സ്വാതന്ത്യലബ്‌ദിയുടെ മധുര സ്മരണകളുമായി വീണ്ടുമൊരു ആഗസ്റ്റ് 15. ബ്രിട്ടീഷുകാരുടെ ബൂട്ട്സിനടിയില്‍ ഞെരിഞ്ഞമര്‍ന്ന ഇന്ത്യയുടെ ആത്മാഭിമാനം ആയിരകണക്കിന് ധീരദേശാഭിമാനികളുടെ ജീവന്‍ ബലിയര്‍പ്പിച്ച്, അറുപത്തിയേഴാണ്ട് മുന്‍പ്, കഴിഞ്ഞ തലമുറ നമുക്ക് നേടിതന്ന സ്വാതന്ത്യം. രാജ്യത്തിനായി സ്വന്തമായതെല്ലാം ത്യജിച്ച് ഒടുവില്‍ ജീവന്‍പോലും ഭാരതാംബയ്ക്കായി കാഴ്ചവെച്ച ഒരുപാടു പേരുടെ രക്തംവീണ മണ്ണില്‍ വീണ്ടുമൊരു സ്വാതന്ത്ര്യദിനം കടന്നെത്തുമ്പോള്‍, എല്ലാ വര്‍ഷങ്ങളിലുമെന്നതുപോലെ ഈ വര്‍ഷവും സ്വാതന്ത്യദിനം കൊണ്ടാടുകയാണ് ഒരോ ഭാരതീയനും. ഫോര്‍വേഡായികിട്ടിയ സ്വതന്ത്യ സമരത്തിന്റെയോ, നേതാക്കളുടേയോ ചിത്രത്തോടൊപ്പം കിട്ടിയ ആശംസ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്ത്. ജിടോക്കിലൂടെ കോപ്പി പേസ്റ്റ് ചെയ്ത് എന്തങ്കിലും ഒരു സന്ദേശമയച്ച്. ചാറ്റ് വിഡോയിലേയും ഒര്‍ക്കട്ട് പ്രൊഫൈലിലേയും സ്വന്തം ചിത്രങ്ങള്‍ മാറ്റി ത്രിവര്‍ണ്ണ പതാകയുടെ ചിത്രം സ്ഥാപിച്ച്. ഇതൊക്കയാണ് നമ്മുടെ സ്വാതന്ത്യ ദിനാഘോഷങ്ങള്‍. നമ്മുടെ ദേശസ്നേഹം. ക്യത്യമായും വര്‍ഷത്തില്‍ രണ്ടുതവണ നമ്മുടെ ഞരമ്പുകളില്‍ ദേശസ്നേഹം ആളികത്തും. ആഗസ്റ്റ് 15, ജനുവരി 26. അത് വര്‍ഷാ വര്‍ഷം താനെ അങ്ങ് സംഭവിക്കും. സ്വാതന്ത്യമെന്നാല്‍ ഇന്ന് എല്ലാവര്‍ക്കും തോന്നിയതുപോലെ എന്തും ചെയ്യാനുള്ള സ്വാതന്ത്യമാണ്. തുരുതുരാ വണ്ടികള്‍ പോകുന്ന റോഡിന്റെ നടുവിലൂടെ ഗതാഗത തടസമുണ്ടാക്കും വിധം നടക്കാനുള്ള അധികാരം. മുറുക്കി തുപ്പിയും മലമൂത്ര വിസര്‍ജ്ജനം നടത്തിയും റോഡുകളെയും പൊതുസ്ഥലങ്ങളേയും വ്യത്തികേടാക്കാനുള്ള സ്വാതന്ത്യം. ആരങ്കിലും പ്രതികരിച്ചാല്‍ നിന്റെ തന്തയുടെ റോഡാണോ എന്ന് ചോദിക്കാനുള്ള സ്വാതന്ത്യം. ഇന്ന് നമുക്ക് സ്വാതന്ത്യമെന്നാല്‍ ഇതൊക്കയാണ്. എന്തു തോന്നിയവാസവും ചെയ്യാനുള്ള സ്വാതന്ത്യം. ബ്ലോഗേഴ്സിന് സ്വാതന്ത്യമെന്നാല്‍ അല്പം കൂടി കടന്നതാണ്. ആരെകുറിച്ചും, എന്തിന് ബ്രിട്ടിഷ് കാരന്റെ ബൂട്ടുന്റെ ചിട്ടേറ്റും, വെടുയുണ്ടകളാല്‍ നെഞ്ച് തുളച്ചും, ജീവന്‍ ബലിയര്‍പ്പിച്ചും സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിമത്തത്വത്തില്‍ നിന്നും നമുക്ക് സ്വാതന്ത്യം നേടിതന്ന മഹാത്മജിമുതലുള്ള ധീരദേശാഭിമാനികളുടെ പിത്യത്വത്തെ വരെ ചോദ്യം ചെയ്തുകൊണ്ട് എന്തും തന്റെ ബ്ലോഗുകളില്‍ എഴുതി നിറക്കാനുള്ള സ്വാതന്ത്യം.
ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു. ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും. ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും...എന്ന് ചൊല്ലിപഠിച്ച നമ്മള്‍ ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഇന്ത്യയിലെ നിരത്തുകളും പൊതുസ്ഥലങ്ങളും എന്റെ സ്വന്തമാണ്. നിരത്തിനു നടുവിലൂടെ ഞാന്‍ നടക്കും, മുറുക്കിത്തുപ്പും, മൂക്കു ചീറ്റും, മൂത്രമൊഴിക്കും. ചപ്പുചവറുകള്‍ വലിച്ചെറുയും. ഞാന്‍ എന്റെ മാതാപിതാക്കളേയും ഗുരുക്കന്മാരയും വായില്‍ തോന്നുന്നതെന്തും പറയും. ഞാന്‍ എന്റെ രാജ്യത്ത് ഇഷ്ടമുള്ളപോലെ ഒക്കെ ചെയ്യും എന്നചിന്താഗതിയിലേക്ക് എങ്ങനെ നമ്മള്‍ എത്തിചേര്‍ന്നു. ഇന്ന് ഇതൊക്കയാണ് നമുക്ക് സ്വാതന്ത്യം. നമുക്ക് നമ്മോട് തന്നെ ലജ്ജിക്കാം.
ഇന്ന് എന്‍റെ പെറ്റ രാജ്യത്തിന്‍റെയും പോറ്റുന്ന രാജ്യത്തിന്‍റെയും ചരിത്രത്തിലെ നാഴികല്ലായ ദിവസമാണ്. ഇന്ത്യയും, തെക്കന്‍ കൊറിയയും സ്വാതന്ത്യദിനം ആഘോഷിക്കുന്ന സുദിനം. എന്നും നമുക്ക് അഘോഷങ്ങളാണ്. വാലന്‍റയിന്‍സ് ഡേ, ഫ്രണ്ട്ഷിപ് ഡേ, ന്യൂ-ഇയര്‍ അങ്ങനെ ഒരുപാട് ഒരുപാട്. എല്ലാം നമ്മള്‍ ആഴ്ചകള്‍ക്കു മുന്‍പേ ആഘോഷിച്ചുതുടങ്ങും, ഫോര്‍വേഡ് മെയിലുകള്‍ അയച്ചും ഒര്‍ക്കട്ടില്‍ സ്ക്രാപ്പുകളും വര്‍ണ്ണമനോഹരങ്ങളായ ആനിമേറ്റഡ് ചിത്രങ്ങള്‍ അയച്ചും. കുറഞ്ഞത് ഒരാഴ്ച മുന്‍പങ്കിലും നമ്മള്‍ മെയിലുകളും സ്ക്രാപ്പുകളും അയച്ചു തുടങ്ങും. എന്നിട്ടും എന്തോ സ്വാതന്ത്ര്യദിനാഘോഷവേളകളില്‍ ഒറ്റദിവസത്തില്‍ ഒതുങ്ങുകയാണ്.
ബ്ലോഗുകളിലും, എത്രപേര്‍ സ്വാതന്ത്യദിനത്തില്‍, നമ്മള്‍ ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്യം നേടിതരാന്‍ വേണ്ടി ജീവന്‍ ബലികൊടുത്തവര്‍ക്കുവേണ്ടി ഒരു സ്മരണിക എഴുതും എന്നും അറിയില്ല. മഹാത്മാഗാന്ധി, ഭഗത്സിംങ്, നേതാജി സുബാഷ് ചന്ദ്രബോസ്, ഡോ. അംബേക്കര്‍, ബാലഗംഗാധര തിലകന്‍, ഗോപാല ക്യഷ്ണ ഗോഖലെ, ത്ഡാന്‍സി റാണി ലക്ഷ്മി ഭായി തുടങ്ങിയവര്‍ മുതല്‍ സ്വാതന്ത്യസമരത്തില്‍ ജീവന്‍ വെടിഞ്ഞതും അല്ലാത്തതുമായ എല്ലാ ധീരദേശാഭിമാനികള്‍ മുന്‍പില്‍ ഒരു മാത്ര ശിരസ്സു കുനിച്ചു നമസ്കരിച്ചുകൊണ്ട് ഒരിക്കല്‍കൂടി ഒരൊറ്റ ഇന്ത്യയായ് ഒരൊറ്റ ജനതായ് ഒരായിരം കണ്ഠങ്ങളില്‍ നിന്നും നമുക്ക് ഉറക്കെ പാടാം വന്ദേമാതരം......