ഒരിക്കല്‍ ഒരു വിദേശ യാത്രയിൽ യു.എസ് കാരിയായ കാതറൈൻ മാൻസ്ഫീൽഡ് വിമാനത്തിലെ സ്വകാര്യ സംഭാഷണത്തിനിടയിൽ എന്നോട് ചോദിക്കുകയുണ്ടായി സൈലന്റ് വാലി കണ്ടിട്ടില്ലേയെന്ന്‍. ഇതുവരെ കഴിഞ്ഞിട്ടില്ല എന്നു മറുപടി പറഞ്ഞപ്പോൾ ഇത്ര മനോഹരമായ താഴ്വര ലോകത്തെവിടയും കണ്ടിട്ടില്ലന്നും, മരിക്കും മുൻപ് ഒരിക്കൽ കൂടി അവിടെ പോകണമന്നും അവർ ആഗ്രഹം പ്രകടിപ്പിച്ചു. കാതറൈന്റെ നിശ്ചയ ദാർഡ്യം തുളുമ്പുന്ന വാക്കുകൾ കേട്ടപ്പോൾ, ജനിതക വൈവിധ്യവും പരിസ്‌ഥിതി സന്തുലിതാവസ്‌ഥയുംകൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ സൈലന്റ്‌വാലി സന്ദർശിക്കണമന്നും ഒരു ദിവസമങ്കിലും അവിട തങ്ങണമന്നും അന്നേ തീരുമാനിച്ചതാണ്.
1972-ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം 1984 നവംബര്‍ 15-ന് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ഈ നിശബ്ദ താഴ്വര, അഞ്ചുകോടി വര്‍ഷമായി മനുഷ്യ സ്‌പര്‍ശമേല്‍ക്കാതെ കിടന്ന ജീവന കലവറയെ വികസനത്തിന്റെ പേരുപറഞ്ഞ് നശിപ്പിക്കാന്‍ ശ്രമിച്ചതിനെ പ്രകൃതി സ്‌നേഹികള്‍ ഒന്നിച്ച് ചെറുത്തു തോല്‌പിച്ചതിന്റെ രജത ജൂബിലി ആഘോഷ ലഹരിയിലാണ് ഇപ്പോൾ. സമുദ്ര നിരപ്പില്‍നിന്ന് 900 മീറ്റര്‍ മുതല്‍ 2300 മീറ്റര്‍വരെ ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ പാലക്കാട്, മലപ്പുറം ജില്ലകളിലായാണ് ഈ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. 237.52 ചതുരശ്ര കിലോ മീറ്റർ വിസ്തീർണ്ണമുള്ള ഈ മഴക്കാടുകളുടെ 89.52 ച. കി. മീ ഉദ്യാനവും, ചുറ്റുമുള്ള 148 ച.കി.മീ. ബഫർ മേഖലയുമാണ്. സൈലന്റ്ലിയുടെ അതിരുകള്‍ എന്നു പറയാവുന്നത്, കിഴക്ക് അട്ടപ്പാടി വനങ്ങളും, വടക്കും പടിഞ്ഞാറും നിലമ്പൂര്‍ വനമേഖലയും, തെക്ക് നിക്ഷിപ്ത വനങ്ങളുമാണ്. കാലഭേദങ്ങൾക്കനുസരിച്ച് വേഷപകർച്ചയാടി നിറം മാറുന്ന സ്വഭാവം ഈ മഴക്കാടുകൾക്കില്ല. ഇലപൊഴിഞ്ഞു നിലത്തു വീണതിനുശേഷം മാത്രമേ ഉണങ്ങൂ എന്നതിനാൽ എന്നും പച്ചപുതച്ചു നില്‍ക്കും ഈ വിസ്മയ കന്യക.
പാലക്കാട് ടൗണില്‍ നിന്നും ഏകദേശം അറുപതു കിലോമീറ്റര്‍ ദൂരെ, മുക്കാലി എന്ന സ്ഥലത്തുനിന്നുമാണ് സൈലന്റ് വാലിയിലേക്കുള്ള പാത തുറക്കുന്നത്. 1847 മുതൽ തന്നെ ഈ നിത്യ ഹരിത വനമേഖലയെ സൈലന്റ്‌വാലി എന്നു വിളിക്കപ്പെട്ടിരുന്നതായി ചരിത്രംപറയുന്നു. മദ്രാസിലെ ബോടണിക് ഗാര്‍ഡന്‍ ഡയറക്ടറായിരുന്ന സ്കോട്ട്ലാന്‍ഡ്‌കാരന്‍
റോബര്‍ട്ട് വിഗ്റ്റ് ആണ് ആദ്യമായി ഈ മനോഹര വനമേഘലയെ കണ്ടെത്തിയത്. എന്നാൽ ഇന്തോ-ആസ്ത്രേലിയന്‍ ഭൂഖണ്ഡത്തിന്റെ കാലം തൊട്ടേയുള്ള വനപ്രദേശമാണ് സൈലന്റ്‌വാലിയെന്നാണ് ഭൂമിശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. സൈലന്റ്‌വാലിയുടെ ജൈവ വൈവിധ്യത്തിനു മുഖ്യകാരണം ഈ 70 ലക്ഷം വര്‍ഷങ്ങളുടെ പഴക്കമായിരിക്കണമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 1914-ല്‍ മദ്രാസ് സര്‍ക്കാര്‍ ഈ പ്രദേശത്തെ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചതു മുതലാണ് സൈലന്റ്‌വാലിയുടെ ആധുനിക ചരിത്രം ആരംഭിച്ചത്.
ഒരുപാട് സമരങ്ങളും സഹനങ്ങളും കണ്ട സൈലന്റ് വാലി എന്നും വിവാദങ്ങളുടെ താഴ്വരകൂടിയാണ്. 1929-ല്‍ കുന്തിപ്പുഴയോരത്തെ സൈരന്ധ്രി, ജലവൈദ്യുതി ഉത്പാദനത്തിന് അനുയോജ്യമാണെന്ന പഠന റിപ്പോര്‍ട്ട് നിലവില്‍വന്നതോടുകൂടി ഇത് വിവാദങ്ങളുടെ രാജകുമാരിയായ് മാറി. 400 മീറ്റര്‍ നീളവും 130 മീറ്റര്‍ ഉയരവുമുള്ള ആര്‍ച്ച് ഡാമാണ് ഇവിടെ വിഭാവനം ചെയ്യപ്പെട്ടിരുന്നത്. 240 മെഗാവാട്ട് സ്‌ഥാപിതശേഷിയുള്ള പദ്ധതിയുടെ ചെലവ് 120 കോടി രൂപയായിരുന്നു. കുന്തിപ്പുഴ, മണ്ണാര്‍കാട് സമതലത്തില്‍ പതിക്കുന്നതിന് ഏതാനും മീറ്റര്‍ മുകളില്‍ ഉയരുന്ന അണക്കെട്ടില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ 8.30 ച.കി.മീ. വനം മുങ്ങിപ്പോകും എന്നതായിരുന്നു പ്രശ്‌നം. ഇത് സൈലന്റ് വാലിയുടെ പത്തുശതമാനമെ വരികയുള്ളൂ എങ്കിലും ലോകത്ത് മറ്റെങ്ങുമില്ലാത്ത ജൈവ വൈവിധ്യം ഏറെയുള്ള നദീതീരക്കാടുകളാണ് ഇതിനോടൊപ്പം മുങ്ങിപ്പോവുക. അതിനാൽ പദ്ധതിയെച്ചൊല്ലി സൈലന്റ്‌വാലി ഏറെ ചര്‍ച്ചാവിഷയമായി. ഈ പദ്ധതി നടപ്പാക്കുന്നതിൽ നിന്നും വൈദ്യുത വകുപ്പ് പിന്മാറണമന്നും ഇല്ലങ്കിൽ ഈ നിത്യ ഹരിത വനവും അവിടത്തെ ജന്തു-സസ്യ ജാലങ്ങളും നാമാവശേഷമാകുമെന്നും പരിസ്ഥിതി വാദികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ 975-ൽ വൈദ്യുതി വകുപ്പ് സൈലന്റ്‌വാലിയില്‍ പാത്രക്കടവ് ഭാഗത്തു അണക്കെട്ട് നിര്‍മ്മിക്കാനുള്ള പദ്ധതി ആരംഭിച്ചു. ഹെക്ടര്‍ കണക്കിനു മഴക്കാടുകള്‍ വെള്ളക്കെട്ടിന് അടിയിലാകുകയും അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ നൂറുകണക്കിന് സസ്യ-ജന്തുജാലങ്ങൾ നശിക്കുമന്നുമുള്ള കാരണത്താല്‍ പ്രകൃതി സ്നേഹികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചു. ചെറിയ എതിര്‍പ്പുകളും സമരങ്ങളും ക്രമേണ ശക്തിയാർജ്ജിച്ചു. ലോകചരിത്രത്തില്‍ പലതരത്തിലുള്ള പോരാട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഒരു മഴക്കാട് നിലനിര്‍ത്താന്‍ വേണ്ടി നാട്ടുകാരും, പ്രകൃതി സ്നേഹികളും, എഴുത്തുകാരും, ശാസ്ത്രജ്ഞരും, സംഘടനാ പ്രവർത്തകരും ഒന്നടങ്കം ഊണും ഉറക്കവുമുഴിഞ്ഞ് കോടതികൾ കയറിയിറങ്ങിയ ലോകത്തെ അത്യപൂര്‍വമായ ഒരു സമരമായിരുന്നു ഇത്. കേരള നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റി, ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്, മുംബൈ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റി, കേരള ശാസ്ത്ര സാഹിത്യ പരിഷത് തുടങ്ങിയ സംഘടനകൾ ജനങ്ങളെ സൈലന്റ് വാലിയുടെ സംരക്ഷണത്തിന്റെ ആവശ്യകതയെ പറ്റി ബോധവല്‍ക്കരിക്കുന്നതില്‍ ഏറിയ പങ്കു വഹിച്ചപ്പോൾ, പ്രശസ്ത കവയിത്രി സുഗതകുമാരി '
മരത്തിനു സ്തുതി' എന്ന തന്റെ കവിതയിലൂടെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റായി ആഞ്ഞടിച്ചു. അയ്യപ്പ പണിക്കരുടെ '
കാടെവിടെ മക്കളേ', കടമ്മനിട്ടയുടെ 'കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്' തുടങ്ങിയ കവിതകള്‍ കേരളക്കരയാകെ ഏറ്റുചൊല്ലി. തെക്കേയിന്ത്യയില്‍ അവശേഷിച്ച ഏറ്റവും വിലപ്പെട്ട വനമേഖല സംരക്ഷിക്കാനുള്ള ജനകീയ പോരാട്ടത്തിന്റെ ആവേശം ഇവിടത്തെ ഓരോ മണ്‍തരിയും ഏറ്റുവാങ്ങി. പക്ഷി നിരീക്ഷകന്‍ ഡോക്ടര്‍ സലിം അലി, സൈലന്റ് വാലി സന്ദര്‍ശിക്കുകയും ഈ പദ്ധതി ഉപേക്ഷിക്കണമെന്ന് അതിശക്തമായി കേന്ദ്ര ഗവണ്മന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്‍.വി. കൃഷ്ണവാര്യർ, വി.ആർ. കൃഷ്ണയ്യർ, പ്രശസ്ത കാര്‍ഷിക ശാസ്ത്രഞ്ജന്‍ ഡോക്ടര്‍ എം. എസ്. സ്വാമിനാഥൻ തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള സൈലന്റ്‌വാലി സംരക്ഷണ പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ നേടാനും മാത്രം ശക്തവും രാജ്യവ്യാപകവും ആയിരുന്നു.
1979-ല്‍ അന്നത്തെ കാര്‍ഷിക വകുപ്പ് സെക്രട്ടറി നടത്തിയ സര്‍വ്വേ പ്രകാരം, പാത്രക്കടവു ജലവൈദ്യുത പദ്ധതി പ്രദേശം, സംരക്ഷണ വനമേഖലയിൽ ഉൾപെട്ടിരുന്നില്ല എന്ന് വെളിവാകുകയും, 1980-ല്‍ കേരള ഹൈകോടതി, വൈദ്യുത പദ്ധതിക്കുള്ള തടസ്സങ്ങള്‍ നീക്കിയതായി വിധി പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി, സംസ്ഥാന സർക്കാരിനോട് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. അതിനു ശേഷം 1983-ല്‍ പ്രൊഫസര്‍ എം. ജി. കെ. മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി, പാത്രക്കടവു ജലവൈദ്യുത പദ്ധതി നിര്‍ത്തലാക്കിയതായി പ്രഖ്യാപിച്ചു. അതോടെ ഒരു പതിറ്റാണ്ട് കാലം നീണ്ടു നിന്ന പരിസ്ഥിതി സംരക്ഷണവാദ നിയമ യുദ്ധത്തിന് അവിടെ പരിസമാപ്തിയായി. പിന്നീട് 1984-ല്‍ സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നിര്‍ദ്ദിഷ്ട ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളും ഉള്‍പ്പെടുത്തി പുതിയ ഉത്തരവ് ഇറക്കി വനമേഖലയുടെ സംരക്ഷണം കേന്ദ്രസർക്കാർ ഏറ്റെടുത്തു. സുകൃതംകൊണ്ടുമാത്രം വിനാശത്തിന്റെ കോടാലിക്കൈകളില്‍നിന്ന് രക്ഷപ്പെട്ട ഈ പൈതൃകസമ്പത്ത്, 1985 സെപ്റ്റംബര്‍ 7-ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനം എന്ന പേരുമാറ്റി ഇന്ദിരാഗാന്ധി നാഷണൽ പാർക്ക് എന്ന് പുനർ നാമകരണം ചെയ്ത്, രാഷ്ട്രത്തിനു സമര്‍പ്പിച്ചു.
എന്നാല്‍ വിവാദങ്ങള്‍ അവിടെ അവസാനിച്ചില്ല. പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിക്കൊണ്ട് 2001-ല്‍
'പാത്രക്കടവ് ജലവൈദ്യുത പദ്ധതി' വീണ്ടും രംഗപ്രവേശം നടത്തി. പഴയ പദ്ധതി പ്രദേശത്തിന് വെറും മൂന്നര കിലോമീറ്റര്‍ മാത്രം താഴെയായി, കുന്തിപ്പുഴക്ക് കുറുകെയാണ് പുതിയ ജലവൈദ്യുത പദ്ധതിക്ക് സ്ഥലം കണ്ടെത്തിയത്. 2003 മേയിൽ, തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍വയോണ്‍മെന്റ് റിസോഴ്സസ് റിസര്‍ച് സെന്റെര്‍ നടത്തിയ പാരിസ്ഥിതിക പഠനത്തില്‍ ഈ പദ്ധതി വളരെ ചെറിയൊരു ഭാഗം വനത്തെ മാത്രമേ ബാധിക്കുന്നുള്ളൂ എന്ന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പരിസ്ഥിതി വാദികളുടെ എതിര്‍പ്പ് ശക്തമാവുകയും ‘സൈലന്റ് വാലി ബഫർ സോണിന് അംഗീകാരം ലഭിക്കുകയും ഉണ്ടായെങ്കിലും, പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തന്നെ കേരള ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്.
സൈരന്ധ്രീവനം എന്നായിരുന്നു പണ്ടുകാലത്ത് ഈ വനമേഖല അറിയപ്പെട്ടിരുന്നത്. 1847-ല്‍ ഇംഗ്ലീഷുകാരാണ് ഈ വന-വിസ്മയത്തിനു സൈലന്റ് വാലി എന്നു പേരിട്ടത്. ഈ പേരിനു പിന്നിലിമുണ്ട് ഇനിയും ഒടുങ്ങാത്ത വിവാദങ്ങൾ. ചീവീടുകളുടെ അഭാവമാണ് ഇങ്ങനെ ഒരു പേരിടാൻ കാരണമന്ന് പറയുമ്പോൾ, സിംഹ വാലന്‍ കുരങ്ങിന്റെ ശാസ്ത്രീയ നാമമായ 'മകാകാ സൈലിനസ്' (
Macaca Silenus) എന്ന വാക്കില്‍ നിന്നുമാണ് ഈ പേര്‍ വന്നതെന്ന് ചിലര്‍ വാദിക്കുന്നു. പുരാതന കാലം മുതൽ, സൈരന്ധ്രീ വനം എന്നു വിളിക്കപ്പെട്ടിരുന്ന ഈ വനമേഖല, ഇംഗ്ലീഷ്കാരുടെ നാവിന്റെ വഴക്കകുറവു കൊണ്ട് സൈലന്റ് വാലിയായതാണന്നു വാദിക്കുന്നവരും കുറവല്ല. സൈരന്ധ്രീ വനം എന്ന് സ്ഥല നിവാസികള്‍ വിളിക്കുന്ന ഈ നിബിഡ വനം ഇതിഹാസ കാവ്യമായ മഹാഭാരതത്തിനെ ചുറ്റിപ്പറ്റിയും നിലകൊള്ളുന്നു. വനവാസക്കാലത്ത് സുദേഷ്ണ രാജ്ഞിയുടെ സേവകയായി, പാഞ്ചാലി, സൈരന്ധ്രീ എന്ന പേരിൽ പാണ്ഡവസമേതം ഈ വനത്തില്‍ തങ്ങിയിരുന്നതായി പറയപ്പെടുന്നു. അങ്ങനെയാണ് ഈ വനമേഖലക്ക് സൈരന്ധ്രീ എന്ന പേര് വന്നതന്നാണ് പുരാണ മുത്തശിമാർ പറഞ്ഞിട്ടുള്ളത്. അന്ന് പാഞ്ചാലി അക്ഷയപാത്രം കഴുകി സൂക്ഷിച്ചിരുന്ന സ്ഥലത്തെ പാത്ര കടവന്നും, സൈലന്റ് വാലിയുടെ ഹ്യദയധമനിയായി ഒഴുകുന്ന നദിയെ പാണ്ഡവരുടെ അമ്മയുടെ പേരുചേർത്ത് കുന്തിപുഴ എന്നും വിളിച്ചന്ന് വിശ്വസിക്കുന്നു. എന്നാൽ, പാത്രത്തില്‍ വെള്ളം വീഴുമ്പോഴുണ്ടാകുന്ന മധുരോദാരമായ ശബ്ദത്താൽ മുഖരിതമായതിനാലാണ് ഇവിടം പാത്രക്കടവ് എന്ന പേരില്‍ വിഖ്യാതമായതെന്നും എതിരഭിപ്രായമുണ്ട്.
ലോകത്ത് അത്യപൂര്‍വമായി കാണപ്പെടുന്ന വൈവിധ്യമാര്‍ന്ന ജന്തു-സസ്യ ജാലങ്ങളുടെ ഈറ്റില്ലമാണ് ഈ നിത്യ ഹരിത മഴക്കാടുകൾ.
സിംഹവാലന്‍ കുരങ്ങ്, കരിങ്കുരങ്ങ്, മറ്റ് വിവിധയിനം കുരങ്ങുകൾ, ആന, കടുവ, പുള്ളിപ്പുലി, കരടി, മ്ലാവ്, കേഴ, പുള്ളിമാന്‍, കൂരമാന്‍, നീലഗിരി തേവാങ്ക്, അരയന്‍ പൂച്ച, ചെറു വെരുക്, തവിടന്‍ വെരുക്, പുള്ളിവെരുക്, പാറാന്‍, വരയാട്, കാട്ടാട്, കാട്ടുപൂച്ച, അളുങ്ക്, മലയണ്ണാന്‍, കാട്ടുനായ്, മരപ്പട്ടി തുടങ്ങി 315 ഇനം ജീവികളെ സൈലന്റ് വാലിയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 34 ഇനങ്ങള്‍ സസ്‌തനികളാണ്. കുറുച്ചെവിയന്‍ മൂങ്ങ, റിപ്ലിമൂങ്ങ, തവളവായന്‍ പക്ഷി, പ്രാപ്പിടിയന്‍, മലമുഴക്കി വേഴാമ്പൽ തുടങ്ങി 200-ൽ പരം വ്യത്യസ്തയിനം പക്ഷികൾ, 100-ൽ അധികം ഇനം ചിത്രശലഭങ്ങൾ, 225-ൽ പരം ഇനത്തില്‍പ്പെട്ട ഷഡ്‌പദങ്ങൾ, 175-ഇനം മറ്റു ശലഭങ്ങൾ, രാജവെമ്പാലയും, കരി മൂർഖനും, പറക്കുംപാമ്പുമുള്‍പ്പെടെ അമ്പതോളം ഇനം പാമ്പുകൾ, 25-ഓളം ഇനം തവളകൾ, 110-തരം ഓര്‍ക്കിഡുകള്‍ തുടങ്ങിയവയൊക്കെ ഈ പൈതൃക സമ്പത്തിന്റെ മുതല്‍ക്കൂട്ടാണ്. ലോകത്തിലെ, വംശനാശഭീഷണി നേരിടുന്ന
സിംഹവാലന്‍ കുരങ്ങുകളുടെ പ്രധാന താവളമാണിത്. ഈയിനം കുരങ്ങുകള്‍ ഭൂമിയിലുള്ളതിന്റെ പകുതിയിലധികവും പാര്‍ക്കുന്നത് സൈലന്റ് വാലിയിലാണ്. ഇരുനൂറിൽ പരം വര്‍ഗത്തിലുള്ള പക്ഷികളെ കണ്ടെത്തിയതില്‍ 14 എണ്ണവും പശ്‌ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്. 31 ഇനം ദേശാടകർ ആണെന്നാണ് അനുമാനം. 1000 സസ്യ വംശങ്ങളെ ഇവിടുത്തെ മലബാര്‍ മഴക്കാടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 966 ഇനം സസ്യങ്ങളും പുഷ്പിക്കുന്നവയാണ്. വംശനാശത്തിന്റെ വക്കിലെത്തിയ 60 ഇനം സസ്യങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്. ഒരേക്കറില്‍ 84-ൽ പരം സസ്യയിനങ്ങള്‍ വളരുന്നു എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. രണ്ടായിരത്തിലധികം സസ്യയിനങ്ങള്‍ സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പരിധിക്കുള്ളില്‍ വളരുന്നുണ്ട് എന്ന് അനുമാനിക്കെപ്പെടുന്നു.
നനവാർന്ന പച്ച പുതച്ചു കിടക്കുന്ന വിശാലമായ പുൽമേടുകളാണ് സൈലന്റ് വാലിയുടെ മറ്റൊരു പ്രത്യേകത. 200 ഹെക്‌ടര്‍ വരെ വിസ്‌തീര്‍ണ്ണമുള്ള നനുത്ത പുല്‍മേടുകള്‍ ഇവിടെയുണ്ട്. ആനപ്പുല്ല് ഇടതൂർന്ന് വളർന്നുകിടക്കുന്ന ഈ പുൽമേടുകളില്‍ അങ്ങിങ്ങായി നെല്ലി, ഈട്ടി, ഈന്ത്, പൂവരശ്, പേഴ് തുടങ്ങിയ മരങ്ങളും കാണാം. പുല്‍മേടുകളില്‍ വളരുന്ന ഇത്തരം മരങ്ങള്‍ക്ക് കാട്ടുതീയെ വെല്ലാനുള്ള കഴിവുണ്ട്. ഒരേസമയം മോഹിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്യുന്ന മഴക്കാടുകളുടെയും കന്യാ വനങ്ങളുടെയും മനംനിറയ്ക്കുന്ന വിസ്മയ ദൃശ്യങ്ങളുമായ്, നിബിഡവും വന്യവുമായ ഇലച്ചാര്‍ത്തുകള്‍ക്കു കീഴിൽ, നിശ്ശബ്ദത ചൂഴ്ന്നു നില്ക്കുന്ന പച്ചപ്പിന്റെ ചാരു ഭംഗിയിൽ കോൾമയിർ കൊള്ളിക്കാൻ, ഈ നിബിഡവനം കാലഭേദമെന്യേ സഞ്ചാരികളെ കാത്തിരിക്കുന്നു.
.