Search this blog


Home About Me Contact
2007-07-12

ബാംഗ്ലൂര്‍..ഒരു ഫോട്ടോ ഫ്ലാഷ്  


ഇന്ത്യയിലെ ഗ്രീന്‍ സിറ്റി ക്ലീന്‍ സിറ്റി എന്നുവിശേഷിപ്പിച്ചിരുന്ന നഗരം...ഇന്ന് ആ പേരുമാറി I.T സിറ്റി എന്നായിരിക്കുന്നു. അതെ കര്‍ണ്ണാടകയുടെ തല‌സ്ഥാനമായ ബാംഗ്ലൂര്‍ നഗരം. സോഫ്റ്റ്വെയര്‍ കമ്പനികള്‍ ബാംഗ്ലൂരിലേക്കൊഴുകിയപ്പോള്‍ നഗരം മലിനമായി....ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുനിന്നുമുള്ള യുവതലമുറ നഗരത്തിലേക്ക് ചേക്കേറി....കാലാവസ്ഥയും സംസ്കാരവും മാറി...ദിവസംതോറും ബാറുകളുടെയും പബ്ബുകളുടെയും എണ്ണം കൂടുകയാണ്. കേരളത്തില്‍ നിന്നും നേഴ്സിം വിദ്യാര്‍ത്ഥിനികള്‍കൂടി ബാംഗ്ലൂരിലേക്കൊഴുകിയപ്പോള്‍ സോഫ്റ്റ്വെയര്‍ പ്രഫഷണലുകളുടെ ജീവിതം ഉത്സവമായി......ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടുന്ന ആഡംബര ബസുക‌ള്‍ സഞ്ചരിക്കുന്ന മണിയറകളാണ്....തെറ്റുചെയ്യുന്നവര്‍ പ്രതികരിക്കട്ടെ.....തെറ്റുചെയ്യാത്തവ‌ര്‍ ക്ഷമിക്കട്ടെ.....പൂന്തോട്ട നഗരത്തില്‍ നിന്നുള്ള ചില ഫോട്ടോ പരീക്ഷണങ്ങള്‍.....

ചെങ്ങന്നൂര്‌നിന്നും ബാംഗ്ലൂരിലേക്കൊരു യാത്ര......കന്യാകുമരി ബാംഗ്ലൂര്‍ ഐലന്റ് എക്സ്പ്രസ്.........ഇതായിരുന്നു എന്റെ സ്ഥിരം വണ്ടി........

ബാംഗ്ലൂരിലേക്കുള്ള ഒരു യാത്രയില്‍ ഒപ്പിയെടുത്ത പാലക്കാടിന്റെ സൗന്ദര്യം.............ട്രയിനില്‍ നിന്നും എടുത്ത ചിത്രം.............


ഈ റോഡുകള്‍ എവിടയും അവസാനിക്കുന്നില്ല....ഇന്ത്യയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് പൊതുവെ ഇടുങ്ങിയതും തിരക്ക് കൂടിയതുമാണ്‌ ബാംഗ്ലൂരിലെ റോഡുകള്‍.......


എത്ര മനോഹരം ഈ റോഡുകള്‍......ഇന്ത്യയില്‍ ഞാന്‍ സഞ്ചരിച്ച മറ്റൊരു നഗരത്തിലും ഇത്ര മനോഹരമായ റോഡുകള്‍ കണ്ടിട്ടില്ല..........നഗരഹ്യദയത്തിലെ ഒരു റോഡ്.....


വിധാന്‍ സൗധ്...ഗ്രാനൈറ്റില്‍ കടഞ്ഞെടുത്ത കവിത.....നഗര മധ്യത്തില്‍ എല്ലാ പ്രൗഡിയോടയും തലയുയര്‍ത്തിനില്‍ക്കുന്ന ഭരണ സിരാകേന്ദ്രം.... ബാംഗ്ലൂരിലെ കുബ്ബോണ്‍ പാര്‍ക്കിലാണിത് സ്ഥിതിചെയ്യുന്നത്.....ഇന്ത്യയിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളില്‍ (one of the most magnificant buildings) ഒന്നാണിത്....നിയോദ്രവീഡിയന്‍ മാത്രകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിട സമുച്ചയം എല്ലാ ഞയറാഴ്ചയും വൈദ്യുത ദീപങ്ങളാല്‍ (Floodlit) പ്രകാശിതമായിരിക്കും....നാലു നിലകളുള്ള ഈ കെട്ടിടത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം 50,000 ചതുരശ്ര അടിയാണ്.........(ഒരു വൈകുന്നേരം എടുത്ത ചിത്രം)

(ഒരു ഉച്ച സമയത്ത് എടുത്ത ചിത്രം)


(ഒരു വൈകുന്നേരം എടുത്ത ചിത്രം)

ബാംഗ്ലൂരിലെ കസ്തൂര്‍ബാ റോഡിലുള്ള ബ്രിട്ടീഷ് ലൈബ്രറി..... മനോഹരമായ ഈ കെട്ടിടം ആരുടെയും മനം കവരുന്നതാണ്‌......1960 ലാണ്‌ ഈ ലൈബ്രറി തുറന്നത് പ്രവര്‍ത്തനമാരംഭിച്ചത്..... 19775 ബുക്സും 1155 ഡി.വി.ഡി യും ഇവിടെയുണ്ട്. അതില്‍ 2117 I.T ബുക്സാണ്‌....

നിയമങ്ങള്‍ ലംഖിക്കാനുള്ളവയാണന്ന് ബോധപൂര്‍വ്വം വിശ്വസിക്കുന്നവരാണ്‌ പൊതുവെ നമ്മള്‍...നിയമത്തിലെ ലൂപ് ഹോള്‍സ് നോക്കി തെറ്റു ചയ്യാനാണ്‌ നമ്മള്‍ നിയമം പഠിക്കുന്നത്.....ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതന്ന് പറയുമ്പോഴും കുറ്റവാളികളെ രക്ഷിക്കാന്‍‌വേണ്ടി നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നത് വിരോധാഭാസം തന്നെ.....കര്‍ണ്ണടകയിലെ പരമോന്നത നീതിന്യായപീഠം.....ബാംഗ്ലൂര്‍ ഹൈകോര്‍ട്ടിന്റെ കവാടം.....



പൂക്കളെ ഇഷ്ടമില്ലാത്തവര്‍ ആരാണ്‌?...... കുബ്ബോണ്‍ പാര്‍ക്കില്‍ പൂത്ത ഒരു വാഴചെടി.....


ബ്രിട്ടീഷ് ലൈബ്രറിയുടെ മുന്‍പില്‍ പൂത്തുനില്‌ക്കുന്ന മുസാണ്ട ചെടികള്‍......
വെറുതെ എടുത്ത ഒരു ചിത്രം....
ഹോസ്ക്കോട്ടെ ഇന്‍ഡസ്ട്രിയല്‍ ഏറിയ ബാംഗ്ലൂരിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലൊന്നാണ്‌.....നഗരത്തിന്റെ തിരക്കില്‍ നിന്നും ഏതാണ്ട് 15 കി. മീ ഉള്ളിലാണ്‌. അവിടെ വഴിയരികില്‍ കണ്ട ഒരു പാഴ്ചെടി.....

കുബ്ബോണ്‍ പാര്‍ക്കില്‍നിന്നുമുള്ള ഒരു ചിത്രം..........

കുബ്ബോണ്‍ പാര്‍ക്കിലെ ഒരു വടവ്യക്ഷം.......

റോഡുകള്‍ ഇടുങ്ങിയതും തിരക്ക് കൂടിയതുമാണങ്കിലും വഴിവാണിഭം ഇവിടെ സാധാരണം....ഒരു വഴിയോരകാഴ്ച......

ഗുല്‍മോഹറുകള്‍ നിറഞ്ഞ വഴികള്‍ ബാംഗ്ലൂരിന്റെ ഒരു പ്രത്യേകതയാണ്‌........പൂത്തുലഞ്ഞുനില്‍ക്കുന്ന ഗുല്‍മോഹറുകള്‍ നഗരത്തിന്റെ ചാരുത വര്‍ദ്ധിപ്പിക്കുന്നതോടെപ്പം തണലും തരുന്നു........നഗരത്തിലെ ഒരു കാഴ്ച.....

2007-07-11

നഷ്ടപ്പെട്ട നീലാംബരി  

ഹ്യദയത്തില്‍ ദൈവ്വത്തിന്റെ കൈയ്യൊപ്പുണ്ടന്ന് ഞാന്‍ എന്നും വിശ്വസിക്കുന്ന എന്റെ സ്നേഹിതാ..........

എന്റെ ഏറ്റവും പ്രീയപ്പെട്ട ചങ്ങാതി നീ ആയിരുന്നു.......... എന്നിട്ടും നിന്റെ മറവിയുടെ ലോകത്തേക്ക് എന്നെയും നീ ഉപേക്ഷിച്ചു. വിരഹത്തിന്റെ വേദനയില്‍ ഞാന്‍ ഇവിടെ തനിച്ചാണ്........ ബന്ധങ്ങളും ബന്ധനങ്ങളുമില്ല.

ലോകത്തിലേക്കും ഏറ്റവും കൂടുതല്‍ പരസ്പരം അറിയുകയും മനസ്സിലക്കുകയും ചെയ്ത സുഹ്യത്തുക്കള്‍ നമ്മളാണന്ന് സ്വകാര്യമായ് അഹങ്കരിച്ചിരുന്നു. എന്നും നമ്മുടെ സ്നേഹവും സൗഹൃദവും മറ്റുള്ളവരെ അസൂയപ്പെടുത്തും വിധം ആത്മാര്‍ത്ഥവും നിഷ്കളങ്കവും ആയിരുന്നു. രണ്ടു ശരീരത്തില്‍ ജീവിക്കുന്ന ഒറ്റ ആത്മാവായിരുന്നു നമ്മള്‍......

എപ്പോഴോ നാമറിയതെ നമുക്കിടയില്‍ ഒരു പാപക്കറ വീണു........ അതിനെ ഞാന്‍ എന്റെ ഹ്യദയരക്തംകൊണ്ട് കഴുകി കളയാന്‍ ആഗ്രഹിച്ചു. പക്ഷേ നാമറിയതെ നമുക്കു നമ്മളെ നഷ്ടപ്പെടുക ആയിരുന്നു. ഇനി ഒരിക്കലും ഞാന്‍ അറിയുന്ന എന്നെ അറിയുന്ന എന്റെ ആ കളികൂട്ടുകാരനെ എനിക്കു തിരിച്ചുകിട്ടില്ലന്നറിയം..... മണലാരണ്യത്തില്‍ നിന്നും മുത്തും പവിഴവും നീ വാരികൂട്ടിയപ്പോള്‍ ഇങ്ങ് ദൈവ്വത്തിന്റെ സ്വന്തം നാട്ടില്‍ കക്കയും ശംഖും പെറുക്കി കളിച്ച ഈ കളികൂട്ടുകാരനെ നീ മറന്നുപൊയി...........

ഒരിക്കലും ഈ അകല്‍ച്ച ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. മരണത്തിലും ഒന്നിച്ചുണ്ടാവണമന്ന്‌ ആഗ്രഹിച്ചിരുന്നവരാണ്‌ നമ്മള്‍. നീ എന്നില്‍ നിന്നും അകന്നകന്നു പോയപ്പോഴും ഒക്കെ എന്റെ തോന്നലാണന്ന് വിശ്വസിച്ചു......... സ്വയം വിശ്വസിപ്പിച്ചു.

ബന്ധങ്ങളെന്നും തുലാവ‌ര്‍ഷംപോലെയാണ്. എപ്പോഴാണ്‌ പൈതൊഴിയുക എന്നറിയില്ല. എന്നും മഴയെ സ്നേഹിച്ച ഒരു മനസ്സാണ് എന്റേത്‌. പൈതൊഴിയുന്ന മഴനൂലുകള്‍ക്കിടയിലൂടെ നീ എന്നെ തനിച്ചാക്കി യാത്രയായപ്പോള്‍, കണ്ണീരിന്റെ നനവുണ്ടായിരുന്ന എന്റെ പിന്‍‌വിളികള്‍ നീ കേട്ടില്ല. ഇല്ലങ്കില്‍ കേട്ടിട്ടും കേട്ടതായി നടിച്ചില്ല.......... എന്തായിരുന്നു നിന്റെ മനസ്സില്‍............

പിന്നീട് ഓരോമഴയും പൈതൊഴിയുമ്പോള്‍ എന്റെ മനസ്സ് കാ‌‌‌ര്‍‌മേ‌ഘം മൂടുകയായിരുന്നു. ഓരോനിമിഷവും ഞാന്‍ കാതോര്‍ത്തിരുന്നു. നിന്റെ കാലൊച്ച കേള്‍ക്കാന്‍......... അവസാന പ്രതീക്ഷയും അസ്തമിച്ചപ്പൊള്‍ ഞാന്‍ നിന്നോടു ചോദിച്ചു, നമ്മള്‍ ഒരുപാട് മാറിപോയിരിക്കുന്നു അല്ലേ എന്ന്. എല്ലാവരുടെയും നന്മക്ക് വേണ്ടി ആയാല്‍ മാറ്റം നല്ലതല്ലേ എന്ന നിന്റെ മറുചോദ്യത്തിന്റെ അര്‍‌ത്ഥം ഇന്നും എനിക്ക്‌ മനസ്സിലായിട്ടില്ല.

എന്റെ സുഖങ്ങളിലും ദു:ഖങ്ങളിലും നീയുണ്ടാവണമന്ന് ഞാന്‍ ആഗ്രഹിച്ചു. ഒരുനനുത്ത കാറ്റായ് നീ എപ്പോഴും എന്റെ കൂടെ ഉണ്ടാകുമന്ന്‌ ഞാന്‍ വിസ്വസിച്ചു. നീയല്ലാതെ മറ്റൊരു സുഹ്യത്തിനെ കുറിച്ച് ഒരിക്കലും ഞാന്‍ ചിന്തിച്ചിരുന്നില്ല. അതുകൊണ്ട്തന്നെ നീ എന്നെ വിട്ടുപോയപ്പോള്‍ ശരിക്കും ഞാന്‍ ഒറ്റപ്പെട്ടുപോയി.........

ജീവിതത്തില്‍ എന്തക്കയോ നേടിയപ്പോള്‍ നിന്നെമാത്രം സ്നേഹിച്ചിരുന്ന എന്നെ നീ മ‌റന്നുപോയി....... നിന്റെ ഓ‌ര്‍മ്മകളില്‍പോലും ഇന്ന്‌ ഞാന്‍ ഇല്ല എന്നറിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഇനിഒരിക്കലും തമ്മില്‍ കാണാതിരിക്കട്ടെ എന്ന്. കാരണം എനിക്കറിയം ഇനി ഒരിക്കലും നിനക്ക് എന്റെ പഴയ ച‌‌‌ങ്ങാതിയാകാന്‍ കഴിയില്ലന്ന്...... ഇനി കാണുമ്പോള്‍‍ എല്ലാം ഒരു ബോധിപ്പിക്കല്‍ മാത്രമായിരിക്കും.......

മനസില്‍ എന്നെ സ്നേഹിച്ചിരുന്ന എന്റെ ചങ്ങാതിയുടെ ജീവനുള്ള പുഞ്ചിരിക്കുന്ന ഒരു ചിത്രമുണ്ട്........ അതെങ്കിലും എനിക്കു വേണം. സ്നേഹവും സൗഹൃദവും ഒക്കെ ലാഭനഷ്ടങ്ങളുടെ കണക്കുകളാകുമ്പോള്‍ ഇന്നും ഞാന്‍ കാത്തിരിക്കയാണ്. എന്റെ നഷ്ടപ്പെട്ട നീലാംബരിയെ ഓര്‍ത്ത്.............

2007-07-06

വെളുത്ത സാരിയിലെ വൈധവ്യം  


അദ്ദേഹത്തിന്റെ ശവസംസ്ക്കാരം കഴിഞ്ഞ് ജോലിസ്ഥലത്തുള്ള വാടക വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് നീലിമ ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞത്. എന്നും കളിയും ചിരിയും നിറഞ്ഞുനിന്ന ആ വീട്ടില്‍ ശ്മശാന മൂകത അവള്‍ അറിയുകയായിരുന്നു....................
ഒരാഴ്ചകൊണ്ട് നനക്കാഞ്ഞതുകൊണ്ട് പനിനീര്‍ച്ചെടികളൊക്കെ വാടിതുടങ്ങിയിരിക്കുന്നു. അദ്ദേഹം എന്നും സ്നേഹിച്ചിരുന്ന പനിനീര്‍ച്ചെടികള്‍........ഇനി അയാള്‍ക്കുവേണ്ടി അവള്‍ക്കു ചയ്യന്‍ കഴിയുന്നത്‌ അതുമാത്രമാണ്.

അവള്‍ പൂച്ചെരുകയില്‍ വെള്ളമെടുത്ത് റോസാച്ചെടികളെ ഓരോന്നായിങ്ക്കാന്‍ തുടങ്ങി.

അപ്പോള്‍ അടുത്ത വീട്ടിലെ അലമേലു പാട്ടി ശവദാഹത്തെകുറിച്ചും വീട്ടുകാരെകുറിച്ചും ഒക്കെ കുശലം ചേദിക്കാന്‍ വന്നു. അവസാനം തന്റെ സാരിയിലേക്കുനോക്കി ഒരുപദേശം. "ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍‍ നിറമുള്ള സാരി ഉടുക്കാന്‍ പാടില്ല" എന്ന്.
അത് തനിക്കും അറിവു‌ള്ളതാണന്നും, അലമേലുപാട്ടി ഒരിക്കലും വെള്ളസാരി ഉടുത്ത് കണ്ടിട്ടില്ലല്ലോ എന്നും പറയണമന്ന് അവള്‍ക്കുതോന്നി...........പക്ഷേ പറഞ്ഞില്ല.

അയാള്‍ക്ക് എന്നും നീലിമ പി‌ങ്ക് നിറമുള്ള സാരി ധരിച്ചുകാണാനായിരുന്നു ഇഷ്ടം. അതുകൊണ്ട് ആഫീസില്‍ പോകുമ്പോള്‍ കൂടുതലും ആ നിറത്തിലുള്ള സാരി ധരിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു......

അങ്ങനെ ഇരിക്കെ പച്ചക്കറി കൊണ്ടുകൊടുത്തുകൊണ്ടിരുന്ന പയ്യന്‍ വരാതെ ആയി. അതുകാരണം നീലിമക്ക് ആഫീസില്‍ നിന്നു പോരുമ്പോള്‍ ദിവസവും ചന്തയില്‍ കയറണ്ടി വന്നു.

ആഫീസില്‍ നിന്നും വന്നാല്‍ എന്നും അവള്‍ അലമേലു പാട്ടിയോടുചോദിക്കും ഇന്ന്‌ പച്ചക്കറിക്കാരന്‍ പയ്യന്‍ വന്നിരുന്നോന്ന്. അപ്പോള്‍ അലമേലു പാട്ടിപറയും ഇല്ല ഇന്നും കണ്ടില്ല അവനെ.

അതുകേള്‍ക്കുമ്പോള്‍ നീലിമക്ക് എന്തോ ഒരു അസ്വസ്തതതോന്നും................

അങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ ഒരുകുട്ടിയെ ഒക്കത്തുവച്ച് പച്ചക്കറിവണ്ടിയും ഉന്തി വന്നു.

അവളോട് പച്ചക്കറി വാങ്ങുമ്പോള്‍ നീലിമ പറഞ്ഞു "മുന്‍പ് ഇതുപോലെ പച്ചക്കറി കൊണ്ടൂവന്നിരുന്നത് ഒരു പയ്യനായിരുന്നു, ഇപ്പോള്‍ കുറച്ചുദിവസമായി കാണുന്നില്ല"

അപ്പോള്‍ അവളുടെ കണ്ണുകളില്‍ നനവു പടരുന്നത്‌ നീലിമ കണ്ടു.

സാരിതലപ്പുകൊണ്ട് കണ്ണുകള്‍ തുടച്ചുകൊണ്ട് അവള്‍ പറ്ഞ്ഞു "അദ്ദേഹം മരിച്ചുപോയി, പച്ചകറിയുമായി പോകുമ്പോല്‍ കാറിടിക്കയായിരുന്നു"........

വെ‌ളുത്ത സാരി ഉടുത്തിരിക്കുന്ന ആ പെണ്‍കുട്ടി അയാളുടെ ഭാര്യ ആണ് എന്നും ഒക്കത്ത് ഇരിക്കുന്നത് അയാളുടെ കുട്ടിയാണ് എന്നും നീലിമക്ക് മനസ്സിലായി.

എന്നും പിങ്ക് നിറത്തിലുള്ള സാരി ഉടുത്ത് ആഫീസില്‍ പോയിരുന്ന നീലിമയെ പിന്നെ വെളുത്ത സാരിയില്‍ മാത്രമേ എല്ലാരും കണ്ടിട്ടുള്ളൂ .................

2007-07-05

ഏകാന്തതയിലൊരു തീര്‍ഥാടനം  


ഇവിടെ ഈ വാകമരത്തണലി‌ല്‍ ഇരിക്കു‌മ്പോള്‍‍ ഞാന്‍ നിന്നെ കുറിച്ചോ‌ര്‍ക്കുന്നു..... വര്‍ഷങ്ങള്‍ക്കു മുന്‍പ് കൈവിട്ടുപോയ ആ നല്ല ദിവസങ്ങളെക്കുറിച്ച്. അന്ന് നീ എന്റേതായിരുന്നു. എന്റേതു മാത്രം. അന്ന് നീ എന്റെ മടിയില്‍ തലവച്ച് ഉറങ്ങുമായിരുന്നു. എന്നോടെപ്പം ചിരിക്കുകയും കര‌യുക‌യും ചെയ്യുമായിരുന്നു.

നിന്റെ കൈവിര‍ലുകള്‍ തെരുപിടിക്കുമ്പോ‌ള്‍, നിന്റെ മുടിയിഴകളെ ലാളിക്കുമ്പോ‌ള്‍.....നിന്റെ കൈവിരലുകളുടെ അഗ്രം ചുണ്ടുകള്‍ പോലെ ചുവന്നിരുന്നു. അന്ന് നിനക്ക് ചന്ദനത്തിന്റെ മണമായിരുന്നു. ആ മാസ്മര ഗ‌ന്ധത്തി‌ല്‍ മണിക്കൂറുകളോളം ഞാന്‍ മയങ്ങി കിടന്നിട്ടുണ്ട്. അത് നിന്നെപോലെ എന്റെ മനസ്സിലേക്കും, ആത്മാവിലേക്കും പട‌‌ര്‍ന്നു കയറിയിട്ടുണ്ട്. എന്നിട്ടും ഒരിക്കലും നമ്മള്‍ തെറ്റുചെയ്യാന്‍ ആഗ്രഹിച്ചില്ല.

ചന്ദന നിറമുള്ള നിന്റെ നാസികയും കൈവിരലുകലും ഒന്നും ഞാന്‍ മറന്നിട്ടില്ല. മറക്കാനാവില്ല എന്നു പറയുന്നതാവും ശ‌രി.

ഈ വാകയുടെ ചുവട്ടില്‍ എത്രയോ തവണ നാം സന്ധിച്ചിട്ടുണ്ട്. എത്രയോ ദിവസങ്ങള്‍ നീ എന്റെ മടിയില്‍ തലവച്ചുറങ്ങിയിട്ടുണ്ട്. എത്രയോ നേരം കിനാവു നെയ്തു കൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി ഇരുന്നിട്ടുണ്ട്.

നാം നിരന്തരം ചാരിയിരിക്കുന്നതുകൊണ്ടാണ് ഈ വാക ഇങ്ങനെ ചാഞ്ഞുവളരുന്നതെന്നുപറഞ്ഞ് പലരും നമ്മെ കളിയാക്കി. എന്നിട്ടും നീ എന്നെ വിട്ടുപോയി.

ഒരു ഓട്ടകാലണയുടെ വിലപോലും ഇല്ലാതെയായി എന്റെ സ്നേഹത്തിന്‌.......എന്തായിരുന്നു നിന്റെ മനസ്സില്‍......

ഇന്ന് ഈ വാക വീണ്ടും പൂത്തിരിക്കുന്നു. അത് നമുക്കുവേണ്ടി പൂമെത്ത തീര്‍ത്തിരിക്കുന്നു. ഒരിക്കല്‍ ഈ പൂമെത്ത‌യില്‍ കിടന്നുകൊണ്ട് നീ പറഞ്ഞു "ഇങ്ങനെ മന്വന്തര‌ങ്ങളോളം നിന്റെ മടിയില്‍ തലവച്ച് പൂക്കളുടെ മീതെ കിടക്കാന്‍ കഴിഞ്ഞിരുന്ന‌ങ്കിലന്ന്".

എന്നിട്ടും ഇന്നും നീ വന്നില്ലല്ലോ?.

ഇന്നുമാത്രമല്ലല്ലോ? എത്രയോ വര്‍ഷങ്ങളായി നീ ഇവിടെ വന്നിട്ട്. എന്നിട്ടും എനിക്കു നിന്നെ മറക്കാനാവുന്നില്ല...

ഞാന്‍ ഓര്‍ക്കുകയാണ്‌, എന്തു ഭംഗിയായിരുന്നു നിനക്ക്. മഞ്ഞയില്‍ മഞ്ചാടിക്കുരു വിതറിയപോലെയുള്ള നനുത്ത സാരിയില്‍ നീ ഒരുപാടു സുന്ദരിയായിരുന്നു.

മഞ്ഞ.... ഐശ്വര്യത്തിന്റെ, സമ്ര്യദ്ധിയുടെ നിറം. എന്റെയും നിന്റെയും, കാര്‍മുകില്‍ വര്‍ണ്ണന്റെയും ഇഷ്‌ടനിറം. ഒരിക്കല്‍ നീ എന്നോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് എന്നെ തനിച്ചാക്കി പോയപ്പോള്‍ നിന്റെ ഓര്‍മ്മകളില്‍ ഞാന്‍ ഉണ്ടായിരുന്നു. ഇന്ന് നിന്റെ മനസ്സില്‍ നിന്നുപോലും ഞാന്‍ മാഞ്ഞു പോയിരിക്കുന്നു.

ഒരുപാട് പറയാനുണ്ട് എനിക്ക്..............

കേള്‍ക്കാനുള്ള മനസ്സ് നിനക്ക് നഷ്‌ടപ്പെട്ടുപോയില്ലേ? ഒരുപാട് പാപക്കറ പുരണ്ട കൈകളാണ്‌ എന്റേത് എന്നെനിക്കറിയാം. എത്രയെത്ര രാത്രികള്‍, എത്ര എത്ര മുഖങ്ങള്‍........ ഒന്നും മനപ്പൂര്‍‌വ്വമായിരുന്നില്ല എന്ന് അറിഞ്ഞിരുന്നില്ലേ നീ?. എന്നിട്ടും മഴ‌യിലും മഞ്ഞിലും, പാതിരാവിലും, വെളുപ്പാന്‍‌കാലത്തും പാതി തുറന്നിട്ടിരുന്ന വാതിലുകള്‍ എനിക്കുനേരെ കൊട്ടിയടക്കപ്പെട്ടപ്പോള്‍ തികച്ചും ഒറ്റപ്പെട്ടുപോയി ഞാന്‍..............

എല്ലം നീ അറിഞ്ഞു......

പുക്ഷേ അറിയാതെ പോയത് എന്റെ മനസ്സുമാത്രം. .......അനാഥമായത് വന്യമായ എന്റെ സ്നേഹമാണ്.

എന്നെ വിട്ട് നീ മറ്റൊരിടം തേടിപോയപ്പോള്‍ നഷ്‌ടപ്പെട്ടത് എന്റെ ജീവിതമാണ്‌...........

അല്ലങ്കിലും എന്നും നഷ്‌ടങ്ങളുടെ തടവുകാരനായിരുന്നല്ലോ ഞാന്‍?...........

നീയും ഒന്നും നേടിയില്ല.....

ഒരു പകപോക്കലായിരുന്നോ?...അതോ മിഥ്യയുടെ മൂടുപടത്തിനുള്ളില്‍ സ്വയം ഒതുങ്ങിയതോ?..........

നീ പോയതു മുതല്‍ ഞാന്‍ ഒറ്റക്കായിരുന്നു....

ഒറ്റക്ക് എന്നു തീര്‍ത്തുപറയാനാവില്ല.

എപ്പോഴും നിന്റെ ഓര്‍മ്മകളുണ്ടായിരുന്നു കൂട്ടിന്‌....ആ നനുത്ത പുഞ്ചിരി, ആ വിടര്‍ന്ന കണ്ണുകള്‍.....

കന്യാകുമാരി മുതല്‍ വൈഷ്ണവീ ദേവി കുടിയിരിക്കുന്ന ഇരുണ്ട ഗുഹകളില്‍ വരെ യാത്ര ചെയ്തു.

കുടജാദ്രിയിലെ മഞ്ഞിലും തണുപ്പിലും അലിഞ്ഞില്ലാതാകാന്‍ ആഗ്രഹിച്ചു......രുദ്രപ്രയാഗിലും ഗംഗയിലും‌മുങ്ങി......

എല്ലായിടവും നീ ആയിരുന്നു....

കന്യാകുമാരിയുടെ വൈരമൂക്കൂത്തിയില്‍ നിന്റെ കണ്ണുകളിലെ തിളക്കമായിരുന്നു. വൈഷ്ണവീദേവിയുടെ ചില്ലു ലോക്കറ്റില്‍ നിന്റെ രൂപമായിരുന്നു.

കാശീനാഥന്റെ ചന്ദ്രക്കലയില്‍ നിന്റെ മുഖ‌മായിരുന്നു.

കണ്ണടച്ചാല്‍ കാണുന്നത് നിന്റെ മുഖം......

കേള്‍ക്കുന്നത് നിന്റെ ശബ്‌ദം........

സ്നേഹത്തിനും വേര്‍പിരിയലിനുമിടയിലുള്ള ആ വേദന, ആത്മസംഘര്‍ഷം....അതൊരു ഹരമായിരുന്നു.

ഏതു ഗംഗയില്‍ മു‌ങ്ങിയാലും, ഏതു കഷായം ധരിച്ചാലും മനസ്സില്‍ നിന്ന് പറിച്ചെറിയാന്‍ കഴിയില്ലന്നു തിരി‌ച്ചറി‌ഞ്ഞ അന്ന്‌ ഗംഗയില്‍ ഒഴുക്കി എന്റെ കഷായവും രുദ്രാക്ഷവും.

പിന്നെ അടുത്ത ഒരു തീര്‍ഥയാത്രയായിരുന്നു.

നിന്നെ കണ്ടെത്തുവാന്‍. ഒടുവില്‍ യാത്ര ചെയ്ത് ക്ഷീണിതനായ് ഇവിടെ വരെ എത്തി......

ഈ പുഴക്ക‌ര‌യില്‍, ഈ വാകയുടെ ചുവട്ടില്‍, ഡിസംബറിലെ മഞ്ഞുള്ള എത്രയോ സായഹ്‌നങ്ങളില്‍ ഒരു പുതിയ സൂര്യോദയം കാത്തിരുന്നിട്ടുണ്ട് നാം. എത്രയോ സന്ധ്യകളില്‍ കുന്നിന്‍ മുകളിലെ ക്ഷേത്രത്തിലെ അന്ധനായ ദൈവത്തിന്റെ കണ്ണുകളില്‍ ഒരു നല്ല നാളയുടെ പ്രഭാതം നാം കണ്ടിട്ടുണ്ട്. നിറഞ്ഞ നിലവിളക്കിലെ ദീപം പോലെ സ്വപ്നങ്ങ‌ള്‍ നമ്മെ മൂടിയിട്ടുണ്ട്. എന്നിട്ടും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടംപോലും ഇല്ലാത്ത ഇരുട്ടറകളില്‍ പരസ്പരം കാണാതെ പോയി നമ്മള്‍.

മഞ്ഞിന്റെ പഞ്ഞികെട്ടുപോലെയുള്ള തണുത്ത പുതപ്പണിഞ്ഞ് നീ എന്റെ അടുത്ത് എത്തിയിരുന്ന‌ങ്കില്‍ നിന്റെ ചെവിയില്‍ ഇക്കിളി കൂട്ടി പറയുമായിരുന്നു നിന്നെ ഞാന്‍ ആത്മാവിനോളം സ്‌നേഹിക്കുന്നുവന്ന്.

എന്തു കറുപ്പായിരുന്നു നിന്റെ കണ്ണുകള്‍ക്ക്......

ഇന്ന് അത് വെളുത്ത് നരച്ചിട്ടുണ്ടാകും........

ഒന്നു കാണാന്‍..........ഒന്നു കണ്ടാല്‍ മാത്രം മതി.........

ചിരി നിറ‌ഞ്ഞ വശ്യമായ നിന്റെ ആ പതി‌ഞ്ഞ ശബ്ദം ഒന്നു കേള്‍ക്കാന്‍...........

വര്‍ഷങ്ങ‌ള്‍ കൊണ്ട് ഞാന്‍ നിന്നെ തിരയുകയാണ്...........

നീ ഏ‌തു വനമധ്യത്തിലെ കുടിലിലാണ്‌ വസിക്കുന്നത്‌.........

അറിയാമായിരുന്നങ്കില്‍ അങ്ങോട്ടു വരുമായിരുന്നു......പിന്നെ നിന്നെ ഞാന്‍ ഒരിടത്തും വിടില്ല.

എത്രയോ വ‌ര്‍ഷങ്ങളായി നിന്നെ പ്രതീക്ഷിച്ചിരിക്കാന്‍ തുടങ്ങിയിട്ട്. ഇന്നും എന്റെ മനസ്സ് നരച്ചിട്ടില്ല. അത് ചെറുപ്രായക്കാരുടെ മനസ്സുപോലെ ഇരിക്കുന്നു.

എന്തുകൊണ്ടന്നു നിനക്കറിയുമോ?.......

എന്നങ്കിലും ഒരിക്കല്‍ നീ വരുമന്ന് എനിക്കറിയാം. ഒരു വേനല്‍ക്കാലത്തോ, മഞ്ഞുകാലത്തോ, അതുമല്ലങ്കില്‍ ഒരു വര്‍ഷകാലത്തോ, പുലരിയിലോ, ഉച്ചക്കോ, സന്ധ്യക്കോ.........

എത്രയോ കാലംകൊണ്ട് നിന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു. നിന്നെ പ്രതീക്ഷിച്ചുകൊണ്ടുള്ള ഈ ഇരുപ്പിന്റെ സുഖം ഒന്നു വേറെതന്നയാണ്.

നീ പോയതിനു ശേഷം എത്രയോ തവണ ഈ വാക പൂക്കുകയും ഗര്‍ഭം ധരിക്കയും പ്രസവിക്കുകയും ചെയ്തു. എന്നിട്ടും നീ എന്താണ് വരാത്തത്.

ദേ നോക്ക്......

ചക്രവാളം കറുക്കുകയാനണ്.

ദൂരെ എവിടയോ ഒരു മുരളിയുടെ ശബ്ദം എന്നിലേക്കൊഴികിയെത്തുന്നു.......അതിന്റെ അടുത്തേക്ക് ഓടി എത്താന്‍ ഒരുപാട് മോഹമുണ്ട്............

പക്ഷേ കാലി‌ല്‍ ചങ്ങലകള്‍ ആണല്ലോ?.........

എല്ലായിടവും ഇരു‌ള്‍ മൂടുകയാണല്ലോ?.........

എന്റെ കണ്ണുകള്‍ കാണാതാകുന്നു. ഇനി എന്നാണ്‌ നീ വരിക?........നിന്റെ വരവിനുവേണ്ടിയുള്ള കാത്തിരുപ്പാണ് എന്റെ ജീവിതം. എന്റെ ജീവെതം പൂര്‍ണ്ണമാക്കാന്‍ നീ വരണം. വരും....ക്യഷ്ണന്റെ രാധ വരും എന്നു ഞാന്‍ പ്രതീക്ഷിക്കട്ടെ?.........

ഈ വാക മരം അടുത്ത വസന്തത്തിനായ് കാത്തിരിക്കയാണ്.......വീണ്ടും പൂക്കാന്‍, തളിര്‍ക്കാന്‍, ഗര്‍ഭം ധരിക്കാന്‍.

ഞാനും കാത്തിരിക്കയാണ്. വരും വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ..............

2007-07-04

മണം  

എന്റെ കുട്ടിക്കാലത്തു എന്റെ വീടിന് അടുത്ത് ഒരു അമ്മൂമ്മയുണ്ടായിരുന്നു. പേര് ഞാന്‍ ഓര്‍ക്കുന്നില്ല. പക്ഷേ ഇപ്പോഴും ആ മുഖം ഓര്‍മ്മയിലുണ്ട്. വെളുത്ത് സമ്യദ്ധമായ നീളമുളള മുടി...... ആ മുടിക്ക് ഒരു പ്രത്യേക വാസനയും തിളക്കവും ഉണ്ടായിരുന്നു......

എപ്പോഴും ഒരു തുളസി കതിര് അവര്‍ മുടിയില്‍ ചൂടിയിരുന്നു.വെളള മുണ്ടും നേര്യേതും ആയിരുന്നു അവര്‍ ഉടുക്കാറ്. നടക്കാന്‍ ഊന്നുവടി വേണമായിരുന്നു എങ്കിലും നന്നായി സംസാരിക്കുമായിരുന്നു....
നീലത്തില്‍ മുങ്ങിയ കുറുക്കന്റെയും, മരപ്പട്ടി എന്നു കരുതി അപ്പൂപ്പനെ ഉലക്കകൊണ്ട് അടിച്ചുകൊന്ന അമ്മുമ്മയുടെയും,ഗന്ധര്‍വ്വനെ സ്നേഹിച്ച യക്ഷിയുടെയും ഒക്കെ ക‌ഥകള്‍ എനിക്കു പറഞ്ഞുതന്ന‌ത് ഈ അമ്മൂമ്മയാണ്.

ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം ഒരു ദിവസം അമ്മൂമ്മക്ക് എന്തോ അസുഖം വന്നു. മൂന്നാം നാള്‍ സ്കൂള്‍ വിട്ടുവന്നപ്പോള്‍ അമ്മ പറഞ്ഞു അപ്പുറത്തെ അമ്മൂമ്മ മരിച്ചുപോയീ എന്ന്.

അന്ന് മരണം എന്താണന്ന് എനിക്കു അറിയില്ലായിരുന്നു. അമ്മയുടെ സാരിതുമ്പു പിടിച്ച് ഞാനും അമ്മൂമ്മയെ കാണാന്‍ പോയി. അന്നാണ് ആദ്യമായി ഞാന്‍ മരണവീടു കാണുന്നത്.

വെള്ളപുതപ്പിച്ച് അമ്മൂമ്മയെ കോലായില്‍ കിടത്തിയിരിക്കുന്നു. തലയുടെ ഭാഗത്തായി തേങ്ങാമുറിയില്‍ കോളുത്തിവച്ച ദീപത്തിനരികിലായി പുകയുന്ന ചന്ദനത്തിരി. അതിന്റെ വാസന ആ അന്തരീക്ഷം മുഴുവന്‍ വ്യാപിച്ചിരുന്നു.

ഒരു വല്ലാത്ത മണം ആയിരുന്നു അതിന്. അതിനുശേഷം ആ മണം എന്നും എന്നില്‍ അസ്വസതതയുണ്ടാക്കി...... അത് എപ്പോഴും മരണത്തെ ഓര്‍മ്മിപ്പിക്കും..... മരിച്ചുകിടക്കുന്ന അമ്മൂമ്മയുടെ മുഖം ഓര്‍മ്മവരും.

അന്ന് ആ ചന്ദനത്തിരിയുടെ പേര് എനിക്കു അറിയില്ലായിരുന്നു. കുറെകൂടി വളര്‍ന്നുകഴിഞ്ഞാണ് അറിഞ്ഞത് സൈക്കിള്‍ ത്രീ ഇന്‍ വണ്‍ ആയിരുന്നു ആ ചന്ദനത്തിരികള്‍ എന്ന്.

ഇന്നും ഏതുമരണവീട്ടില്‍ പോയാലും അവിടെ അന്നത്തെ ആ മണം തന്നെ ആണ്. ആ മണം ഇന്നും എന്നില്‍ അസ്വസതതയുണ്ടാക്കുന്നു. അത് ഒരു നഷ്ട്പ്പെടലിനെയും അനാധത്വത്തെയും ഓര്‍മ്മിപ്പിക്കുന്നു.

ചിലപ്പോ‌‌‌ള്‍ ചില വാഹനങ്ങളില്‍, ആശുപത്രികളില്‍, മറ്റുചിലപ്പോള്‍ ചില വിവാഹങ്ങ‌ള്‍ക്കു പോകു‌‌മ്പോ‌‌ള്‍ അവിടെ ആ മണം ഉണ്ടാകാറുണ്ട്. സന്തോഷത്തോടെ ഒരു സുഹൃത്തിന്റെ അല്ലങ്കില്‍ ഒരു ബന്ധുവിന്റെ വിവാഹത്തിന് എത്തുന്ന ഞാന്‍ അസ്വസ്തനാകും. എന്തോ ഒരു സുഖമില്ലായ്ക.

എല്ലാ മണങ്ങളും നമുക്ക് ഉന്മേഷം തരു‌ന്നതാണ്. പ‌ക്ഷേ അതില്‍ ഒരു മണം നമ്മെ എപ്പോഴും അസ്വസ്തരാക്കാറില്ലേ?. അത് എപ്പോഴും ഒരു നഷ്ടപ്പെടലിന്റെ മണമായിരിക്കും. സൈക്കിള്‍ ത്രീ ഇന്‍ വണ്‍ തന്നെയല്ലേ മിക്കപ്പോഴും നമ്മെ അസ്വസ്തരാക്കുന്ന ആ മണം?. കാരണം അതിനു എപ്പോഴും മരണത്തിന്റെ മണ‌മാണ്............