ഇന്ന്, പലബ്ലോഗുകളും സായിപ്പന്മാര്‍ എടുത്തുവന്നും, ഇന്ത്യന്‍ പട്ടികളെ പിടിച്ച് മാമോദീസമുക്കി സ്നാനപ്പെടുത്തുന്നു എന്നും ഒക്കെ കാണുകയുണ്ടായി. വര്‍ഗ്ഗീയതയും, ചിലരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയും, പരിഹസിച്ചും ആക്ഷേപ സാഹിത്യം എന്ന ലേബലൊട്ടിച്ച് കൈയ്യടിവാങ്ങാനും, ബ്ലോഗിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനുമുള്ള ചില ശ്രമങ്ങള്‍ ഇന്നു മലയാളം ബ്ലോഗുകളില്‍ കാണുന്നു. പരസ്‌പരം പുറം ചൊറിഞ്ഞുകൊടുക്കുകയും, ഓശാന പാടുകയും ചെയ്യുന്നവരുടെ കമന്റുകള്‍ ഈ കൂട്ടര്‍ക്ക് പ്രോല്‍സാഹനമാകുകയും ചെയ്യുന്നു. ഇനി പുറം ചൊറിഞ്ഞുനില്‍ക്കുന്ന ഏതങ്കിലും ഒരു സഹബ്ലോഗര്‍ വ്യക്തിബന്ധം തകര്‍ന്നുപോകാതിരിക്കാന്‍ വേണ്ടി അനോണിയായോ, ഇനി സനോണിയായ് തന്നയോ തെറ്റുചൂണ്ടികാണിച്ചാല്‍, 'എനിക്ക് സൗകര്യമുള്ളത് ഞാന്‍ എന്‍റെ ബ്ലോഗില്‍ എഴുതും' എന്നോ, 'എന്റെ ബ്ലോഗില്‍ എന്തെഴുതണം എന്നത് എന്‍റെ സ്വകാര്യം' എന്നോ പറയുന്ന ഒരു നിഷേധാത്മക പ്രവണത ഈ കൂട്ടരുടെ ധാര്‍ഷ്‌ട്യതയാണ്.
ഗൂഗില്‍ സൗജന്യമായ്, അക്ഷരം അറിയുന്നവനും ഇല്ലാത്തവനും ഒരുപോലെ ബ്ലോഗിംങ് സൗകര്യം തന്നിരിക്കുന്നത് തോന്നുന്നതെന്തും എഴുതാനുള്ള ലൈസന്‍സാണ് എന്ന് ധരിക്കുന്നത് അറിവില്ലായ്‌മയും മൊറാലിറ്റിയുടെ അഭാവവുമാണ്. മുന്തിയ സ്‌കൂളുകളില്‍ പഠിച്ചതുകൊണ്ടും, പല സംസ്ഥാനങ്ങളില്‍ ജീവിച്ചതുകൊണ്ടും, പലഭാഷകള്‍ അറിയാമന്നതും, ഭഗവത് ഗീതയും, ബൈബിളും ,ഖുര്‍-ആന്‍-നും വായിച്ചതുകൊണ്ടും അറിവും, വിവേകവും, മൊറാലിറ്റിയും ഉണ്ടാകണമന്നില്ല.
പൊതുനിരത്തുകളിലൂടെ നടക്കാനുള്ള അധികാരം എല്ലാ പൗരനും ഭരണഘടന ഉറപ്പുവരുത്തുന്നു എന്നതുകൊണ്ട് ഗതാഗത തടസ്സമുണ്ടാക്കുന്നതരത്തിലും, റോഡിന്റെ മധ്യത്തിലൂടയും നടക്കാനുള്ള അധികാരം നല്‍കുന്നില്ല എന്നതാണ് ശരിയായ അറിവ്. അതുപോലെ ചെണ്ടയോ, മദ്ദളമോ വായിക്കനുള്ള അധികാരം എല്ലാവര്‍ക്കും ഉണ്ട് എന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അരോചകമാം വിധത്തിലും, ഉറക്കത്തിന് വിഘ്‌നം ഉണ്ടാക്കത്തക്ക വിധത്തിലും സ്വന്തം മുറിക്കുള്ളില്‍ ഇരുന്നുപോലും വായിക്കാനുള്ള അധികാരം ഇല്ലന്നറിയുന്നത് യതാര്‍ഥ അറിവ്. അല്ലാതെ എന്റെ മുറി, എന്റെ ചെണ്ട എനിക്ക് ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളപോലെ വായിക്കും എന്നതല്ല.
അക്ഷരങ്ങളും, അക്കങ്ങളും, വാക്കുകളും ആര്‍ക്കും സ്വന്തമോ പേറ്റന്റോ ഉള്ളവയല്ല. അതുപോലെ തന്നെ ആര്‍ക്കും ഏതു യു. ആര്‍. എല്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നതിനും തടസ്സവുമില്ല. ഉദാഹരണത്തിന് www.blogspot.com എന്ന യു. ആര്‍. എല്‍ ഉണ്ടന്നതിനാല്‍ www.blogsbot.com എന്നോ www.blogsqot.com എന്ന ഒരു യു. ആര്‍. എല്‍ ഉണ്ടാക്കുന്നതിനോ ഉപയോഗിക്കുന്നതിനോ എതിരെ ഗൂഗിളിനോ, ബ്ലോഗ്‌സ്‌പോട്ടിനോ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. താന്‍ തന്നെ അറിയുമ്പോള്‍ , താനെ അറിയും എന്ന് ഓര്‍ക്കുക.
നമ്മള്‍ ആര്, എന്ത്, എങ്ങനെ എന്ന് മറ്റുള്ളവര്‍ വിലയിരുത്തുന്നത്, നമ്മുടെ വിദ്യാഭ്യാസമോ, ഉദ്യോഗപ്പേരോ, പണമോ ഒന്നും കൊണ്ടല്ല. മറ്റുള്ളവരോടുള്ള നമ്മുടെ മനോഭാവമെന്തന്നോ, റോഡുനിയമങ്ങള്‍ പാലിക്കപ്പെടുന്നുവോ എന്നൊക്കയുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ വഴിയാണ് ഒരാള്‍ സംസ്‌കാര സമ്പന്നനാണോ അതോ സംസ്‌കാര ശൂന്യനാണോ എന്ന് വിലയിരുത്തപ്പെടുന്നത്. ബ്ലോഗുകളില്‍ നമ്മള്‍ എഴുതുന്നത് നമ്മുടെ ചിന്താഗതികളും അതില്‍ പ്രതിഭലിക്കുന്നത് നമ്മുടെ വ്യക്‌തിത്വവുമാണ്. അതുകൊണ്ട് ഗൂഗില്‍ തന്നിരിക്കുന്ന സൗകര്യം തോന്നുന്നതെന്തും എഴുതാനുള്ള ഒരിടമായ് കാണക്കാക്കാതെ കുത്തഴിഞ്ഞ മലയാളം ബ്ലോഗുകള്‍ അച്ചടക്കമുള്ളതാകട്ടെ.