2009-07-22
ചന്ദ്രയാത്രക്ക് നാല്‍പത് വയസ്സ്


ചന്ദ്രനിലിറങ്ങുക എന്ന സ്വപ്‌ന ദൗത്യവുമായ് മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള മൂന്നാമത്തെ ബഹിരാകാശ യാത്ര. മൂന്നു മനുഷ്യരേയും വഹിച്ചുകൊണ്ട് അന്ന് സാറ്റന്‍-v കുതിച്ചുയര്‍ന്നത് ചരിത്രത്തിലേക്കായിരുന്നു. ഹ്യദയം പൊട്ടിപോകുന്ന ആകാംഷയുടെ നീണ്ട മൂന്നു ദിവസങ്ങള്‍ക്കൊടുവില്‍ ജൂലായ് 20-ന് ആ ചെറുപേടകം ചന്ദ്രനിലിറങ്ങാന്‍ ഇടം തേടി നടന്നു. പെട്ടെന്ന് അപായസൂചന നല്‍കി വാഹനത്തിലെ മഞ്ഞവെളിച്ചം തുടരെ മിന്നി. അമൂല്യമായ ഇന്ധനം എരിഞ്ഞു തീരുന്നു. ചന്ദ്രനരികെ, അതിനെ തൊടാനാകാതെ. എല്ലാം അവസാനിച്ചുവന്ന് തോന്നിയ നിമിഷങ്ങള്‍. കാലുകുത്താനിടം കാണാതെ അപ്പോഴും ഈഗിള്‍ ചന്ദ്രനുചുറ്റും കറങ്ങി നടന്നു. ഒരുമിനിറ്റു നേരംകൂടി പറക്കാനുള്ള ഇന്ധനം മാത്രം ബാക്കി. ഈഗിള്‍ ഇനിയും ചന്ദ്രനെ തൊട്ടിട്ടില്ല. ആകാക്ഷയുടേയും പ്രാര്‍ത്ഥനകളുടേയും ഒടുവില്‍ കോര്‍ഡിനേറ്റഡ് യൂണിവേഴ്‌സല്‍ സമയം 20. 17-ന്, വെറും ഇരുപത്തിയഞ്ച് സെക്കന്‍ഡ് കൂടി മാത്രം കത്താനുള്ള ഇന്ധനവുമായി ഈഗിള്‍ ചന്ദ്രോപരിതലം തൊട്ടു. ഫ്ലോറിഡയിലെ പ്രാദേശിക സമയം രാത്രി 10.56-ന് ചന്ദ്രനില്‍ ആദ്യമായ് മനുഷ്യന്‍ കാലുകുത്തി. അങ്ങനെ നീല്‍ ആംസ്‌ട്രോങ് ചന്ദ്രന്റെ ആദമായി. അവിടെ നിന്ന് ആദം ഭൂമിയോട് വിളിച്ചു പറഞ്ഞു: 'മനുഷ്യന് ഒരു കാല്‍വെപ്പ്; മനുഷ്യരാശിക്ക് ഒരു കുതിച്ചു ചാട്ടം'. നീണ്ട നാല്‍പത് കൊല്ലങ്ങള്‍ കടന്നുപോയിട്ടും മനുഷ്യരാശി കുതിച്ചു ചാടിയില്ല. പുത്തന്‍ ബഹിരാകാശ പര്യവേഷണങ്ങള്‍ക്കും, ചന്ദ്രനില്‍ പുതിയ പഠനങ്ങള്‍ക്കും തുടക്കമാവുമെന്നു കരുതിയ അപ്പോളോ 11-ന്റെ യാത്ര തുടര്‍ന്നു പത്തുപേരെകൂടി ചന്ദ്രനിലെത്തിച്ചുകൊണ്ട്, നടന്ന നാലു യാത്രകളിലായ്, മൂന്നു മനുഷ്യരുടെ അസാമാന്യ ധീരതയുടെയും വൈദഗ്‌ധ്യത്തിന്റെയും തെളിവും സാങ്കേതികവിദ്യയുടെ നേട്ടവും മാത്രമായൊതുങ്ങി. ശീതയുദ്ധത്തില്‍ സോവിയറ്റ് യൂണിയനുമേല്‍ വിജയം നേടുക-റഷ്യക്കാര്‍ക്കു മുമ്പേ ചന്ദ്രനിലെത്തുക- എന്ന ലക്ഷ്യം നിറവേറ്റിയതോടെഅമേരിക്കയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ അവസാനിച്ചു. ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സാറ്റേണ്‍ v-യുടെ, നിര്‍മാതാവ് വെര്‍നെര്‍ വോണ്‍ ബ്രൗണിന്റെ 'സമുദ്ര ജീവികള്‍ കരയിലേക്കിഴഞ്ഞുകയറിവന്ന പരിണാമത്തിന്റെ നിമിഷത്തിനു തുല്യം ഈ നിമിഷം' എന്ന അതിഭാവുകത്വം നിറഞ്ഞ വാക്കുകളെ വെറും ജല്‍പനങ്ങളായ് അവശേഷിപ്പിച്ചുകൊണ്ട് അവസാനിച്ചത് ബഹിരാകാശ പര്യവേഷണത്തെപ്പറ്റിയുള്ള ലോകത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളായിരുന്നു.
Friday, July 24, 2009 1:59:00 PM
വെര്‍നെര്‍ വോണ്‍ ബ്രൗണിന്റെ 'സമുദ്ര ജീവികള്‍ കരയിലേക്കിഴഞ്ഞുകയറിവന്ന പരിണാമത്തിന്റെ നിമിഷത്തിനു തുല്യം ഈ നിമിഷം' എന്ന അതിഭാവുകത്വം നിറഞ്ഞ വാക്കുകളെ വെറും ജല്‍പനങ്ങളായ് അവശേഷിപ്പിച്ചുകൊണ്ട് അവസാനിച്ചത് ബഹിരാകാശ പര്യവേഷണത്തെപ്പറ്റിയുള്ള ലോകത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളായിരുന്നു.