10-07-2009
ജ്യോനവന്റെ ബോഡിയുമായി സഹോദരൻ നെൽസൺ, ഭാസ്കർ അങ്കിൾ എന്നിവർ നാട്ടിലേക്ക് തിരിച്ചു. നാളെ (ഒക്ടോബര്‍ 8) രാവിലെ ഒന്‍പത് മണിക്ക് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ബോഡി അവിടനിന്നും ഏറ്റുവാങ്ങി, വിലാപ യാത്രയായ് സ്വദേശമായ കാസര്‍ഗോഡിന് കൊണ്ടുപോകും.
നാളെ (ഒക്ടോബര്‍ 8) വൈകുന്നേരത്തോടെ ജ്യോനവന്റെ സംസ്കാരചടങ്ങുകള്‍ വരക്കാട് പള്ളിയില്‍ നടക്കുമന്ന് അറിയുന്നു. മൃതദേഹം സ്വീകരിക്കാൻ ഏയർപോർട്ടിൽ പോകാൻ താല്പര്യമുള്ള ബ്ലോഗേഴ്സ് കോഴിക്കോടുള്ള ജ്യോനവന്റെ ബന്ധു റ്റിജോ-യുമായി ബന്ധപ്പെടാൻ അപേക്ഷിക്കുന്നു. റ്റിജോയെ 09447637765 ഫോൺ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
നാളെ രാവിലെ ഒന്‍പത് മണിക്ക് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ബോഡി അവിടനിന്നും ഏറ്റുവാങ്ങി, വിലാപ യാത്രയായ് സ്വദേശമായ കാസര്‍ഗോഡിന് കൊണ്ടുപോകും.
ഇന്നു വൈകുന്നേരം നാലുമണിവരെ ജ്യോനവന്റെ മ്യതദേഹം കാണാനുള്ള അവസരം ഹോസ്പിറ്റല്‍ ചെയ്തിട്ടുണ്ട്. എംബസ്സി ഉദ്യോഗസ്ഥർ വന്നുകഴിഞ്ഞാൽ ബോഡി എയര്‍ടൈറ്റ് ചെയ്ത് പാക്ക് ചെയ്യും. രാത്രി പത്തുമണിക്കുള്ള എമിറേറ്റ്സിന്റെ വിമാനത്തില്‍ ജ്യോനവന്റെ ബോഡി കോഴിക്കോട്ടേക്ക് കൊണ്ടുപോരും. അനുജന്‍ നെല്‍സണും സഹപ്രവര്‍ത്തകനും ബോഡിയെ അനുഗമിക്കും.
ജ്യോനവന്റെ മൃതദേഹം സബാ ഹോസ്പിറ്റലിൽ പൊതുദർശനത്തിനായി വച്ചിരിക്കുന്നു. പ്രദീപ് കുളക്കട, ചിന്തകൻ,ഫാറൂക്ക് (വിചാരം) മുതലായ ബ്ലോഗര്‍മാര്‍ ആശുപതിയിൽ ഉണ്ട്. ഫോക്കസിന്റെ പ്രവർത്തകരും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ട്. കുവൈത്തിലെ മലയാളി സമൂഹം അവരുടെ തിരക്കുകള്‍ മാറ്റിവച്ച് ജ്യോനവനെ ഒരു നോക്കു കാണാന്‍ സബാ ഹോസ്പിറ്റലിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു.
10-06-2009
എട്ടാം തിയതി രാവിലെ ഒൻപതുമണിക്കു കോഴിക്കോട് വിമാനത്താവളത്തിൽ ജ്യോനവന്റെ ബോഡി ഏറ്റുവാങ്ങുവാന്‍ കഴിയുന്നത്ര ബ്ലോഗർമാർ എത്തിച്ചേര്‍ന്ന്, അവന് അർഹമായ പരിഗണന നല്‍കണമന്ന് താല്‍പര്യപ്പെടുന്നു. മൃതദേഹം സ്വീകരിക്കാൻ ഏയർപോർട്ടിൽ പോകാൻ താല്പര്യമുള്ള ബ്ലോഗേഴ്സ് കോഴിക്കോടുള്ള ജ്യോനവന്റെ ബന്ധു റ്റിജോ-യുമായി ബന്ധപ്പെടാൻ അപേക്ഷിക്കുന്നു. റ്റിജോയെ 09447637765 ഫോൺ നമ്പറില്‍ ബന്ധപ്പെടാണമന്ന് ബ്ലോഗര്‍
ഉറുമ്പ് അറിയിക്കുന്നു.
പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം എംബാം ചെയ്ത ജ്യോനവന്റെ ബോഡി, കുവൈറ്റിലെ സബാ ആശുപത്രി മോര്‍ച്ചറിയിലാണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. നാളെ കുവൈത്തിലുള്ള സ്യഹ്യത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ജ്യോനവനെ അവസാനമായ് കാണുന്നതിനും അശ്രുപൂജ അര്‍പ്പിക്കുന്നതിനുമുള്ള സൗകര്യം നല്‍കുന്നതായിരിക്കും.
ജ്യോനവന്റെ ബോഡി നാട്ടിലേക്ക് കൊണ്ടു പോരുന്നതിനുള്ള നടപടി ക്രമങ്ങൾ എല്ലാം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. നാളെ രാത്രി പത്തു മണിക്കുള്ള എമിറേറ്റ്സ് ഏയർ ലൈൻസ് വിമാനത്തില്‍ ബോഡി നാട്ടിലേക്ക് കൊണ്ടുപോകും . എട്ടാം തിയതി രാവിലെ ഒന്‍പതു മണിക്ക് കോഴിക്കോട് അന്താരാഷ്ട്ര വിനിമാനതാവളത്തില്‍ എത്തിക്കുന്ന മ്യതദേഹം അവിടനിന്നും വിലാപ യാത്രയായ് കാസര്‍ഗോഡിന് കൊണ്ടുപോകും.
ജ്യോനവന്റെ ബോഡി നാട്ടിലേക്ക് കൊണ്ടു പോകാനുള്ള മറ്റ് നടപടിക്രമങ്ങള്‍ എല്ലാം ഏകദേശം പൂര്‍ത്തിയായി. സഹോദരന്‍ നെല്‍സണും ബന്ധുക്കളും ബോഡി നാട്ടിലേക്കു കൊണ്ടു പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ശ്രമത്തിലാണ്. അതിനായ് ജ്യോനവന്‍ ജോലി ചെയ്തിരുന്ന ആഫീസിലേക്ക് പോയിരിക്കുന്നു.
ജ്യോനവന്റെ അപകട റിപ്പോർട്ട് വർഫാ പോലീസ് സ്റ്റേഷനിൽ നിന്നും സഹോദരന്‍ നെല്‍സണ്‍ കൈപ്പറ്റി. ഇന്നു ജ്യോനവന്റെ പോസുമോര്‍ട്ടം നടക്കുമന്നാണ് പ്രതീക്ഷികുന്നത്. ഇന്ന് ടിക്കറ്റ് എടുക്കാനുള്ള ശ്രമത്തിലാണ്. ലഭ്യതയനുസരിച്ച് മംഗലാപുരത്തേക്കോ കോഴിക്കോടേക്കോ അയിരിക്കും ടിക്കറ്റ് എടുക്കുക. ബുധനാഴ്ച ബോഡി നാട്ടില്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ജ്യോനവന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചിത്രമാണ് താഴെ. അപകടം നടന്ന കാറിൽനിന്നും ജ്യോനവൻ അവസാനം കൂടെക്കരുതിയിരുന്ന, കള്ളൻ, ജോർജ്ജ് ആറാമന്റെ കോടതി തുടങ്ങിയ കഥകളടങ്ങിയ എം.പി. നാരായണപിള്ളയുടെ കഥകൾ എന്ന പുസ്തകം കണ്ടുകിട്ടി.
10-05-2009

വർഫാ പോലീസ് സ്റ്റേഷനിൽ നിന്നും ജ്യോനവന്റെ അപകട റിപ്പ്പ്പോർട്ട് ഇന്നു രാതി 10 മണിക്കു കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.
ജ്യോനവന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് അഡാന്‍ ഹോസ്പിറ്റലില്‍ നിന്നും ലഭിച്ചു. ഇന്റേണല്‍ മിനിസ്ട്രിയുടെ സ്റ്റാമ്പ് ചെയ്ത കോപ്പികള്‍ തുടര്‍നടപടികള്‍ക്കായി എംബസ്സിക്ക് കൈമാറി. നാളെ പോസ്റ്റ്‌മോര്‍ട്ടം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം ബോഡി എംബാം ചെയ്ത് സബാ ആശുപത്രി മോര്‍ച്ചറിറ്റിലേക്ക് മാറ്റും.
ജ്യോനവന്റെ മ്യതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായ് കൊണ്ടിരിക്കുന്നു. ഹോസ്പിറ്റലില്‍ നിന്നും മരണസര്‍ട്ടിഫിക്കേറ്റും, മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയായി എന്ന് അറിയുന്നു. എംബസി സംബന്ധമായ ചില കാര്യങ്ങള്‍ കൂടി പൂര്‍ത്തിയായാലുടനെ ബോഡി നാട്ടിലേക്ക് കൊണ്ടുപോകും. ജ്യോനവന്റെ ബോഡി ഇപ്പോള്‍ കുവൈറ്റിലെ സബാ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ ഇരുപതാം തീയതി, കുവൈറ്റിലുണ്ടായ ഒരു കാര്‍ അപകടത്തിലാണ് യുവ കവി ജ്യോനവന്‍ എന്ന നവീന്‍ ജോര്‍ജ് കൊല്ലപ്പെട്ടത്.
ഇന്നത്തെ (06-10-2009) മാധ്യമം ദിനപത്രത്തില്‍ ജ്യോനവനെ കുറിച്ച് വന്ന വാര്‍ത്ത
വരികളില്‍ മരണം നിറച്ച് ജ്യോനവന് യാത്രയായികവിതകളില് മരണമെഴുതി വെന്റിലേറ്ററിലേക്ക് ടാക്സി വിളിച്ച് പോകുകയായിരുന്നു ജ്യോനവന്‍. വിധിക്ക് കൈയ്യെത്താ ദൂരത്ത് ബ്ലോഗില്‍ കുരുക്കിയിട്ട പരുത്ത ശബ്ദത്തിലുള്ള ജ്യോനവന്റെ കവിത കേട്ടുകൊണ്ട് ഈ മരണകുറിപ്പെഴുതുമ്പോള്‍, ബ്ലോഗുകളില്‍ നിറഞ്ഞ പ്രാര്‍ത്ഥനാ ശകലങ്ങള്‍ക്കൊപ്പം ആരോ കുറിച്ചിട്ട ഈ വാക്കുകള്‍ മനസ്സില്‍ വേദനയായി തറഞ്ഞു. ഒരുപക്ഷേ ജീവിതത്തിലാദ്യമായി വിധികൂട്ടികൊണ്ടുപോയയാളുടെ ശബ്ദം കാതില്‍ മുഴങ്ങികേട്ടുകൊണ്ട് ഇത്തരം ചരമക്കുറിയെഴുതുമ്പോഴുണ്ടാകുന്ന കൈത്തരിപ്പ്. ഇതിനകം പ്രവാസി ബ്ലോഗര്‍മാരുടെ ഇഷ്ടമായി കഴിഞ്ഞിരുന്ന നവീന്‍ ജോര്‍ജ് എന്ന ജ്യോനവനെ വിധി വിളിച്ചുകൊണ്ടു പോകുകയായിരുന്നു. വളരെ നേരത്തെ 'പിന്നിലെ ആശയ കാറ്റില്‍ ഊഞ്ഞാലാടുന്ന കവിതകള്‍ ജ്വലിക്കട്ടെ'യെന്ന് മറ്റുകവികളോട് ആഹ്വാനം ചെയ്ത് തിരശ്ശീലക്ക് പിന്നിലേക്ക് പോയ ജ്യോനവന്റെ കവിതകളിലും മരണത്തിന്റെ മണമുണ്ടായിരുന്നു. അവസാന നാളുകളിലെഴുതിയ 'പൊട്ടക്കല'ത്തിലെ അവസാന വാക്കുകള്‍ അറംപറ്റുന്നതുപോലെയായി.
ബ്ലോഗുകളില്‍ നിറഞ്ഞു നിന്ന ഉള്ളുരുകുന്ന പ്രാര്‍ത്ഥനകള്‍ വ്യഥാവിലാക്കി നവീന്‍ യാത്രയായി. മരുഭൂമിയില്‍ വഴിതെറ്റിയെത്തിയ കാര്‍ ഇടിച്ചുകയറിയത് ഒരു ജീവിതത്തിലേക്കെങ്കിലും ഒരുപാട് സ്വപ്നങ്ങളിലേക്കായിരുന്നു. ഈയിടെ കുടുംബക്കാര്‍ക്കിടയിലും വീട്ടുകാര്‍ക്കിടയിലും സജീവമായ്കൊണ്ടിരുന്ന വിവാഹ സ്വപ്നം. സ്വന്തമായ് രൂപ കല്പന ചെയ്ത് അത്യുത്തര നാട്ടില്‍ ഉയര്‍ന്നു വരുന്ന വീട്, എഴുതി പതം വരുന്ന കവിത, അടുത്ത വരവില്‍ ബ്ലോഗില്‍ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനം കാത്തിരിക്കുന്ന പ്രിയ പെങ്ങള്‍, അര്‍ബുദ രോഗത്തിന്റെ പിടിയില്‍ നിന്നും തന്നെ കാത്തെടുത്ത മകനെ കാത്തിരിക്കുന്ന പിതാവ് ജോര്‍ജ്..എല്ലാം എഴുതി മുഴുമിക്കാത്ത കവിത പോലെ ബാക്കിയാക്കിയാണ് നവീന്‍ യാത്രയായത്.
രണ്ടാഴ്ച മുന്‍പ് കുവൈത്തിലെ അതിര്‍ത്തി പ്രദേശമായ വഫ്രയിലേക്ക് പോകുന്നിതിനിടെയുണ്ടായ അപകടത്തിന്റെ വാര്‍ത്തയറിഞ്ഞതു മുതല്‍ ബ്ലോഗുകളില്‍ പ്രാര്‍ത്ഥനയുടെ പ്രവാഹമായിരുന്നു. മസ്‌തിഷ്‌ക മരണം സംഭവിച്ചുവന്നറിഞ്ഞിട്ടും പലരും വൈദ്യലോകത്തെ അല്‍ഭുതങ്ങള്‍ ജ്യോനവന്റെ കാര്യത്തില്‍ സംഭവിക്കണേയെന്ന് പ്രാര്‍ത്ഥിച്ചു. നേരിട്ട് കണ്ടിട്ടില്ലങ്കിലും കവിതകള്‍ വായിച്ചും കേട്ടും പരിചയിച്ച അവരില്‍ പലരും ജ്യോനവനെ കാണാന്‍ അദാന്‍ ആശുപത്രിയില്‍ പാഞ്ഞെത്തി. പക്ഷേ, ചേതനയറ്റ ശരീരമായിരുന്നു അവരെ എതിരേറ്റത്. ഏഴു വര്‍ഷമായി കുവൈത്തിലുള്‍ല നവീന്‍ ജോര്‍ജ് കലാ സാംസ്കാരിക രംഗത്തും സജീവമായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു. ഡ്രാഫ്‌റ്റ്സ്‌മെന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടയ്‌മയായ 'ഫോക്കസി'ന്റെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അടുത്തിടെ നടക്കാനിരുന്ന ഫോക്കസ് വാര്‍ഷികത്തിന്റെ തിരക്കിനിടയിലാണ് നവീന്‍ ജോര്‍ജിനെ വിധി തട്ടിയെടുത്തത്. ഇന്ന് രേഖകള്‍ ശരിയാക്കി മ്യതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് ഷോദരന്‍ നെല്‍സണും സുഹ്യത്തുക്കളും.
------------------------------------------------------
ദേശാഭിമാനി വാർത്ത (10-05-2009)
‘ബൂലോക‘ പ്രാർഥന വിഫലമാക്കി ജോനവൻ യാത്രയായി
ഒടുവിൽ ‘ബൂലോക’ ത്തിന്റെ പ്രാർത്ഥന വിഫലമായി.അക്ഷരങ്ങളെ ഹൃദയം കൊണ്ടു പ്രണയിക്കുന്ന ആയിരങ്ങളെ കണ്ണീരിലാഴ്ത്തി ബൂലോകത്തിന്റെ ജോനവൻ മരണത്തിനു കീഴടങ്ങി.വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച് കുവൈത്തിലെ ആശുപത്രിയിൽ കഴിഞ്ഞ പതിമൂന്നുനാൾ ജോനവൻ എന്ന നവീൻ ജോർജ് (29) സുഖം പ്രാപിക്കാനുള്ള നിറഞ്ഞ പ്രാർഥനയിലായിരുന്നു ബൂലോകം.
‘പൊട്ടക്കലം’ എന്ന പേരിൽ ബ്ലോഗ് എഴുതിയിരുന്ന ജോനവന്റെ മരണം ബൂലോകത്തിന്റെ തീരാവേദനയായി മാറുകയാണ്.ഏറ്റവുമൊടുവിൽ ജോനവൻ പ്രസിദ്ധീകരിച്ച കവിതയും തുടർന്നുണ്ടായ ആസ്വാദകരുടെ കമന്റുകളും അതിനുള്ള ജോനവന്റെ അറം പറ്റിയ മറുപടിയുമാണു കാരണം. കാസർകോട് ഭീമനടി ചെറുപുഷ്പത്തിൽ നവീൻ ജോർജ് നാലുവർഷമായി കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ഡ്രാഫ്ട് സ്മാനാണ്.കഥയും കവിതയും എഴുതുമായിരുന്ന നവീൻ ‘മാൻഹോൾ’ എന്നപതിനാറുവരി കവിതയാണ് ഒടുവിൽ പ്രസിദ്ധപ്പെടുത്തിയത്.
സെപ്തംബർ എട്ടിന് കവിത വായിച്ച് നിരവധിപ്പേർ ആസ്വാദനവും വിമർശനവും കമന്റായി എഴുതി.പാതി തമാശയെന്നോണം വിമർശനത്തിനു മറുപടിയായി ‘ ഇനി മുതൽ ഞാൻ മിണ്ടാതിരുന്നോളാമേ...’എന്നാണ് ജോനവൻ അവസാനമായി കുറിച്ചത്.സെപ്തംബർ 19-ന്,തൊട്ടടുത്തദിവസമായിരുന്നു കാറപകടം. ഒപ്പം സഞ്ചരിച്ചിരുന്ന മൂന്നു സുഹൃത്തുകൾ തൽക്ഷണം മരിച്ചു.ജോനവൻ മസ്തിഷ്കമരണം സംഭവിച്ച് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിലായി. കഥയറിയാതെ അപ്പോഴും നൂറുകണക്കിനു കമന്റുകൾ ബ്ലോഗിലേക്ക് വന്നു കൊണ്ടിരിന്നു.
ജോനവന്റെ ബ്ലോഗ് തുറന്ന സഹോദരൻ നെത്സനാണ് അപകടവിവരം ബൂലോകത്തെ അറിയിച്ചത്. ഒക്ടോബർ ഒന്നിന് ജോനവന്റെ ബ്ലോഗിൽ തന്നെ കുറിപ്പായി ഇതു പ്രസിദ്ധപ്പെടുത്തി.തുടർന്ന് ബൂലോകമാകെ നീണ്ട പ്രാർത്ഥനയിലായി.ലോകത്തിന്റെ പല ഭാഗത്തുനിന്നും നൂറുകണക്കിനു പോസ്റ്റുകൾ ജോനകന്റെ ബ്ലോഗിലേയ്ക്ക് ഒഴുകി.‘ഈ രാത്രിയിൽ എന്റെ കണ്ണുകൾ നിനക്കായി പർവ്വതത്തിലേയ്ക്ക് ഉയർത്തുന്നു‘ എന്നായിരുന്നു തെക്കേടൻ എന്ന എന്ന ബ്ലോഗ് എഴുതുന്ന ഷിബു മാത്യു കുറിച്ചത്.‘ഒടുവിലെ വാക്കുകൾ അറം പറ്റാതിരിയ്ക്കട്ടെ, മടങ്ങിവന്ന് മിണ്ടിക്കൊണ്ടേയിരിയ്ക്കുക.’ എന്ന് ‘താമൊഴി ‘ ബ്ലോഗിൽ മുംബയിൽ വിദ്യാർത്ഥിയായ ചിത്ര എഴുതി.
കുവൈത്തിലെ സുഹൃത്തുക്കൾ ജോനകന്റെ ആരോഗ്യ വിവരം ദിവസവും ബ്ലോഗിലൂടെ കമന്റായി ബൂലോകത്തെ അറിയിച്ചിരുന്നു.ഒടുവിൽ ഒക്ടോബർ മൂന്നിന് അർദ്ധരാത്രിയോടെ ജോനവൻ മരണത്തിനു കീഴടങ്ങി.അവിവാഹിതനാണ്.മൃതുദേഹം നാട്ടിൽ എത്തിയ്ക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ജോർജു കുട്ടി, വത്സമ്മ എന്നിവർ അച്ഛനമ്മമാർ.മറ്റു സഹോദരങ്ങൾ നിതിൻ, നോഷിന.