Search this blog


Home About Me Contact
2009-01-26

വന്ദേ മാതരം...വന്ദേ മാതരം..  


പുക്കിള്‍ കൊടി പതിഞ്ഞ മണ്ണില്‍ നിന്നും, ഉറ്റവരെയും ഉടയവരെയും വിട്ട്, തനിക്കു ജനിച്ച കുഞ്ഞിന്റെ മുഖം‌പോലും ഒരുനോക്കുകാണാന്‍ കഴിയാതെ, കാതങ്ങള്‍ക്കപ്പുറത്ത് മൈനുകളും ഗ്രനേഡുകളും പൊട്ടിതെറിക്കുന്ന കാതടപ്പിക്കുന്ന ഒച്ചകളില്‍ നടുങ്ങുന്ന‍, ഋതുഭേദങ്ങള്‍ കരുണയില്ലാതെ വേഷപകര്‍ച്ചയാടുന്ന നമ്മുടെ അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന ഭാരതാംബയുടെ ധീര യോദ്ധാക്കള്‍. വര്‍ണ്ണ ഭാഷാ വൈവിധ്യങ്ങള്‍ക്കപ്പുറത്ത് പിറന്നമണ്ണിന്റെ മാനം എന്ന വികാരം ശക്‌തിയുടെ കൊടുങ്കാറ്റായി, ബുള്ളറ്റ് പ്രൂഫും തോക്കും, കുടിവെള്ളവു മുള്‍പ്പെടെ പത്തറുപതുകിലോ ശരീരത്തുതൂക്കി, അസ്ഥിമരവിപ്പിക്കുന്ന മഞ്ഞിലും, പൊള്ളുന്ന വെയിലിലും മരവിക്കാത്ത മനസ്സുമായി, രാവും പകലും കണ്ണുചിമ്മാതെ, വിരല്‍ കാഞ്ചിയിലമര്‍ത്തി മലമടക്കുകളില്‍ നമുക്ക് കാവല്‍ നില്‍ക്കുന്നു. പേഴ്‌സില്‍ മടക്കിവച്ച, പുള്ളികുത്തുകള്‍ വീണ പ്രിയ ജനങ്ങളുടെ ഒരു ഫോട്ടോ, അല്ലങ്കില്‍ ഹ്യദയത്തിന്റെ കൈയ്യൊപ്പിട്ട ഒരു കത്ത്‌, അതാണവന്റെ പ്രാണവായു. വെടിയുണ്ടകളേറ്റ് തുളഞ്ഞു വീഴുമ്പോള്‍ അതും നെഞ്ചോടടുക്കി പിടിച്ച്, അവസാനശ്വാസവും അവനെ വിട്ട്പിരിയുമ്പോള്‍ ഒരിറ്റ് വെള്ളം കുടിക്കാനാവാതെ വീണ് മരിക്കുമ്പോള്‍, സിനിമാ നടന്മാരും, തുണിഉരിഞ്ഞു മേനി പ്രദര്‍ശിപ്പിച്ച് മാനം വില്‍ക്കുന്ന സുന്ദരികളുമാകുന്നു നമുക്ക് വീരന്മാരും നായികകളും. അവരെ ഭാരതാംബയന്നു വിശേഷിപ്പിച്ച് ജയ് വിളിക്കുമ്പോള്‍ നമുക്ക് പട്ടാളക്കാരന്‍ കോമാളിയും, എ. റ്റി. എം സെന്ററുകളുടെ മുന്നില്‍, നമുക്ക് തെറിവിളിക്കാന്‍ നില്‍ക്കുന്ന കാവല്‍ കാരനും മാത്രമാണ്.

നമുക്കു വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ആയിരകണക്കിനു പട്ടാളക്കാര്‍, അവരുടെ വിധവകളും അനാഥരായ അവരുടെ കുട്ടികളും നമുക്ക് ലോട്ടറിയടിച്ച ഭാഗ്യശാലികളാണ്. അതും പോരാഞ്ഞ്, നമുക്കുവേണ്ടി താലിച്ചരടറുത്ത, അവന്റെ ഭാര്യയെ പറ്റി അപവാദങ്ങളും ഇക്കിളികഥകളും ഉണ്ടാക്കി രസിക്കുകയാണ്. ഇതാണ് ഇന്നത്തെ നമ്മുടെ ദേശസ്‌നേഹം.

തൂറിയതും മണത്തതുമായ കഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് നമ്മുടെ ബ്ലോഗുകള്‍ എഴുതി നിറക്കു‍മ്പോഴും, സിനിമാനടന്മാരുടേയും നടികളുടേയും ബ്ലോഗുകള്‍ക്ക് മല്‍സരിച്ച് കമന്റെഴുതുമ്പോഴും, സരസ്വതിയുടെയുടെ തലയുടെയും മുലയുടെയും എണ്ണത്തെകുറിച്ചും, യേശുക്രിസ്തുവിന്റെ ഭാര്യയാണ് മഗദ്‌ലമറിയമന്നും അതില്‍ രണ്ട് കുട്ടികള്‍ ഉണ്ടന്നും ഘോര ഘോരം ചര്‍ച്ചകള്‍ ചെയ്യുമ്പോഴും, സ്വാതന്ത്യദിനത്തിനോ റിപ്പബ്ലിക്‌‌ഡേയ്ക്കോ പോലും നമുക്കുവേണ്ടി അതിര്‍ത്തിയില്‍ ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ ജവാന്മാര്‍ക്കുവേണ്ടി ഒരു വരി കുറിക്കാനോ, ഒന്നോര്‍ക്കാനോ നാം മിനക്കെടുന്നില്ല എന്നത് ലജ്ജാവഹം തന്നെ.

കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട് ആദ്യ രക്‌തസാക്ഷിത്വം വരിച്ച മേജര്‍ വിവേക് ഗുപ്തയുടെ ത്രിവര്‍ണപതാകയില്‍ പൊതിഞ്ഞ ശരീരത്തിനു മുന്നില്‍, വികാരത്തിനുമുകളില്‍ വിചാരവും, നിയമങ്ങളും ചിട്ടവട്ടങ്ങളും തെറ്റിക്കാതെ, തന്റെ അവസാന സല്യൂട്ട് അര്‍പ്പിച്ച ഒരു ഉത്തമ ഭാര്യ , ക്യാപ്‌റ്റന്‍ (ഡോക്ടര്‍) രാജശ്രീ ഗുപ്ത (ആര്‍മി മെഡിക്കല്‍ കോര്‍പ്‌സ്). ത്യാഗവും ധീര‍തയും കത്തുന്ന, ഭാരതാംബയന്ന് അഭിമാനത്തോടെ വിശേഷിപ്പിക്കാവുന്ന ആ വ്യക്തിത്വത്തിനുമുന്നില്‍ ശിരസ്സു നമിച്ച് പ്രണമിച്ചുകൊണ്ട്, നമ്മുടെ ഭാരതത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച എല്ലാ ധീര ദേശാഭിനികളുടെയും പാവന സ്‌മരണകള്‍ക്ക് മുന്നില്‍ ഒരിറ്റു കണ്ണീര്‍ വീഴ്‌തികൊണ്ട്, എല്ലാ ധീര ജവാന്മാര്‍ക്കും ഹ്യദയത്തില്‍ തൊട്ട പ്രണാമമര്‍പ്പിച്ചുകൊണ്ട് ഈ റിപ്പബ്ലിക് ദിനത്തില്‍ ഒരിക്കല്‍ കൂടി നമുക്ക് ഒരേസ്വരത്തില്‍ ഒന്നായ് പാടാം

വന്ദേ മാതരം...വന്ദേ മാതരം...
സുജലാം സുഭലാം മലയജ ശീതളാം.......
സസ്യ ശ്യാമളാം മാതരം... വന്ദേ മാതരം....


What next?

You can also bookmark this post using your favorite bookmarking service:

Related Posts by Categories



7 comments: to “ വന്ദേ മാതരം...വന്ദേ മാതരം..

  • Dr. Prasanth Krishna
    Tuesday, January 27, 2009 4:43:00 PM  

    ഈ റിപ്പബ്ലിക് ദിനത്തില്‍ ഒരിക്കല്‍ കൂടി നമുക്ക് ഒരേസ്വരത്തില്‍ ഒന്നായ് പാടാം

    വന്ദേ മാതരം...വന്ദേ മാതരം...
    സുജലാം സുഭലാം മലയജ ശീതളാം.......
    സസ്യ ശ്യാമളാം മാതരം... വന്ദേ മാതരം....

  • മുസാഫിര്‍
    Tuesday, January 27, 2009 5:41:00 PM  

    ശുഭ്ര ജ്യോത്സ്നാ പുളകിത യാമിനീം
    ഫുല്ല കുസുമിത ദ്രുമദള ശോഭിനീം
    സുഹാസിനീം സുമധുര ഭാഷിണീം
    സുഖദാം വരദാം മാതരം
    വന്ദേ മാതരം...

  • മാണിക്യം
    Wednesday, January 28, 2009 7:04:00 AM  

    മഹത്തായ ദേശത്തിന്റെ പാരമ്പര്യം
    നമുക്ക് കാത്ത് സൂക്ഷിക്കാം.
    നമ്മുടെ കെട്ടുറപ്പിനെ,
    ആത്മവിശ്വാസത്തെ,
    ആര്‍ക്കും തകര്‍ക്കാന്‍ കഴിയാതെ പോകട്ടെ .
    ഇനിയുള്ള നാളുകള്‍
    സമാധാനത്തിന്റെയാവട്ടെ.
    ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ആര്‍ഷഭാരതസംസ്കാരത്തിന്റെ വക്താക്കളായിത്തിരാന്‍ നമുക്കോരോരുത്തര്‍ക്കുമാവട്ടെ.
    അഹിംസയില്‍ അതിഷ്ടിതമായ
    പുതിയൊരിന്ത്യ കെട്ടിപ്പെടുക്കാന്‍
    നമുക്കൊന്നായി യത്നിക്കാം.
    രാജ്യത്തിനായി ജീവന്‍ ത്യജിച്ച ധീരദേശാഭിമാനികള്‍ക്ക്‌
    ആദരാജ്ഞലികള്‍ അര്‍പ്പിക്കാം.
    ജയ് ജവാന്‍!!!

    വന്ദേ മാതരം.
    ഭാരത് മാതാ കി ജയ്.!!!

  • Sureshkumar Punjhayil
    Wednesday, January 28, 2009 1:21:00 PM  

    Krishna.. You are absolutely correct. I agree with you. Wish you the very best. Ente Pranamangal...!!

    Jai Javan..!!!

  • Anil cheleri kumaran
    Wednesday, January 28, 2009 1:42:00 PM  

    ഭാരത് മാതാ കി ജയ്.!!!

  • Dr. Prasanth Krishna
    Wednesday, January 28, 2009 3:32:00 PM  

    പ്രിയമുള്ള

    മുസാഫിര്‍,
    മാണിക്യം,
    സുരേഷ്,
    കുമാരന്‍

    ഒന്നുകൂടി നമുക്ക് ഉറക്കെ ഒരേശബ്‌ദത്തില്‍ പലരാജ്യങ്ങളിലായ് ഇരുന്നുകൊണ്ട് ഉറക്കെ വിളിക്കാം

    വന്ദേ മാതരം.
    ഭാരത് മാതാ കി ജയ്.!!!

  • Shaf
    Wednesday, January 28, 2009 3:51:00 PM  

    വന്ദേ മാതരം.
    ഭാരത് മാതാ കി ജയ്.!!!