അവള്‍ എന്നും ഒറ്റക്കായിരുന്നു. നന്നേ ചെറുപ്പത്തില്‍ അഛ്ചന്‍ നഷ്‌ടമായി. ആകെ കൂട്ടിനുണ്ടായിരുന്നത് അമ്മമാത്രമായിരുന്നു. നേര്‍ത്ത മഴനനഞ്ഞ്, ഇലഞ്ഞിപൂക്കള്‍ വീണുകിടന്ന വഴികളിലൂടെ പള്ളികൂടത്തില്‍ പോകുമ്പോഴും പാടത്തിന്നരഞ്ഞാണം തീര്‍ത്ത് ഒഴുകുന്ന കൈതോട്ടിലെ വെള്ളത്തോടൊപ്പം പരല്‍മീനെ കലുകൊണ്ട് ചെപ്പി എറിയുമ്പോഴും ആരും ഉണ്ടായിരുന്നില്ല അവള്‍ക്ക് കൂട്ടിന്. മഴയെ ആത്മാവോളം സ്‌നേഹിച്ചിരുന്ന അവളുടെ സ്വപ്നങ്ങള്‍ക്ക് എന്നും തനിക്കു നഷ‌്‌ടമായ തുളസിക്കതിരിന്റെ നരച്ച നിറമായിരുന്നു . പുസ്‌തകവും അമ്മയുമായിരുന്നു അവളുടെ കൂട്ട്. ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്ത അവള്‍ അഖിലേന്ത്യാ പ്രവേശനപരീക്ഷയില്‍ എല്ലാവരെയും പിന്നിലാക്കികൊണ്ട് മറൈന്‍ എഞ്ചിനീയറിംങില്‍ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടി. ഹോസ്റ്റലിലും ക്ലാസ് മുറിയിലും ഒരു പൂമ്പാറ്റയെപോലെ പറിനടന്ന അവള്‍ അവിടയും പഠിത്തത്തില്‍ ഒന്നാമതായിരുന്നു.
ക്ലാസ് മുറിയിലെ ഇടവേളകളിലും, ഹോസ്റ്റലില്‍ നിന്നും കാമ്പസിലേക്കും, തിരിച്ചുമുള്ള യാത്രകളില്‍ അവളോട് കിന്നാരം പറഞ്ഞ് എപ്പോഴും കൂടയുണ്ടായിരുന്ന സുന്ദരനായ സഹപാഠി "എന്നെ നനയിക്കാന്‍ മഴക്കിഷ്‌ടമാണങ്കില്‍ ഈ മഴയെ എനിക്ക് വേണം" എന്നെഴുതി നീട്ടിയ കവിതയില്‍ അവള്‍ ആയിരം മഴവില്ലു കണ്ടു. അവന്റെ കരിനീല മിഴികളില്‍ വളരെ മനോഹരമായ മഴനൂലുകള്‍.. നേര്‍ത്ത്... നനുത്ത് തന്നിലേക്കു പെയ്യുവാന്‍ വെമ്പുന്നത് അവള്‍ അറിഞ്ഞു. തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന അവന്റെ കണ്ണുകളുടെ മാസ്മരികതയില്‍, അവന്റെ വശ്യതയാര്‍ന്ന പുഞ്ചിരിയില്‍ അവള്‍ മറ്റാരോ ആകാന്‍ ശ്രമിച്ചു. ആളൊഴിഞ്ഞ കഫ്‌റ്റേറിയയുടെ മൂലയില്‍, ക്യാമ്പസിലെ ഇടനാഴികളില്‍, വാകമരതണലില്‍ അവന്‍ അവള്‍ക്കായ് പ്രണയം പകുത്തു. എല്ലാം അവനൊരു തമാശയാണന്നറിയാതെ പാര്‍ക്കുകളിലും നഗരങ്ങളിലും അവള്‍ തന്റെ നേര്‍ക്ക് നീണ്ടുവന്ന അവന്റെ മെലിഞ്ഞ കൈതുമ്പു പിടിച്ചുനടന്നു. അവന്റെ അനേകം കാമുകിമാരില്‍ ഒരുവള്‍ ആണന്നറിയാതെ കോണ്‍ഫറന്‍സുകളുടെയും സെമിനാറുകളുടേയും മറവില്‍, ഹോട്ടലുകളിലും ഗസ്‌റ്റ് ഹൗസുകളിലും അവള്‍ അവന്റെ കരവലയത്തിലൊതുങ്ങി അവനോടൊപ്പമുറങ്ങി. അവന്റെ നീണ്ടുമെലിഞ്ഞ കൈവിരലുകള്‍ മുറിയിലെ നേര്‍ത്ത നീലവെളിച്ചത്തില്‍ അവളുടെ ശരീരമധ്യത്തിലേക്ക് നിസദ്ദേഹവും ആധികാരികവുമായ് നീങ്ങുമ്പോള്‍ അവളുടെ ആത്മാവിന്റെ ഭാഗമാകുകയഅയിരുന്നു അവന്‍.
ദിവങ്ങള്‍ ആവര്‍ത്തന വിരസതയുള്ളതായപ്പോള്‍, ഒരു ആലസ്യത്തിനൊടുവില്‍ നഗ്‌നമായ അവന്റെ മാറില്‍ ചാഞ്ഞ അവളുടെ കൈവിരലുകളെ ലാളിച്ചുകൊണ്ട് ഇനി നമുക്ക് പിരിയാം എന്നവന്‍ പറഞ്ഞു. മനസ്സിലെവിടയോ ഇടിമുഴങ്ങുന്നതായും ഒരു ഇരമ്പലോടെ മഴ വന്നണയുന്നതായും അവള്‍ക്ക് തോന്നി. സഹിക്കാന്‍ കഴിയുമായിരുന്നില്ല അവള്‍ക്ക്. എല്ലാം പകുത്തുവാങ്ങിയിട്ട് നടന്നകലുന്ന അവനെ മറക്കാന്‍ അവള്‍ക്ക് എങ്ങനെ കഴിയും? വീശിയടിക്കുന്ന കാറ്റിനൊപ്പം ജീവിതത്തില്‍ കാര്‍മേഘങ്ങള്‍ ഇരുണ്ട് കൂടുന്നതവള്‍ അറിഞ്ഞു.
ആരോടും ഒന്നും മിണ്ടാതെ, വലിയ കണ്ണുകളില്‍ ഒരു ജന്മത്തിന്റെ മുഴുവന്‍ നിഷ്കളങ്കതയുമൊളിപ്പിച്ച്, ഓണാഘോഷത്തിന് സെറ്റുസാരിയുടുത്ത്, വിടര്‍ത്തിയിട്ട മുടിയില്‍ മുല്ലപ്പൂചൂടി, ചന്ദന വളയിട്ട കൈകളാല്‍ പൂളക്കമൊരുക്കാന്‍ അവളും ആഗ്രഹിച്ചു. കൂട്ടുകാരൊത്ത് തലയില്‍ ചൂടാനുള്ള മുല്ലപൂവും വാങ്ങി ഹോസ്റ്റലില്‍ തിരിച്ചെത്തിയ അവള്‍ കൂട്ടുകാരിയുടെ കൈയ്യില്‍ നിന്നും സെറ്റുസാരി വാങ്ങി ഇസ്തിരി ഇട്ടു വച്ചു. പതിവിലും ഉത്സാഹവതിയും സന്തോഷവതിയുമായിരുന്നു അന്നവള്‍.
ഓണാഘോഷത്തിന്റെ ഭാഗമായി രാത്രി ഗാനമേളയുണ്ടായിരുന്നു. എട്ടുമണിയോടെ എല്ലാവരും കൂട്ടുകാരൊത്ത് ഗാനമേള കേള്‍ക്കാന്‍ പോയപ്പോള്‍ , ആഡിറ്റോറിയത്തിനടുത്തുള്ള ഇന്ത്യന്‍ കോഫീ ഹൗസിന്റെ ആളൊഴിഞ്ഞ മൂലയില്‍ ആറിതണുത്ത ചായക്കപ്പും പിടിച്ച് നിര്‍വ്വികാരമായ് അവന്‍ പറയുന്നതെല്ലാം കേട്ടിരിക്കുകയായിരുന്നു അവള്‍. ഒരു വിടപറയലിന്റെ ചുവയുണ്ടായിരുന്ന അവന്റെ സംസാരം വാഗ്വാദങ്ങളിലേക്കും, തര്‍ക്കങ്ങളിലേക്കും, ഭീഷണിയിലേക്കും വഴിമാറി. ഗാനമേളകഴിഞ്ഞ് എല്ലാവരും തിരികെ പോരുമ്പോള്‍ അടച്ചിട്ട കോഫീ ഹൗസിനു മുന്നില്‍, വാകമരത്തിന്റെ ഇരുള്‍ പറ്റി, കണ്ണീര്‍ ഒഴുകുന്ന കവിളുകളുമായ് അവനോട് യാചിച്ച് അവള്‍ നില്‍ക്കുന്നത് കൂട്ടുകാര്‍ കണ്ടിരുന്നു. രാത്രി എപ്പോഴാണവര്‍ പിരിഞ്ഞത്? എന്തു പറഞ്ഞാണവന്‍ അവളെ യാത്രയാക്കിയത്? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.
അതിരാവിലെ ഉത്തരേന്ത്യക്കാരിയായ റൂമേറ്റിനെ വിളിച്ചുണര്‍ത്തി, ഞാന്‍ ഒരു ഫോണ്‍ ചെയ്ത് വരാം എന്നു പറഞ്ഞ് പേഴ്‌സുമെടുത്തവള്‍ ഹോസ്‌റ്റലിനടുത്തുള്ള എസ്. ടി.ഡി ബൂത്തിലേക്ക് പോയി. എന്തോ ഒരൊറ്റപ്പെടലിന്റെ തീക്ഷ്ണത അവളെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു അപ്പോള്‍. ആരയായിരുന്നു അവള്‍ ഫോണ്‍ ചെയ്തത്? എന്തായിരുന്നു അവള്‍ക്ക് കിട്ടിയ മറുപടി? ഫോണ്‍ ചെയ്തിട്ട് എവിടേക്കാണവള്‍ പോയത്? സമയം ഏറചെന്നിട്ടും മടങ്ങിവരാഞ്ഞപ്പോള്‍, അവള്‍ എത്തിക്കോളും എന്നു കരുതി സഹപാഠികള്‍ കാമ്പസിലേക്ക് യാത്രയായി. പക്ഷേ പൂക്കളമിടാന്‍, സെറ്റുസാരിയുടുത്ത്, തലയില്‍ മുല്ലപ്പൂ ചൂടി, സിന്ദൂരകുറിയണിഞ്ഞ്, ചന്ദന വളയിട്ട കൈകളുമായ് അവള്‍ എത്തിയില്ല. അവളെ കാക്കാതെ സഹപാഠികള്‍ പൂക്കളമൊരുക്കി, ഏഴുതിരിയിട്ട് നിലവിളക്കുകൊളിത്തി, കൈകൊട്ടികളിയുടേയും ആര്‍പ്പുവിളിയുടേയും അകമ്പടിയോടെ മാവേലി മന്നനെ എതിരേറ്റു. ഓണാഘോഷങ്ങള്‍ തുടങ്ങി.
"റയില്‍വേ ട്രാക്കില്‍ ഒരു പെണ്‍കുട്ടിയുടെ ജഡം കിടക്കുന്നു, പേഴ്‌സില്‍ നിന്നും കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ ആണ്. വന്ന് ബോഡി തിരിച്ചറിയൂ" എന്ന ഒരു സന്ദേശം പെട്ടന്ന് എല്ലാവരെയും മൂകരാക്കി. അത് അവള്‍ ആകുമോ? ഇല്ല അവള്‍ക്കതിനുള്ള ധൈര്യമില്ല. സഹപാഠികള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. അപ്പോഴും അതും അവന് ഒരു തമാശയായ് തോന്നിയിട്ടുണ്ടാകാം. ഓണാഘോഷങ്ങള്‍ നിര്‍ത്തിവച്ച് സഹപാഠികളില്‍ ചിലര്‍ അവിടേക്ക് പാഞ്ഞു. തിരിച്ചറിയാനായ് ഒന്നും ഉണ്ടായിരുന്നില്ല. അവിടവിടെയായി ചിതറികിടക്കുന്ന കുറേ മാംസ പിണ്ഡങ്ങള്‍. ചോരയില്‍ മുങ്ങിയ തുണികഷണങ്ങളും, പേഴ്‌സും കണ്ട് അവര്‍ അവളെ തിരിച്ചറിയുമ്പോള്‍, ചുറ്റും കൂടിനിന്നവര്‍ പറയുന്നതുകേട്ടു, ചീറിപാഞ്ഞുവരുന്ന തീവണ്ടിയുടെ മുന്നിലേക്ക് "ഞാന്‍ നിന്നെ സ്നേഹിക്കുന്നു, എന്റെ ആത്മാവിനോളം, നീയില്ലാതെ എനിക്ക് ജീവിക്കനാവില്ല" എന്നുവിളിച്ചു പറഞ്ഞ് ഭ്രാന്തമായ് നടന്നടുക്കുകയായിരുന്നു അവള്‍ എന്ന്. ചിതറിതെറിച്ച മാംസപിണ്ഡങ്ങള്‍ പോളിത്തീന്‍ ബാഗില്‍ വാരികൂട്ടി, ജനറല്‍ ഹോസ്‌പിറ്റലിലേക്ക് തിരിക്കുമ്പോള്‍ സ്‌നേഹത്തിനുവേണ്ടി സ്വന്തമായതെല്ലാം പകുത്തു നല്‍കുകയും, അത് നിഷേധിക്കപ്പെട്ടപ്പോള്‍ ആരോടും ഒന്നും പറയാതെ കടന്നുപോയ അവളെയും കാത്തിരിക്കയായിരുന്നു അപ്പോഴും ചൂടാതെ പോയ ആ മുല്ലപൂക്കള്‍.