2009-02-19
കരളലിയിക്കും കാഴ്ചയായി കുഞ്ഞുസാവിയോ
സാവിയോയ്ക്ക് ഇനി കരയാന്‍ കണ്ണീരില്ല....... ഉറക്കെ നിലവിളിക്കാന്‍ ശബ്ദവും. കരളിന്റെ 78 ശതമാനവും മുറിഞ്ഞു പോയ സാവിയോയുടെ കരളലിയിക്കുന്ന കഥയുടെ മുന്നില്‍ ആരുടെയും കണ്ണു നിറഞ്ഞു പോകും. വീഴ്ചയില്‍ ചതഞ്ഞ ഈ നാലു വയസ്സുകാരന്റെ കൈകള്‍ രണ്ടും ആശുപത്രിക്കിടക്കയുടെ കാലുകളില്‍ കൂട്ടിക്കെട്ടിയിട്ടിരിക്കുകയാണ്. മാറത്തും വയറിലുമായി നെടുകെയും കുറുകെയുമായി നാലു ട്യൂബുകള്‍. മുട്ടിനു മുകളില്‍ വലതുകാല്‍ മുറിച്ചു മാറ്റിയതിന്റെ തീരാ വേദന.
തുടര്‍ച്ചയായി ഏഴു ശസ്ത്രക്രിയകള്‍ നടത്തിയതിന്റെ ഉണങ്ങാത്ത മുറിവുകളും തുന്നിക്കെട്ടുകളും. അസഹ്യമായ വേദനയുമായി സാവിയോ ഞരങ്ങുമ്പോള്‍ ലേക് ഷോര്‍ ആശുപത്രിയിലെ 629 Number മുറിയില്‍ മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ പണമില്ലാതെ മാത്യു ദേവസ്യ സ്വന്തം വൃക്ക ദാനം ചെയ്യാനുള്ള തീരുമാനത്തിലാണ്. കാലിത്തൊഴുത്തിലെ ഇഷ്ടികത്തൂണിലെ അയയില്‍ തൂങ്ങിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തൂണ്‍ ശരീരത്തിലേക്കു മറിഞ്ഞു വീണതിനെ തുടര്‍ന്നു ചതവുകള്‍ വീണ ശരീരവുമായി കഴിഞ്ഞ ഒരു മാസമായി വേദനകളുടെ ലോകത്തു കഴിയുകയാണ് ഇടുക്കി തോപ്രാംകുടി പുല്ലന്‍കുന്നേല്‍ സാവിയോ.
''കഴിഞ്ഞ മാസം ഒന്‍പതിനായിരുന്നു അത്- മാത്യു ദേവസ്യ പറയുന്നു. ''ഞാന്‍ പണിക്കു പോയി. ഭാര്യ അല്‍ഫോന്‍സ ഇളയ കുഞ്ഞിനു പ്രതിരോധ കുത്തിവെയ്പ്പെടുക്കാന്‍ അടുത്തുള്ള ആശുപത്രിയിലും. വീട്ടില്‍ ഭാര്യയുടെ അച്ഛന്‍ തങ്കച്ചന്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ മകള്‍ മരിയയ്ക്കു ഭക്ഷണം കൊടുക്കുകയായിരുന്നു തങ്കച്ചന്‍. വീടിനോടു ചേര്‍ന്നുള്ള കാലിത്തൊഴുത്തില്‍ നിര്‍മിച്ച തൂണിലാണ് അയ കെട്ടിയിരുന്നത്. തൂണ്‍ മറിഞ്ഞു വീണപ്പോള്‍ നിലവിളി കേട്ടാണു തങ്കച്ചന്‍ ഓടിവന്നത്. സാവിയോയ്ക്കു ബോധമില്ലായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കരള്‍ മുറിഞ്ഞു പോയതിനാല്‍ ഉടന്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്നു നിര്‍ദേശിച്ചു. രണ്ടു ശസ്ത്രക്രിയകള്‍ നടത്തി. പതിമൂന്നു ദിവസത്തിനു ശേഷം ലേക്ഷോര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. മുറിഞ്ഞുപോയ കരളില്‍ വീണ്ടും സര്‍ജറി. ചതഞ്ഞുപോയ വലതു കാലില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായതിനാല്‍ മുട്ടിനു തൊട്ടു മുകളില്‍ വച്ചു മുറിച്ചു മാറ്റി. കുടലില്‍ മുറിവുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു മൂന്നു ശസ്ത്രക്രിയകള്‍ കൂടി.
വീടു വയ്ക്കാനായി നാട്ടിലുള്ള സ്വന്തം വീടും 12 സെന്റ് പുരയിടവും നാലു മാസം മുന്‍പ് 70,000 രൂപയ്ക്കു വിറ്റു ബാങ്കിലിട്ടിരുന്നു. ഇതെടുത്താണു ചികില്‍സ നടത്തിയത്. അറിയാവുന്നവരില്‍ നിന്നെല്ലാം കടം വാങ്ങി. ചികില്‍സയ്ക്കായി ഇതുവരെ പത്തു ലക്ഷം രൂപ ചെലവായി. നാട്ടുകാരും സുഹൃത്തുക്കളും സ്വരൂപിച്ചു മൂന്നു ലക്ഷം നല്‍കിയതു കൊണ്ടാണ് ഇതുവരെ കഴിഞ്ഞത്. ഇനി പത്തു ലക്ഷം രൂപ കൂടി ചികില്‍സയ്ക്കു വേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. എനിക്കറിയില്ല എവിടെ നിന്നു പണം കിട്ടുമെന്ന്?- മാത്യു വിതുമ്പുന്നു. കൂലിവേല ചെയ്തു കിട്ടുന്ന പണം കൊണ്ടാണു മാത്യു അഞ്ചംങ്ങളുള്ള കുടുംബം പുലര്‍ത്തുന്നത്. ഒരു ദിവസം പണി ചെയ്താല്‍ 125 രൂപ കിട്ടും. സാവിയോ ആശുപത്രിയിലായതോടെ അതും നിലച്ചു.
ചികില്‍സ നടത്തിയാല്‍ പരുക്കുകള്‍ പൂര്‍ണമായും ഭേദമാകുമെന്നാണു ഡോക്ടര്‍മാര്‍ മാത്യുവിനെ അറിയിച്ചിരിക്കുന്നത്. ഇതിനായി കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടിവരുമെന്നു ലേക്ഷോര്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ഗാസ്ട്രോ എന്‍ട്രോളജി ആന്‍ഡ് ലിവര്‍ ട്രാസ്പ്ളാന്റേഷന്‍ ഡയറക്ടര്‍ ഡോ. എച്ച്. രമേഷ് പറഞ്ഞു. ട്യൂബിലൂടെയാണു സാവിയോയ്ക്കു ഭക്ഷണം നല്‍കുന്നത്.
സാവിയോയുടെ സഹായാര്‍ഥം ഫെഡറല്‍ ബാങ്കിന്റെ തോപ്രാംകുടി ശാഖയില്‍ അക്കൌണ്ട് (നമ്പര്‍: 13330100058284) തുറന്നിട്ടുണ്ട്. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോണി കെ. തോമസ് ചെയര്‍മാനായി ചികില്‍സാ സഹായ സമിതിയും രൂപീകരിച്ചിട്ടുണ്ട്. (ഫോണ്‍ നമ്പര്‍: 9947248360).
Account Details
--------------------------------------------
Name: Mathew Devassia
Account Number : 13330100058284
Bank : Federal Bank,
Branch: Thopramkudi, Idukki
IFSC Code : FDRL0001333
Phone Number: 04868264224
---------------------------------------------
കരളലിയിക്കും കാഴ്‌ചയായ് കുഞ്ഞു സാവിയോ: വാര്‍ത്ത മലയാള മനോരമ
Thursday, February 19, 2009 4:17:00 PM
പലതുള്ളി പെരുവെള്ളം. നമ്മുടെ ചെറിയ ഹസ്തം കുഞ്ഞു സാവിയോയ്ക്ക് നേര്‍ക്ക് നീട്ടാം. നിങ്ങളാല്‍ കഴിയുന്ന സഹായം സാവിയോയ്ക്ക് ചെയ്യുമന്ന പ്രതീക്ഷയോടെ.....
Thursday, February 19, 2009 6:17:00 PM
തീര്‍ച്ചയായും...
ആശംസകള്‍ പ്രശാന്ത് ഈ പരിശ്രമങ്ങള്‍ക്ക്...