Search this blog


Home About Me Contact
2011-11-11

ത­ല­മു­ടി തരുന്ന ചില സാമൂകിഹാനുഭവങ്ങളും ചിന്തകളും  

പരിഷ്ക്യതമായ ഒരു സമൂഹം എന്നു സ്വയം നടിക്കുമ്പോഴും ഈ ഉത്തരാധുനിക കലഘട്ടത്തിലും നമ്മൾ ഭാരതീയർക്ക് നീണ്ടുവളർന്ന മുടി സ്ത്രീകളുടേയും സന്യാസിമാരുടേയും മാത്രം ചിഹ്നമാണ്. ശാസ്ത്രജ്ഞന്മാർക്കും ഗിറ്റാറിസ്റ്റുകൾക്കും ഒരു പരിധിവരെ നീണ്ട തലമുടി സമൂഹം അനുവദിച്ചിട്ടുണ്ടന്നതു വിസ്മരിക്കുന്നില്ല. പട്ടണങ്ങളിലെ പ്രഫഷണൽ കോളജുകളിൽ അപൂർവ്വം ചില വിദ്യാർത്ഥികൾ മുടി നീട്ടിവളർത്താറുണ്ടങ്കിലും അതിന് അത്ര ആയുസ്സുണ്ടാവില്ല. ഈ കോർപ്പറേറ്റ് യുഗത്തിൽ പോലും, മുടിനീട്ടി വളർത്തിയ ഒരു ചെറുപ്പക്കാരൻ ഒരു ഇന്റർവ്യൂവിന് വന്നാൽ, ഇന്റർവ്യൂ ബോർഡിനു മുൻപാകെ എക്സിക്യൂട്ടീവ സ്റ്റൈലിൽ മുടി വെട്ടി ഒതുക്കാം എന്ന ഒരു സമ്മതം, അല്ലങ്കിൽ വറുംകൈയ്യോടെ മടങ്ങേണ്ട അവസ്ഥ. ക്യഷ്ണനും, ക്യസ്തുവും, പൗരുഷത്തിന്റെ മൂർത്തീ ഭാവങ്ങളായ ഗ്രീക്ക് ദേവന്മാരുമെല്ലാം നീണ്ട മനോഹരമായ മുടിയുള്ളവരായിരുന്നു. അന്ന് അതൊക്കെ പൗരുഷത്തിന്റെ ലക്ഷണമായിരുന്നു. ഭാരതത്തിൽ ഒരുകാലത്ത് നീട്ടിവളർത്തിയ മുടി ആഡ്യത്വത്തിന്റെ അടയാളമായിരുന്നു. അഴിച്ചിട്ടാൽ നിതംബം മറയുന്ന മുടി കുടുമയാക്കി കെട്ടി വച്ചിരുന്ന നമ്മുടെ സമൂഹം, നവോത്ഥാനത്തിന്റെ ചുവടുപിടിച്ച് കുടുമ അറുത്തുമാറ്റി. കമ്യൂണിസവും വിപ്ലവങ്ങളും കുടുമ മുറിക്കാൻ പ്രേരിപ്പിച്ചു. പിന്നീട് തലമുറ ഒന്നു പിന്നിട്ടപ്പോഴേക്കും നീണ്ടിവളർത്തിയ മുടി സ്വവർഗ്ഗഭോഗികളായ പുരുഷന്മാരുടെ ചിഹ്നമായി പരിണമിച്ചു. അങ്ങനെ നീട്ടിവളർത്തിയ മുടി സ്ത്രീകളുടേയും പറ്റെവെട്ടിയൊതുക്കിയ മുടി പുരുഷത്വത്തിന്റെയും ചിഹ്നമായി. പിന്നീട് പുരുഷന്റെ നീണ്ട മുടി നക്സലിസത്തിന്റെയും തീവ്രവാദത്തിന്റെയും മയക്കുമരുന്നും ലഹരിയുമുപയോഗിക്കുന്ന എക്സട്രിക്കുകളുടേതും മാത്രമായി ചുരുങ്ങി. ഒരുപക്ഷേ അതുകൊണ്ടായിരിക്കണം സ്വാ­ഭാ­വി­ക­മാ­യി­ത്ത­ന്നെ തഴ­ച്ചു വള­രു­ന്ന തല­മു­ടി­യു­ള്ള ആണ്‍­കു­ട്ടി­ക­ളെ നീ­ട്ടി­വ­ളര്‍­ത്തു­ന്ന­തില്‍ നിന്നും വിലക്കാനും പെൺമക്കളെ നീണ്ട മുടിയുള്ള ചെറുപ്പക്കാർക്ക് വിവാഹം ചെയ്തു കൊടുക്കുന്നതിൽ നിന്നും പിന്തിരിയാൻ മാതാപിതാക്കളെ നിർബന്ധിതരാക്കുന്നതും.

എന്നും സമൂഹത്തോടും എന്നോട് തന്നെയും വളരെ വ്യക്തമായ ഒരു കാഴ്ചപാട് എനിക്ക് ഉള്ളതിനാലും, ചെറുപ്പം മുതൽ തന്നെ സ്വകാര്യജിവിതത്തിൽ സമൂഹത്തിന്റെ അനാവശ്യ ഇടപെടലുകളെ അനുവദിക്കാൻ ഇഷ്ടപ്പെടാത്ത ഒരു വ്യക്തി എന്ന നിലയിലും, കഴിഞ്ഞ അഞ്ചുവർഷക്കാലമായി മുടി നീട്ടി വളർത്തി നടക്കുന്ന ഒരാളാണു ഞാൻ. ജീവിതത്തിൽ എന്നെ ഏറ്റവും അധികം സ്വാധീനിച്ച രണ്ട് മഹത് വ്യക്തിത്വങ്ങൾ മുഖ്യധാരാ സമൂഹത്തിന്റെ ചൈയ്തികളിൽ നിന്നും അല്പം വ്യതിചലിച്ച ഒരു ജീവിത ശൈലി പിന്തുടർന്നവരും, മുടി നീട്ടി വളർത്തിയവരുമായിരുന്നു എന്നതും, ഒരു പക്ഷേ എന്റെ നീണ്ടമുടിയുമായ് ബന്ധപ്പെട്ടു കിടക്കുന്നുണ്ടായിരിക്കണം. ഒരാളെയും അന്ധമായ് ആരാധിക്കാനും അനുകരിക്കാനും ഇഷ്ടപ്പെടാത്ത ഒരു വ്യക്തി എന്ന നിലയിൽ, ഈ പറഞ്ഞത് എന്നും എനിക്ക് ഒരു വലിയ ചോദ്യ ചിഹ്നം തന്നെയാണ്. അത് എ­ന്തൊ­ക്കെ­യാ­യാ­ലും നീ­ട്ടി­വ­ളര്‍­ത്തിയ മു­ടി വളരെ വ്യത്യസ്ഥമായ ഒരു സാ­മൂ­ഹ്യാ­നു­ഭ­വ­മാ­ണെ­നി­ക്കു സമ്മാ­നി­ച്ച­തു­്. അരകിറുക്കൻ എന്ന് സമൂഹം പലപ്പോഴും വിശേഷിപ്പിക്കുന്ന അതികായന്മാരായ എക്സെന്‍­ട്രി­ക്കു­കള്‍ അപൂർവ്വമല്ലാത്ത ശാ­സ്ത്ര­ത്തി­ന്റെ ലോ­ക­ത്താ­യ­തു­കൊ­ണ്ട്, ഒരാളുടെ വേഷവിധാനങ്ങളെ മുൻവിധിയോടെ കാണരുതന്ന് ലോകത്തിനെ പഠിപ്പിച്ചുകൊടുത്ത ഐൻസ്റ്റീനും മെൻഡലീവും അനുവദിച്ചു തന്ന സ്വാതന്ത്യം ഞാനും ശരി­ക്ക് ഉപ­യോ­ഗി­ച്ചെ­ന്നു പറ­യാം.

ഇന്റർ നാഷണൽ സയൻസ് കോൺഗ്രസുകളിലും കോൺഫറൻസുകളിലും, ഞാനുൾപ്പെടുന്ന സയന്റിഫിക് കമ്യൂണിറ്റികളൂടെ ഇടയിലും, എന്റെ ഉയരവും നീട്ടിവളർത്തിയ ബ്രൗൺ നിറമുള്ള കോലൻ തലമുടിയും എനിക്ക് ചെ­റു­ത­ല്ല­താ­ത്ത ഒരു വി­സി­ബി­ലി­റ്റി തന്നി­ട്ടുണ്ട്. പലപ്പോഴും അത് എനിക്ക് ഒരു യുണീക് ഐഡന്റിറ്റി മാത്രമല്ല, എന്റെ കരിയറിലും ചെറുതല്ലാത്ത നേട്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. ഒരിക്കൽ പോലും ഞാൻ പരിചയപ്പെടുകയോ സംസാരിക്കയോ ചെയ്തിട്ടില്ലാത്ത ഒരു സയിന്റിസ്റ്റ്, പിന്നീട് എപ്പോഴങ്കിലും ഏതങ്കിലും സാഹചര്യത്തിൽ I remember, I met you last year in Energy Materials Conference എന്നു പറയുന്നുവങ്കിൽ, കഴിഞ്ഞ ദിവസം (14 ഒക്ടോബർ 2011) ഇന്റർ കോണ്ടിനന്റൽ ഹോട്ടലിലെ ഗ്രാൻഡ് ബാൾറൂമിൽ വച്ച് സ്കൂൾ ആഫ് മെറ്റീരിയൽ സയൻസ് ആന്റ് എഞ്ചിനീയറിംങിന്റെ ചെയർ Prof. Ma Jan, ഞങ്ങൾ സ്റ്റാഫിനെ പരിചയപ്പെടുമ്പോൾ മറ്റുള്ളവരോടായ് I noticed this dynamic young guy, an energetic man with long hair എന്ന് പറഞ്ഞുവങ്കിൽ, അത് എന്റെ നീണ്ടമുടി എനിക്ക് തരുന്ന വിസിബിലിറ്റി ഒന്നുകൊണ്ട് മാത്രമാണ്.

ചെറുപ്പം മുതൽ ക്രമരാഹിത്യത്തിന്റെ ഒരു കോസ്മിക് പരീക്ഷണത്തിലായിരുന്നു ഞാൻ. ബഹു­സ്വ­ര­ത­യു­ടെ ഒരു സമൂ­ഹ­ത്തില്‍, ഒന്നി­ന്റേ­യും പ്ര­തി­നി­ധി­യാ­വാ­തെ എന്റെ ശബ്ദം വേറിട്ടു നിൽക്കാൻ അതെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. നഗരജീവിതത്തിന്റെ കാപട്യങ്ങളെയും സമൂഹത്തിന്റെ സൃഷ്ടിയായ അലിഖിത നിയമങ്ങളേയും എന്നിലൂടെ സാധ്യമാകുന്ന ആത്മീയതയിലൂടെ നിരാകരിക്കുകയും സ്വയം നിരന്തരം നവീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു ഞാൻ. പക്ഷേ ഒരു അരാജകവാദിയോ ആന്റിസോഷ്യലൊ ആകാൻ ഞാൻ ശ്രമിച്ചിട്ടില്ല. മുടി വളർത്താൻ ആഗ്രഹിക്കുന്ന ഒരുപാട് ചെറുപ്പക്കാരെ എനിക്കറിയാം. പക്ഷേ അടക്കി അനുശീലിച്ചു വരുന്ന സാമൂഹിക ചുറ്റുപാടിൽ അവൻ ഒറ്റപ്പെടുമോ എന്ന വ്യാധിയിൽ നിന്നുടലെടുക്കുന്ന ധൈര്യമില്ലയ്മയിൽ, അവരൊക്കെ തങ്ങളുടെ ആഗ്രഹത്തെ ഉള്ളിലൊതുക്കുകയാണ്.

ബ്രയിൻ കൊറിയ ഫെലോഷിപ്പിൽ ഡോക്ട്രേറ്റ് എടുക്കാൻ കൊറിയയിലേക്ക് പോകുന്നതിനും മുൻപേ ഞാൻ മുടി മുറിക്കൽ നിർത്തിയങ്കിലും അത്ര അധികം നീണ്ടിരുന്നില്ല. ഒരു വർഷം കഴിഞ്ഞ് അവധിക്ക് ആദ്യമായ് വീട്ടിലേക്കെത്തിയപ്പോൾ എല്ലാവരുടേയും മുഖത്ത് അൽഭുതമായിരുന്നു. ഇത്ര ചുരുങ്ങിയ കാലം കൊണ്ട് ഒരാളുടെ മുടി ഇത്ര നീണ്ടുവളരുമോ? പുറം മുഴുവനായ് മറയുന്നതരത്തിൽ ഇടുപ്പ് വരെ വളർന്നിറങ്ങിയ ഇടതൂർന്ന കറുത്ത മുടി കണ്ട് അസൂയപ്പെട്ട പെൺകുട്ടികൾ ഒരുപാടുണ്ട്. നാട്ടിൽ എവിടേങ്കെങ്കിലും പോയാൽ ആളുകൾ തുറിച്ചുനോക്കും. അതിൽ രണ്ടുപക്ഷക്കാരുണ്ടായിരുന്നു. അതിൽ ചില സംശയാലുക്കളുടെ കൊമ്പുവച്ച ചോദ്യങ്ങൾക്കു അർഹമായ മറുപടി കൊടുത്തും ഉപദേശിച്ച് നേരേയാക്കാൻ ശ്രമിച്ചവരോട് കാർക്കശ്യം നിറഞ്ഞ സ്വരത്തിൽ എനിക്ക്‌ ഉപദേശം കേള്‍ക്കാനിഷ്ടമില്ലെന്ന് പറഞ്ഞും നിശബ്ദരാക്കി. ബൈക്കിന്റെ പിൻസീറ്റ് യാത്രക്കാരായ പല ചെറുപ്പക്കാരും തന്റെ സഹയാത്രികനെ ദേ നോക്കടാ എന്നു പറഞ്ഞ് വിളിച്ച് കാണിക്കുന്നതിൽ തുടങ്ങി, പട്ടണങ്ങളിലൂടെയുള്ള യാത്രകളും ഷോപ്പിങ്ങുകളും മറക്കാനാവാത്ത ഒരു പാട് അനുഭവങ്ങൾ, നെറ്റി മറച്ച്‌, കണ്‍തടം വരെ നീണ്ടുകിടക്കുന്ന, കൊലുന്നനെയുള്ള എന്റെ തലമുടി എനിക്ക് സമ്മാനിച്ചിട്ടുണ്ട്. മുടി വളർത്തി, പുരോഗമന വാദികളായ മലയാളികളുടെ അലിഖിത നിയമത്തെ ഖണ്ഡിക്കുന്ന ആദ്യദിനങ്ങളിൽ, ഒരു സുഹ്യത്തിന്റെ കമന്റ് ഇങ്ങനെയായിരുന്നു, 'ഒറ്റകാതിൽ കടുക്കനൂടെ ആയാൽ ഒരു ഡ്രഗ് അഡിക്റ്റിന്റെ ചിത്രം പൂർണ്ണമാകും'. ‌ ആദ്യമായ് നീണ്ടമുടിയുമായ് എന്നെ കണ്ടദിവസം നിന്റെ തലമുടി വെട്ടിക്കണില്ലേ എന്ന് അമ്മയുടെ ചോദ്യം കേട്ടതായ് ഭാവിക്കാതെ, ഇവിടെ എന്തൊരു ചൂടാണിപ്പോൾ എന്ന് പറഞ്ഞുകൊണ്ട് വിഷയം മാറ്റി. ചെറുപ്രായത്തില്‍ത്തന്നെ, പൊതുധാരാജീവിതവുമായി ഞാൻ കലഹത്തിലാണന്നും ഉപദേശിച്ച് തീരുമാനങ്ങളുടെ ഗതി മാറ്റാൻ കഴിയില്ലന്നും നന്നായി മനസ്സിലാക്കിയിട്ടുള്ളതിനാൽ അമ്മ അവന്റെ ഇഷ്ടം പോലെ ആകട്ടെ എന്ന് ചിന്താഗതിയിലേക്കെത്തി. അന്ന് എന്റെ തലമുടി നാട്ടിൽ ഒരു സംസാര വിഷയമായിരുന്നു. നീണ്ടമുടിയെ പറ്റി ഒരുപാട് കാര്യങ്ങൾ പ്രായഭേദമെന്യേ വൈകുന്നേരങ്ങളിലെ ഒത്തുകൂടലിൽ നാട്ടുകാർക്ക് ചർച്ചാവിഷയമായിരുന്നു. കാലങ്ങൾകൊണ്ട് നാടും രാജ്യവും വിട്ട് പഠിക്കാൻ പോയതിനാലും സ്കൂൾ പഠനകാലത്തുതന്നെ പഠിപ്പിസ്റ്റ് എന്ന ഒരു ലേബൽ നാട്ടുകാർ ചാർത്തി തന്നിട്ടുള്ളതിനാലും ചർച്ച ചെയ്ത് ചർച്ച ചെയ്ത്, ഒരു ജീനിയസിന്റെ പരിവേഷം അവർ എനിക്ക് ചാർത്തിതന്നു. സംസാരിക്കുന്നതിനിടയിൽ, മങ്ങിയ പച്ചനിറം പ്രതിഫലിപ്പിക്കുന്ന എന്റെ അന്റിഗ്ലയർ കണ്ണടക്കുമുകളിലേക്ക് ഊർന്നു വീഴുന്ന മുടിയിഴകളെ, വലതു കൈകൊണ്ട്‌ കണ്ണുകള്‍ വെളിയില്‍ കാണത്തക്കവിധം വകഞ്ഞുമാറ്റുമ്പോൾ കിട്ടുന്ന വിസിബിലിറ്റികൊണ്ടുകൂടിയായിരിക്കണം അങ്ങനെ ഒരു നിഗമനത്തിലേക്ക് അവരെ കൊണ്ടെത്തിച്ചത്.

ചെറുപ്പം മുതൽതന്നെ പാരമ്പര്യത്തോടുള്ള ധാര്‍ഷ്ട്യം നിറഞ്ഞ ഒരു കലാപത്തിലായിരുന്നു ഞാന്‍. നന്നേ ചെറുപ്പത്തിൽ തന്നെ ഞാന്‍ അത് തിരിച്ചറിഞ്ഞുകഴിഞ്ഞു. അതെന്റെ കുറ്റമേയല്ല. അച്ചടിച്ച പുസ്തകങ്ങളിലെ കത്തുന്ന അക്ഷരങ്ങൾക്കും, ക്ലാസ്മുറികളിലെ ജ്യോമട്രിക് രൂപങ്ങളുടെ ആവർത്തന വിരസതകൾക്കും പിടികൊടുക്കാതെ നിരൂപകരുടെ ബുദ്ധിഗൗരവങ്ങളിലൂടെ ഗതികിട്ടാതെ അലയാനായിരുന്നു എനിക്ക് എന്നും താല്പര്യം. അതുകൊണ്ട് തന്നെ എനിക്ക് ശരിയന്നു തോന്നിയതൊക്കെ ഞാൻ ചെയ്തു. തെറ്റിനും ശരിക്കും അതിർവരമ്പുകൾ കല്പിച്ചിട്ടില്ലത്തതിനാൽ ഞാൻ ചെയ്തതൊക്കെ എനിക്ക് ശരിതന്നെയായിരുന്നു. എന്തു ചെയ്യുമ്പോഴും മൂന്നുതവണ ആലോചിച്ച് ഉറപ്പിച്ച് മാത്രം ചെയ്യാൻ അമ്മ പരിശീലിപ്പിച്ചിരുന്നതിനാൽ, ഒരിക്കൽ പോലും ചെയ്തതൊന്നും തെറ്റായിരുന്നു എന്ന് ആലോച്ചിക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ടുതന്നെ സന്മാര്‍ഗം ബുദ്ധിയുടെ ബലഹീനതയാണ് എന്ന് വിശ്വസിച്ച റിംബോയുടെ കവിതകൾ നന്നേ ചെറുപ്പത്തിൽ തന്നെ എന്നെ ഒരുപാട് ഹരംകൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ടുമാത്രമാണ് പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ, സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലെ ചൂതാട്ടകേന്ദ്രങ്ങളിൽ രാപകൽ തള്ളിനീക്കി, ജീവിതത്തെ മൊത്തമായി ചൂതാട്ടകളരിയിലേക്ക് കശക്കിയെറിഞ്ഞ ഫിയോദർ മിഖയലോവിച്ച് ദസ്തയേവ‌സ്കിയുടെ കുറ്റവും ശിക്ഷയും, ചൂതാട്ടകാരൻ മുതലായ വിശ്വസാഹിത്യങ്ങളിൽ തുടങ്ങി ലൈംഗികതയുടെ അതിപ്രസരമുള്ള മാധവികുട്ടിയുടെ എന്റെ കഥയും ചന്ദനമരങ്ങളും വരെ എന്റെ സ്വകാര്യ ലൈബ്രറിയിലെ ചില്ലിട്ട അലമാരകളിൽ പ്രദർശനോൽമുഖമാകും വിധം സ്ഥാനം പിടിച്ചത്. കുമ്പസാരിക്കുന്ന പാപിയാകാതെ, ഭ്രാന്തു പിടിച്ച നന്മകളുടെ മഴനനഞ്ഞു നടക്കാനായിരുന്നു, എന്നും ജീവിതത്തെകുറിച്ച് വ്യക്തമായ ഒരു ദീർഘവീക്ഷണം വച്ചുപുലർത്തിയിരുന്ന അമ്മ എന്നെ പഠിപ്പിച്ചത്. അതുതന്നയാണ് ഇക്കാലമത്രയും ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ മുഖ്യധാരാ സ­മൂ­ഹ­ത്തിന്റെ അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളോട് പു­റം­തി­രി­ഞ്ഞു നില്‍­ക്കു­ന്ന­തി­നാ­ലാ­വ­ണം അധികം ആരും എന്നെ ഉപദേശിച്ച് നന്നാക്കാൻ ശ്രമിക്കാത്തത്. എന്റെ സന്തോഷങ്ങൾ എന്നിൽ ജനിച്ച് എന്നിൽ തന്നെ മരിക്കുന്നവയായിരിക്കണം എന്ന് ഒരു നിർബന്ധ ബുദ്ധി കൗമാരം കഴിഞ്ഞപ്പോൾ തന്നെ ഞാൻ വളർത്തിയെടുത്തിരുന്നു. അങ്ങനെ സ്വകാര്യജീവിതത്തിൽ നിന്നും സമൂഹത്തിന്റെ ഇടപെടലുകളെ പാടേനിരാകരിക്കുന്ന സങ്കീർണ്ണമായ ഒരു തലത്തിലേക്ക് സന്നിവേശിപ്പിക്കപ്പെട്ട എന്റെ ചിന്തകളുടെ ബൗദ്ധികമായ വളർച്ചക്ക് കാരണഭൂതനായ ബാല്യകാല സഖിയോട് എന്നും ഒരു കടപ്പാടുണ്ടന്നുപറയുന്നതിൽ തെറ്റില്ല. അപ്രതീക്ഷിതമായ് നിഷേധിക്കപ്പെട്ട ആ ബാല്യകാല സൗഹ്യദത്തിനോടുള്ള പ്രതിഷേധമായി, കണ്ണിലേക്ക് ഊർന്നുവീഴുന്നതരത്തിൽ മുറിക്കാതെ കൊണ്ടുനടന്ന ഏതാനും മുടിയിഴകളിലാണ് എന്റെ മുടിവളർത്തലിന്റെ തുടക്കം. ബന്ധങ്ങളെ കേവല വികാരങ്ങളുടെ വേലിയേറ്റങ്ങളായ് ഹ്യദയത്തോട് ചേർത്തുനിർത്തി, നമ്മുടെ സന്തോഷങ്ങളുടെ നിയന്ത്രണം മറ്റുള്ളവരെ ഏല്പിക്കാതെ, ഗീത അനുശാസിക്കുന്ന തരത്തിൽ സ്വയം സന്തോഷിക്കുവാനും അതിലൂടെ കൈവരിക്കുന്ന സംത്യപ്തിയിലൂടെമാത്രമേ ജീവിതവിജയം കൈവരിക്കുവാനും കഴിയുകയുള്ളൂ എന്ന തിരിച്ചറിവ് എന്നെ കൊണ്ടുവന്നെത്തിച്ചത് ശാസ്ത്രത്തിന്റെയും സാങ്കേതികത്വത്തിന്റെയും ഒരു വലിയ ലോകത്തിലേക്കായിരുന്നു. ആദ്യകാലങ്ങളിൽ കണ്ണിലേക്ക് വളർത്തിയിറക്കിയ ആ മുടിയിഴകൾ മുഖത്തേക്കൂർന്നിറങ്ങി പലപ്പോഴും എന്നെ അസ്വസ്ഥപ്പെടുത്തികൊണ്ടിരുന്നു. അന്നുമുതൽ പ്രീയപ്പെട്ടവരൊക്കെ എനിക്ക് വേണ്ടി ജീവിക്കേണ്ടവരാണന്നും എന്നെ സന്തോഷിപ്പിക്കേണ്ടവരാണന്നുമുള്ള സ്വാർത്ഥമായ ചിന്താഗതി തെറ്റാണന്നു മനസ്സിലാക്കി ഞാൻ എനിക്ക് വേണ്ടിയും എനിക്ക് ചുറ്റുമുള്ളവർക്കുവേണ്ടിയുമാണ് ജീവിക്കേണ്ടതന്ന ഒരു ബോധം എന്നിൽ വളർത്തിയെടുത്തു. അങ്ങനെ വരുമ്പോൾ എന്റെ ആവശ്യങ്ങള്‍ ഞാന്‍തന്നെ നിറവേറ്റേണ്ടതുണ്ട്. എന്റെ ആവശ്യമെന്നാല്‍ എഴുതുക, വായിക്കുക, എന്റെ മനസ്സ് വിളിക്കുന്ന ഭ്രാന്തമായ വഴികളിലൂടെ ഒക്കെ അലഞ്ഞുതിരിഞ്ഞ് സഞ്ചരിക്കുക, ഭ്രമാത്മകമായ ചിന്തകളെ സ്വതന്ത്രമായ തുരുത്തുകളിലേക്ക് യാതൊരുവിധ നിയന്ത്രണവുമില്ലാതെ അഴിച്ചു വിടുക. മുടി വളർത്തുക, ഷേവ് ചെയ്യാതിരിക്കുക, എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കുക ഇതൊക്കെ എന്റെ അവകാശങ്ങളാണ്. ഇതൊന്നും വേണ്ട എന്നു പറയാൻ ആർക്കും അധികാരമില്ല.

­ലോകത്തിന്റെ പലകോണുകളിലും ഗവേഷണത്തിന്റെ ഭാഗമായ് യാത്ര ചെയ്യുമ്പോഴൊക്കെ വിദേശികളായ ഒരു എമിഗ്രേഷൻ ആഫീസർപോലും ചോദിച്ചിട്ടില്ലങ്കിലും ഇന്ത്യയിലെ ഏത് വിമാനാതാവളത്തിൽ വന്നിറങ്ങിയാലും സ്ഥി­ര­മാ­യി ഞാന്‍ കേൾക്കുന്ന ഒരു ചോ­ദ്യമുണ്ട്. മു­ടി­നീട്ടിവ­ളര്‍­ത്താന്‍ എന്തങ്കിലും കാ­ര­ണം? പ്രത്യേകിച്ച് കാരണമൊന്നുമില്ല എന്നു പറഞ്ഞാൽ പാസ്പോർട്ട് തിരിച്ചും മറിച്ചും നോക്കി സൂഷ്മ പരിശോധന നടത്തികൊണ്ട് ഉടൻ വരും അവരുടെ വക ഒരുപദേശം, വെട്ടി വ്യത്തിയാക്കി കൊണ്ടുനടക്കുന്നതല്ലേ നല്ലത്. അപ്പോൾ ആൽബർട്ട് ഐസ്റ്റീനും മെൻഡലീവും എ.പി.ജെ അബ്ദുൾ കലാമും മറ്റും വ്യത്തിയില്ലാത്തവരന്നാണോ പറഞ്ഞുവരുന്നത് എന്ന മറുചോദ്യത്തിന്, അവരൊക്കെ ശാസ്ത്രജ്ഞന്‍മാരല്ലേ എന്ന കൗശലം നിറഞ്ഞ ഒരു ചോദ്യം അവർ എനിക്ക് നേരേ എറിയും. എങ്കിൽ ഞാനും ഒരുശാസ്ത്രജ്ഞന്‍തന്നയാണന്നു പറയുമ്പോൾ ചിലർ, എവിടെ, എന്ത്, എങ്ങനെ എന്നൊക്കെ ചോദിച്ചറിഞ്ഞ് വേഗം പാസ്പോർട്ട് പഞ്ച് ചെയ്ത് വിടും. എന്നാൽ സംശയാലുക്കളായ ചിലർ ഐഡി ചോദിച്ച് അത് ഒന്നുരണ്ടു തവണ തിരിച്ചു മറിച്ച് നോക്കി ഉറപ്പു വരുത്തിയ ശേഷമേ പാസ്പോർട്ട് പഞ്ച് ചെയ്ത് കടത്തി വിടുകകയുള്ളൂ. നീട്ടിവളർത്തിയ മുടി തരുന്ന ഈ വിസിബിലിറ്റി യാത്രകളിൽ ചിലപ്പോഴൊക്കെ മാർഗ്ഗങ്ങളെ എളുപ്പമാക്കിയിട്ടുണ്ടങ്കിലും ഒരിക്കൽ വില്ലനായും കടന്നു വന്നിട്ടുണ്ട്. ഒരിക്കൽ സിംഗപ്പൂരിൽ നിന്നും സിൽക്ക് എയറിന്റെ ബോയിംങ് 737-ന് ബാംഗ്ലൂർ ഇന്റർ നാഷണൽ എയർപോർട്ടിലിറങ്ങി എമിഗ്രേഷൻ കൗണ്ടറിൽ വരുമ്പോൾ അവിടെ ഉണ്ടായിരുന്നത് ഒരു മലയാളി ആഫീസറായിരുന്നു. മുട്ടോളം മാത്രം ഇറക്കമുള്ള ഇറുകിയ ട്രൗസറിലും കൈയ്യില്ലാത്ത സിംങ്ലറ്റിലും, നീട്ടിവർത്തിയ ബ്രൗൺ നിറമുള്ള കോലൻ മുടിയുള്ള ക്യശഗാത്രനായ ഞാൻ സയന്റിസ്റ്റാണ് എന്നു പറഞ്ഞതിൽ വിശ്വാസം തോന്നാഞ്ഞതുകൊണ്ടോ എന്തോ, എന്തുകൊണ്ട് നേരെ തിരുവനന്തപുരത്തോ കൊച്ചിയിലോ ഇറങ്ങാതെ ബാംഗ്ലൂർ ഇറങ്ങി എന്ന മുന വച്ച ചോദ്യത്തിന്, തിരുവനന്തപുരത്തുനിന്നും ഇഷ്യൂ ചെയ്ത പാസ്പോർട്ടുമായ് ഇന്ത്യയിലെ ഏത് എയർപോർട്ടിലുമിറങ്ങാൻ എനിക്ക് അവകാശമുണ്ടന്ന് പറഞ്ഞ ഒറ്റകാരണത്താൽ, അരമണിക്കൂറിലധികം എയർപോർട്ടിൽ പിടിച്ചിരുത്തി എന്നെ ചോദ്യം ചെയ്യുകയും എന്റെ ലഗേജുകൾ മുഴുവൻ തുറന്നിട്ട് പരിശോധിക്കുകയും ചെയ്തു. സിംഗപൂരിൽ നിന്നും വന്ന എന്റെ പാസ്പോർട്ടിൽ വിസ പതിച്ചിട്ടില്ല എന്നതായിരുന്നു അന്ന് അയാൾ കണ്ടുപിടിച്ച കുറ്റം. നൻന്യാങ് യൂണിവേഴ്സിറ്റിയിലെ റിസേർച്ച് സയന്റിസ്റ്റ് എന്നു മുദ്രണം ചെയ്തു ഫോട്ടോപ്രിന്റുചെയ്ത എന്റെ ഐഡന്റിറ്റി കാർഡും സിംഗപ്പൂർ മിനിസ്റ്റിറി ആഫ് മാൻ പവർ ഇഷ്യൂ ചെയ്ത എംപ്ലോയിമന്റ് പാസിനുമൊന്നും അയാളെ കൺവിൻസ് ചെയ്യാൻ കഴിഞ്ഞില്ല. അവസാനം യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഫോട്ടോയും ഡെസിഗ്നേഷനും കാണിച്ചു കൊടുക്കേണ്ടി വന്നു അന്ന് എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാൻ. പക്ഷേ പാസ്പോർട്ട് തിരികെ തരുമ്പോൾ, ഒരു ക്ഷമപറഞ്ഞ് കൈ പിടിച്ചു കുലുക്കുമ്പോൾ അയാളുടെ മുഖത്ത് പടർന്ന ജാളയത നീട്ടിവളർത്തിയ മുടി തരുന്ന വിസിബിലിറ്റി നൽകിയ രസകരമായ ഒരു അനുഭവമാണ്. എന്നാൽ രസകരമായ ഈ സാമൂഹികാനുഭവങ്ങൾ എന്നെ കൊണ്ട് ചിന്തിപ്പിക്കുന്നത് പരിഷ്ക്യതരന്നു സ്വയം വിശേഷിപ്പിക്കുന്ന നമ്മുടെ സമൂഹത്തിനെ ഗ്രസിച്ചിരിക്കുന്ന അപകടകരമായ പപ്പരാസിത്തരത്തെ കുറിച്ചാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്നും ഏതാണ്ട് അറുപത്തഞ്ച് വർഷങ്ങൾക്ക് മുൻപേ നമുക്ക് സ്വാതന്ത്യം കിട്ടിയിട്ടും മറ്റുള്ളവരുടെ വ്യക്തിപരമായ സ്വാതന്ത്യത്തിലേക്കുള്ള അനാവശ്യപരമായ ഇടപെടലുകളിൽ നിന്നും സ്വാതന്ത്യം നേടുവാൻ നമുക്ക് കഴിഞ്ഞിട്ടില്ല. സ്വന്തം തലയിൽ വളരുന്ന തലമുടി വെട്ടാനും വളർത്താനും, ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനും, പൊതുനിരത്തുകളിലൂടെ രാപകൽ വ്യത്യാസമില്ലാതെ ആണിനും പെണ്ണിനും ഒന്നിച്ചോ ഒറ്റക്കോ സഞ്ചരിക്കാനുള്ള സ്വാതന്ത്യം അനുവദിക്കുന്ന ഒരു സമൂഹം വളർന്നു വരുമന്ന പ്രത്യാശയോടെ, സങ്കുചിതമായ സ്വന്തം ചിന്താഗതികളെ നമുക്ക് കൊത്തിയുടച്ച്, വരും തലമുറയെ, നമ്മൾ അടക്കി അനുശീലിക്കേണ്ടി വരുന്ന ചെയ്‌വനകളിൽ നിന്നും സ്വതന്ത്രരാക്കാൻ കഴിയുമോ എന്ന ഒരു ചിന്ത എപ്പോഴും എന്നെ അലട്ടുന്നുണ്ട്. അറിഞ്ഞും അനുഭവിച്ചും കടന്നുപോകുന്ന ദിനങ്ങളിലൂടെ എന്നും അത് ഒരു വലിയ ചോദ്യചിഹ്നമായ് എന്റെ മുന്നിലവശേഷിക്കയാണ്.....

.

2011-10-30

ഋതു പറഞ്ഞ കഥ-ഭാഗം-05  

എല്ലാറ്റിലും തുല്യപങ്കുണ്ടായിട്ടും സ്വന്തം വീട്ടുകാരുടെയും കൂട്ടുകാരുടേയും മുന്നിൽ താൻ മാത്രം തെറ്റുകാരനും സ്വവർഗ്ഗഭോഗിയുമായ് ചിത്രീകരിക്കപ്പെട്ടതിൽ അവന്‌ ആരോടും പരാതിയോ പരിഭവമോ ഇല്ല. അത് സ്വന്തം വിധി എന്നു വിശ്വസിക്കുമ്പോഴും വാവയുടെ കാപട്യമുള്ള മുഖം‍മൂടി ചീന്തി എറിയാൻ കഴിയാത്ത നിസഹായത അവനെ വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ കൊണ്ടെത്തിച്ചുകഴിഞ്ഞു. ഇനി അവൻ സത്യങ്ങൾ മുഴുവൻ പറഞ്ഞാലും അവന്റെ അമ്മപോലും അവനെ വിശ്വസിക്കാത്ത ഒരു സാഹചര്യത്തിൽ എത്തിപെട്ടിരിക്കുന്നു അവൻ. എന്നിട്ടും വാവ ഇല്ലാതെ ഒരു ലോകത്തെകുറിച്ച് ചിന്തിക്കാൻ അവന്‌ കഴിയുന്നില്ല എന്നതാണ്‌ സത്യം. ദൈവ്വം മുന്‍കൂട്ടി നിശ്ചയിച്ചുവെച്ച നിര്‍ജീവമായ ഒരു ജീവിതത്തിലൂടെയാണ് അവൻ കടന്നുപോകുന്നത്.

ഓര്‍മ്മകള്‍ സമ്മാനിച്ച മുറിവിൽ നിന്നും ഇപ്പോഴും ചോര പൊടിയുന്നു. ഒരിക്കലൂം തിരിച്ച് വരില്ല എന്ന് അറിയാം എന്നിട്ടും അവൻ കാത്തിരിക്കുന്നു. അവർ നട്ടുപിടിപ്പിച്ച മരം ഒരുപാട് വളര്‍ന്നിരിക്കുന്നു. ഋതുക്കള്‍ ആ മരത്തിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. കാലം മാറുമ്പോൾ പ്രക്യതിയും മാറും. പക്ഷേ കാലത്തിനൊപ്പം നടക്കാൻ അവന്‌ കഴിഞ്ഞില്ല. മൂകാംബികയിൽ വച്ച് ഒന്നിച്ചു ജീവിക്കുമന്ന ശപഥമെടുത്ത ദിവസം, ലോകത്തിന്റെ ഏതുകോണിലാണങ്കിലും എല്ലാവർഷവും രണ്ടുപേരും സൗപർണ്ണികാനദിയുടെ കരയിലുള്ള ആ സ്ഥലത്ത് വരുമന്ന് പരസ്പരം വാക്കുകൊടുത്തിരുന്നു. ഇന്നും അവൻ വാവയെയും പ്രതീക്ഷിച്ച് എല്ലാവർഷവും ആ നദിയുടെ കരയിൽ എത്തി നദിക്കരയെ ഇരുട്ടു വിഴുങ്ങും വരെ കാത്തിരിക്കും. കൂരിരുട്ടില്‍ അവൻ എന്താണ് തിരയുന്നത് എന്നു അവനുതന്നെ അറിയില്ല. കടന്നു പോയ പ്രകാശത്തിന്റെ നിഴൽപാടുകളാണോ അവൻ തിരയുന്നത്? എവിടയോ അലയുന്ന പ്രകാശത്തെ തന്‍റെ നെഞ്ചില്‍ ആവാഹിക്കാന്‍ കാത്തിരിക്കുന്ന ഇരുട്ട് അവനെ വല്ലാതെ ശ്വാസംമുട്ടിക്കുന്നു. അവൻ ചോദിക്കുന്നു, ഇരുട്ടിലേക്ക് സ്വപ്നങ്ങളെ നാം കടത്തിവിടുന്നത് എന്തിനാണ്? കണ്ടുതീരുന്ന സ്വപ്നങ്ങള്‍ ഇരുട്ടില്‍ നിഴലായി നമ്മളില്‍ നിന്നും പൊഴിഞ്ഞു പോകുന്നുണ്ടാവാം. ഇരുട്ടില്‍ ഉതിരുന്ന വാക്കുകള്‍ സ്വപ്നത്തിലേക്ക് ഉള്ള പാതിവഴിയിലാണ്. ജീവന്റെ ഒരു ഭാഗത്തെ ഹ്യദയത്തിൽ നിന്നടർത്തി മാറ്റാൻ കഴിയാതെ അവൻ ഇന്നും നമുക്ക് മുന്നിൽ കിടന്നു പിടയുകയാണ്‌. ചിലര്‍ ജീവിച്ചിരിക്കേ നഷ്ടപ്പെടുന്നു. മറ്റു ചിലരാകട്ടെ, നഷ്ടപ്പെട്ടിട്ടും ഹ്യദയങ്ങളിൽ ജീവിക്കുന്നു. ചിതറുന്ന മൂല്യങ്ങളും, ചിതലരിച്ച സ്നേഹബന്ധങ്ങളും നമ്മെ അസ്വസ്ഥ മാനസരാക്കുമ്പോൾ, നഷ്ടപ്പെടലിന്റെ വേദയിൽ പുളയുന്ന ഒരുവന്‌ ബന്ധങ്ങളെ തിരിച്ചറിയാനുള്ള വിവേകം നശിക്കുന്നു.

എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും, എത്രയൊക്കെ ആഗ്രഹിച്ചിട്ടും, രാത്രികാലങ്ങളിൽ വാവയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലല്ലോ ഈശ്വരാ എന്നവൻ നിലവിളിക്കുന്നു. ഋതുക്കൾ മാറിവരുന്നത്‌ പോലെ ഒഴിവാക്കാന്‍ ആവാത്ത ഏതോ ഒരു വിധി അവരെ അകറ്റിയിരിക്കുന്നു എന്നവൻ വിശ്വസിക്കുന്നു.......ഭീതിപ്പെടുത്തുന്ന ഏകാന്തതമാത്രമുള്ള മരണതാളം മുറുകുന്ന അവന്റെ കൊച്ചു ലോകത്തേക്ക് അവൻ വീണ്ടും തനിച്ചായി... വേദനയോടെ ആ സത്യം അവൻ അറിയുന്നു. ഇന്നലകളുടെ തിരുശേഷിപ്പുകള്‍ പേറിയുള്ള അവന്റെ ഈ യാത്ര അവനു നന്നേ മടുത്തിരിക്കുന്നു. ഓര്‍മകളുടെ ഈ കൂട്ടില്‍ നിന്നും അവന്‌ പറന്ന് അകലാൻ സമയമായിരിക്കുന്നു. പക്ഷേ അവന്റെ ചിറകുകള്‍ കരിഞ്ഞു. ഓര്‍മകള്‍ തണുത്തുറഞ്ഞ ഈ കൂട്ടില്‍ നിന്നും പുറത്തു കടക്കാന്‍ അവന്‌ കഴിയുന്നില്ല....ഓർമ്മകളിലും ജീവിതത്തിലും സങ്കടങ്ങള്‍ കൊണ്ട് മഴവില്ല് തീർത്ത്, മ്ലാനതയാർന്ന ഒരു യുവത്വം കൂടി നമുക്കുമുന്നിൽ എരിഞ്ഞടങ്ങുകയാണ്.
.

2011-10-19

ഋതു പറഞ്ഞ കഥ-ഭാഗം-04  

ഒരു വ്യഘ്രത്തെപോലെ അവൻ വാവയെ പിടിച്ചു വലിച്ചു നിലത്തിട്ടു. വാവയുടെ മുഖത്ത് ആഞ്ഞടിച്ചു. കത്തി എടുത്ത്‌ നെഞ്ചിലേക്ക് ആഞ്ഞാഞ്ഞു കുത്തി. മരണ വെപ്രാളത്തോടെ ഉരുണ്ടുമാറിയ വാവ ‌ കത്തിയുടെ വായ്ത്തലയിൽ പിടുത്തമിട്ടു. ബലപ്രയോഗത്തിനൊടുവിൽ ചോരയൊലിക്കുന്ന കൈകൊണ്ട് വാവ കത്തി പിടിച്ചു വാങ്ങി ദൂരെ എറിഞ്ഞു. കൈകള്‍ കൂപ്പി എന്നെ ഒന്നും ചെയ്യരുത് എന്നു കരഞ്ഞു പറഞ്ഞു. അത് വകവെയ്ക്കാതെ അവൻ ബെല്‍റ്റ്‌ ഊരി വാവയെ തലങ്ങും വിലങ്ങും അടിച്ചു. കഴുത്തിൽ കുരിക്കിട്ട് വലിച്ചു. ശ്വാസം കിട്ടാതെ വാവ കിടന്നു പിടഞ്ഞു. വാവയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു. മരണ വെപ്രാളത്തോടെ ഒരിറ്റു ശ്വാസംകിട്ടാനായ് കിടന്നു പിടക്കുന്ന വാവയുടെ മുഖം കണ്ടപ്പോള്‍ അവനു സഹിച്ചില്ല. അവനറിയാതെ കുരുക്കിലെ പിടി അയഞ്ഞു. ബൽറ്റിലെ പിടിവിട്ടുകൊണ്ട് അവൻ വാവയുടെ കാലില്‍ വീണു. വാവയെ ഞാന്‍ മറ്റാര്‍ക്കും കൊടുക്കില്ല എന്നെ വിട്ടു പോകരുതെന്ന് കേണപേക്ഷിച്ചു. വീണുകിട്ടിയ നിമിഷ നേരം കൊണ്ട് അവന്റെ കൈ വിടുവിച്ച് വാവ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. അപ്പോഴേക്കും അവൻ തളര്‍ന്നു റൂമില്‍ വീണിരുന്നു...അല്പനേരം കഴിഞ്ഞു ഒരാള്‍ വാവയുമായി വന്നു. അതു വാവയുടെ പുതിയ കൂട്ടുകാരന്‍ അയിരുന്നു...പിന്നീട് അവിടെ നടന്നത് ഒന്നും വ്യക്തമായി അവന്‌ ഓര്‍ക്കാന്‍ കഴിയുന്നില്ല..വാഗ്വാദങ്ങൾ, കണക്കുകൾ, വധശ്രമം, കേസ്, കോടതി, ഭീഷണി....രാത്രി വളരെ വൈകി വീട്ടില്‍ വന്നു. അമ്മ വന്നു വാതിൽ തുറന്നു. എന്തോ പന്തികേടു തോന്നിയതുകൊണ്ട് അവർ ഒന്നും ചോദിച്ചില്ല. ഒന്നും മിണ്ടാതെ മുകളിലെ അവന്റെ മുറിയിലേക്ക് പോയി കട്ടിലിൽ വീണു.....കണ്ണുതുറക്കുമ്പോള്‍ മരുന്നിന്റെ മനം മടുപ്പിക്കുന്ന ഒരു ഹോസ്‌പിറ്റല്‍ വാർഡിലായിരുന്നു അവൻ. നടന്നതൊന്നും എന്താണന്നറിയാതെ അവന്റെ അമ്മ അടുത്തിരുന്നു കരയുന്നു. പലവട്ടം വാവയെ വിളിക്കുന്നു. വാവ ഫോൺ എടുക്കുന്നില്ല...

ഉപദേശങ്ങൾ, കുറ്റപ്പെടുത്തലുകൾ, മരുന്നുകൾ, കൗൺസിലിംങ്....ഹോസ്പിറ്റലില്‍ നിന്നും ഡിസ്‍ചാർജ് ചെയ്തു വീട്ടിലെത്തി മൂന്നാലു ദിവസങ്ങൾ കഴിഞ്ഞ് ഒരു രാത്രി അവൻ വാവയെന്നുറക്കെ നിലവിളിച്ചു ഞെട്ടിയുണർന്നു. അമ്മ വന്നു പുലരുവോളം അവന്റെ അടുത്തിരുന്നു. ഒരു ദിവസം സന്ധ്യാ നേരം നിലവിളക്കുകൊളുത്തി നാമജപം കഴിഞ്ഞ് മുറിയിലേക്ക് വന്ന അമ്മ കണ്ടത് അടച്ചിട്ട മുറിയിൽ കൈതണ്ടയിലെ ഞരമ്പു മുറിച്ച് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന അവനെയാണ്‌. അന്ന് മുറിയുടെ വാതിൽ അകത്തുനിന്നും പൂട്ടാതിരിക്കാൻ അവർ കതകിന്റെ ഓടാമ്പലുകൾ പിഴുതുമാറ്റി. ഒരു ദിവസം കൂളിക്കാനായ് പോയ അവർ ഒരു ഉൾവിളിയിൽ തിരികെ വന്നു നോക്കിയപ്പോൾ ഫാനിൽ കുരിക്കിട്ടുകൊണ്ട് നിൽക്കുന്ന അവനെയാണ്‌ കാണുന്നത്. അന്നുമുതൽ രാവും പകലും ഒരുപോലെ ഉറക്കമില്ലാതെ ആ അമ്മ മകന്‌ കൂട്ടിരുന്നു. ഇടക്ക് തേങ്ങികരഞ്ഞും പരിഭവിച്ചും നിശബ്ദയായും അവന്റെ കട്ടിലിൽ വന്നിരുന്നു വാരിയൂട്ടി. അച്ഛൻ അവനോട് സംസാരിക്കതെയായി. അവരോട് എന്തു പറയണമന്നും എങ്ങനെ ആശ്വസിപ്പിക്കണമന്നും അറിയാതെ വിഷമിച്ച ദിവസങ്ങൾ. രണ്ടു ആഴ്ച കൊണ്ടു അവന്റെ ഭാരം പത്തൊന്‍പതു കിലോയോളം കുറഞ്ഞു. വാവപോലും അവനെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു കോലമായി മാറി‍. അവന്റെ സ്വപ്നങ്ങള്‍ തന്നിൽ നിന്ന് പറന്ന് അകന്നു കഴിഞ്ഞിരിക്കുന്നുവന്ന് അവനറിഞ്ഞു തുടങ്ങി. പലതവണ അവൻ വാവയോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ അയാൾ അതിന്‌ തയ്യാറായിരുന്നില്ല. ആശുപത്രിയുടെ ഇടുങ്ങിയ വരാന്തയില്‍, മരണത്തിന്റെ മണമുള്ള കിടക്കയിൽ അവൻ ഒറ്റയ്ക്ക് മണിക്കൂറുകള്‍ ആരെയോ കാത്ത്, ആരുടെയോ സാമിപ്യത്തിനായി കൊതിച്ചുകൊണ്ട് ദിവസങ്ങൾ കഴിച്ചുകൂട്ടി. മാനസികമായി പൂര്‍ണമായും തളര്‍ന്ന അവനെ രണ്ടുമാസത്തെ ചികില്‍സകള്‍ക്കു ഒടുവില്‍ അവന്റെ അമ്മ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്നു. എന്നാല്‍ പിന്നീടൊരിക്കലും വന്യമായ ഏകാന്തതയും മൗനവും അവനെ വിട്ടുപോയില്ല എന്നതായിരുന്നു സത്യം. അതിനു ശേഷം അവൻ വാവയെ കണ്ടിട്ടില്ല സംസാരിച്ചിട്ടില്ല ഫോണിൽപോലും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല. ഇന്ന് അവനെ അയാൾ ഓര്‍ക്കുന്നുണ്ടാവുമോ എന്നുപോലും അറിയില്ല. പക്ഷേ അവൻ ഇന്നും ഓരോ നിമിഷവും അവനെ ഒരുപാട് സ്നേഹിച്ച, അവനെ സ്നേഹിക്കാനും പങ്കുവയ്ക്കാനും പഠിപ്പിച്ച അവന്റെ വാവയെ കുറിച്ചോർക്കും. നഷ്ടപ്പെട്ടുപോയ ദിനങ്ങൾ മനസ്സിൽ തികട്ടിവരും.

എല്ലാ ആഴ്ച്ചയും പതിവായി അവനെ വിളിച്ചിരുന്ന വാവയുടെ അമ്മയും പിന്നീട് ഒരിക്കലും അവനെ വിളിച്ചിട്ടില്ല. അവൻ വിളിക്കുമ്പോഴൊക്ക ഫോൺ എടുത്തിട്ട് ഇനി മേലിൽ വിളിക്കരുതന്ന് താക്കീത് ചെയ്ത് ഫോൺ വയ്ക്കും. വാവയുടെ അമ്മയും ഏട്ടന്മാരും അവനെ അത്രത്തോളം വെറുത്തു കഴിഞ്ഞിരുന്നു. അവനെ അനുജനെപ്പോലെ സ്നേഹിച്ച തന്റെ മകനെ സ്വവർഗ്ഗാനുരാഗത്തിനും സ്വവർഗ്ഗ ഭോഗത്തിനും പ്രേരിപ്പിക്കുകയും അതിന്‌ തയ്യാറാകാത്തതിനാൽ വധിക്കാൻ ശ്രമിക്കുകയും ചെയ്ത ഒരുവനോട് ഏതമ്മക്കാണ്‌ ക്ഷമിക്കാൻ കഴിയുക? വാവ സത്യങ്ങൾ മൂടിവച്ചുകൊണ്ട് ഋതു സ്വർഗ്ഗാനുരാഗിയാണന്ന് ധരിപ്പിച്ച് അവനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കായാണന്ന് സ്വന്തം അമ്മയോടും ഏട്ടന്മാരോടും പറയുമ്പോൾ അവർ അത് അക്ഷരം പ്രതിവിശ്വസിക്കുമ്പോൾ എങ്ങനെ അവരെ കുറ്റം പറയാനാവും?
തുടരും........

2011-10-06

Oh..My God, the man passed away?  

ഒരു യുഗപുരുഷന്റെ അന്ത്യം-സ്റ്റീവ് ജോബ്സ് ഇനി ഓർമ്മകൾ മാത്രം

ജീവിച്ചിരിക്കുന്ന അപൂർവ്വം ചിലരെ വിശേഷിപ്പിക്കുവാൻ നമുക്ക് ഭാഷ ഇന്നും ഒരു വലിയ കടമ്പയാണ്. ഭാവനാ സ്യഷ്ടിയിൽ നിന്നും ജനിപ്പിച്ചെടുക്കുന്ന അതിഭാവുകത്വം നിറഞ്ഞ വാക്കുകൾ അപര്യാപ്തമായ് വരുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു ഒരു നിമിഷത്തിലേക്കാണ് സ്റ്റീവ് ജോബ്‌സിന്റെ മരണം എന്നെ തള്ളിയിട്ടിരിക്കുന്നത്. ലോകത്ത് വിവര സാങ്കേതിക വിദ്യയിൽ ഒരു വിപ്ലവം സ്യഷ്ടിച്ചുകൊണ്ട് കടന്നു വന്ന ആപ്പിൾ എന്ന മൾട്ടിനാഷണൽ കമ്പനിയുടെ സ്ഥാപകനും മുന്‍ സി.ഇ.ഒ.യുമായ സ്റ്റീവ് ജോബ്‌സ് (56)കാലിഫോര്‍ണിയയിലെ പാലൊ ആള്‍ട്ടോയിൽ അന്തരിച്ചു. സ്റ്റീവിന്റെ രോഗവിവരം ലോകം അറിഞ്ഞുതുടങ്ങിയത് 2011-ൽ ആയിരുന്നങ്കിലും 2003 മുതൽ കാൻസറിന് ചികിൽസയിലായിരുന്നു അദ്ദേഹം. പാന്‍ക്രിയാസിന് ബാധിച്ച അപൂർവ്വ കാന്‍സറിനെ അൽഭുതപൂർവ്വമായ ധൈര്യംകൊണ്ട് മറികടന്നങ്കിലും നീണ്ടനാളത്തെ ചികിൽസ പിടികൂടിയ അനാരോഗ്യമായിരുന്നു അദ്ദേഹത്തിന്റെ മരണ കാരണം. ഏതാനും വര്‍ഷമായി രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ മരണം ശാസ്ത്രസമൂഹം പ്രതീക്ഷിച്ചിരുന്നതു തന്നയാണ്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നുള്ള ആനാരോഗ്യം കാരണം ഈ വര്‍ഷം ആഗസ്ത് 24-ന് അദ്ദേഹം ആപ്പിളിന്റെ സി.ഇ.ഒ. സ്ഥാനം ഒഴിഞ്ഞിരുന്നു. എങ്കിലും കമ്പനിയുടെ ചെയര്‍മാന്‍ ഇപ്പോഴും സ്റ്റീവ് ജോബ്‌സ് തന്നെയാണ്.

1970-ൽ തന്റെ ഇരുപതാം വയസ്സിൽ, സ്റ്റീവ് വോസ്‌നിയാക്കി, മൈക്ക് മര്‍ക്കുല എന്നിവര്‍ക്കൊപ്പം മാതാപിതാക്കളുടെ ഗാരേജില്‍ സ്റ്റീവ് ജോബ്‌സ് തുടക്കം കുറിച്ച ആപ്പിൾ, പെഴ്‌സണല്‍ കമ്പ്യൂട്ടര്‍, മാക്ക്, ഐ പാഡ്, ഐ ഫോണ്‍, ഐ പോഡ് തുടങ്ങിയ ലോകത്തിന് സമ്മാനിച്ചു. കമ്പനിയുടെ സ്ഥപകരിലൊരാളായിട്ടും, അധികാര വടംവലിയെ തുടർന്ന് 1985-ല്‍ സ്റ്റീവ് പുറത്തായി. പിന്നീട് 1997-ല്‍ കമ്പനിയുടെ മേധാവിയായി തിരിച്ചെത്തിയ അദ്ദേഹം വിപ്ലവകരമായ മാറ്റങ്ങളിലൂടെ ആപ്പിളിനെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാക്കി മാറ്റി. ആപ്പിളില്‍ നിന്ന് പുറത്തായ കാലത്ത് കമ്പ്യൂട്ടര്‍ പ്ലാറ്റ്‌ഫോമായ നെക്‌സ്റ്റും ആനിമേഷന്‍ കമ്പനിയായ പിക്‌സറും അദ്ദേഹം ആരംഭിച്ചു. 1996ല്‍ നെക്‌സ്റ്റിനെ ആപ്പിള്‍ സ്വന്തമാക്കിയതോടെയാണ് ജോബ്‌സ് വീണ്ടും തന്റെ മാതൃകമ്പനിയില്‍ തിരിച്ചെത്തിയത്. നെക്‌സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ് ആപ്പിളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമായതെന്നും ആപ്പിള്‍ അന്ന് തന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഐ ഫോണും ഐ പാഡും ഒന്നും സംഭവിക്കില്ലായിരുന്നുവന്നും സ്റ്റീവ് ഒരിക്കൽ പറഞ്ഞിരുന്നു.


അവിവാഹിതരായ രണ്ട് സര്‍വകലാശാലാ വിദ്യാര്‍ഥികളായ അബദുള്‍ഫത്ത ജോ ജന്‍ഡാലിയുടെയും ജോവാനി ഷീബിളിന്റെയും മകനായി 1955 ഫിബ്രവരി 24ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ ജനിച്ച സ്റ്റീവ് ജോബ്‌സനെ, പോള്‍-ക്ലാര ജോബ്‌സ് ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. ആ ദത്തെടുക്കല്‍ നടന്ന് മാസങ്ങള്‍ക്ക് ശേഷം സ്റ്റീവിന്റെ യഥാര്‍ഥ മാതാപിതാക്കള്‍ വിവാഹിതരാവുകയും അവര്‍ക്ക് മോന എന്ന് ഒരു മകള്‍ ജനിക്കുകയും ചെയ്തു.എന്നാൽ അവള്‍ യൗവ്വനത്തിലെത്തും വരെ സ്റ്റീവ് തന്റെ സഹോദരനാണെന്ന് അറിഞ്ഞിരുന്നില്ല. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പോർട്‌ലണ്ടിലെ റീഡ് കോളജിൽ ബിരുദത്തിനായി ചേർന്നങ്കിലും ആദ്യ സെമസ്റ്ററിൽ തന്നെ കോളജിൽ നിന്നും പുറത്തായി. ഉറങ്ങാന്‍ സ്ഥലമില്ലാതിരുന്നതുകൊണ്ട് കൂട്ടുകാരുടെ മുറിയില്‍ അന്തിയുറങ്ങുകയും നിത്യവൃത്തിക്കായി കൊക്കക്കോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ചും ഹരേകൃഷ്ണ ക്ഷേത്രത്തിലെ സൗജന്യ ഭക്ഷണം കഴിച്ചും കടന്നുപോയ സ്റ്റീവ് ജോബ്‌സ് റീഡിൽ പാർട്ട് ടൈം കാലിഗ്രാഫി ക്ലാസിൽ ചേർന്നു. അന്ന് കോളജിൽ നിന്നും പുറത്താക്കിയില്ലായിരുന്നങ്കിൽ മാകിന്റോഷിൽ മൾട്ടിപ്പിൾ ടൈപ്പ് ഫേസുകളോ ക്യത്യതയുള്ള ഫോണ്ടുകളോ ഉണ്ടാകുമായിരുന്നില്ല എന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.


മരിക്കുമ്പോള്‍ 8300 ദശക്ഷം ഡോളർ ആസ്തിയുണ്ടായിരുന്ന സ്റ്റീവ് ലോകത്തിൽ ഏറ്റവും കുറവ് ശമ്പളം പറ്റുന്ന സി.എ.ഒ ആയിരുന്നു. വർഷം ഒരു ഡോളർ ആയിരുന്നു അദ്ദേഹത്തിന്റെ ശമ്പളം. കമ്പനിയുടെ വളർച്ചക്കായി പ്രഗൽഭരായ പലേരേയും സ്റ്റീവ് സി.എ.ഒ മാരായി നിയമിച്ചു. ഒരുകാലത്ത് വഴിയോരത്തുനിന്നും കോളയുടെ കുപ്പി പെറുക്കി വിറ്റ് ഭക്ഷണം കഴിച്ചിരുന്ന സ്റ്റീവ് 1983-ൽ പെപ്സി കോളയിലെ ജോൺ സ്കള്ളിയെ സി.ഇ.ഒ ആയി ക്ഷണിക്കുമ്പോൾ ചോദിച്ചത് 'നിങ്ങൾ വെള്ളവും പഞ്ചസാരയും വിൽക്കാൻ ആഗ്രഹിക്കുന്നുവോ അതോ എന്റെ കൂടെ ചേർന്ന് ലോകം മാറ്റി മറിക്കുന്നുവോ' എന്നായിരുന്നു.

ആപ്പിള്‍ കമ്പനി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന 1997-ലാണ് സ്റ്റീവ് വീണ്ടും ആപ്പിൾ കമ്പനിയുടെ പടികയറുന്നത്. ആപ്പിളിൽ തിരിച്ചെത്തിയ ശേഷം തന്റെ ഓരോ ഭാവനകളെയും ഒന്നൊന്നായി യാഥാർത്ഥ്യമാക്കികൊണ്ട് സ്റ്റീവ് ലോകത്തെ മുഴുവൻ മറ്റിമറിക്കുന്ന കാഴ്ചയാണ് കണ്ടത്. സമാനതകളില്ലാതെ സ്റ്റീവ് സൃഷ്ടിച്ച സുവർണ്ണ ചകോരങ്ങൾ മാക് ബുക്കുകളുടെയും ഐപാഡിന്റെയും രൂപത്തില്‍ നമ്മുടെ മേശപ്പുറങ്ങളിലും, ഐപാഡിന്റെയും ഐഫോണിന്റെയും രൂപത്തില്‍ നമ്മുടെ കീശകളിലും, ഐട്യൂണ്‍ സ്‌റ്റോറിന്റെയും ആപ്പിള്‍ ആപ് സ്റ്റോറിന്റെയും രൂപത്തില്‍ ഇന്റർ നെറ്റിലുമ് ചരിത്രം രച്ചിച്ചു. 2011 ആഗസ്ത് 25-ന് സ്റ്റീവ് ആപ്പിളിന്റെ സി.ഇ.ഒ പദം ഒഴിഞ്ഞപ്പോള്‍ അത് വിവര സാങ്കേതികവിദ്യയിൽ മനുഷ്യൻ കുതിച്ചുചാട്ടം നടത്തിയ ഒരു യുഗത്തിന്റെ അവസാനമായി. ഇന്നലെ ഒരു പുതിയ ഐഫോൺ ലോകത്തിന് സമ്മാനിച്ചുകൊണ്ട് അദ്ദേഹം യാത്രയായിരിക്കുന്നു. തന്റെ അവസാന ഉത്പന്നവും പുതുതലമുറയിലെത്തിച്ച് ഒരു ദിവസത്തിനു ശേഷമാണ് സ്റ്റീവിന്റെ വിടവാങ്ങൾ എന്നത് ഒരു നിയോഗം തന്നെയായിരിക്കാം. ഒരു ശാസ്ത്രക്ഞ്ജൻ എങ്ങനെയായിരിക്കണമോ അതായിരുന്നു സ്റ്റീവ്. വിപ്ലവകരമായ കണ്ടുപിടുത്തങ്ങളിലൂടെ വരും തലമുറകള്‍ക്ക് ഓര്‍ക്കാന്‍ അസാധാരണമായ ഒരു ജീവിതാധ്യായം അവശേഷിപ്പിച്ചുകൊണ്ട് കടന്നുപോയ സ്റ്റീവ് ജോബ്സ്, ലോകത്തെ തന്നെ മാറ്റിമറിച്ച കണ്ടുപിടിത്തലുകളിലൂടെ നോബൽ സമ്മാനം നേടിയ അനേകം ശാസ്ത്രകഞ്ജന്മാരേക്കാൾ എന്നും ഒരുപടി മുന്നിൽതന്നയാണ് എന്നതിന് ഒരു തർക്കത്തിന്റെ ആവശ്യമില്ല.

അതുല്യ പ്രതിഭയായ സ്റ്റീവ് ജോബ്സിന് ആദരാജ്ഞലികൾ...
.

2011-09-28

ഋതു പറഞ്ഞ കഥ-ഭാഗം-03  

വാവയുടെ ഏട്ടന്റെ കല്യാണം വന്നെത്തി. അതു അവർക്ക് ഒരു ഉത്സവം അയിരുന്നു. ക്ഷണകത്തടിക്കാനും, തമിഴ്നാട്ടില്‍ നിന്നും കല്യാണപുടവ വാങ്ങാനും, കല്യാണ സദ്യക്കുള്ള വിഭവങ്ങൾ സെറ്റ് ചെയ്യാനും എല്ലാറ്റിനും ഋതു മുന്‍പില്‍തന്നെ ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് ഒന്ന് രണ്ട്‌ ആഴ്ച കടന്നു പോയി. പെട്ടന്ന്‌ വാവയുടെ സംസാരത്തില്‍ ചില മാറ്റങ്ങള്‍ വന്ന്‌ തുടങ്ങിയത് അവൻ അറിഞ്ഞു. ഒരു ദിവസം രാത്രിയിൽ വാവ അവനെ വിളിച്ച്, വാവക്കു സ്വവര്‍ഗ്ഗരതിയിൽ നിന്നും രക്ഷപ്പെടാൻ തോന്നുന്നു, അതിനു കൊച്ചിയിലെ പ്രഗൽഭനായ ഒരു മനശാസ്ത്രക്ഞന്റെ അടുത്തു നിന്നും ചികില്‍സ തേടുന്നു എന്നു പറഞ്ഞു. അത് കേട്ടപ്പോൾ എന്ത് മറുപടി കൊടുക്കണമെന്ന് അവന്‌ അറിയില്ലായിരുന്നു. വാവ തുടര്‍ന്നു, 'ഇനി മുതൽ നമുക്ക് നല്ല സുഹൃത്തുക്കളായി മാത്രമിരിക്കാം'. അവൻ വല്ലാതെ തളര്‍ന്നു പോയ ദിവസമായിരുന്നു അത്‌. അന്നു മുഴുവന്‍ സമയവും അവൻ ആലോചിച്ചു, "താൻ വാവയെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു, വാവയുടെ നന്മ ആഗ്രഹിക്കുന്നു". അതുകൊണ്ട് തന്നെ വാവയുടെ ആഗ്രഹത്തിനു അവൻ ഒരു തടസം ആകാൻ പാടില്ല‌ എന്നു മനസില്‍ ഉറപ്പിച്ചു. അന്ന് പതിവ്‌ കോളുകള്‍ പോലും അവന്റെ വാവ കൊടുത്തില്ല. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരുദിവസം വല്ലാതെ തനിച്ചായ പോലെ തോന്നി അവന്‌. രാത്രിയില്‍ അവൻ വാവയെ വിളിച്ചു. എന്നും പുലരുവോളം വാതോരാതെ അവനോടു സംസാരിക്കുന്ന വാവ മറ്റൊരു സത്യംകൂടി പറഞ്ഞു. വാവ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നു, വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. അവന്റെ കണ്ണിൽ ഇരുട്ട് കയറുന്നപോലെയും ഭൂമി കീഴ്‍മേൽ മറിയുന്നതുപോലെയും അവനു തോന്നി. തന്റെ നിയന്ത്രണം വിട്ടുപോകുന്നതും തനിക്കു ചുറ്റും എന്താണു സംഭവിക്കുന്നതെന്നും മനസിലാക്കുവാൻ കഴിയാത്ത അവസ്ഥ. രാത്രിയിൽ ഒരു ഭ്രാന്തനെ പോലെ അവൻ ഉറക്കെ കരഞ്ഞു. അവനോട് ഒന്ന് സംസാരിക്കാന്‍, ഒന്നു ആശ്വസിപ്പിക്കാൻ അവന്റെ വാവ തയ്യാറായില്ല. ആ രാത്രി ഇന്നലെപ്പോലെ ഇപ്പോഴും അവൻ ഓര്‍ക്കുന്നു. ഇരുട്ടിനെ കീറിമുറിക്കുന്ന മിന്നലിന്റെ വെളിച്ചത്തിൽ കരഞ്ഞുകൊണ്ട് മുറിയില്‍ ഒരു ഭ്രാന്തനെ പോലെ ആരെയോ തിരഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വെളിയിൽ തിമിർത്ത് പെയ്യുന്ന മഴ അവന്റെ ഒച്ചയെ മുക്കികളഞ്ഞു.

നേരം പുലർന്നു. അവന്‌‌ വാവയെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ അയാൾ ഫോൺ എടുക്കുന്നില്ല. ഒരു വാശിപോലെ നിർത്താതെ അവൻ വിളിച്ചുകൊണ്ടിരുന്നു. അവന്റെ മനസിന്റെ സര്‍വ്വ നിയന്ത്രണവും നഷ്ടമാകുന്നപോലെ തോന്നി. ആ ദിവസം വെള്ളമോ, ആഹാരമോ കഴിക്കാൻ അവന്‌‌ തോന്നിയില്ല. ചോറു വിളമ്പി വെച്ച് അമ്മ വന്നു വിളിച്ചപ്പോൾ വിശക്കുന്നില്ല, ഇപ്പോൾ വേണ്ട എന്നു കള്ളം പറഞ്ഞു. രാവിലെയും വൈകിട്ടും അമ്മ കൊണ്ടുകൊടുത്ത ചായ വാഷ് ബേസിനിൽ കമഴ്‍തി പൈപ്പ് തുറന്നു വിട്ടു. രാത്രിയിൽ കൂട്ടിലിട്ട വെരുകിനെപോലെ മുറിയിൽ ഉലാത്തികൊണ്ടിരുന്നു. ഇടക്ക് മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞിടിച്ചു. ക്ഷീണം കാരണം അന്ന് പുലര്‍ച്ചെ എപ്പോഴോ അവൻ ഒന്ന് മയങ്ങി. നേരം പുലര്‍ന്നപ്പോള്‍ അവന്‌ വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. എന്നിട്ടും ആഹാരം കഴിക്കാൻ തോന്നിയില്ല. ആ ദിവസം മുഴുവൻ അവൻ അവന്റെ മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടി. ഇടക്കെപ്പോഴങ്കിലും ഫോൺ റിം‍ങ് ചെയ്താൽ ഓടിചെന്ന് എടുത്തു നോക്കും. വീണ്ടും നിരാശനാകും. എന്താണ് വാവ തന്നോട് ഇങ്ങനെ എന്നവൻ അവനോട് തന്നെ അവർത്തിച്ചു ചോദിച്ചു കൊണ്ടിരുന്നു.

അവരുടെ ഫോണുകള്‍ തമ്മിൽ ഫ്രീ കോളുകള്‍ അയിരുന്നു. പോസ്റ്റ്‍ പെയ്ഡ് ആയതിനാല്‍ വാവയുടെ കോൾവിവരങ്ങള്‍ അവന്‌ ഇന്റർനെറ്റ് വഴി അറിയാമായിരുന്നു. കൺക്ഷൻ പ്രൊവൈഡറിന്റെ വെബ്സൈറ്റിൽ അവൻ ലോഗിൻ ചെയ്ത് വാവയുടെ മൊബൈലിൽ നിന്നും പോകുകയും വരികയും ചെയ്യുന്ന കോളുകൾ പരിശോധിച്ചു. വാവ തന്റെ നമ്പരിലേക്കുള്ള ഫ്രീ കോൾ മറ്റൊരു നമ്പറിലേക്ക് മാറ്റിയിരിക്കുന്നു‍. അത് വാവയുടെ കൂട്ടുകാരിയുടെ ഫോൺ നമ്പറായിരിക്കുമന്ന് അവൻ ഊഹിച്ചു. അവന്റെ മനസില്‍ ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. ആ ഫോൺ നമ്പറിലേക്ക് തുടരെ അവൻ വിളിച്ചു. പക്ഷേ ഫോൺ എടുക്കുന്നില്ല. അവസാനം എങ്ങനെയും ആ ഫോൺനമ്പർ ആരുടേതാണന്ന് കണ്ടെത്താൻ അവൻ തീരുമാനിച്ചു.

രാവിലെ തന്നെ അവൻ കോട്ടയം സി.എം.എസ് കോളേജിലുള്ള ആൻമേരി എന്ന തന്റെ സുഹ്യത്തിന്റെ അടുത്തെത്തി. അവളെകൊണ്ട് മറ്റൊരു ഫോൺ നമ്പറിൽനിന്നും വിളിപ്പിക്കുക. അത് വാവയുടെ കൂട്ടുകാരിയുടെ ഫോൺ നമ്പറാണോ എന്ന് ഉറപ്പാക്കുക. എങ്കിൽ എല്ലാം ആ പെൺകുട്ടിയോട് തുറന്നു പറയുക വാവയുമായുള്ള ബന്ധത്തിൽ നിന്നും അവളെ പിന്തിരിപ്പിക്കുക. അതുമാത്രമായിരുന്നു അവന്റെ ലക്ഷ്യം. കാരണം വാവയെ ആര്‍ക്കും വിട്ടുകൊടുക്കാന്‍ അവന്‍ തയ്യാറല്ലായിരുന്നു. അവൻ കൊടുത്ത നമ്പറിലേക്ക് ആൻമേരി തന്റെ ഫോണിൽ നിന്നും ഡയല്‍ ചെയ്തു. ഒറ്റ റിം‍ങിൽ തന്നെ ഫോൺ എടുത്തു. ഹലോ ഇതാരാണ്‌ എന്ന ചോദ്യത്തിന്‌ "ഞാൻ ഋതുവിന്റെ സുഹ്യത്താണ്‌ എന്ന്" അവള്‍ മറുപടി പറഞ്ഞപ്പോഴേക്കും മറുതലക്കൽ നിന്നും ഫോൺ കട്ടുചെയ്തു. പിന്നീട് എത്ര വിളിച്ചിട്ടും ഫോൺ എടുക്കിന്നില്ല. ഏതോ പുരുഷനാണ്‌ ഫോൺ എടുത്തതന്ന് അവൾ പറഞ്ഞതുകേട്ട അവൻ ആകെ തകര്‍ന്നു പോയി. എന്നിട്ടും അവന്റെ വാവ അവനോടു അങ്ങനെ ഒരിക്കലും ചെയ്യില്ല്ല്ല എന്നു സ്വയം വിശ്വസിച്ചു. വീടുവരെ എങ്ങനെ അവൻ ഡ്രൈവ് ചെയ്തു എന്നു ഇപ്പോഴും അവൻ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. വീട്ടില്‍ എത്തി അവൻ പലവട്ടം വാവയെ വിളിച്ചു. ഒടുവില്‍ വാവ കോള്‍ എടുത്തു. അവൻ ആ ഫോൺ നമ്പറിനെപറ്റി ചോദിച്ചപ്പോള്‍ അത് വാവയുടെ പുതിയ കൂട്ടുകാരന്‍ ആണെന്ന് പറഞ്ഞു. അവന്റെ സര്‍വ്വ നിയന്ത്രണവും നഷ്ടമായി ഒരു ഭ്രാന്തനെ പോലെ അവൻ ഉറക്കെ നിലവിളിച്ചുകൊണ്ട് തല ജനല്‍ കമ്പികളില്‍ ആഞ്ഞിടിച്ചു. നിനക്ക് എന്താ വട്ടുപിടിച്ചുവോ എനു ചോദിച്ചുകൊണ്ട് വാവ ഫോൺ കട്ടുചെയ്തു.

ആ രാത്രിയും അവന്‌ ഉറങ്ങാൻ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും കിടന്ന് ഓരോന്നോർത്തു കരഞ്ഞു. വാവയോടൊപ്പം ചിലവിട്ട നിമിഷങ്ങൾ. യാത്ര ചെയ്ത സ്ഥലങ്ങൾ, ഉറങ്ങാതെ വാവയുടെ മടിയിൽ തലവച്ച് ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയിരുന്നു കഥ പറഞ്ഞ രാത്രികൾ. മാറിൽ പതിഞ്ഞ വാവയുടെ നഖപാടുകളിലൂടെ വിരലോടിക്കുമ്പോൾ എല്ലാം നഷ്ടപ്പെട്ട് തന്റെ ലോകം ശൂന്യമായതുപോലെ അവന്‌ തോന്നി. കടിഞ്ഞാണില്ലാത്ത ചിന്തകളുടെ ഒടുവിൽ പ്രതികാരം അവന്റെ മനസ്സിനെ കീഴടക്കി. ഒടുവില്‍ അവനെ തള്ളിപ്പറഞ്ഞ അവന്റെ വാവയെ കൊന്നിട്ട് ആത്മഹത്യ ചെയ്യാൻ അവൻ തീരുമാനിച്ചു.

എവിടെ വച്ച് എങ്ങനെ വാവയെ കൊല്ലണം, മരിക്കണം എന്നൊക്കെ അവൻ മനസ്സിൽ തീരുമാനിച്ചുറച്ചു. ഷോൾഡർ ബാഗിൽ രണ്ടുകത്തിയും ഒരു കയറും കരുതി വച്ചു. രാവിലെ ഒൻപതു മണിക്ക് വാവ ജോലിക്ക് പോകുന്നതിനു മുൻപ് താമസിക്കുന്നിടത്തെത്തണം. പുലർച്ചെ നാലര മണിയോടെ കാറും എടുത്ത് വാവയെ കാണാന്‍ എറണാകുളത്തേക്ക് അവൻ പുറപ്പെട്ടു. അവൻ നന്നേ ക്ഷീണിതനായിരുന്നു. രണ്ടു മൂന്നു ദിവസമായി ആഹാരം കഴിച്ചിട്ടും ഉറങ്ങിയിട്ടും. എന്നാൽ ക്ഷീണം വകവെക്കാതെ അതിവേഗത്തിൽ അവൻ ഡ്രൈവ് ചെയ്തു. മേഴ്സിഡസ് ബൻസിന്‌ വേഗം പോരാ എന്നും വഴികൾ അനന്തമായ് നീണ്ടുകിടക്കുന്നതായും അവന്‌ തോന്നി. ട്രാഫിക് ബ്ളോക്കുകളിലും സിഗ്നലുകളിലും കാത്തുകിടക്കാതെ അവൻ ഡ്രൈവു ചെയ്തു. ഏകദേശം ഒന്‍പത് മണിയോടെ വാവ താമസിക്കുന്ന വില്ലയുടെ മുന്‍പില്‍ എത്തി. ബാഗിൽ നിന്നും കത്തിയെടുത്ത് കൈയ്യിൽ പിടിച്ചുകൊണ്ട് കോളിം‍ങ് ബെല്ലിൽ വിരലമർത്തി. കതകു തുറന്നതും, ഞൊടിയിടയിൽ വാവയെ തള്ളി അകത്തേക്കിട്ടുകൊണ്ട് അവൻ വാതിൽ അടച്ച് കുറ്റിയിട്ടു. അപ്രതീക്ഷിതമായ് കൈയ്യിൽ കത്തിയുമായ് അവനെ കണ്ടു പേടിച്ചു വിറച്ച വാവ അകത്തെ മുറിയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ വാവയുടെ കണ്ണിൽ മിന്നിമറയുന്ന ഭയം അവനിൽ ഗൂഡമായ ഒരു ആനന്ദം നിറക്കുന്നുണ്ടായിരുന്നു. എന്തക്കയോ തീരുമാനിച്ചുറച്ചപോലെ കൈയ്യിൽ തിളങ്ങുന്ന വായ്ത്തലയുള്ള കത്തിയുമായ്, അവന്റെ അഗ്നിപറക്കുന്ന കണ്ണുകളിലേക്ക് നോക്കി പേടിച്ച് നിൽക്കുന്ന വാവയുടെ നേർക്കവൻ നടന്നടുത്തു.

തുടരും........