Search this blog


Home About Me Contact
2009-02-09

പ്രാഥമിക വിദ്യാഭ്യാസം ഇനിമുതല്‍ ‍മതപാഠശാലകളിലും ഉന്നത വിദ്യാഭ്യാസം പാര്‍ട്ടി ആഫീസുകളിലും  

കാലഹരണപ്പെട്ട നമ്മുടെ വിദ്യാഭ്യാസ രീതികള്‍ക്ക് അടുമുടിമാറ്റം വരുത്തുകയാണ് വിദ്യാഭ്യാസ വിചക്ഷണന്മാര്‍. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാന്‍പോകുന്ന പരിഷ്കരണങ്ങള്‍ ഇതുവരെയുള്ള ന്യൂനതകള്‍ എല്ലാം പരിഹരിച്ചുകൊണ്ടുള്ള ഒന്നാണ് എന്നു മാത്രമല്ല എല്ലാ മതന്യൂനപക്ഷക്കാര്‍ക്കും സന്തോഷം പ്രദാനം ചെയ്യുന്നതുമാകയാല്‍ എല്ലാവരും രണ്ടുകൈയ്യം നീട്ടി സ്വീകരിക്കുമന്നാണ് വകുപ്പുതലങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. പൂര്‍ണ്ണരൂപം തയ്യാറായിട്ടില്ലങ്കിലും കരടു രേഖ ഏകദേശം ധാരണയിലായിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസ ര‌ംഗം ഉടച്ചുവാര്‍ക്കുന്നതിനൊപ്പം ഉന്നതതല വിദ്യാഭ്യാസവും പരിഷ്കരിക്കരണത്തിനു വിധേയമാക്കുന്നു. അടുത്ത അധ്യേയന വര്‍ഷം മുതല്‍ നടപ്പില്‍ വരുന്ന പരിഷ്കരണങ്ങള്‍ ഇപ്രകാരമാണ്.

ഇനി മുതല്‍ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കണമന്നു നിര്‍ബന്ധമില്ല. സാര്‍‌വ്വലോക വിദ്യാഭ്യാസം എന്ന സ്വപ്‌നം സാക്ഷാല്‍കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇസ്ളാമിക് മദ്രസകളെ സി. ബി. എസ്. സി ക്ക് തതുല്യമാക്കി ഉയര്‍ത്തുന്നതോടൊപ്പം സണ്‍‌ഡേ സ്‌കൂളുകള്‍ പ്ളസ് ടു-വിന് തുല്യമായ് പരിഗണിക്കപ്പെടും. വേദപഠനശാലകള്‍, ഗീതാ പാഠശാലകള്‍ എന്നിവ എന്‍. സി. ആര്‍. ടി ക്ക് തുല്യമായ് അംഗീകരിക്കും.

ജാതിയും മതവും തിരിച്ച് ആരാധിക്കുമ്പോള്‍ ഇനി മുതല്‍ വിദ്യാഭ്യാസവും അങ്ങിനമതിയന്നതാണ് വിദ്യാഭ്യാസ വിദഗ്ധരുടെ മതം. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആത്മീയ വിദ്യാഭ്യാസം നല്‍കാനുള്ള ബുദ്ധിമുട്ടുള്ളതിനാല്‍ കുട്ടികള്‍ക്ക് ദൈവ്വഭയം ഇല്ലാതാകുന്നു. ഇതാണ് ക്ളാസ് മുറികളിലെ കൂട്ട ആത്മഹത്യകള്‍ക്കും, വിദ്യാര്‍ത്ഥിനികള്‍ ക്‌ളാസ് മുറികളില്‍ ഗര്‍ഭം ധരിക്കാനുമുള്ള സാഹചര്യം സംജാതമാകുന്നത്.

ഇത്തരം മതപഠനശാലകളില്‍ ചോരചാലുകള്‍ നീന്തികടക്കാനും, തൂക്കുമരങ്ങളില്‍ ഊഞ്ഞാലാടനുമുള്ള സാഹചര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കേരള ചരിത്രം ഇവര്‍ക്ക് അന്യം നിന്നുപോകും. അതിനാല്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ അധീനതയിലുള്ള ബിരുദകോഴ്‌സുകളും ഇതോടൊപ്പം പുന:സംഘടിപ്പിക്കാന്‍ തീരുമാനമായി. ഇതിന്‍ പ്രകാരം ഏതു കോഴ്‌സിന്റെയും തുടക്കത്തില്‍ ഐച്ഛിക വിഷയങ്ങള്‍ പഠിക്കേണ്ടതില്ല. എല്ലാ ബിരുദ വിദ്യാര്‍ത്ഥികളും സയന്‍സ്, അര്‍ട്സ്, കൊമേഴ്സ് എന്നിങ്ങനെയുള്ള പക്ഷഭേദം കൂടാതെ ആദ്യവര്‍ഷം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെകുറിച്ച് പഠിച്ചാല്‍ മതിയാകും. 'കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്താനവും തൊഴിലാളി വര്‍ഗ്ഗ സംസ്കാരവും' എന്നതാണ് ഇനിമുതല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ ആദ്യവര്‍ഷം പഠിക്കേണ്ട വിഷയം. ഇതിനായ് കോളജുകളില്‍ പോകണമന്നും വിദ്യാഭ്യാസ വകുപ്പിന് നിര്‍ബന്ധമില്ല. പകരം പാര്‍ട്ടി ആഫീസുകളില്‍ സംഘടിപ്പിക്കുന്ന ശില്‍‌പശാലകളില്‍ പങ്കെടുത്താല്‍ മതിയാകും.

'കേരളത്തിലെ കോണ്ഗ്രസും മുതലാളി വര്‍ഗ്ഗ സംസ്‌കാരവും' എന്ന വിഷയം അടുത്ത കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തില്‍ വരുമ്പോള്‍ മന്ത്രിസഭയുടെ പൊതു താല്പര്യപ്രകാരം ആലോചിക്കാവുന്നതാണന്നു ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് അടുത്തകാലത്തൊന്നും ഭരണത്തില്‍ വരാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ 'ഭാരതീയ ജനതാപാര്‍ട്ടിയും ഹൈന്ദവ സംസ്‌കാരവും' എന്ന വിഷയം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെ പറ്റി തല്‍കാലം ആലോചനകള്‍ ഇല്ല എന്ന് ഒരു അഭിമുഖത്തില്‍ വിദ്യാഭ്യാസ വകുപ്പ് വെളിപ്പെടുത്തി.

തുഗ്ളക്ക് പരിഷ്കരണങ്ങളെ വല്ലുന്നതാണ് പുതിയ പരീക്ഷണങ്ങള്‍ എന്ന് പറയാതെ നിവര്‍ത്തിയില്ല. ഈ നീക്കത്തെ ഒരുവിധം പ്രീണനമായ് മാത്രമേ കണക്കാക്കാന്‍ കഴിയൂ. സാര്‍‌വ്വവിദ്യാഭ്യാസം അത്യന്താപേക്ഷികം തന്നെ. ജതി, മതം, വര്‍ഗ്ഗം ഇതൊനൊക്കെ അപ്പുറമുള്ള വിദ്യാഭ്യാസം നല്‍കി നല്ല പൗരന്മാരെ സ്യഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതായാണ്. ഇന്നു എല്ലാ മത വിഭാഗങ്ങള്‍ക്കും സ്കൂളുകളും കോളജുകളും യാതൊരുവിധ മാനദണ്ഡങ്ങള്‍ക്കും വിധേയമാക്കാതെ അനുവദിക്കയും അവിടെ അതാതു മതക്കാരുടെ കുട്ടികള്‍ക്ക് പരോക്ഷമായും പ്രത്യക്ഷമായും സീറ്റുകളും റിസര്‍‌വ് ചെയ്തിട്ടുമുണ്ട്. ഇന്ന് മുസ്ലീം മദ്രസകള്‍ക്ക് ഈ അവകാശം കൊടുത്താല്‍ ഉണ്ടാകുന്ന ദൂഷ്യ വശങ്ങള്‍ കൂടി നമ്മള്‍ ആലോചിക്കേണ്ട വിഷയമാണ്. മുസല്‍മാന്റെ വേദ പഠനവേദികള്‍ക്ക് ഈ പദവികള്‍ നല്‍കിയാല്‍ ഇവിടുത്തെ ക്യസ്ത്യന്‍ സഭകളും, ഹൈന്ദവ സമാജങ്ങളും അതു അപ്പാടെ വിഴുങ്ങും എന്നു കരുതാന്‍ കഴിയുമോ? അവര്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്കും കൊടുക്കേണ്ടേ തതുല്യപദവി? ഇല്ലങ്കില്‍ പ്രണയദിനത്തില്‍ കമിതാക്കളെ റോഡിലിട്ടു കെട്ടിക്കാന്‍ താലിയും മാലയും തീര്‍ത്ത് നടക്കുകയും, കൂട പഠിക്കുന്ന സഹപാഠിയോട് ബസില്‍ വച്ചു സംസാരിച്ചതിനു തട്ടികൊണ്ടുപോകലും ഗളഛേദവും നടത്തുന്ന ശ്രീരാമഭകതന്‍മാരും, വാനരപടകളും, ഞയറാഴ്‌ച ദൈവ്വങ്ങളും,, അവരുടെ കുഞ്ഞാടുകളും അടങ്ങി ഇരിക്കുമോ? വര്‍ഗ്ഗിയ ലഹളകള്‍ പൊട്ടിപുറപ്പെടാന്‍ കാരണങ്ങളൊന്നും വേണ്ട എന്നത് ചരിത്രത്തിന്റെ ഭാഗമാണ്.

ഇനി ഈ തരം മതപഠനശാലകളില്‍ നിന്നും ബൈബിളും, ഖുറാനും, വേദോപനിഷത്തും അപ്പാടെ വിഴുങ്ങി ബിരുദ ധാരികളായ് ഇറങ്ങുന്നവര്‍ തെരുവില്‍ പരസ്പരം വാളെടുക്കുന്ന സാഹചര്യമാവില്ലേ ഉളവാകുക. ഇന്നത്തെ പൊതു വിദ്യാഭ്യാസ രംഗത്ത്‌ വെറും അറിവിനപ്പുറം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കിട്ടികൊണ്ടിരിക്കുന്ന വിവിധ മതസ്ഥരായ കുട്ടികളോട് ഇടപഴകാനും, അവരോടൊത്ത് ജാതിമത വര്‍ണ്ണ വ്യത്യാസമില്ലതെ ഒരേബഞ്ചിലിരുന്ന് പഠിക്കാനും, സഹപാഠികളുടെ തോളില്‍ കൈയ്യിട്ട് നാനാജാതി മതങ്ങളേയും, സംസ്കാരങ്ങളേയും ബഹുമാനിക്കാനും പഠിക്കുന്ന സാഹചര്യം സംജാതമാകുമോ?

മത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അവരുടെ വഴിക്കുവിട്ടുകൊണ്ട് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി അതുവഴി സാര്‍‌വ്വ വിദ്യാഭ്യാസം നടപ്പാക്കവുന്നതല്ലേ? വീണ്ടും നമ്മുടെ കുട്ടികളെ നീ വെള്ളിയാഴ്ച ദൈവ്വത്തിന്റെ ആളാണ്, നീ ഞയറാഴ്ച ദൈവ്വത്തിന്റെ ആളാണ്, നീ വിഗ്രഹാരാധനയുടെ ആളാണ് എന്നൊക്കെ തരം തിരിപ്പിക്കണോ? വെടിമരുന്നിന് കത്താന്‍ ഒരു തീപ്പൊരി മതി. അതു കത്തിപിടിച്ചാല്‍ പിന്നെ കെടുത്തുക അത്ര എളുപ്പമല്ല. ഒരു മാറാടും, ഒറീസ്സയും, ഗോദ്രയും ഒക്കെ വീണ്ടും ആവര്‍ത്തിക്കപ്പെടാന്‍ നമ്മള്‍ തന്നെ ആയുധം കൈയ്യില്‍ വച്ചുകൊടുക്കണോ? ഹിന്ദുവിന്റെ അധീനതയില്‍ മുസല്‍മാനും, മുസല്‍മാന്റെ അധീനതയില്‍ ഹിന്ദുവും സുരക്ഷിതരല്ല എന്ന കാരണത്താല്‍ വെട്ടിമുറിക്കപ്പെട്ട നമ്മുടെ രാജ്യം, അറുപത്തി രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വര്‍ഗീയകലാപങ്ങള്‍ കെട്ടടങ്ങാത്ത ഭൂമിയാണന്നത് ആരും വിസ്മരിക്കരുത്.

ഇവിടുത്തെ പബ്ബുകളും, പള്ളികളും, അമ്പലങ്ങളും തകര്‍ക്കുന്നവര്‍ വെറുതേ ഇരിക്കുമന്ന് തോന്നുന്നുണ്ടോ? ശ്രീരാമ സേവകരും, കുഞ്ഞാടുകളും ഈ മദ്രസ‌ സ്‌കൂളുകള്‍ തീയിടില്ല എന്ന് കരുതാനാകുമോ? ഒരു കുഞ്ഞങ്കിലും അതില്‍ വന്തുമരിച്ചാല്‍ ആളിപടരുന്ന തീയില്‍ ഇന്ത്യ കത്തിവെണ്ണിറാകില്ലന്നു ഉറപ്പിക്കാനാവുമോ? പാകിസ്താന് സ്വന്തം രാജ്യം ഒറ്റുന്ന കൂട്ടികൊടുപ്പുകാരുള്ള നമ്മുടെ നാട്ടില്‍ ദേശസ്നേഹമാണോ മതസ്നേഹമാണോ കൂടുതല്‍? ശാസ്‌ത്ര വിദ്യാര്‍‌ത്ഥികള്‍ കമ്മ്യൂണിസവും ബൂര്‍ഷായിസവും പഠിച്ച്, 'നവകേരള യാത്രകളും', 'കേരള രക്ഷാ മാര്‍ച്ചുകളും ' നടത്തിയാല്‍ നമ്മുടെ സയന്‍സും ടെക്‌നോളജിയും വികസിക്കയും രാജ്യം പുരോഗതിയിലേക്ക് നീങ്ങുകയും ചെയ്യുമോ? നമ്മുടെ പോക്ക് ഇത് എങ്ങോട്ട്? ത്രേതായുഗത്തിലേക്കൊരു മടക്കമോ അതോ വരും നൂറ്റാണ്ടിലേക്കൊരു കുതിച്ചുചാട്ടമോ?

Links to this post

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories5 comments: to “ പ്രാഥമിക വിദ്യാഭ്യാസം ഇനിമുതല്‍ ‍മതപാഠശാലകളിലും ഉന്നത വിദ്യാഭ്യാസം പാര്‍ട്ടി ആഫീസുകളിലും

 • Prasanth. R Krishna
  Monday, February 09, 2009 9:37:00 AM  

  പ്രാഥമിക വിദ്യാഭ്യാസം ഇനിമുതല്‍ ‍മതപാഠശാലകളിലും ഉന്നത വിദ്യാഭ്യാസം പാര്‍ട്ടി ആഫീസുകളിലും

 • Sureshkumar Punjhayil
  Monday, February 09, 2009 10:00:00 AM  

  This is really a worthful thought. Every Indians has to think about it. Best wishes.

 • അനില്‍ വേങ്കോട്‌
  Monday, February 09, 2009 12:32:00 PM  

  വിമർശനത്തിനു ആക്ഷേപഹാസ്യസ്വരം നല്ലതാണു. പക്ഷേ ഇതു പോലെ ഗൌരവമുള്ള ഒരു വിഷയത്തെ കുറിച്ചു പറയുമ്പോൾ അതിൽ വന്ന ഗവണ്മെന്റ് തീരുമാനങ്ങൾ , ഉത്തരവുകൾ , നാഷണൽ ലവലിലുള്ള നിയമങ്ങൾ ഇങ്ങനെ പലതും പരിശോധിക്കേണ്ടതുമാ‍ണു. കാരണം സി ബി എസ്സ് സിക്കു തുല്ല്യം എന്നല്ലാം പറഞ്ഞില്ലേ അതൊക്കെ തീരുമാനിക്കാൻ സംസ്ഥാന സർക്കാരിനു മാത്രം കഴിയുന്ന കാര്യമല്ല. പഠനങ്ങളാവണം ഇത്തരം അക്കാദമിക്കാലായ ഇടപെടലുകൾ

 • Prasanth. R Krishna
  Monday, February 09, 2009 12:43:00 PM  

  സുരേഷ്,
  ഇതിലൊന്നും ആലോചിച്ചിട്ട് ഒന്നും നടക്കാന്‍ പോകുന്നില്ല. പൊതുജനം കഴുത എന്നാണല്ലോ ചൊല്ല്.

  അനില്‍,
  ഇതൊക്കെ പഠനങ്ങളായിരിക്കാം അല്ലായിരിക്കാം. കേന്ദ്രസര്‍ക്കാര്‍ ആയാലും സംസ്ഥാന സര്‍ക്കാര്‍ ആയാലും ഇതൊക്കെ വെറും തുഗ്ലക് പരിഷ്‌കാരങ്ങളേക്കാള്‍ തരം താഴുന്നുവന്നേ പറയാന്‍ നിവര്‍ത്തിയുള്ളൂ. മതവും ജാതിയും പഠിക്കാന്‍ പോകാതെ സര്‍ക്കാര്‍ സ്‌കൂളില്‍ പോയി പഠിക്കുന്നവര്‍ ആരായി? ഇതിന്റെ ഒക്കെ ബവിഷ്യത്തുകള്‍ ആരങ്കിലും ചിന്തിച്ചിട്ടാണോ ആവോ ചാടി പുറപ്പെടുന്നത്?

 • ദീപക് രാജ്|Deepak Raj
  Monday, February 09, 2009 6:04:00 PM  

  രാഷ്ട്രീയവും മതവും വിദ്യാഭാസവും കൂട്ടികലര്‍ത്തി പാവം വിദ്യാര്‍ഥികളുടെ ഭാവി നശിപ്പികാതിരുന്നാല്‍ മതിയായിരുന്നു.കാരണം നല്ലെയൊരു നാളെയുടെ ആശകളാണ് അവര്‍.