Search this blog


Home About Me Contact
2009-01-10

മേധമരവിക്കുന്നവന്റെ ഓര്‍മ്മ കുറിപ്പ്  


ഒരുപാട് കാലങ്ങള്‍ക്ക് ശേഷം വീണ്ടും നിനക്ക് ഞാന്‍ എഴുതുകയാണ്. നീ മറുവാക്ക് കുറിക്കില്ലായിരിക്കാം. കഴിഞ്ഞ കത്തിന് നീ ഒരു വാക്കെങ്കിലും മറുപടി എഴുതുമന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഞാന്‍ ഒരു വിഡ്ഡി, പണ്ടേ ചാര്‍ത്തികിട്ടിയ വേഷമല്ലേ, അഴിച്ചുവക്കാന്‍ കഴിയില്ലല്ലോ? ആരോടും പരിഭവമില്ല, പരാതിയുമില്ല. ഇങ്ങനെ ഒഴിക്കിനെതിരേ നീന്തി, കരിന്തിരിയായ് ചിതയില്‍ കത്തിയമരണം. ഇടക്കിടെ വിട്ടുപോകുന്ന എന്റെ ഓര്‍മകളില്‍ എന്നും നിന്റെ മുഖം ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കയായിരുന്നു. കാലങ്ങളായ് കിട്ടാതെപോകുന്ന സ്‌നേഹം തേടിയലയുകയാണ് ഞാന്‍. നഷ്‌ടപ്പെടാന്‍ സ്വന്തമായ് ഒന്നുമില്ലാഞ്ഞിട്ടും എല്ലാം നഷ്‌‌ടപ്പെട്ട ഒരു പാഴ്‌ജന്മം. ആര്‍ക്കും വേണ്ടാതെപോയ ഒരു ജീവിതം. ഇന്ന് എന്റെ മുന്നില്‍ വര്‍ണ്ണങ്ങളില്ല. ശബ്‌ദത്തിന് ,പ്രതിധ്വനിക്കാന്‍ കഴിയാത്ത, ആഴിപോലെ പരന്നുകിടക്കുന്ന ചുട്ടുപഴുത്ത മണല്‍പരപ്പില്‍ ഒറ്റപ്പെട്ടുപോയ ഒരു ഏകാന്തപഥികന്‍. എണ്ണയില്ലാതെ കത്തുന്ന ഈ ജീവന്റെ തിരി തല്ലികെടുത്തി അനന്തതയില്‍ അലിഞ്ഞില്ലാതാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

നീ, എന്തിന് ഒരു തീണ്ടാപ്പാടകലെ നിര്‍ത്തിയിരിക്കുന്നു എന്നെ? നിന്റെ സ്വസ്‌തമായ ജീവിതത്തിന്റെ സുരക്ഷ ഓര്‍ത്തിട്ടോ? അതോ നിനക്ക് എന്റെ സ്‌നേഹം ഒരു ഭാരമായ് തോന്നിയിട്ടോ? ഇന്ന് മരണത്തെ വല്ലാതെ പ്രണയിക്കുന്നു ഞാന്‍. ഓടി അടുത്തെത്താന്‍, ആ കരിമ്പടം എടുത്തുപുതച്ച് മഹാനിദ്രയുടെ മരവിപ്പിക്കുന്ന തണുപ്പില്‍ അലിഞ്ഞ് ഇല്ലാതാകാന്‍ ഞാന്‍ ആഗ്രഹിക്കയാണ്. കഴിഞ്ഞ നീണ്ട മൂന്നു വര്‍ഷങ്ങളായ് ഞാന്‍ ഒറ്റക്കാണ്. ഹ്യദയത്തിന്റെ കോണില്‍ അലയടിച്ചിരുന്ന സ്‌നേഹം പോലും എനിക്ക് നഷ്‌ടമായി. പ്രതിധ്വനിക്കാത്ത ശബ്‌ദംപോലും എനിക്ക് കൂട്ടിനില്ലാതായി. ഏതോ കിനാവിന്റെ നിഴലാളും തീരത്ത് പൊലിഞ്ഞുപോയ സ്വപ്‌നങ്ങളും പേറി മനസ്സിനെ കൊളുത്തി വലിക്കുന്ന സ്‌നേഹത്തിന്റെ ഒരു പുല്‍കൊടിതുമ്പില്‍ ജീവിതം എരിക്കുകയായിരുന്നു ഞാന്‍. നിറവുകള്‍ വറ്റിയ പകലിന്റെ ഓര്‍മ്മകളില്‍ നഷ്‌ടമോഹങ്ങള്‍ക്കുമേലെ അടയിരിക്കയാണ്. ഓര്‍മ്മകള്‍ വിട്ടുപോകുന്ന ഒരു മഹാരോഗത്തിന് അടിപെടുമ്പോഴും, മാറോടുചേര്‍ത്തുറങ്ങുന്ന തലയിണയില്‍ ചുംബിച്ച് നിന്റെ പേരു ഞാന്‍ ഉച്ചരിക്കുന്നു. ഓര്‍മ്മകള്‍ക്ക് തിമിരം ബാധിച്ച്, വര്‍ണ്ണങ്ങള്‍ വറ്റിയ ശുഷ്‌‌കനേത്രങ്ങളുമായ് ഒരിക്കല്‍ നമ്മള്‍ കണ്ടുമുട്ടി എന്നുവരാം. അന്ന് നിന്നെ ഞാന്‍ അറിഞ്ഞുവന്നു വരില്ല. നിന്റെ സ്വരം കേട്ടുവന്നു വരില്ല. അന്നു നീ പറയുന്നതൊക്കെ നിര്‍‌വ്വികാരമായ്, ഒരുകുട്ടിയെപോലെ നിന്നെയുംനോക്കി ഞാന്‍ ഇരുന്നുവന്നു വരാം. നാളയുടെ ഇന്നലകള്‍ക്കായ് കരുതി വയ്‌ക്കുന്ന പഴമ്പാട്ടുകളുമായ്, മറവിക്കുമുന്നില്‍ തന്മാത്രകളായ് ഓര്‍മ്മകള്‍ തോറ്റടിയും വരെ ഞാന്‍ കാത്തിരിക്കാം. നിന്നെ ഞാനുമായ് ബന്ധിപ്പിക്കുന്ന മഴനൂലിന്റെ ഇഴ എന്റെ ഓര്‍മ്മയില്‍ നിന്നും പൊട്ടിപോകും വരെ.

ചുട്ടുപഴുത്ത മണലാരണ്യത്തില്‍ പ്രതിധ്വനി ഇല്ലതെ പോകുന്ന ഒരു പാഴ്‌ശബ്‌ദമായി പോയേക്കാം ഇതും. മേധമരവിക്കുന്ന കാലം വരെ എനിക്ക് നിന്നെ മറക്കാന്‍ കഴിയില്ല. സ്‌നേഹിക്കതിരിക്കാനും. ഓര്‍മ്മവച്ചകാലം മുതല്‍ നീ എന്റെ ജീവിതത്തിന്റെ ഭാഗമായതാണ്. ശരീരത്തില്‍ നിന്നും ഒരു അവയവം മുറിച്ചുമാറ്റി ജീവിക്കാന്‍‍ ആരങ്കിലും ആഗ്രഹിക്കുമോ?. ഇനി ഇതില്‍ കൂടുതലായ് ഒന്നും എനിക്ക് പറയുവാന്‍......

ഒരു ദീര്‍ഘ നിശ്വാസത്തില്‍ വാക്കുകള്‍ മുറിഞ്ഞു. കണ്ണൂകളില്‍ ഇരുട്ടു നിറയുന്നതായും, സിരയിലേക്ക് രക്തമിരച്ചുകയറുന്നതായും ഓര്‍മ്മകള്‍ മുറിഞ്ഞുപോകുന്നതായും അപ്പോള്‍ അവന് അനുഭവപ്പെട്ടു......

What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



5 comments: to “ മേധമരവിക്കുന്നവന്റെ ഓര്‍മ്മ കുറിപ്പ്

  • Dr. Prasanth Krishna
    Saturday, January 10, 2009 11:12:00 AM  

    ഒരു ദീര്‍ഘ നിശ്വാസത്തില്‍ വാക്കുകള്‍ മുറിഞ്ഞു. കണ്ണൂകളില്‍ ഇരുട്ടു നിറയുന്നതായും, സിരയിലേക്ക് രക്തമിരച്ചുകയറുന്നതായും ഓര്‍മ്മകള്‍ മുറിഞ്ഞുപോകുന്നതായും അപ്പോള്‍ അവന് അനുഭവപ്പെട്ടു......

  • Ranjith chemmad / ചെമ്മാടൻ
    Saturday, January 10, 2009 1:37:00 PM  

    എന്താണ് സംഭവിക്കുന്നത് പ്രശാന്ത്?

  • ജ്വാല
    Saturday, January 10, 2009 3:24:00 PM  

    നഷ്ടബോധങള്‍ക്കു ഒരു കുറിപ്പ്

  • Anonymous
    Saturday, January 10, 2009 3:51:00 PM  

    ക്യഷ്ണ, എല്ലാ ചെറുകഥകളിലും ഒരു നഷ്ടബോധവും കാത്തിരിപ്പുമാണല്ലോ വിഷയം. ഈ കുറിപ്പ് കൊള്ളാം.))))....

  • Dr. Prasanth Krishna
    Saturday, January 10, 2009 4:00:00 PM  

    രഞ്ജിത്, ഒന്നും സംഭവിക്കുന്നില്ല. നന്ദി ഇങ്ങോട്ട് വന്നതിന്.

    ജ്വാലാമുഖി, നഷ്‌ടബോധങ്ങള്‍ക്ക് ഒരുകുറിപ്പ്. നല്ല തലക്കെട്ട്. എന്നങ്കിലും ഇനി ഇതുപോലെ ഒരു കുറിപ്പ് എഴുതിയാല്‍ അന്ന് ഈ തലക്കെട്ട് തന്നെ ഇടുംന്നതായിരിക്കും.

    ലക്ഷ്‌മി, സന്തോഷം അഭിപ്രായം അറിയിച്ചതിന്. കാത്തിരിപ്പാണല്ലോ എല്ലാറ്റിനേയും മുന്നോട്ട് കൊണ്ടുപോകുന്ന അക്ഞാത ശക്തി. മനുഷ്യനും, പക്ഷി മ്യഗാദികളും എന്നും കാത്തിരിക്കയല്ലേ? എന്തിന് പ്രക്യതി പോലും ഋതുക്കളെ കാത്തിരിക്കയല്ലേ?