പ്പെടയുള്ള രതിജന്യരോഗങ്ങള്‍ വ്യാപിക്കാന്‍ ഇത് ഇടയാക്കുമന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.

വാര്‍ത്ത ഇവിടെ
മലയാള മനോരമ, ജൂലൈ 23, 2008

വാര്‍ത്ത ഉയര്‍ത്തുന്ന ചോദ്യങ്ങള്‍


ചോദ്യം. 1.

വ്യാവസായിക അടിസ്ഥനത്തില്‍ ഹെയര്‍ബാന്‍ഡ് ഉണ്ടാക്കാന്‍ മാത്രം ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ എവിടെനിന്നും ശേഖരിക്കപ്പെടുന്നു?

ചോദ്യം. 2.

ഉപഭോക്യത വസ്തുക്കളുടെ വ്യവസായത്തില്‍ ലോകരാജ്യങ്ങളെ പിന്തള്ളി അതിവേഗം മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ അന്താരാഷ്‌ട്ര കുത്തക മാര്‍ക്കറ്റ് ഇടിക്കാനുള്ള ബോധപൂര്‍‌വ്വമായ ഒരുശ്രമമാണോ ഈ ഹെയര്‍ബാന്‍ഡ് കഥ?

2008-07-20

ലയനം  

എന്റെ വ്യന്ദാവനം
ഇന്ന്
ഓര്‍മ്മകളില്‍ നിന്നെ തിരയുകയാണ്
അതിന്റെ ഒരുകോണിലിരുന്ന്
ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയും
ഹ്യദയവും മനസ്സും രണ്ടാണന്നോ?

രാത്രികളില്‍
നിലാവ് വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍
നനഞ്ഞ പ്രഭാതങ്ങള്‍
വരണ്ട സായാഹ്‌നങ്ങള്‍
ഇവ മാത്രമാണ്
ഇന്നെന്റെ ജീവന്‍ പങ്കുവയ്‌ക്കുന്നത്
എനിക്കും നിനക്കുമിടയില്‍
അനന്തമായ അകലം

എങ്കിലും
നനുത്ത വിരലുകലള്‍കൊണ്ട്
നീയെന്റെ ഉള്ളുതൊട്ടുണര്‍ത്തുമ്പോള്‍
നിന്റെ അദ്യശ്യമായ സാമീപ്യം
ഞാനറിയുന്നു

പങ്കുവയ്‌ക്കുമ്പോള്‍
ശരീരം ഭൂമിക്കും
മനസ്സ് എനിക്കും ചേര്‍ത്തുവച്ച
നിന്റെ സൂര്യനേത്രം
എന്റെ ആകാശം നിറഞ്ഞുകത്തുകയാണ്
മനസ്സ് ഉരുകിയൊലിക്കുമ്പോള്‍
നിന്റെ സ്‌നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു

ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്
നിന്നെ മറക്കുകയെന്നാല്‍ മ്യതിയാണന്ന്
ഞാന്‍, നീ മാത്രമാണന്ന്

- നന്ദിത-

2008-07-19

നിനക്ക് എന്റെ ആരാകണം?  


പുനര്‍ജന്മം എന്ന ഒന്നുണ്ടങ്കില്‍
വരും ജന്മത്തില്‍ നിനക്ക് എന്റെ ആരാകണം?
ഒന്നുകില്‍ നീ എനിക്ക് ഊന്നുവടിയാകുക
അല്ലങ്കില്‍ നീ എന്‍ മകനായ് പിറക്കുക.

2008-07-18

യാത്ര  

യാത്ര അവസാനമില്ലാത്ത യാത്ര
പ്രിയ ഗുരു ഇന്നെന്റെ സാരഥി
ചീനയില്‍ നിന്നൊരു സഹയാത്രിക
ബുദ്ധന്റെ ചിരി കണ്ടു മടങ്ങുന്ന യാത്ര

ഓരോ യാത്രയുടെ അന്ത്യവും
പുതിയൊരു യാത്രയുടെ തുടക്കം
ഇരുട്ടു തിന്നുന്ന ഗുഹകളില്‍ കൂടി
ദ്രുതവേഗമുള്ളൊരു യാത്ര

കാണുന്നു ദൂരെ മലനിരകളില്‍
ചിരിമാഞ്ഞ്പോയൊരാ നിന്‍ മുഖം
നിന്റെ സൂര്യനേത്രത്തില്‍ നിന്നെന്‍
മുടിയിഴകളിലേക്കഗ്നി പടര്‍ത്തുക
സ്വപ്നങ്ങളില്ലാതെ വേപഥുകൊള്ളാതെ
എന്നേക്കുക്കുമായെനിക്കൊന്നുറങ്ങാന്‍

2008-07-17

കിളിവാതിലിലെ സ്‌നേഹത്തിന്റെ കൈയ്യൊപ്പ്  

ഞാന്‍ എന്നും ഒരു അടിമയാണ്. സ്‌നേഹത്തിന്റെയും സൗഹ്യദത്തിന്റയും അടിമ. എപ്പോഴങ്കിലും മനസ്സൊന്നിടറിയാല്‍, ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെട്ടാല്‍ ആരങ്കിലും ഒരാള്‍ കൂട്ടിന് വേണമന്ന് തോന്നിയാല്‍ മുരളിപൊഴിക്കുന്ന കള്ളചിരിയുമായ് നീയെന്റെ മുന്നിലവതരിക്കുന്നു. വര്‍ഷങ്ങള്‍കൊണ്ട് എല്ലാ സ്‌നേഹത്തില്‍ നിന്നും ഒഴിഞ്ഞുനില്‌കാനായിരുന്നു എനിക്കിഷ്‌ടം. സ്‌നേഹവും സൗഹ്യദവും ചോദിച്ചവര്‍, ജീവിതം ചോദിച്ചവര്‍ പിന്നെ എന്നെതന്നെ ചോദിച്ചവര്‍. എല്ലാവരയും എന്റെ ലോകത്തുനിന്നും വിലക്കി നിര്‍ത്തി. അടരാന്‍ മടിച്ച്‌ ഹൃദയത്തോടൊട്ടി ചേര്‍ന്നു കിടക്കുന്ന കുപ്പിച്ചില്ലുകള്‍ എല്ലാബന്ധങ്ങളില്‍ നിന്നും ആത്മാവിനെ സ്വയം അകറ്റിനിര്‍ത്തി. എന്നിട്ട് ഞാന്‍ എന്തുനേടി?. ഹ്യദയത്തില്‍ സ്‌നേഹത്തിന്റെ കൈയ്യൊപ്പുകോറിയിട്ട് പടിയിറങ്ങിപോയ ആത്മാവിനോടുള്ള പകപോക്കലോ? വിഷാദത്തിന്റെ ജ്വാലയുള്ള സമ്മാനങ്ങള്‍ തന്നിട്ട് എന്റെ ലോകത്ത് ശുന്യത നിറച്ചവരോടുള്ള പ്രതിഷേധമോ? അതോ സ്വയം ശിക്ഷിക്കലോ? ഉത്തരമില്ലാത്ത ഒരുസമസ്യ.

ഇന്ന് ഞാന്‍ മാറിയിരിക്കുന്നു. അല്ലങ്കില്‍ മാറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതാവും ശരി. ഇനി കണ്ണടച്ച് ഇരുട്ടാക്കാന്‍ വയ്യ. ഒരു ഹേമന്ദത്തിന്റെ എല്ലാസൗന്ദര്യത്തോടും നീ എന്റെ ലോകത്തേക്ക് കടന്നുവരുമ്പോള്‍ ഏകാന്തതയുടെ ശൂന്യത കണ്ട്‌ സങ്കടപ്പെട്ടിരുന്ന ഒരു കാലത്ത്‌ നിന്നും എന്റെ യാത്ര ആരംഭിക്കയാണ്. കീറിപോയ ആത്മപുസ്തകത്തിന്റെ താളുകള്‍ ഒരുമിച്ച്‌ ചേര്‍ക്കാന്‍ ശ്രമിക്കു‌മ്പോള്‍ എങ്ങിനെ എനിക്കു നിന്നെ ഉപേക്ഷിക്കാനാവും. ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു ഭൂഖണ്ഡത്തില്‍നിന്നും നീ എനിക്കായ് പാടുന്നു. ഒരിക്കലും തമ്മില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നങ്കിലും കാണാന്‍ കഴിയുമോ എന്നും അറിയില്ല. ഒര്‍കുട്ടില്‍ തുടങ്ങിയ പരിചയം, ജിടോക്കിലൂടെ പരസ്‌പരം പങ്കുവച്ച് നമ്മുടെ ഹ്യദയങ്ങള്‍ തമ്മിലടുക്കുമ്പോള്‍ ഏതോ ഒരു കാന്തിക പ്രഭാവം നമ്മളെ വലയം ചെയ്യുന്നത് ഞാനറിയുന്നു. പലപ്പോഴും നീ എന്റെ ആരാണന്ന് മനസ്സിനോടുചോദിക്കയാണ്. എത്ര കൂട്ടിയാലും കിഴിച്ചാലും കിട്ടുന്നത് ഒറ്റ ഉത്തരം. നീ എന്റെ ആരല്ലാമോ ആണ്. അത് അങ്ങിനെതന്നെ ഇരുന്നോട്ടെ. എന്നങ്കിലും തമ്മില്‍ കാണു‌മ്പോള്‍ തരാനായ് നീ അതിന്റെ ഉത്തരം കരുതിവയ്‌ക്കുക.

2008-07-16

പൊട്ടിച്ചെറിഞ്ഞ മണിതാലി  

എന്തിനു വലിച്ചിഴച്ചെന്‍ കണ്ണനെ
നിന്‍ താലിചരടിന്‍ തുമ്പിനാല്‍
കുരുക്കിട്ടു നിന്‍ കഴുത്തില്‍ കെട്ടും മുമ്പെന്തിനു
പൊട്ടിച്ചെറിഞ്ഞു നീയാ മണിതാലി
രക്തസുന്ദൂരം കൊണ്ടാ സീമന്തരേഖയി
ലൊരുകുറി വരച്ചു നിന്നെ സ്വന്തമാക്കാന്‍
കാത്തിരുന്നു, എന്റെ കണ്ണന്‍

പങ്കുവയ്‌‌ക്കുമ്പോള്‍ ശരീരം രാധക്കും
മനസ്സ് പാവമീ കുചേലനും
പ്രാണന്‍ യശോദക്കും കാത്തുവച്ചൊരന്‍
കണ്ണന്റെ ഉഷ്‌ണമാപിനികളില്‍
കാളീയ വിഷം കലര്‍ത്താന്‍
ശോഭിതയായ്
വന്നൊരു പൂതനയോ നീ
ശൂന്യമാഹ്യദയം നൊന്തെന്‍ ക്യഷ്‌ണന്‍ ശപിച്ചാല്‍
ഗംഗയില്‍ മുങ്ങിയാലും കിട്ടില്ല
ശാപമോക്ഷമീ ജന്മമെന്നോര്‍ക്കുക

ഇന്നലെ തുളുമ്പാതെ നിറഞ്ഞ എന്‍‌കണ്ണന്റെ
സൂര്യനേത്രങ്ങളില്‍
ഒരു മുത്തം നല്‌കാന്‍ കഴിഞ്ഞീല
തൊണ്ടയില്‍ കുരുഞ്ഞി പിടഞ്ഞൊരാ തേങ്ങല്‍
കേള്‍ക്കാതെ പോയൊരെന്‍ കാതുകള്‍
ഹ്യദയരക്‌തത്താല്‍ നിന്‍ പാദങ്ങള്‍ കഴുകി
കാണിക്ക വയ്‌ക്കാന്‍
കല്ലും നെല്ലും ചേര്‍ന്നൊരവല്‍പൊതി മത്രമേ
ഈ കുചേലന്റെ ശുന്യഹസ്‌തങ്ങളില്‍
കരുതിയുള്ളൂ

ചെങ്കോലും കിരീടവുമണിഞ്ഞ്, രാധാസമേതനായ്
മേവുമെന്‍ കണ്ണനെ കണ്ടൊന്നുറങ്ങാന്‍
ഇനി എത്രകാതം താണ്ടണം കണ്ണാ
പിന്നെത്ര മഴ ഞാന്‍ നനയണം

2008-07-15

വരും ജന്മങ്ങളിലൊന്നില്‍ നീ എനിക്കായ് പിറക്കുക  

ഉറക്കം വരാതെ കണ്ണടച്ചുകിടന്ന ഇന്നലത്തെ രാത്രിയില്‍ എന്‍റെ ജനാലക്കല്‍ വന്ന് എന്നെ മുട്ടിവിളിച്ചത്, എന്നെ തേടിവന്ന നിന്‍റെ ആത്മാവാണ്. കഴിഞ്ഞപൊന്നിന്‍ ചിങ്ങത്തിലെ തെളിമയുള്ള പ്രഭാതങ്ങളിലൊന്നില്‍ അനുവാദം കൂടാതെ നീ എന്‍റെ ആത്മാവിനെ തൊട്ടുവിളിച്ചപ്പോള്‍, ഞാന്‍ പോലുമറിയാതെ എന്‍റെ സ്വപ്‌നങ്ങള്‍ പുനര്‍ജ്ജനിച്ചു. മു‌മ്പെന്നോ അറിഞ്ഞോ അറിയാതയോ കൈമോശം വന്നുപോയ സാഹോദര്യത്തിന്‍റെ ഊഷ്‌മളതയുള്ള സൗഹ്യദം വീണ്ടും ഞാന്‍ അനുഭവിക്കുകയായിരുന്നു. പിന്നെ നിന്‍റെ അദ്യശ്യമായ സന്നിധ്യമായിരുന്നു എന്‍റെ ദിനരാത്രങ്ങള്‍ക്ക് ജീവനേകിയത്. നെഞ്ചിലെ ചൂടാല്‍ ഞാന്‍ നിനക്കു കൂടുകൂട്ടി. നീലിമയാര്‍ന്ന എന്‍റെ സ്‌നേഹത്താല്‍ ഞാന്‍ നിന്നെ പുതപ്പിച്ചു. മാനം കാണാതെ പുസ്‌തകത്താളിലൊളിപ്പിച്ച മയില്‍‌പീലി തുണ്ടുകള്‍കൊണ്ട് നിന്നെ തഴുകി ഉറക്കി. കടന്നുപോയ ഏതാനും മാസങ്ങള്‍കൊണ്ട് നമ്മള്‍ സൗഹ്യദം ആഘോഷിക്കയായിരുന്നു. ഇണങ്ങിയും പിണങ്ങിയും സ്‌നേഹിച്ചും കുറ്റപ്പെടുത്തിയും നമ്മള്‍ നമ്മുടേതായ ഒരുലോകം തീര്‍ത്തെടുക്കുകയായിരുന്നു. വേനല്‍മഴയുടെ കുളിരില്‍ വിരിയുന്ന പൂക്കള്‍പോലെ അവയും കൊഴിയുകയായി.

ഇന്ന്, ഉടഞ്ഞുപോയ എന്‍റെ കണ്ണാടിക്കുള്ളില്‍ നിന്‍റെ രൂപമില്ലാത്ത പ്രതിബിംബം ഞാന്‍ കാണുന്നു. ഇനി എന്നങ്കിലും എനിക്ക് നീയാവാനും, നിനക്ക് ഞാനാവനും കഴിയുമോ? ആര്‍ക്കും ആരുടേതുമാകാന്‍ കഴിയില്ലന്ന് തിരിച്ചറിയുന്ന നിസഹായമായ ഈ നിമിഷങ്ങളില്‍ ഞാന്‍ ആഗ്രഹിക്കയാണ്, പകുത്തെടുക്കാന്‍ കാത്തിരിക്കുന്ന ജന്മങ്ങളിലൊന്നില്‍ നീ എനിക്കായ് പിറക്കുക.....

2008-07-14

എന്റെ സ്‌‌നേഹത്തിന്  

ഇന്ന് ഞാന്‍ മരിക്കയാണ് എങ്കില്‍, ചലനമറ്റ എന്റെ ശരീരം കാണാന്‍ നീ വരരുത്. കാരണം നിറഞ്ഞുതുളുമ്പുന്ന നിന്‍റെ കണ്ണീര്‍ മുത്തുകളില്‍ എന്‍റെ രൂപം പ്രതിഫലിച്ചുകൂടാ. ഒരിക്കലും കണ്ടിട്ടില്ലാത്ത നിന്‍റെ മനസ്സില്‍ എന്നും എന്‍റെ ജീവനുള്ള മുഖം മാത്രം മതി. കഴിഞ്ഞ പൊന്നിന്‍ ചിങ്ങത്തിലെ പ്രഭാതങ്ങളിലൊന്നില്‍, ജന്മാന്തരങ്ങളുടെ ഗന്‌ധമുള്ള സ്‌നേഹവുമായ് നീ കൂടുകൂട്ടിയത് എന്‍റെ ഹ്യദയത്തിലാണ്. അന്നുമുതല്‍ എന്‍റെ നീലാകാശത്ത് തെളിഞ്ഞുകത്തുന്ന ശുക്രനക്ഷത്രം നീയാണ്. മറവിയുടെ മേച്ചില്‍‌പുറങ്ങളിലേക്കുതിര്‍ക്കുന്ന ഓര്‍മ്മകളും, സ്വപ്‌നങ്ങളെ ഉറക്കുന്ന ആത്മാവിന്റെ തേങ്ങലുകളും പകുത്തെടുത്തപ്പോള്‍ ഞാന്‍ നിന്‍റെതും നീ എന്‍റെതും മത്രമാകുകയായിരുന്നു. ഇന്ന് അക്‌ഞാതമായ ഒരു ഭൂഖണ്ഡത്തില്‍ പ്രണയിനിക്കായ് നീ ശരീരം പങ്കുവെയ്‌ക്കുമ്പോള്‍, ഇവിടെ അമ്പാടിയുടെ ഒരുകോണില്‍, വേനല്‍‍ മഴയുടെ ഈറന്‍പോലെ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍കൊണ്ട് നിറയുകയാണ് എന്റെ മനസ്സ്......

2008-07-13

ഹ്യദയത്തിനുമുകളില്‍ വീണ ദൈവ്വത്തിന്റെ കൈയ്യൊപ്പ്  

നീ വിരലുകള്‍ കൊണ്ട് എഴുതിയത് എന്‍റെ ഹ്യദയത്തിന്റെ മുകളിലായിരുന്നു. രക്തവര്‍ണ്ണത്തില്‍ കോറിയിട്ട ഓരോ വാക്കുകളും ചിതറിവീണ മഞ്ചാടികുരുക്കള്‍പോലെ ആരാലും പെറുക്കിവയ്ക്കപ്പെടാത്ത ഒന്നായ് ഹ്യദയത്തില്‍ തന്നെ സൂക്ഷിക്കയാണ്. ഇനി ഒരിക്കല്‍ നീ മായ്‌ക്കാന്‍ ശ്രമിച്ചാലും, നിന്‍റെ ഹ്യദയത്തിനുമുകളില്‍ വീണ ദൈവ്വത്തിന്റെ കൈയ്യൊപ്പുപോലെ അത് മായാതെ അങ്ങനെ കിടക്കും.

എന്നും എനിക്കുനിന്നെ ഇഷ്‌ടമാണന്നു പറയുമ്പോള്‍ ആ ഇഷ്‌ടത്തിലെ ഇഷ്‌‌ടം നീ അറിഞ്ഞിരുന്നുവോ? ഓരോപ്രഭാതത്തിലും നീ എന്നെ നിദ്രയില്‍ നിന്നുണര്‍ത്തി പ്രണയത്തിലേക്ക് കൂട്ടികൊണ്ട്പോകുമ്പോള്‍ നീ എന്‍റെ മാത്രം എന്നു വിശ്വസിക്കാനായിരുന്നു എന്‍റെ ഇഷ്‌ടം. ധ്യതരാഷ്‌ട്രാലിംഗനം പോലെ എന്‍റെ സ്‌നേഹം നിന്നെ ശ്വാസം മുട്ടിക്കുന്നു എന്നു നീ പറഞ്ഞപ്പോള്‍, എന്‍റെ സ്‌നേഹം നിനക്ക് എത്രത്തോളം ഭാരമായിരിക്കുന്നു എന്നു ഞാന്‍ അറിയുകയായിരുന്നു. നിനക്കെന്നും വെളുത്തപൂക്കളോടായിരുന്നു ഇഷ്‌ടം. എനിക്ക് എന്നും ചുവന്ന പൂക്കളോടും...എന്തുകൊണ്ട് ഞാന്‍ ചുവന്ന പൂക്കളെ ഇഷ്‌ടപ്പെടുന്നുവന്ന് നിനക്കറിയുമോ?.....എന്‍റെ രക്തത്തില്‍ നീ അലിഞ്ഞുചേര്‍ന്നിരിക്കുന്നതുകൊണ്ട്...
-കടംകൊണ്ട വാക്കുകള്‍ക്ക് കടപ്പാട്-

2008-07-12

നിന്നെ ഞാന്‍ സ്നേഹിക്കുന്നു…  

നീ ചിന്തിക്കുന്നു
നിനക്കു കിട്ടാത്ത സ്നേഹത്തെ കുറിച്ച്‌.
നിനക്ക്‌ ഭൂമിയാണ്‌ മാതാവ്‌
നിന്നെ കരള്‍ നൊന്തു വിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അകലുകയാണ്‌.
പിതാവിനെത്തേടി,
മാതാവിനെ ഉപേക്ഷിച്ച്‌…..
ഹേ മനുഷ്യാ നീ എങ്ങോട്ടുപോയിട്ടെന്ത്‌?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു…
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട്‌ ക്ഷമിക്കൂ.

  • 1886
- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

2008-07-11

മൃതി  

ഉഷ്ണമാപിനികളിലൂടെ ഒഴുകുന്ന രക്തം
തലച്ചോറില്‍ കട്ട പിടിക്കുന്നതിനു മുന്‍പ്‌
എനിക്ക്‌ ശ്വസിക്കാനൊരു തുളസിക്കതിരും
ഒരു പിടി കന്നിമണ്ണും തരിക.
ദാഹമകറ്റാന്‍ ഒരിറ്റ്‌ ഗംഗാജലം
അടഞ്ഞ കണ്ണുകളില്‍ തേഞ്ഞുതുടങ്ങുന്ന
ചിന്തകളെ പുതപ്പിക്കാന്‍
എനിക്ക്‌ വേണ്ടതൊരു മഞ്ഞപ്പട്ട്‌.
തല വെട്ടിപ്പൊളിക്കാതെ
ഉറഞ്ഞു കൂടിയ രക്തം ഒഴുക്കിക്കളയാന്‍
നെറ്റിയില്‍ മഴമേഘങ്ങളില്‍ പൊതിഞ്ഞൊരു കൈത്തലം
എള്ളും എണ്ണയുമൊഴിച്ചെന്റെ ചിതയെരിയുമ്പോള്‍
അഗ്നി ആളിപ്പടരാന്‍, വീശിയറ്റിക്കുന്ന കാറ്റായ്‌
ജ്വലിക്കുന്നൊരു മനസ്സും.
കാറ്റും അഗ്നിയും ചേര്‍ന്നലിഞ്ഞ്‌
ഓരോ അണുവിലും പടര്‍ന്നു കയറട്ടെ.
ആ ജ്വാലയാണിന്നെന്റെ സ്വപ്നം.

  • 1992

- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

2008-07-10

മൂഢത  

നിന്റെ മൂഢതയോര്‍ത്ത്‌
ലോകം അട്ടഹസിക്കുന്നു;
നിന്നെ ഭ്രാന്തിയെന്നു വിളിക്കുന്നു.
ആ കൂര്‍മ്മ നേത്രങ്ങള്‍ ഒന്നും കാണുന്നില്ല.
നിന്നെയവര്‍ കാണുന്നില്ല.
നീ അകലെയാണ്‌
ആയിരം കാതങ്ങള്‍ക്കുമപ്പുറത്ത്‌.
അവരുടെ കണ്ണുകള്‍ നിന്നെ കാണുമ്പോള്‍
നീ അട്ടഹസിക്കുകയാണ്‌.
നിന്റെ മൂഢതയോര്‍ത്തല്ല;
അവരുടെ മൂഢതയോര്‍ത്ത്‌…

  • 1986
- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

2008-07-09

മരണം  

വേദനയുടെ ചാലുകള്‍ കീറി
മനസ്സിലൊഴുക്കിയ നീരത്രയും വലിച്ചെടുത്ത്‌
വിരിഞ്ഞൊരു താമരപ്പൂവ്‌;
തിരിച്ചറിവിന്റെ സന്തതി
മൂര്‍ച്ഛിച്ചു വീണ മാതാവിന്റെ കണ്ണുകളില്‍
മരണം.
പൊട്ടിച്ചിരിക്കുന്ന താമരപ്പൂവിന്‌
ജ്വാല പകരുന്ന സൂര്യന്‍,
ഇനി കത്തിയമരാനുള്ള ഊഴം
നമ്മുടെ മനസ്സുകള്‍ക്ക്‌.

  • 1993 June 26
- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

2008-07-08

മഞ്ഞ്‌ പെയ്യാത്ത ഡിസംബര്‍  

മഞ്ഞ്‌ പെയ്യാത്ത ഡിസംബര്‍
തണുത്തുറയാത്ത നെയ്യ്‌
നിറതിരി പടര്‍ന്നുകത്തുന്ന നിലവിളക്ക്‌
തുളസിത്തറയില്‍ ഉഷ്ണം പെറ്റുപെരുകുന്നു
എന്റെ തളിര്‍ വാടകക്ക്‌ നീറുന്നു
രക്തസിന്ദൂരം ചാര്‍ത്തി നിറഞ്ഞുപൂക്കാന്‍
ഞാനവളോട്‌ പറഞ്ഞില്ല.
ഡിസംബറിന്റെ ഉഷ്ണം അവളെ അലട്ടുന്നുണ്ടാവാം.
പക്ഷേ
എനിക്ക്‌ ക്രൂരയായേ പറ്റൂ
കാലത്തിലൂടെ പിറകോട്ട്‌ പോവാന്‍
ഞാനവളോട്‌ എങ്ങിനെ പറയും?…

  • 1993 ഡിസംബര്‍ 4
- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

2008-07-07

മടക്കയാത്ര  

ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത്‌ നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക്‌ പടരുന്ന അഗ്നിയുമെന്നോട്‌ പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്‌
ഞാനിനി തിരിച്ചു പോകട്ടെ

  • 1992

- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല-

2008-07-06

വരിക നീ കണ്ണാ....  

ദാഹിക്കുന്നു…
നീട്ടിയ കൈക്കുടന്നയില്‍ തീര്‍ത്ഥമായി
ഒരു തുള്ളി കനിവ്‌ നല്‍കുക,
കണ്ണുകളില്‍ പുഞ്ചിരി നിറച്ച്‌
നെറുകയില്‍ ചുണ്ടുകള്‍ ചേര്‍ത്ത്‌
വിഹ്വലതകള്‍ ഒപ്പിയെടുക്കുക.
സ്നേഹത്തിന്റെ കര്‍പ്പൂരം
കണ്ണുകളിലേക്ക്‌ പകര്‍ന്ന് തന്ന്
പെയ്യാത്ത കണ്ണുനീര്‍ ചാലിട്ടൊഴുക്കുക
പെയ്തൊഴിയുന്ന അശാന്തിയാല്‍
ദാഹം ശമിപ്പിക്കാന്‍
വരിക നീ കണ്ണാ ദാഹിക്കുന്നു…

  • 1993
- നന്ദിത ഈ കവിതക്ക്‌ തലക്കെട്ട്‌ ഇട്ടിരുന്നില്ല.