ബ്രഹ്മചര്യത്തിന്റെ തടവറയില്‍ കിടന്ന് "ളോഹക്കുള്ളില്‍ ഞാനും പച്ച മനുഷ്യനാണ്, എന്നിലെ പുരുഷന്‍ സ്‌ത്രീകളെ പ്രണയിച്ചുപോയി" എന്നുറക്കെ വിളിച്ചുപറഞ്ഞ ഫ്രഞ്ച് കത്തോലിക്കാ പുരോഹിതനായിരുന്ന ഫാദര്‍ അര്‍ബെയ്‌ന്‍ ഗ്രാന്‍ഡിയറെ കത്തോലിക്ക സഭാ വിശ്വാസികള്‍ ഉള്‍പ്പെടെ അത്രയധികം ആരും അറിഞ്ഞിരിക്കാന്‍ ഇടയില്ല.
1590-ല്‍ ഫ്രാന്‍സിന്റെ വടക്കുപടിഞ്ഞാറന്‍ പ്രവശ്യയിലെ ബൗയര്‍ എന്ന സ്ഥലത്തു ജനിച്ച അര്‍ബെയ്‌ന്‍ ഗ്രാന്‍ഡിയര്‍ കൗമാരകാലം മുതല്‍ സ്ത്രീ ലോലുപനായിരുന്നു. എന്നാല്‍ പൗരോഹിത്യം സ്വീകരിച്ച് ദൈവ്വദാസനായ വൈദികനാകാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. അരോഗ ദ്യഡഗാത്രനും, സുമുഖനും സുന്ദരനുമായിരുന്ന അദ്ദേഹത്തില്‍ സ്ത്രീകള്‍ വല്ലാതെ ആക്യഷ്ടരായിരുന്നു. സെമിനാരിയിലെ വൈദിക പഠനത്തിനു ശേഷം ഗ്രാന്‍ഡിയര്‍ ആദ്യം സെന്റ് പെയിര്‍ ഡ്യൂമാര്‍ക്കിലെ ഇടവക പുരോഹിതനായി നിയമിക്കപ്പെട്ടു. സരസ ഭാഷിയും, സുന്ദരനുമായ ഗ്രാന്‍ഡിയര്‍ വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഇടവകയിലെ സ്ത്രീകളുടെ ഹരമായി മാറി. ഇടവകയിലെ സ്ത്രീജനങ്ങളില്‍ നിന്നും കിട്ടിയ അംഗീകാരം ഫാദര്‍. ഗ്രാന്‍ഡിയറെ കൂടുതല്‍ ജനസമ്മദനാക്കുകയും, ഇടവകക്കാരുമായ് കൂടുതല്‍ ഇടപഴകുവാനും സഹായകമായി. സെന്റ് പെയിര്‍ ഡ്യൂമാര്‍ക്കിലെ ഇടവകയിലെ പ്രശസ്തിയും ഊര്‍ജ്ജസ്വലതയോടെയുള്ള പെരുമാറ്റവും അദ്ദേഹത്തെ കൂടുതല്‍ ഉത്തരവാദിത്തമുള്ള പൗരോഹത്യത്തിലേക്ക് ഉയര്‍ത്തി. തല്‍ഫലമായി ഗ്രാന്‍ഡിയര്‍ ലൗഡണ്‍ നഗരത്തിലെ സെയിന്റ് ക്രോയ്‌കസ് എന്ന വലിയ ഇടവകയിലെ പ്രധാനപുരോഹിതനായി നിയമിതനാവുകയും ചെയ്തു.
കോളേജ് ജീവിതകാലത്ത്, ഫ്രാന്‍സിലെ ബോര്‍ഡിയാക്സ് പോര്‍ട്ടിലെ വേശ്യാലയങ്ങളിലെ പതിവു സന്ദര്‍ശകനായിരുന്ന ഗ്രാന്‍ഡിയര്‍, പുരോഹിതനായ ശേഷം തന്റെ ലൈംഗിക തൃഷ്‌ണയെ മതത്തിന്റെ വേലികെട്ടുകള്‍ക്കുള്ളില്‍ തളച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ എക്കാലവും വൈദികന്റെ ളോഹക്കുള്ളില്‍ മെരുക്കി കിടത്തി തന്റെ വിജ്രംഭിത യൗവ്വനം പാഴാക്കിക്കളയാന്‍ ഫാ. ഗ്രാന്‍ഡിയര്‍ തയ്യാറായിരുന്നില്ല. ലൗഡണില്‍ പ്രധാന പുരോഹിതനായ ശേഷം അദ്ദേഹം കൂടുതല്‍ മോടിയോടെ വസ്ത്ര ധാരണം നടത്തുകയും തന്റെ പൗരുഷത്തെ കൂടുതല്‍ സുമുഖതയോടെ ഇടവകയിലെ സ്ത്രീകളുടെ മുന്നിലവതരിപ്പിക്കയും ചെയ്തു. മ്യദുഭാഷിയും സുമുഖനുമായ ചെറുപ്പക്കാരനായ പുരോഹിതന് ഇടവകയിലെ സ്ത്രീകളുടെ ഇടയില്‍ മതിപ്പിണ്ടാക്കിയെടുക്കാന്‍ അധിക ദിവസങ്ങള്‍ വേണ്ടിവന്നില്ല. ഈ മതിപ്പ് ഗ്രാന്‍ഡിയറെ ജനസമ്മതിയുള്ളവനും, ഇടവകയിലെ ഏതുവീട്ടിലും, എന്തിന് ലൗഡണ്‍ ഗവര്‍ണ്ണറുടെ വീട്ടിലെ ഭക്ഷണശാലയില്‍ പോലും ഏതു സമയത്തും കടന്നുചെല്ലാന്‍ സ്വാതന്ത്യമുള്ളവനുമാക്കി തീര്‍ത്തു.
അവസരങ്ങളുടെ ഈ സുഭിക്ഷത ഫാ.ഗ്രാന്‍ഡിയര്‍ തന്റെ അരമന വേഴ്‌ചക്ക് ശരിയായ രീതിയില്‍ മുതലെടുക്കുന്നുണ്ടായിരുന്നു. സമൂഹത്തിലെ ഉന്നതരുടെ ഭാര്യമാരും, അവരുടെ പെണ്‍മക്കളുമുള്‍പ്പെടെ ഇടവകയിലെ മിക്ക സ്‌ത്രീകളുമായും ഫാ. ഗ്രാന്‍ഡിയര്‍ ശാരീരിക വേഴ്‌ച നടത്തി. വൈദികന്റെ പൗരുഷത്തില്‍ ആക്യഷ്‌ടരായ സ്ത്രീകള്‍ അഭിനിവേശത്തോടെ അദ്ദേഹത്തോടൊപ്പം ശയിച്ചു. തങ്ങളുടെ ഭാര്യമാരിലും പെണ്‍മക്കളിലും സംശയാലുക്കളായ ഇടവകയിലെ പുരുഷന്‍മാര്‍ പുരോഹിതന്റെ സമൂഹത്തിലെ ജനസമ്മതിയില്‍ നിസഹായരായ് നിശ്ശബ്‌ദരായിരുന്നു.
ഇടവകയിലെ ഒരു അരിസ്‌റ്റോക്രാറ്റ് കുടുംബത്തിലെ, ട്രിന്‍കാന്റ് എന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ തന്റെ ഓമനമകളായ ഫിലിപ്പെ എന്ന ബാലികക്കു സ്വകാര്യ ട്യൂഷന്‍ നല്‍കാന്‍ ഫാ. ഗ്രാന്‍ഡിയറോട് അഭ്യര്‍ത്ഥിച്ചു. ഫാ. ഗ്രാന്‍ഡിയര്‍ ഈ അഭ്യര്‍ത്ഥന സ്വീകരിക്കുകയും പ്രണയം നടിച്ച് സുന്ദരിയായ ബാലികയെ തന്നിലേക്ക് ആകര്‍ഷിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ട്രിന്‍കാന്റ് ഇതറിയുകയും, മകളുടെ ചാരിത്ര്യ ഭംഗത്തില്‍ ക്രുധിതനായ അയാള്‍ ഇടവകയിലെ വിസിറ്റിംഗ് ബിഷപ്പായ കാര്‍ദിനാള്‍ റിചെല്യുവിനെ വിവരം ബോധിപ്പിച്ച് ഫാ. ഗ്രാന്‍ഡിയറിന്റെ ഇടവകയിലെ ലൈംഗിക തേര്‍വാഴ്‌ച വെളിച്ചത്തുകൊണ്ടുവരുവാന്‍ അനുവാദം വാങ്ങുകയും ചെയ്തു. തദ്വാര ട്രിന്‍കാന്റ് തങ്ങളുടെ കുടുംബത്തില്‍ ഫാ. ഗ്രാന്‍ഡിയര്‍ ലൈംഗികവേഴ്‌ച നടത്തിയതില്‍ അമര്‍ഷമുള്ളവരെ അംഗങ്ങളാക്കി ഫാ. ഗ്രാന്‍ഡിയര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഒരു ഗൂഢസംഘം രൂപീകരിച്ചു.
നഗരത്തിലെ ആഢ്യയും അവിവാഹിതയും തികഞ്ഞ ഈശ്വരവിശ്വാസിയുമായിരുന്ന മാഡം ഇസല്ല മഡ്‌ലയന്‍ എന്ന യുവതി ഫാ. ഗ്രാന്‍ഡിയറില്‍ അനുരുക്തയാകുകയും ആത്മീയ ഉപദേശങ്ങള്‍ക്കന്ന വ്യാജേന ഗ്രാന്‍ഡിയറെ കൊട്ടാര സദ്യശ്യമായ തന്റെ വസതിയില്‍ പതിവായ് വിളിച്ചു വരുത്തി രാത്രികളില്‍ ഫാ. ഗ്രാന്‍ഡിയറോടൊപ്പം രമിക്കുകയും ചെയ്തു. മാഡം ഇസല്ല മഡ്‌ലെയ്‌നിന്റെ നിഷ്കളങ്കവും ദിവ്യവുമായ അനുരാഗത്തിന്റെയും മാംസള ശരീരത്തിന്റെയും ലഹരിയില്‍ ഫാ. ഗ്രാന്‍ഡിയര്‍ അവരുമായ് ജീവിതത്തിലാദ്യമായ് പരിശുദ്ധ പ്രണയത്തിലാകുകയും, അവരെ വിവാഹം കഴിച്ച് ശിഷ്‌ട കാലം ഏകപത്നീ വ്രതനായി ജീവിക്കാന്‍ തീരുമാനിക്കയും ചെയ്തു. ഒരു കത്തോലിക്ക പുരോഹിതന്‍ വിവാഹം കഴിക്കുന്നത് സമൂഹത്തില്‍ എത്രത്തോളം കോളിളക്കം ഉണ്ടാക്കുമന്ന് ഫാ. ഗ്രാന്‍ഡിയറിന് അറിയാമായിരുന്നു. അതിനാല്‍ ആദാമിനു തുണയായി ഹവ്വയെ സൃഷ്ടിച്ച ദൈവത്തിന്റെ ദാസന്‍മാരായി ജീവിക്കുന്ന പുരോഹിത വര്‍ഗ്ഗത്തിന് തങ്ങളുടെ ശരീരത്തിന്റെ ഇച്‌ഛകളെ അറിയിക്കാനും പങ്കുവെയ്ക്കാനും ഒരു ഇണ പാടില്ലെന്ന സഭാനിയമത്തെ ചോദ്യം ചെയ്തുകൊണ്ട് ലേഖനങ്ങളുടെ പരമ്പര പ്രസിദ്ധീകരിച്ചും, പുരോഹിതന്മാരെ അടിച്ചേല്‍പ്പിക്കുന്ന നിത്യബ്രഹ്മചര്യത്തെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് പ്രഭാഷണങ്ങള്‍ നടത്തിയും സഭാ വിശ്വാസികളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കയും ചെയ്തു. മനുഷ്യനിലെ ജനിതകമായ സദ്‌ഗുണങ്ങളിലൊന്നായ അനുരാഗം ദൈവത്തിനുപോലും തൃപ്തികരമായ ഒരു ശ്രേഷ്ഠവികാരമാണെന്നും സഭയുടെ നിര്‍ദ്ദയചട്ടങ്ങള്‍ കൊണ്ട് ഈ ദിവ്യാനുരാഗത്തെ നശിപ്പിക്കാന്‍ പാടില്ലായെന്നും അദ്ദേഹം സോദാഹരണം വാദിച്ചു.
കടുത്ത കുലീനയും ദൈവഭക്തയുമായ മഡ്‌ലെയ്‌ന്റെ മനസ്സിനെ തന്റെ ലേഖനങ്ങളിലൂടെയും ചൂഴ്ന്നിറങ്ങുന്ന പ്രഭാഷണങ്ങളിലൂടയും സ്വാധീനിക്കുവാനും, വിജനമായ ഒരു പള്ളിയില്‍ വെച്ച് രാത്രിയില്‍ മെഴുകുതിരികളെ സാക്ഷിനിര്‍ത്തി, ഫാ.ഗ്രാന്‍ഡിയര്‍ തന്നെ വരനായും വിവാഹം നടത്തുന്ന പുരോഹിതനായും വേഷമിട്ട് രഹസ്യവിവാഹം നടത്തുവാനും കഴിഞ്ഞു. എന്നാല്‍ അതീവ രഹസ്യമായി നടന്ന ഈ വിവാഹം സര്‍ക്കാര്‍ തലത്തില്‍ ഉന്നതസ്വാധീനമുണ്ടായിരുന്ന ട്രിന്‍കാന്റിന്റെ ഗൂഢസംഘം മനസ്സിലാക്കുകയും, ബാലികമാരുമായും, അപരന്റെ ഭാര്യമാരുമായും അവിവാഹിതകളുമായും ലൈംഗികബന്ധം പുലര്‍ത്തിപ്പോന്ന ഫാ.ഗ്രാന്‍ഡിയറിനെ കാര്‍ദിനാള്‍ റിചെല്യുവിന്റെ സഹായത്തോടെ സഭാസമക്ഷം കൊണ്ടുവരാന്‍ പദ്ധതികള്‍ ഒരുങ്ങുകയും ചെയ്തു. ട്രിന്‍കാന്റിന്റെ ഗൂഢസംഘത്തിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഫാ.ഗ്രാന്‍ഡിയറിനെ തടവിലാക്കുകയും, എന്നാല്‍ അപ്പീലിനെ തുടര്‍ന്ന് മതിയായ തെളിവുകളുടെ അഭാവത്താല്‍ ഫാ. ഗ്രാന്‍ഡിയറിനെ വെറുതേ വിട്ടയക്കുകയും ചെയ്തു.
ഇതേ സമയം ലൗഡിണിലെ പ്രാന്തപ്രദേശഇടവകയിലൊന്നായ കന്യാസ്ത്രീകള്‍ മാത്രം പാര്‍ക്കുന്ന അര്‍സുലിന്‍ കോണ്‍വെന്റില്‍ വേറൊരു നാടകം അരങ്ങേറുകയും, അത് ഫാ.ഗ്രാന്‍ഡിയറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആപത്തായി തീരുകയും ചെയ്തു. ദൂരെനിന്നു മാത്രം ഫാ. ഗ്രാന്‍ഡിയറിനെ കണ്ടിട്ടുള്ള അര്‍സുലിന്‍ കോണ്‍വെന്റിലെ മഠാധിപതിയായിരുന്ന സിസ്റ്റര്‍ ജെന്നി അരോഗദ്യഡ ഗാത്രനും, സുമുഖനുമായ യുവവൈദികനില്‍ കാമാതുരയാകുകയും, ഫാ. ഗാര്‍ഡിയറെ കാണുവാനും അയാളോടൊത്തു പ്രവര്‍ത്തിക്കുവാനും അതിയായി ആഗ്രഹിക്കുകയും ചെയ്തു ഫാ.ഗാര്‍ഡിയറിനെകുറിച്ചും അദ്ദേഹത്തിന്റെ വിജ്രംഭിത പൗരുഷത്തെകുറിച്ചും പറഞ്ഞുകേട്ടിരുന്ന ശൃംഗാര കഥകളും വര്‍ണ്ണനകളും സിസ്റ്റര്‍ ജെന്നിയെ എന്നും പുളകം കൊള്ളിച്ചുകൊണ്ടിരുന്നു. രോഗി ഇച്‌ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാലെന്നപോലെ, ആ സമയത്ത് അര്‍സുലിന്‍ കോണ്‍വെന്റില്‍ കുമ്പസാരം സ്വീകരിച്ചിരുന്ന വയോധികനായ പുരോഹിതന്‍ മരണപ്പെട്ടു. ഈ അവസരം മുതലെടുത്ത്, ഇനി മുതല്‍ കോന്‍വെന്റു മഠത്തിലെ കന്യാസ്‌ത്രീകളെ കുമ്പസാരിപ്പിക്കുവാനുള്ള ചുമതല ഫാ. ഗ്രാന്‍ഡിയര്‍ ഏറ്റെടുക്കണമെന്നു കാണിച്ച് സിസ്റ്റര്‍ ജെന്നി ഫാ.ഗ്രാന്‍ഡിയറിനു കത്തെഴുതുകയും, മാഡം മെഡ്‌ലെയ്‌നോടുള്ള ദിവ്യാനുരാഗം കാരണം ഫാ. ഗ്രാന്‍ഡിയര്‍ ആ ക്ഷണം നിരസിക്കയും ചെയ്തു.
ഫാദര്‍ ഗ്രാന്‍ഡിയര്‍ തന്റെ ക്ഷണം നിരസിച്ചതോടെ വ്രണിത ഹ്യദയയായ സിസ്‌റ്റര്‍ ജെന്നി തന്റെ സ്ത്രീത്വത്തെ അവഗണിച്ച ഫാ. ഗ്രാന്‍ഡിയറിന്റെ ശത്രുവായ ഫാ. മിഗ്നോണെ കോന്‍വെന്റിലെ കുമ്പസാരത്തിനായി ക്ഷണിച്ചു പ്രതികാരം ചെയ്തു. അങ്ങിനെ പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റിന്റെ ഗൂഢസംഘത്തിലുണ്ടായിരുന്ന ഫാ. മിഗ്‌നോണ്‍ എന്ന പുരോഹിതനന്‍ അര്‍സുലിന്‍ കോണ്‍വെന്റില്‍ കന്യാസ്ത്രീകളുടെ കുമ്പസാരം സ്വീകരിക്കാന്‍ നിയമിക്കപ്പെട്ടു. എന്നാല്‍ മുറിവേറ്റ സിംഹിയെപോലെ, ഫാ, ഗ്രാന്‍ഡിയറിന്റെ കരുത്തും പൗരുഷവും ഓര്‍ത്ത് കാമാസക്തയായി കഴിഞ്ഞിരുന്ന സിസ്റ്റര്‍ ജെന്നിക്ക് ഫാദര്‍ ഗ്രാന്‍ഡിയറുടെ നിരാകരണം താങ്ങാനാകാതെയായി. ക്രമേണ വിഷാദരോഗത്തിനടിമയായ സിസ്റ്റര്‍ ജെന്നിക്ക് സ്വപ്‌നത്തില്‍ ഫാ. ഗ്രാന്‍ഡിയര്‍ വന്ന് കരുത്തുള്ള കൈകള്‍ കൊണ്ടു തന്നെ വരിഞ്ഞുമുറുക്കുന്നതായും, ഭോഗിക്കുന്നതായും തോന്നിത്തുടങ്ങി. ഉറക്കത്തില്‍ ചാടിയെഴുന്നേറ്റ്, ഫാ. ഗ്രാന്‍ഡിയറുടെ പേരു ഉച്ചത്തില്‍ വിളിച്ചു പറയുകയും, ഗ്രാന്‍ഡിയറുടെ ലൈംഗികാതിക്രമത്തെ ചെറുക്കാനെന്നോണം കുരിശുവീശിയും, കൊന്ത ജപിച്ചും സിസ്റ്റര്‍ കോണ്‍വെന്റിലാകെ വിഭ്രാന്തിയോടെ അലറിവിളിച്ച് ഓടിനടന്നു.
മനോരോഗിയായ സിസ്റ്റര്‍ ജെന്നിയെ ഫാ. ഗ്രാന്‍ഡിയറിനെതിരെ ഉപയോഗിക്കാനുള്ള ആയുധമായ് ഉപയോഗിക്കാന്‍ പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റിനോടു കൂറുണ്ടായിരുന്ന ഫാ. മിഗ്നോണ്‍ തീരുമാനികയും, പിശാചിന്റെ ദൂതന്റെ രൂപത്തില്‍ ഫാ. ഗ്രാന്‍ഡിയര്‍ അയക്കുന്ന ദുരാത്മാക്കള്‍ സിസ്റ്റര്‍ ജെന്നിയെ ബധിച്ചിരിക്കുന്നുവന്നും, പാപപങ്കിലമാക്കുന്നുവന്നും സഭയെ അറിയിക്കുകയും ചെയ്തു. സിസ്റ്റര്‍ ജെന്നിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ഫാദര്‍ മിഗ്നോണ്‍ രഹസ്യമായി പാര്‍പ്പിക്കയും, മഠത്തിലെ യുവതികളായ മറ്റു രണ്ടു കന്യാസ്‌ത്രീകള്‍ക്കുകൂടി ഈ ബാധ ഏറ്റിട്ടുണ്ടെന്നും ഫാ. മിഗ്നോണ്‍ ബിഷപ്പിനെ അറിയിച്ചു. ഇവരെയെല്ലാം ബാധിച്ചിരിക്കുന്നത് സ്‌ത്രീകളോട് അനുകമ്പയുള്ള, സ്ത്രീലമ്പടനായ ഫാദര്‍ ഗ്രാന്‍ഡിയര്‍ അഴിച്ചുവിടുന്ന ദുരാത്മാക്കളാണെന്നും, എല്ലാ കന്യാസ്ത്രീകളേയും ബാധ ഒഴിപ്പിക്കേണ്ടതു ആവശ്യമാണെന്നും മിഗ്നോണ്‍ വാദിച്ചു. ലൗഡണിലെ അന്നത്തെ മജിസ്‌ട്രേറ്റായിരുന്ന ഡി-സീറിസെ ഇത്തരം ദുരാത്മബാധ എന്നത് കെട്ടിച്ചമച്ച കഥയാണെന്നും സിസ്റ്റര്‍ ജെന്നി മനോരോഗിയാണെന്നും വാദിച്ചെങ്കിലും, ഫാദര്‍ ഗ്രാന്‍ഡിയറിനോടു വിരോധമുണ്ടായിരുന്ന കാര്‍ദിനാള്‍ റിചെല്യു അതംഗീകരിച്ചില്ല.
ബാധ ഒഴിപ്പിക്കലില്‍ കൂടുതല്‍ പ്രശസ്തനായ ഫാ. ബാറെ എന്ന പുരോഹിതനെ കാര്‍ദിനാള്‍ റിചെല്യുവിന്റെ നേത്യത്വത്തില്‍ സഭ ക്ഷണിച്ചു വരുത്തുകയും, കന്യാസ്ത്രീകളെ ഒറ്റക്ക് കുമ്പസാരിപ്പിച്ചതിനും, രഹസ്യമായി ബാധ ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനും ഫാ. മിഗ്നോണിനെ നിശിതമായ് വിമര്‍ശിച്ചുകൊണ്ട്, പിശാചു ബാധിതരായ മുഴുവന്‍ കന്യാസ്ത്രീകളേയും ഫാ. ബാറെ പരസ്യമായി ബാധ ഒഴിപ്പിക്കാന്‍ തുടങ്ങി. ദുരാത്മാവ് ബാധിച്ച സിസ്റ്റര്‍ ജന്നിയേയും, പിശാചു ബാധിക്കാന്‍ സാധ്യതയുള്ള മറ്റു കന്യാസ്ത്രീകളേയും, ബാധ അകറ്റല്‍ കര്‍മ്മം കാണാന്‍ തടിച്ചുകൂടിയ പുരുഷാരത്തിനുമുന്നില്‍, വെറും നിലത്തു കിടത്തി ഫാ. ബാറെ ബാധ ഒഴിപ്പിക്കല്‍ കര്‍മ്മം തുടങ്ങി. ബാധ ഒഴിപ്പിക്കാനായി കന്യാസ്ത്രീകളെ നഗ്നരാക്കി മണ്ണിലിട്ടുരുട്ടുകയും, ക്രൂരമായ വിധത്തില്‍ ദേഹോപദ്രവം ഏല്പ്പിക്കുകയും, ഒലിവ് മരത്തിന്റെ വലിയ ചില്ലകള്‍കൊണ്ട് അടിക്കുകയും ചെയ്തു. നഗ്നരാക്കപ്പെടുന്ന കന്യാസ്‌ത്രീകളുടെ മേനി അഴകു കണ്ടാസ്വദിക്കുവാന്‍ യുവാക്കളുടെ വലിയ തിരിക്കുണ്ടാവുകയും വെളിനാടുകളില്‍ നിന്നുപോലും ആബാല വ്യദ്ധം ജനങ്ങള്‍ ബാധ ഒഴിപ്പിക്കല്‍ കാണാനായ് നിത്യം അവിടെയെത്തുകയും ചെയ്തുകൊണ്ടിരുന്നു. പിശാചു ബാധിച്ചിട്ടില്ലാത്ത കന്യാസ്ത്രീകള്‍, തങ്ങളെ ദുരാത്മാവ് ബാധിച്ചിട്ടില്ലന്ന് കരഞ്ഞു പറയുകയും, തങ്ങളെ ഉപദ്രവിക്കരുതേ എന്ന് അപേക്ഷിക്കയും ചെയ്യുന്നതനുസരിച്ച് പീഡനമുറകള്‍ കൂടുകയും, അവസാനം പീഡനം അസഹ്യമായപ്പോള്‍ കന്യാസ്ത്രീകള്‍ തങ്ങളുടെ ബാധ ഒഴിഞ്ഞുപോയി എന്ന് സമ്മതിക്കുകയും, ഫാ. ബാറെ അവരുടെ ദേഹത്തെ ദുരാത്മാവ് ഒഴിഞ്ഞുപോയി അവര്‍ ശൂദ്ധീകരിക്കപ്പെട്ടിരിക്കുന്നുവന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മനോരോഗിയായ സിസ്റ്റര്‍ ജെന്നിയില്‍ ഒരു മാറ്റവുമുണ്ടായില്ല. സിസ്റ്റര്‍ ജെന്നിയിലെ ബാധ ഒഴിപ്പിക്കലില്‍ താന്‍ പരാജയപ്പെടുമെന്നു മനസ്സിലാക്കിയ ഫാ. ബാറെ സിസ്റ്റര്‍ ജെന്നിയെ നഗ്നയാക്കി, കുരിശിന്റെ മുകളില്‍ മലര്‍ത്തിക്കിടത്തി കൈകാലുകള്‍ പിണച്ചുകെട്ടി. പിന്നീട് ഒരു പിത്തള സിറിഞ്ചില്‍ പകുതിയോളം വിശുദ്ധജലം എടുത്ത് സിസ്റ്റര്‍ ജെന്നിയുടെ ജനനേന്ദ്രിയത്തിലേക്ക് കുത്തിക്കയറ്റി. സിറിഞ്ചിന്റെ ചലനത്തിനനുസരിച്ചു വേദന കൊണ്ടു പുളഞ്ഞ സിസ്റ്റര്‍ ജെന്നിക്കു ശ്വാസം നിഷേധിച്ച് അബോധാവസ്ഥയിലൂടെ കോമയിലാഴ്ത്തുകയും ചെയ്തു. അതോടെ സിസ്റ്റര്‍ ജന്നിയിലെ ബാധ ഒഴിഞ്ഞുപോയതായി ഫാ. ബാറെ പ്രഖ്യാപിച്ചു. സിസ്റ്റര്‍ ജെന്നിയെ കാമാസക്തനായ അഡ്‌മോഡസ് എന്ന ദുരാത്മാവാണു ബാധിച്ചിരുന്നതെന്നും അതിനെ ജെന്നിയിലേക്കും ഇതര കന്യാസ്ത്രീകളിലേക്കും സന്നിവേശിപ്പിച്ചത് ഫാ. ഗ്രാന്‍ഡിയറാണെന്നും ഫാ. ബാറെ വിധിയെഴുതി, ബിഷപ്പിനെ അറിയിച്ചു.
ലൗഡണില്‍ ഇതേ സമയം പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റിന്റെ ഗൂഢസംഘം ഫാ. ഗ്രന്‍ഡിയറെ കുടുക്കുന്നതിനുള്ള വലവിരിച്ചുകഴിഞ്ഞിരുന്നു. എഴുത്തുകാരന്റേയോ പ്രിന്ററുടേയോ പേരോ അഡ്രസോ വെയ്ക്കാതെ, അര്‍സുലിന്‍ കോണ്‍വെന്റില്‍ കന്യാസ്ത്രീകളെ പരസ്യമായ് ബാധ ഒഴിപ്പിക്കുന്നതിനെ അപലപിച്ചും, കര്‍ദിനാള്‍ റിചെല്യുവിനേയും മറ്റു ബിഷപ്പുമാരയും വിമര്‍ശിച്ചും പരിഹസിച്ചും 'ലെറ്റേഴ്‌സ് ദില കാര്‍ദോനിയ' എന്ന ഒരു പുസ്തകം ലൗഡണില്‍ പ്രസിദ്ധീകരിക്കയും, അത് പ്രസിദ്ധീകരിച്ചത് ഫാ. ഗ്രാന്‍ഡിയര്‍ ആണന്ന് ട്രിന്‍കാന്റിന്റെ ഗൂഢസംഘം ജനങ്ങളുടെയും സഭാ വിശ്വാസികളുടേയും ഇടയില്‍ പ്രചരിപ്പിക്കുന്നതില്‍ വിജയിക്കയും ചെയ്തു.
ലൗഡണില്‍ സൗജന്യമായ് വിതരണം ചെയ്ത ഈ ലഘു ഗ്രന്‌ഥവും, അര്‍സുലിന്‍ കോണ്‍വെന്റിലെ ബാധയൊഴിപ്പിക്കലിന്റെ രഹസ്യറിപ്പോര്‍ട്ടുകളും, സര്‍ക്കാര്‍ തലത്തില്‍ പോലും പിടിപാടുള്ള പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റിനെപ്പോലെയുള്ള സമൂഹത്തിലെ പ്രമുഖരായ വ്യക്തികളുടെയും ഫാ. മിഗ്നോണ്‍ പോലെയുള്ള പുരോഹിതന്മാരുടെ പ്രസ്‌താവനകളും ഫാ. ഗ്രാന്‍ഡിയറിനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതിന്റെ തെളിവായി ഗൂഢസംഘം ബിഷപ്പിന്റെ മുന്നില്‍ നിരത്തി. ഈ തെളിവുകള്‍ മജിസ്‌ട്രേറ്റ് അംഗീകരിച്ചില്ലെങ്കിലും മതപുരോഹിതന്‍മാരുടെ അഭിപ്രായത്തിനെതിരു നില്‍ക്കാന്‍ മജിസ്‌ട്രേറ്റിനു കഴിയുമായിരുന്നില്ല. തല്‍ഫലമായി ബിഷപ്പിന്റെ നിര്‍ദ്ദേശപ്രകാരം പാരീസ് ഗവേര്‍ണിംഗ് കൗണ്‍സില്‍ ഫാ. ഗ്രാന്‍ഡിയറിനെ അറസ്റ്റുചെയ്യാന്‍ ഉത്തരവു പുറപ്പെടുവിച്ചു.
കന്യാസ്ത്രീകളുമായ് ശാരീരിക വേഴ്‌ച ആഗ്രഹിച്ച ഫാദര്‍ ഗ്രാന്‍ഡിയര്‍ അവരെ വശീകരിക്കാനായി ദുര്‍മന്ത്രവാദം നടത്തി കന്യാസ്ത്രീകളില്‍ ദുരാത്മാക്കളെ സന്നിവേശിപ്പിച്ചു എന്ന് സഭക്ക് കോടതിയില്‍ തെളിയിക്കേണ്ടിവന്നു. ഫാ. മിഗ്നോണ്‍ പോലെയുള്ള പുരോഹിതന്മാരുടേയും, ഫാ. ബാറെ, കര്‍ദിനാള്‍ റിചെല്യു മുതലായവരുടെയും, അര്‍സുലിന്‍ കോണ്‍വെന്റിലെ കന്യാസ്ത്രീകളുടേയും മൊഴികളുടെ അടിസ്ഥാനത്തില്‍, ഫാ. ഗ്രാന്‍ഡിയറുടെ വിജ്രംഭിത പൗരുഷം സഭാവസ്ത്രത്തിനുള്ളിലിരുന്നുകൊണ്ട് കാട്ടിക്കൂട്ടിയ ലൈംഗികവിക്രിയകളെ ലോകസമക്ഷം കൊണ്ടുവരാനായി ദൈവം കന്യാസ്ത്രീകളിലൂടെ വെളിപാടു നല്‍കിയിരിക്കുകയാണെന്ന് മതത്തിന്റേയും രാഷ്‌ട്രീയത്തിന്റേയും സ്വാധീനമുണ്ടായിരുന്ന ജഡ്‌ജിമാരാല്‍ കോടതി അന്തിമവിധിയെഴുതി. കോടതിയില്‍ എല്ലാ ന്യായവാദങ്ങള്‍ക്കുമുപരിയായി അടിച്ചമര്‍ത്തപ്പെട്ട കാമവികാരത്തിന്റെ ഫലമായുണ്ടാകുന്ന വിഷാദരോഗം ബാധിച്ച കന്യാസ്‌ത്രീകളുടെ വാക്കുകളാണ് പ്രധാന മൊഴിയായി സ്വീകരിക്കപ്പെട്ടത്. ഫാ. ഗ്രാന്‍ഡിയറുടെ കള്ളി വെളിച്ചത്തുകൊണ്ടുവരാന്‍ ദൈവ്വത്തിന്റെ മണവാട്ടികളായ കന്യാസ്ത്രീകളുടെ മൊഴിയെ നിരാകരിക്കുന്നത് ദൈവനിഷേധമാണെന്നു ബിഷപ്പും കോടതിയെ അറിയിച്ചു. പിശാചെന്നാല്‍ നുണയുടെ രാജാവാണെന്നും പിശാചു ബാധിച്ചവരുടെ ജല്പനങ്ങള്‍ കോടതി തെളിവായി സ്വീകരിക്കരുതെന്നുമുള്ള മജിസ്‌ട്രേറ്റിന്റെ എതിര്‍വാദങ്ങള്‍ കോടതി മുഖവിലക്കെടുത്തില്ല. അന്തിമ വിധി പ്രസ്താവിക്കുന്നതിന് തൊട്ടുമുന്‍പ്, അര്‍സുലിന്‍ കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍, തങ്ങള്‍ സിസ്റ്റര്‍ ജന്നിയുടെ അവസ്ഥയില്‍ സഹതാപം പൂണ്ട് വസ്തുതകള്‍ വളച്ചൊടിച്ചാണ് കോടതില്‍ ബോധിപ്പിച്ചതന്ന് ദൈവ്വനാമത്തില്‍ ബിഷപ്പിനെയും കോടതിയേയും ധരിപ്പിച്ചുവങ്കിലും സഭാമേധാവിത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ഫാ. ഗ്രാന്‍ഡിയറെ മര്‍ദ്ദിച്ച് അവശനാക്കി, ജീവനോടെ ദഹിപ്പിക്കാന്‍ വിധി എഴുതുകയും, ബിഷപ്പിന്റെ സ്വാധീനത്താല്‍ പാരീസ് പാര്‍ലമന്റില്‍ അപ്പീലിനു പോകാന്‍ ഫാ. ഗ്രാന്‍ഡിയറിന് അനുമതി നിഷേധിക്കുകയും ചെയ്തു.
കോടതി വിധിയെ തുടര്‍ന്ന് ക്രിസ്തുവിനേറ്റതിനേക്കാള്‍ ക്രൂരമായ ശാരീരികപീഢനമാണ് ഫാ. ഗ്രാന്‍ഡിയറിനു ഏല്‍ക്കേണ്ടിവന്നത്. ദുര്‍മന്ത്രവാദത്തിലൂടെ കന്യാസ്ത്രീകളില്‍ പിശാചിനെ സന്നിവേശിപ്പിച്ചുവന്ന കുറ്റസമ്മതം നടത്തുന്നതിനായി, അരമനയിലെ സുരക്ഷാകാര്യങ്ങളുടെ മേധാവികളായ ഫാ. ട്രാന്‍ക്വിലും, ഫാദര്‍ ലക്‌ട്രീന്‍സും ഫാ. ഗ്രാന്‍ഡിയറെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. കൈകാലുകളിലെ എല്ലുകളും വാരി എല്ലും തല്ലിയൊടിച്ചതിനുശേഷം കാലുകള്‍ രണ്ടും മുറിച്ചുമാറ്റപ്പെട്ടു. കുറ്റസമ്മതം നടത്താനായ് ഈതരത്തില്‍ പീഡിപ്പിച്ച് അവശനാക്കുമ്പോഴൊക്കയും "ഞാനൊരു പുരുഷനാണ്, ഞാന്‍ സ്‌ത്രീയെ സ്‌നേഹിച്ചുപോയി, അതിനെന്തിനാണു കര്‍ത്താവേ നീ എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്" എന്ന് ഫാ. ഗ്രാന്‍ഡിയര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
വധശിക്ഷ നടപ്പാക്കുന്നതിനു മുന്‍പ് രോമങ്ങള്‍ വടിക്കാനെന്ന വ്യാജേന ഫാ. ഗ്രാന്‍ഡിയറിന്റെ ശരീരം ബ്ലയിഡുകൊണ്ട് വരഞ്ഞുകീറി, നഗ്നനാക്കി അരയില്‍ ഒരു രോമത്തുണി ചുറ്റി, മരകുരിശില്‍ ചേര്‍ത്തുവരിഞ്ഞുകെട്ടി ആറു കുതിരകള്‍ വലിക്കുന്ന രഥത്തിലിരുത്തി മതപുരോഹിതന്മാര്‍ നഗരപ്രദക്ഷിണം നടത്തിച്ചു. ലൗഡണില്‍ പ്രധാനവികാരിയായിരുന്ന പള്ളിയുടെ മുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിച്ച ഫാ. ഗ്രാന്‍ഡിയറെ പുരോഹിതവൃന്ദം നിലത്തിറക്കി നിറുത്തി. നിലത്തു നില്‍ക്കാന്‍ കാലുകളില്ലാത്തതിനാല്‍ മുഖമടിച്ചു നിലത്തുവീണു. മുറിച്ചുമാറ്റപ്പെട്ടകാലുകളിലെ പച്ച മുറിവില്‍ മണല്‍ കുത്തികയറി വേദനകൊണ്ട് പുളയുന്ന ഫാ. ഗ്രാന്‍ഡിയറെ കണ്ടു കരഞ്ഞ അദ്ദേഹത്തിന്റെ ആരാധകരായ സ്ത്രീജനങ്ങളോട്, ഫാ. ഗ്രാന്‍ഡിയര്‍ പിശാചിന്റെ ഉപാസകനാണെന്നും അയാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കു സ്വര്‍ഗ്ഗലോകം നിഷിദ്ധമാകുമന്നും പുരോഹിതര്‍ മുന്നറിയിപ്പു നല്‍കി. ലൗഡണിലെ പള്ളിയുടെ മുന്നില്‍ വീണുകിടന്നുകൊണ്ട് ഫാ. ഗ്രാന്‍ഡിയര്‍ "ഞാനൊരു പുരുഷനാണ്, ഞാന്‍ സ്‌ത്രീയെ സ്‌നേഹിച്ചുപോയി, അതിനെന്തിനാണു കര്‍ത്താവേ നീ എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്" എന്ന് ചോദിച്ചു.
തന്റെ മകളായ ഫിലിപ്പെയുടെ ചാരിത്ര്യം കവര്‍ന്ന പുരോഹിതനെ തന്റെ മുന്നിലിട്ടു ചുട്ടുകൊല്ലണമെന്ന ഗൂഡമായ ഉദ്ദേശത്തിന്റെ ഫലമായ്, പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റിന്റെ വീടിനടുത്തായി ഫാ. ഗ്രാന്‍ഡിയറിനെ ജീവനോടദഹിപ്പിക്കാനുള്ള ചിതയൊരുങ്ങി. പതിനായിരക്കണക്കിനാളുകള്‍ തിങ്ങിനിറഞ്ഞ മൈതാനത്താണ് ചിത ഒരുക്കിയിരുന്നത്. പുരോഹിത വൃന്ദങ്ങള്‍ വിശുദ്ധജലം കൊണ്ടു ചിത ശുദ്ധീകരിച്ചു. ഫാദര്‍ ലാക്‌ട്രിന്‍സ് ഒരു തീപ്പന്തം ഫാദര്‍ ഗ്രാന്‍ഡിയറുടെ മുഖമാകെ ഉഴിഞ്ഞു കൊണ്ട് അവസാന നിമിഷമെങ്കിലും കുറ്റം സമ്മതിക്കാനായി ആജ്ഞാപിച്ചു. പക്ഷേ 'കാല്‍വരിയേറ്റുന്ന സമയം, രോമം കത്രിക്കുന്നവന്റെ മുന്നില്‍ അടങ്ങി നില്‍ക്കുന്ന ആട്ടിന്‍കുട്ടിയെപ്പോലെ നിന്ന ക്രിസ്തുവിനെ' ഓര്‍മ്മിപ്പിക്കും വിധത്തില്‍ ഫാ. ഗ്രാന്‍ഡിയര്‍ മതപുരോഹിതന്‍മാരുടെ മുന്നില്‍ മൗനിയായി നിന്നുകൊടുത്തു.
അവസാനനിമിഷം വരെ കുറ്റസമ്മതം നടത്താതിരുന്ന ഫാദര്‍ ഗ്രാന്‍ഡിയറിനെ ചിതക്കു മുകളില്‍ കഴുത്തില്‍ കുരുക്കിട്ടു തൂക്കിക്കിടത്തി. ഫാദര്‍ ഗ്രാന്‍ഡിയറിനെ കുരുക്കിട്ട് കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊന്നശേഷം തീയിലിട്ടാല്‍ മതിയെന്ന് ഗാര്‍ഡ് ക്യാപ്റ്റന്‍ ഉത്തരവിട്ടു. എന്നാല്‍ ക്യാപ്റ്റന്‍ ഇത്തരമൊരു ദയ കാണിക്കല്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നു മുന്‍കൂട്ടി അറിയാമായിരുന്ന പുരോഹിതന്‍ ഫാ. ഗ്രാന്‍ഡിയറുടെ കഴുത്തില്‍ കയര്‍ മുറുകാനാകാത്തവണ്ണമായിരുന്നു കുരുക്കു തയ്യാറാക്കിയത്. പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റിനോട് നന്ദിയുള്ള ആ പുരോഹിതന്‍ അവസാനത്തെ ദയ പോലും ഫാ. ഗ്രാന്‍ഡിയറിനു നിഷേധിച്ചു. അവസാനമായി എന്തോ സംസാരിക്കാനായി ശ്രമിച്ച ഗ്രാന്‍ഡിയറിന്റെ വായില്‍ ഇരുമ്പുകുരിശ് കുത്തിത്തിരുകി, ഫാ. ലാക്‌ട്രിന്‍സ് ചിതക്കു തീകൊടുത്തു. അങ്ങനെ വലിയ അഗ്നികുണ്ഡത്തിന്റെ മധ്യത്തില്‍ കഴുത്തില്‍ ഇറുകാത്ത കുരുക്കില്‍ കിടന്ന് പിടഞ്ഞ് ഫാ. ഗ്രാന്‍ഡിയര്‍ ഇഞ്ചിഞ്ചായി വെന്തു മരിച്ചു. അപ്പോള്‍ സ്വന്തം വസതിയിലെ ഡ്രോയിംഗ് റൂമിലെ ജനാലക്കരുകില്‍ ഫാ. മിഗ്നോണിനൊപ്പം മദ്യചഷകം കൈയ്യിലേന്തി പ്രോസിക്യൂട്ടര്‍ ട്രിന്‍കാന്റ് ഫാ. ഗ്രാന്‍ഡിയറിന്റെ ദാരുണമരണം കണ്ട് ക്രൂരമായ സംതൃപ്തിയടയുന്നുണ്ടായിരുന്നു.
ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദാരുണമായ ഒരു അന്ത്യമാണ് കത്തോലിക്ക സഭ ഫാ. ഗ്രാന്‍ഡിയറിന് നല്‍കിയത്. സ്വമനസ്സാലെ ബ്രഹ്മചര്യത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവര്‍ക്കുപോലും ജന്മസിദ്ധമായ ലൈംഗികവികാരത്തെ അടിച്ചമര്‍ത്തിജീവിക്കാന്‍ കഴിയില്ലന്നതിന്റെ ഉദാഹരണമാണ് ഫാ. ഗ്രാന്‍ഡിയറും, കന്യാസ്ത്രീകളും സഭക്ക് കാട്ടികൊടുത്തത്. പ്രക്യതി സഹജമായ ലൈംഗികവാസനയെ ഒരു പരിധിവരെ മനുഷ്യന് നിയന്ത്രിക്കാനാകും. എന്നാല്‍ ഒരുമനുഷ്യനില്‍ നിന്നുപോലും ലൈംഗികത എന്ന ജൈവവികാരത്തെ ഉന്മൂലനം ചെയ്യാന്‍ കഴിയില്ലന്ന് കാലങ്ങളായ് പലസംഭവങ്ങളിലൂടയും തെളിയിക്കപ്പെട്ടിരിക്കുന്നു. മതത്തിന്റെ പേരില്‍ പുരോഹിതനു മുന്നിലുണ്ടായിരുന്ന വിലക്കുകള്‍ കാരണമാണ് കുല്‍സിത മാര്‍ഗ്ഗങ്ങളിലൂടയും രഹസ്യമായും അരമന വേഴ്ച നടത്താന്‍ ഫാ. ഗ്രാന്‍ഡിയറിനെ പ്രേരിപ്പിച്ചത്. തങ്ങള്‍ക്ക് ലഭിക്കാതെപോയ ലൈംഗിക സുഖം ആവോളം അനുഭവിച്ച ഫാ. ഗ്രാന്‍ഡിയറോട് മറ്റ് പുരോഹിതന്മാര്‍ക്ക് തോന്നിയ അസൂയയും വിദ്വേഷവും, ലൈംഗിക വികാരത്തെ അടിച്ചമര്‍ത്തി ജീവിക്കാന്‍ വിധിക്കപ്പെട്ടതിനാല്‍ വന്നു ഭവിച്ച കന്യാസ്ത്രീകളു ചിത്തഭ്രമവുമാണ് ഫാ. ഗ്രാന്‍ഡിയറിന്റെ ദാരുണമായ അന്ത്യത്തിന് ഇടയാക്കിയത്.
സഭയില്‍ ഇന്നും തെറ്റായ മാര്‍ഗ്ഗത്തിലൂടെ ലൈംഗിക സുഖം അനുഭവിക്കുന്ന ധാരാളം പുരോഹിതന്മാരും കന്യാസ്ത്രീകളും ഉണ്ടന്നതിന്റെ തെളിവികളാണ് പത്രത്താളുകളില്‍ ദിവസവും നമ്മള്‍ കാണുന്നത്. സിസ്റ്റര്‍. അഭയയുടെ കൊലപാതകവും, സിസ്റ്റര്‍. ജെസ്മിയുടെ വെളിപ്പെടുത്തലുകളും, എറണാകുളത്തെ കന്യാസ്ത്രീയുടെ നീലചിത്രവും, ആര്‍ത്തവരക്തംകൊണ്ടു് മെത്രാസനം വെഞ്ചരിച്ച കൊച്ചി ബിഷപ്പും, സിസ്റ്റര്‍ സെഫിയുടെ കന്യാചര്‍മ്മം വെച്ചുപിടിപ്പിക്കലും മറ്റും ഇതിനെ സാധൂകരിക്കുന്നതാണ്. ബൈബിളില്‍ ദൈവ്വ വചനമായി പറയുന്ന പത്തു കല്പനളില്‍, നീ വ്യഭിചാരം ചെയ്യരുത്, അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്നീ കല്പനകള്‍ ഇടവകയിലെ കുഞ്ഞാടുകളെ പഠിപ്പിക്കുന്ന പുരോഹിതന്മാരും, മെത്രാന്മാരും, കന്യാസ്ത്രീകളും അത് പാലിക്കണമങ്കില്‍ കത്തോലിക്ക സഭയിലെ അടിച്ചമര്‍ത്തപ്പെടുന്ന ബ്രഹ്മചര്യം മറ്റു സഭകളിലെപോലെ ഉദാരവല്‍ക്കരിക്കേണ്ടിയിരിക്കുന്നു എന്നു പറയാതെ തരമില്ല. അടിച്ചേല്പിക്കുന്നതോ അടക്കിവച്ചനുശീലിക്കുന്നതോ ആയ ബ്രഹ്മചര്യം വഴി ഒരുവനിലേയും ജന്മസിദ്ധമായ ലൈംഗികവാസനയെ പരിപൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയില്ലന്ന് സഭ തിരിച്ചറിയേണ്ടിയിരികുന്നു.
കടപ്പാട്: ജോണ്‍സണ്‍ ഐരൂര്‍,
വിക്കിപീഡിയ,
ആന്‍സേഴ്‌സ്.കോം,
നണ്‍സ് ഓഫ് ലൗഡണ്‍, ബുക്ക്
അര്‍ബെയ്‌ന്‍ ഗ്രാന്‍ഡിയര്‍ By അലക്‌സാണ്ടര്‍ ഡുമാസ് പിരെ,
വിക്കി സോഴ്‌സ്