ഹരിവരാസനം
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീര്‍ഥാടനകേന്ദ്രമായ ശബരിമലയില്‍ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ഉടുക്കുകൊട്ടി ആലപിക്കുന്ന കീര്‍ത്തനമാണ് ഹരിവരാസനം. എന്നും രാത്രി പത്തരയോടെ അത്താഴ പൂജ തുടങ്ങും. പാനകവും അപ്പവും നിവേദിച്ച ശേഷം മേല്‍ശാന്തി, കീഴ്‌ശാന്തി, പരികര്‍മ്മികള്‍ എന്നിവര്‍ വിഗ്രഹത്തിന്റെ ഇരു പാര്‍ശ്വങ്ങളിലായ് നിന്ന് ഹരിവരാസനം പാടിതുടങ്ങുകയും, അയ്യപ്പന്മാര്‍ അത് ഒത്തുപാടുകയും ചെയ്യും. അവസാനത്തെ നാലുവരികള്‍ക്കു മുന്‍പേ എല്ലാ പരികര്‍മ്മികളും കീഴ്‌ശാന്തിയും ശ്രീകോവിലിനു പുറത്തിറങ്ങി സോപാനത്തില്‍ നിലത്തിരുന്ന് ബാക്കി ശീലുകള്‍ പാടും. ഇതേ സമയം പാട്ടിനൊപ്പം ശ്രീകോവിലിലെ ദീപങ്ങള്‍ ഓരൊന്നായി മേല്‍ശാന്തി അണക്കും. പാട്ടുതീരുമ്പോഴേക്കും നിലവിളക്കുകളിലെ എല്ലാ ദീപങ്ങളും കെടുത്തി, നട അടച്ചിരിക്കും.
1950-ല്‍ കമ്പക്കുടി കുളത്തൂര്‍ സുന്ദരേശയ്യരാണ് ഹരിവരാസനം രചിച്ചത്. അയ്യപ്പന്റെ രൂപഭാവങ്ങളെ വര്‍ണ്ണിക്കയും പ്രകീര്‍ത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തില്‍ പതിനാറ് പാദങ്ങളാണ് ഉള്ളത്. അതില്‍ ഏഴുപാദം മാത്രമാണ് ശബരിമലയില്‍ നടയടക്കുന്ന സമയം പാടാറുള്ളത്. അയ്യര്‍ സന്നിധാനത്തുള്ളപ്പോഴൊക്കെ നടയടക്കുന്ന സമയം ഹരിവരാസനം പാടുമായിരുന്നു. 1950 ല്‍ ശബരിമല ക്ഷേത്രം അഗ്നിക്കിരയായപ്പോള്‍, "ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം തകരും" എന്നു മുഖ്യമന്ത്രി സി. കേശവന്‍ പ്രസ്താവിച്ച കാലഘട്ടത്തില്‍, അയ്യപ്പ ധര്‍മ്മം പ്രചരിപ്പിക്കാന്‍, "വിമോചനാനന്ദ സ്വാമികള്‍ " എന്നറിയപ്പെടുന്ന കൃഷ്ണന്‍ നായര്‍ ദക്ഷിണേന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങി ഹരിവരാസനം കീര്‍ത്തനം നാടെങ്ങും പ്രചരിപ്പിച്ചു. സ്വാമി വിമോചനാനന്ദയുടെ പരിശ്രമഫലമായാണ് ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടായി തന്ത്രിയെകൊണ്ട് അംഗീകരിപ്പിച്ചത്. ക്ഷേത്രത്തില്‍ അഗ്നിബാധയുണ്ടായ ശേഷം 1955 -ല്‍ പുന:പ്രതിഷ്‌ഠാ ദിവസം രാത്രിയിലാണ് ആദ്യമായ് ഹരിവരാസനം പാടി നടയടച്ചത്. അതിനുശേഷം ഇക്കാലം വരേയും ഹരിവരാസനം പാടിയാണു ക്ഷേത്രനടയടയ്ക്കുന്നത്. മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന മംഗളകാരിണിയായ മധ്യമവതി രാഗത്തില്‍ സംസ്‌ക്യത പദങ്ങളാലാണ് ഹരിവരാസനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഹരിവരാസനം വിശ്വമോഹനം, ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദനം നിത്യനര്‍ത്തനം, ഹരിഹരാത്മജം ദേവമാശ്രയേ
ശരണകീര്‍ത്തനം ശക്തമാനസം, ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം, ഹരിഹരാത്മജം ദേവമാശ്രയേ
പ്രണയ സത്യകാ പ്രാണനായകം, പ്രണതകല്‌പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയം, ഹരിഹരാത്മജം ദേവമാശ്രയേ
തുരഗവാഹനം സുന്ദരാനനം, വരഗദായുധം ദേവവര്‍ണിതം
ഗുരുകൃപാകരം കീര്‍ത്തനപ്രിയം, ഹരിഹരാത്മജം ദേവമാശ്രയേ
ത്രിഭുവനാര്‍ച്ചിതം ദേവതാത്മകം, ത്രിനയനം പ്രഭു ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം, ഹരിഹരാത്മജം ദേവമാശ്രയേ
ഭയഭയാവഹം ഭാവുകാവഹം, ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം, ഹരിഹരാത്മജം ദേവമാശ്രയേ
കളമൃദുസ്‌മിതം സുന്ദരാനനം, കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം, ഹരിഹരാത്മജം ദേവമാശ്രയേ
ശ്രിതജനപ്രിയം ചിന്തിതപ്രദം, ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം, ഹരിഹരാത്മജം ദേവമാശ്രയേ
പഞ്ചാദ്രീശ്വരി മംഗളം, ഹരി ഹര പ്രേമാക്യതേ മംഗളം
പിഞ്ചാലംക്യത മംഗളം, പ്രണമതാം ചിന്താമണേ മംഗളം
പഞ്ചാസ്യ ധ്വജ മംഗളം, ത്രിത ഗത മാധ്യ പ്രഭോ മംഗളം
പഞ്ചാസ്ത്രോപമ മംഗളം, ശ്രുതി ശിരോലങ്കാര സന്‍മംഗളം